സെന്റ് പീറ്റേഴ്സ്ബർഗ്—റഷ്യയുടെ “യൂറോപ്പിലേക്കുള്ള വാതായനം”
സെന്റ് പീറ്റേഴ്സ്ബർഗ്—റഷ്യയുടെ “യൂറോപ്പിലേക്കുള്ള വാതായനം”
റഷ്യയിലെ ഉണരുക! ലേഖകൻ
“എത്രമേൽ സ്നേഹിപ്പു ഞാൻ, പീറ്ററിൻ മാനസപുത്രീ നിന്നെ, / ദാർഢ്യം തികഞ്ഞ നിൻ അംഗാനുരൂപ്യമാം ഭംഗിയെ, / ശാന്തമാം ‘നിവാ’ നദീധാരയെ, / പിന്നെ, കടവുകൾ കരിങ്കൽപ്പടവുകൾ തഴുകി പ്രൗഢമായൊഴുകുമപ്പുഴയുടെ ശാലീനതയെ!”—അലിക്സാന്തെർ സ്യിർഗ്യേവിച്ച് പുഷ്കിൻ.
സെന്റ് പീറ്റേഴ്സ്ബർഗിനെ കുറിച്ചുള്ള പുഷ്കിന്റെ പ്രശസ്തമായ ഒരു കവിതയിൽ നിന്നാണ് മേലുദ്ധരിച്ചത്. ഈ നഗരത്തിന്റെ സ്ഥാപകനിലേക്കും, നിവാ നദി ബാൾട്ടിക് കടലിൽ പതിക്കുന്ന, ലോകത്തിന്റെ അത്യുത്തരഭാഗത്തുള്ള അതിന്റെ സ്ഥാനത്തിലേക്കും ആ കവിത നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. എന്നാൽ അങ്ങു വടക്കുള്ള ചതുപ്പുനിറഞ്ഞ ഈ പ്രദേശത്ത് ലോകത്തിലെ പ്രധാന നഗരങ്ങളിലൊന്ന് ഉയർന്നുവരാൻ ഇടയായത് എങ്ങനെയെന്ന് നിങ്ങൾ അതിശയിച്ചേക്കാം.
അഴിമുഖങ്ങൾ ഇല്ലാതിരുന്നതു നിമിത്തം 17-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും റഷ്യയുടെ വളർച്ച ഏതാണ്ട് വഴിമുട്ടിയ സ്ഥിതിയിലായി. ഒരു തുറമുഖത്തിന്റെ രൂപത്തിൽ ‘യൂറോപ്പിലേക്ക് ഒരു വാതായനം’ സ്ഥാപിക്കുക എന്നത് റഷ്യയിലെ യുവ സാർ ചക്രവർത്തി ആയിരുന്ന മഹാനായ പീറ്ററിന്റെ സ്വപ്നമായിരുന്നു. തെക്ക് കരിങ്കടലിൽ എത്തിച്ചേരുന്നതിന് ഒട്ടോമൻ സാമ്രാജ്യം വിലങ്ങുതടിയായി നിന്നു. തന്നിമിത്തം ബാൾട്ടിക് തീരത്തെ സ്വീഡന്റെ അധീനതയിലുള്ള പ്രദേശം പിടിച്ചെടുക്കാനായി പീറ്റർ വടക്കോട്ടു തിരിഞ്ഞു.
തന്റെ സ്വപ്ന സാഫല്യത്തിനായി 1700-ാമാണ്ട് ആഗസ്റ്റിൽ പീറ്റർ സ്വീഡനു നേരെ യുദ്ധം പ്രഖ്യാപിച്ചു. ആദ്യം തിരിച്ചടി നേരിട്ടെങ്കിലും അദ്ദേഹം തോറ്റു പിന്മാറിയില്ല. 1702 നവംബർ മാസത്തോടെ ലഡോഗ തടാകത്തിൽനിന്ന് പീറ്റർ സ്വീഡൻകാരെ തുരത്തി. യൂറോപ്പിലെ ഏറ്റവും വലിയ തടാകമാണ് ഇത്. ഏതാണ്ട് 60 കിലോമീറ്റർ ദൂരെയുള്ള ബാൾട്ടിക് കടലുമായി നിവാ നദി ഈ തടാകത്തെ ബന്ധിപ്പിക്കുന്നു. തടാകത്തിൽനിന്നു നിവാ നദി പുറപ്പെടുന്നതിന് അടുത്തുള്ള ഒരു തുരുത്തിലെ കോട്ടയിൽനിന്ന് സ്വീഡൻകാർ ചെറുത്തുനിൽപ്പ് നടത്തി. പീറ്റർ ഈ കോട്ട സ്വീഡൻകാരിൽനിന്നു പിടിച്ചെടുത്ത് ഷ്ലിസെൽബർഗ് എന്ന് നാമകരണം ചെയ്തു.
