അമ്മമാർ നേരിടുന്ന വെല്ലുവിളികൾ
അമ്മമാർ നേരിടുന്ന വെല്ലുവിളികൾ
“മനുഷ്യരാശിയുടെ അടിസ്ഥാന ചുമതലകൾ കുടുംബത്തോടു ബന്ധപ്പെട്ടവയാണ്. . . . ഒരമ്മ അവളുടെ കർത്തവ്യം നിറവേറ്റുന്നില്ലെങ്കിൽ വരും തലമുറ ഒന്നുകിൽ ഉണ്ടായിരിക്കുകയില്ല, അല്ലെങ്കിൽ അത് ഇല്ലാതിരുന്നെങ്കിലെന്ന് ആശിച്ചുപോകുംവിധം അത്ര വഴിപിഴച്ചതായിരിക്കും ആ തലമുറ.”—ഐക്യനാടുകളുടെ 26-ാമത്തെ പ്രസിഡന്റായിരുന്ന തിയോഡർ റൂസ്വെൽറ്റ്.
മനുഷ്യജീവൻ സ്പന്ദിച്ചു തുടങ്ങുന്നത് അമ്മയിലാണ്. എന്നാൽ കുഞ്ഞുങ്ങളെ ഈ ലോകത്തിലേക്ക് ആനയിക്കുക എന്നതു മാത്രമല്ല അവളുടെ ധർമത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലുമുള്ള അമ്മമാരുടെ പങ്കിനെക്കുറിച്ച് ഒരു എഴുത്തുകാരന്റെ അഭിപ്രായം ശ്രദ്ധിക്കുക: “അവൾ ഓരോ കുഞ്ഞിന്റെയും ആരോഗ്യം, വിദ്യാഭ്യാസം, ബുദ്ധി, വ്യക്തിത്വം, സ്വഭാവം, വൈകാരികസ്ഥിരത എന്നിവയുടെ പ്രഥമ സംരക്ഷകയാണ്.”
അമ്മയുടെ ഒട്ടനവധി ധർമങ്ങളിൽ ഒന്നാണ് സ്വന്തം മക്കൾക്ക് ഒരു അധ്യാപികയായിരിക്കുക എന്നത്. ഒരു കുഞ്ഞ് തന്റെ ആദ്യ വാക്കുകളും സംസാര രീതിയും സാധാരണമായി അമ്മയിൽനിന്നാണു പഠിക്കുന്നത്. അതിനാൽ ഒരുവന്റെ ആദ്യഭാഷയെ പലപ്പോഴും മാതൃഭാഷ എന്നു വിളിക്കുന്നു. ഓരോ ദിവസവും ഒരു പിതാവ് കുഞ്ഞുങ്ങളോടൊത്തു ചെലവിടുന്നതിനെക്കാൾ കൂടുതൽ സമയം സാധാരണഗതിയിൽ അമ്മ തന്റെ കുഞ്ഞുങ്ങളോടൊത്തു ചെലവിടുന്നു. അതിനാൽ അവരെ പഠിപ്പിക്കുകയും അവർക്കു ശിക്ഷണം നൽകുകയും ചെയ്യുന്നതിൽ മുഖ്യപങ്ക് അമ്മയ്ക്കായിരുന്നേക്കാം. അതുകൊണ്ട്, “അമ്മിഞ്ഞപ്പാലിന്നൊപ്പം വരും വിദ്യതന്നമൃതും” എന്നർഥം വരുന്ന ഒരു മെക്സിക്കൻ പഴമൊഴി അമ്മമാരുടെ സുപ്രധാന പങ്കിനെ ആദരിക്കുന്നു.
നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവവും അമ്മമാരെ ആദരിക്കുന്നു. കൽപ്പലകകളിൽ “ദൈവത്തിന്റെ വിരൽകൊണ്ടു” എഴുതിയ പത്തുകൽപ്പനകളിൽ ഒന്ന് കുട്ടികളെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” (പുറപ്പാടു 20:12; 31:18; ആവർത്തനപുസ്തകം 9:10) കൂടാതെ, ഒരു ബൈബിൾ സദൃശവാക്യം “അമ്മയുടെ ഉപദേശ”ത്തെക്കുറിച്ചു പരാമർശിക്കുന്നു. (സദൃശവാക്യങ്ങൾ 1:8) മിക്ക കുഞ്ഞുങ്ങളും അധിക സമയവും അമ്മമാരുടെ പരിചരണത്തിലായിരിക്കുന്ന ആദ്യമൂന്നു വർഷങ്ങളിൽ അവരെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇന്നു വ്യാപകമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ചില വെല്ലുവിളികൾ ഏതെല്ലാം?
