ഭയാനകമായ ലാവാപ്രവാഹത്തിൽ നിന്നു ഞങ്ങൾ രക്ഷപ്പെട്ട വിധം!
ഭയാനകമായ ലാവാപ്രവാഹത്തിൽ നിന്നു ഞങ്ങൾ രക്ഷപ്പെട്ട വിധം!
കോംഗോയിലെ (കിൻഷാസ) ഉണരുക! ലേഖകൻ
ദിവസം 2002 ജനുവരി 15 ചൊവ്വാഴ്ച. മധ്യ ആഫ്രിക്കയിലെ ഒരു സാധാരണ ദിവസം. ഗ്രേറ്റ് ലെയ്ക്സ് പ്രദേശത്തെ സാക്ഷികളെ സന്ദർശിക്കാൻ ഗോമാ നഗരത്തിലെ കിവുപ്രദേശത്തുള്ള കോംഗോയിൽ (കിൻഷാസ) എത്തിയതാണ് ഞാനും കൂടെയുള്ള സഹോദരനും.
ഭയപ്പെടാൻ ഒന്നുമില്ലേ?
ഗോമാ നഗരത്തിൽ നിന്നു 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നീരഗോംഗൊ അഗ്നിപർവതം (ഉയരം 3,470 മീറ്റർ) അതിന്റെ വിചിത്ര സ്വഭാവം കൊണ്ട് ഞങ്ങളെ അമ്പരപ്പിക്കാറുണ്ട്. a അതിന്റെ മുഴക്കം ഞങ്ങൾക്കു കേൾക്കാം, പുക പൊങ്ങുന്നതു കാണുകയും ചെയ്യാം. എന്നാൽ തദ്ദേശവാസികൾക്ക് ഇതൊന്നും അത്ര പുത്തരിയല്ല, അത് അവരെ പരിഭ്രാന്തരാക്കാറുമില്ല.
ഉച്ചകഴിഞ്ഞ് യഹോവയുടെ സാക്ഷികളുടെ രണ്ടു സഭകളിലെ യോഗങ്ങളിൽ ഞങ്ങൾ പങ്കെടുക്കുന്നു. യോഗം നടന്നുകൊണ്ടിരിക്കുമ്പോഴെല്ലാം ഒരുതരം കമ്പനം അനുഭവപ്പെടുന്നുണ്ട്, ഒപ്പം മുഴക്കവും. പക്ഷേ അത് ആരെയും അത്ര അസ്വസ്ഥരാക്കുന്നില്ല. പരിഭ്രമിക്കാൻ ഒന്നുമില്ലെന്നു പ്രാദേശിക അധികാരികൾ ജനങ്ങൾക്ക് ആവർത്തിച്ച് ഉറപ്പുനൽകിക്കൊണ്ടിരിക്കുന്നു. കോംഗോ നിവാസിയായ ഒരു അഗ്നിപർവത വിദഗ്ധൻ സ്ഫോടനത്തെക്കുറിച്ച് മാസങ്ങളായി മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിലും ആരും അത് കാര്യമായെടുക്കുന്നില്ല. “അഗ്നിപർവതം പൊട്ടാറായിട്ടുണ്ട്, ഇന്ന് വൈകുന്നേരം ആകാശം ചുവന്നു തീ നിറമാകും,” വളരെ ലാഘവത്തോടെ ഒരു സുഹൃത്ത് പറയുന്നു.
“എത്രയും പെട്ടെന്ന് ഇവിടം വിടണം!”
താമസസ്ഥലത്തു മടങ്ങിയെത്തിയപ്പോൾ, “എത്രയും പെട്ടെന്ന് ഇവിടം വിടണം” എന്ന സന്ദേശമാണു ഞങ്ങളെ വരവേൽക്കുന്നത്. സാഹചര്യം വളരെ വിപത്കരമാണ്. നഗരം വലിയ അപകടത്തിലായിരിക്കുന്നു. എത്ര പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്! സാക്ഷീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഗോമാ നഗരത്തെ ഒരു കേന്ദ്രമാക്കിയാലോ എന്ന് കുറച്ചു നാളായി ഞങ്ങൾ ചിന്തിക്കുകയായിരുന്നു. ഇപ്പോഴിതാ, വൈകുന്നേരത്തോടെ നഗരം വിടേണ്ട അവസ്ഥയാണ്. അതേ, ഈ നഗരം ഏതു നിമിഷവും തുടച്ചുനീക്കപ്പെടാം!
