കഠിനമെങ്കിലും മൃദുലം
കഠിനമെങ്കിലും മൃദുലം
അത് ഉപയോഗിച്ച് പിയാനോ സംഗീതം പൊഴിക്കുന്നു, ജെറ്റ് വിമാനങ്ങൾ സൂപ്പർസോണിക് ശബ്ദമുണ്ടാക്കുന്നു, വാച്ചുകൾ പ്രവർത്തിക്കുന്നു, മോട്ടോർ യന്ത്രങ്ങൾ മുരളുന്നു, അംബരചുംബികൾ ഉയരുന്നു, തൂക്കുപാലങ്ങൾ തൂങ്ങുന്നു. എന്താണത്?
അതാണ് ഉരുക്ക്. വൻകിട നിർമാണ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ് അത്. സപ്തസാഗരങ്ങൾ മുറിച്ചുകടക്കുന്ന കൂറ്റൻ കപ്പലുകൾ നിർമിക്കപ്പെട്ടിരിക്കുന്നത് അത് ഉപയോഗിച്ചാണ്. അതുകൊണ്ട് ഉണ്ടാക്കിയ കുഴലുകൾ നൂറുകണക്കിനു കിലോമീറ്റർ അകലെയുള്ള കിണറുകളിൽനിന്ന് എണ്ണയും പ്രകൃതിവാതകവും എത്തിക്കുന്നു. അനുദിന ജീവിതത്തിൽ മനുഷ്യന് ഇത്ര ബഹുമുഖ ഉപയോഗമുള്ള മറ്റൊരു വസ്തുവും ഇല്ലതന്നെ. ഉദാഹരണത്തിന്, നിങ്ങൾ ജോലിസ്ഥലത്തേക്കു പോകുന്ന ബസിന്റെ ഉരുക്കുനാടകളുള്ള റേഡിയൽ ടയറുകളെ കുറിച്ചോ നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിനെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഉരുക്കു കമ്പികളെ കുറിച്ചോ ചിന്തിക്കുക. നിങ്ങളുടെ കണ്ണടയിലെ ഉരുക്കു വിജാഗിരികളുടെയും നിങ്ങൾ ചായ ഇളക്കുന്ന ഉരുക്കു (സ്റ്റീൽ) സ്പൂണിന്റെയും കാര്യമോ? ഈടുനിൽക്കുന്നതും എന്നാൽ മൃദുലവുമായ ഈ ലോഹത്തിന് ആയിരക്കണക്കിന് ഉപയോഗങ്ങളുണ്ട്. അത് എങ്ങനെയാണ് ഉണ്ടാക്കുന്നത്, അതിനെ ഇത്ര ഉപയോഗപ്രദമാക്കുന്നത് എന്താണ്?
കാർബണും പരലുകളും
രണ്ടു വിരുദ്ധ ഘടകങ്ങളായ ഇരുമ്പിന്റെയും കാർബണിന്റെയും സങ്കരമാണ് ഉരുക്ക്. ശുദ്ധമായ ഇരുമ്പ് മിക്ക ലോഹങ്ങളെയും പോലെ മൃദുവാണ്. അതുകൊണ്ടുതന്നെ കഠിനമായ ഉപയോഗത്തിന് അതു യോജിച്ചതല്ല. കാർബൺ ഒരു അലോഹമാണ്. കാർബണിന്റെ രണ്ടു ഭിന്നരൂപങ്ങളാണ് വജ്രങ്ങളും ഇല്ലറക്കരിയും. എന്നാൽ ഉരുക്കിയ ഇരുമ്പിനോട് അൽപ്പം കാർബൺ ചേർത്താൽ കിട്ടുന്നത് കാർബണിൽനിന്നു വളരെ വ്യത്യസ്തവും ഇരുമ്പിനെക്കാൾ ബലമേറിയതുമായ ഒരു ഉത്പന്നമാണ്.
