വൃത്തിയുള്ള ഒരു ഭവനം നാമെല്ലാം വഹിക്കുന്ന പങ്ക്
വൃത്തിയുള്ള ഒരു ഭവനം നാമെല്ലാം വഹിക്കുന്ന പങ്ക്
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
വൃത്തിയുള്ളതും മാലിന്യവിമുക്തവും ആയ ചുറ്റുപാടുകളിൽ ജീവിക്കുന്നത് എത്ര ഹൃദ്യമായ അനുഭവമാണ്! എന്നാൽ, നഗരങ്ങളിൽ ചപ്പുചവറുകൾ കുന്നുകൂടുന്നതിനാൽ നമ്മുടെ ചുറ്റുപാട് വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുന്നത് ഒന്നിനൊന്നു പ്രയാസകരമായിത്തീർന്നുകൊണ്ടിരിക്കുകയാണ്.
ചപ്പുചവറുകൾ ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് തെരുവുകൾ വൃത്തിയായി സൂക്ഷിക്കാൻ മുനിസിപ്പാലിറ്റികൾ പ്രയത്നിക്കുന്നുണ്ട്. എന്നിട്ടും ചിലയിടങ്ങളിൽ ചപ്പുചവറുകൾ കുന്നുകൂടുകയാണ്. ഇത് പരിസരത്തിന്റെ മോടി കെടുത്തുന്നുവെന്നു മാത്രമല്ല, പൊതുജനാരോഗ്യത്തിനു ഭീഷണിയും ഉയർത്തുന്നു. ചപ്പുചവറുകൾ കുന്നുകൂടുന്നത് എലി, പാറ്റ, രോഗകാരികളായ മറ്റു ക്ഷുദ്രജീവികൾ എന്നിവ പെരുകാൻ ഇടയാക്കിയേക്കാം. ഇതു സംബന്ധിച്ചു നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ? ഉണ്ട്, നിങ്ങളുടെ വീടും പരിസരവും വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുക.
ശരിയായ മനോഭാവം
ദരിദ്രരായ ആളുകൾക്കു വൃത്തിയുള്ള വീടും ചുറ്റുപാടും ഉണ്ടായിരിക്കുക സാധ്യമല്ലെന്നു ചിലയാളുകൾ കരുതുന്നു. എന്നാൽ, അത് അങ്ങനെയായിരിക്കണമെന്നില്ല. ദാരിദ്ര്യം, ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം എന്നതു ശരിയാണ്. എന്നിരുന്നാലും, ഒരു സ്പാനീഷ് പഴമൊഴി പറയുന്നതുപോലെ “ദാരിദ്ര്യവും ശുചിത്വവും പരസ്പരം ചേരാത്ത രണ്ടു കാര്യങ്ങളല്ല.” അതേസമയം, ഭൗതികമായി വേണ്ടത്രയുള്ള ഒരു വ്യക്തി തന്റെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണമെന്നു നിർബന്ധവുമില്ല.
വീടിന്റെ അകത്തും പുറത്തും ഉള്ള വൃത്തി വലിയ ഒരു അളവോളം ആളുകളുടെ, അതായത് മുഴു കുടുംബത്തിന്റെയും, മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട്, വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് നമുക്കെല്ലാവർക്കും എന്തു ചെയ്യാൻ കഴിയുമെന്നു പരിശോധിക്കുന്നതു നല്ലതാണ്.
ഒരു ശുചീകരണ പരിപാടി
ഒരു അമ്മയുടെ ഗൃഹജോലികൾ ഒരിക്കലും അവസാനിക്കുകയില്ലെന്നു തോന്നും. ആഹാരം പാകംചെയ്യുകയും കുട്ടികളെ ഒരുക്കി സ്കൂളിൽ അയയ്ക്കുകയും ചെയ്യുന്നതിനു പുറമേ, വീടും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുകയെന്ന ജോലിയും അമ്മയുടെ ചുമലിലാണ്. കുട്ടികൾ അവരുടെ മുറികളിൽ വാരിവലിച്ച് ഇട്ടിട്ടുപോകുന്ന മുഷിഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളുമൊക്കെ എടുത്തുമാറ്റുന്നത് മിക്കപ്പോഴും അമ്മയാണെന്നുള്ളത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മുഴു കുടുംബത്തെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള, നന്നായി ആസൂത്രണം ചെയ്ത ഒരു ശുചീകരണ പരിപാടി അമ്മയുടെ ജോലിഭാരം ലഘൂകരിക്കാൻ ഉപകരിക്കും.
