ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
തട്ടിപ്പ് “തട്ടിപ്പിന് ഇരയാകാതെ സൂക്ഷിക്കുക” എന്ന ലേഖന പരമ്പര ഞാൻ എത്ര വിലമതിച്ചെന്നോ! (2004 ആഗസ്റ്റ് 8) വീട്ടിലിരുന്ന് ഒരു ചെറിയ ബിസിനസ്സ് നടത്തിവരുന്ന ഞാൻ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ലേഖനത്തിൽ വിവരിച്ച അതേ വികാരങ്ങളാണ് എനിക്കും ഉണ്ടായത്—അത്ര വലിയൊരു മണ്ടത്തരം പറ്റിപ്പോയതിൽ നാണക്കേടും കുറ്റബോധവും ജാള്യവും തോന്നി. എന്നിരുന്നാലും ലേഖനത്തിൽ നിർദേശിച്ചിരുന്നതുപോലെതന്നെ ഞാൻ ചെയ്തു. ഞാൻ തെറ്റു സമ്മതിച്ചു, യഹോവയോടു പ്രാർഥിച്ചു, എന്റെ സുഹൃത്തായ ഒരു മൂപ്പനോട് സംഭവത്തെക്കുറിച്ചു സംസാരിച്ചു. ഈ ലേഖനങ്ങളുടെ സഹായത്തോടെ, പ്രശ്നം വിട്ടുകളയാൻ എനിക്കു സാധിച്ചിരിക്കുന്നു. എത്ര ആശ്വാസപ്രദം!
ടി. ജി., ഐക്യനാടുകൾ
വിവാഹത്തിനു മുമ്പുള്ള ലൈംഗികത “യുവജനങ്ങൾ ചോദിക്കുന്നു . . . വിവാഹത്തിനു മുമ്പുള്ള ലൈംഗികതയിൽ എന്താണ് തെറ്റ്?” എന്ന ലേഖനം എനിക്ക് കരുത്തു പകർന്നു. (2004 ആഗസ്റ്റ് 8) ലേഖനത്തിൽ ഉദ്ധരിച്ചിരിക്കുന്ന യുവജനങ്ങളുടേതുപോലുള്ള ചിന്തകൾ എനിക്കും ഉണ്ടായിട്ടുണ്ട്. നേരോടെ നടക്കുന്നവർക്കു യഹോവ ഒരു നന്മയും മുടക്കുകയില്ല എന്ന സങ്കീർത്തനം 84:11-ലെ വാക്കുകൾ എന്നെ വിശേഷാൽ സ്പർശിച്ചു.
ടി. യു., ജർമനി
ഒരു യുവപ്രായക്കാരിയായ ഞാൻ, യഹോവയുടെ മുമ്പാകെ ധാർമിക നൈർമല്യം കാക്കാൻ എല്ലായ്പോഴും കഠിനമായി യത്നിച്ചിട്ടുണ്ട്. എങ്കിലും ചിലപ്പോൾ അത് ഒരു വെല്ലുവിളിയാണെന്നു പറയേണ്ടിയിരിക്കുന്നു. ഈ ലേഖനം എന്റെ ദൃഢനിശ്ചയത്തെ പുതുക്കിയെന്നു മാത്രമല്ല സാത്താന്റെ ലോകത്തിൽനിന്നുള്ള സമ്മർദം നേരിടുന്നതു ഞാൻ മാത്രമല്ലെന്ന വസ്തുത എന്നെ അനുസ്മരിപ്പിക്കുകയും ചെയ്തു. യഹോവ യുവജനങ്ങളെക്കുറിച്ച് അങ്ങേയറ്റം കരുതലുള്ളവനാണ് എന്ന അറിവ് തികച്ചും പ്രോത്സാഹജനകമാണ്.
