ആർത്രൈറ്റിസ് എന്തെന്നു മനസ്സിലാക്കുക
ആർത്രൈറ്റിസ് എന്തെന്നു മനസ്സിലാക്കുക
“രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ വികൃതമായ കൈകാലുകൾ നോക്കി ഞാൻ കരയും.”—മിഡോരി, ജപ്പാൻ.
കാലങ്ങളായി മനുഷ്യവർഗത്തെ കഷ്ടപ്പെടുത്തുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ്. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ അതുണ്ടായിരുന്നു എന്നതിന്റെ തെളിവ് ഈജിപ്ഷ്യൻ മമ്മികളിൽ കാണാം. തെളിവനുസരിച്ച്, പര്യവേക്ഷകനായ ക്രിസ്റ്റഫർ കൊളംബസിനെ ഈ രോഗം ബാധിച്ചിരുന്നു. ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഈ രോഗത്തിന് ഇരയായിരിക്കുന്നു. ശരീരത്തെയും മനസ്സിനെയും തളർത്തിക്കളയുന്ന ഈ രോഗം യഥാർഥത്തിൽ എന്താണ്?
“ആർത്രൈറ്റിസ്” എന്ന വാക്ക് “വീങ്ങിയ സന്ധികൾ” എന്ന് അർഥമുള്ള ഗ്രീക്കു പദങ്ങളിൽനിന്നു വന്നതാണ്. 100-ലധികം വാതരോഗങ്ങളും രോഗാവസ്ഥകളുമായി a ഈ രോഗം സന്ധികളെ മാത്രമേ ബാധിക്കൂ എന്നില്ല. അവയോടു ബന്ധപ്പെട്ട പേശികൾ, അസ്ഥികൾ, സ്നായുക്കൾ, കണ്ഡരങ്ങൾ എന്നിവയെയെല്ലാം അതു ബാധിക്കാം. ചിലതരം ആർത്രൈറ്റിസുകൾ നിങ്ങളുടെ ത്വക്കിനും ആന്തരാവയവങ്ങൾക്കും കണ്ണിനു പോലും കേടു വരുത്തിയേക്കാം. ആർത്രൈറ്റിസിന്റെ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രണ്ടു വകഭേദങ്ങളിൽ നമുക്ക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാം—ഓസ്റ്റിയോ ആർത്രൈറ്റിസും റൂമറ്റോയ്ഡ് ആർത്രൈറ്റിസും.
ഇതിനു ബന്ധമുണ്ട്.സന്ധിയുടെ രൂപമാതൃക
രണ്ട് അസ്ഥികൾ കൂടിച്ചേരുന്ന ഭാഗത്തിനാണ് സന്ധി എന്നു പറയുന്നത്. ഒരു സ്രാവ സന്ധിക്കു ചുറ്റും അതിനെ സംരക്ഷിക്കുകയും താങ്ങുകയും ചെയ്യുന്ന ദൃഢമായ ഒരു കവചം ഉണ്ടായിരിക്കും. (4-ാം പേജിലെ ചിത്രം കാണുക.) ഈ സന്ധി കവചത്തെ ആവരണം ചെയ്യുന്ന ഒരു സ്രാവ സ്തരം ഉണ്ട്. ഈ സ്തരം വഴുവഴുപ്പുള്ള ഒരു ദ്രാവകം സ്രവിപ്പിക്കുന്നു. സന്ധി കവചത്തിനുള്ളിലായി രണ്ട് അസ്ഥികളുടെയും അഗ്രഭാഗങ്ങളെ തരുണാസ്ഥി എന്ന് അറിയപ്പെടുന്ന മിനുസമാർന്ന, ഇലാസ്തികതയുള്ള ഒരു കല ആവരണം ചെയ്യുന്നു. അസ്ഥികൾ തമ്മിൽ കൂട്ടി ഉരയുന്നതു തടയാൻ ഇതു സഹായിക്കുന്നു. കൂടാതെ, ഇത് അസ്ഥികളുടെ അറ്റത്ത് കുഷൻ പോലെ വർത്തിക്കുകയും അസ്ഥികളിൽ ഉടനീളം മർദത്തെ സമമായ തോതിൽ വ്യാപിപ്പിക്കുകയും ചെയ്തുകൊണ്ട് ഒരു ഷോക്ക് അബ്സോർബറായും ഉതകുന്നു.
