പ്രസവാനന്തര വിഷാദവുമായുള്ള പോരാട്ടത്തിൽ ഞാൻ വിജയിച്ചു
പ്രസവാനന്തര വിഷാദവുമായുള്ള പോരാട്ടത്തിൽ ഞാൻ വിജയിച്ചു
ഞങ്ങളുടെ കുഞ്ഞുമകളെ—അവൾ ജനിച്ചിട്ട് അധികം ആയിട്ടില്ലായിരുന്നു—എന്റെ ഭർത്താവ് സന്തോഷത്തോടെ കളിപ്പിക്കുന്നത് നോക്കിനിൽക്കുമ്പോൾ, ഞാൻ ഇല്ലാത്തതാണ് അവർക്ക് ഏറെ സന്തോഷം എന്നു ഞാൻ ചിന്തിച്ചത് എനിക്ക് ഓർമയുണ്ട്. ഞാൻ അവർക്ക് ഒരു ഭാരമായതുപോലെ എനിക്കു തോന്നി. കാറിൽ കയറി ഒരിക്കലും തിരിച്ചുവരാതെ എങ്ങോട്ടെങ്കിലും പോകാൻ ഞാൻ ആഗ്രഹിച്ചു. എന്നെ പ്രസവാനന്തര വിഷാദം പിടികൂടിയിരിക്കുന്നു എന്ന വസ്തുത ഞാൻ അറിഞ്ഞിരുന്നില്ല.
ദാമ്പത്യത്തിലെ ആദ്യത്തെ പത്തു വർഷങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം അലതല്ലുന്ന നാളുകളായിരുന്നു. ജയ്സനും ഞാനും മൂത്ത മോൾ ലിയാനയെ വളർത്തിക്കൊണ്ടുവരുന്നത് ശരിക്കും ആസ്വദിക്കുകയായിരുന്നു. അതുകൊണ്ട് ഞാൻ വീണ്ടും ഗർഭിണിയായപ്പോൾ ഞങ്ങൾ എല്ലാവരും വളരെയേറെ ആഹ്ലാദിച്ചു.
എന്നാൽ ഈ ഗർഭധാരണത്തോട് അനുബന്ധിച്ച് എനിക്കു പല ബുദ്ധിമുട്ടുകളും ഉണ്ടായി. വാസ്തവത്തിൽ, പ്രസവത്തെ തുടർന്നുണ്ടായ സങ്കീർണതകൾ എന്നെ മരണത്തിന്റെ വക്കോളം എത്തിച്ചു. എന്നാൽ അതിനു മുമ്പ്,
അതായത് ഗർഭാവസ്ഥയുടെ അവസാന നാളുകളിൽ, ആകെയൊരു മൂടൽമഞ്ഞു നിറഞ്ഞ അവസ്ഥയിലായി എന്റെ മനസ്സ്. ഞങ്ങൾ കാർലി എന്നു പേരിട്ട കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിൽനിന്നു വീട്ടിൽ വന്ന ശേഷം സ്ഥിതി ഒന്നുകൂടി വഷളായി. എനിക്കു സദാ ക്ഷീണം അനുഭവപ്പെട്ടു, നിസ്സാര തീരുമാനങ്ങൾ പോലും എടുക്കാൻ കഴിയാത്തതായും തോന്നി. എന്തിന്, അടുത്തതായി എന്തു വീട്ടുജോലിയാണ് ചെയ്യേണ്ടതെന്ന് ചോദിക്കാനോ ഞാൻ പറഞ്ഞതോ ചെയ്തതോ ആയ ഒരു കാര്യം ശരിയായിരുന്നു എന്ന് ഉറപ്പുവരുത്താനോ ആയി ദിവസവും പല പ്രാവശ്യം ഞാൻ ജയ്സന്റെ ഓഫീസിലേക്കു ഫോൺ ചെയ്യുമായിരുന്നു.ആളുകളോടൊപ്പം, എന്തിന് എന്റെ പഴയ സുഹൃത്തുക്കളോടൊപ്പം പോലും, ആയിരിക്കുന്നത് എനിക്കു പേടിയായിരുന്നു. ആരെങ്കിലും അപ്രതീക്ഷിതമായി വീട്ടുവാതിൽക്കൽ വന്നാൽ ഞാൻ കിടപ്പുമുറിയിൽ ഒളിച്ചിരിക്കുമായിരുന്നു. വീട്ടിൽ ഒന്നിനും ഒരു അടുക്കും ചിട്ടയുമില്ലാതായി. മാത്രമല്ല വളരെ എളുപ്പത്തിൽ എന്റെ ശ്രദ്ധ പതറുകയും ഞാൻ ആശയക്കുഴപ്പത്തിൽ ആകുകയും ചെയ്തു. ഒരു വായനാപ്രിയയായ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാഞ്ഞതിനാൽ, വായന ഏതാണ്ട് അസാധ്യമായിത്തീർന്നു. പ്രാർഥിക്കാൻ എനിക്കു ബുദ്ധിമുട്ടു നേരിട്ടു. അതിനാൽ എന്റെ ആത്മീയ ആരോഗ്യം തകരാറിലായി. ഒരുതരം വൈകാരിക മരവിപ്പ് എനിക്ക് അനുഭവപ്പെട്ടു, ആരോടും എനിക്കു സ്നേഹം തോന്നിയില്ല. ഞാൻ ശരിയായി ചിന്തിക്കാത്തതുകൊണ്ട് കുട്ടികളെ അതു ഹാനികരമായി ബാധിക്കുമോ എന്നു ഞാൻ ഭയന്നു. എന്റെ ആത്മാഭിമാനം തകർന്നു. എനിക്കു ഭ്രാന്തു പിടിക്കുകയാണെന്ന് ഞാൻ കരുതി.