തുടർന്ന് നിവാ നദി ബാൾട്ടിക്കിൽ പതിക്കുന്നതിന് അടുത്തുള്ള നിൻഷാൻറ്റ്സ് കോട്ടയിൽ നിന്ന് സ്വീഡൻകാർ പോരാടാൻ തുടങ്ങി. എന്നിരുന്നാലും, 1703 മേയ് മാസത്തിൽ അവിടെ ഉണ്ടായിരുന്ന സ്വീഡിഷ് കാവൽസൈന്യം തോറ്റു തുന്നംപാടി. അതോടെ മുഴു നദീതടവും റഷ്യക്കാരുടെ അധീനതയിലായി. ഒട്ടുംനേരം കളയാതെ, നിവാ നദീമുഖത്ത് പ്രതിരോധം ഉറപ്പിക്കുന്നതിനായി അടുത്തുള്ള സയച്ചി ദ്വീപിൽ പീറ്റർ ഒരു കോട്ട കെട്ടിപ്പടുക്കാൻ ആരംഭിച്ചു. അങ്ങനെ, ഏതാണ്ട് 300 വർഷംമുമ്പ് 1703 മേയ് 16-ാം തീയതി, ഇന്ന് പീറ്റർ-പോൾ കോട്ട എന്ന് അറിയപ്പെടുന്ന കോട്ടയ്ക്ക് മഹാനായ പീറ്റർ തറക്കല്ലിട്ടു. സാർ ചക്രവർത്തിയുടെ പാലക പുണ്യവാളൻ ആയിരുന്ന അപ്പൊസ്തലനായ പത്രൊസിന്റെ നാമധേയത്തിലുള്ള സെന്റ് പീറ്റേഴ്സ്ബർഗ് സ്ഥാപിച്ചതിന്റെ അംഗീകരിക്കപ്പെട്ട തീയതിയാണ് ഇത്.
ഒരു തലസ്ഥാനനഗരി പടുത്തുയർത്തൽ
പല തലസ്ഥാന നഗരികളിൽനിന്നും വ്യത്യസ്തമായി, സെന്റ് പീറ്റേഴ്സ്ബർഗിനെ മനംകവരുന്ന ഒരു തലസ്ഥാനം ആക്കിത്തീർക്കാനുള്ള ലക്ഷ്യത്തിൽ തുടക്കംമുതലേ വളരെ ആസൂത്രിതമായാണ് അതു പണിതത്. 60 ഡിഗ്രി വടക്കേ അക്ഷാംശത്തിലുള്ള നഗരത്തിന്റെ സ്ഥാനം നിർമാണ പ്രവർത്തനങ്ങളുമായി അവിരാമം മുന്നേറുന്നതിൽ പീറ്ററിന് തടസ്സമായില്ല. ലഡോഗ തടാകക്കരയിൽനിന്നും നോവ്ഗൊറോഡിൽനിന്നും തടി കൊണ്ടുവന്നു. ഒരു ക്വോട്ട സമ്പ്രദായം ഏർപ്പെടുത്തുകയാണ് നിർമാണത്തിന് ആവശ്യമായ കല്ല് സ്ഥലത്തെത്തിക്കാൻ പീറ്റർ കണ്ടുപിടിച്ച ഒരു മാർഗം. സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് ചരക്കു കൊണ്ടുവരുന്ന ഏതൊരു റഷ്യക്കാരനും നിശ്ചിത എണ്ണം കല്ലുംകൂടെ കൊണ്ടുവരണമായിരുന്നു. കൂടാതെ, ആദ്യം മോസ്കോയിലും പിന്നെ സാമ്രാജ്യത്തിൽ ഉടനീളവും കല്ലുപയോഗിച്ചുള്ള വീടുപണി പീറ്റർ നിരോധിച്ചു. തത്ഫലമായി കല്ലാശാരിമാരെല്ലാം പണിതേടി സെന്റ് പീറ്റേഴ്സ്ബർഗിലെത്തി.