അനേകം അമ്മമാർക്കും കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനുവേണ്ടി ജോലിക്കു പോകേണ്ടിവരുന്നു. ഇത്
കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തിന്റെ നിർണായക കാലയളവിൽ അവരെ പഠിപ്പിക്കുകയെന്ന ധർമം നിർവഹിക്കുന്നതിന് ഒരു വെല്ലുവിളിയാകുന്നു. നിരവധി വികസിത രാജ്യങ്ങളിൽ മൂന്നു വയസ്സിൽതാഴെ പ്രായമുള്ള കുഞ്ഞുങ്ങളുള്ള അമ്മമാരിൽ 50 ശതമാനത്തിലധികവും ജോലിക്കാരാണെന്ന് ഐക്യരാഷ്ട്രങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.ഇനി, ഭർത്താക്കന്മാർ തൊഴിൽ തേടി മറ്റൊരു നഗരത്തിലേക്കോ വേറൊരു രാജ്യത്തേക്കോ പോകുമ്പോൾ കുട്ടികളെ വളർത്തുക എന്ന ഭാരം ഒറ്റയ്ക്കു ചുമലിലേറ്റേണ്ടിവരുന്ന ധാരാളം അമ്മമാരുണ്ട്. ഉദാഹരണത്തിന്, അർമേനിയയുടെ ചില പ്രദേശങ്ങളിൽ പുരുഷന്മാരിൽ ഏതാണ്ട് മൂന്നിലൊന്നും ജോലിതേടി മറ്റുദേശങ്ങളിൽ പോയിരിക്കുകയാണെന്നു റിപ്പോർട്ടുകൾ കാണിക്കുന്നു. ഭർത്താക്കന്മാർ മരിക്കുകയോ ഉപേക്ഷിച്ചുപോകുകയോ ചെയ്യുമ്പോൾ കുഞ്ഞുങ്ങളുമായി ജീവിതപാതയിൽ തനിച്ചാവുന്ന അമ്മമാരുമുണ്ട്.
ചില രാജ്യങ്ങളിൽ പല അമ്മമാർക്കും വിദ്യാഭ്യാസം ഇല്ല. ഇത് മറ്റൊരു വെല്ലുവിളിയാണ്. ലോകത്തിലെ നിരക്ഷരരായ 87.6 കോടി ആളുകളുടെ മൂന്നിൽ രണ്ടും സ്ത്രീകളാണെന്ന് ‘ഐക്യരാഷ്ട്രങ്ങളുടെ സാമ്പത്തിക-സാമൂഹിക വിഭാഗം’ കണക്കാക്കുന്നു. യുനെസ്കോയുടെ അഭിപ്രായത്തിൽ, ആഫ്രിക്ക, അറബിരാഷ്ട്രങ്ങൾ, ദക്ഷിണ-പൂർവ ഏഷ്യ എന്നിവിടങ്ങളിലെ 60 ശതമാനത്തിലധികം സ്ത്രീകൾ അക്ഷരാഭ്യാസമില്ലാത്തവരാണ്. മാത്രമല്ല, സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് ആവശ്യമില്ലാത്ത കാര്യമാണെന്നും അത് കുഞ്ഞുങ്ങൾക്കു ജന്മം നൽകുകയെന്ന അവരുടെ ധർമത്തിന് അവരെ അയോഗ്യരാക്കുകപോലും ചെയ്യുമെന്നും വിശ്വസിക്കുന്ന പുരുഷന്മാർ ഏറെയാണ്.