ഉരുക്കുനിർമാണത്തിൽ ഏറ്റവും പ്രധാനം പരൽ എന്നു വിളിക്കപ്പെടുന്ന ഒരു ഘടകമാണ്. ഇരുമ്പിൽ പരലുകൾ അടങ്ങിയിരിക്കുന്നു എന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ? a വാസ്തവത്തിൽ, ഇരുമ്പിന് വഴക്കവും തിളക്കവും മറ്റു ഗുണങ്ങളും പകരുന്നതും ഈ പരൽ സ്വഭാവമാണ്. എന്നാൽ ഇരുമ്പു പരലുകൾ ഒരു പടികൂടി മുന്നിട്ടുനിൽക്കുന്നു.
പരലുകൾക്ക് ഉരുക്കിന്മേലുള്ള ഫലം
ഉരുക്കിയെടുത്ത ഇരുമ്പ് മറ്റു മൂലകങ്ങളുമായി കലർത്തിയാണ് ഉരുക്ക് ഉണ്ടാക്കുന്നത്. ആ സംയുക്തം തണുത്ത് ഖരമാകുമ്പോൾ, ഇരുമ്പ് മറ്റു പദാർഥങ്ങളെ ലയിപ്പിച്ച് അവയെ അതിന്റെ പരൽ ഘടനയിലേക്കു സ്വാംശീകരിക്കുന്നു. മറ്റു ലോഹങ്ങളും ഇതുപോലെയാണു പ്രവർത്തിക്കുന്നത്. എന്നാൽ ഇതിൽ ഇരുമ്പിന്റെ പ്രത്യേകത എന്താണ്?
ഖരാവസ്ഥയിൽ ആയിരിക്കുമ്പോൾ പോലും ചൂടാക്കിയാൽ ഇരുമ്പിന്റെ പരൽ ഘടനയ്ക്കു മാറ്റം വരുത്താമെന്നത് അതിന്റെ ഒരു പ്രത്യേകതയാണ്. ഈ പ്രത്യേകത നിമിത്തം താരതമ്യേന അടഞ്ഞ രൂപത്തിലുള്ള അവസ്ഥയിൽനിന്ന് തുറന്ന അവസ്ഥയിലേക്കും തിരിച്ചും ഇരുമ്പ് പരലുകളെ മാറ്റാനാകും. നന്നായി നിർമിച്ച ഒരു വീടിന്റെ ഭിത്തികൾ വശങ്ങളിലേക്കു ചലിക്കുകയും നിങ്ങൾ ഇരിക്കുമ്പോൾ മുറിയുടെ തറ താഴേക്കും മുകളിലേക്കും നീങ്ങുകയും ചെയ്യുന്നതായി സങ്കൽപ്പിക്കുക. ഉരുക്കാതെതന്നെ ഇരുമ്പിനെ ഉയർന്ന താപനിലയിൽ ചൂടാക്കിയശേഷം തണുപ്പിക്കുമ്പോൾ അതിന്റെ പരലുകൾക്കുള്ളിൽ സംഭവിക്കുന്നത് അതാണ്.