ചില കാര്യങ്ങൾ ദിവസവും ശുചിയാക്കേണ്ടതുള്ളപ്പോൾ മറ്റു ചിലത് ആഴ്ചയിലൊരിക്കലും വേറെ ചിലത് മാസത്തിലൊരിക്കലും വൃത്തിയാക്കേണ്ടവയാണെന്ന് ചില വീട്ടമ്മമാർ തീരുമാനിക്കുന്നു. വർഷത്തിൽ ഒരിക്കൽ വൃത്തിയാക്കാൻ കഴിയുന്ന ചില കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, ബെഥേൽ ഭവനങ്ങളിൽ, അതായത് ഓരോ രാജ്യത്തെയും യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകളിൽ, ഉപയോഗിക്കുന്നില്ലാത്ത സാധനങ്ങൾ നീക്കംചെയ്യാനും അലമാരകളും മറ്റും അടുക്കിപ്പെറുക്കി വൃത്തിയാക്കാനും ഉള്ള ക്രമീകരണമുണ്ട്. വർഷത്തിൽ ഒരിക്കൽ നടത്തുന്ന സമഗ്രമായ ഈ ശുചീകരണ പരിപാടി ക്ലോസറ്റ് ക്ലീനിങ് എന്നാണ്
അറിയപ്പെടുന്നത്. ചുവരുകൾ ക്രമമായി വൃത്തിയാക്കാനുള്ള ക്രമീകരണവും അവിടെയുണ്ട്.വീട്ടിലെ ചില സ്ഥലങ്ങൾ ശുചിയാക്കേണ്ടത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, ഉദാഹരണത്തിന് കുളിമുറിയും കക്കൂസും. ദിവസവും ചെറിയ തോതിൽ വൃത്തിയാക്കുന്നതിനു പുറമേ, ആഴ്ചയിൽ ഒരിക്കലോ മറ്റോ നന്നായി വൃത്തിയാക്കുന്നത് ബാക്ടീരിയ പെരുകാതിരിക്കാൻ സഹായിക്കും. കക്കൂസായാൽ പാടുകളൊക്കെ ഉണ്ടായെന്നിരിക്കും, അവ നീക്കംചെയ്യാനാവില്ലെന്നാണ് ചിലരുടെ ധാരണ. എന്നാൽ ചില വീടുകളിൽ കക്കൂസുകൾ ഒരു പാടുപോലുമില്ലാതെ നല്ല വൃത്തിയായി കിടക്കുന്നതു നിങ്ങൾ കണ്ടേക്കാം. ഇതിന് അനുയോജ്യമായ ശുചീകരണ പദാർഥങ്ങൾ ഉപയോഗിച്ച് പതിവായി വൃത്തിയാക്കിയാൽ മാത്രം മതി.
ശ്രദ്ധാപൂർവം വൃത്തിയാക്കേണ്ട മറ്റൊരിടമാണ് അടുക്കള. ദിവസവും നിങ്ങൾ പാത്രങ്ങൾ കഴുകുകയും സ്റ്റൗവും പാതകവും വൃത്തിയാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇടയ്ക്കിടെ—ഒരുപക്ഷേ മാസത്തിൽ ഒരിക്കലെങ്കിലും—അടുക്കള കൂടുതൽ വിപുലമായ തോതിൽ ശുചിയാക്കേണ്ടത് ആവശ്യമാണ്. സ്റ്റൗവിന്റെയും ഫ്രിഡ്ജിന്റെയും ഒക്കെ പിൻവശവും സിങ്കിന്റെ അടിവശവും മറ്റും വൃത്തിയാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. അടുക്കളയോടു ചേർന്നുള്ള സ്റ്റോറും അലമാരകളും കൂടെക്കൂടെ വൃത്തിയാക്കുന്നത് പാറ്റകളും മറ്റു ക്ഷുദ്രജീവികളും അവിടെ വാസമുറപ്പിക്കുന്നതു തടയും.
കുടുംബത്തിന്റെ സഹകരണം
ചില മാതാപിതാക്കൾ, ശുചീകരണത്തോടു ബന്ധപ്പെട്ടു കുട്ടികൾ പിൻപറ്റേണ്ട ചില വ്യവസ്ഥകൾ വെക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്തിരിക്കുന്നു.