ഉദാഹരണത്തിന്, നടക്കുമ്പോഴും ഓടുമ്പോഴും ചാടുമ്പോഴുമെല്ലാം അരക്കെട്ടിലും മുട്ടിലും ശരീരഭാരത്തിന്റെ നാല് ഇരട്ടി മുതൽ എട്ട് ഇരട്ടി വരെ മർദം ചെലുത്തപ്പെടുന്നു! ആ മർദത്തിൽ അധികവും സ്വീകരിക്കുന്നത് ചുറ്റുമുള്ള പേശികളും സ്നായുക്കളും ആണെങ്കിലും അതിന്റെ ഒരു ഭാഗം അസ്ഥിയിലും ചെലുത്തപ്പെടും. ഒരു സ്പോഞ്ച് പോലെ അമർന്നുകൊണ്ട് ഈ മർദത്തെ താങ്ങാൻ തരുണാസ്ഥി അസ്ഥിയെ സഹായിക്കുന്നു.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്
റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ (ആർഎ) കാര്യത്തിൽ, ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ സന്ധികൾക്കെതിരെ ഒരു ‘സന്ധിയില്ലാസമരം’ പ്രഖ്യാപിക്കുന്നു. അജ്ഞാതമായ ഏതോ കാരണത്താൽ പ്രതിരോധ വ്യവസ്ഥയുടെ മുഖ്യ ഭാഗമായ ടി കോശങ്ങൾ ഉൾപ്പെടെയുള്ള ശരീരത്തിലെ രക്താണുക്കൾ വലിയ അളവിൽ സന്ധി ഗഹ്വരങ്ങളിലേക്കു പ്രവഹിക്കുന്നു. ഇത് രാസപ്രവർത്തനങ്ങളുടെ ഒരു പരമ്പരയ്ക്കുതന്നെ തിരികൊളുത്തുന്നു. ഇതിന്റെ ഫലമായി സന്ധി വീങ്ങുന്നു. പാനസ് എന്ന ട്യൂമർ പോലുള്ള ഒരു കലാസഞ്ചയം രൂപംകൊള്ളാൻ ഇടയാക്കിക്കൊണ്ട് സ്രാവ കോശങ്ങൾ അനിയന്ത്രിതമായി വിഭജിക്കാൻ തുടങ്ങിയേക്കാം. പാനസ് ഉത്പാദിപ്പിക്കുന്ന ചില എൻസൈമുകൾ തരുണാസ്ഥിയെ നശിപ്പിക്കുന്നു. അസ്ഥികൾ തമ്മിൽ ഉരയുന്നതിന് ഇത് ഇടയാക്കും. ചലനശേഷിയുടെ നഷ്ടവും അതികഠിനമായ വേദനയും ആയിരിക്കും ഫലം. ഈ നശീകരണ പ്രക്രിയ കണ്ഡരങ്ങളെയും സ്നായുക്കളെയും പേശികളെയും കൂടെ ദുർബലമാക്കുന്നു. തത്ഫലമായി സന്ധികൾ ഉറപ്പില്ലാത്തതാകുകയും അവയ്ക്കു ഭാഗികമായി സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്യുന്നു. ഇത് മിക്കപ്പോഴും രൂപവൈകൃതത്തിലേക്കു നയിക്കുന്നു. സാധാരണഗതിയിൽ ആർഎ ഒരേ മാതൃക പിൻപറ്റിക്കൊണ്ട് മണികണ്ഠം, കാൽമുട്ട്, പാദം എന്നിവയിലെ സന്ധികളെയാണു ബാധിക്കുന്നത്. ആർഎ രോഗികളിൽ 50 ശതമാനത്തിലുമധികം പേർക്ക് ത്വക്കിനടിയിൽ ചെറിയ മുഴകൾ ഉള്ളതായും കാണപ്പെടുന്നു. ചിലരിൽ വിളർച്ചയും കണ്ണിന്റെയും തൊണ്ടയുടെയും വരൾച്ചയും വേദനയും പോലുള്ള ലക്ഷണങ്ങളും കാണാറുണ്ട്. തളർച്ചയും പനിയും പേശീവേദനയും ഉൾപ്പെടെയുള്ള ഫ്ളൂവിന്റെ ലക്ഷണങ്ങളും സാധാരണമായി ആർഎ രോഗികളിൽ കണ്ടുവരുന്നു.
