ബിയർ—സുവർണ പാനീയത്തിന്റെ കഥ
ബിയർ—സുവർണ പാനീയത്തിന്റെ കഥ
ചെക്ക് റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
ദാഹിച്ചു വലയുന്ന ഒരുവൻ മിക്കപ്പോഴും എന്തിനുവേണ്ടിയായിരിക്കും ഉത്കടമായി ആഗ്രഹിക്കുന്നത്? പല രാജ്യങ്ങളിലുള്ള ആളുകൾക്കും, തൊഴിലാളിയോ ബിസിനസ്സുകാരനോ ആരുമാകട്ടെ, തങ്ങളുടെ പ്രിയപ്പെട്ട സുവർണ പാനീയം ആയിരിക്കും മനസ്സിൽ വരുന്നത്. അതിന്റെ നുരഞ്ഞുപൊന്തുന്ന പതയും കയ്പുകലർന്ന ആസ്വാദ്യമായ രുചിയും അയാൾ നാവിൽ നുണയുന്നുണ്ടാകും. അയാൾ സ്വയം ഇങ്ങനെ പറഞ്ഞേക്കും, ‘ഒരു ഗ്ലാസ് തണുത്ത ബിയറിനു പകരം വെക്കാൻ മറ്റെന്താണുള്ളത്!’
ബിയർ ഉത്പാദനത്തിനു മനുഷ്യവർഗത്തോളം തന്നെ പഴക്കമുണ്ട്. ആയിരക്കണക്കിനു വർഷങ്ങളായി അതു ജനങ്ങൾക്കു പ്രിയങ്കരമായി തുടരുന്നു. പല ദേശങ്ങളിലും അതു സംസ്കാരത്തിന്റെ അവിഭാജ്യ ഘടകം ആയിത്തീർന്നിരിക്കുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ചില രാജ്യങ്ങളിൽ ബിയറിന്റെ അമിതമായ ഉപയോഗം പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നു, വിശേഷിച്ച് ചില യൂറോപ്യൻ രാജ്യങ്ങളിൽ. എന്നിരുന്നാലും മിതമായി ഉപയോഗിക്കുന്നെങ്കിൽ അതിന്റെ വിശിഷ്ടമായ ഗുണങ്ങളും രുചിയും നിമിത്തം അതു തികച്ചും ആസ്വാദ്യമാണ്. ഈ ജനപ്രിയ പാനീയത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കാം.
അതിന് എത്രത്തോളം പഴക്കമുണ്ട്?
മെസൊപ്പൊത്താമ്യയിലെ പുരാതന സുമേരിയന്മാരുടെ പ്രദേശത്തുനിന്നു കണ്ടെടുത്ത ക്യൂനിഫോം ഫലകങ്ങളിലെ സൂചന അനുസരിച്ച് പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.) മൂന്നാം സഹസ്രാബ്ദത്തിൽത്തന്നെ അവിടെ ബിയർ ലഭ്യമായിരുന്നു. അതേ കാലത്തുതന്നെ ബാബിലോണിലും ഈജിപ്തിലും ഈ പാനീയം ഉപയോഗിച്ചിരുന്നു എന്നതിനും സൂചനകളുണ്ട്. ബാബിലോണിൽ 19 തരം ബിയറുകൾ ഉണ്ടാക്കിയിരുന്നു. ഹമുറാബിയുടെ നിയമസംഹിതയിൽ ബിയർ നിർമാണം സംബന്ധിച്ച നിയമങ്ങൾ പോലും ഉണ്ടായിരുന്നു. ബിയറിന്റെ വില നിർണയിച്ചിരുന്നത് ഈ നിയമങ്ങളാണ്. അതു ലംഘിച്ചാൽ മരണശിക്ഷയായിരുന്നു ഫലം. പുരാതന ഈജിപ്തിൽ ബിയർ ഉത്പാദനം വ്യാപകമായിരുന്നു, അത് അവർക്കു പ്രിയങ്കരമായ ഒരു പാനീയമായിരുന്നു. അവിടെ നടന്ന ഭൂഖനന പ്രവർത്തനങ്ങൾ ബിയർ ഉത്പാദനത്തിനുള്ള ഏറ്റവും പഴയ നിർമാണവിധിയെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഒടുവിൽ ബിയർ ഉത്പാദനം യൂറോപ്പിലേക്കും വ്യാപിച്ചു. കെൽറ്റ് വർഗക്കാരും ജർമൻകാരും മറ്റു വർഗക്കാരും ബിയർ ഉപയോഗിച്ചിരുന്നതായി പൊതുയുഗത്തിന്റെ ആദ്യഘട്ടങ്ങളിലെ ചില റോമൻ ചരിത്രകാരന്മാർ പരാമർശിക്കുന്നു. വൽഹല്ലായിലുള്ള—നോർഡിക് പുരാണമനുസരിച്ച് മരണശേഷം വീരന്മാരുടെ ആത്മാക്കൾ പോകുന്ന സ്ഥലം—വീരന്മാരുടെ പാനപാത്രങ്ങളിൽ പോലും ബിയർ നുരഞ്ഞുപൊന്തുന്നുണ്ട് എന്ന് വൈക്കിങ്ങുകൾ വിശ്വസിച്ചിരുന്നു.
മധ്യയുഗങ്ങളിൽ യൂറോപ്പിലെ ബിയർ ഉത്പാദനം കൂടുതലും സന്ന്യാസ ആശ്രമങ്ങളിലാണ് നടന്നിരുന്നത്. യൂറോപ്യൻ സന്ന്യാസിമാർ ഹോപ്പ് ചെടിയുടെ ചില ഭാഗങ്ങൾ, കേടുവരാതിരിക്കുന്നതിനുള്ള വസ്തുവായി ചേർത്തുകൊണ്ട് ബിയർ ഉത്പാദന സാങ്കേതികവിദ്യ മെച്ചപ്പെടുത്തി. 19-ാം നൂറ്റാണ്ടിലെ വ്യവസായവത്കരണത്തിന്റെ ഫലമായി ബിയർ ഉത്പാദനത്തിൽ യന്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. ജനപ്രിയ പാനീയങ്ങളുടെ ചരിത്രത്തിൽ ഇതൊരു നാഴികക്കല്ലായി മാറി. തുടർന്ന് ചില പ്രധാനപ്പെട്ട ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ ഉണ്ടായി.
ബിയർ പുളിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന യീസ്റ്റിൽ സൂക്ഷ്മജീവികൾ ഉണ്ടെന്ന് ഫ്രഞ്ച് രസതന്ത്രജ്ഞനും സൂക്ഷ്മജീവിശാസ്ത്രജ്ഞനുമായിരുന്ന ലൂയി പാസ്റ്റർ കണ്ടെത്തി. ഈ കണ്ടുപിടിത്തം, പഞ്ചസാരയെ ആൽക്കഹോൾ ആക്കി മാറ്റുന്ന പ്രക്രിയ കൂടുതൽ കൃത്യതയോടെ നിയന്ത്രിക്കുക സാധ്യമാക്കിത്തീർത്തു. ഇമിൽ ക്രീസ്റ്റ്യൻ ഹാൻസൺ എന്ന ഡാനിഷ് സസ്യശാസ്ത്രവിദഗ്ധൻ ബിയർ ഉത്പാദനരംഗത്ത് ഏറ്റവും അറിയപ്പെടുന്ന ഒരാളായിത്തീർന്നു. തന്റെ ജീവിതകാലം മുഴുവൻ അദ്ദേഹം വ്യത്യസ്ത ഇനം യീസ്റ്റുകളെ കുറിച്ചു ഗവേഷണം നടത്താനും അവയെ വർഗീകരിക്കാനുമായി ചെലവഴിച്ചു. ബിയർ പോലുള്ള പാനീയങ്ങളുടെ ഉത്പാദനത്തിന് ഉത്തമമായ യീസ്റ്റിന്റെ ഒരു പ്രത്യേക വകഭേദം വികസിപ്പിച്ചെടുക്കാനും അദ്ദേഹം ശ്രമിച്ചു. അങ്ങനെ ബിയർ ഉത്പാദന വ്യവസായത്തിൽ അദ്ദേഹം അക്ഷരാർഥത്തിൽത്തന്നെ വിപ്ലവം സൃഷ്ടിച്ചു.