അന്നൊക്കെ ജയ്സൻ ജോലി കഴിഞ്ഞ് എത്തിയാൽ, വീട് വൃത്തിയാക്കുകയോ ഒരു നേരത്തെ ആഹാരം തയ്യാറാക്കുകയോ ചെയ്തുകൊണ്ട് എന്നെ സഹായിക്കുമായിരുന്നു. അതിൽ എനിക്ക് അദ്ദേഹത്തോടു ദേഷ്യം തോന്നി! അദ്ദേഹം അങ്ങനെ ചെയ്യുന്നത് ഒട്ടും കാര്യപ്രാപ്തിയില്ലാത്ത ഒരു മാതാവായി എന്നെ തുറന്നുകാട്ടുന്നുവെന്ന് എനിക്കു തോന്നി. അതേസമയം, സഹായിക്കാതിരുന്നാൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. ജയ്സൻ പക്വതയോടും സ്നേഹത്തോടുംകൂടി കാര്യങ്ങൾ കൈകാര്യം ചെയ്തില്ലായിരുന്നെങ്കിൽ, എന്റെ പ്രസവാനന്തര വിഷാദം ഒരുപക്ഷേ ഞങ്ങളുടെ ദാമ്പത്യത്തെ തകർച്ചയിൽ കൊണ്ടെത്തിച്ചേനെ. എന്റെ അവസ്ഥ ജയ്സനെ എങ്ങനെ ബാധിച്ചുവെന്ന് ഏറ്റവും നന്നായി വിവരിക്കാൻ കഴിയുന്നത് ഒരുപക്ഷേ അദ്ദേഹത്തിനായിരിക്കും.
എന്റെ അവസ്ഥ ഭർത്താവിനെ എങ്ങനെ ബാധിച്ചുവെന്ന് അദ്ദേഹം പറയുന്നു
“ജനെലിന് എന്താണു സംഭവിക്കുന്നതെന്ന് ആദ്യമൊന്നും എനിക്കു മനസ്സിലായില്ല. അവളുടെ ആ പഴയ സന്തോഷം നിറഞ്ഞ, തുറന്നിടപെടുന്ന പ്രകൃതം പാടേ മാറി. അവൾ തികച്ചും മറ്റൊരു വ്യക്തിയെ പോലെ പെരുമാറാൻ തുടങ്ങി. ഞാൻ എന്തു പറഞ്ഞാലും അതു വ്യക്തിപരമായ വിമർശനമായി അവൾ കണക്കാക്കാൻ തുടങ്ങി. എന്തിന്, ഞാൻ അവളുടെ ജോലിഭാരം കുറയ്ക്കാൻ ശ്രമിച്ചപ്പോൾ അവൾക്ക് എന്നോടു നീരസം തോന്നി. ഈ സ്വഭാവമൊന്ന് മാറ്റി സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്ക് എന്നു പറയാൻ എനിക്കു തോന്നിയതാണ്. പക്ഷേ, അങ്ങനെ പ്രതികരിക്കുന്നത്
കാര്യങ്ങളെ ഒന്നുകൂടി വഷളാക്കുകയേ ഉള്ളൂ എന്നു ഞാൻ തിരിച്ചറിഞ്ഞു.“ഞങ്ങളുടെ ബന്ധം നിരന്തര സമ്മർദത്തിൻ കീഴിലായിരുന്നു. ലോകം മുഴുവൻ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ജനെൽ ചിന്തിക്കുന്നതായി തോന്നി. പ്രസവാനന്തര വിഷാദത്തിന്റെ ഫലമായി സമാനമായ ലക്ഷണങ്ങൾ കാണിച്ച മറ്റു സ്ത്രീകളെ കുറിച്ചു ഞാൻ കേട്ടിരുന്നു. അതുകൊണ്ട്, ജനെലിന്റെ പ്രശ്നവും അതുതന്നെയായിരിക്കാമെന്നു സംശയം തോന്നിയതുകൊണ്ട് ഞാൻ ആ വിഷയത്തെ കുറിച്ച് കിട്ടാവുന്നിടത്തോളം വിവരങ്ങൾ വായിക്കാൻ തുടങ്ങി. വായിച്ച കാര്യങ്ങൾ എന്റെ സംശയങ്ങളെ സ്ഥിരീകരിച്ചു. ജനെലിന്റെ പ്രശ്നത്തിന് അവളല്ല കാരണക്കാരിയെന്നും, അതായത് അത് അവളുടെ ഭാഗത്തെ അവഗണനയുടെ ഫലമല്ലെന്നും, ഞാൻ മനസ്സിലാക്കി.