“കാലത്തെ വെല്ലുന്ന വേഗത്തിൽ” ആയിരുന്നു നഗരനിർമാണം മുന്നോട്ടുനീങ്ങിയത് എന്ന് ദ ഗ്രെയിറ്റ് സോവിയറ്റ് എൻസൈക്ലോപീഡിയ പറയുന്നു. അധികം വൈകാതെ മലിനജലനിർഗമനത്തിനുള്ള കനാലുകൾ, അസ്തിവാരത്തൂണുകൾ, തെരുവുകൾ, കെട്ടിടങ്ങൾ, പള്ളികൾ, ആശുപത്രികൾ, ഗവൺമെന്റ് ഓഫീസുകൾ എന്നിവയെല്ലാം കാണായി. നഗരം സ്ഥാപിച്ച വർഷം, അഡ്മിറാലിറ്റി എന്നറിയപ്പെട്ട ഒരു കപ്പൽ നിർമാണകേന്ദ്രത്തിന്റെ പണി ആരംഭിച്ചു. ഇത് കാലക്രമത്തിൽ റഷ്യൻ നാവികപ്പടയുടെ ആസ്ഥാനം ആയിത്തീർന്നു.
സാർ ചക്രവർത്തിമാരുടെ വേനൽക്കാല വസതിയായിരുന്ന സമ്മർ പാലസിന്റെ നിർമാണം 1710-ഓടെ ആരംഭിച്ചു. 1712-ൽ ഒട്ടേറെ ഗവൺമെന്റ് ഓഫീസുകൾ സഹിതം റഷ്യയുടെ തലസ്ഥാനം മോസ്കോയിൽനിന്ന് സെന്റ് പീറ്റേഴ്സ്ബർഗിലേക്കു മാറ്റി. നഗരത്തിലെ ആദ്യത്തെ കൽക്കൊട്ടാരം 1714-ൽ പൂർത്തിയായി. അത് ഇന്നും നിലനിൽക്കുന്നു. ആദ്യത്തെ നഗര ഗവർണറായിരുന്ന അലിക്സാന്തെർ മ്യേൻഷികോവിനു വേണ്ടി പണിതീർത്തതായിരുന്നു അത്. ആ വർഷംതന്നെ പീറ്റർ-പോൾ കോട്ടയിൽ അതേ പേരിൽ ഒരു കത്തീഡ്രലിന്റെ പണിയും ആരംഭിച്ചു. അതിലെ ഉത്തുംഗ സ്തൂപിക നഗരത്തിന്റെ ഒരു സവിശേഷ നിർമിതിയാണ്. കൂടാതെ, നിവാനദീതീരത്ത് വിന്റർ പാലസ് (ശീതകാല കൊട്ടാരം) പണികഴിപ്പിക്കപ്പെട്ടെങ്കിലും 1721-ൽ അത് ഇടിച്ചുകളഞ്ഞു. തത്സ്ഥാനത്ത് ഒരു ശിലാമന്ദിരം ഉയർന്നു. പിന്നീട് ഏതാണ്ട് 1,100 മുറികളുള്ള ഇന്നത്തെ വിന്റർ പാലസ് നിർമിക്കപ്പെട്ടു. പ്രൗഢഗംഭീരമായ ഈ കൊട്ടാരം ഇന്ന് സെന്റ് പീറ്റേഴ്സ്ബർഗിന്റെ സിരാകേന്ദ്രം ആയിത്തീർന്നിരിക്കുന്നു. ലോകപ്രശസ്തമായ ഹെർമിറ്റാഷ് ദേശീയ മ്യൂസിയം ഈ കൊട്ടാരത്തിലാണ് പ്രവർത്തിക്കുന്നത്.
സെന്റ് പീറ്റേഴ്സ്ബർഗിന്റെ ചരിത്രത്തിലെ ആദ്യ ദശകത്തിൽ അത്ഭുതകരമായ വളർച്ചയാണ് ആ നഗരത്തിന് ഉണ്ടായത്. 1714 ആയപ്പോഴേക്കും ഏതാണ്ട് 34,500 കെട്ടിടങ്ങൾ ആ നഗരത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു! കൊട്ടാരങ്ങളുടെയും മണിമാളികകളുടെയും നിർമാണം നിർവിഘ്നം തുടർന്നു. റഷ്യയുടെ ചരിത്രത്തിൽ മതം ചെലുത്തിയ ശക്തമായ സ്വാധീനത്തിന് ഈ നഗരത്തിലെ നിരവധി കെട്ടിടങ്ങൾ സാക്ഷ്യം വഹിക്കുന്നു.