ബിയർ ഉത്പാദനം അത്ര ദുഷ്കരമായ ഒന്നാണോ? അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും അതേ. ഒരു ഗ്ലാസ് രുചികരമായ ബിയറിനു പിന്നിലെ രഹസ്യമെന്തെന്ന് നമുക്കു ഹ്രസ്വമായി പരിചിന്തിക്കാം.
അതു നിങ്ങളുടെ ഗ്ലാസ്സിൽ എത്തുന്നതിനു മുമ്പ്
ബിയർ ഉത്പാദനത്തിന്റെ സാങ്കേതികവിദ്യയ്ക്കു നൂറ്റാണ്ടുകളിൽ ഉടനീളം ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. എന്തിന്, ഇന്ന് ഓരോ ഉത്പാദനശാലയും തനതു വിദ്യയാണ് ഉപയോഗിക്കുന്നത്. എന്നാൽ പൊതുവേ എല്ലാ ബിയറിലും നാലു മുഖ്യ ചേരുവകളാണുള്ളത്: ബാർലി, ഹോപ്പ്, വെള്ളം, യീസ്റ്റ് എന്നിവ. ബിയർ ഉത്പാദന പ്രക്രിയയിൽ നാലു ഘട്ടങ്ങളുണ്ട്: മാൾട്ട് ഉണ്ടാക്കൽ, വോർട്ട് തയ്യാറാക്കൽ, പുളിപ്പിക്കൽ, മൂപ്പിക്കൽ എന്നിവയാണ് അവ.
മാൾട്ട് ഉണ്ടാക്കൽ. ബാർലി തരംതിരിച്ച് അളന്നെടുക്കുന്നു. അതിലെ അപദ്രവ്യങ്ങൾ മാറ്റിയതിനു ശേഷം മുളയ്ക്കുന്നതിനുവേണ്ടി കുതിർത്തു വെക്കുന്നു. 14 ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ അഞ്ചു മുതൽ ഏഴു വരെ ദിവസംകൊണ്ട് അതു മുളയ്ക്കുന്നു. ഈ പ്രക്രിയയുടെ അവസാനം പച്ച മാൾട്ട് ലഭിക്കുന്നു. അത് കിൽനിങ് എന്നറിയപ്പെടുന്ന ഉണക്കൽ പ്രക്രിയയ്ക്കായി പ്രത്യേക ചൂളകളിലേക്കു നീക്കുന്നു. ഇതിന്റെ ഫലമായി, പച്ച മാൾട്ടിലെ ജലാംശം രണ്ടു മുതൽ അഞ്ചു വരെ ശതമാനം കുറയുന്നതുകൊണ്ട് മുളയ്ക്കൽ പ്രക്രിയ നിലയ്ക്കുന്നു. ഉണക്കിയെടുത്തതിനു ശേഷം മുളകൾ നീക്കം ചെയ്ത മാൾട്ട് പൊടിച്ചെടുക്കുന്നു. അത് അടുത്ത ഘട്ടത്തിനു തയ്യാറായിക്കഴിഞ്ഞു.
