സസ്യങ്ങൾ ഔഷധങ്ങളുടെ ഒരു വിലപ്പെട്ട ഉറവ്
സസ്യങ്ങൾ ഔഷധങ്ങളുടെ ഒരു വിലപ്പെട്ട ഉറവ്
മനുഷ്യൻ ഉപയോഗിക്കുന്ന ആധുനിക മരുന്നുകളുടെ 25 ശതമാനത്തിന്റെയും ഉത്ഭവം—പൂർണമായോ ഭാഗികമായോ—സസ്യങ്ങളിലെ രാസവസ്തുക്കളിൽനിന്നാണെന്ന് വിദഗ്ധർ കണക്കാക്കുന്നു. പച്ചമരുന്നുകൾ ശുപാർശ ചെയ്യുന്നവർ മിക്കപ്പോഴും എടുത്തു പറയാറുള്ള ഒരു വസ്തുതയാണിത്.
ഔഷധികളെക്കുറിച്ചു നടത്തിയിട്ടുള്ള ഭൂരിഭാഗം ഗവേഷണങ്ങളും ചികിത്സാ പ്രാധാന്യമുള്ള സജീവഘടകങ്ങൾ വേർതിരിച്ചെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അത്തരം ഘടകങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ് വെള്ള വില്ലോവൃക്ഷത്തിന്റെ പട്ടയിൽനിന്നു കിട്ടുന്ന സലിസിനിൽനിന്നു വേർതിരിച്ചെടുക്കുന്ന ആസ്പിരിൻ.
ചെടിയിൽനിന്ന് ചികിത്സാ പ്രാധാന്യമുള്ള സജീവഘടകങ്ങൾ വേർതിരിച്ചെടുത്തു കഴിഞ്ഞാൽ അതു മതിയായ എന്നാൽ കൂടുതൽ കൃത്യമായ അളവിൽ ഉപയോഗിക്കാൻ കഴിയും. ഒരു പരാമർശ ഗ്രന്ഥം ഇങ്ങനെ പ്രസ്താവിക്കുന്നു: “ആസ്പിരിന്റെ പ്രയോജനം കിട്ടാൻ മതിയായ അളവിൽ വില്ലോപ്പട്ടയും ഡിജിറ്റാലിസിന്റെ [ഹൃദയപേശീസങ്കോചങ്ങളെ ശക്തിപ്പെടുത്തുന്ന ഔഷധമായി ഉപയോഗിക്കുന്ന ജൈവസംയുക്തം] ജീവരക്ഷാ ഗുണം പൂർണമായി കിട്ടാനാവശ്യമായ ഫോക്സ്ഗ്ലോവും ശേഖരിച്ച് കഴിക്കുന്നതിലും എത്രയോ എളുപ്പമാണ് ഒരു ഗുളിക കഴിച്ചുകൊണ്ട് അതിന്റെ പ്രയോജനം നേടുന്നത്.”
അതേസമയം, ഔഷധിയിൽനിന്ന് സജീവഘടകം വേർതിരിച്ചെടുക്കുന്നതിന് ദോഷവശങ്ങളും ഉണ്ടായിരുന്നേക്കാം. സസ്യത്തിലെ മറ്റു ഘടകങ്ങളിൽ അടങ്ങിയിരിക്കാവുന്ന പോഷകങ്ങളും ഔഷധമൂല്യവും നഷ്ടമാകുന്നു എന്നതാണ് ഒരു സംഗതി. മറ്റൊന്ന്, തങ്ങളെ ലക്ഷ്യംവെച്ചുള്ള ഔഷധ പ്രയോഗത്തെ ചെറുക്കാൻ ചില രോഗാണുക്കൾ ശക്തി പ്രാപിക്കുന്നു എന്നതാണ്.
ഔഷധസസ്യത്തിൽനിന്നു സജീവ ഘടകം വേർതിരിച്ചെടുക്കുന്നതിന്റെ ദോഷഫലങ്ങൾ സിങ്കോണാ മരത്തിന്റെ പട്ടയിൽനിന്നെടുക്കുന്ന കൊയിനാ എന്ന പദാർഥം കാട്ടിത്തരുന്നു. മലമ്പനിക്കു കാരണമാകുന്ന പരാദങ്ങളുടെ സിംഹഭാഗത്തെയും കൊയിനാ കൊന്നൊടുക്കുന്നുണ്ടെങ്കിലും നശിപ്പിക്കപ്പെടാത്തവ പെട്ടെന്നുതന്നെ പെരുകി പൂർവാവസ്ഥ കൈവരുന്നു. ഒരു പരാമർശ ഗ്രന്ഥം വിശദീകരിക്കുന്നതുപോലെ, “അത്തരം പ്രതിരോധം വൈദ്യശാസ്ത്ര രംഗത്ത് വലിയ ഉത്കണ്ഠയ്ക്കു കാരണമായിത്തീർന്നിരിക്കുന്നു.” (g03 12/22)
[27-ാം പേജിലെ ചിത്രങ്ങൾ]
ഈ വെള്ള വില്ലോവൃക്ഷത്തിൽ നിന്നാണ് ആസ്പിരിൻ ലഭിക്കുന്നത്
[കടപ്പാട്]
USDA-NRCS PLANTS Database/Herman, D.E. et al. 1996. North Dakota tree handbook
[27-ാം പേജിലെ ചിത്രങ്ങൾ]
കൊയിനാ ഉത്പാദിപ്പിക്കുന്ന സിങ്കോണാ മരം
[കടപ്പാട്]
Courtesy of Satoru Yoshimoto