ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ഉന്മത്തരായ ജന്തുക്കൾ
ലഹരി തലയ്ക്കു പിടിക്കുന്നത് മനുഷ്യർക്കു മാത്രമല്ലെന്ന് ലോകമെമ്പാടുനിന്നുമുള്ള റിപ്പോർട്ടുകൾ കാണിക്കുന്നു. ഇന്ത്യയിൽനിന്നുതന്നെയുള്ള ഒരു സംഭവം ഇതാ: അടുത്തയിടെ അസമിലെ ഒരു ഗ്രാമത്തിലാണ് അത് നടന്നത്. ബിയർ കുടിക്കാനിടയായ ഒരാനക്കൂട്ടം കണ്ണിൽക്കണ്ട കെട്ടിടങ്ങളൊക്കെ നശിപ്പിച്ചു. ബോസ്നിയയിൽ ഉപേക്ഷിക്കപ്പെട്ട കാനുകളിൽ അവശേഷിച്ചിരുന്ന ബിയർ കുടിച്ച് രുചിപിടിച്ച ഒരു കരടി മദ്യം ഇനിയും വേണമെന്ന വാശിയിലായി. ശല്യം സഹിക്കാൻ വയ്യാതെ ഗ്രാമവാസികൾ അതിന് ലഹരിപദാർഥം അടങ്ങിയിട്ടില്ലാത്ത ബിയർ നൽകാൻ തുടങ്ങി. വിദ്യ ഫലിച്ചു. ഇപ്പോഴും കരടി ബിയർ ആസ്വദിക്കുന്നു, എന്നാൽ അക്രമാസക്ത സ്വഭാവമൊട്ട് കാണിക്കുന്നുമില്ല. വടക്കൻ കാലിഫോർണിയയിൽ റോഡരികിലുള്ള കുറ്റിച്ചെടികളിലെ പുളിച്ച പഴങ്ങൾ ഭക്ഷിച്ച് മത്തുപിടിച്ച ചില പക്ഷികൾ കാറുകൾ ആക്രമിച്ചു. പ്രശ്നം പരിഹരിക്കാൻ ഈ കുറ്റിച്ചെടികൾ വെട്ടിക്കളയേണ്ടിവന്നു. പുളിച്ചുപോയ പൂന്തേൻ കുടിക്കാനിടയാകുന്ന തേനീച്ചകൾക്ക് കൂട്ടിൽ എത്തിപ്പെടാൻ കഴിയാറില്ല. കാരണം അവ മരങ്ങളിൽ ചെന്നിടിക്കുകയോ നിലത്തു വീണുപോകുകയോ ചെയ്യുന്നു. തിരിച്ചെത്താൻ കഴിഞ്ഞാൽത്തന്നെ ഇവയ്ക്ക്, കോളനിയിലെ മറ്റ് അംഗങ്ങളെക്കൂടെ ഉന്മത്തരാക്കാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ രോഷാകുലരായി നിൽക്കുന്ന കാവൽഭടന്മാരായ തേനീച്ചകളെ നേരിടേണ്ടിവരും.(g03 9/22)
മരണം വിതയ്ക്കുന്ന ഷോപ്പിങ് ബാഗുകൾ
ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ബാഗുകൾ തിന്നുകയോ അതിൽ കുരുങ്ങി ശ്വാസം കിട്ടാതെ വരികയോ ചെയ്യുന്നതിന്റെ ഫലമായി ഓരോ വർഷവും ഗോളമെമ്പാടും 1,00,000-ത്തിൽ അധികം സസ്തനികളും പക്ഷികളും മത്സ്യങ്ങളും ചാകുന്നതായി കണക്കാക്കപ്പെടുന്നു. ഓസ്ട്രേലിയയിൽ മാത്രം, പ്രതിവർഷം 690 കോടി പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾ—ഒരു വ്യക്തി ശരാശരി 360 ബാഗുകൾ വീതം—ആണ് ഉപയോഗിക്കുന്നത്. ഇതിൽ ഏതാണ്ട് 250 ലക്ഷം ബാഗുകൾ ഉപേക്ഷിക്കപ്പെടുന്നു. ജന്തുക്കളുടെ കൂട്ടക്കുരുതി കുറയ്ക്കുന്നതിനായി ഓസ്ട്രേലിയയിലെ സൂപ്പർമാർക്കറ്റുകൾ പരമ്പരാഗതമായ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്കു പകരം, ജൈവപരമായി വിഘടിക്കുന്ന പദാർഥംകൊണ്ടുള്ള ബാഗുകൾ നൽകിത്തുടങ്ങുമെന്ന് 2002-ന്റെ അവസാനത്തിൽ സിഡ്നിയുടെ സൺഡേ ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുകയുണ്ടായി. പുതിയ ബാഗുകൾ കണ്ടാലും തൊട്ടുനോക്കിയാലും പ്ലാസ്റ്റിക് ബാഗുകൾ പോലെ തോന്നുമെങ്കിലും അവ മരച്ചീനിയുടെ നൂറിൽനിന്നാണു നിർമിക്കുന്നത്. അവ മൂന്നു മാസംകൊണ്ട് ദ്രവിക്കുകയും ചെയ്യും. “ജൈവപരമായി വിഘടിക്കുന്നതും അതേസമയം സാധാരണ പ്ലാസ്റ്റിക് ബാഗുകളുടെ അത്രയും മാത്രം വിലവരുന്നതുമായ ബാഗുകൾ ഓസ്ട്രേലിയയിൽ ലഭ്യമാകുന്നത് ഇത് ആദ്യമായാണ്” എന്ന് പ്ലാനറ്റ് ആർക്ക് പാരിസ്ഥിതിക പ്രതിനിധി സംഘത്തിന്റെ ചെയർമാൻ പോൾ ഷെൻസ്റ്റൺ പറയുന്നു. “ഷോപ്പിങ് നടത്തുന്നവരിൽ 81 ശതമാനവും, ജൈവപരമായി വിഘടിക്കുന്ന ബാഗുകൾ ഉപയോഗിക്കുന്നതിനോട് ‘പൂർണമായി യോജിക്കുന്നു’” എന്ന് അടുത്തയിടെ നടത്തിയ ഒരു സർവേ കണ്ടെത്തി. (g03 9/08)
“മേലാൽ കത്തോലിക്ക സഭയിലെ അംഗമായിരിക്കാൻ ആഗ്രഹിക്കുന്നില്ല”
ഇറ്റലിയിൽ, മാമ്മോദീസാ മുങ്ങിയതെങ്കിലും “മേലാൽ കത്തോലിക്കാ സഭയിലെ ഒരംഗമായിരിക്കാൻ ഇഷ്ടപ്പെടാത്ത” ഒരു വ്യക്തിക്ക് ഇപ്പോൾ തന്റെ ആഗ്രഹം പൂർത്തീകരിക്കാം എന്ന് ഇൽ സോലെ-24 ഓറെ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. മുമ്പ്, മാമ്മോദീസാ രജിസ്റ്ററിൽനിന്ന് തന്റെ പേരുവെട്ടണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരുടെ അപേക്ഷ തള്ളിക്കളയുകയാണു ചെയ്തിരുന്നത്. “സഭാചരിത്രത്തിന്റെ അവശേഷിക്കുന്ന ‘കണികകളെ’ നശിപ്പിക്കുന്നതിനു തുല്യമായിരിക്കും” അത് എന്ന പേരിലാണ് അപേക്ഷ തള്ളിയിരുന്നത്. എന്നാൽ, പള്ളിയുടെ രജിസ്റ്ററിൽനിന്ന് തങ്ങളുടെ പേരുവെട്ടണമെന്ന അപേക്ഷ നിരസിക്കപ്പെട്ട അനവധി ആളുകൾ നൽകിയ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ ‘സേഫ്ഗാർഡ് ഓഫ് പേർസണൽ ഇൻഫർമേഷ’ന്റെ ഗാരന്റർ, “മേലാൽ കത്തോലിക്ക സഭയിലെ അംഗമായിരിക്കാൻ ആഗ്രഹിക്കുന്നില്ല” എന്ന ഒരു കുറിപ്പുകൂടെ ചേർത്തുകൊണ്ട് ഇടവകയിലെ മാമ്മോദീസാ രജിസ്റ്ററിനു ഭേദഗതി വരുത്താൻ അനുമതി നൽകി. ഇതിനോടകം മൂന്നു പേരുടെയെങ്കിലും കാര്യത്തിൽ ഇതു ചെയ്തു കൊടുക്കാൻ ഗാരന്റർ ഇടവക വികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. (g03 9/08)
ഇളംപ്രായക്കാരായ അമ്മമാർ