വോർട്ട് തയ്യാറാക്കൽ. പൊടിച്ചെടുത്ത മാൾട്ടിൽ വെള്ളം ചേർത്ത് മാഷ് ഉണ്ടാക്കുന്നു. അത് സാവധാനം ചൂടാക്കുന്നു. ഒരു പ്രത്യേക ഊഷ്മാവിൽ രാസാഗ്നികൾ അന്നജത്തെ ലഘുതന്മാത്രയുള്ള പഞ്ചസാരയാക്കി മാറ്റുന്നു. ഈ പ്രവർത്തനം നാലു മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കും. അങ്ങനെ ഉണ്ടാകുന്ന വോർട്ട് അരിച്ചെടുക്കുന്നു. തുടർന്ന് രാസാഗ്നികളുടെ പ്രവർത്തനം നിലയ്ക്കുന്നതിനുവേണ്ടി വോർട്ട് തിളപ്പിക്കുന്നു. ബിയറിന്റെ സവിശേഷതയായ കയ്പുരസം കിട്ടുന്നതിനുവേണ്ടി തിളയ്ക്കുന്ന വോർട്ടിൽ ഹോപ്പ് ചേർക്കുന്നു. ഏകദേശം രണ്ടു മണിക്കൂർ തിളപ്പിച്ചിട്ട് ആവശ്യമായ ഊഷ്മാവിൽ വോർട്ട് തണുപ്പിച്ചെടുക്കുന്നു.
പുളിപ്പിക്കൽ. ബിയർ നിർമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം സാധ്യതയനുസരിച്ച് ഇതാണ്. വോർട്ടിലുള്ള ലഘുതന്മാത്രാ പഞ്ചസാരയെ യീസ്റ്റ് ഉപയോഗിച്ച് ആൽക്കഹോളും കാർബൺ ഡയോക്സൈഡുമാക്കി മാറ്റുന്നു. ഈ ഘട്ടത്തിന്റെ ദൈർഘ്യവും ഉപയോഗിക്കുന്ന ഊഷ്മാവും ബിയറിന്റെ ഇനം—എയ്ൽ അല്ലെങ്കിൽ ലേഗർ—അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഏതായാലും ഇതിന് ഒരു ആഴ്ചയിൽ കൂടുതൽ വേണ്ടിവരില്ല. പച്ച ബിയർ എന്നു വിളിക്കപ്പെടുന്ന പാകമാകാത്ത ബിയർ
മൂപ്പിക്കുന്നതിനുവേണ്ടി സംഭരണ അറകളിലെ ടാങ്കുകളിലേക്കു മാറ്റുന്നു.മൂപ്പിക്കൽ. ഈ ഘട്ടത്തിൽ ബിയറിന് അതിന്റെ സവിശേഷ രുചിയും ഗന്ധവും കിട്ടുന്നു. സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന കാർബൺ ഡയോക്സൈഡ് ബിയറിനു തിളക്കം നൽകുന്നു. ബിയർ മൂത്തുവരാൻ മൂന്ന് ആഴ്ച മുതൽ ഏതാനും മാസങ്ങൾ വരെ എടുത്തേക്കാം. ഇതും ബിയറിന്റെ ഇനത്തെ ആശ്രയിച്ചിരിക്കും. ഒടുവിൽ പാകമായ ബിയർ വീപ്പകളിൽ അല്ലെങ്കിൽ കുപ്പികളിൽ നിറച്ച് വിപണനശാലകളിലേക്ക് അയയ്ക്കുന്നു. ഒരുപക്ഷേ അവസാനം അത് നിങ്ങളുടെ മേശപ്പുറത്തായിരിക്കാം എത്തിച്ചേരുന്നത്. ശരി, നിങ്ങൾക്ക് ഏത് ഇനം ബിയറാണ് വേണ്ടത്?
ബിയർ—ഒരു ബഹുമുഖ പാനീയം
ബിയറുകൾ തമ്മിൽ ഗണ്യമായ വ്യത്യാസം ഉണ്ട്. ഇളം നിറത്തിലുള്ളതോ കടുംനിറത്തിലുള്ളതോ, മധുരമുള്ളതോ കയ്പുള്ളതോ, ബാർലിയിൽനിന്ന് ഉണ്ടാക്കിയതോ ഗോതമ്പിൽനിന്ന് ഉണ്ടാക്കിയതോ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ബിയറുകൾ ലഭ്യമാണ്. ഉപയോഗിച്ച വെള്ളത്തിന്റെ ഗുണം, മാൾട്ടിന്റെ മെച്ചം, അവലംബിച്ച സാങ്കേതികവിദ്യ, ഉത്പാദനത്തിന് ഉപയോഗിച്ച യീസ്റ്റ് എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു ബിയറിന്റെ സ്വാദ്.