അതിന്റെ ഒരു ഉദാഹരണമാണ് അർധ വൃത്താകൃതിയും സ്തംഭനിരയോടു കൂടിയ ഉമ്മറവും ഉള്ള കസാന്യ കത്തീഡ്രൽ. അതിന്റെ തലയെടുപ്പോടെയുള്ള ആ നിൽപ്പാണ് ന്യേഫ്സ്കി പ്രോസ്പ്യെക്റ്റ് എന്ന പ്രമുഖ നഗരവീഥിയെ ലോകത്തിലെ ഏറ്റവും മഹനീയമായ പ്രധാന വീഥികളിൽ ഒന്ന് എന്നറിയപ്പെടാൻ ഇടയാക്കിയത്. പിന്നീട്, സെന്റ് ഐസക്സ് കത്തീഡ്രൽ പണിയാൻ ആരംഭിച്ചു. കെട്ടിടത്തിന് ബലം പകരാനായി ഏതാണ്ട് 24,000 അസ്തിവാരത്തൂണുകൾ ചതുപ്പുനിലത്ത് അടിച്ചിറക്കി. കത്തീഡ്രലിന്റെ പടുകൂറ്റൻ താഴികക്കുടത്തിൻമേൽ പൂശാൻ 100 കിലോഗ്രാം സ്വർണമാണ് ഉപയോഗിച്ചത്.
സെന്റ് പീറ്റേഴ്സ്ബർഗിന്റെ പ്രാന്ത പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു. 1714-ൽ, ഇന്ന് പെട്രോഡ്വോറെറ്റ്സ് എന്ന് അറിയപ്പെടുന്ന പീറ്റർഹോഫിൽ, പീറ്റർ ചക്രവർത്തിയുടെ അരമനയായ വലിയ കൊട്ടാരത്തിന്റെ നിർമാണം ആരംഭിച്ചു. അതിനിടെ, ഇന്ന് പുഷ്കിൻ എന്നു വിളിക്കുന്ന സമീപ പട്ടണമായ
റ്റ്സാർക്കോയ് സെലോയിൽ പീറ്ററിന്റെ പത്നിക്കുവേണ്ടി ആഡംബര പൂർണമായ കാതറീൻ കൊട്ടാരം നിർമിക്കപ്പെട്ടു. തുടർന്ന് ആ നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ തെക്കുഭാഗത്തുള്ള പട്ടണപ്രാന്തങ്ങളായ പാവ്ലോഫ്സ്ക്, ഗാച്ചിന എന്നിവിടങ്ങളിൽ മറ്റു രണ്ട് ബൃഹത് കൊട്ടാരങ്ങൾ കൂടി പണികഴിപ്പിക്കപ്പെട്ടു.നദീശാഖകൾക്കും തോടുകൾക്കും കുറുകെ പണിതിരിക്കുന്ന നൂറുകണക്കിനു പാലങ്ങൾ പുതുതായി ഉദയം ചെയ്ത നഗരത്തിന്റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടി. തന്മൂലം, “വടക്കിന്റെ വെനീസ്” എന്നാണ് സെന്റ് പീറ്റേഴ്സ്ബർഗിനെ മിക്കപ്പോഴും വിശേഷിപ്പിക്കാറുള്ളത്. “യൂറോപ്പിലെ നഗരങ്ങളിൽ ഏറ്റവും മനോജ്ഞവും രൂപഭംഗിയുള്ളതുമായ ഒരു നഗരം” എന്ന് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശേഷിപ്പിക്കുന്ന ഈ നഗരത്തിന്റെ നിർമാണത്തിൽ, നിപുണരായ റഷ്യൻ വാസ്തുശിൽപ്പികളോടൊപ്പം ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ ശിൽപ്പികൾ സഹകരിച്ചു പ്രവർത്തിച്ചു.
പ്രാതികൂല്യങ്ങൾ തരണം ചെയ്ത്
യൂറോപ്പിലേക്കുള്ള തങ്ങളുടെ വാതായനത്തിൽ റഷ്യക്കാർ ഇത്ര ശക്തമായി പിടിമുറുക്കുമെന്ന് പീറ്റർ ചക്രവർത്തിയുടെ എതിരാളികൾ ഒട്ടും കരുതിയില്ല. മഹാനായ പീറ്റർ—അദ്ദേഹത്തിന്റെ ജീവിതവും ലോകവും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “മഹാനായ പീറ്റർ നിവാ നദീമുഖത്ത് കാലുകുത്തിയ നാൾമുതൽ, ആ നാടും അവിടെ ഉയർന്ന നഗരവും എന്നും റഷ്യയുടേത് ആയിരുന്നിട്ടുണ്ട്.”