മെക്സിക്കോയിൽ 10-നും 19-നും ഇടയ്ക്കുള്ള പ്രായത്തിൽ ഗർഭിണികളാകുന്ന പെൺകുട്ടികളുടെ എണ്ണം “കഴിഞ്ഞ മൂന്നു ദശകത്തിനുള്ളിൽ 50 ശതമാനം വർധിച്ചിരിക്കുന്നു” എന്ന് മെക്സിക്കോ സിറ്റിയിൽ പ്രസിദ്ധീകരിക്കുന്ന കാമ്പ്യോ മാസിക പറയുന്നു. പബ്ലിക് സ്കൂളുകളിൽ കൂടുംബാസൂത്രണ പരിപാടികളും ലൈംഗിക വിദ്യാഭ്യാസവും മുറയ്ക്കു നടക്കുന്നുവെന്നിരിക്കെയാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷം. “പുകവലിക്കുകയോ മദ്യപിക്കുകയോ ചിലതരം മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യുന്നവർ ചെറുപ്രായത്തിൽത്തന്നെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത നാലു മടങ്ങു കൂടുതലാണ്” എന്ന് ആരോഗ്യരംഗത്തെ അധികൃതർ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇതിനു പുറമേ, ഇളംപ്രായക്കാരായ ഈ അമ്മമാരിൽ 30 ശതമാനത്തിന് ആദ്യത്തെ കുഞ്ഞിനു ജന്മം നൽകി ഒരു വർഷത്തിനുള്ളിൽത്തന്നെ പ്രതീക്ഷിക്കാതെ രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നു, 50 ശതമാനത്തിന് രണ്ടു വർഷത്തിനുള്ളിൽ രണ്ടാമതൊരു കുഞ്ഞ് ഉണ്ടാകുന്നു. കൗമാരപ്രായക്കാരും കൗമാരപ്രായത്തിലെത്താത്തവരുമായ ഈ അമ്മമാരിൽ 60 ശതമാനത്തിന് കുഞ്ഞിന്റെ അച്ഛന്റെ സഹായം കൂടാതെ അതിനെ വളർത്തേണ്ടിവരുന്നു എന്നത് പ്രശ്നത്തെ ഒന്നുകൂടെ രൂക്ഷമാക്കുന്നു. (g03 9/08)
ആസിഡ് ആക്രമണം
പാരീസിലെ നാഷണൽ ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന, 1875-നും 1960-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെയും ലിഖിതങ്ങളുടെയും ഏതാണ്ട് 65 ശതമാനം വിനാശഭീഷണിയിലാണ് എന്ന് ലെ മോണ്ട് പത്രം റിപ്പോർട്ടു ചെയ്യുന്നു. സൽഫ്യുറിക് ആസിഡാണ് പ്രശ്നം ഉണ്ടാക്കുന്നത്. അത് പുസ്തകത്താളുകൾ പൊടിഞ്ഞുപോകാൻ ഇടയാക്കുന്നു. നാഷണൽ ലൈബ്രറി പ്രതിവർഷം ഏതാണ്ട് 20,000 പുസ്തകങ്ങളുടെ അമ്ലാംശം നീക്കം ചെയ്യുന്നുണ്ട്. ഒരൊറ്റ പുസ്തകത്തിന്റെ അമ്ലാംശം നീക്കം ചെയ്യുന്നതിന് 7-നും 8-നും ഇടയ്ക്ക് ഡോളർ ചെലവു വരും. 1980-കൾ മുതൽ മിക്ക പുസ്തകങ്ങളും ആസിഡിന്റെ അംശമില്ലാത്ത കടലാസ് ഉപയോഗിച്ചാണ് അച്ചടിക്കുന്നത്. (g03 9/08)
ഉറക്കക്കുറവിന്റെ പ്രത്യാഘാതങ്ങൾ