“അവൾക്കും കുട്ടികൾക്കും കൂടുതലായ ശ്രദ്ധ കൊടുക്കേണ്ടി വന്നത് എന്നെ വൈകാരികമായും ശാരീരികമായും തളർത്തി എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. രണ്ടു കൊല്ലം ലൗകിക ജോലിയും ഒരു സഭാ മൂപ്പൻ, ഭർത്താവ്, പിതാവ് എന്നീ നിലകളിലുള്ള ഉത്തരവാദിത്വങ്ങളും ഒരുമിച്ചു കൊണ്ടുപോകാൻ എനിക്കു നന്നേ പാടുപെടേണ്ടി വന്നു. വൈകുന്നേരങ്ങളിൽ, പ്രത്യേകിച്ചും ക്രിസ്തീയ യോഗങ്ങളുള്ള ദിവസങ്ങളിൽ, വീട്ടിൽ നേരത്തേ എത്താൻ തക്കവണ്ണം ലൗകിക ജോലി എനിക്കു ക്രമീകരിക്കാൻ കഴിഞ്ഞതു സഹായമായി, അത്താഴം തയ്യാറാക്കാനും കുട്ടികളെ ഒരുക്കാനുമൊക്കെ ജനെലിന് എന്റെ സഹായം ആവശ്യമായിരുന്നു. അങ്ങനെ ഞങ്ങൾക്ക് എല്ലാവർക്കും യോഗങ്ങളിൽ സംബന്ധിക്കാൻ കഴിഞ്ഞു.”
സുഖപ്പെടലിലേക്കുള്ള എന്റെ പാത
ഭർത്താവിന്റെ സ്നേഹപുരസ്സരമായ പിന്തുണയില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇത്ര വേഗം സുഖം പ്രാപിക്കുമായിരുന്നില്ല. ഞാൻ എന്റെ ഭയാശങ്കകളുടെ കെട്ടഴിച്ചപ്പോൾ ജയ്സൻ അതു ക്ഷമയോടെ കേട്ടിരുന്നു. വികാരങ്ങൾ ഉള്ളിൽ ഒതുക്കിവെക്കാതിരിക്കുന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കണ്ടെത്തി. ചിലപ്പോഴൊക്കെ, ഞാൻ കോപിച്ചു സംസാരിക്കുക പോലും ചെയ്തു. എന്നാൽ, എന്നെ സ്നേഹിക്കുന്നുണ്ടെന്നും ഈ അനുഭവത്തിലൂടെ കടന്നുപോകവേ എന്നോടൊപ്പം താനുമുണ്ടെന്നും ജയ്സൻ എനിക്കു നിരന്തരം ഉറപ്പുനൽകി. കാര്യങ്ങളുടെ നല്ല വശങ്ങൾ കാണാൻ എന്നെ സഹായിക്കുന്നതിന് അദ്ദേഹം എല്ലായ്പോഴും ശ്രമിച്ചു. ദേഷ്യത്തിന്റെ പുറത്തു പറഞ്ഞുപോയ വാക്കുകൾക്കു വേണ്ടി ഞാൻ പിന്നീട് ക്ഷമ ചോദിക്കുമായിരുന്നു. ഞാൻ അങ്ങനെ സംസാരിക്കാൻ കാരണം രോഗമാണെന്നും അത് എന്റെ കുഴപ്പം അല്ലെന്നും പറഞ്ഞ് അദ്ദേഹം എന്നെ സമാധാനിപ്പിക്കുമായിരുന്നു.
ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ അദ്ദേഹത്തിന്റെ ആ കരുതലുള്ള വാക്കുകൾ എന്നെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു.ഒടുവിൽ, ഞങ്ങൾ വളരെ ദയാലുവായ ഒരു ഡോക്ടറെ കണ്ടെത്തി. സമയമെടുത്ത് എന്റെ പ്രശ്നങ്ങൾ ശ്രദ്ധിച്ചു കേട്ട അദ്ദേഹം എനിക്കു പ്രസവാനന്തര വിഷാദമാണെന്നു വിധിയെഴുതി. എനിക്കു കൂടെക്കൂടെ ഉണ്ടാകാറുണ്ടായിരുന്ന കലശലായ ഉത്കണ്ഠയെ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ ഉൾപ്പെട്ട ഒരു ചികിത്സാവിധി അദ്ദേഹം നിർദേശിച്ചു. ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. കൂടാതെ, പതിവായി വ്യായാമം ചെയ്യാൻ അദ്ദേഹം എന്നോടു പറഞ്ഞു. വിഷാദത്തെ ചെറുക്കാൻ പലരെയും സഹായിച്ചിട്ടുള്ള ഒരു ചികിത്സാരീതിയാണ് വ്യായാമം.
