കുതിച്ചുപൊങ്ങുന്ന പഴം നിങ്ങൾ രുചിച്ചുനോക്കിയിട്ടുണ്ടോ?
കുതിച്ചുപൊങ്ങുന്ന പഴം നിങ്ങൾ രുചിച്ചുനോക്കിയിട്ടുണ്ടോ?
കാനഡയിലെ ഉണരുക! ലേഖകൻ
കർഷകൻ മണ്ണിൽ സൾഫർ വിതറിയിരുന്നു, മണ്ണിന്റെ അമ്ലഗുണം വർധിപ്പിക്കാൻ. ശരത്കാലത്തു വിള പഴുത്തപ്പോൾ അയാൾ വിളഭൂമിയാകെ വെള്ളംകയറ്റി. വിളവെടുപ്പിനുശേഷം അയാൾ പഴങ്ങൾ അൽപ്പം ഉയരത്തിൽനിന്നു മനപ്പൂർവം നിലത്തിട്ടുനോക്കുന്നു, അവ കുതിച്ചുപൊങ്ങുന്നുണ്ടോ എന്നറിയാനാണിത്.
അയാൾക്കിതെന്തു പറ്റി? കാഴ്ചക്കാർക്കു വിചിത്രമായി തോന്നിയേക്കാമെങ്കിലും ഇതുവഴി കർഷകൻ തന്റെ വിളയുടെ ഉയർന്ന ഗുണമേന്മ ഉറപ്പുവരുത്തുകയാണ്. അദ്ദേഹത്തിന്റെ വിള എന്താണെന്നറിയേണ്ടേ? അതാണ് ക്രാൻബറി. ഈ കരുത്തുറ്റ ഫലത്തെക്കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?
ചതുപ്പിലെ പഴങ്ങൾ
യൂറോപ്യന്മാർ ആദ്യമായി വടക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ തീരത്തെത്തിയപ്പോൾ നാട്ടുകാരായ അമരിന്ത്യർ ഉന്മേഷം പകരുന്ന, കടുത്ത പുളിരസമുള്ള ഒരുതരം ചുവന്ന പഴങ്ങൾ അവർക്കു കച്ചവടം ചെയ്തു. ഇന്ന് കേപ് കോഡ് എന്നറിയപ്പെടുന്ന പ്രദേശത്തു വസിച്ചിരുന്ന അമരിന്ത്യർ ഈ പഴത്തെ ഇ-ബിമി അഥവാ “പുളിയൻ പഴം” എന്നു വിളിച്ചു. പിൽഗ്രിമുകൾ ഇതിനെ ക്രെയ്ൻബറിയെന്നാണു വിളിച്ചത്, ഈ ചെടിയുടെ തണ്ടും പൂക്കളും കൊക്കിന്റെ (Crane) കഴുത്തും തലയും പോലെ അവർക്കു തോന്നിയിരുന്നിരിക്കാം. മാത്രമല്ല, ഈ പഴം അവിടെയുള്ള കൊക്കുകൾക്കു പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. ഈ പഴത്തിന് ഇങ്ങനെ പേരുവരാൻ ഇതു മറ്റൊരു കാരണമായിരിക്കാം. എന്തായിരുന്നാലും, താമസിയാതെ ഇതിന്റെ പേര് അൽപ്പം പരിഷ്കരിച്ച് ക്രാൻബറി എന്നാക്കി.
ചതുപ്പുനിലത്തുനിന്നാണ് അമരിന്ത്യർ ക്രാൻബറി ശേഖരിച്ചിരുന്നത്. പുല്ലും സസ്യലതാദികളും അഴുകിയ, ഈ ചതുപ്പുപ്രദേശത്തെ മണ്ണിന് അസാധാരണമായ അമ്ലഗുണമുണ്ടായിരുന്നു. പല ചെടികളും ഇവിടെ വളരുകയില്ല. പക്ഷേ, ക്രാൻബറി ഈ മണ്ണിൽ സമൃദ്ധമായി വളർന്നു. സ്ട്രോബറിച്ചെടിയുടെ തണ്ടുകൾ പോലെയുള്ള, വളരെ സാവധാനം വളരുന്ന വള്ളികളാണ് ഇതിനുള്ളത്. തെക്ക്, ഇന്നത്തെ വിർജീനിയ മുതൽ വടക്ക് കാനഡ വരെ ക്രാൻബറി തഴച്ചുവളർന്നു.
