ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത
ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത
നോർവേയിലെ ഉണരുക! ലേഖകൻ
നിങ്ങൾക്കു ഗംഭീര പർവതങ്ങളും കിഴുക്കാന്തൂക്കായ പാറക്കെട്ടുകൾക്ക് ഇടയിലുള്ള ഹൃദയഹാരിയായ സമുദ്രവങ്കങ്ങളും കാണണോ? എങ്കിൽ പശ്ചിമ നോർവേയിലേക്കു വരിക! ഇവിടത്തെ കാഴ്ചകൾ നിങ്ങളെ അത്ഭുതപ്പെടുത്തും, തീർച്ച! കൂടാതെ, വളഞ്ഞുപുളഞ്ഞ ഇടുങ്ങിയ റോഡുകളും നിരവധി തുരങ്കങ്ങളും മനുഷ്യന്റെ രൂപകൽപ്പനാ പാടവത്തിനു തെളിവായി നിലകൊള്ളുന്നു. അടുത്തകാലത്ത് ഇവിടെ ഒരു പുതിയ തുരങ്കത്തിന്റെ പണി പൂർത്തിയായി. എഞ്ചിനീയറിങ് രംഗത്തെ സമാനമായ മറ്റെല്ലാ നേട്ടങ്ങളെയും കവച്ചുവെക്കുന്ന ഒന്നായിരുന്നു അത്. ലാർഡാൽ തുരങ്കം എന്നറിയപ്പെടുന്ന ഇത് റോഡ് ഗതാഗതമാർഗത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമാണ്. അതേ, കടുപ്പമുള്ള പാറ തുരന്ന് ഉണ്ടാക്കിയ 24.5 കിലോമീറ്റർ നീളം വരുന്ന ഒരു ഹൈവേ! ഏതാനും നിമിഷങ്ങൾക്കുശേഷം 1,000-ത്തിലേറെ മീറ്റർ ഉയരമുള്ള പർവതത്തിന്റെ അടിയിലൂടെയായിരിക്കും യാത്ര ചെയ്യുന്നതെന്ന് അറിഞ്ഞുകൊണ്ട് ആ തുരങ്കമുഖത്തേക്കു വണ്ടിയോടിച്ചു ചെല്ലുന്നതിനെ കുറിച്ചു ചിന്തിക്കുക!
ഇത്രയും നീളമുള്ള ഒരു തുരങ്കത്തിന്റെ ആവശ്യം എന്തായിരുന്നു? നോർവേയിലെ ഏറ്റവും വലിയ നഗരങ്ങളായ ഓസ്ലോയെയും (തലസ്ഥാനം, കിഴക്കു ഭാഗത്ത്) ബെർഗനെയും (പടിഞ്ഞാറേ തീരത്ത്) തമ്മിൽ ബന്ധിപ്പിക്കുന്ന മുഖ്യ പാതയുടെ ഒരു പ്രധാന ഭാഗമാണ് ഇത്. ശൈത്യകാലത്ത് മഞ്ഞും കാറ്റും ഈ നഗരങ്ങൾക്കിടയിലെ മറ്റു മലമ്പാതകളിലൂടെയുള്ള യാത്ര ദുർഘടമാക്കുന്നു. അതുകൊണ്ട് മോശമായ കാലാവസ്ഥയിലും ഗതാഗതയോഗ്യമായിരിക്കുന്ന ഒരു പുതിയ പാത വളരെ അത്യാവശ്യമായിരുന്നു. പുതിയ ഹൈവേയുടെ ഭാഗമായി ഔർലൻഡ്, ലാർഡാൽ എന്നീ ചെറിയ പ്രവിശ്യകൾക്ക് ഇടയിൽ ഒരു തുരങ്കം നിർമിക്കാൻ 1992-ൽ നോർവീജിയൻ പാർലമെന്റ് തീരുമാനിച്ചു. അഞ്ചു വർഷത്തെ നിർമാണത്തിനു ശേഷം 2000 നവംബറിൽ തുരങ്കം ഔദ്യോഗികമായി ഗതാഗതത്തിനു തുറക്കപ്പെട്ടു. എഞ്ചിനീയറിങ് രംഗത്തെ ഈ വൻ നേട്ടം സാധിച്ചെടുത്തത് എങ്ങനെയായിരുന്നു? തുരങ്കം എത്ര സുരക്ഷിതമാണ്? അതിലൂടെയുള്ള ഡ്രൈവിംഗ് എത്തരത്തിലുള്ളതാണ്? നമുക്കു നോക്കാം.
നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
ലാർഡാലിനെയും ഔർലൻഡിനെയുമാണ് തുരങ്കം ബന്ധിപ്പിക്കുന്നതെങ്കിലും പണിക്കാർ വാസ്തവത്തിൽ മൂന്നു സ്ഥാനങ്ങളിൽ ഒരേസമയം പണി ആരംഭിച്ചു. രണ്ടു സംഘങ്ങൾ ഓരോ അറ്റത്തുനിന്നും പണി തുടങ്ങിയപ്പോൾ മൂന്നാമതൊരു സംഘം ഒരു വായുസഞ്ചാര തുരങ്കത്തിന്റെ പണി ആരംഭിച്ചു. രണ്ടു കിലോമീറ്റർ നീളമുള്ള ഈ തുരങ്കം ലാർഡാൽ ഭാഗത്തെ പ്രവേശന ദ്വാരത്തിൽനിന്ന് 6.5 കിലോമീറ്റർ മാറി പ്രധാന തുരങ്കവുമായി ഒന്നുചേരേണ്ടിയിരുന്നു. പർവതത്തിലൂടെ തുരന്ന് തങ്ങൾ ഒടുവിൽ കൂട്ടിമുട്ടുമെന്ന് ഉറപ്പുവരുത്തത്തക്കവിധം ഈ മൂന്നു സംഘങ്ങൾക്ക് എങ്ങനെ തങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയുമായിരുന്നു? ഓരോ സംഘവും പണി തുടങ്ങേണ്ട കൃത്യ സ്ഥാനം ഉപഗ്രഹ സ്ഥാനനിർണയ സംവിധാനങ്ങളുടെ സഹായത്തോടെയാണു തിട്ടപ്പെടുത്തിയത്. കൂടാതെ, തുരക്കലിന്റെ ഗതി നിയന്ത്രിക്കാൻ ലേസർ രശ്മികൾ സഹായിച്ചു. ഈ ലേസർ രശ്മികൾ തുരക്കലിന് ഉപയോഗിച്ച യന്ത്രങ്ങളുടെ ചലനം നിയന്ത്രിച്ച് സ്ഫോടകവസ്തുക്കൾ നിറയ്ക്കാൻ വേണ്ടിയുള്ള കുഴികൾ കൃത്യ സ്ഥാനത്താണ് നിർമിക്കുന്നതെന്ന് ഉറപ്പു വരുത്തി.
ഓരോ സ്ഫോടനത്തിനും വേണ്ടി 5.2 മീറ്റർ ആഴമുള്ള ഏകദേശം 100 കുഴികൾ വീതം തുരന്നുണ്ടാക്കി. എന്നിട്ട് ഈ കുഴികളിൽ ഏകദേശം 500 കിലോഗ്രാം സ്ഫോടകവസ്തുക്കൾ നിറച്ച് സ്ഫോടനം നടത്തി. അതിന്റെ ഫലമായി ഏകദേശം 500 ഘനമീറ്റർ പൊട്ടിയ പാറ ലഭിച്ചു. ട്രക്കു വന്ന് ഈ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. തുരക്കൽ വീണ്ടും തുടങ്ങുന്നതിനു മുമ്പ് തുരങ്കത്തിന്റെ ഭിത്തിയും മേൽഭാഗവും ബലപ്പെടുത്തേണ്ടത് ഉണ്ടായിരുന്നു. അതിനു നീളമുള്ള ഉരുക്കു കമ്പികൾ ഉപയോഗിച്ചു. കൂടാതെ പ്രതലങ്ങളിൽ ഷോട്ട്ക്രീറ്റ് എന്നറിയപ്പെടുന്ന ഫൈബർ പ്രബലിത കോൺക്രീറ്റ് സ്പ്രേ ചെയ്യുകയും ചെയ്തു. ഓരോ സംഘവും ആഴ്ചതോറും ഏകദേശം 60 മുതൽ 70 വരെ മീറ്റർ മുന്നോട്ടു നീങ്ങി. ഒടുവിൽ 1999 സെപ്റ്റംബറിൽ പാറയുടെ
അവസാന ഭാഗവും പൊട്ടിച്ച് പ്രധാന തുരങ്കത്തിന്റെ പണിയിൽ ഏർപ്പെട്ടിരുന്ന രണ്ടു സംഘങ്ങളും 50 സെന്റിമീറ്ററോളം വ്യത്യാസത്തിൽ കൂട്ടിമുട്ടി! പതിന്നാലു മാസത്തിനു ശേഷം നിശ്ചയിച്ചിരുന്ന സമയത്തുതന്നെ തുരങ്കം തുറന്നു. ഈ ഘട്ടത്തിൽ ചെലവ് 576 കോടി രൂപയിൽ എത്തിയിരുന്നു.ശുദ്ധവായു ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ
ശുദ്ധ വായു ലഭ്യമാക്കുന്നത് തുരങ്ക എഞ്ചിനീയർമാർക്ക് എപ്പോഴും ഒരു വെല്ലുവിളിയാണ്. ലാർഡാൽ തുരങ്കത്തിലൂടെയുള്ള യാത്രയ്ക്ക് ഏകദേശം 20 മിനിട്ട് എടുക്കുന്നതിനാൽ വായു ശ്വസനയോഗ്യമായിരിക്കുമാറ് ശുദ്ധിയുള്ളതായിരിക്കേണ്ടതു വിശേഷിച്ചും പ്രധാനമാണ്. ഇതു സാധ്യമാക്കാൻ എന്താണു ചെയ്തത്?