സുഖപ്പെടലിലേക്കുള്ള എന്റെ പാതയിലെ ഏറ്റവും വലിയ വിലങ്ങുതടികളിലൊന്ന് പ്രസവാനന്തര വിഷാദവുമായി ബന്ധപ്പെട്ട നാണക്കേടിനെ തരണം ചെയ്യുന്നതായിരുന്നു. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്ത ഒരു രോഗമുള്ള ഒരാളോടു സമാനുഭാവം കാട്ടാൻ ആളുകൾക്കു പലപ്പോഴും ബുദ്ധിമുട്ട് തോന്നുന്നു. പ്രസവാനന്തര വിഷാദം, ഒടിഞ്ഞ കാലോ മറ്റോ പോലെ മറ്റുള്ളവർക്കു കണ്ട് സഹതാപം പ്രകടമാക്കാൻ കഴിയുന്ന ഒന്നല്ല. എങ്കിലും എന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വളരെയധികം പിന്തുണയും സഹാനുഭൂതിയും പ്രകടമാക്കി.
കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നുമുള്ള സ്നേഹപൂർവകമായ സഹായം
വിഷമംപിടിച്ച ഈ കാലയളവിൽ എന്റെ അമ്മ ചെയ്തുതന്ന സഹായം ജയ്സനും ഞാനും അങ്ങേയറ്റം വിലമതിച്ചു. ചിലപ്പോഴൊക്കെ, വീട്ടിലെ വൈകാരിക സംഘർഷത്തിൽനിന്ന് അദ്ദേഹത്തിന് അൽപ്പം വിശ്രമം ആവശ്യമായിരുന്നു. മമ്മി എല്ലായ്പോഴും പ്രോത്സാഹനമേകി. എന്റെ ജോലിയുടെ കുത്തക ഏറ്റെടുക്കാൻ മമ്മി ശ്രമിച്ചില്ല. പകരം എനിക്കാവശ്യമായ പിന്തുണയേകുകയും എന്നാലാകുന്നതു ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
സഭയിലെ സുഹൃത്തുക്കളും വലിയ ഒരു സഹായമായി. എന്നെക്കുറിച്ച് ഓർക്കുന്നുവെന്നു പറഞ്ഞ് പലരും ചെറിയ കുറിപ്പുകൾ എനിക്കെഴുതി. ആ ദയാപ്രകടനങ്ങൾ എനിക്ക് എത്ര വിലപ്പെട്ടതായിരുന്നുവെന്നോ! ഫോണിലൂടെയായാലും നേരിട്ടു കാണുമ്പോഴായാലും ആളുകളോടു സംസാരിക്കാൻ എനിക്കു ബുദ്ധിമുട്ടായിരുന്നതിനാൽ പ്രത്യേകിച്ചും. യോഗങ്ങൾക്കു മുമ്പും ശേഷവും സഹക്രിസ്ത്യാനികളുമായി
സഹവസിക്കാൻ പോലും എനിക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതുകൊണ്ട് ഞങ്ങൾക്ക് എഴുതുന്നതിലൂടെ ഞങ്ങളുടെ സുഹൃത്തുക്കൾ, വിഷാദം എന്റെമേൽ അടിച്ചേൽപ്പിച്ച പരിമിതികളെ കുറിച്ച് തങ്ങൾക്കറിയാമെന്നു മാത്രമല്ല, എന്നോടും കുടുംബത്തോടും തങ്ങൾക്കു സ്നേഹവും കരുതലും ഉണ്ടെന്നും പ്രകടമാക്കി.ഇത് ഒരു ജീവപര്യന്ത തടവല്ല!
എന്റെ സ്ഥിതി ഇപ്പോൾ വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു—അതിനു ഞാൻ എന്റെ ഡോക്ടറോടും വളരെയധികം പിന്തുണ നൽകിയ എന്റെ കുടുംബത്തോടും സഹാനുഭൂതിയുള്ള സുഹൃത്തുക്കളോടും കടപ്പെട്ടിരിക്കുന്നു. ഞാൻ ഇപ്പോഴും പതിവായി വ്യായാമം ചെയ്യുന്നുണ്ട്, ക്ഷീണമുള്ളപ്പോൾ പോലും. കാരണം വിഷാദത്തിൽനിന്നു കരകയറാൻ അത് എന്നെ സഹായിച്ചിരിക്കുന്നു. മറ്റുള്ളവർ നൽകുന്ന പ്രോത്സാഹനത്തോട് അനുകൂലമായി പ്രതികരിക്കാനും ഞാൻ ശ്രമിക്കുന്നു. ബുദ്ധിമുട്ടു തോന്നുന്ന സമയങ്ങളിൽ ഞാൻ ബൈബിളിന്റെ ഓഡിയോ കാസെറ്റുകളും രാജ്യസംഗീതവും—യഹോവയുടെ സാക്ഷികൾ തയ്യാറാക്കിയ, ആത്മീയവും വൈകാരികവും ആയി ഉന്നമിപ്പിക്കുന്ന സംഗീതം—ശ്രവിക്കുന്നു. ഈ ഉത്തമ കരുതലുകൾ ആത്മീയമായി ശക്തി പ്രാപിക്കാനും എപ്പോഴും ക്രിയാത്മകമായ കാര്യങ്ങൾ ചിന്തിക്കാനും എന്നെ സഹായിക്കുന്നു. അടുത്തയിടെ ഞാൻ വീണ്ടും സഭായോഗങ്ങളിൽ ബൈബിളധിഷ്ഠിത വിദ്യാർഥി പ്രസംഗങ്ങൾ നടത്താൻ പോലും തുടങ്ങി.
