“ബൈബിൾ വർഷം”
“ബൈബിൾ വർഷം”
ഓസ്‌ട്രിയ, ഫ്രാൻസ്, ജർമനി, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിൽ 2003-ാം ആണ്ടിന് “ബൈബിൾ വർഷം” എന്ന് പേരിട്ടിരിക്കുകയാണ്. ഫ്രാങ്ക്‌ഫുർട്ടർ ആൽജെമൈന റ്റ്സൈറ്റുങ് എന്ന ജർമൻ ദിനപത്രം ഇപ്രകാരം പ്രസ്താവിക്കുന്നു: “ഇതിനു മുമ്പ് ബൈബിൾ വർഷമായി ആചരിച്ച ഏക ആണ്ടായ 1992-ലേതു പോലെ ഇക്കുറിയും ഈ ‘ജീവന്റെ പുസ്‌തകം’ സംബന്ധിച്ച് ആളുകളുടെ അവബോധം വർധിപ്പിക്കാനും വിശുദ്ധ തിരുവെഴുത്തുകളുടെ സാംസ്കാരിക മൂല്യത്തിന് ഊന്നൽ നൽകാനും [സഭകൾ] ലക്ഷ്യം വെക്കുന്നു.”
ബീബെൽറിപ്പോർട്ട് എന്ന മാസികയുടെ 2002 ജൂൺ ലക്കം പറയുന്ന പ്രകാരം ബൈബിൾ മുഴുവനായോ ഭാഗികമായോ 2,287 ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്നുവരെ, ബൈബിളിന്റെ ഏതാണ്ട് 500 കോടി പ്രതികൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ആളുകൾ ഈ പുസ്തകത്തെ എത്രയധികം ആദരിക്കുന്നുണ്ട് എന്ന് ഈ ബൃഹത്തായ പ്രയത്‌നങ്ങൾ വ്യക്തമാക്കുന്നു.
ബൈബിൾ പ്രായോഗികമായ ഒരു പുസ്തകമാണെന്ന് ഇന്ന് അനേകർക്കും ബോധ്യം വന്നിട്ടില്ലായിരിക്കാം. ബൈബിളിലെ നിലവാരങ്ങൾ പഴഞ്ചനും യാഥാർഥ്യത്തിനു നിരക്കാത്തതും ആണെന്ന് പലരും കരുതുന്നു. എന്നാൽ, ബൈബിൾ വർഷാചരണംകൊണ്ട് രണ്ടു ലക്ഷ്യങ്ങൾ കൈവരിക്കാമെന്നാണ് ജർമനിയിലെ ക്രൈസ്തവ സഭകൾ പ്രതീക്ഷിക്കുന്നത്—കുറേക്കൂടെ ബൈബിളിനു ചേർച്ചയിൽ ജീവിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക, സഭയിൽനിന്ന് അകന്നു പോയിരിക്കുന്നവർക്ക് ബൈബിളിൽ താത്പര്യം ഉണർത്തുക.
ബൈബിൾ ആദിയോടന്തം വായിച്ചുതീർക്കാൻ സാധിക്കുന്നത് ഒരു വലിയ നേട്ടംതന്നെയാണ്, തിരുവെഴുത്തുകളിലെ പ്രധാന ആശയങ്ങൾ മനസ്സിലാക്കാനുള്ള ഫലകരമായ ഒരു മാർഗമാണ് അത്. എന്നിരുന്നാലും, ബൈബിളിൽനിന്നു പരമാവധി പ്രയോജനം നേടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി 2 തിമൊഥെയൊസ് 3:16, 17-ലെ പ്രസ്താവന മനസ്സിൽ പിടിക്കുന്നതു നന്നായിരിക്കും: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”
◀ജർമൻ കവി യോഹാൻ വോൾഫ്‌ഗാൻ ഫോൻ ഗോഥെ (1749-1832) ഇപ്രകാരം പറഞ്ഞു: “വായിച്ചു മനസ്സിലാക്കുന്തോറും ബൈബിൾ കൂടുതൽ കൂടുതൽ രസകരമായിത്തീരുന്നു എന്ന് എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു.” അതേ, നാം എവിടെ നിന്നു വന്നു, നാം ഇവിടെ ആയിരിക്കുന്നതിന്റെ കാരണം, ഭാവി എന്തു കൈവരുത്തും എന്നീ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ വിശദീകരണം ദൈവവചനത്തിൽ മാത്രമേ നമുക്കു കണ്ടെത്താനാകൂ!—യെശയ്യാവു 46:9, 10. (g03 9/22)
[31-ാം പേജിലെ ചിത്രം]
From the book Bildersaal deutscher Geschichte