ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
കുട്ടികൾ “കുട്ടികൾ—മാതാപിതാക്കളിൽനിന്ന് അവർക്കു വേണ്ടത്” എന്ന ലേഖന പരമ്പര കിട്ടിയ ഉടനെ ഞാൻ വായിച്ചുതീർത്തു. (ഫെബ്രുവരി 8, 2004) അഞ്ചു മക്കളുടെ അമ്മയാണ് ഞാൻ. എന്റെ ഹൃദയത്തെ ആ ലേഖനങ്ങൾ ആഴത്തിൽ സ്പർശിച്ചു. ലോകത്തുള്ള എല്ലാ അമ്മമാരും അവ വായിച്ചെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.
കെ. എം., ഫ്രാൻസ്
ആ ലേഖനങ്ങൾ തികച്ചും സമയോചിതമായിരുന്നു. ഞങ്ങൾക്കൊരു കുഞ്ഞ് ഉണ്ടാകാൻ പോകുന്നുവെന്ന് ഞാനും ഭർത്താവും അറിഞ്ഞ സമയത്തുതന്നെയാണ്, ഗർഭിണികൾക്കു വേണ്ടിയുള്ള നിർദേശങ്ങൾ നിങ്ങൾ പ്രസിദ്ധീകരിച്ചത്. (ഫെബ്രുവരി 8, 2003) മൂന്നുമാസം പ്രായമുള്ള ഒരു മകനുണ്ട് ഇപ്പോൾ ഞങ്ങൾക്ക്. അവന്റെ മാതാപിതാക്കളെന്ന നിലയിൽ ഇന്ന് ഞങ്ങൾ വളരെ സന്തുഷ്ടരാണ്. കുഞ്ഞുങ്ങളെ പരിപാലിക്കേണ്ട വിധം സംബന്ധിച്ച് വളരെ നല്ല നിർദേശങ്ങളാണു നിങ്ങൾ പ്രസിദ്ധീകരിച്ചത്. ഒരു യുവമാതാവിന് ഈ ലേഖനങ്ങൾ വിശേഷാൽ പ്രയോജനപ്രദമാണ്.
ഡി. കെ., പോളണ്ട് (g04 10/22)
കൂടപ്പിറപ്പുകൾക്കിടയിലെ മത്സരം “യുവജനങ്ങൾ ചോദിക്കുന്നു . . . എന്റെ സഹോദരങ്ങളുടെ പേരിനൊപ്പം ജീവിക്കാനുള്ള സമ്മർദത്തെ എങ്ങനെ തരണംചെയ്യാം?” എന്ന ലേഖനത്തിന് എന്റെ ഹൃദയംനിറഞ്ഞ നന്ദി. (ഡിസംബർ 8, 2003) എനിക്കു 16 വയസ്സുണ്ട്. എന്റെ മൂത്ത സഹോദരി എപ്പോഴും ശ്രദ്ധിക്കപ്പെടുന്നതായി എനിക്കു തോന്നാറുണ്ട്. തീർച്ചയായും, യഹോവ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാലും ചില സമയങ്ങളിൽ ഞാൻ ഒറ്റയ്ക്കാണെന്ന് ഒരു തോന്നൽ. ഈ ലേഖനത്തിൽ എന്റെ അവസ്ഥയെ കുറിച്ചാണ് പറഞ്ഞത്. സാന്ത്വനം പകരുന്ന ആ വാക്കുകൾ വായിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി. പ്രായോഗികമായ ആ നിർദേശങ്ങൾക്കു നന്ദി. അത് എന്നെ ആശ്വസിപ്പിച്ചു.
എം. ഒ., ജപ്പാൻ
ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ള യുവജനങ്ങളെപ്പോലെതന്നെ പല സന്ദർഭങ്ങളിലും ഞാനും ചിന്തിച്ചുപോയിട്ടുണ്ട്. ഓർമവെച്ച കാലംമുതൽ, എല്ലാ കാര്യങ്ങളിലും എന്റെ മൂത്ത സഹോദരിയെയാണ് മാതൃകയായി കണ്ടിരുന്നത്. അതുകൊണ്ട്, കുടുംബത്തിലെ മറ്റൊരു വ്യക്തിയുമായി വിപരീത താരതമ്യം ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന വികാരം എനിക്കു നന്നായി അറിയാം. നിങ്ങൾക്ക് എന്തെങ്കിലും കഴിവോ പ്രാപ്തിയോ ഉണ്ടെങ്കിൽ അതു കണ്ടെത്തി വളർത്താൻ ശ്രമിക്കുക എന്ന നിർദേശം “വെള്ളിത്താലത്തിൽ പൊൻനാരങ്ങാ”പോലെ—തക്കസമയത്തു പറഞ്ഞ വാക്ക്—ആയിരുന്നു.—സദൃശവാക്യങ്ങൾ 25:11.