സന്ധ്യയോടെ ആകാശം ചുവന്നു തീ നിറമാകുന്നു. അതിനു കാരണമുണ്ട്. നീരഗോംഗോയിൽ നിന്നുള്ള ലാവാപ്രവാഹം നഗരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഭീമാകാരമായ ഒരു കലത്തിൽ നിന്നെന്നപോലെ അഗ്നിപർവതത്തിൽ നിന്നും തീ നിറമുള്ള ലാവ ഉരുകിയിറങ്ങുന്നു. കടന്നു പോകുന്ന വഴികളിലുള്ള സകലതിനെയും ഉന്മൂലനം ചെയ്തുകൊണ്ടാണ് അതിന്റെ പ്രവാഹം. കൈയിൽ കിട്ടിയതൊക്കെ ഞങ്ങൾ വേഗം പെട്ടിക്കുള്ളിലാക്കുന്നു. സമയം വൈകുന്നേരം 7 മണിയോടടുത്തിരിക്കുന്നു.
പലായനം ചെയ്യുന്ന ആയിരങ്ങൾ
ഞങ്ങൾ തിടുക്കത്തിൽ ഗോമാ നഗരത്തിൽ നിന്നു പുറത്തേക്കുള്ള റോഡിൽ എത്തുമ്പോൾ, പ്രാണരക്ഷാർഥം പലായനം ചെയ്യുന്ന ആയിരങ്ങളെക്കൊണ്ട് റോഡു നിറഞ്ഞിരിക്കുന്നു. പെട്ടെന്ന് എടുക്കാൻ കഴിഞ്ഞ വീട്ടുസാധനങ്ങളും തലയിലേറ്റി നടന്നു നീങ്ങുകയാണ് പലരും. ചിലരാകട്ടെ, നിറഞ്ഞുകവിഞ്ഞ വാഹനങ്ങളിൽ എങ്ങനെയും തിക്കിത്തിരക്കി കയറിക്കൂടാനുള്ള തത്രപ്പാടിലാണ്. എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്, തൊട്ടടുത്ത റുവാണ്ടൻ അതിർത്തി. എന്നിരുന്നാലും, അഗ്നിപർവതത്തിന്
മനുഷ്യ നിർമിത അതിർത്തികളൊന്നും ഒരു തടസ്സമല്ല. ഒരു സൈന്യത്തിനും അതിനെ തടയാനാവില്ല! ഒഴുകിയടുക്കുന്ന ലാവ ഭയന്ന് പട്ടാളക്കാർ പ്രാണനും കൊണ്ട് ഓടുന്നതും ഞങ്ങൾക്കു കാണാം. കാറുകൾക്കു റോഡിലൂടെ മുമ്പോട്ടു നീങ്ങാൻ കഴിയാത്തത്ര തിരക്ക്. ഞങ്ങൾക്ക് ഇറങ്ങിനടക്കുകയേ നിവൃത്തിയുള്ളൂ. രൗദ്രഭാവം പൂണ്ടു നിൽക്കുന്ന അഗ്നിപർവതത്തിനു മുമ്പിൽനിന്നു ബദ്ധപ്പെട്ട് ഓടിയകലുന്ന മൂന്നു ലക്ഷം വരുന്ന ജനതതിയുടെ നടുവിൽ ആണ് ഞങ്ങളും. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ശിശുക്കളും ഒക്കെയുണ്ട് അക്കൂട്ടത്തിൽ. ഞങ്ങളുടെ കാൽച്ചുവടുകൾക്കു കീഴെ ഭൂമി വിറയ്ക്കുകയും ഇരമ്പുകയും ചെയ്യുന്നുണ്ട്.