ആർഎ-യുടെ ആരംഭം, അത് ഉളവാക്കുന്ന ഫലങ്ങൾ, ദൈർഘ്യം എന്നിവ ഓരോരുത്തരിലും വളരെ വ്യത്യസ്തമായിരിക്കും. ഒരാളിൽ വേദനയും വഴക്കമില്ലായ്മയും മെല്ലെ, ആഴ്ചകളോ വർഷങ്ങളോ കൊണ്ടായിരിക്കാം അനുഭവപ്പെട്ടു തുടങ്ങുന്നത്. എന്നാൽ മറ്റൊരാൾക്ക് ഇതെല്ലാം പെട്ടെന്ന് ഉണ്ടായേക്കാം. ചിലരിൽ ആർഎ ഏതാനും മാസം മാത്രം നീണ്ടുനിന്ന ശേഷം വലിയ തകരാറൊന്നും വരുത്താതെ അപ്രത്യക്ഷമാകുന്നു. മറ്റു ചിലരിൽ രോഗം പലപ്പോഴും കലശലാകുകയും ഇടയ്ക്ക് ആശ്വാസവേളകൾ ഉണ്ടാകുകയും ചെയ്യുന്നു. ചിലരിൽ രോഗം വർഷങ്ങളോളം തുടരുകയും മൂർച്ഛിച്ച് മൂർച്ഛിച്ച് ഒടുവിൽ അംഗവൈകല്യത്തിന് ഇടയാക്കുകയും ചെയ്യും.
ആർഎ വരാൻ സാധ്യതയുള്ളത് ആർക്കാണ്? “മധ്യവയസ്കരായ സ്ത്രീകളിലാണ് ഇത് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്” എന്ന് ഡോ. മൈക്കൾ ഷിഫ് പറയുന്നു. എന്നിരുന്നാലും “ഏതു പ്രായത്തിലുള്ള ആരെയും അതു ബാധിക്കാം, പുരുഷന്മാരെയും കുട്ടികളെയും ഉൾപ്പെടെ” എന്നും ഷിഫ് കൂട്ടിച്ചേർക്കുന്നു. കുടുംബത്തിൽ ആർക്കെങ്കിലും റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉണ്ടെങ്കിലും രോഗസാധ്യത കൂടുതലാണ്. പുകവലി, അമിതതൂക്കം,
രക്തപ്പകർച്ച എന്നിവയെല്ലാം രോഗം വരാനുള്ള സാധ്യത വളരെയധികം വർധിപ്പിക്കുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നു.ഓസ്റ്റിയോ ആർത്രൈറ്റിസ്
വെസ്റ്റേൺ ജേർണൽ ഓഫ് മെഡിസിൻ പറയുന്നു: “ഓസ്റ്റിയോ ആർത്രൈറ്റിസ് പല വിധങ്ങളിൽ കാലാവസ്ഥയ്ക്കു സമാനമാണ്—എല്ലായിടത്തും ഉണ്ടെങ്കിലും അതു പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല, എന്നാൽ ചിലപ്പോൾ അതിന്റെ ഫലങ്ങൾ വലിയതോതിൽ ദൃശ്യമാകുന്നു.” ആർഎ-യിൽ നിന്നു വ്യത്യസ്തമായി ഓസ്റ്റിയോ ആർത്രൈറ്റിസ് (ഒഎ) സാധാരണഗതിയിൽ മറ്റു ശരീരാവയവങ്ങളിലേക്കു വ്യാപിക്കാറില്ല. ഒന്നോ അല്ലെങ്കിൽ ഏതാനും സന്ധികളെയോ മാത്രമേ അതു ബാധിക്കുന്നുള്ളൂ. തരുണാസ്ഥിക്കു മെല്ലെ തേയ്മാനം സംഭവിക്കുന്നതോടെ അസ്ഥികൾ തമ്മിൽ ഉരയാൻ തുടങ്ങുന്നു. ഇതോടൊപ്പം അസ്ഥികളിൽ കൂടുതലായ വളർച്ചയും ഉണ്ടാകുന്നു. കൂടുതലായി വളരുന്ന അസ്ഥികളെ ഓസ്റ്റിയോഫൈറ്റുകൾ എന്നാണു പറയുന്നത്. സിസ്റ്റുകൾ രൂപം കൊണ്ടേക്കാം. അതിനടിയിൽ ഉള്ള അസ്ഥി കൂടുതൽ കട്ടിയുള്ളതാകുകയും വികൃതമായിത്തീരുകയും ചെയ്യുന്നു. വിരൽ മടക്കുകളിലെ മുഴകൾ, സന്ധികളിൽ കേൾക്കുന്ന കിരുകിരുപ്പ് ശബ്ദങ്ങൾ, പെട്ടെന്നുണ്ടാകുന്ന ശക്തമായ പേശീസങ്കോചങ്ങൾ, വേദന, വഴക്കമില്ലായ്മ, ചലനശേഷി നഷ്ടം എന്നിവയെല്ലാം മറ്റു ലക്ഷണങ്ങളാണ്.