ഈ മാറ്റങ്ങൾ സംഭവിക്കുമ്പോൾ കാർബണിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ, കടുപ്പമുള്ള ഒരു ലോഹസങ്കരം മൃദുവാകുകയും മൃദുവായത് കടുപ്പമുള്ളത് ആയിത്തീരുകയും ചെയ്യും. ഉരുക്കു നിർമാതാക്കൾ ഈ തത്ത്വം പ്രയോജനപ്പെടുത്തിക്കൊണ്ട് തണുപ്പിക്കൽ, പതംവരുത്തൽ, കാച്ചൽ തുടങ്ങിയ ഊഷ്മോപചാര രീതികൾ (Heat treatments) ഉപയോഗിച്ച് തങ്ങളുടെ ഉത്പന്നത്തിന്റെ കാഠിന്യം ക്രമപ്പെടുത്തുന്നു. b എന്നാൽ അതിലുമേറെ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
മാംഗനീസ്, മോളിബ്ഡെനം, നിക്കൽ, വനേഡിയം, സിലിക്കൺ, ലെഡ്, ക്രോമിയം, ബോറോൺ, ടങ്സ്റ്റൺ, അല്ലെങ്കിൽ സൾഫർ തുടങ്ങിയ മറ്റു മൂലകങ്ങളുമായി കലർത്തുമ്പോൾ ഉരുക്ക് കടുപ്പമുള്ളതോ മൃദുവോ ആയിത്തീരുക മാത്രമല്ല ചെയ്യുന്നത്, അതു ബലമുള്ളതും കഠിനവും അടിച്ചു രൂപപ്പെടുത്താവുന്നതും ദ്രവീകരണരോധിതവും യന്ത്രങ്ങൾകൊണ്ട്
മുറിക്കാവുന്നതും വഴക്കമുള്ളതും കാന്തിക-അകാന്തിക സ്വഭാവമുള്ളതുമൊക്കെ ആയിത്തീരുന്നു. ആ പട്ടിക ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. വ്യത്യസ്ത ചേരുവകളും താപനിലയും ഉപയോഗിച്ച് ഒരു റൊട്ടിക്കാരൻ പലതരം റൊട്ടികൾ നിർമിക്കുന്നതു പോലെ, നാനാതരം സങ്കരലോഹങ്ങളും ഊഷ്മോപചാര രീതികളും ഉപയോഗിച്ച് ഉരുക്കു നിർമാതാക്കൾ തനതു സവിശേഷതയുള്ള ആയിരക്കണക്കിനുതരം ഉരുക്കുകൾ ഉത്പാദിപ്പിക്കുന്നു. 12,000 ടൺ ഭാരമുള്ള തീവണ്ടികളെ പോലും വഹിക്കുന്ന ഉരുക്കുപാളങ്ങളും വാച്ചിന്റെ ബാലൻസ് വീൽ താങ്ങിനിറുത്തുന്ന, സൂചിമുനയുടെ അത്ര വലിപ്പമുള്ള ഉരുക്കു (സ്റ്റീൽ) ബെയറിങ്ങുകളും ഇതിന്റെ ഉദാഹരണങ്ങളാണ്.ഉരുക്കുനിർമാണം—അന്നും ഇന്നും
നൂറ്റാണ്ടുകൾക്കു മുമ്പ് ലോഹനിർമാതാക്കൾ ഇരുമ്പിനെ പാത്രങ്ങളും ആയുധങ്ങളും ആക്കിയെടുത്തു. ഉരുക്കിയ ഇരുമ്പിലെ (അയിര് എന്നു വിളിക്കപ്പെടുന്ന ധാതുവാഹക പാറയിൽനിന്ന് വേർതിരിച്ചെടുത്ത ഇരുമ്പ്) മറ്റു ഘടകങ്ങൾ ആ ലോഹത്തിനു കടുപ്പവും ബലവും നൽകുന്നതായി അവർ കണ്ടെത്തി. ചൂടാക്കിയ ഒരു ഇരുമ്പ് ഉപകരണം വെള്ളത്തിൽ മുക്കി തണുപ്പിച്ചാൽ അതിന്റെ കാഠിന്യം വർധിക്കുന്നതായും അവർ മനസ്സിലാക്കി. ഇന്ന് കൊല്ലന്റെ ഉലയ്ക്കു പകരം കൂറ്റൻ ചൂളകളും ചുറ്റികയ്ക്കും അടകല്ലിനും പകരം ഭീമാകാരമായ റോളിങ് മില്ലുകളുമാണ് ഉപയോഗിക്കുന്നത്. എങ്കിലും, ഇരുമ്പ് അടിച്ചുരൂപപ്പെടുത്താൻ പണ്ടുകാലത്ത് കായശേഷിയുള്ളവർ ഉപയോഗിച്ച അതേ അടിസ്ഥാന തത്ത്വങ്ങൾ തന്നെയാണ് ആധുനികകാലത്ത് ഉരുക്കുനിർമാണം നടത്തുന്നവരും ഉപയോഗിക്കുന്നത്. അവർ (1) ഇരുമ്പ് ഉരുക്കുന്നു, (2) മറ്റു ലോഹങ്ങൾ ചേർക്കുന്നു (3) ഉരുക്ക് തണുക്കാൻ അനുവദിക്കുന്നു, (4) രൂപപ്പെടുത്തി ഊഷ്മോപചാരം ചെയ്യുന്നു.
ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചതുരത്തിലെ അളവുകൾ ശ്രദ്ധിക്കുക. അവ വളരെയധികമാണെന്നു തോന്നിയാലും ഒരു ഉരുക്കു മില്ലിന് ഒറ്റ ദിവസംകൊണ്ട് അതെല്ലാം ഉപയോഗിച്ചുതീർക്കാൻ കഴിയും. ഈ മില്ലിന് വിശാലമായ ഒരു പ്രദേശംതന്നെ വേണം, അതിന്റെ ഒടുങ്ങാത്ത വിശപ്പിന് വളരെയധികം ധാതുക്കളും.
അത്ഭുതകരമായ ഒരു ലോഹം പല രൂപത്തിൽ
ഉരുക്കിന്റെ ഉപയോഗം അസാധാരണമായ പല സ്ഥലങ്ങളിലും കാണാം. ഒരു വലിയ പിയാനോയുടെ മൂടിയുടെ അടിയിൽ നിങ്ങൾ അതു കണ്ടേക്കാം. ഏറ്റവും കടുപ്പമുള്ള ഒരുതരം ഉരുക്കുകൊണ്ട് ഉണ്ടാക്കിയിരിക്കുന്ന അതിലെ ലോഹക്കമ്പി മനോഹരമായ സംഗീതം പൊഴിക്കുന്നു. ഹാഡ്ഫീൽഡ് മാംഗനീസ് ഉരുക്ക്, പാറകൾ പൊടിക്കുന്ന യന്ത്രത്തിന്റെ നിർമാണത്തിൽ ഉപയോഗിക്കുന്നു, അതു കല്ലുകളെ എത്ര ശക്തിയായി ഇടിക്കുന്നുവോ അതനുസരിച്ച് ഉരുക്കിന്റെ കടുപ്പവും ഏറിവരും. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് ശസ്ത്രക്രിയാ കത്തികളും മുന്തിരിത്തൊട്ടികളും ഐസ്ക്രീം മെഷീനുകളും മറ്റും ഉണ്ടാക്കുന്നു. മുടിയിഴകൾപോലെ എണ്ണിത്തീർക്കാൻ ബുദ്ധിമുട്ടാണ് ഉരുക്കിന്റെ നാനാ ഉപയോഗങ്ങളും.
ലോകത്തിലാകെ 80,00,00,000 ടൺ ഉരുക്കാണ് പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. ഭൂമിയിലെ സുലഭമായ മൂലകങ്ങളിൽ ഒന്നായ ഇരുമ്പ് ഇല്ലായിരുന്നെങ്കിൽ അതിൽ ഒരു ഗ്രാം പോലും കാണുമായിരുന്നില്ല. അതുപോലെ, കൽക്കരിയും ചുണ്ണാമ്പുകല്ലും ധാരാളമായി ഉള്ളതിനാൽ ഭാവിയിലും ഉരുക്ക് ലഭ്യമാകുമെന്നുതന്നെ കരുതാം.
അടുത്ത പ്രാവശ്യം നിങ്ങൾ ഒരു ലോഹസൂചികൊണ്ട് വസ്ത്രം തുന്നുകയോ ഒരു ലോഹനിർമിത ചൂണ്ടകൊണ്ട് മീൻ പിടിക്കുകയോ ഒരു സ്ക്രൂഡ്രൈവർ ഉപയോഗിക്കുകയോ ചങ്ങലകൊണ്ട് ബന്ധിച്ച ഒരു ഗേറ്റ് തുറക്കുകയോ വാഹനത്തിൽ സഞ്ചരിക്കുകയോ നിലമുഴുകയോ ചെയ്യുമ്പോൾ, ഇതെല്ലാം സാധ്യമാക്കുന്ന ഇരുമ്പിന്റെയും കാർബണിന്റെയും അസാധാരണ സങ്കരമായ ഉരുക്കിനെ കുറിച്ചു ചിന്തിക്കുക.(g01 9/8)
[അടിക്കുറിപ്പുകൾ]
a ഖരാവസ്ഥയിലുള്ള ഒരു മൂലകത്തിന്റെയോ മൂലകസംയുക്തത്തിന്റെയോ ഏകകമാണ് പരൽ, ഓരോ പരലിലെയും ആറ്റങ്ങളുടെ ഘടന ഒരുപോലെയാണ്.