1680-ൽ ന്യൂ ജേഴ്സിയിൽ താമസിക്കുന്ന മഹ്ലോൺ സ്റ്റേസി എന്നയാൾ ഇംഗ്ലണ്ടിൽ പാർക്കുന്ന തന്റെ സഹോദരന് ഈ പഴം പരിചയപ്പെടുത്തിക്കൊണ്ട് ഇങ്ങനെ എഴുതി: “ക്രാൻബറിയുടെ നിറവും വലുപ്പവും ഒക്കെ ചെറിയുടേതുപോലെയാണ്. ഇത് അടുത്ത സീസൺവരെ സൂക്ഷിക്കാൻ കഴിയും. ടർക്കിക്കോഴിയുടെയും മറ്റു പക്ഷികളുടെയും മാംസത്തിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാന്തരം സോസ് ഇതിൽനിന്നുണ്ടാക്കാം. റ്റാർട്ട് ഉണ്ടാക്കാൻ ഗൂസ്ബറി, ചെറി എന്നിവയെക്കാൾ കേമമാണിത്. അമരിന്ത്യരിൽനിന്നു ഞങ്ങൾ ഇതു കുറെയേറെ വാങ്ങി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.”
ഭക്ഷണവും ഔഷധവും സംരക്ഷകവസ്തുവും
സംരക്ഷകവസ്തുവായി വർത്തിക്കാനുള്ള ക്രാൻബറിയുടെ പ്രകൃതിദത്ത ഗുണങ്ങൾ നാട്ടുകാരായ അമരിന്ത്യർ ഉപയോഗപ്പെടുത്തി. ഉണങ്ങിയ മാംസമോ മത്സ്യമോ ക്രാൻബറിചേർത്തു പൊടിച്ച് പെമിക്കൻ എന്നു വിളിക്കുന്ന ഒരു ഭക്ഷണപദാർഥം അവർ ഉണ്ടാക്കിയിരുന്നു. എന്നിട്ട് അത് പരന്ന ചെറിയ കഷണങ്ങളാക്കി വെയിലത്തുവെച്ച് ഉണക്കിയെടുക്കും. ദീർഘമായ ശൈത്യകാലത്ത് അവർക്കു മാംസ്യങ്ങളും ജീവകങ്ങളും പ്രദാനം ചെയ്യുന്ന ഒരു സന്തുലിത ആഹാരമായിരുന്നു ഇത്. ധാരാളം പെക്ടിൻ അടങ്ങിയിട്ടുള്ളതിനാൽ ഈ പഴം നല്ലൊരു സംരക്ഷകവസ്തുവാണ്. ഇതിൽ ജീവകം സി സമൃദ്ധമായുണ്ട്. അതിനാൽ, പോയ വർഷങ്ങളിൽ സ്കർവി
രോഗത്തെ തടുക്കാൻ കടൽയാത്രക്കാർ ഈ പഴങ്ങൾ വീപ്പകളിലാക്കി കൂടെക്കൊണ്ടുപോകുമായിരുന്നു.അമരിന്ത്യർ ക്രാൻബറി ഔഷധമായിട്ടും ഉപയോഗിച്ചു. രക്തദൂഷ്യം തടയാൻ അവർ ചോളപ്പൊടിയിൽ ക്രാൻബറി ചേർത്ത് മുറിവിൽ വെച്ചിരുന്നു. ക്രാൻബറി ജ്യൂസ് കുടിക്കുന്നത് മൂത്രനാളത്തിലുണ്ടാകുന്ന ചില അണുബാധ ചെറുക്കാൻ സഹായിച്ചേക്കുമെന്ന് അടുത്തകാലത്തെ വൈദ്യശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. രോഗകാരിയായ ബാക്ടീരിയ മൂത്രനാളിയുടെ ഭിത്തിയിൽ പറ്റിപ്പിടിക്കുന്നത് തടയാൻ അതിനു കഴിവുണ്ടെന്നാണു പറയപ്പെടുന്നത്.
പഴം കുതിച്ചുപൊങ്ങുന്നത് എന്തുകൊണ്ട്?