ഏറ്റവും വിശിഷ്ടമായ ബിയറുകളിൽ ഒന്നാണ് മങ്ങിയ നിറമുള്ള, പിൽസ്നർ (അല്ലെങ്കിൽ പിൽസ്) എന്ന ലേഗർ ബിയർ. ലോകമെമ്പാടുമുള്ള നൂറുകണക്കിനു നിർമാണശാലകളിൽ ഈ ഇനം ബിയർ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ചെക്ക് റിപ്പബ്ലിക്കിലെ പൽസെന്യ അഥവാ പിൽസൻ പട്ടണത്തിലുള്ള ബിയർ ഉത്പാദനശാലയിൽ ഉണ്ടാക്കുന്നതാണ് യഥാർഥ പിൽസ്നർ ബിയർ. ഇതിന്റെ ഉത്പാദന രഹസ്യം കുടികൊള്ളുന്നത് അവലംബിക്കുന്ന സാങ്കേതികവിദ്യയിൽ മാത്രമല്ല, മൃദുജലം (കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ലോഹങ്ങളുടെ വിലയിക്കപ്പെട്ട ലവണങ്ങൾ അടങ്ങിയിട്ടില്ലാത്ത വെള്ളം), ഉയർന്ന ഗുണമേന്മയുള്ള മാൾട്ട്, ശരിയായ തരത്തിലുള്ള യീസ്റ്റ് എന്നീ ഘടക വസ്തുക്കളിൽ കൂടെയാണ്.—ഇതോടൊപ്പമുള്ള ചതുരം കാണുക.
ജർമൻകാർക്കു വളരെ പ്രിയങ്കരമായ വൈസ് ആണ് മറ്റൊരു വിശിഷ്ടമായ ബിയർ. ഇത് ഗോതമ്പു മാൾട്ടിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ബ്രിട്ടനിലെ ജനപ്രിയ ബിയറുകൾ സ്റ്റൗട്ടും പോർട്ടറുമാണ്. പോർട്ടർ ലഹരി കൂടുതലുള്ള, മുകളിൽ പുളിപ്പിക്കുന്ന യീസ്റ്റ് ഉപയോഗിച്ച് (പുളിപ്പിച്ചശേഷം യീസ്റ്റ്
പാത്രത്തിന്റെ അടിയിൽനിന്ന് ഉപരിതലത്തിലേക്കു വരുന്നു) ഉണ്ടാക്കുന്ന ബിയറാണ്. വറുത്തെടുത്ത മാൾട്ടിൽനിന്ന് ഉണ്ടാക്കുന്നതുകൊണ്ട് ഈ പാനീയത്തിന് കൂടുതൽ ഇരുണ്ട നിറമാണുള്ളത്. 18-ാം നൂറ്റാണ്ടിൽ ലണ്ടനിലാണ് ആദ്യമായി പോർട്ടർ ഉത്പാദിപ്പിച്ചത്. പോർട്ടർമാരെപ്പോലെ, കഠിനാധ്വാനം ചെയ്യുന്ന ആളുകൾക്ക് “പോഷണം” എന്ന നിലയിലായിരുന്നു അതിന്റെ തുടക്കം. ഇരുണ്ട നിറവും കൂടുതൽ കടുപ്പവുമുള്ള സ്റ്റൗട്ട് പരമ്പരാഗത പോർട്ടറിന്റെ ഒരു വകഭേദമാണ്. അയർലൻഡിലും ലോകമൊട്ടാകെയും സ്റ്റൗട്ട്ബിയറിനു പ്രശസ്തി നേടിക്കൊടുത്തത് ഗിന്നസ് കുടുംബമാണ്. നിങ്ങൾക്ക് മധുരമുള്ള, ലാക്ടോസ് (പാലിൽ അടങ്ങിയിട്ടുള്ള പഞ്ചസാര) കലർന്ന ഇംഗ്ലീഷ് സ്റ്റൗട്ടോ അല്ലെങ്കിൽ കൂടുതൽ ആൽക്കഹോൾ കലർന്ന, കയ്പുരസമുള്ള ഐറിഷ് സ്റ്റൗട്ടോ കഴിക്കാം.