b ഉയർന്ന താപനിലയിലുള്ള ഇരുമ്പിനെ പെട്ടെന്ന് തണുപ്പിക്കുന്നതാണ് ആദ്യത്തെ രീതി. ക്രമേണയുള്ള തണുപ്പിക്കലാണ് പതംവരുത്തലിലും കാച്ചലിലും ഉൾപ്പെട്ടിരിക്കുന്നത്.
[23-ാം പേജിലെ ചതുരം]
10,000 ടൺ ഉരുക്കിനു വേണ്ട അസംസ്കൃത പദാർഥങ്ങൾ
6,500 ടൺ കൽക്കരി
13,000 ടൺ ഇരുമ്പയിര്
2,000 ടൺ ചുണ്ണാമ്പുകല്ല്
2,500 ടൺ ഉരുക്കിൻ കഷണങ്ങൾ
150,00,00,000 ലിറ്റർ ജലം
80,000 ടൺ വായു
[20, 21 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ഉരുക്ക് നിർമിക്കുന്ന വിധം
ദൃശ്യ ലാളിത്യം കിട്ടാൻ ചില വിശദാംശങ്ങൾ ചേർത്തിട്ടില്ല
ഉരുക്കുനിർമാണത്തിന് താപം ആവശ്യമാണ്. താപമാപിനിയെ അഥവാ തെർമോമീറ്ററിനെ വഴികാട്ടിയായി ഉപയോഗിച്ചുകൊണ്ട് ഉരുക്കുനിർമാണം എങ്ങനെ നടക്കുന്നു എന്ന് നമുക്കു നോക്കാം.
▪1400° സെൽഷ്യസ്.വായു കടക്കാത്ത അറകൾക്കുള്ളിലെ വലിയ അടുപ്പുകളിൽ കൽക്കരി ചൂടാക്കി കൽക്കരിക്കഷണങ്ങൾ ദഹിപ്പിക്കാതെതന്നെ അതിലെ മാലിന്യങ്ങൾ നീരാവിയാക്കി കളയുന്നു. കോക്ക് എന്നു വിളിക്കപ്പെടുന്ന ശേഷിക്കുന്ന കരിക്കഷണങ്ങൾ തുടർന്നുള്ള പ്രക്രിയയ്ക്ക് ആവശ്യമായ താപവും കാർബണും നൽകുന്നു.
▪1650° സെൽഷ്യസ്.കോക്ക്, ഇരുമ്പയിര്, ചുണ്ണാമ്പുകല്ല് തുടങ്ങിയ അസംസ്കൃത വസ്തുക്കൾ തീയും അതിതപിത വായുവുമുള്ള ഒരു ബ്ലാസ്റ്റുചൂളയിലേക്ക് നിക്ഷേപിക്കുന്നു. കോക്ക് കത്തുന്നു, ഭയങ്കരമായ ചൂടിൽ ഇരുമ്പയിരിലെ മാലിന്യങ്ങൾ ചുണ്ണാമ്പുകല്ലുമായി ലയിച്ച് ഉപോത്പന്നമായ സ്ലാഗ് അഥവാ കിട്ടം ഉണ്ടാകുന്നു. ഇത് ദ്രവരൂപത്തിൽ ചൂളയുടെ അടിഭാഗത്ത് ഇരുമ്പിനു മീതെയായി പൊങ്ങിക്കിടക്കുന്നു. തുടർന്ന് ഈ സ്ലാഗ് ഒരു കണ്ടെയ്നറിലേക്കു നീക്കം ചെയ്യുന്നു. തുടർന്ന് ദ്രവരൂപത്തിലുള്ള ഇരുമ്പ് ലേഡിൽ കാറുകളിലാക്കി ഉരുക്കുനിർമാണ ശാലയിലേക്കു കൊണ്ടുപോകുന്നു.