ഒരു പഴുത്ത ക്രാൻബറി നടുവെ മുറിച്ചു നോക്കിയാൽ അതിൽ നാല് വായു അറകൾ നിങ്ങൾക്കു കാണാം. വിൽപ്പനയ്ക്കായി ക്രാൻബറി വളർത്തുന്നവർക്ക് ഈ വായു അറകൾ രണ്ടുവിധത്തിൽ സഹായകമാണ്. ഒന്നാമതായി, വിളവെടുപ്പു നടത്തുമ്പോൾ അവർക്കു പഴങ്ങൾ കൈകൊണ്ടു പറിച്ചെടുക്കേണ്ടതില്ല, വിളഭൂമി നിറയെ വെള്ളം കയറ്റിയിട്ട് യന്ത്രങ്ങൾ ഉപയോഗിച്ച് ചെടി കുലുക്കിയാൽ മതി. പഴുത്ത ഫലങ്ങൾ താഴെവീഴുമ്പോൾ വായു അറകൾ ഉള്ളതിനാൽ അവ വെള്ളത്തിൽ പൊങ്ങിക്കിടക്കും. * തുടർന്ന് അവയെ കോരി ശേഖരിച്ച് തരംതിരിക്കുകയേ വേണ്ടൂ.
വായു അറകൾകൊണ്ടുള്ള രണ്ടാമത്തെ പ്രയോജനം കർഷകർ കണ്ടുപിടിച്ചത് 1800-കളുടെ അവസാനമാണ്. അതേക്കുറിച്ചുള്ള കഥ ഇങ്ങനെയാണ്: ഒരു ക്രാൻബറി കർഷകന്റെ കൈയിൽനിന്ന് അവിചാരിതമായി ഒരു പാത്രം പഴങ്ങൾ ഗോവണിപ്പടികളിൽ വീഴാനിടയായത്രെ. നല്ല പഴങ്ങൾ പടികളിലൂടെ കുതിച്ചുപൊങ്ങി താഴെയെത്തിയത് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. അതേസമയം മൃദുവായതോ ചീഞ്ഞതോ ആയ പഴങ്ങളൊക്കെ ഗോവണിപ്പടികളിൽത്തന്നെ കിടന്നു. ഉള്ളിലെ വായു അറകളാണ് കാറ്റുനിറച്ച ഒരു ടയർപോലെ കുതിച്ചുപൊങ്ങാൻ നല്ല ഗുണമേന്മയുള്ള ഫലങ്ങളെ സഹായിച്ചത്. എന്നാൽ ഗുണമേന്മ കുറഞ്ഞവയോ? കാറ്റുപോയ ടയറുപോലെയും.
ഈ ഫലത്തിന്റെ കുതിച്ചുപൊങ്ങാനുള്ള കഴിവു പ്രയോജനപ്പെടുത്തിക്കൊണ്ട് 1881-ൽ വിളവെടുപ്പിനായി ആദ്യ യന്ത്രങ്ങൾ രംഗത്തുവന്നു. ഇന്നും ഈ ഫലങ്ങളെ തരംതിരിക്കുന്ന യന്ത്രങ്ങൾ പണ്ടത്തെ രീതിതന്നെയാണു പിന്തുടരുന്നത്. ഇത്തരം യന്ത്രത്തിന്റെ സഹായത്തോടെ നല്ല പഴങ്ങൾ തിരിഞ്ഞു ശേഖരിച്ച് പഴങ്ങളായിത്തന്നെ വിൽക്കുന്നു. യന്ത്രത്തിലേക്കിടുമ്പോൾ കുതിച്ചുപൊങ്ങാത്ത പഴങ്ങൾ ജ്യൂസ്, ജെല്ലി എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു.
ഐക്യനാടുകളുടെ വടക്കുകിഴക്കൻ പ്രദേശത്തും വടക്കുപടിഞ്ഞാറൻ പ്രദേശത്തും ഇതിനുവേണ്ടി പ്രത്യേകം തയ്യാർചെയ്ത ചതുപ്പുകളിൽ ഒരു വർഷം 25 കോടി കിലോഗ്രാമിലധികം
ക്രാൻബറി ഉത്പാദിപ്പിക്കുന്നു. അമ്ലഗുണമുള്ള ഈ ഫലത്തിന്റെ രുചി ഇതുവരെയറിഞ്ഞിട്ടില്ലെങ്കിൽ, അതൊന്നു രുചിച്ചുനോക്കരുതോ? ഈ ഫലം നിരവധി ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ്. കൂടാതെ ഹൃദ്രോഗം, കാൻസർ എന്നിവയ്ക്കെതിരെ നിങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന ആന്റിഓക്സിഡന്റുകൾ ഇതിൽ സമൃദ്ധമായുണ്ട്. അതേ, ഈ ഫലം നിങ്ങളുടെ കാൽച്ചുവടുകൾക്കും ഒരു കുതിപ്പുനൽകിയേക്കും.[അടിക്കുറിപ്പ്]
^ വിളവെടുപ്പു സമയത്ത് വിളഭൂമി വെള്ളംകയറി മൂടിക്കിടക്കുന്നതിനാൽ ക്രാൻബറി വെള്ളത്തിനടിയിലാണു വളരുന്നതെന്ന മിഥ്യാധാരണ രൂപംകൊണ്ടിട്ടുണ്ട്.