ബിയർ ഉപഭോക്താക്കൾക്കു താത്പര്യമുള്ള മറ്റൊരു സംഗതി അത് ഉപയോഗിക്കുന്ന വിധമാണ്, അത് ഒരു കുപ്പിയിൽനിന്നാണോ കാനിൽനിന്നാണോ അതോ വീപ്പയിൽനിന്നാണോ എടുക്കുന്നത് എന്നതു പോലുള്ള കാര്യങ്ങൾ. അമേരിക്കക്കാർക്ക് നന്നായി തണുത്ത ബിയറാണ് പൊതുവേ ഇഷ്ടം. മറ്റു ചിലർക്ക് സാധാരണ ഊഷ്മാവിലോ അല്ലെങ്കിൽ അൽപ്പം തണുത്തോ ബിയർ വിൽപ്പനശാലയിൽ സൂക്ഷിച്ചിരിക്കുന്ന വീപ്പകളിൽനിന്നു നേരിട്ടു കിട്ടുന്നതാണ് പ്രിയം.
ബിയർ ശരിക്കും ഒരു ബഹുമുഖ പാനീയമാണ്. മിതമായ അളവിലാണ് അത് ഉപയോഗിക്കുന്നതെങ്കിൽ ആരോഗ്യപരമായ ചില പ്രയോജനങ്ങൾ ഉണ്ടായേക്കാം. വാസ്തവത്തിൽ അതിൽ റൈബോഫ്ളാവിൻ, ഫോളിക് ആസിഡ്, ക്രോമിയം, സിങ്ക് തുടങ്ങിയ പ്രധാനപ്പെട്ട ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ബിയർ മിതമായി ഉപയോഗിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെയും ത്വക്കിലെ ക്രമക്കേടുകളെയും പ്രതിരോധിക്കാൻ സഹായിക്കും എന്നാണ് ചില ആധികാരിക ഉറവിടങ്ങൾ പറയുന്നത്. ലഭ്യമായിട്ടുള്ള ഇനങ്ങളിലും തരങ്ങളിലുംനിന്ന് നന്നായി തിരഞ്ഞെടുക്കുകയും സമനിലയോടെ ഉപയോഗിക്കുകയും ചെയ്യുന്നെങ്കിൽ രുചികരവും നവോന്മേഷപ്രദവുമായ ഈ പാനീയം ആസ്വാദ്യമായിരുന്നേക്കാം. അടുത്ത തവണ ഗ്ലാസ്സിൽ നുരഞ്ഞു പൊന്തുന്ന സുവർണ പാനീയത്തിനു മുമ്പിൽ ഇരിക്കുമ്പോൾ അതിന്റെ ആകർഷകമായ ചരിത്രം ഓർക്കുമല്ലോ! (g04 7/8)
[21-ാം പേജിലെ ചതുരം/ചിത്രം]
മുഖ്യ കഥാപാത്രങ്ങൾ
പണ്ട് ബിയർ ഉത്പാദനത്തിൽ അനവധി മേഖലകളിലുള്ള വിദഗ്ധർ ഉൾപ്പെട്ടിരുന്നു. അവരിൽ ചിലരെ പരിചയപ്പെടാം.
◼ മാൾട്ട് ഉത്പാദകൻ—ബിയർ ഉത്പാദന നാടകത്തിലെ പ്രഥമ നടൻ. ബാർലിയിൽനിന്നോ ഗോതമ്പിൽനിന്നോ മാൾട്ട് ഉണ്ടാക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ധർമം. ധാന്യം മുളപ്പിക്കുന്നതിനും പച്ച മാൾട്ട് ഉണക്കുന്നതിനും അദ്ദേഹം മേൽനോട്ടം വഹിച്ചു. ബിയറിന്റെ രുചി പ്രധാനമായും മാൾട്ടിന്റെ ഗുണത്തെ ആശ്രയിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തിന്റേത് വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമായിരുന്നു.