ഭർത്താവിനെയും കുട്ടികളെയും മറ്റുള്ളവരെയും കൂടുതൽ നന്നായി സ്നേഹിക്കാനും ആ സ്നേഹം പ്രകടിപ്പിക്കാനും പറ്റിയ ഒരു സ്ഥിതിയിൽ എത്താൻ എനിക്ക് രണ്ടര വർഷത്തിലധികം വേണ്ടിവന്നു. ഇത് എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടു പിടിച്ച ഒരു കാലഘട്ടം ആയിരുന്നെങ്കിലും, ഞങ്ങളുടെ ബന്ധം ഇപ്പോൾ മുമ്പെന്നത്തേതിലും ശക്തമായിത്തീർന്നിരിക്കുന്നതായി ഞങ്ങൾക്കു തോന്നുന്നു. എന്റെ വിഷാദത്തിന്റെ മൂർധന്യ ഘട്ടങ്ങൾ സഹിച്ചുനിന്നുകൊണ്ടും ആവശ്യമായിരുന്നപ്പോഴൊക്കെ എനിക്കു പിന്തുണയും സഹായവും നൽകാൻ അടുക്കൽ ഉണ്ടായിരുന്നുകൊണ്ടും എന്നോടുള്ള സ്നേഹം വളരെ നന്നായി മാറ്റുരച്ചു തെളിയിച്ച ജയ്സനോട് ഞാൻ പ്രത്യേകിച്ചും നന്ദിയുള്ളവളാണ്. എല്ലാറ്റിനുമുപരി, ഞങ്ങൾ ഇരുവരും ഇപ്പോൾ, പരിശോധനകളുടെ സമയത്ത് ഞങ്ങളെ ശരിക്കും ശക്തീകരിച്ച യഹോവയുമായി മുമ്പത്തേതിലും വളരെ അടുത്ത ഒരു ബന്ധം ആസ്വദിക്കുന്നു.
ഇപ്പോഴും ചില ദിവസങ്ങളിൽ ഞാൻ വിഷാദത്തിന്റെ പിടിയിലേക്കു വഴുതിവീഴാറുണ്ട്. എന്നാൽ എന്റെ കുടുംബത്തിന്റെയും ഡോക്ടറുടെയും സഭയുടെയും യഹോവയുടെ പരിശുദ്ധാത്മാവിന്റെയും സഹായത്താൽ, പ്രത്യാശയുടെ കിരണം കൂടുതൽ ശോഭനമാകുന്നതായി ഞാൻ കാണുന്നു. പ്രസവാനന്തര വിഷാദം ഒരു ജീവപര്യന്ത തടവല്ല. അതു നമുക്കു തോൽപ്പിച്ചു കീഴടക്കാനാവുന്ന ഒരു ശത്രുവാണ്.—ജനെൽ മാർഷൽ പറഞ്ഞ പ്രകാരം. (g02 7/22)
[20-ാം പേജിലെ ചതുരം/ചിത്രം]
പ്രസവാനന്തര വിഷാദത്തിന് ഇടയാക്കിയേക്കാവുന്ന ഘടകങ്ങൾ
ഹോർമോൺ മാറ്റങ്ങൾക്കു പുറമേ, മറ്റു പല ഘടകങ്ങളും ചിലപ്പോൾ പ്രസവാനന്തര വിഷാദത്തിനു കാരണമായേക്കാം. അവയിൽ ചിലത് ചുവടെ കൊടുക്കുന്നു:
1. മാതൃത്വം സംബന്ധിച്ച് ഒരു സ്ത്രീക്കു വ്യക്തിപരമായി ഉള്ള ധാരണകൾ. അത് ഒരുപക്ഷേ അസന്തുഷ്ടമായ ഒരു ബാല്യകാലവും അച്ഛനമ്മമാരുമായുള്ള മോശമായ ബന്ധങ്ങളും സമ്മാനിച്ചതാകാം.