ഒരു വാർധക്യസഹജ രോഗമായാണ് കഴിഞ്ഞ കാലങ്ങളിൽ ഒഎ വീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ വിദഗ്ധർ ആ ധാരണ കൈവെടിഞ്ഞിട്ട് ഇപ്പോൾ നാളേറെയായി. ദി അമേരിക്കൻ ജേർണൽ ഓഫ് മെഡിസൻ പറയുന്നു: “സാധാരണ മർദത്തിനു വിധേയമാകുന്ന ഒരു സന്ധി വ്യക്തികൾക്കു പ്രായമേറുന്നതോടെ പ്രവർത്തനരഹിതമായിത്തീരും എന്നു വിശ്വസിക്കുന്നതിനു കാരണമൊന്നുമില്ല.” അങ്ങനെയാണെങ്കിൽ പിന്നെ ഓസ്റ്റിയോ ആർത്രൈറ്റിസിന് ഇടയാക്കുന്നത് എന്താണ്? ബ്രിട്ടീഷ് മാസികയായ ദ ലാൻസെറ്റ് പറയുന്നതനുസരിച്ച് അതിന്റെ യഥാർഥ കാരണത്തെ കുറിച്ച് “അനേകം തർക്കങ്ങൾ നിലവിലുണ്ട്.” ചില ഗവേഷകരുടെ അഭിപ്രായത്തിൽ അസ്ഥികളിൽ ആദ്യം ചെറിയ പൊട്ടലുകൾ പോലെയുള്ള തകരാറുകൾ ഉണ്ടായേക്കാം. ഇത് എല്ലിന്റെ കൂടുതലായ വളർച്ചയിലേക്കും തരുണാസ്ഥിയുടെ നാശത്തിലേക്കും നയിച്ചേക്കാം. എന്നാൽ ഒഎ-യുടെ ആരംഭം തരുണാസ്ഥിയിൽനിന്നു തന്നെയാണെന്നാണ് മറ്റു ചിലരുടെ പക്ഷം. അതിനു തേയ്മാനം സംഭവിച്ചു നശിക്കുമ്പോൾ അടിയിലുള്ള അസ്ഥിയിന്മേൽ ചെലുത്തപ്പെടുന്ന മർദം വർധിക്കുമെന്ന് അവർ കരുതുന്നു. കേടു പറ്റിയ തരുണാസ്ഥിയെ പുനഃസ്ഥിതീകരിക്കാൻ ശരീരം ശ്രമിക്കുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
ഒഎ വരാൻ സാധ്യതയുള്ളത് ആർക്കാണ്? പ്രായം അതിൽത്തന്നെ ഒഎ-യ്ക്ക് ഇടയാക്കുന്നില്ലെങ്കിലും പ്രായം ചെല്ലുന്തോറും സന്ധികളിലെ തരുണാസ്ഥിക്കു നാശം സംഭവിക്കാനുള്ള സാധ്യത വർധിക്കുന്നതായി കാണപ്പെടുന്നു. സന്ധികളിലെ എല്ലുകൾ കൂടിച്ചേർന്നിരിക്കുന്ന വിധത്തിനുള്ള എന്തെങ്കിലും തകരാറ്, കാലിലെയും തുടയിലെയും ദുർബലമായ പേശികൾ, നീളവ്യത്യാസമുള്ള കാലുകൾ, സ്ഥാനം തെറ്റിയ നട്ടെല്ല് എന്നിവയൊക്കെ ഇതു വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ, ഒരു അപകടമോ ഒരു സന്ധിതന്നെ കൂടുതലായി ഉപയോഗിക്കുന്ന തരത്തിലുള്ള ജോലിയോ നിമിത്തം സന്ധിക്കുണ്ടാകുന്ന ക്ഷതവും ഓസ്റ്റിയോ ആർത്രൈറ്റിസിലേക്കു നയിച്ചേക്കാം. നശീകരണ പ്രക്രിയ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അമിതതൂക്കവും ഒഎ കൂടുതൽ വഷളാകുന്നതിന് ഇടയാക്കിയേക്കാം.