സകലരും പ്രാണരക്ഷാർഥം പായുകയാണ്. ഒരു വലിയ നഗരത്തിൽ നിന്നും എത്തിയ ഞാനും എന്റെ സുഹൃത്തും ഉണ്ട് അവരുടെ നടുവിൽ, ഒപ്പം കുറെ സഹോദരന്മാരും. അവരുടെ സാന്നിധ്യവും ഞങ്ങളോടുള്ള പരിഗണനയും ഞങ്ങളെ ആഴമായി സ്പർശിച്ചു. സമ്മർദപൂരിതവും ക്ലേശകരവുമായ ഈ അവസ്ഥയിലും അതു ഞങ്ങൾക്ക് ഒരുതരം സുരക്ഷിതത്വബോധം നൽകുന്നു. ആളുകൾ തങ്ങൾക്കു കൊണ്ടുപോകാവുന്ന സാധനങ്ങൾ—വസ്ത്രങ്ങൾ, കലങ്ങൾ, ചട്ടികൾ, ഭക്ഷണസാധനങ്ങൾ എന്നിവയെല്ലാം—എടുത്തുകൊണ്ടാണ് പലായനം ചെയ്യുന്നത്. ഒരു ജനസമുദ്രംതന്നെയാണ് ഇത്. ആളുകൾ പരസ്പരം ഉന്തുകയും തള്ളുകയും ചെയ്യുന്നുണ്ട്. മുമ്പോട്ടു നീങ്ങുന്ന കാറുകൾ തട്ടി ചിലർ വീഴുന്നു, പിടിവിട്ടു പോയ അവരുടെ സാധനസാമഗ്രികൾ തിരക്കിനടിയിൽ പെട്ടു ചതഞ്ഞ് അരയുന്നു. ഇടറി വീഴുന്നവർ ചവിട്ടിമെതിക്കപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്. കഷ്ടം തന്നെ! എല്ലാവരും ഭീതിയിലും സംഭ്രാന്തിയിലുമാണ്. ഏതാനും കിലോമീറ്റർ അകലെയുള്ള റുവാണ്ടയിലെ ഗിസെൻയി ലക്ഷ്യമാക്കി ഞങ്ങൾ പരിക്ഷീണരായി മുന്നോട്ടു നീങ്ങുകയാണ്.
സ്വസ്ഥമായ ഒരു രാത്രി
അങ്ങനെ ഞങ്ങൾ ഒരു സത്രത്തിൽ എത്തിച്ചേരുന്നു. പക്ഷേ അകത്ത് ഒട്ടും സ്ഥലമില്ലാത്തതിനാൽ പൂന്തോട്ടത്തിലെ മേശയ്ക്കു ചുറ്റും ഇരിക്കുകയേ നിവൃത്തിയുള്ളൂ. മൂന്നര മണിക്കൂർ ദീർഘിച്ച ക്ഷീണിപ്പിക്കുന്ന യാത്രയ്ക്കുശേഷം എന്തൊരാശ്വാസം! ഞങ്ങളോടൊത്തു യാത്ര ചെയ്ത സഹോദരങ്ങളോടൊപ്പം, അപകടമേഖലയിൽ നിന്നും അകലെ ജീവനോടിരിക്കുന്നതിൽ ഞങ്ങൾ എത്ര സന്തുഷ്ടരാണെന്നോ. സന്തോഷകരമെന്നു പറയട്ടെ, സാക്ഷികളിലാർക്കും ജീവഹാനി സംഭവിച്ചില്ല.