2. സമൂഹം അമ്മമാരുടെമേൽ അടിച്ചേൽപ്പിക്കുന്ന അയഥാർഥമായ പ്രതീക്ഷകൾ.
3. കുടുംബത്തിൽ ആർക്കെങ്കിലും വിഷാദാവസ്ഥ ഉണ്ടായിട്ടുള്ള ചരിത്രം.
4. ദാമ്പത്യ അസന്തുഷ്ടിയും അടുത്തതോ അകന്നതോ ആയ കുടുംബാംഗങ്ങളിൽ നിന്നുള്ള പിന്തുണയുടെ അഭാവവും.
5. തന്നെക്കുറിച്ചുതന്നെയുള്ള മോശമായ ധാരണ.
6. കൊച്ചുകുട്ടികളെ മുഴുസമയം പരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ട്.
തീർച്ചയായും, ഈ പട്ടികയിൽ എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നില്ല. പ്രസവാനന്തര വിഷാദത്തിന് ഇടയാക്കിയേക്കാവുന്ന വേറെയും ഘടകങ്ങളുണ്ട്. വാസ്തവത്തിൽ, അതിന്റെ കാരണങ്ങൾ ഇനിയും പൂർണമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
[21-ാം പേജിലെ ചതുരം]
പ്രസവാനന്തരമുള്ള വെറും ഭാവമാറ്റങ്ങളല്ല
പ്രസവാനന്തര വിഷാദം പ്രസവശേഷം സാധാരണ ഉണ്ടാകാറുള്ള ഭാവമാറ്റങ്ങൾ ആണെന്നു ധരിക്കരുത്. ഡോ. ലോറ ജെ. മില്ലർ പറയുന്നു: “പ്രസവാനന്തര ഭാവമാറ്റങ്ങളിൽ ഏറ്റവും സാധാരണം ‘ബേബി ബ്ലൂസ്’ എന്ന് അറിയപ്പെടുന്നതാണ്. . . . പ്രസവിക്കുന്ന 50 ശതമാനത്തോളം സ്ത്രീകൾ കരയിക്കുന്ന, വൈകാരികമായി അസ്ഥിരമായ (മാറ്റംവരാവുന്നത് എന്ന് അർഥം) ഈ അവസ്ഥ അനുഭവിക്കുന്നു. സാധാരണഗതിയിൽ പ്രസവം കഴിഞ്ഞ് മൂന്നാമത്തെ ദിവസത്തിനും അഞ്ചാമത്തെ ദിവസത്തിനും ഇടയ്ക്ക് അത് മൂർധന്യാവസ്ഥയിൽ എത്തുകയും തുടർന്ന് ഒന്നും ചെയ്യാതെതന്നെ ഏതാനും ആഴ്ചകൾക്കുള്ളിൽ ക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.” പ്രസവശേഷം സ്ത്രീയുടെ ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാസമായിരിക്കാം ഒരുപക്ഷേ ഈ ഭാവമാറ്റത്തിനു കാരണം എന്ന് ഗവേഷകർ സൂചിപ്പിക്കുന്നു.
“ബേബി ബ്ലൂസി”ൽനിന്നു വ്യത്യസ്തമായി, നീണ്ടുനിൽക്കുന്ന വിഷാദവികാരങ്ങൾ ഉൾപ്പെട്ട ഒന്നാണ് പ്രസവാനന്തര വിഷാദം. ഇത് കുഞ്ഞിന്റെ ജനനത്തോടെയോ ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ പോലും കഴിഞ്ഞോ ആയിരിക്കാം തുടങ്ങുന്നത്. ഈ അവസ്ഥയ്ക്കു വിധേയയാകുന്ന ഒരു അമ്മ ഒരു നിമിഷം ആഹ്ലാദഭരിതയാണെങ്കിൽ അടുത്ത നിമിഷം അവൾ വിഷാദത്തിലേക്ക്, എന്തിന് ആത്മഹത്യാ ചിന്തയിലേക്കു പോലും, വഴുതി വീഴുന്നു. കൂടാതെ അവൾക്ക് ഈർഷ്യയും അമർഷവും ദേഷ്യവും തോന്നിയേക്കാം. ഒരു അമ്മയെന്ന നിലയിൽ താൻ തികച്ചും അപര്യാപ്തയാണ് എന്ന തോന്നൽ അവളെ വിടാതെ പിന്തുടർന്നേക്കാം. മാത്രമല്ല അവൾക്ക് കുഞ്ഞിനോടു സ്നേഹം തോന്നാതിരിക്കുകയും ചെയ്തേക്കാം. ഡോ. മില്ലർ പറയുന്നു: “വിഷാദം ഉള്ളതായി വൈദ്യപരിശോധനയിൽ തെളിഞ്ഞ ചില അമ്മമാർക്ക് കുഞ്ഞുങ്ങളോടു തങ്ങൾക്കു സ്നേഹമുണ്ടെന്ന് ഉള്ളിൽ അറിയാം. എന്നാൽ അവർക്കു വികാരശൂന്യതയോ ഈർഷ്യയോ വെറുപ്പോ അല്ലാതെ മറ്റൊന്നും തോന്നുന്നില്ലെന്നു മാത്രം. മറ്റു ചിലരിൽ കുഞ്ഞുങ്ങളെ ദ്രോഹിക്കാനോ എന്തിന് കൊല്ലാൻ പോലുമോ ഉള്ള ചിന്ത ഉടലെടുക്കുന്നു.”