▪1650° സെൽഷ്യസ്.ശ്രദ്ധാപൂർവം വേർതിരിച്ച 90 ടൺ പാഴ് ഇരുമ്പുകഷണങ്ങൾ ഒമ്പതു മീറ്റർ ഉയരത്തിൽ ഏതാണ്ട് കോണാകൃതിയിലുള്ള ഒരു വലിയ പാത്രത്തിലേക്ക് ഇടുന്നു. ഇതിനെ അടിസ്ഥാന ഓക്സിജൻ ചൂള എന്നാണു വിളിക്കുന്നത്. ഒരു വലിയ തവി, ദ്രവരൂപത്തിലുള്ള ഇരുമ്പിനെ
ആ ഇരുമ്പുകഷണങ്ങളിലേക്ക് ഒഴിക്കുന്നു. എന്നിട്ട് ആ പാത്രത്തിലേക്ക് വെള്ളംകൊണ്ട് തണുപ്പിച്ച, ലാൻസ് എന്നു വിളിക്കപ്പെടുന്ന ഒരു കുഴൽ ഇറക്കുന്നു. അതിന്റെ ഫലമായി തീപ്പൊരികൾ ഉണ്ടാകാറുണ്ട്. ലാൻസിൽനിന്ന് അതിവേഗത്തിൽ ശുദ്ധമായ ഓക്സിജൻ വലിയ ശബ്ദത്തോടെ പ്രവഹിക്കുന്നു. തത്ഫലമായി, കത്തുന്ന അടുപ്പിന്മേൽ ഇരിക്കുന്ന സൂപ്പുപോലെ ലോഹം വെട്ടിത്തിളയ്ക്കാൻ തുടങ്ങുന്നു. രാസപ്രവർത്തനങ്ങൾ നടക്കുന്നു. ഒരു മണിക്കൂറിൽ കുറഞ്ഞ സമയംകൊണ്ട് ചൂളയിലെ പ്രവർത്തനങ്ങൾ കഴിഞ്ഞിരിക്കും. 300 ടൺ വീതം ദ്രവരൂപത്തിലുള്ള ഉരുക്ക്—ഇതിനെ ഹീറ്റ് എന്നാണ് വിളിക്കുന്നത്—വലിയ വാഹക തവികളിലേക്കു മാറ്റുന്നു. തുടർന്ന് സങ്കരലോഹങ്ങൾ ചേർത്ത് ഈ ചൂടുലായനി വാർപ്പ് യന്ത്രങ്ങളിൽ ഒഴിക്കുന്നു. അങ്ങനെ ഉരുക്കിന് രൂപം കൈവരുന്നു.▪1200° സെൽഷ്യസ്.ചുട്ടുപഴുത്ത ഉരുക്കിനെ ഉരുളുകൾക്കിടയിൽ വെച്ച് അമർത്തി ആവശ്യമുള്ളത്ര കനത്തിൽ എടുക്കുന്നു. ഈ പ്രവർത്തനം ലോഹത്തെ കാഠിന്യമുള്ളതാക്കുന്നു, തന്മൂലം ഈ ഉരുക്കിനെ തുടർന്നു രൂപപ്പെടുത്താൻ വളരെ ശ്രമം ആവശ്യമാണ്.