ഏതായാലും രാത്രി വെളിയിൽ ചെലവഴിക്കുകയല്ലാതെ മറ്റു നിർവാഹമൊന്നുമില്ല. എങ്കിലും അഗ്നിപർവതത്തിൽ നിന്ന് അകലെ സുരക്ഷിതമായ സ്ഥലത്താണു ഞങ്ങൾ. ഗോമാ നഗരത്തിനു മീതെ ജ്വലിച്ചുനിൽക്കുന്ന ആകാശം ഇവിടെ നിന്നുകൊണ്ട് ഞങ്ങൾക്കു കാണാം. അതിമനോഹരമാണ് ആ കാഴ്ച! പ്രഭാത രശ്മികൾ സാവധാനം അരിച്ചിറങ്ങാൻ തുടങ്ങിയിരിക്കുന്നു. മുഴക്കവും
കുലുക്കവും രാത്രി മുഴുവൻ തുടരുന്നു. തലേ ദിവസത്തെ ദുരിതങ്ങളെക്കുറിച്ച് ഓർത്തപ്പോൾ, കുഞ്ഞുങ്ങളുമായി പലായനം ചെയ്യേണ്ടിവന്ന ആയിരക്കണക്കിനു കുടുംബങ്ങളോടു ഞങ്ങൾക്കു സഹതാപം തോന്നുന്നു.ഉടനടി സഹായം
റുവാണ്ടയുടെ തലസ്ഥാനമായ കിഗാളിയിലെ സാക്ഷികൾ, ജനുവരി 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞങ്ങളുടെ അടുത്ത് എത്തിച്ചേരുന്നു. ഗോമായിലെയും ഗിസെൻയിയിലെയും സഹോദരങ്ങൾ ചേർന്ന് ഒരു ദുരിതാശ്വാസ കമ്മറ്റിക്കു രൂപം നൽകി ആവശ്യമായ നടപടികൾ ആരംഭിക്കുന്നു. ചുറ്റുവട്ടത്തുള്ള ആറ് രാജ്യഹാളുകളിലായി അഭയാർഥികളായ സാക്ഷികൾക്ക് താമസസൗകര്യം ക്രമീകരിക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. അത് അന്നുതന്നെ ചെയ്യുന്നു. സ്ഥലത്തെ രാജ്യഹാളിലേക്കുള്ള വഴി സൂചിപ്പിക്കുന്ന, ഫ്രഞ്ചിലും സ്വാഹിലിയിലും എഴുതിയ വഴികാട്ടിപ്പലകകൾ റോഡരികിൽ സ്ഥാപിച്ചിട്ടുണ്ട്. രാജ്യഹാളിലെത്തുന്ന അഭയാർഥികൾക്ക് സഹായവും ആശ്വാസവും നൽകാനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. സാക്ഷികളെ താമസിപ്പിച്ചിരിക്കുന്ന രാജ്യഹാളുകളിൽ മൂന്നു ടൺ അത്യാവശ്യ സാധനങ്ങൾ അന്നുതന്നെ എത്തിക്കുന്നു. ശനിയാഴ്ച, ഒരു ട്രക്കു നിറയെ ഭക്ഷ്യവസ്തുക്കൾ, കമ്പിളി, പ്ലാസ്റ്റിക് ഷീറ്റുകൾ, സോപ്പ്, മരുന്നുകൾ എന്നിവ കിഗാളിയിൽ നിന്ന് എത്തിച്ചേരുന്നു.
ഉത്കണ്ഠ വർധിക്കുന്നു
ഈ ആളുകളുടെയെല്ലാം ആവശ്യങ്ങൾ എങ്ങനെ നിറവേറ്റും? അഗ്നിപർവതത്തിന്റെ കാര്യം എന്തായി? ലാവാപ്രവാഹം എപ്പോൾ നിലയ്ക്കും? ഗോമാ നഗരത്തിന് എന്തുമാത്രം നാശനഷ്ടമുണ്ടായി? എല്ലാം ചിന്തിക്കേണ്ട കാര്യങ്ങളാണ്. കേൾക്കുന്ന വാർത്തകളും തുടർച്ചയായുണ്ടാകുന്ന കമ്പനങ്ങളും പ്രതീക്ഷയ്ക്കു വകയൊന്നും നൽകുന്നില്ല. സൾഫർ ഡയോക്സൈഡിന്റെ ആധിക്യം അന്തരീക്ഷത്തെ മലിനമാക്കുമെന്നാണ് വിദഗ്ധരുടെ ഭയം. രാസപ്രവർത്തനങ്ങളുടെ ഫലമായി കിവു തടാകം മലിനമാകാനുള്ള സാധ്യതയും ഉണ്ട്.
ലാവാപ്രവാഹത്തെ തുടർന്നുള്ള 48 മണിക്കൂർ അസ്വസ്ഥജനകമായ റിപ്പോർട്ടുകൾ നിറഞ്ഞതാണ്. അങ്ങനെയിരിക്കെ, ശനിയാഴ്ച ഉച്ചകഴിഞ്ഞ് മറ്റൊരു വാർത്ത കേൾക്കുന്നു. ഏതാണ്ട് 10,000 പേർ ലാവാപ്രവാഹത്താൽ ചുറ്റപ്പെട്ടു കുടുങ്ങിപ്പോയിരിക്കുന്നു. അക്കൂട്ടത്തിൽ ഒരു കുട്ടിയുൾപ്പെടെ 8 സാക്ഷികളുമുണ്ട്. ചിലയിടങ്ങളിൽ ലാവയുടെ ആഴം രണ്ടു മീറ്ററാണ്. വായുവിൽ വിഷവാതകങ്ങൾ നിറഞ്ഞിരിക്കുന്നു. ലാവാപ്രവാഹത്താൽ ചുറ്റപ്പെട്ടവരുടെ ജീവന് ആപത്തു ഭവിക്കുമോ എന്നാണ് ഞങ്ങളുടെ ഭയം. കാര്യങ്ങൾ വളരെ നിരാശാജനകമാണ്. അതിശക്തമായ ലാവാപ്രവാഹത്തിൽ ഗോമായിലെ കത്തീഡ്രൽ പാടേ നശിച്ചെന്നു പറയാം. ഗോമാ നഗരം നാശത്തെ അതിജീവിക്കുമെന്ന് ആർക്കും പ്രതീക്ഷയില്ല.