ഡോ. ടിം സ്പെക്ടർ പറയുന്നു: “ഓസ്റ്റിയോ ആർത്രൈറ്റിസ് സങ്കീർണമായ ഒരു രോഗമാണ്. ബാഹ്യഘടകങ്ങളോടൊപ്പം ഈ രോഗത്തിന് പാരമ്പര്യസംബന്ധമായ ഒരു അടിസ്ഥാനവുമുണ്ട്.” ഒഎ-യുടെ പാരമ്പര്യമുള്ള കുടുംബങ്ങളിൽപ്പെട്ട മധ്യവയസ്കരും പ്രായമായവരുമായ സ്ത്രീകൾക്കാണ് ഇതു വരാൻ ഏറ്റവും കൂടുതൽ സാധ്യത. അസ്ഥിദ്രവീകരണത്തിൽനിന്നു വ്യത്യസ്തമായി കുറഞ്ഞ അസ്ഥി സാന്ദ്രതയല്ല, മറിച്ച് കൂടിയ അസ്ഥി സാന്ദ്രതയാണ് ഒഎ-യിലേക്കു നയിക്കുന്നത്. കൂടാതെ, സ്വതന്ത്ര ഓക്സിജൻ ആറ്റങ്ങൾ വരുത്തിവെക്കുന്ന തകരാറുകളും ജീവകം സി-യുടെയും ഡി-യുടെയും കുറവും ഈ രോഗത്തിനു കാരണമാകാറുണ്ടെന്ന് ചില ഗവേഷകർ പറയുന്നു.
ചികിത്സ
മരുന്നുകൾ, വ്യായാമം, ജീവിതശൈലി ചിട്ടപ്പെടുത്തൽ എന്നിവയെല്ലാം ഉൾപ്പെട്ടതാണ് പലപ്പോഴും ആർത്രൈറ്റിസിന്റെ ചികിത്സ. ഒരു ഫിസിയോതെറാപിസ്റ്റ് ഒരു വ്യായാമ പരിപാടി നിർദേശിച്ചേക്കാം. സന്ധികൾ പല രീതിയിൽ ചലിപ്പിക്കുന്ന തരത്തിലുള്ള വ്യായാമങ്ങൾ, b
പേശികളിൽ മർദം ചെലുത്തുകയും അവയെ സങ്കോചിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഐസോമെട്രിക് വ്യായാമ മുറകൾ, ഏയ്റോബിക് വ്യായാമങ്ങൾ, മർദം ചെലുത്തപ്പെടുന്ന പേശികൾ സങ്കോചിക്കാൻ അനുവദിക്കുന്ന ഐസോട്ടോണിക് വ്യായാമങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടേക്കാം. സന്ധിയുടെ വേദന, വീക്കം, ശാരീരികാസ്വാസ്ഥ്യം, തളർച്ച, വിഷാദം എന്നിങ്ങനെ നിരവധി ലക്ഷണങ്ങൾ നിവാരണം ചെയ്യുന്നതിൽ ഇവ വളരെയധികം സഹായകമായിരിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്. വയോവൃദ്ധരിൽ പോലും വ്യായാമത്തിന്റെ പ്രയോജനങ്ങൾ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അസ്ഥി സാന്ദ്രത കുറയുന്നതു തടയാൻ സഹായിക്കുന്നതിനും വ്യായാമത്തിനു കഴിയും. ശരീരത്തിൽ ചൂടും തണുപ്പും ഏൽപ്പിക്കുന്ന തരം ചികിത്സാരീതികളും അക്യൂപങ്ചറും വേദനയ്ക്ക് ആശ്വാസം കാണാൻ സഹായിക്കുന്നുവെന്ന് ചിലർ അവകാശപ്പെടുന്നു.