യൂറോപ്യൻ കോടതി ഒരു അമ്മയുടെ അവകാശം ഉയർത്തിപ്പിടിക്കുന്നു
യൂറോപ്യൻ കോടതി ഒരു അമ്മയുടെ അവകാശം ഉയർത്തിപ്പിടിക്കുന്നു
ഫ്രാൻസിലെ ഉണരുക! ലേഖകൻ
ഫ്രാൻസിലെ സ്ട്രാസ്ബുർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതി 2003 ഡിസംബർ 16-ന് ശ്രദ്ധേയമായ ഒരു തീർപ്പു കൽപ്പിച്ചു—ഫ്രഞ്ച് കോടതികൾ മതവിവേചനം കാണിച്ചിരിക്കുന്നു! യഹോവയുടെ സാക്ഷികളിൽ ഒരാളായ സെറാഫിൻ പോലാവ്-മാർട്ടിനെത്ത് എന്ന സ്ത്രീയോടുള്ള ബന്ധത്തിലായിരുന്നു അത്.
1996-ൽ സെറാഫിനിന് ഭർത്താവിൽനിന്നു വിവാഹമോചനം കിട്ടി, അതിനു രണ്ടുവർഷം മുമ്പ് അയാൾ അവളെ ഉപേക്ഷിച്ചുപോയതായിരുന്നു. വിവാഹമോചനത്തെ തുടർന്ന് രണ്ടു മക്കളുടെയും സംരക്ഷണാവകാശം സെറാഫിനിനാണു ലഭിച്ചത്. എന്നാൽ ഇടയ്ക്കിടെ കുറച്ചു ദിവസം കുട്ടികളെ പിതാവിനോടൊപ്പം താമസിക്കാൻ വിടണമായിരുന്നു. എന്നാൽ 1997-ൽ, അങ്ങനെ ഒരു അവസരത്തിൽ പിതാവ് പിന്നെ അവരെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. അപ്പോഴേക്കും കുട്ടികൾ അമ്മയോടൊപ്പം കഴിയാൻ തുടങ്ങിയിട്ട് ഏകദേശം മൂന്നര വർഷമായിരുന്നു. സെറാഫിൻ പറയുന്നു: “കുട്ടികളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനായി ഞാൻ സ്കൂളിൽ ചെന്നപ്പോൾ പ്രിൻസിപ്പാൾ പോലീസിനെ വിളിപ്പിച്ചു. എന്റെ മതവിശ്വാസങ്ങളെക്കുറിച്ചു ഞാൻ മക്കളോടു സംസാരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി പോലീസിന്റെ സാന്നിധ്യത്തിൽ മാത്രമേ അവരെ കാണാൻ എന്നെ അനുവദിച്ചുള്ളൂ. ഒരു കുറ്റവാളിയോടെന്നപോലെയാണ് അവർ എന്നോടു പെരുമാറിയത്. കുട്ടികളോട് ദൈവത്തെയോ ബൈബിളിനെയോ കുറിച്ചു സംസാരിക്കുകയോ അവരെ ക്രിസ്തീയ യോഗങ്ങൾക്കു കൊണ്ടുപോകുകയോ ചെയ്യുകയില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന ഒരു പ്രഖ്യാപനത്തിൽ ഒപ്പുവെച്ചാൽ മാത്രമേ കുട്ടികളെ എന്നോടൊപ്പം അയയ്ക്കൂ എന്നും എന്നോടു പറഞ്ഞു.”
സെറാഫിൻ കോടതികളെ സമീപിച്ചു. പക്ഷേ, 1998-ൽ നിമിലെ അപ്പീൽ കോടതി കുട്ടികളുടെ സംരക്ഷണാവകാശം പിതാവിനു നൽകി. യഹോവയുടെ സാക്ഷികൾ കുട്ടികൾക്കു നൽകുന്നതായി കോടതി വിശ്വസിച്ചിരുന്ന വിദ്യാഭ്യാസ തത്ത്വങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടും അടച്ചാക്ഷേപിച്ചുകൊണ്ടും കോടതി സ്വന്തം തീരുമാനത്തെ ന്യായീകരിച്ചു. “കുട്ടികളെ ക്രിസ്തീയ രീതിയിൽ വളർത്തിക്കൊണ്ടുവരുന്നതാണ് അവർക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്നു വിചാരിച്ച് അതിനായി കിണഞ്ഞു പരിശ്രമിക്കുമ്പോൾ, എന്റെ മക്കളെ ഞാൻ വഷളാക്കുകയാണെന്നുള്ള ആ ആരോപണം എന്നെ വല്ലാതെ മുറിപ്പെടുത്തി,” സെറാഫിൻ അനുസ്മരിക്കുന്നു.