“ഒമ്പതു ശതമാനം പോളണ്ടുകാർ ഓരോ രാത്രിയും അഞ്ചു മണിക്കൂറിൽ താഴെ സമയം മാത്രമാണ് ഉറങ്ങുന്നത്,” വാഴ്സോയിലെ ഒരു ആഴ്ചപ്പതിപ്പായ വ്പ്രോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. “അമേരിക്കക്കാരിലും ബ്രിട്ടീഷുകാരിലും മൂന്നിൽ ഒരാൾ വീതം രാത്രി 6.5 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നില്ല.” “കുറച്ചു മാത്രം ഉറങ്ങുന്ന ഒരു വ്യക്തി സ്ഥായിയായ സമ്മർദത്തിൻ കീഴിലായിരിക്കും” എന്ന് പോളണ്ടിലെ ഒരു നിദ്രാവൈകല്യ ക്ലിനിക്കിലെ മീഹാവ് സ്കാൽസ്ക്കി പറയുന്നു. “രാത്രി എട്ടു മണിക്കൂർ ഉറങ്ങുന്നവരോടുള്ള താരതമ്യത്തിൽ ദിവസം അഞ്ചു മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്” എന്ന് ജാപ്പനീസ് ഗവേഷണം സൂചിപ്പിക്കുന്നതായി വ്പ്രോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ, ഉറക്കക്കുറവ് പ്രമേഹത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും വഴിതെളിച്ചേക്കാമെന്ന് അമേരിക്കയിൽ നടക്കുന്ന പഠനങ്ങൾ കാണിക്കുന്നു. “ഗ്ലൂക്കോസ് ഉപാപചയത്തെ തകരാറിലാക്കു”ന്നതിനു പുറമേ ഉറക്കക്കുറവ് “പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കു”ന്നതായി റിപ്പോർട്ടു പറയുന്നു. “നാം ക്ഷീണിതരായിരിക്കുമ്പോൾ നമ്മുടെ ശരീരം ഊർജക്കുറവിനെ നികത്താൻ ശ്രമിക്കും,” അമേരിക്കൻ ഫിറ്റ്നസ് മാസിക വിവരിക്കുന്നു. “വേണ്ടത്ര ഉറങ്ങാത്ത ആളുകൾ ഉണർവ് തോന്നാനായി കൂടുതൽ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നു. അതുകൊണ്ട്, നിങ്ങളുടെ തൂക്കം കുറഞ്ഞിട്ടുണ്ടെങ്കിൽ, വീണ്ടും അതു കൂടാൻ ആഗ്രഹമില്ലെങ്കിൽ, കുറച്ചുകൂടെ ഉറങ്ങുക.” (g03 9/22)
ഓഫീസിലെ ഒരു ദിവസം
ലണ്ടൻ മാഗസിൻ നടത്തിയ ഒരു സർവേയിൽ 511 ആളുകളോട് അവരുടെ ഒരു സാധാരണ ജോലിദിവസം എങ്ങനെയുള്ളതാണെന്ന് ചോദിക്കുകയുണ്ടായി. ജോലി സമയത്ത് പകുതിയോളം പേർ മദ്യപിച്ചിരുന്നു, 48 ശതമാനം മോഷണം നടത്തിയിരുന്നു, ഏതാണ്ട് മൂന്നിൽ ഒരു ഭാഗം മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നു എന്ന് ലണ്ടനിലെ വർത്തമാനപത്രമായ ദ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. ഇതിനു പുറമേ, 42 ശതമാനം “തങ്ങളുടെ ബോസിനെ കൊല്ലുന്നതായി സങ്കൽപ്പിച്ചിരുന്നു,” ഏതാണ്ട് മൂന്നിൽ ഒരു ഭാഗം “ഇന്റർനെറ്റിൽ അശ്ലീലം വീക്ഷിച്ചിരുന്നു,” “62 ശതമാനത്തിന് കൂടെ ജോലിചെയ്യുന്ന ഒരു വ്യക്തിയിൽനിന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ക്ഷണം ലഭിച്ചിരുന്നു, ഏതാണ്ട് അഞ്ചിൽ ഒരു ഭാഗം ഓഫീസിൽവെച്ച് ശാരീരികമായി ബന്ധപ്പെട്ടിരുന്നു.” ഈ ജീവനക്കാരിൽ മുപ്പത്തിയാറു ശതമാനം തങ്ങളുടെ ബയോഡാറ്റകളിൽ മനഃപൂർവം വ്യാജവിവരങ്ങൾ നൽകിയിരുന്നു. കൂടാതെ, 