ഔട്ട്ലുക്ക് മാസിക പറയുന്നതനുസരിച്ച് ഇന്ത്യയിലെ കേരളസംസ്ഥാനത്തിലുള്ള ഒരു ജില്ലയിൽ—അവിടെ സാധാരണമായി 15 വയസ്സോടെ പെൺകുട്ടികൾ അമ്മമാരാകുന്നു—പുരുഷന്മാർക്കാർക്കും പഠിപ്പുള്ള വധുവിനെ വേണ്ട. അയൽരാജ്യമായ പാകിസ്ഥാനിലാണെങ്കിൽ ആൺകുട്ടികൾക്കാണ് പ്രാധാന്യം. വലുതാകുമ്പോൾ സാമാന്യം നല്ല വരുമാനമുള്ള ജോലിയൊക്കെ സമ്പാദിച്ച് വയസ്സുകാലത്തു മാതാപിതാക്കൾക്കൊരു തുണയാകാൻ പറ്റിയ വിധത്തിലാണ് അവിടെ ആൺകുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത്. അതേസമയം, “പെൺകുട്ടികളെ പഠിപ്പിക്കാൻ പണം മുടക്കാൻ മാതാപിതാക്കൾ ഇഷ്ടപ്പെടുന്നില്ല. കാരണം പെൺകുട്ടികൾ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകാൻ അവർ പ്രതീക്ഷിക്കുന്നില്ല,” വികസ്വര രാജ്യങ്ങളിലെ സ്ത്രീവിദ്യാഭ്യാസം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
പ്രാദേശിക ആചാരങ്ങളാണ് മറ്റൊരു വെല്ലുവിളി. ഉദാഹരണത്തിന്, ചില രാജ്യങ്ങളിൽ പുരുഷന്മാർക്ക് കൊച്ചുപെൺകുട്ടികളെ ഭാര്യമാരായി വിൽക്കുന്ന ആചാരമുണ്ട്. അതുപോലെ മറ്റൊന്നാണ് സ്ത്രീ ജനനേന്ദ്രിയ ഛേദനം. അമ്മ ഇതിനെയൊക്കെ പിന്താങ്ങാൻ സമൂഹം പ്രതീക്ഷിക്കുന്നു. ഇനി, ആൺമക്കളെ പഠിപ്പിക്കാനും അവർക്കു ശിക്ഷണം നൽകാനും ചിലയിടങ്ങളിൽ അമ്മയ്ക്ക് അവകാശമില്ല, അതു നിഷിദ്ധമാണ്. ഒരമ്മ തന്റെ പുത്രന്മാരെ പഠിപ്പിക്കാനുള്ള ചുമതല മറ്റുള്ളവരെ ഏൽപ്പിച്ചുകൊണ്ട് അത്തരം ആചാരങ്ങൾ പാലിക്കേണ്ടതുണ്ടോ?
ഇത്തരം വെല്ലുവിളികളെ ചില അമ്മമാർ എങ്ങനെയാണു വിജയകരമായി നേരിടുന്നതെന്ന് തുടർന്നുള്ള ലേഖനങ്ങളിൽ നാം കാണും. കൂടാതെ, അമ്മമാരെയും മാതൃത്വത്തെയും ഏറെ അറിയാനും വിലമതിക്കാനും നാം ശ്രമിക്കുന്നതായിരിക്കും. അതുപോലെ, സ്വന്തം കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലുള്ള അമ്മമാരുടെ പങ്കിനെക്കുറിച്ച് ഒരു സന്തുലിത വീക്ഷണം നേടാനും നാം ശ്രമിക്കും.
[4-ാം പേജിലെ ചതുരം/ചിത്രം]
“കുട്ടിയുടെ ബുദ്ധിയും ജിജ്ഞാസയും ഉത്തേജിപ്പിക്കുന്നതിലും, അവന്റെ/അവളുടെ സർഗാത്മകത വളർത്തിയെടുക്കു ന്നതിലും അമ്മയ്ക്ക് മർമപ്രധാനമായ പങ്കാണുള്ളത്.”—‘കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച പ്രാദേശിക ഉച്ചകോടി,’ ബുർക്കിനാ ഫാസോ, 1997.
[3-ാം പേജിലെ ചിത്രങ്ങൾ]
ഓരോ കുഞ്ഞിന്റെയും ആരോഗ്യം, വിദ്യാഭ്യാസം, വ്യക്തിത്വം, വൈകാരിക സ്ഥിരത എന്നിവ വലിയ ഒരളവുവരെ അമ്മമാരുടെ കൈകളിൽ നിക്ഷിപ്തമാണ്