ലാർഡാൽ ഭാഗത്തെ പ്രവേശന ദ്വാരത്തിൽനിന്ന് 6.5 കിലോമീറ്റർ മാറി നിർമിച്ചിരിക്കുന്ന 2 കിലോമീറ്ററുള്ള വായുസഞ്ചാര തുരങ്കം അവസാനിക്കുന്നത് അടുത്തുള്ള ഒരു താഴ്വരയിലാണ്. ഈ തുരങ്കം ഒരു പുകക്കുഴൽ അഥവാ മലിനവായു പുറത്തുകളയാനുള്ള ഒരു മാർഗം ആയി വർത്തിക്കുന്നു. പ്രധാന തുരങ്കത്തിന്റെ രണ്ടറ്റങ്ങളിൽനിന്നും ശുദ്ധവായു അകത്തേക്കു പ്രവേശിക്കുകയും മലിന വായു വായുസഞ്ചാര തുരങ്കത്തിലൂടെ പുറത്തേക്കു പോകുകയും ചെയ്യുന്നു. വായു വളരെ മലിനമാകുമ്പോൾ വായുപ്രവാഹം വർധിപ്പിക്കാനായി വായുസഞ്ചാര തുരങ്കത്തിൽ രണ്ടു ശക്തിയേറിയ ഫാനുകൾ—ഒരുമിച്ച് എടുത്താലുള്ള അവയുടെ കൂടിയ ശേഷി മണിക്കൂറിൽ 17 ലക്ഷം ഘനമീറ്റർ ആണ്—സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം തുരങ്കത്തിന്റെ ലാർഡാൽ വശത്ത് ആവശ്യമായ ശുദ്ധവായു പ്രദാനം ചെയ്യുന്നു; എന്നാൽ നീളം കൂടിയ ഔർലൻഡ് ഭാഗത്ത് ശുദ്ധവായു ലഭിക്കുന്നതിന് എന്തെങ്കിലും ചെയ്യേണ്ടിയിരുന്നു. അതിനാൽ, വായുസഞ്ചാര തുരങ്കത്തിലേക്കുള്ള വായുപ്രവാഹം വർധിപ്പിക്കാനായി തുരങ്കത്തിന്റെ മേൽഭാഗത്ത് 32 ചെറിയ ഫാനുകൾ സ്ഥാപിച്ചു. എന്നാൽ ഔർലൻഡ് ഭാഗത്തുനിന്നുള്ള വായു അങ്ങകലെയുള്ള വായുസഞ്ചാര തുരങ്കത്തോട് അടുക്കുന്തോറും കൂടുതൽ കൂടുതൽ മലിനമായിക്കൊണ്ടിരുന്നു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാൻ കഴിയുമായിരുന്നു?