അതേ, മേൽപ്പറഞ്ഞ ഗ്രന്ഥം പറയുന്നതുപോലെ “നൂറ്റാണ്ടുകളിൽ ഉടനീളം, വൻ സൈനിക സന്നാഹത്തോടെ ഒന്നിനുപിറകേ ഒന്നായി റഷ്യയുടെമേൽ കടന്നാക്രമണം നടത്തിയ ജേതാക്കൾക്കാർക്കും—ചാൾസ് പന്ത്രണ്ടാമനോ, നെപ്പോളിയനോ, ഹിറ്റ്ലർക്കോ—പീറ്ററിന്റെ ബാൾട്ടിക് തുറമുഖം പിടിച്ചെടുക്കാനായില്ല. രണ്ടാം ലോകമഹായുദ്ധ കാലത്ത് 900 ദിവസം നാസിപ്പട നഗരത്തെ ഉപരോധിച്ചെങ്കിലും അതു വിഫലമായി.” നീണ്ട ആ ഉപരോധകാലത്ത് പത്തുലക്ഷത്തോളം നഗരവാസികൾ മരണമടഞ്ഞു. 1941/42 കാലത്തെ കൊടുംശൈത്യത്തിൽ തണുത്തുമരച്ചും പട്ടിണികിടന്നുമാണ് അധികപങ്കും മരിച്ചത്. അന്ന് താപനില പൂജ്യത്തിനു താഴെ 40 ഡിഗ്രി വരെ ആയി. സെൽഷ്യസ്-ഫാരൻഹൈറ്റ് സ്കെയിലുകൾ ഒരേ റീഡിങ് രേഖപ്പെടുത്തുന്ന താപനിലയാണ് ഇത്.
ആയിരത്തിത്തൊള്ളായിരത്തിപ്പതിന്നാലിൽ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ഈ നഗരത്തിന്റെ പേര് പെട്രോഗ്രാഡ് എന്നു മാറ്റി. 1924-ൽ സോവിയറ്റ് യൂണിയന്റെ പ്രഥമസാരഥി വ്ളാഡ്യിമ്യിർ ലെനിൻ മരിച്ചപ്പോൾ അതിന് ലെനിൻഗ്രാഡ് എന്ന പുതിയ പേര് ലഭിച്ചു. ഒടുവിൽ 1991-ൽ, സോവിയറ്റ് യൂണിയന്റെ പതനത്തോടെ സെന്റ് പീറ്റേഴ്സ്ബർഗ് എന്ന ആദ്യ പേരുതന്നെ തിരിച്ചുകൊണ്ടുവന്നു.
ലോകത്തിനു നൽകിയ സംഭാവനകൾ
അമ്പത്തിരണ്ടാം വയസ്സിൽ പീറ്റർ ചക്രവർത്തി നാടുനീങ്ങുന്നതിന് ഒരു വർഷംമുമ്പ് 1724-ൽ അദ്ദേഹത്തിന്റെ കൽപ്പനപ്രകാരം റഷ്യൻ സയൻസ് അക്കാദമി സ്ഥാപിക്കപ്പെട്ടു. 1757-ൽ ലളിതകലാ അക്കാദമി നിലവിൽ വന്നു. 19-ാം നൂറ്റാണ്ടിലെ റഷ്യൻ ചിത്രകാരന്മാരായ കാൾ ബ്ര്യൂല്ലോഫ്, ഇൽയേ റ്യേപ്യിൻ എന്നിവർ ഇവിടെ പഠനം നടത്തി വിശ്വപ്രശസ്തിയിലേക്കു വളർന്നവരാണ്.