എസ്. റ്റി., ഐക്യനാടുകൾ (g04 9/22)
പച്ചമരുന്നുകൾ “പച്ചമരുന്നുകൾ—അവയ്ക്കു നിങ്ങളെ സഹായിക്കാൻ കഴിയുമോ?” എന്ന ലേഖനം ഞാൻ വളരെയധികം ആസ്വദിച്ചു. (ജനുവരി 8, 2004) ഞാൻ ഒരു നഴ്സാണ്. സന്ധിസംബന്ധമായ അസുഖങ്ങൾക്ക് പ്രകൃതിദത്തമായ പല മരുന്നുകളും ഞാൻ ഉപയോഗിക്കുന്നുണ്ട്. എന്റെ കാര്യത്തിൽ അവ വളരെ ഫലപ്രദമാണ്. എന്നിരുന്നാലും, ശസ്ത്രക്രിയാസമയത്ത് ചില മരുന്നുകൾ അമിതരക്തസ്രാവത്തിന് ഇടയാക്കിയേക്കാം എന്ന കാര്യം നിങ്ങൾ പരാമർശിച്ചു കണ്ടില്ല. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ ശസ്ത്രക്രിയയ്ക്കു മുമ്പ് ചില മരുന്നുകൾ നിറുത്തേണ്ടതു പ്രധാനമാണ്.
ജെ. എച്ച്., ഐക്യനാടുകൾ (g04 10/22)
“ഉണരുക!”യുടെ പ്രതികരണം: സുപ്രധാനമായ ഈ ഓർമിപ്പിക്കലിനെ ഞങ്ങൾ വളരെ വിലമതിക്കുന്നു. ശസ്ത്രക്രിയയ്ക്കു മുമ്പായി ഒരു രോഗി താൻ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ—പച്ചമരുന്നുകൾ ഉൾപ്പെടെ—ഏതെല്ലാമാണെന്ന് തന്റെ ഡോക്ടറെ അറിയിക്കേണ്ടത് അനിവാര്യമാണ്. ‘രക്തം വർജ്ജിക്കാനുള്ള’ ബൈബിളിന്റെ കൽപ്പന അനുസരിക്കുന്നവരെ സംബന്ധിച്ച് അതു വിശേഷാൽ പ്രധാനമാണ്.—പ്രവൃത്തികൾ 15:28, 29.
പ്രഭാഷണകല “യുവജനങ്ങൾ ചോദിക്കുന്നു . . . പ്രഭാഷണകല വികസിപ്പിച്ചെടുക്കാൻ എനിക്ക് എങ്ങനെ കഴിയും?” എന്ന ലേഖനം ഞാൻ നന്നായി ആസ്വദിച്ചു. (ജനുവരി 8, 2004) പത്തു വർഷത്തോളം പത്രപ്രവർത്തന മേഖലയിൽ ജോലി ചെയ്തിട്ടുള്ള ഒരാളാണു ഞാൻ. എന്നിട്ടും, വലിയൊരു കൂട്ടത്തിന്റെ മുമ്പാകെ എന്തെങ്കിലും അവതരിപ്പിക്കേണ്ടി വരുമ്പോൾ ഇപ്പോഴും എനിക്ക് അൽപ്പം പരിഭ്രമം തോന്നാറുണ്ട്. യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിൽ നടത്തപ്പെടുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ ഒരു വിദ്യാർഥിനി എന്ന നിലയിൽ എനിക്കു മികച്ച മാർഗനിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സ്കൂൾ, തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്നു കിട്ടിയിട്ടുള്ള ഏതൊരു പരിശീലനത്തോടും താരതമ്യം ചെയ്യാൻ കഴിയാത്തവിധം മികച്ചതാണ് അവ. ഈ പരിശീലനം വീടുതോറുമുള്ള ശുശ്രൂഷയിൽ മാത്രമല്ല, ലൗകിക ജോലിയിലും വിജയം കൈവരിക്കാൻ എന്നെ സഹായിച്ചിരിക്കുന്നു.
എൽ. ബി., ഐക്യനാടുകൾ (g04 10/22)