പരിഹാരമെന്ന നിലയിൽ ഔർലൻഡ് ഭാഗത്തെ പ്രവേശന ദ്വാരത്തിൽനിന്ന് 9.5 കിലോമീറ്റർ പിന്നിടുമ്പോൾ തുടങ്ങുന്ന 100 മീറ്റർ നീളമുള്ള ഒരു സമാന്തര തുരങ്കത്തിൽ വായു ശുചീകരണ സംവിധാനം ഏർപ്പെടുത്തി. ഈ തുരങ്കത്തിന്റെ രണ്ട് അറ്റങ്ങളും പ്രധാന തുരങ്കവുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രധാന തുരങ്കത്തിലെ വായു ഈ സമാന്തര തുരങ്കത്തിലേക്കു കടത്തിവിടുന്നു. അതിനുള്ളിൽവെച്ച് അതിലെ 90 ശതമാനം പൊടിയും നൈട്രജൻ ഡൈയോക്സൈഡും നീക്കം ചെയ്യപ്പെടുന്നു.
ഈ വായുസഞ്ചാര, ശുചീകരണ സംവിധാനങ്ങൾ ഒരു മണിക്കൂറിൽ 400 കാറുകൾക്കു വരെ ലാർഡാൽ തുരങ്കത്തിലൂടെ സുഖമായി യാത്ര ചെയ്യുക സാധ്യമാക്കിത്തീർക്കുന്നു. തുരങ്കത്തിനുള്ളിൽ വായുവിന്റെ സ്ഥിതി നിരീക്ഷിക്കുകയും വായുസഞ്ചാര സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാൻ തക്കവണ്ണം അതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. മലിനീകരണത്തിന്റെ അളവു വളരെ കൂടിയാൽ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടുകയില്ല. എന്നാൽ ഇതേവരെ അതിന്റെ ആവശ്യം വന്നിട്ടില്ല.
അത് എത്ര സുരക്ഷിതമാണ്?
ചിലർക്കു തുരങ്കത്തിലൂടെ വാഹനത്തിൽ യാത്ര ചെയ്യാൻ ഭയമാണ്. അതോടൊപ്പം അടുത്തകാലത്തു ചില യൂറോപ്യൻ തുരങ്കങ്ങളിൽ ഉണ്ടായ ഗുരുതരമായ അപകടങ്ങളും തീപിടുത്തങ്ങളും ലാർഡാൽ തുരങ്ക നിർമാണത്തിൽ സുരക്ഷയ്ക്കു വലിയ പ്രാധാന്യം നൽകാൻ ഇടയാക്കി.
തുരങ്കം സുരക്ഷിതമാക്കാൻ എന്താണു ചെയ്തിരിക്കുന്നത്?തുരങ്കത്തിലെ സുരക്ഷാ സംവിധാനങ്ങൾ ലാർഡാലിലെ ഒരു നിയന്ത്രണ കേന്ദ്രം തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. സുരക്ഷ അപകടത്തിലാണെങ്കിൽ തുരങ്കം അപ്പോൾ അടയ്ക്കും. തുരങ്കം സത്വരം അടയ്ക്കുകയും അതിൽനിന്ന് പെട്ടെന്ന് വാഹനങ്ങളെയും ആളുകളെയും ഒഴിപ്പിക്കുകയും ചെയ്യുക സാധ്യമാക്കുന്നതിന് പല മുൻകരുതലുകൾ എടുത്തിട്ടുണ്ട്. കൂടാതെ, 250 മീറ്റർ ഇടവിട്ട് അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ടെലിഫോണുകളും 125 മീറ്റർ ഇടവിട്ട് രണ്ട് അഗ്നിശമനികൾ വീതവും സ്ഥാപിച്ചിട്ടുണ്ട്. ഏതെങ്കിലും അഗ്നിശമനി നീക്കം ചെയ്താൽ നിയന്ത്രണ കേന്ദ്രം അതിന്റെ സ്ഥാനം ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. ഒരു അഗ്നിശമനി നീക്കം ചെയ്താൽ തുരങ്കത്തിനുള്ളിലേക്കു പ്രവേശിക്കരുതെന്ന മുന്നറിയിപ്പ് ചെമന്ന ട്രാഫിക് ലൈറ്റുകൾ ഡ്രൈവർമാർക്കു നൽകും. തുരങ്കത്തിനുള്ളിൽ തെളിയുന്ന ലൈറ്റുകളും മറ്റ് സൂചനകളും സുരക്ഷിതമായ ദിശയിൽ ഓടിച്ച് തുരങ്കത്തിനു പുറത്തു കടക്കാൻ ഡ്രൈവർമാർക്കു നിർദേശം നൽകുന്നു. ഓരോ 500 മീറ്ററിലും കാറു തിരിക്കാനുള്ള സൗകര്യം ഉണ്ട്. 15 സ്ഥാനങ്ങളിൽ വലിയ വാഹനങ്ങൾ തിരിക്കാനുള്ള സൗകര്യവുമുണ്ട്. തുരങ്കത്തിനുള്ളിൽ റേഡിയോ ആന്റിന സംവിധാനം ഉള്ളതിനാൽ കാർ റേഡിയോയിലൂടെ ഡ്രൈവർമാരെ വിവരങ്ങൾ അറിയിക്കാനും കഴിയും. തുരങ്കത്തിനുള്ളിലേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ഉതകുന്ന എണ്ണൽ, ഫോട്ടോ സംവിധാനങ്ങൾ ഉണ്ട്. ഈ തുരങ്കത്തിലൂടെയുള്ള താരതമ്യേന കുറഞ്ഞ ഗതാഗതം കണക്കിലെടുക്കുമ്പോൾ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ വളരെ മികച്ചതാണെന്നു റോഡ് അധികൃതർ കരുതുന്നു.
