പ്രാർഥനയ്ക്ക് എന്നെ എങ്ങനെ സഹായിക്കാനാവും?
യുവജനങ്ങൾ ചോദിക്കുന്നു . . .
പ്രാർഥനയ്ക്ക് എന്നെ എങ്ങനെ സഹായിക്കാനാവും?
“ജീവിതം വീണ്ടും നേർവഴിക്കാക്കാൻ എന്നെ സഹായിച്ചതു പ്രാർഥനയാണ്.”—ബ്രാഡ്. a
അനേകം യുവജനങ്ങൾ—ഒരുപക്ഷേ നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ പേർ—പ്രാർഥിക്കുന്നുണ്ട്. ഐക്യനാടുകളിൽ 13-നും 17-നും ഇടയ്ക്കു പ്രായമുള്ളവരുടെ ഇടയിൽ നടത്തിയ ഒരു ‘ഗാലപ് യുവജന സർവേ’ അവരിൽ 56 ശതമാനം അത്താഴത്തിനു മുമ്പ് പ്രാർഥിക്കാറുണ്ടെന്നു വെളിപ്പെടുത്തി. പ്രായപൂർത്തിയായ യുവജനങ്ങളിൽ നടത്തിയ ഒരു സർവേ അവരിൽ 62 ശതമാനം ദിവസവും പ്രാർഥിക്കാറുണ്ടെന്നു കാണിച്ചു.
എന്നിരുന്നാലും, പല യുവജനങ്ങളെയും സംബന്ധിച്ചിടത്തോളം പ്രാർഥന നിരർഥകമായ ഒരു യാന്ത്രിക കർമം മാത്രമാണ്. ബൈബിൾ പറയുന്ന ‘ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം’ ഉള്ള യുവജനങ്ങൾ വളരെ കുറവാണ്. (കൊലൊസ്സ്യർ 1:9, 10) അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തിൽ ദൈവത്തിന് വലിയ സ്ഥാനമൊന്നും ഇല്ല. ഏതെങ്കിലും ഒരു പ്രധാന തീരുമാനം എടുക്കുന്ന ഘട്ടത്തിൽ സഹായത്തിനായി എപ്പോഴെങ്കിലും ദൈവത്തിലേക്കു തിരിഞ്ഞിട്ടുണ്ടോ എന്ന് ഒരു സർവേയിൽ കൗമാരപ്രായക്കാരോടു ചോദിച്ചപ്പോൾ ഒരു പെൺകുട്ടിയുടെ മറുപടി ഇതായിരുന്നു: “ജീവിതത്തിൽ ശരിയായ വഴികൾ തിരഞ്ഞെടുക്കാനുള്ള മാർഗനിർദേശത്തിനായി ഞാൻ എപ്പോഴും ദൈവത്തോടു പ്രാർഥിക്കാറുണ്ട്.” എന്നാൽ അവൾ ഇപ്രകാരം തുറന്നു സമ്മതിച്ചു: “പക്ഷേ അങ്ങനെ എടുത്ത ഏതെങ്കിലും ഒരു പ്രത്യേക തീരുമാനം ഇപ്പോൾ എന്റെ ഓർമയിലേക്കു വരുന്നില്ല.” പ്രാർഥനയ്ക്കു ശക്തിയുണ്ടെന്നോ അതിന് തങ്ങളെ സഹായിക്കാനാകുമെന്നോ ഉള്ള ബോധ്യം ഇന്ന് അനേകം യുവജനങ്ങൾക്കും ഇല്ലാത്തതിൽ അതിശയമില്ല!