ആയിരത്തെണ്ണൂറ്റിപ്പത്തൊമ്പതിൽ സെന്റ് പീറ്റേഴ്സ്ബർഗ് ദേശീയ സർവകലാശാല സ്ഥാപിതമായി. കാലക്രമത്തിൽ മറ്റനേകം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ‘അനുഭവാധിഷ്ഠിത അനൈച്ഛിക ചേഷ്ട’ (conditioned reflex) എന്ന ആശയം അവതരിപ്പിച്ച
നോബൽ സമ്മാന ജേതാവ് ഇവാൻ പാവ്ലോവ് സെന്റ് പീറ്റേഴ്സ്ബർഗ് നഗരവാസിയായിരുന്നു. കൂടാതെ, ഈ നഗരത്തിൽ വെച്ചാണ് റഷ്യൻ രസതന്ത്രജ്ഞനായ ദിമയിത്രായ് മെൻഡലിയേവ് മൂലകങ്ങളുടെ ആവർത്തനപ്പട്ടികയ്ക്ക്—റഷ്യയിൽ അറിയപ്പെടുന്ന പ്രകാരം മെൻഡലിയേവിന്റെ പട്ടികയ്ക്ക്—രൂപം നൽകിയത്.നഗരത്തിന്റെ സാംസ്കാരിക വൃത്തവും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 1738-ൽ ഒരു നൃത്തകലാ അക്കാദമി സ്ഥാപിക്കപ്പെട്ടു. കാലക്രമത്തിൽ ലോകപ്രശസ്തമായ മാരിൻസ്കി ബാലെയായി അതു രൂപംപ്രാപിച്ചു. വൈകാതെ, ഒട്ടനവധി ബാലെ-സംഗീത ശാലകളും തിയറ്ററുകളും നഗരസൗന്ദര്യത്തിനു മാറ്റുകൂട്ടി. പ്രശസ്തരായ നിരവധി സംഗീത രചയിതാക്കൾ സെന്റ് പീറ്റേഴ്സ്ബർഗിൽ താമസമാക്കി. അവരിൽ ഒരാളായിരുന്നു പ്യോട്ടർ ഇലിയിച്ച് ചൈകോഫ്സ്കി. ബാലെ-നൃത്തസംഗീതത്തിൽ, ചിരസ്മരണീയ കൃതികളായ സ്ലീപ്പിങ് ബ്യൂട്ടി, സ്വാൻ ലെയ്ക്, ദ നട്ക്രായ്ക്കർ എന്നിവയും, ദി 1812 ഓവച്ച്യൂർ എന്ന പ്രസിദ്ധമായ മറ്റൊരു രചനയും അദ്ദേഹത്തെ വിശ്വപ്രശസ്തിയിലേക്ക് കൈപിടിച്ചുയർത്തി.
കുടിയേറിപ്പാർത്ത വിശ്രുതരായ നിരവധി റഷ്യൻ കവികളെയും എഴുത്തുകാരെയും സെന്റ് പീറ്റേഴ്സ്ബർഗ്വളർത്തി വലുതാക്കുകയുണ്ടായി. അലിക്സാന്തെർ സ്യിർഗ്യേവിച്ച് പുഷ്കിൻ എന്ന യുവകവി റഷ്യയുടെ “അഗ്രഗണ്യനായ മഹാകവിയും റഷ്യൻ സാഹിത്യത്തിന്റെ പിതാവും” എന്ന് അറിയപ്പെടുന്ന പടിയോളം വളർന്നു. ഇംഗ്ലീഷിൽ ഷേക്സ്പിയർ ആരോ അതാണ് റഷ്യൻ സാഹിത്യത്തിൽ പുഷ്കിൻ. ഈ ലേഖനത്തിന്റെ പ്രാരംഭത്തിൽ കുറിച്ച വരികൾ, കുടിയേറിപ്പാർത്ത നഗരത്തെ വാഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു ഭാവഗീതത്തിൽനിന്നുള്ളതാണ്. അതും അദ്ദേഹത്തിന്റെ മറ്റുകൃതികളും എല്ലാ പ്രധാന ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, “ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും അനുഗൃഹീത നോവൽ രചയിതാക്കളിൽ ഒരാൾ എന്ന് പൊതുവേ അംഗീകരിക്കപ്പെടുന്ന” വ്യക്തി എന്ന് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശേഷിപ്പിക്കുന്ന ഡോസ്റ്റോയെഫ്സ്കിയും ഈ നഗരത്തിന്റെ പുത്രനാണ്.
അതുകൊണ്ട്, സെന്റ് പീറ്റേഴ്സ്ബർഗ് അതിന്റെ ശൈശവദശയിൽ യൂറോപ്പിൽനിന്ന് എന്തെല്ലാം കടംകൊണ്ടിട്ടുണ്ടോ അതിന്റെയെല്ലാം പതിന്മടങ്ങ് മടക്കിക്കൊടുത്തിട്ടുമുണ്ട് എന്ന് ന്യായമായും പറയാൻ കഴിയും. അതേ, വർഷങ്ങളിലുടനീളം അതിലെ നിവാസികൾ വിശ്വസംസ്കാരത്തിന് വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്.