▪സാധാരണ താപനില.ഉരുക്ക് വാർത്തെടുത്ത്, മുറിച്ച്, ചൂടാക്കിയോ തണുപ്പിച്ചോ ഉരുളുകൾക്കിടയിലൂടെ കടത്തിവിട്ട്, അമ്ലലായനികളിൽ മുക്കി ശുദ്ധീകരിച്ച് എടുത്തിരിക്കുന്നു. അത് ആവർത്തിച്ചാവർത്തിച്ച് ചൂടാക്കിയതാണ്. ഒടുവിൽ താപം സാധാരണ നിലയിലേക്കു താഴുന്നു. ദ്രവരൂപത്തിലുള്ള ഉരുക്ക് അഥവാ ഹീറ്റ് ഉരുക്കുപാളികളുടെ അടുക്കുകളായി മാറുന്നു. ഒരു ലോഹ പണിപ്പുരയിൽ അതിനെ ഒരു ഓഫീസ് കെട്ടിടത്തിനു വേണ്ട കുഴലുകളാക്കി മാറ്റുന്നു.
ഒരു ഉരുക്കുമില്ലിന്റെ അധികഭാഗവും ഉരുക്കുകൊണ്ടുതന്നെ ഉണ്ടാക്കിയത് ആയതിനാൽ അവ നിർമാണത്തിനിടയിൽ എന്തുകൊണ്ടാണ് ഉരുകിപ്പോകാത്തത്? ചൂളകൾ, ലേഡിൽ കാറുകൾ, കൂറ്റൻ തവികൾ എന്നിവയുടെ ഉൾഭാഗത്ത് ഉരുകിപ്പോകാത്ത, അല്ലെങ്കിൽ താപത്തെ ചെറുത്തുനിൽക്കുന്ന, വസ്തുകൊണ്ട് നിർമിച്ച ഇഷ്ടികകൾ പാകിയിരിക്കുന്നു. അടിസ്ഥാന ഓക്സിജൻ ചൂളയിൽ ഒരു മീറ്റർ കനത്തിൽ ഈ ഇഷ്ടികകൾ പാകണം. എന്നാൽ അതികഠിന ചൂട് ഈ ഇഷ്ടികകളെയും ബാധിക്കുമെന്നതിനാൽ, ഇടയ്ക്കിടയ്ക്ക് അവ മാറ്റി പുതിയവ പാകേണ്ടതുണ്ട്.
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
1. ഇരുമ്പുനിർമാണം
1400° സെൽഷ്യസ് കൽക്കരി → കോക്ക് അടുപ്പുകൾ
↓
1650° സെൽഷ്യസ് ഇരുമ്പയിര് → ബ്ലാസ്റ്റ്
ചുണ്ണാമ്പുകല്ല് → ചൂള
↓
ദ്രവരൂപത്തിലുള്ള ഇരുമ്പ്
2. ഉരുക്കുനിർമാണം ↓
1650° സെൽഷ്യസ് പാഴ് ഇരുമ്പു കഷണങ്ങൾ → അടിസ്ഥാന
ചുണ്ണാമ്പും ഫ്ളക്സും → ഓക്സിജൻ
ഓക്സിജൻ → ചൂള
3.ശീതീകരണം ↓
തുടർച്ചയായ വാർക്കൽ
ഉരുക്കു കട്ടി
ഉരുക്കു ബാർ
ഉരുക്കു സ്ലാബ്
4.അവസാന മിനുക്കുപണി ↓
1200° സെൽഷ്യസ് ഉരുക്ക് ഉരുളുകൾക്കിടയിൽ
ഉരുട്ടി രൂപപ്പെടുത്തുന്നു
(കമ്പികളോ ബീമുകളോ)
സിങ്ക് പൂശുന്നു
ശീതീകരിച്ച് ഉരുളുകൾക്കിടയിലൂടെ കടത്തിവിടുന്നു
ചൂടാക്കി ഉരുളുകൾക്കിടയിലൂടെ കടത്തിവിടുന്നു
സാധാരണ താപനില
[ചിത്രം]
ആളുകളുടെ വലിപ്പം ശ്രദ്ധിക്കുക
[19-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
വാച്ച് ഒഴികെ 19-21 പേജുകളിലെ എല്ലാ ചിത്രങ്ങളും: Courtesy of Bethlehem Steel