എന്നിരുന്നാലും, തുടക്കത്തിൽ പരാമർശിച്ച ബ്രാഡിനെ പോലുള്ള ആയിരക്കണക്കിനു യുവജനങ്ങൾ പ്രാർഥനയുടെ ശക്തി വ്യക്തിപരമായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങൾക്കും അതിനു കഴിയും! ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുമെന്ന് നമുക്ക് എന്തുകൊണ്ട് ഉറപ്പുണ്ടായിരിക്കാൻ കഴിയുമെന്ന് ഞങ്ങളുടെ ഒരു മുൻ ലേഖനം പ്രകടമാക്കുകയുണ്ടായി. b ഇപ്പോൾ ചോദ്യം ഇതാണ്, പ്രാർഥനയ്ക്ക് നിങ്ങളെ എങ്ങനെ സഹായിക്കാനാവും? ആദ്യം, ദൈവം നമ്മുടെ പ്രാർഥനകൾക്ക് എങ്ങനെ ഉത്തരം നൽകുന്നു എന്നു നോക്കാം.
ദൈവം പ്രാർഥനകൾക്ക് ഉത്തരം നൽകുന്ന വിധം
ബൈബിൾ കാലങ്ങളിൽ ചില വിശ്വസ്ത വ്യക്തികളുടെ പ്രാർഥനകൾക്ക് നേരിട്ട്, ചിലപ്പോൾ അത്ഭുതകരമായി പോലും ഉത്തരങ്ങൾ ലഭിച്ചു. ഉദാഹരണത്തിന്, തനിക്കു മാരക രോഗമാണെന്നു മനസ്സിലാക്കിയ ഹിസ്കീയാ രാജാവ് രോഗസൗഖ്യത്തിനായി ദൈവത്തോട് അപേക്ഷിച്ചു. ദൈവം ഇങ്ങനെ പ്രതിവചിച്ചു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൌഖ്യമാക്കും.” (2 രാജാക്കന്മാർ 20:1-6) ദൈവഭയമുള്ള മറ്റു സ്ത്രീപുരുഷന്മാരുടെ കാര്യത്തിലും ദൈവം നേരിട്ട് ഇടപെട്ടിട്ടുണ്ട്.—1 ശമൂവേൽ 1:1-20; ദാനീയേൽ 10:2-12; പ്രവൃത്തികൾ 4:24-31; 10:1-7.
എന്നാൽ, ബൈബിൾ കാലങ്ങളിൽ പോലും ദൈവം എല്ലായ്പോഴും നേരിട്ട് ഇടപെട്ടിരുന്നില്ല. മിക്ക സന്ദർഭങ്ങളിലും ദൈവം തന്റെ ദാസർക്ക് ഉത്തരം കൊടുത്തിരുന്നത് അത്ഭുതകരമായി ഇടപെട്ടുകൊണ്ടല്ല, മറിച്ച് ‘ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരാൻ’ കൊലൊസ്സ്യർ 1:9, 10) അതേ, തന്റെ ജനത്തെ ആത്മീയമായും ധാർമികമായും ശക്തീകരിച്ചുകൊണ്ട് ദൈവം അവരെ സഹായിച്ചു. ബുദ്ധിപൂർവകമായ തീരുമാനങ്ങൾ എടുക്കാനുള്ള ജ്ഞാനവും വിവേകവും അവൻ അവർക്കു നൽകി. ക്രിസ്ത്യാനികൾ പ്രയാസ സാഹചര്യങ്ങളെ നേരിട്ടപ്പോഴെല്ലാം ദൈവം അവശ്യം ആ പരിശോധനകളെ നീക്കിക്കളഞ്ഞിരുന്നില്ല. മറിച്ച് അവയെ സഹിച്ചുനിൽക്കാൻ കഴിയേണ്ടതിന് അവൻ അവർക്കു “സാധാരണയിലും കവിഞ്ഞ ശക്തി” പ്രദാനം ചെയ്തു!—2 കൊരിന്ത്യർ 4:7, NW; 2 തിമൊഥെയൊസ് 4:17.
അവരെ സഹായിച്ചുകൊണ്ടാണ്. (സമാനമായി ഇന്ന്, വളരെ നാടകീയമായ വിധത്തിൽ അല്ലായിരിക്കാം നിങ്ങളുടെ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്നത്. എന്നാൽ മുൻകാലങ്ങളിൽ ചെയ്തതു പോലെ ദൈവത്തിന് തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നൽകാനും ഏതു സാഹചര്യത്തെയും കൈകാര്യം ചെയ്യാൻ നിങ്ങളെ ശക്തീകരിക്കാനും കഴിയും. (ഗലാത്യർ 5:22, 23) ദൃഷ്ടാന്തമെന്ന നിലയിൽ, പ്രാർഥനയ്ക്കു നിങ്ങളെ സഹായിക്കാൻ കഴിയുന്ന നാലു വിധങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.