ചരിത്രസ്മൃതിയുടെ ഒരു നിമിഷം
ഈ വർഷം മേയ് 24-നും ജൂൺ 1-നും ഇടയ്ക്കുള്ള ഒരാഴ്ചക്കാലത്ത് സെന്റ് പീറ്റേഴ്സ്ബർഗ് സന്ദർശിച്ച ജനലക്ഷങ്ങൾ ആ നഗരത്തിന്റെ മൂന്നാം ശതാബ്ദി ആഘോഷങ്ങളിൽ പങ്കുകൊണ്ടു. ബൃഹത്തായ തയ്യാറെടുപ്പുകൾ തന്നെ അതിനായി നടത്തിയിരുന്നു. അവയെല്ലാം ആസ്വദിച്ച് മുന്നോട്ടുനീങ്ങിയപ്പോൾ സന്ദർശകരിൽ പലരും ആ നഗരത്തിന്റെ മനോഹാരിതയിൽ വിസ്മയം കൊള്ളുകയും അതിന്റെ ശ്രദ്ധേയമായ ചരിത്രത്തെ കുറിച്ച് അയവിറക്കുകയും ചെയ്തു.
അതേസമയം ഇതിന് ഒരാഴ്ചമുമ്പ്, നഗരപ്രാന്തത്തിൽ സ്ഥിതിചെയ്യുന്ന, റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചിന്റെ വിപുലപ്പെടുത്തിയ സൗകര്യങ്ങളുടെ സമർപ്പണത്തിനായി ധാരാളം ആളുകൾ സെന്റ് പീറ്റേഴ്സ്ബർഗ് സന്ദർശിച്ചിരുന്നു. അടുത്ത ദിവസം സെന്റ് പീറ്റേഴ്സ്ബർഗിലുള്ള കിറോഫ് സ്റ്റേഡിയത്തിൽ സമർപ്പണ പരിപാടിയുടെയും, നിരവധി രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം സംബന്ധിച്ച പ്രോത്സാഹജനകമായ റിപ്പോർട്ടുകളുടെയും ഒരു പുനരവലോകനത്തിനായി 9,817 പേർ കൂടിവന്നു.
കണ്ടാൽ തീരാത്ത കാഴ്ചകൾ
കണ്ടുതീർക്കാൻ കാഴ്ചകൾ ഒരുപാട് ഉള്ളതിനാൽ എവിടെ തുടങ്ങണം എന്ന് ഓർത്ത് സെന്റ് പീറ്റേഴ്സ്ബർഗ് സന്ദർശിക്കാൻ എത്തുന്നവർ മിക്കപ്പോഴും കുഴയാറുണ്ട്. ഹെർമിറ്റാഷ് മ്യൂസിയത്തിൽ ചെല്ലുന്നവർ ധർമസങ്കടത്തിൽ ആയതുതന്നെ. അവിടെയുള്ള നൂറുകണക്കിന് മുറികളിൽ വെച്ചിരിക്കുന്ന ഓരോ പ്രദർശന വസ്തുവും കാണാൻ ഒരാൾ ഒരു മിനിട്ടുവീതം ചെലവഴിക്കുന്നു എന്നിരിക്കട്ടെ. എല്ലാ മുറികളും സന്ദർശിച്ച് പുറത്തിറങ്ങാൻ വർഷങ്ങൾതന്നെ വേണ്ടിവരുമത്രേ!
സെന്റ് പീറ്റേഴ്സ്ബർഗ് ഒരുക്കുന്ന ഏറ്റവും ആകർഷകമായ വിരുന്ന് അവിടത്തെ ബാലെകളാണ് എന്ന് കരുതുന്നവരുണ്ട്. ദൃഷ്ടാന്തത്തിന്, പ്രസിദ്ധമായ മാരിൻസ്കി തിയറ്ററിന്റെ കാര്യമെടുക്കുക. സ്ഫടിക നിർമിതമായ മനംകവരുന്ന ബഹുശാഖാദീപികയുടെ കീഴിലാണ് നിങ്ങൾ ഇരിക്കുന്നത്. ചുറ്റും മിന്നിത്തിളങ്ങുന്ന അലങ്കാരപ്പണികളും ചുവരുകളും. ഏതാണ്ട് 400 കിലോഗ്രാം സ്വർണമാണ് അവിടെ പൂശിയിരിക്കുന്നത്. ഈ അന്തരീക്ഷത്തിൽ, സാധ്യതയനുസരിച്ച് ലോകോത്തരങ്ങളായ ബാലെ പ്രദർശനങ്ങളാണ് നിങ്ങൾക്കു മുന്നിൽ അരങ്ങേറുക.