തൂക്കം കുറയ്ക്കുന്നത് സന്ധി വേദന ലഘൂകരിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതിനാൽ ആർത്രൈറ്റിസ് രോഗികൾ തങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുന്നതു വളരെ പ്രധാനമാണ്. പച്ചിലകൾ, പഴങ്ങൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉള്ള ശീതജല മത്സ്യങ്ങൾ എന്നിങ്ങനെ കാൽസ്യം സമൃദ്ധമായുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും സംസ്കരിച്ചതും പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതുമായ ഭക്ഷണം ഒഴിവാക്കുന്നതും തൂക്കം കുറയ്ക്കുന്നതിനു മാത്രമല്ല വേദന കുറയ്ക്കുന്നതിനും സഹായകമാണെന്ന് ചിലർ പറയുന്നു. എങ്ങനെ? അവരുടെ അഭിപ്രായത്തിൽ ഇത്തരമൊരു ഭക്ഷണക്രമം വീക്കം തടയുന്നതിൽ സഹായിക്കും. മാംസം, പാൽ ഉത്പന്നങ്ങൾ, ഗോതമ്പ് എന്നിവയും നൈറ്റ്ഷേഡ് കുടുംബത്തിൽപ്പെട്ട തക്കാളി, ഉരുളക്കിഴങ്ങ്, മുളക്, കത്തിരി എന്നിങ്ങനെയുള്ള പച്ചക്കറികളും ഒഴിവാക്കുന്നത് ഫലപ്രദമാണെന്നും ചിലർ കണ്ടെത്തിയിട്ടുണ്ട്.
ചില കേസുകളിൽ ആർത്രോസ്കോപ്പി എന്ന ഒരു ശസ്ത്രക്രിയാ നടപടി ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ശസ്ത്രക്രിയാ വിദഗ്ധൻ സന്ധികൾക്കുള്ളിലേക്ക് ഒരു ഉപകരണം കടത്തി നാശകാരികളായ എൻസൈമുകളെ ഉത്പാദിപ്പിക്കുന്ന സ്രാവ കല നീക്കം ചെയ്യുന്നു. എന്നാൽ വീക്കം പിന്നീടും വരുന്നതിനാൽ ഈ പ്രക്രിയയ്ക്ക് ഫലപ്രദത്വം കുറവാണ്. ഇതിനെക്കാൾ വലിയ ഒരു ശസ്ത്രക്രിയാ നടപടിയാണ് ആർത്രോപ്ലാസ്റ്റി. ഇതിൽ സന്ധി (സാധാരണഗതിയിൽ അരക്കെട്ടോ മുട്ടോ) അപ്പാടെ നീക്കം ചെയ്ത് തത്സ്ഥാനത്തു കൃത്രിമമായ ഒന്ന് വെക്കുന്നു. ഈ ശസ്ത്രക്രിയയുടെ ഫലം 10 മുതൽ 15 വരെ വർഷത്തേക്കു നീണ്ടുനിൽക്കും. മിക്കപ്പോഴും വേദന ദൂരീകരിക്കുന്ന കാര്യത്തിൽ ഇതു വളരെ ഫലപ്രദമാണ്.