[17-ാം പേജിലെ ചതുരം]
വടക്കേ അമേരിക്കയുടെ സ്വന്തമോ?
പരമ്പരാഗതമായി, ക്രാൻബറികൾ കൃതജ്ഞതാ പ്രകടന ദിനത്തിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഭാഗമാണ്. ഐക്യനാടുകളിൽ ഈ ദിവസം നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ്, കാനഡയിൽ ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ചയും. കഥകൾ അനുസരിച്ച്, 1621-ൽ പ്ലിമത്ത് കോളനിയുടെ ഗവർണർ, വില്യം ബ്രാഡ്ഫോർഡ് കൃതജ്ഞതാ പ്രകടന ദിനമായി വിരുന്നും വിനോദവും ഉൾപ്പെട്ട ഒരു ത്രിദിന ആഘോഷം ഏറ്റെടുത്തു നടത്തുകയുണ്ടായി. അതിൽ പങ്കെടുക്കാനെത്തിയ ഇന്ത്യക്കാർ തങ്ങളോടൊപ്പം ക്രാൻബറിയും കൊണ്ടുവന്നു. ഈ പഴത്തെ ചുറ്റിപ്പറ്റി നിരവധി ആചാരങ്ങൾ നിലനിൽക്കുന്നതിനാലും വടക്കേ അമേരിക്കയിൽ, വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ഏതാനും ഇനങ്ങളിൽ ഒന്നായതിനാലും ഇത് ഈ ഭൂഖണ്ഡത്തിന്റെ സ്വന്തമാണെന്നാണ് അനേകരും ചിന്തിച്ചിരിക്കുന്നത്.
എന്നാൽ, ക്രാൻബറിയെന്ന ഈ ചെറിയ പഴം വടക്കേ അമേരിക്കയിൽ മാത്രമല്ല ഏഷ്യയിലും യൂറോപ്പിന്റെ വടക്കും മധ്യഭാഗത്തും വളരുന്നു. വടക്കേ അമേരിക്കയിലെ പാചകക്കുറിപ്പുകളിൽ മാത്രമല്ല ഈ പഴങ്ങൾ സ്ഥാനംപിടിച്ചിരിക്കുന്നത്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു: “ക്രാൻബറി സോസും ജെല്ലിയും അമേരിക്കയുടെ സ്വന്തമാണെന്നാണു കരുതിപ്പോന്നിരുന്നത്. എന്നാൽ സ്കാൻഡിനേവിയക്കാർ തങ്ങളുടെ നാട്ടിലെ ലിങ്കോൺബറിക്ക് (V. vitis-idaea) അതീവ മൂല്യം കൽപ്പിക്കുന്നു. ഇത് അമേരിക്കൻ ക്രാൻബറിപോലെയാണ് (V. macrocarpon), അൽപ്പംകൂടെ കടുത്ത രുചിയുള്ളതാണെന്നു മാത്രം.”
[15-ാം പേജിലെ ചിത്രം]
ക്രാൻബറി പുഷ്പങ്ങൾ
[കടപ്പാട്]
Courtesy Charles Armstrong, Cranberry Professional, Univ. of Maine Cooperative Extension, USA
[16, 17 പേജുകളിലെ ചിത്രം]
വെള്ളംകയറ്റിയ ചതുപ്പിലെ ക്രാൻബറി വിളവെടുപ്പ്
[കടപ്പാട്]
Keith Weller/ Agricultural Research Service, USDA
[17-ാം പേജിലെ ചിത്രങ്ങൾ]
വെളുത്ത ക്രാൻബറിയുടെ വിളവെടുപ്പ്
[കടപ്പാട്]
ഇൻസെറ്റ് ചിത്രങ്ങൾ: Courtesy of Ocean Spray Cranberries, Inc.