◼ കാച്ചുന്ന ആൾ (മുകളിൽ കാണിച്ചിരിക്കുന്നു)—തിളപ്പിക്കലിന്റെ ഉത്തരവാദിത്വം ഉണ്ടായിരുന്ന ആൾ. പൊടിച്ചെടുത്ത മാൾട്ട് ആദ്യം വെള്ളത്തിൽ കലർത്തുകയും പിന്നീട് അതു തിളപ്പിക്കുമ്പോൾ ഹോപ്പ് ചെടിയുടെ ചില ഭാഗങ്ങൾ ചേർക്കുകയും ചെയ്യുമായിരുന്നു. ഈ പ്രക്രിയയുടെ അന്തിമഫലമായി വോർട്ട് ഉണ്ടാകുന്നു.
◼ ബിയർനിലവറ മേൽനോട്ടക്കാരൻ—വലിയ പാത്രങ്ങളിലാക്കിയ ബിയർ പുളിപ്പിക്കുന്നതിന്റെയും ലേഗറിങ് അറയിൽ അതു മൂപ്പിക്കുന്നതിന്റെയും മേൽനോട്ടം വഹിച്ചിരുന്ന പരിചയസമ്പന്നനായ ഒരു വിദഗ്ധൻ. നിർമാണം പൂർത്തിയായ ബിയർ ചെറിയ പാത്രങ്ങളിലേക്കു മാറ്റുന്നതും അദ്ദേഹമായിരുന്നു.
[കടപ്പാട്]
S laskavým svolením Pivovarského muzea v Plzni
[22-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പിൽസ്നർ—ഏറ്റവുമധികം അനുകരിക്കപ്പെട്ടിട്ടുള്ള ഒറിജിനൽ
1295-ൽ ബൊഹീമിയയിലെ രാജാവായിരുന്ന വെൻസെസ്ലോസ് രണ്ടാമൻ, പിൽസൻ പട്ടണം നിർമിച്ച് അധികം കഴിയുന്നതിനു മുമ്പുതന്നെ പിൽസനിലെ 260 പ്രജകൾക്ക് ബിയർ ഉത്പാദിപ്പിക്കാനുള്ള അവകാശം നൽകി. തുടക്കത്തിൽ അവർ തങ്ങളുടെ വീടുകളിലാണ് ബിയർ ഉത്പാദിപ്പിച്ചിരുന്നത്, കുറഞ്ഞ അളവിൽ മാത്രം. എന്നാൽ പിന്നീട് അവർ കച്ചവട സംഘങ്ങൾ സംഘടിപ്പിക്കുകയും ബിയർ ഉത്പാദനശാലകൾ സ്ഥാപിക്കുകയും ചെയ്തു. പക്ഷേ കാലാന്തരത്തിൽ ബൊഹീമിയയുടെ സമ്പദ്വ്യവസ്ഥയ്ക്കും സംസ്കാരത്തിനും അപചയം സംഭവിച്ചു. ഇത് ബിയർ ഉത്പാദനത്തെയും പ്രതികൂലമായി ബാധിച്ചു. പരമ്പരാഗത സാങ്കേതികവിദ്യ അവഗണിച്ച് സ്വന്തം നിർമാണവിധികൾ ഉപയോഗിച്ചുകൊണ്ട് അവർ ബിയർ നിർമിച്ചു. പക്ഷേ പലപ്പോഴും, സ്വാദില്ലാത്തതും എന്തിന്, ബിയർ എന്നു വിളിക്കാൻ പോലും യോഗ്യതയില്ലാത്തതുമായ പാനീയങ്ങളായിരുന്നു അവ.