13 ശതമാനം സ്ഥാനക്കയറ്റം കിട്ടാനായി ബോസിനോടൊപ്പം കിടപ്പറ പങ്കിടാൻ തയ്യാറാണെന്നും 45 ശതമാനം സ്വന്തം കാര്യം കാണാനായി ഒരു സഹപ്രവർത്തകനെ സൗഹൃദം ചമഞ്ഞ് പിന്നിൽനിന്നു കുത്താൻ മടിക്കില്ലെന്നും പറഞ്ഞു. അധികാരസ്ഥാനത്തുള്ളവരോടുള്ള അമർഷത്തിൽനിന്നാണ് ഇത്തരം പെരുമാറ്റങ്ങളിൽ അധികവും ഉടലെടുക്കുന്നത് എന്ന് മനോരോഗ ചികിത്സകനായ ഫിലിപ്പ് ഹോഡ്സൻ അഭിപ്രായപ്പെടുകയുണ്ടായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഉന്നതസ്ഥാനം കരസ്ഥമാക്കാനായി നാം എന്തു ചെയ്യാനും മടിക്കില്ല. സ്ഥാനമാനങ്ങളും പദവികളും നമുക്ക് അത്രത്തോളം പ്രധാനമാണ്.” (g03 9/22)
കുടുംബ സംഭാഷണങ്ങൾ ആവശ്യം
“കുടുംബ സംഭാഷണങ്ങൾ വെറും ‘മൂളലും മുരളലും’ ആയി അധഃപതിച്ചിരിക്കുന്നു, അതാകട്ടെ ശരിയായ വിധത്തിൽ കാര്യങ്ങൾ പറഞ്ഞ് അവതരിപ്പിക്കാൻ അറിയാത്ത ഒരവസ്ഥയിൽ കൊച്ചുകുട്ടികളെ കൊണ്ടെത്തിച്ചിരിക്കുന്നു” എന്ന് ലണ്ടന്റെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ബ്രിട്ടനിൽ വിദ്യാഭ്യാസ നിലവാരങ്ങൾ കാത്തുസൂക്ഷിക്കേണ്ട ചുമതലയുള്ള, ഗവൺമെന്റിന്റെ ബേസിക് സ്കിൽസ് ഏജൻസിയുടെ ഡയറക്ടർ അലൻ വെൽസ് പറയുന്നത് ഈ സ്ഥിതിവിശേഷത്തിനു കാരണം കുട്ടികൾ “മുഴുസമയവും ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ ചെലവഴിക്കുന്നതും കുടുംബം ഒത്തൊരുമിച്ച് ആഹാരം കഴിക്കാൻ വേണ്ടത്ര സമയം കണ്ടെത്താത്തതും” ആണെന്നാണ്. മുത്തശ്ശീമുത്തശ്ശന്മാർ ഇല്ലാത്ത, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള, കുടുംബങ്ങളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വർധനയാണ് മറ്റൊരു കാരണമായി വെൽസ് ചൂണ്ടിക്കാണിക്കുന്നത്. മാതാപിതാക്കൾ കുട്ടികൾക്ക് കഥകളും മറ്റും വായിച്ചുകൊടുക്കുന്നില്ല എന്നുള്ളതും ഒരു കാരണമാണ് എന്ന് അദ്ദേഹം പറയുന്നു. നാലോ അഞ്ചോ വയസ്സിൽ സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികൾക്ക് കഴിഞ്ഞകാലത്തെ കുട്ടികളെ അപേക്ഷിച്ച് “സ്പഷ്ടമായും ഫലപ്രദമായും കാര്യങ്ങൾ അവതരിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്” എന്തുകൊണ്ടാണ് എന്നു മനസ്സിലാക്കാൻ ഈ ഘടകങ്ങൾ സഹായിക്കുന്നതായി അദ്ദേഹം വിശ്വസിക്കുന്നു. മക്കളോട് എങ്ങനെ ഇടപെടണം എന്ന് മാതാപിതാക്കളെ പഠിപ്പിക്കാനുള്ള പരിപാടികൾ സംഘടിപ്പിക്കണമെന്ന് വെൽസ് ശുപാർശ ചെയ്യുന്നു. (g03 9/22)