നിവാ നദിക്കരയിലെ മണിമന്ദിരങ്ങൾ നോക്കി 50 ലക്ഷത്തോളം നിവാസികളുള്ള ഈ നഗരത്തിലൂടെ വെറുതെ ഒന്നു നടക്കുന്നതുതന്നെ ആസ്വാദ്യമായ ഒരു അനുഭവമാണ്. ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള ഭൂഗർഭ റെയിൽ പാതകളിൽ ഒന്നാണ് സെന്റ് പീറ്റേഴ്സ്ബർഗിലുള്ളത്. വിസ്മയകരമായ ഈ പാതതന്നെ ഒരു സാംസ്കാരിക വിരുന്നൊരുക്കുന്നു. 98 കിലോമീറ്റർ ദൂരമുള്ള ഈ റെയിൽപാതയിലെ 50-ലധികം സ്റ്റേഷനുകൾക്കിടയിൽ 20 ലക്ഷത്തിലധികം പേർ ദിവസവും യാത്ര ചെയ്യുന്നു. ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ സ്റ്റേഷനുകളാണ് അവയിൽ ചിലത്. “ഇരുപതാം നൂറ്റാണ്ടിലെ ഭൂഗർഭ കൊട്ടാര ശ്രേണി” എന്നാണ് 1955-ൽ ഈ റെയിൽ പാത ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ ദ ന്യൂയോർക്ക് ടൈംസ് അതിനെ വിശേഷിപ്പിച്ചത്.
സെന്റ് പീറ്റേഴ്സ്ബർഗിന്റെ ഗംഭീര നിർമിതിയും വികാസ പരിണാമങ്ങളും, അതിന്റെ സൗന്ദര്യം, കല, സംസ്കാരം, വിദ്യാഭ്യാസം, സംഗീതം എന്നിവയുടെ ചിരകാല പൈതൃകവും ദർശിച്ചിട്ട് വിസ്മയഭരിതർ ആകാതിരിക്കാൻ ആർക്കും കഴിയില്ല. സന്ദർശകരുടെ വ്യക്തിപരമായ അഭിരുചി ഏതുവിഷയത്തിലും ആയിക്കൊള്ളട്ടെ, സെന്റ് പീറ്റേഴ്സ്ബർഗിനെ “യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്ന്” എന്നു വിളിച്ച പരാമർശ ഗ്രന്ഥത്തോട് അവിടെ എത്തുന്നവർ യോജിക്കും എന്നതിന് ഒട്ടും സംശയമില്ല. (g03 8/22)
[15-ാം പേജിലെ ചിത്രം]
മഹാനായ പീറ്റർ, നഗര സ്ഥാപകൻ
[16-ാം പേജിലെ ചിത്രം]
പീറ്റർ-പോൾ കോട്ടയും അതിലെ കത്തീഡ്രലും, ഇവിടെയാണ് സെന്റ് പീറ്റേഴ്സ്ബർഗിന് അടിസ്ഥാനമിട്ടത്
[16, 17 പേജുകളിലെ ചിത്രങ്ങൾ]
നിവാ നദിക്കരയിലെ വിന്റർ പാലസ്, ഇതിനുള്ളിലാണ് ഹെർമിറ്റാഷ് മ്യൂസിയം (ഉള്ളിൽ വലത്തേയറ്റത്ത്)
[കടപ്പാട്]
സെന്റ് പീറ്റേഴ്സ്ബർഗിലെ ദേശീയ ഹെർമിറ്റാഷ് മ്യൂസിയം
[16, 17 പേജുകളിലെ ചിത്രം]
വലിയ കൊട്ടാരം
[17-ാം പേജിലെ ചിത്രം]
“വടക്കിന്റെ വെനീസ്” എന്ന് സെന്റ് പീറ്റേഴ്സ്ബർഗ് വിശേഷിപ്പിക്കപ്പെടുന്നു
[18-ാം പേജിലെ ചിത്രങ്ങൾ]
ലോകപ്രശസ്തമായ മാരിൻസ്കി തിയറ്റർ
[കടപ്പാട്]
Steve Raymer/National Geographic Image Collection
Photo by Natasha Razina
[18-ാം പേജിലെ ചിത്രങ്ങൾ]
സെന്റ് പീറ്റേഴ്സ്ബർഗിന്റെ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകൾ “ഭൂഗർഭ കൊട്ടാരങ്ങൾ” എന്ന് വർണിക്കപ്പെട്ടിരിക്കുന്നു
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിലുള്ള ചിത്രം: Edward Slater/Index Stock Photography; ഛായാചിത്രവും ചിഹ്നങ്ങളും: The State Hermitage Museum, St. Petersburg