രാവിലെ സ്കൂളിൽ പോകുന്നതിനു മുമ്പു കിടക്ക വിരിക്കുക, മുഷിഞ്ഞ വസ്ത്രങ്ങൾ ശരിയായ സ്ഥാനത്ത് ഇടുക, സ്വന്തം സാധനങ്ങൾ അടുക്കിവെക്കുക എന്നിവയാണ് അവരുടെ ജോലികൾ. “എല്ലാറ്റിനും ഒരു സ്ഥാനം, എല്ലാം അതതിന്റെ സ്ഥാനത്ത്,” ഈ വ്യവസ്ഥ എല്ലാവരും പാലിക്കുന്നത് പ്രയോജനപ്രദമാണ്.ഇനിയും, കുടുംബാംഗങ്ങളിൽ ചിലർക്ക് ഒരു നിശ്ചിത വീട്ടുജോലി നിർവഹിക്കാനോ വീടിന്റെ ഒരു ഭാഗം വൃത്തിയാക്കാനോ സാധിക്കും. ഉദാഹരണത്തിന്, വർഷത്തിൽ ഒരിക്കലെങ്കിലും വാഹനമിടുന്ന സ്ഥലം നന്നായി വൃത്തിയാക്കുകയും സാധനങ്ങൾ അടുക്കിപ്പെറുക്കുകയും ചെയ്യുന്ന ജോലി പിതാവിന്റേതാണോ? കുട്ടികളിൽ ഒരാൾക്ക് അദ്ദേഹത്തെ ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയുമോ? മുറ്റത്തുനിന്നു കള പറിച്ചുനീക്കുകയോ പുൽത്തകിടിയുണ്ടെങ്കിൽ അതു ചെത്തി വെടിപ്പാക്കുകയോ ചെയ്യുന്ന ജോലി ആരുടേതാണ്? മുറ്റം വൃത്തിയായി കിടക്കുന്നതിന് ഇത് എത്ര കൂടെക്കൂടെ ചെയ്യേണ്ടതുണ്ട്? വീടിനു തട്ടിൻപുറമോ ശുചീകരണത്തിനുള്ള ഉപകരണങ്ങളും മറ്റും വയ്ക്കുന്ന മുറിയോ ഉണ്ടോ? ഉണ്ടെങ്കിൽ അവിടെ അനാവശ്യമായി സാധനങ്ങൾ കുന്നുകൂടുന്നത് ഒഴിവാക്കുകയും അതു വൃത്തിയാക്കിയിടുകയും ചെയ്യുന്ന ജോലി ആരുടേതാണ്? ചില മാതാപിതാക്കൾ കുട്ടികൾക്കു മാറി മാറി അത്തരം ജോലികൾ നിയമിച്ചുകൊടുക്കുന്നു.
അതുകൊണ്ട്, വീട് ഭംഗിയായി സൂക്ഷിക്കാനുള്ള ഒരു നല്ല ശുചീകരണ പരിപാടി തയ്യാറാക്കുക. ശുചീകരണം നടത്തുന്നതു നിങ്ങൾ തനിച്ചോ കുടുംബത്തോടൊപ്പമോ ഒരു കൂലിക്കാരന്റെ സഹായത്തോടെയോ
ആയാലും നന്നായി ആസൂത്രണം ചെയ്ത ഒരു പരിപാടി ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. വീട് വളരെ വൃത്തിയായി സൂക്ഷിക്കുന്ന ഒരു മാതാവ് അക്കാര്യത്തിൽ മുഴു കുടുംബവും സഹകരിക്കുന്നത് എങ്ങനെയെന്നു പറയുന്നു: “വീട്ടുജോലി ഞാനും എന്റെ മൂന്നു പെൺമക്കളും കൂടെ വീതിച്ചെടുക്കുന്നു. നോർമാ ആഡ്രിയാനാ സ്വീകരണമുറിയും രണ്ടു കിടപ്പുമുറികളും വരാന്തയും വീടിനു മുന്നിലെ വഴിയും വൃത്തിയാക്കുന്നു. ആനാ ജോയാക്കിനാ അടുക്കളയിലെ കാര്യം നോക്കുന്നു. പാത്രങ്ങൾ കഴുകുന്നത് മാരിയാ ഡെൽ കാർമെന്റെ ജോലിയാണ്. വസ്ത്രമലക്കുന്നതും മറ്റു കാര്യങ്ങൾ നോക്കുന്നതും എന്റെ ചുമതലയിൽ വരുന്ന സംഗതികളാണ്.”വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കൽ