എഫ്. ബി., ബോട്സ്വാന
പോസ്റ്റ്-പോളിയോ സിൻഡ്രോം (പിപിഎസ്) “ഒരു പ്രഹരത്തിന് രണ്ട് ആഘാതങ്ങൾ” എന്ന, ജാക്ക് മേൻസ്മയുടെ അനുഭവകഥയ്ക്കു നന്ദി. (2004 ആഗസ്റ്റ് 8) കഴിഞ്ഞ 23 വർഷമായി പോളിആർത്രൈറ്റിസ് മൂലം ദുരിതമനുഭവിക്കുന്ന ഒരു വ്യക്തിയാണു ഞാൻ. ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നതിൽനിന്നു വ്യത്യസ്തമായ ഒരസുഖമാണ് എന്റേതെങ്കിലും അതിൽ വിവരിച്ചിരിക്കുന്നതുപോലുള്ള രോഗലക്ഷണങ്ങളാണ് എനിക്കുമുള്ളത്. സഹായകമായ ഉപകരണങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾക്കും അസുഖം ബാധിച്ച പേശികളുടെ ഉപയോഗം കുറയ്ക്കാനുള്ള നിർദേശത്തിനുമെല്ലാം മേൻസ്മ സഹോദരനോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
യു. കെ., ഓസ്ട്രിയ
രണ്ടര വയസ്സുള്ളപ്പോൾ പോളിയോ പിടിപെട്ട എനിക്ക് 25-ാം വയസ്സിൽ പിപിഎസ് ഉണ്ടായി. ഡോക്ടർമാർക്ക് പിപിഎസ്-നെക്കുറിച്ച് അറിയില്ലായിരുന്നു, പ്രശ്നം കണ്ടുപിടിക്കാൻ അവർ വളരെ ബുദ്ധിമുട്ടി. ഈ വിഷയത്തെക്കുറിച്ച് ഇത്ര സമഗ്രമായ വിവരങ്ങൾ ഞാൻ ആദ്യമായാണു കാണുന്നത്.
ജെ. ഇ., ഫ്രാൻസ്
എന്റെ അമ്മയ്ക്ക് ആറാം വയസ്സിൽ പോളിയോ പിടിപെട്ടിരുന്നു. ഈ രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരണം അമ്മയുടെ അവസ്ഥയെക്കുറിച്ചു മനസ്സിലാക്കാൻ എന്നെ സഹായിച്ചു.
ടി. വി., ഇറ്റലി
പതിനെട്ടു മാസം പ്രായമുള്ളപ്പോഴാണ് എനിക്കു പോളിയോ പിടിപെട്ടത്. മേൻസ്മ സഹോദരന്റെ അത്രയും രൂക്ഷമല്ല എന്റെ അവസ്ഥയെങ്കിലും പേശികൾ ദുർബലമായിരിക്കുന്നതുകൊണ്ട് എനിക്കു തളർച്ച അനുഭവപ്പെടാറുണ്ട്. ഊർജം നഷ്ടപ്പെടുത്താതിരിക്കാൻ എന്തു ചെയ്യണമെന്നു മനസ്സിലാക്കാൻ ലേഖനം എന്നെ സഹായിച്ചു. സർവോപരി, യഹോവ നമ്മുടെ ദുരിതങ്ങളെല്ലാം കാണുന്നുണ്ടെന്നും അവൻ നമ്മെക്കുറിച്ച് കരുതലുള്ളവനാണെന്നും അത് എനിക്കു കാണിച്ചുതന്നു. ആ അറിവാണ് എനിക്ക് ഏറ്റവും പ്രയോജനം നൽകിത്തന്നത്!
എൽ. ജെ., ഐക്യനാടുകൾ
ഏകാന്തത “ഒറ്റയ്ക്കെങ്കിലും ഏകാന്തതയില്ലാതെ” എന്ന ലേഖന പരമ്പര വളരെ ശ്രദ്ധേയമായിരുന്നു. (2004 ജൂലൈ 8) ഏഴാം പേജിലെ ചതുരത്തിൽ, “ഏകാന്തതയെ തരണംചെയ്യാനുള്ള വഴികൾ” എന്ന തലക്കെട്ടിനു കീഴിൽ നൽകിയിരുന്ന നിർദേശങ്ങൾ എനിക്കു വിശേഷിച്ചും ഇഷ്ടമായി. അതിൽ പലതും ഞാൻ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. മറ്റുള്ളവർക്കും അവയിൽനിന്നു വളരെ പ്രോത്സാഹനം നേടാനാകുമെന്നു ഞാൻ വിശ്വസിക്കുന്നു.
ഇ. എം., ഐക്യനാടുകൾ