പ്രസവാനന്തര വിഷാദം എന്ന പ്രതിഭാസത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. പ്രസവശേഷം ചില സ്ത്രീകൾക്കുണ്ടായ മനഃശാസ്ത്രപരമായ വലിയ മാറ്റങ്ങളെ കുറിച്ച് പൊ.യു.മു. നാലാം നൂറ്റാണ്ടിൽത്തന്നെ ഗ്രീക്ക് വൈദ്യനായ ഹിപ്പോക്രാറ്റിസ് വിവരിക്കുകയുണ്ടായി. ബ്രസീലിയൻ ജേർണൽ ഓഫ് മെഡിക്കൽ ആൻഡ് ബയോളജിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠന റിപ്പോർട്ട് ഇങ്ങനെ വിശദീകരിച്ചു: “പല രാജ്യങ്ങളിലെയും 10 മുതൽ 15 വരെ ശതമാനം അമ്മമാരെ ബാധിക്കുന്ന ഒരു ഗുരുതരമായ പ്രശ്നമാണ് പ്രസവാനന്തര വിഷാദം.” എന്നിരുന്നാലും, സങ്കടകരമെന്നു പറയട്ടെ, “അത്തരം വിഷാദം അനുഭവിക്കുന്ന മിക്കവരിലും ഈ അവസ്ഥ കൃത്യമായി രോഗനിർണയം ചെയ്യപ്പെടുകയോ അതിന് അവർക്കു ശരിയായ ചികിത്സ ലഭിക്കുകയോ ചെയ്യുന്നില്ല” എന്ന് ആ ജേർണൽ പറഞ്ഞു.
പ്രസവശേഷം ഉണ്ടാകുന്ന അത്ര സാധാരണമല്ലാത്തതും എന്നാൽ ഏറെ ഗുരുതരവുമായ ഒരു തകരാറാണ് പ്രസവാനന്തര ബുദ്ധിഭ്രമം. ഈ അവസ്ഥ ഉണ്ടാകുന്നവർക്ക് യഥാർഥത്തിൽ ഇല്ലാത്ത എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുന്നതായി തോന്നുകയും യാഥാർഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്യുന്നു. എങ്കിലും അവർക്ക് ഇടവിട്ടുള്ള കാലയളവിൽ—ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ—യുക്തിസഹമായി ചിന്തിക്കാൻ കഴിഞ്ഞെന്നുവരാം. ഈ ബുദ്ധിഭ്രമത്തിന്റെ കാരണങ്ങൾ ഇന്നും വ്യക്തമല്ല. എന്നാൽ “ജനിതക ദൗർബല്യം—ഒരുപക്ഷേ ഹോർമോൺ മാറ്റങ്ങൾ അതിനു തിരികൊളുത്തിയേക്കാം—ഏറ്റവും സ്വാധീനം ചെലുത്തുന്ന ഘടകമായി തോന്നുന്നു” എന്ന് ഡോ. മില്ലർ പറയുന്നു. ഒരു മികച്ച ഡോക്ടർക്ക് പ്രസവാനന്തര ബുദ്ധിഭ്രമത്തിനുള്ള ഫലപ്രദമായ ചികിത്സ നൽകാൻ കഴിഞ്ഞേക്കാം.
[22-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സ്വയം സഹായിക്കാവുന്ന വിധം a
1. വിഷാദം വിട്ടുമാറാതെ നിൽക്കുന്നെങ്കിൽ വൈദ്യ സഹായം തേടുക. അത് എത്ര പെട്ടെന്നു ചെയ്യുന്നുവോ അത്ര പെട്ടെന്ന് നിങ്ങൾക്കു സുഖം പ്രാപിക്കാനാകും. ഈ അവസ്ഥയെ കുറിച്ച് അറിയാവുന്ന, സഹാനുഭൂതിയുള്ള ഒരു ഡോക്ടറെ കണ്ടെത്തുക. പ്രസവാനന്തര വിഷാദത്തെ കുറിച്ചു ലജ്ജിക്കാതിരിക്കാനും മരുന്നു കഴിക്കേണ്ടി വരുന്നപക്ഷം സങ്കോചം തോന്നാതിരിക്കാനും ശ്രമിക്കുക.
2. പതിവായി വ്യായാമം ചെയ്യുക. പതിവായ വ്യായാമം വിഷാദത്തിനുള്ള ഫലപ്രദമായ ഒരു ചികിത്സയാണെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.
3. നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളവരോടു നിങ്ങളുടെ വികാരങ്ങൾ തുറന്നു പറയുക. നിങ്ങളെത്തന്നെ ഒറ്റപ്പെടുത്തുകയോ വികാരങ്ങൾ ഉള്ളിൽ ഒതുക്കിവെക്കുകയോ അരുത്.
4. വീടും കുടുംബവും നോക്കുന്ന കാര്യത്തിൽ നിങ്ങൾ പൂർണത കൈവരിക്കേണ്ടതില്ലെന്ന് ഓർമിക്കുക. അനിവാര്യ സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ലളിത ജീവിതം നയിക്കാൻ ശ്രമിക്കുക.
5. ധൈര്യത്തിനും ക്ഷമയ്ക്കും വേണ്ടി പ്രാർഥിക്കുക. പ്രാർഥിക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ നിങ്ങളോടൊപ്പമിരുന്നു പ്രാർഥിക്കാൻ ആരോടെങ്കിലും പറയുക. കുറ്റബോധത്തിലോ എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നലിലോ കടിച്ചുതൂങ്ങുന്നെങ്കിൽ സുഖപ്പെടാൻ കാലതാമസം നേരിടുകയേ ഉള്ളൂ.
[അടിക്കുറിപ്പ്]
a ഉണരുക! ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ എല്ലാ സാഹചര്യങ്ങളും ഉൾക്കൊള്ളുന്നവയല്ല. ചില ആശയങ്ങൾ ചിലരുടെ കാര്യത്തിൽ ബാധകമായില്ലെന്നു പോലും വരാം.
[23-ാം പേജിലെ ചതുരം]
പുരുഷന്മാർക്കു സഹായകമായ നിർദേശങ്ങൾ
1. നിങ്ങളുടെ ഭാര്യയ്ക്ക് പ്രസവാനന്തര വിഷാദമുണ്ടെങ്കിൽ അത് അവളുടെ കുറ്റമല്ല എന്നു തിരിച്ചറിയുക. അവളുടെ അവസ്ഥ നീണ്ടുനിൽക്കുന്ന പക്ഷം, പ്രശ്നം മനസ്സിലാക്കി, സഹാനുഭൂതിയോടെ ഇടപെടുന്ന ഒരു ഡോക്ടറുടെ സഹായം തേടുന്നതിൽ അവളുമായി സഹകരിക്കുക.
2. നിങ്ങളുടെ ഭാര്യയ്ക്കു പറയാനുള്ളത് ക്ഷമയോടെ കേൾക്കുക. അവളുടെ വികാരങ്ങളെ അംഗീകരിക്കുക. അവളുടെ നിഷേധാത്മക വീക്ഷണത്തെ പ്രതി അസ്വസ്ഥനാകാതിരിക്കുക. കാര്യങ്ങളുടെ ക്രിയാത്മക വശം കാണാൻ അവളെ ദയാപൂർവം സഹായിക്കുകയും അവളുടെ അവസ്ഥ മെച്ചപ്പെടുമെന്നു പറഞ്ഞ് അവളെ സാന്ത്വനപ്പെടുത്തുകയും ചെയ്യുക. അവൾ പറയുന്ന എല്ലാ പ്രശ്നങ്ങളും നിങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നു കരുതരുത്. യുക്തിസഹമായ മറുപടികളല്ല, സാന്ത്വനം മാത്രമായിരിക്കാം അവൾക്ക് ആവശ്യം. (1 തെസ്സലൊനീക്യർ 5:14, NW) പ്രസവാനന്തര വിഷാദമുള്ളവർക്ക് യുക്തിസഹമായും വ്യക്തമായും ചിന്തിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന കാര്യം ഓർമിക്കുക.
3. അത്യാവശ്യമില്ലാത്ത പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കി, ഭാര്യയെ സഹായിക്കാൻ കൂടുതൽ സമയം കണ്ടെത്തുക. അങ്ങനെ ചെയ്യുന്നത് അവളുടെ സുഖപ്പെടലിനെ ത്വരിതപ്പെടുത്തിയേക്കാം.
4. നിങ്ങൾക്കായി കുറച്ചു സമയം മാറ്റിവെക്കുന്നുവെന്ന് ഉറപ്പു വരുത്തുക. ശാരീരികവും മാനസികവും ആത്മീയവുമായി നല്ല ആരോഗ്യം ഉണ്ടായിരിക്കുന്നത് ഭാര്യയെ മെച്ചമായി പിന്തുണയ്ക്കാൻ നിങ്ങളെ സഹായിക്കും.
5. പ്രോത്സാഹനം പകരുന്ന ആരെയെങ്കിലും, ഒരുപക്ഷേ പ്രസവാനന്തര വിഷാദം മൂലം യാതന അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീയുടെ ആത്മീയ പക്വതയുള്ള ഭർത്താവിനെ കണ്ടെത്തി സംസാരിക്കുക.
[23-ാം പേജിലെ ചിത്രം]
മാർഷൽ കുടുംബം