വീടിന്റെ പരിസരത്തെ സംബന്ധിച്ചെന്ത്? നിങ്ങൾ താമസിക്കുന്നതു കുടിലിലോ കൊട്ടാരസമാനമായ ഒരു വീട്ടിലോ ആയാലും വീടിന്റെ പരിസരം വൃത്തിയാക്കുകയും കേടുപോക്കി സൂക്ഷിക്കുകയും ചെയ്യാനുള്ള ഒരു പരിപാടി ആവശ്യമാണ്. ഉദാഹരണത്തിന്, ഗേറ്റിന്റെ ഒരു വിജാഗരി ഇളകിക്കിടക്കുകയാണെന്നു കരുതുക. ഗേറ്റ് ഒടുവിൽ പറിഞ്ഞു താഴെവീഴുന്നതുവരെ അത് നന്നാക്കാതെ ഇട്ടിരുന്നാൽ കാഴ്ചയ്ക്ക് അത് എത്ര അഭംഗിയായിരിക്കുമെന്നു നിങ്ങൾക്കറിയാം. വീട്ടുപടിക്കലോ വഴിവക്കിലോ ചപ്പുചവറുകൾ കൂടി കിടന്നാലും സ്ഥിതി ഇതുതന്നെ. ഇനിയും, തകരപ്പാത്രങ്ങളും പണിയായുധങ്ങളും മറ്റും ചിലപ്പോഴൊക്കെ വീടിനു വെളിയിൽ വൃത്തിഹീനമായി കൂട്ടിയിട്ടിരിക്കുന്നതു കാണാം. ഈ സ്ഥലങ്ങൾ ക്ഷുദ്രജീവികളുടെ ഒളിത്താവളങ്ങളായിത്തീർന്നേക്കാം.
ചില കുടുംബങ്ങൾ തങ്ങളുടെ ഗേറ്റിനു വെളിയിലുള്ള സ്ഥലങ്ങൾ ആവശ്യമനുസരിച്ച് ദിവസത്തിൽ ഒരിക്കലോ ആഴ്ചയിലൊരിക്കലോ അടിച്ചുവാരി വൃത്തിയാക്കാൻ തീരുമാനിച്ചിരിക്കുന്നു. വീടിനു മുന്നിലുള്ള പൊതുവഴിയുടെ വശവും പൊതുവഴിതന്നെയും അവർ ഈ രീതിയിൽ വൃത്തിയാക്കിയേക്കാം. തെരുവുകളും മറ്റും വൃത്തിയാക്കാനുള്ള മികച്ച സംവിധാനം ചില സ്ഥലങ്ങളിലെ മുനിസിപ്പാലിറ്റികൾക്കുണ്ട്, എന്നാൽ മറ്റുചില ഇടങ്ങളിൽ അത്തരം സംവിധാനങ്ങൾ ഒന്നുമില്ല. നമ്മുടെ പരിസരങ്ങൾ വൃത്തിയാക്കിയിടാനുള്ള നമ്മുടെ പങ്ക് നാമെല്ലാം നിറവേറ്റുന്നപക്ഷം അവ കാഴ്ചയ്ക്കും ആരോഗ്യത്തിനും വളരെ മികച്ചതായിത്തീരും എന്നതിനു സംശയമില്ല.
ചില കുടുംബങ്ങൾക്കു മേൽപ്പറഞ്ഞ ജോലികൾ ഉൾപ്പെട്ട ഒരു ശുചീകരണ പരിപാടി ഉണ്ടെന്നു മാത്രമല്ല, അവർ അത് കുടുംബത്തിനു പിൻപറ്റാനായി ഒരു കടലാസിൽ എഴുതി കാണാൻ കഴിയുന്ന ഒരിടത്തു പതിപ്പിച്ചു വെക്കുകയും ചെയ്യുന്നു. ഇതുമൂലം പല പ്രയോജനങ്ങളുണ്ട്. ശുചീകരണത്തെക്കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഞങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഉദാഹരണത്തിന്, നിങ്ങളുടെ പ്രദേശത്ത് ഏറ്റവും അനുയോജ്യമായിരിക്കുന്ന ശുചീകരണ പദാർഥങ്ങൾ ഏവയാണെന്നും നിങ്ങളുടെ വരുമാനമനുസരിച്ച് നിങ്ങൾക്കു വാങ്ങാൻ കഴിയുന്ന ഉപകരണങ്ങൾ ഏതൊക്കെയെന്നും നിങ്ങൾ തീരുമാനിക്കേണ്ടതുണ്ട്.
നിങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു മുഴു കുടുംബത്തെയും ബോധവത്കരിക്കാൻ ഹ്രസ്വമായ ഈ നിർദേശങ്ങൾ ഉപകരിക്കും എന്നതിൽ സംശയമില്ല. വീടും ചുറ്റുപാടും ശുചിയായി സൂക്ഷിക്കുന്നത് നിങ്ങളുടെ ആസ്തിയെയല്ല മറിച്ച് മനോഭാവത്തെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് ഓർമിക്കുക.
[22, 23 പേജുകളിലെ ചതുരം]
ഒരു പ്രായോഗിക ഗൃഹ ശുചീകരണ പരിപാടി
നിങ്ങളുടെ സ്വന്തം ആശയങ്ങൾ ചെക്ക്ലിസ്റ്റിൽ ചേർക്കുന്നതിന് അധികമുള്ള സ്ഥലം ഉപയോഗിക്കുക
നിങ്ങളുടെ ശ്രദ്ധയ്ക്ക്: ശുചീകരണ പദാർഥങ്ങൾ കൂട്ടിക്കലർത്തുന്നത് അങ്ങേയറ്റം അപകടകരമാണ്. ബ്ലീച്ചും അമോണിയയും തമ്മിൽ കൂട്ടിക്കലർത്തുന്നത് പ്രത്യേകിച്ചും ഒഴിവാക്കുക
✔ ദിവസവും ചെയ്യേണ്ടത്
❏ കിടപ്പുമുറി: കിടക്ക വിരിക്കുക, മുറിയിലെ സാധനങ്ങൾ അടുക്കിവെക്കുക
❏ അടുക്കള: പാത്രങ്ങളും സിങ്കും കഴുകുക. പാതകവും മേശപ്പുറവും വൃത്തിയാക്കിയിടുക. തറ അടിച്ചുവാരുക, ആവശ്യമെങ്കിൽ തുടയ്ക്കുക
❏ കുളിമുറിയും കക്കൂസും: വാഷ്ബേസിനും കക്കൂസും കഴുകുക. സാധനങ്ങൾ അടുക്കിവെക്കുക
❏ സ്വീകരണമുറിയും മറ്റു മുറികളും: സാധനങ്ങൾ അടുക്കിവെക്കുക. ഫർണിച്ചർ ചെറിയ തോതിൽ വൃത്തിയാക്കുക. തറ അടിച്ചുവാരുകയോ തുടയ്ക്കുകയോ വാക്വംചെയ്യുകയോ ചെയ്യുക
❏ വീടിന്റെ എല്ലാ ഭാഗങ്ങളും മുറ്റവും: ചപ്പുചവറുകൾ ശരിയായ രീതിയിൽ നീക്കംചെയ്യുക
✔ ആഴ്ചതോറും ചെയ്യേണ്ടത്
❏ കിടപ്പുമുറി: ഷീറ്റും പുതപ്പും മാറ്റുക. തറ അടിച്ചുവാരുകയോ തുടയ്ക്കുകയോ വാക്വംചെയ്യുകയോ ചെയ്യുക. ഫർണിച്ചറിൽനിന്നു പൊടി നീക്കം ചെയ്യുക
❏ അടുക്കള: സ്റ്റൗ, പാതകത്തിനു മുകളിലുള്ള ഉപകരണങ്ങൾ എന്നിവ തുടച്ചു വൃത്തിയാക്കുക. സിങ്കിലെ ടാപ്പുകൾ കഴുകുക. തറ തുടയ്ക്കുക
❏ കുളിമുറിയും കക്കൂസും: കുളിമുറിയുടെ ഭിത്തികളും ഷവർ, ടാപ്പുകൾ, വാഷ്ബേസിൻ തുടങ്ങിയവയും കഴുകുക. സോപ്പും എണ്ണയും വെക്കുന്ന സ്ഥലം, കക്കൂസ് മുതലായവ അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുക. ടൗവലുകൾ മാറ്റുക. തറ അടിച്ചുവാരുകയോ തുടയ്ക്കുകയോ ചെയ്യുക