ഈ തുരങ്കം വ്യത്യസ്തം ആയിരിക്കുന്നതെങ്ങനെ?
തുരങ്കത്തിലൂടെയുള്ള ഡ്രൈവിംഗ് ഏതു തരത്തിലുള്ളതാണ്? ഡ്രൈവർമാർക്ക് തുരങ്കത്തിനുള്ളിൽ സുരക്ഷിതത്വം തോന്നുകയും അവർ സുരക്ഷിതമായ വിധത്തിൽ വണ്ടിയോടിക്കുകയും ചെയ്യത്തക്കവിധം തുരങ്കത്തിലൂടെയുള്ള ഡ്രൈവിംഗ് സുഖകരമായ ഒരു അനുഭവം ആക്കിത്തീർക്കുക എന്നതായിരുന്നു എഞ്ചിനീയർമാരുടെ ഒരു പ്രധാന ലക്ഷ്യം. ഇതു സാധ്യമാക്കുന്നതിന് തുരങ്കത്തിന്റെ ഉൾഭാഗം ഒരു ഗവേഷക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗതാഗത മനശ്ശാസ്ത്രജ്ഞർ, വിദഗ്ധ ലൈറ്റ് ഡിസൈനർമാർ എന്നിങ്ങനെയുള്ള പലരുടെയും അതുപോലെ ഒരു ഡ്രൈവിംഗ് സിമുലേറ്ററിന്റെയും സഹായത്തോടെയാണ് രൂപസംവിധാനം ചെയ്തത്.
അതിന്റെ ഫലം എന്തായിരുന്നു? ഈ തുരങ്കം അത്രകണ്ട് നേരെയല്ല ഉണ്ടാക്കിയിരിക്കുന്നത്. ചെറിയ വളവുകൾ ഉറക്കം തൂങ്ങാതിരിക്കാൻ ഡ്രൈവർമാരെ സഹായിക്കുന്നു. എങ്കിലും 1,000 മീറ്റർ മുമ്പോട്ട് അവർക്കു കാണാം. അതുപോലെ എതിരെ വരുന്ന വാഹനങ്ങളുമായുള്ള ദൂരം എളുപ്പം അളക്കാൻ ഈ വളവുകൾ സഹായിക്കുന്നു. ഗുഹസമാനമായ മൂന്നു വിശാല പർവത ഹാളുകൾ യാത്രയുടെ വിരസത ശമിപ്പിക്കാൻ ഉതകുന്നു. ഇത് നീണ്ട ഒരു തുരങ്കത്തിലൂടെ ഡ്രൈവ് ചെയ്യുകയാണെന്ന തോന്നലിനു പകരം നാല് ചെറിയ തുരങ്കങ്ങളിലൂടെ കടന്നു പോകുന്ന പ്രതീതി ഉളവാക്കുന്നു. ഈ ഹാളുകളിലെ പ്രത്യേക പ്രകാശ സംവിധാനങ്ങൾ—നിലത്ത് മഞ്ഞ അല്ലെങ്കിൽ പച്ച വെളിച്ചവും മുകളിൽ നീല വെളിച്ചവും—പകൽവെളിച്ചം അകത്തേക്ക് അരിച്ചിറങ്ങുന്നതു പോലെ തോന്നാൻ ഇടയാക്കുകയും സൂര്യോദയത്തിന്റെ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രത്യേക പ്രകാശ സംവിധാനങ്ങളും തുരങ്കത്തിലുടനീളമുള്ള നല്ല പ്രകാശവും തുരങ്കത്തിലൂടെ സുരക്ഷിതത്വബോധത്തോടെ സുഖകരമായി വാഹനം ഓടിക്കാൻ മിക്ക ഡ്രൈവർമാരെയും സഹായിക്കുന്നു.