തീരുമാനങ്ങൾ എടുക്കാൻ സഹായം
ഉയർന്ന ആത്മീയ ലക്ഷ്യങ്ങൾ ഉള്ളതായി തോന്നിയ ഒരു യുവാവുമായി കാരെൻ ഡേറ്റിങ്ങിൽ ഏർപ്പെട്ടു. “സഭയിൽ ഒരു മൂപ്പൻ ആയിത്തീരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അയാൾ എപ്പോഴും എന്നോടു പറയുമായിരുന്നു,” അവൾ പറയുന്നു. അതിനൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ “താൻ തുടങ്ങാൻ പോകുന്ന ബിസിനസ്സിനെ കുറിച്ചും അതു തുടങ്ങിക്കഴിഞ്ഞാൽ എനിക്ക് എന്തൊക്കെ സാധനങ്ങൾ വാങ്ങിത്തരാൻ കഴിയുമെന്നതിനെ കുറിച്ചുമൊക്കെ അയാൾ ഒരുപാടു സംസാരിച്ചിരുന്നു. അയാളുടെ ആത്മാർഥത സംബന്ധിച്ച് എനിക്കു സംശയം തോന്നിത്തുടങ്ങി.” കാരെൻ അതേക്കുറിച്ചു പ്രാർഥിച്ചു. “എന്റെ കണ്ണു തുറക്കാനും അയാളെ കുറിച്ച് ഞാൻ അറിയേണ്ടതെല്ലാം എന്നെ കാണിച്ചുതരാനും ഞാൻ യഹോവയോടു യാചിച്ചു.”
ചില സമയങ്ങളിൽ പ്രാർഥന എന്ന ക്രിയതന്നെ പ്രയോജനകരമാണ്. കാരണം, ഒരു സംഗതി സംബന്ധിച്ച് യഹോവയുടെ വീക്ഷണം എന്താണ് എന്നതിനെ കുറിച്ചു ചിന്തിക്കാൻ അതു നിങ്ങളെ സഹായിക്കും. എന്നാൽ കാരെനു പ്രായോഗിക ബുദ്ധിയുപദേശവും ആവശ്യമായിരുന്നു. അവൾക്ക് അത്ഭുതകരമായ ഒരു ഉത്തരം ലഭിക്കുമായിരുന്നോ? ശരി, ദാവീദു രാജാവിനെ കുറിച്ചുള്ള ഒരു ബൈബിൾ വിവരണം പരിചിന്തിക്കുക. തന്റെ വിശ്വസ്ത സുഹൃത്തായ അഹീഥോഫെൽ മത്സരിയായ തന്റെ മകൻ അബ്ശാലോമിന്റെ ഉപദേഷ്ടാവ് ആയിത്തീർന്നുവെന്നു മനസ്സിലാക്കിയപ്പോൾ അവൻ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ.” (2 ശമൂവേൽ 15:31) എന്നാൽ ദാവീദ് തന്റെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്തു. “അഹീഥോഫെലിന്റെ ആലോചനയെ വ്യർത്ഥമാക്കുവാൻ” ഉള്ള ദൗത്യം അവൻ സുഹൃത്തായ ഹൂശായിയെ ഏൽപ്പിച്ചു. (2 ശമൂവേൽ 15:34) സമാനമായ ഒരു വിധത്തിൽ കാരെനും തന്റെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിച്ചു. താൻ ഡേറ്റിങ്ങിൽ ഏർപ്പെട്ടിരുന്ന ചെറുപ്പക്കാരനെ അറിയാമായിരുന്ന പക്വതയുള്ള ഒരു ക്രിസ്തീയ മൂപ്പനുമായി അവൾ സംസാരിച്ചു. അവൾ ഭയപ്പെട്ടിരുന്ന സംഗതി അദ്ദേഹം സ്ഥിരീകരിച്ചു: അയാൾ യാതൊരു ആത്മീയ അഭിവൃദ്ധിയും വരുത്തിയിരുന്നില്ല.