സാന്ത്വനമേകുന്ന ചില സന്ദേശങ്ങൾ
ശനിയാഴ്ച രാവിലെ 9 മണിയോടെ, ലാവാപ്രവാഹത്തിൻ മധ്യേ അകപ്പെട്ടുപോയ ഒരു സഹോദരന്റെ ഫോൺ സന്ദേശം വരുന്നു. അവസ്ഥകൾക്കു മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നു സഹോദരൻ പറയുന്നു. അതേ, കാര്യങ്ങൾ മെച്ചപ്പെടുകയാണ്. മഴപെയ്യുന്നുണ്ട്, ലാവ തണുത്തു തുടങ്ങിയിരിക്കുന്നു, അന്തരീക്ഷം തെളിഞ്ഞു വരുന്നുണ്ട്. എങ്കിലും ലാവയ്ക്ക് ഇപ്പോഴും ചൂടുണ്ട്, ഇപ്പോഴും അത് അപകടകാരിയാണ്. ആളുകൾ പക്ഷേ അതു വകവെക്കാതെ ലാവാപ്രവാഹങ്ങൾ കടന്ന് കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്കു നീങ്ങുകയാണ്. നഗരം പൂർണമായും നശിപ്പിക്കപ്പെട്ടിട്ടില്ല.
വിപത്കരമായ സംഭവങ്ങൾ തുടങ്ങിയതിനുശേഷം ലഭിക്കുന്ന ആദ്യത്തെ സദ്വർത്തമാനമാണത്. അഗ്നിപർവതത്തിന്റെ ശൗര്യം കുറഞ്ഞതുപോലെ തോന്നി. എങ്കിലും ചുറ്റുപാടുമുള്ള വിദഗ്ധർ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പറയുന്നത്. കിവു തടാകത്തിന്റെ മറുകരയിലുള്ള ബുകാവു നഗരവുമായി സമ്പർക്കത്തിൽ വരാൻ ഞങ്ങൾക്കു
കഴിയുന്നു. അഞ്ചു സാക്ഷിക്കുടുംബങ്ങളും വേറെ മൂന്നു കുട്ടികളും—അവരുടെ മാതാപിതാക്കൾ കൂടെയില്ല—ഒരു ബോട്ടിൽ ബുക്കാവു നഗരത്തിൽ എത്തിച്ചേർന്നുവെന്നു ഞങ്ങൾക്ക് അറിവുകിട്ടുന്നു. ആ നഗരത്തിലെ സാക്ഷികൾ ഇനി അവരെ സംരക്ഷിച്ചുകൊള്ളും.ഞങ്ങൾക്ക് ഇനി തിരിച്ചു പോകാം!
അങ്ങനെ ജനുവരി 21 തിങ്കളാഴ്ചയായി. ദുരന്തബാധിതരെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ ആവശ്യങ്ങൾ തിരിച്ചറിയാനുമൊക്കെ ഞങ്ങൾക്കു കഴിയുന്നു. രാജ്യഹാളുകളിൽ താമസിപ്പിച്ചിരുന്ന സഹോദരങ്ങളുടെ കാര്യങ്ങളൊക്കെ ഒരുവിധം ക്രമപ്പെട്ടു തുടങ്ങുന്നു. പലായനം ചെയ്ത സാക്ഷികളുടെ എണ്ണം കൃത്യമായി ഞങ്ങൾക്ക് അറിയാൻ കഴിയുന്നു—കുട്ടികൾ ഉൾപ്പെടെ 1,800 പേർ.