ആ സമയത്ത് യൂറോപ്പിൽ രണ്ടുതരം ബിയറുകൾ ഉത്പാദിപ്പിക്കപ്പെട്ടു. ബൊഹീമിയയിൽ വിശേഷിച്ചും മുകളിൽ പുളിപ്പിക്കുന്ന ബിയർ പ്രചരിച്ചപ്പോൾ ബവേറിയയിൽ വളരെ കൂടുതൽ മേന്മയുള്ള അടിയിൽ പുളിപ്പിക്കുന്ന ബിയറാണ് പ്രസിദ്ധി നേടിയത്. ബവേറിയൻ ലേഗറുകളും പിൽസൻ ബിയറുകളും തമ്മിൽ വളരെ വ്യത്യാസം ഉണ്ടായിരുന്നു.
1839-ൽ ഒരു വഴിത്തിരിവുണ്ടായി. ഏതു വിധേനയും സാഹചര്യം മെച്ചപ്പെടുത്താൻ പിൽസനിലെ 200-ഓളം പൗരന്മാർ തീരുമാനിച്ചു. അടിയിൽ പുളിപ്പിക്കുന്ന അഥവാ ബവേറിയൻ രീതിയിൽ മാത്രം ബിയർ ഉണ്ടാക്കുന്ന ബർഗസ്സ് ബിയർ ഉത്പാദനശാല അവർ സ്ഥാപിച്ചു. ബിയർ ഉത്പാദന രംഗത്ത് പ്രസിദ്ധനായിരുന്ന ബവേറിയക്കാരനായ യോസഫ് ഗ്രോളിനെ അവർ ക്ഷണിച്ചു. അദ്ദേഹം പരമ്പരാഗത ബവേറിയൻ ബിയർ നിർമിക്കാൻ പെട്ടെന്നുതന്നെ ശ്രമം തുടങ്ങി. എന്നാൽ ഫലം വ്യത്യസ്തമായിരുന്നു, പക്ഷേ അദ്ദേഹം പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു പുതിയ ബിയർ. ഗ്രോളിന്റെ പരിചയസമ്പത്തും വളരെ മേന്മയുള്ള ചേരുവകളും കൂടെ ആയപ്പോൾ ലോകത്തെ കീഴടക്കിയ ഒരു ഉത്പന്നത്തിന്റെ പിറവിയായിരുന്നു ഫലം. എന്തുകൊണ്ട്? അതിന്റെ അനന്യമായ രുചിയും നിറവും സുഗന്ധവും നിമിത്തം. എന്നിരുന്നാലും പിൽസൻ ബിയറിന്റെ പ്രശസ്തി അതിന്റേതായ ചില പ്രശ്നങ്ങളും സൃഷ്ടിച്ചു. പല ബിയർ ഉത്പാദകരും ഈ പുതിയ സംഭവവികാസത്തിൽനിന്നു നേട്ടമുണ്ടാക്കാൻ തങ്ങളുടെ ഉത്പന്നങ്ങൾക്കും പിൽസ്നർ എന്നുതന്നെ പേരിട്ടു. അങ്ങനെ പിൽസ്നർ പ്രശസ്തമായെന്നു മാത്രമല്ല, സുവർണ പാനീയങ്ങളിൽ ഏറ്റവുമധികം അനുകരിക്കപ്പെട്ട ഒന്ന് ആയിത്തീരുകയും ചെയ്തു.
[ചിത്രങ്ങൾ]
യോസഫ് ഗ്രോൾ
പിൽസനിലെ ഒരു ബിയർ ഉത്പാദനശാലയിലെ ജലസംഭരണി
[കടപ്പാട്]
S laskavým svolením Pivovarského muzea v Plzni
[20-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
പിൽസൻ
[20, 21 പേജുകളിലെ ചിത്രം]
റൊട്ടിയും ബിയറും ഉണ്ടാക്കുന്നതു ചിത്രീകരിക്കുന്ന ഒരു ഈജിപ്ഷ്യൻ ശിൽപ്പം
[കടപ്പാട്]
Su concessione del Ministero per i Beni e le Attività Culturali - Museo Egizio - Torino
[23-ാം പേജിലെ ചിത്രങ്ങൾ]
ഹോപ്പും മാൾട്ടും ഒരു ബിയർ ഉത്പാദനശാലയും