ഫ്രാൻസിലെ പരമോന്നത അപ്പീൽ കോടതിയായ കുർ ദേ കാസേഷൻ, ആദ്യത്തെ അപ്പീൽ കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുകയാണുണ്ടായത്. അതിനാൽ, സെറാഫിൻ ഈ കേസുമായി ‘യൂറോപ്യൻ മനുഷ്യാവകാശ കോടതി’യെ സമീപിക്കാൻ തീരുമാനിച്ചു. ഏഴംഗ ബെഞ്ചിലെ ആറു ജഡ്ജിമാരുടെയും തീരുമാനം ഇങ്ങനെയായിരുന്നു: “ഈ മാതാപിതാക്കൾ ഉൾപ്പെട്ട കേസിൽ [ഫ്രഞ്ച്] അപ്പീൽ കോടതി അപേക്ഷകയുടെ മതത്തിന്റെ പേരിൽ പക്ഷപാതപരമായിട്ടാണ് തീർപ്പുകൽപ്പിച്ചതെന്ന് [ഈ] കോടതിക്കു ബോധ്യമായിരിക്കുന്നു. . . . ഇത്തരം പെരുമാറ്റം വിവേചനാപരമാണ്.” ഫ്രഞ്ച് കോടതിയുടെ തീരുമാനം കുട്ടികളെ വളർത്തിക്കൊണ്ടുവരാനുള്ള സെറാഫിനിന്റെ പ്രാപ്തിയെയോ—അത് ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല—ഈടുറ്റ തെളിവുകളെയോ അടിസ്ഥാനപ്പെടുത്തിയുള്ളത് ആയിരുന്നില്ലെന്നും മറിച്ച് “യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള ഒരു ഉപരിപ്ലവമായ നിരീക്ഷണത്തിന്റെ” അഥവാ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും കോടതി കണ്ടെത്തി. സെറാഫിനിനോടു കാണിച്ച മതപരമായ ഈ വിവേചനവും അവരുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും കണക്കിലെടുത്ത് അവർക്കു നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ മനുഷ്യാവകാശ കോടതി ഫ്രാൻസിനോട് ആവശ്യപ്പെട്ടു.
ഈ കോടതിവിധി, 1993 ജൂണിൽ മനുഷ്യാവകാശ കോടതി കൈക്കൊണ്ട മറ്റൊരു തീർപ്പിനു ചേർച്ചയിലായിരുന്നു. ആ കേസിൽ യഹോവയുടെ സാക്ഷികളിൽ ഒരാളായ ഇൻഗ്രിഡ് ഹോഫ്മാനിനോട് അവരുടെ മതത്തിന്റെ പേരിൽ ഓസ്ട്രിയ പക്ഷപാതപരമായി പെരുമാറിയതായി പ്രസ്തുത കോടതിക്കു ബോധ്യമായിരുന്നു. a “ഹോഫ്മാൻ വിധിന്യായത്തിനു ചേർച്ചയിൽ, മാതാപിതാക്കളുടെ അധികാരം സംബന്ധിച്ചുള്ള തീരുമാനത്തെ ഭരിക്കേണ്ട മുഖ്യ ഘടകം ഒരുതരത്തിലും മതം ആയിരിക്കരുതെന്ന് ഈ വിധി ഉറപ്പുവരുത്തി,” ഫ്രഞ്ച് ലീഗൽ മാസികയായ, ലാ സമെൻ ഷരിഡിക് പറയുന്നു. സെറാഫിനിന്റെ അഭിഭാഷകൻ ഇപ്രകാരം പറഞ്ഞു: “ഈ തീരുമാനം അതിപ്രധാനമാണ്. യഹോവയുടെ സാക്ഷികളായ മാതാപിതാക്കൾക്ക് പക്ഷപാതരഹിതമായ വിധി ലഭിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന തീർപ്പുകളാണ് ഈ കോടതി എപ്പോഴും കൈക്കൊണ്ടിട്ടുള്ളത്.”
സെറാഫിൻ ഇപ്പോൾ സ്പെയിനിലാണു താമസിക്കുന്നത്. കോടതിവിധി സംബന്ധിച്ച് എന്തു വിചാരിക്കുന്നുവെന്ന ചോദ്യത്തിന് അവർ ഇങ്ങനെ മറുപടി പറഞ്ഞു: “ഞാനിപ്പോൾ വളരെ സന്തോഷവതിയാണ്, ഒപ്പം വളരെ ആശ്വാസവുമുണ്ട്. എന്റെ മതത്തിന്റെ പേരിൽ കുട്ടികളെ എന്നിൽനിന്ന് അകറ്റിയതും അഞ്ചുവർഷം അവരെ പിരിഞ്ഞിരിക്കേണ്ടിവന്നതും ഒക്കെ ഒരു അഗ്നിപരീക്ഷയായിരുന്നു. പക്ഷേ യഹോവ എന്നെ എല്ലായ്പോഴും താങ്ങി. എന്റെ അതേ സാഹചര്യത്തിലുള്ള മറ്റുള്ളവർക്കും ഈ വിധിതീർപ്പ് പ്രയോജനം ചെയ്യുമെന്നു ഞാൻ പ്രത്യാശിക്കുന്നു.” (g04 11/22)
[അടിക്കുറിപ്പ്]
a 1993 ഒക്ടോബർ 8 ലക്കം ഉണരുക!യിലെ, “കുട്ടികളുടെ സംരക്ഷണാവകാശത്തിനായുള്ള പോരാട്ടങ്ങളിൽ യഹോവയുടെ സാക്ഷികളുടെ വിജയം” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക.
[20-ാം പേജിലെ ചിത്രം]
സെറാഫിൻ