അടുത്തതായി എന്ത്? എത്രയും പെട്ടെന്ന് അഭയാർഥികൾക്കായി ക്യാമ്പുകൾ സംഘടിപ്പിക്കാൻ പ്രാദേശിക അധികാരികൾ പദ്ധതിയിടുന്നു. എന്നിരുന്നാലും, 1994-ൽ വംശഹത്യയുടെ സമയത്ത് നിർമിച്ച അഭയാർഥി ക്യാമ്പുകളുടെ അസുഖകരമായ ഓർമകൾ ചിലരെ അസ്വസ്ഥരാക്കുന്നു. ഞങ്ങൾ ഗോമായിലേക്കു തിരിച്ചു പോകാൻ തീരുമാനിക്കുന്നു, ഉച്ചയോടെ നഗരത്തിൽ എത്തിച്ചേരുന്നു. നഗരത്തിന്റെ 25 ശതമാനം നശിച്ചിരിക്കുകയാണ്. നഗരവീഥികളിലേക്ക് ഒഴുകിയെത്തിയ, ഘനീഭവിച്ചു തുടങ്ങിയ ലാവയുടെ മീതെ ഞങ്ങൾ നടക്കുന്നു. അതിന് ഇപ്പോഴും ചൂടുണ്ട്. പുറത്തുവന്ന വാതകങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. നഗരത്തിലേക്കു മടങ്ങാൻ തന്നെയാണ് പലരുടെയും തീരുമാനം.
ഉച്ചയ്ക്ക് ഒരു മണിക്ക്, ഗോമാ നഗരത്തിന്റെ കേന്ദ്രഭാഗത്തുള്ള രാജ്യഹാളിൽ വെച്ച് ഞങ്ങൾ 33 ക്രിസ്തീയ മൂപ്പന്മാരുമായി ഒത്തുകൂടുന്നു. ഏകകണ്ഠമായ അഭിപ്രായമാണ് അവർക്കും, ഗോമായിലേക്കു തിരിച്ചുപോകുകതന്നെ. “ഞങ്ങൾ അവിടത്തുകാരാണ്” അവർ പറയുന്നു. അഗ്നിപർവതം ഇനിയും പൊട്ടിയൊഴുകിയാലോ എന്നു ചോദിച്ചപ്പോൾ, “അത് ഞങ്ങൾക്ക് ആദ്യത്തെ അനുഭവമൊന്നുമല്ലല്ലോ” എന്നാണ് മറുപടി. വേഗം മടങ്ങിയില്ലെങ്കിൽ തങ്ങളുടെ വസ്തുവകകളെല്ലാം കൊള്ളയടിക്കപ്പെടുമോ എന്നവർ ഭയക്കുന്നു. അടുത്ത ദിവസം, പലായനം ചെയ്ത സാക്ഷികളെല്ലാം തിരിച്ച് ഗോമായിൽ എത്തിച്ചേരുന്നു. അതിർത്തി കടന്നു പോയ മൂന്നു ലക്ഷം പേരിൽ നല്ലൊരു ശതമാനവും നഗരത്തിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഒരു ആഴ്ചയ്ക്കു ശേഷം
നഗരം വീണ്ടും സജീവമായി. അത് ഈ വിഷമസന്ധിയെ അതിജീവിക്കുമെന്നു വ്യക്തമാണ്. പരസ്പരബന്ധം വിച്ഛേദിക്കപ്പെട്ടുപോയ രണ്ടു നഗരഭാഗങ്ങളെയും കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലാവ നിരപ്പാക്കാൻ തുടങ്ങി. ലാവ കടന്നുപോയ വഴിയിലുള്ള സർവതും നാമാവശേഷമായിരുന്നു. നഗരത്തിലെ വാണിജ്യ കേന്ദ്രവും ഭരണനിർവഹണ കാര്യാലയവും നശിച്ചിരുന്നു. വിമാനത്താവളത്തിലെ റൺവേയുടെ മൂന്നിലൊരു ഭാഗവും തകർന്നുപോയിരിക്കുന്നു.