കാരെൻ പറയുന്നു: “ആ സംഭവം ശരിക്കും പ്രാർഥനയുടെ ശക്തിക്കു നേരെ എന്റെ കണ്ണു തുറപ്പിച്ചു.” സങ്കടകരമെന്നു പറയട്ടെ, അവൾ മുമ്പ് ഡേറ്റിങ്ങിൽ ഏർപ്പെട്ടിരുന്ന വ്യക്തി ദൈവസേവനം ഉപേക്ഷിച്ച് പണത്തിനു പിന്നാലെ പോയി. “അയാളെ വിവാഹം ചെയ്തിരുന്നെങ്കിൽ ഇന്ന് ഒരുപക്ഷേ ഞാൻ ഒറ്റയ്ക്കായിരുന്നേനെ യോഗങ്ങൾക്കു വരുന്നത്,” കാരെൻ കൂട്ടിച്ചേർക്കുന്നു. ജ്ഞാനപൂർവകമായ ഒരു തീരുമാനം എടുക്കാൻ പ്രാർഥന കാരെനെ സഹായിച്ചു.
വികാരങ്ങളെ നിയന്ത്രിക്കുന്നതിനു സഹായം
“മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 29:11 പറയുന്നു. ഇന്ന് അനേകരും കടുത്ത വൈകാരിക സമ്മർദം അനുഭവിക്കുന്നതിനാൽ പലപ്പോഴും അവർക്കു സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നതാണു പ്രശ്നം. ചിലപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ വിപത്കരമായിരുന്നേക്കാം. യുവാവായ ബ്രയൻ ഒരു സംഭവം അനുസ്മരിക്കുന്നു: “ഒരു സഹജോലിക്കാരനുമായി എനിക്കു ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം അയാൾ കത്തിയുമായി എന്റെ നേരെ വന്നു.” ആ സാഹചര്യത്തിൽ നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? ബ്രയൻ ദൈവത്തോടു പ്രാർഥിച്ചു. അവൻ പറയുന്നു: “ശാന്തനായിരിക്കാൻ യഹോവ എന്നെ സഹായിച്ചു. എന്തൊക്കെയോ പറഞ്ഞ് ഞാൻ അയാളെ പിന്തിരിപ്പിച്ചു. അയാൾ കത്തി താഴെയിട്ടിട്ടു നടന്നുപോയി.” വികാരങ്ങളെ നിയന്ത്രിച്ചത് കോപിക്കാതിരിക്കാൻ ബ്രയനെ സഹായിച്ചു. സാധ്യതയനുസരിച്ച്, അതാണ് അവന്റെ ജീവൻ രക്ഷിച്ചത്.
ആരെങ്കിലും കത്തി കാട്ടി ഭയപ്പെടുത്തുന്ന ഒരു സാഹചര്യം നിങ്ങൾക്ക് ഒരുപക്ഷേ വന്നെന്നിരിക്കില്ല. എന്നാൽ വികാരങ്ങളെ നിയന്ത്രിക്കേണ്ടതായ അനവധി സാഹചര്യങ്ങൾ ജീവിതത്തിൽ നിങ്ങൾക്കു നേരിടേണ്ടി വരും. ശാന്തത കൈവിടാതിരിക്കാൻ പ്രാർഥനയ്ക്കു നിങ്ങളെ സഹായിക്കാനാകും.