റോഡു ഗതാഗതമാർഗത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കത്തിലൂടെയുള്ള യാത്ര എന്ന അനുപമമായ അനുഭവം ഇപ്പോൾ യാത്രക്കാർക്കായി തുറന്നു കിടക്കുകയാണ്. ആധുനിക എഞ്ചിനീയറിങ്ങിന്റെ ഈ വൻ നേട്ടം നോർവേയുടെ കിഴക്ക്, പടിഞ്ഞാറൻ ഭാഗങ്ങൾ തമ്മിൽ ആശ്രയയോഗ്യമായ ഒരു കണ്ണി ഉണ്ടാക്കിയെടുക്കുന്നതിൽ കലാശിച്ചിരിക്കുന്നു. മനുഷ്യൻ തന്റെ വൈദഗ്ധ്യങ്ങളും രൂപകൽപ്പനാ പാടവവും ക്രിയാത്മകമായ ഒരു വിധത്തിൽ ഉയോഗിച്ചാൽ അവന് എന്തു നേടിയെടുക്കാൻ കഴിയും എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ഇത്. (g02 7/8)
[27-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
തുരങ്കത്തിന്റെ സ്ഥാനം
ലാർഡാൽ ← → ഔർലൻഡ്
[29-ാം പേജിലെ രേഖാചിത്രം/മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ലാർഡാൽ തുരങ്കം
ഹൈവേകൾ
↑ ലാർഡാലിലേക്ക്
→ ഇ16-ൽ നിന്ന് ഓസ്ലോയിലേക്ക്
വായുസഞ്ചാര തുരങ്കത്തിലേക്കുള്ള വായുപ്രവാഹം വർധിപ്പിക്കാൻ ഈ സ്ഥാനങ്ങളിൽ ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്
വായുപ്രവാഹത്തിന്റെ ദിശ
↓
പർവത ഹാൾ
↓
ഫാൻ സ്റ്റേഷൻ → വായുസഞ്ചാര തുരങ്കം
↑
↑
പർവത ഹാൾ
↑
വായു ശുചീകരണ സംവിധാനം
↑
പർവത ഹാൾ
↑
↑
വായുപ്രവാഹത്തിന്റെ ദിശ
ഔർലൻഡ്
↓ ഇ16-ൽ നിന്ന് ബെർഗനിലേക്ക്
1 മൈൽ
1 കിലോമീറ്റർ
[കടപ്പാട്]
Statens vegvesen, Sogn og Fjordane
[26-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
നോർവേ
ലാർഡാൽ തുരങ്കം
ബെർഗൻ ഇ16 ഓസ്ലോ
[27-ാം പേജിലെ ചിത്രം]
ലാർഡാൽ ഭാഗത്തെ പ്രവേശന ദ്വാരം
[27-ാം പേജിലെ ചിത്രം]
വായു ശുചീകരണ സംവിധാനത്തിന്റെ രേഖാരൂപം
[27-ാം പേജിലെ ചിത്രം]
തുരങ്കത്തിന്റെ പരിച്ഛേദ ചിത്രം, ബലത്തിനായി ഭിത്തിയിലും മേൽഭാഗത്തും ഘടിപ്പിച്ചിരിക്കുന്ന ഉരുക്കു കമ്പികൾ കാണാം
[28-ാം പേജിലെ ചിത്രം]
തുരങ്കത്തിൽ അടിയന്തിര ആവശ്യത്തിനുള്ള 100-ഓളം ടെലിഫോണുകളും ഏകദേശം 400 അഗ്നിശമനികളും ഉണ്ട്
[28-ാം പേജിലെ ചിത്രം]
പ്രത്യേക പ്രകാശ സംവിധാനങ്ങളുള്ള മൂന്നു പർവത ഹാളുകൾ ഉണ്ട്
[26-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
വിഹഗ വീക്ഷണം: Foto: Leiv Bergum; വായു ശൂചീകരണ സംവിധാനം: ViaNova A/S; all other photographs on pages 26-8: Statens vegvesen, Sogn og Fjordane