സർവതും നഷ്ടപ്പെട്ട ഭവനരഹിതരായ ആളുകളുടെ കൂട്ടത്തിൽ, യഹോവയുടെ സാക്ഷികളുടെ 180 കുടുംബങ്ങളുമുണ്ട്. ഏതാണ്ട്, 5,000 പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ദിവസവും റേഷൻ വ്യവസ്ഥയിൽ ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണം ദുരിതാശ്വാസ കമ്മറ്റി ചെയ്തിട്ടുണ്ട്. ബെൽജിയം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ യഹോവയുടെ സാക്ഷികൾ പ്ലാസ്റ്റിക് ടാർപോളിനുകൾ അയച്ചു തന്നിരിക്കുന്നു. വീടു നഷ്ടപ്പെട്ടവർക്കു താത്കാലിക വാസസ്ഥലങ്ങളും രാജ്യഹാളുകൾ പൂർണമായും തകർന്നിടത്ത്, സഭായോഗങ്ങൾക്കായി കൂടിവരാനുള്ള സൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കാൻ അത് ഉപകരിക്കും. ഭവനരഹിതരായിത്തീർന്ന ചില സാക്ഷിക്കുടുംബങ്ങളെ ഒപ്പം താമസിപ്പിക്കാൻ വീടുള്ള സഹോദരന്മാർ തയ്യാറായി. ബാക്കിയുള്ളവർ താത്കാലിക പാർപ്പിട സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും.
ഭീതിദമായ ആ രാത്രിക്കുശേഷം ഏതാണ്ട് പത്തു ദിവസം കഴിഞ്ഞ്, ജനുവരി 25 വെള്ളിയാഴ്ച, തിരുവെഴുത്തുകളിൽ നിന്നുള്ള പ്രോത്സാഹന വാക്കുകൾ കേൾക്കാൻ 1,846 പേർ ഗോമായിലെ ഒരു സ്കൂൾ അങ്കണത്തിൽ കൂടിവന്നിരിക്കുകയാണ്. യഹോവ തന്റെ സംഘടനയിലൂടെ ലഭ്യമാക്കിയ പ്രായോഗിക സഹായങ്ങൾക്കും ആശ്വാസത്തിനും നിരവധി സഹോദരങ്ങൾ നന്ദി പറയുന്നു. ആപത്കരമായ സാഹചര്യത്തിലും അവർ കാണിച്ച ശക്തമായ വിശ്വാസവും ധൈര്യവും സന്ദർശകരായ ഞങ്ങളെ ആഴത്തിൽ സ്പർശിക്കുന്നു. ഇത്തരമൊരു കൊടും വിപത്തിൻ മധ്യേ, നിലനിൽക്കുന്ന ആശ്വാസത്തിന്റെ ഉറവായ സത്യദൈവമായ യഹോവയെ ഐക്യത്തിൽ ആരാധിക്കുന്ന ഒരു സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നത് എത്ര ആനന്ദകരമാണ്!—സങ്കീർത്തനം 133:1; 2 കൊരിന്ത്യർ 1:3-7. (g02 11/8)
[അടിക്കുറിപ്പ്]
a സ്വാഹിലി ഭാഷയിൽ അഗ്നിപർവതത്തിന് മുലിമാ യാ മോട്ടോ എന്നാണ് പറയുന്നത്, “അഗ്നിയുടെ പർവതം” എന്നാണ് അതിന്റെ അർഥം.
[22, 23 പേജുകളിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ലാവ ഒഴുകുന്നത് അടയാളമിട്ട് കാണിച്ചിരിക്കുന്നു
കോംഗോ (കിൻഷാസ)
നീരഗോംഗൊ പർവതം
↓ ↓ ↓
ഗോമാ വിമാനത്താവളം ↓ ↓
↓ ഗോമാ
↓ ↓
കിവു തടാകം
റുവാണ്ട
[23-ാം പേജിലെ ചിത്രങ്ങൾ]
ലാവാപ്രവാഹം നിമിത്തം പതിനായിരക്കണക്കിന് നിവാസികൾക്ക് ഗോമാ നഗരം വിടേണ്ടി വന്നു
[കടപ്പാട്]
AP Photo/Sayyid Azim ▸
[24, 25 പേജുകളിലെ ചിത്രങ്ങൾ]
ഒരാഴ്ചയ്ക്കകം സാക്ഷികൾ തങ്ങളുടെ ക്രിസ്തീയ യോഗങ്ങൾ സംഘടിപ്പിച്ചു