സമീപകാലത്ത് ഡോക്ടർമാർ ശരീരത്തിൽ അധികം കീറിമുറിക്കലുകൾ ആവശ്യമില്ലാത്ത തരം ചികിത്സാരീതികൾ പരീക്ഷിച്ചു നോക്കിയിരിക്കുന്നു. അതിലൊന്നാണ് വിസ്കോസപ്ളിമെന്റേഷൻ ചികിത്സാരീതി. ഇതിൽ ഹയലുറോണിക് അമ്ലം സന്ധിയിലേക്ക് നേരിട്ടു കുത്തിവെക്കുന്നു. മുട്ടിലെ സന്ധികളിലാണ് ഇതു സാധാരണമായി നടത്തിവരുന്നത്. ചില യൂറോപ്യൻ പഠനങ്ങൾ അനുസരിച്ച് തരുണാസ്ഥിയുടെ കേടുപോക്കൽ സാധ്യമാക്കുന്ന പദാർഥങ്ങൾ (തരുണാസ്ഥി സംരക്ഷണ ഘടകങ്ങൾ) കുത്തിവെക്കുന്നതും കുറെയൊക്കെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.
ആർത്രൈറ്റിസ് പൂർണമായി ഭേദമാക്കാൻ കഴിയുന്ന ഔഷധങ്ങളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെങ്കിലും വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്ന അനേകം മരുന്നുകൾ ഉണ്ട്. ചില മരുന്നുകൾക്ക് രോഗത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാൻ കഴിഞ്ഞേക്കുമെന്നും കരുതപ്പെടുന്നു. വേദനാസംഹാരികൾ, കോർട്ടിക്കോസ്റ്റീറോയിഡ് ചികിത്സ, നോൺസ്റ്റീറോയിഡ് ആന്റി ഇൻഫ്ളമേറ്ററി ഔഷധങ്ങൾ, രോഗ പരിവർത്തന ആന്റിറൂമാറ്റിക് ഔഷധങ്ങൾ, പ്രതിരോധരോധകങ്ങൾ, സ്വയംനാശ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന മരുന്നുകൾ, പ്രതിരോധത്തെ ബാധിക്കുന്ന ജനിതക വ്യതിയാനം വരുത്തിയ ഔഷധങ്ങൾ എന്നിങ്ങനെ ആർത്രൈറ്റിസിന് എതിരെ പ്രയോഗിക്കാവുന്ന അനേകതരം അസ്ത്രങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആവനാഴിയിൽ ഉണ്ട്. എന്നിരുന്നാലും, ആശ്വാസം ലഭിക്കുന്നതിന് ചിലപ്പോൾ വലിയ വില ഒടുക്കേണ്ടതായി വരുന്നു. എന്തെന്നാൽ ഇത്തരം മരുന്നുകളെല്ലാം ഗുരുതരമായ പാർശ്വഫലങ്ങൾ ഉളവാക്കിയേക്കാവുന്നവയാണ്. അതുകൊണ്ട് ഇത്തരം ചികിത്സാവിധികളുടെ ഗുണവും ദോഷവും തൂക്കിനോക്കി തീരുമാനം എടുക്കുക എന്നത് രോഗികൾക്കും ഡോക്ടർമാർക്കും വലിയ വെല്ലുവിളി ഉയർത്തുന്നു.
ആർത്രൈറ്റിസ് എന്ന ഈ വേദനാജനകമായ രോഗവുമായി പൊരുത്തപ്പെടാൻ ചിലർക്കു കഴിഞ്ഞിരിക്കുന്നത് എങ്ങനെയാണ്? (g01 12/08)
[അടിക്കുറിപ്പുകൾ]
a ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സിസ്റ്റമിക് ലൂപ്പസ് എറിത്തെമറ്റോസിസ്, കുട്ടികൾക്കുണ്ടാകുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഗൗട്ട്, സന്ധിസഞ്ചി വീക്കം, വാതപ്പനി, ലൈം രോഗം, കാർപ്പൽ ടണൽ സിൻഡ്രോം, ഫൈബ്രോമൈയാൾജിയ, റൈറ്റേഴ്സ് സിൻഡ്രോം, റൂമറ്റോയ്ഡ് സ്പോൺഡിലൈറ്റിസ് എന്നിവയെല്ലാം ഇതിൽ പെടുന്നു.
b ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സാരീതിയോ മരുന്നോ ശസ്ത്രക്രിയാ നടപടിയോ ശുപാർശ ചെയ്യുന്നില്ല. ചികിത്സയെ കുറിച്ച് അന്വേഷിക്കാനും ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്താനുമുള്ള ഉത്തരവാദിത്വം ഓരോ രോഗിക്കും ഉണ്ട്.