✔ മാസംതോറും ചെയ്യേണ്ടത്
❏ കുളിമുറിയും കക്കൂസും: ചുവരുകളെല്ലാം നന്നായി കഴുകുക
❏ വീടിന്റെ എല്ലാ ഭാഗങ്ങളും: കതകുകളുടെ ചട്ടങ്ങൾ വൃത്തിയാക്കുക. ഫർണിച്ചറിന്റെ എല്ലാ ഭാഗങ്ങളും വാക്വംചെയ്യുകയോ നന്നായി വൃത്തിയാക്കുകയോ ചെയ്യുക
❏ പൂന്തോട്ടവും വാഹനമിടുന്ന സ്ഥലവും: ആവശ്യമെങ്കിൽ അടിച്ചുവാരി വൃത്തിയാക്കുക. ചപ്പുചവറുകളോ ആവശ്യമില്ലാത്ത സാധനങ്ങളോ കുന്നുകൂടുന്നത് ഒഴിവാക്കുക
✔ ആറു മാസം കൂടുമ്പോൾ ചെയ്യേണ്ടത്
❏ കിടപ്പുമുറി: കിടക്കവിരിപ്പ് (bedspread) കമ്പനിയുടെ നിർദേശപ്രകാരം വൃത്തിയാക്കുക
❏ അടുക്കള: സാധനങ്ങളെല്ലാം നീക്കംചെയ്തിട്ട് ഫ്രിഡ്ജ് നന്നായി വൃത്തിയാക്കുക
❏ കുളിമുറിയും കക്കൂസും: സാധനങ്ങൾ മാറ്റിയശേഷം ഷെൽഫുകൾ വൃത്തിയാക്കുക. ആവശ്യമില്ലാത്തതോ കാലഹരണപ്പെട്ടതോ ആയ സാധനങ്ങൾ കളയുക
❏ വീടിന്റെ എല്ലാ ഭാഗങ്ങളും: ഫാനുകൾ, ലൈറ്റുകൾ, കതകുകൾ എന്നിവ വൃത്തിയാക്കുക. ജനലിന്റെ എല്ലാഭാഗങ്ങളും കഴുകുക
✔ വർഷംതോറും ചെയ്യേണ്ടത്
❏ കിടപ്പുമുറി: അലമാരകളിൽനിന്നു സാധനങ്ങൾ നീക്കംചെയ്തശേഷം നന്നായി വൃത്തിയാക്കുക. ആവശ്യമില്ലാത്തവ കളയുക. കമ്പിളിപ്പുതപ്പുകൾ കഴുകുക. മെത്ത വാക്വംചെയ്യുകയോ പൊടിതട്ടിയെടുക്കുകയോ ചെയ്യുക. തലയണകൾ കമ്പനിയുടെ നിർദേശപ്രകാരം വൃത്തിയാക്കുക
❏ അടുക്കള: സാധനങ്ങൾ നീക്കംചെയ്തശേഷം അലമാരകളും ഷെൽഫുകളും വലിപ്പുകളും നന്നായി വൃത്തിയാക്കുക. ആവശ്യമില്ലാത്ത സാധനങ്ങൾ കളയുക. ഉപകരണങ്ങൾ നീക്കിയശേഷം അവിടം വൃത്തിയാക്കുക
❏ വീടിന്റെ എല്ലാ ഭാഗങ്ങളും: ചുവരുകളെല്ലാം നന്നായി വൃത്തിയാക്കുക. കർട്ടനുകൾ, ഫർണിച്ചറുകളുടെ കുഷൻ, കവർ എന്നിവ കമ്പനിയുടെ നിർദേശപ്രകാരം വൃത്തിയാക്കുക
❏ സ്റ്റോർ: നന്നായി അടിച്ചുവാരുക. സാധനങ്ങൾ അടുക്കിവെക്കുക, ആവശ്യമില്ലാത്തവ നീക്കംചെയ്യുക
[24-ാം പേജിലെ ചിത്രങ്ങൾ]
“എല്ലാറ്റിനും ഒരു സ്ഥാനം, എല്ലാം അതതിന്റെ സ്ഥാനത്ത്”
[24-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ മേലാൽ ഉപയോഗിക്കാത്ത സാധനങ്ങൾ നീക്കം ചെയ്യാൻ ഇതുപോലുള്ള ശുചീകരണ പരിപാടി ഉപകരിച്ചേക്കാം