[6-ാം പേജിലെ ആകർഷക വാക്യം]
അമിതതൂക്കം, പുകവലി, രക്തപ്പകർച്ച എന്നിവ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് വരാനുള്ള സാധ്യത വർധിപ്പിച്ചേക്കാം
[8-ാം പേജിലെ ചതുരം/ചിത്രം]
പകര ചികിത്സകൾ
ഇപ്പോൾ പ്രചാരത്തിലുള്ളവയെക്കാൾ സുരക്ഷിതവും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ചില ചികിത്സകൾ ഉള്ളതായി കരുതപ്പെടുന്നു. ടൈപ് II കൊളാജൻ കഴിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് രോഗികളുടെ സന്ധികളിലെ വീക്കവും വേദനയും കുറയ്ക്കുന്നതിൽ സഹായകമാണെന്ന് ചില ഗവേഷകർ അവകാശപ്പെടുന്നു. ഇതെങ്ങനെയാണു സാധ്യമാകുന്നത്? വീക്കത്തിനിടയാക്കുന്ന വിനാശക സൈറ്റോക്കൈനുകളായ ഇന്റർലൂക്കിൻ-1-നെയും ട്യൂമർ ഊതകക്ഷയ ഘടകം α-യെയും നിയന്ത്രിക്കുക വഴി. ഇതേ നശീകരണ ഘടകങ്ങളെ നിയന്ത്രിക്കുന്നതിൽ ചില പ്രകൃതിജന്യ പോഷകങ്ങളും പ്രയോജനപ്രദമെന്നു തെളിഞ്ഞിട്ടുള്ളതായി പറയപ്പെടുന്നു. ജീവകം ഇ, ജീവകം സി, നിയാസിനമൈഡ്, ഐകോസാപെന്റെനോയ്ക്ക് അമ്ലവും ഗാമാലൈനോളെനിക് അമ്ലവും ധാരാളമുള്ള മത്സ്യ എണ്ണകൾ, ബോറിജ് വിത്തിന്റെ എണ്ണ, ഈവനിങ് പ്രിംറോസിന്റെ എണ്ണ എന്നിവയെല്ലാം ഇതിൽ പെടുന്നു. ചൈനയിൽ ട്രൈപ്ടെറിജിയം വിൽഫോർഡൈ ഹുക്ക് എഫ് എന്ന ഒരു പച്ചമരുന്ന് വർഷങ്ങളായി ഉപയോഗിച്ചു വരുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്റെ കെടുതികൾ കുറയ്ക്കുന്നതിൽ ഇത് ഒരളവുവരെ വിജയം വരിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.
[4, 5 പേജുകളിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ആരോഗ്യമുള്ള സന്ധി
സന്ധി സഞ്ചി
പേശി
തരുണാസ്ഥി
സ്നായു
സന്ധി കവചം
സ്രാവ സ്തരം
സ്രാവ ദ്രാവകം
അസ്ഥി
റൂമറ്റോയ്ഡ് ആർത്രൈറ്റിസുള്ള സന്ധി
ഇടം നഷ്ടപ്പെടുന്നു
അസ്ഥിയുടെയും തരുണാസ്ഥിയുടെയും നാശം
വീങ്ങിയ സ്രാവ സ്തരം
ഓസ്റ്റിയോ ആർത്രൈറ്റിസുള്ള സന്ധി
അടർന്ന തരുണാസ്ഥിയുടെ ചെറിയ കണങ്ങൾ
തരുണാസ്ഥിയുടെ നാശം
അസ്ഥിയിലെ വളർച്ച
[കടപ്പാട്]
ഉറവിടം: Arthritis Foundation
[7-ാം പേജിലെ ചിത്രങ്ങൾ]
ആർത്രൈറ്റിസ് ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാം
[8-ാം പേജിലെ ചിത്രങ്ങൾ]
വ്യായാമത്തിനും ശരിയായ ഭക്ഷണക്രമത്തിനും കുറെയൊക്കെ ആശ്വാസം കൈവരുത്താനാകും