ഉത്കണ്ഠപ്പെടാതിരിക്കാൻ സഹായം
ഏതാനും വർഷം മുമ്പ് “പ്രയാസകരമായ ഒരു സമയത്തെ അഭിമുഖീകരിച്ചത്” ബാർബറ ഓർക്കുന്നു. അവൾ പറയുന്നു: “എന്റെ ജോലി, കുടുംബം, സുഹൃദ്ബന്ധങ്ങൾ—എല്ലാം താളം തെറ്റുന്നതുപോലെ എനിക്കു തോന്നി. എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.” പ്രാർഥിക്കാനാണ് ബാർബറയ്ക്കു സ്വാഭാവികമായി തോന്നിയത്. എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു. “യഹോവയോട് എന്താണു പ്രാർഥിക്കേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു,” അവൾ പറയുന്നു. “ഒടുവിൽ മനസ്സമാധാനത്തിനായി ഞാൻ പ്രാർഥിച്ചു. അമിതമായി ഉത്കണ്ഠപ്പെടാതിരിക്കാൻ എന്നെ സഹായിക്കുന്നതിന് എന്നും രാത്രി ഞാൻ അവനോട് അപേക്ഷിച്ചു.”
ആ പ്രാർഥന എങ്ങനെയാണ് അവളെ സഹായിച്ചത്? അവൾ പറയുന്നു: “ഏതാനും ദിവസം കഴിഞ്ഞപ്പോൾ, ഫിലിപ്പിയർ 4:6, 7.
എന്റെ പ്രശ്നങ്ങൾ മാറിക്കിട്ടിയില്ലെങ്കിലും അവയെ കുറിച്ച് മുമ്പത്തേതു പോലെ ഞാൻ വിഷമിക്കുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യുന്നില്ല എന്നു ഞാൻ കണ്ടെത്തി.” ബൈബിൾ വാഗ്ദാനം ചെയ്യുന്നു: “നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.”—ദൈവത്തോട് അടുക്കാൻ സഹായം
യുവാവായ പോളിന്റെ അനുഭവം എടുക്കുക. അവൻ പറയുന്നു: “ഞാൻ ചില ബന്ധുക്കളോടൊപ്പം താമസം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഒരു രാത്രി ഞാൻ അങ്ങേയറ്റം വിഷാദചിത്തനായി. ഞാൻ ഹൈസ്കൂളിൽനിന്നു പാസായത് ആയിടെ ആയിരുന്നു. എന്റെ കൂട്ടുകാരെയെല്ലാം വിട്ടുപിരിഞ്ഞതിൽ എനിക്കു വളരെ വിഷമം തോന്നി. ഞങ്ങൾ ഒരുമിച്ച് സന്തോഷപൂർവം ചെലവിട്ട നാളുകളെ കുറിച്ച് ഓർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.” പോളിന് എന്തു ചെയ്യാൻ കഴിയുമായിരുന്നു? അന്ന് ആദ്യമായി പോൾ ഉള്ളുരുകി പ്രാർഥിച്ചു. അവൻ പറയുന്നു: “ഞാൻ യഹോവയുടെ മുമ്പാകെ ഹൃദയം പകരുകയും ശക്തിക്കും മനസ്സമാധാനത്തിനുമായി അവനോട് അപേക്ഷിക്കുകയും ചെയ്തു.”
എന്തായിരുന്നു ഫലം? പോൾ അനുസ്മരിക്കുന്നു: “പിറ്റേന്നു രാവിലെ എഴുന്നേറ്റപ്പോൾ ജീവിതത്തിൽ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരുതരം സമാധാനം എനിക്ക് അനുഭവപ്പെട്ടു. മനസ്സിന്റെ തീവ്രവേദനയുടെ സ്ഥാനത്ത് ‘സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം.’” മനസ്സ് ശാന്തമായപ്പോൾ വികാരപരമായല്ല, മറിച്ച് വിവേകപൂർവം കാര്യങ്ങളെ വിലയിരുത്താൻ പോളിനു കഴിഞ്ഞു. ‘ആ പഴയ നല്ല നാളുകൾ’ അത്രകണ്ട് നല്ലതായിരുന്നില്ല എന്നു പെട്ടെന്നുതന്നെ അവനു ബോധ്യമായി. (സഭാപ്രസംഗി 7:10) ആരെ വിട്ടുപിരിയാനാണോ അവന് വളരെയധികം വിഷമം തോന്നിയത് ആ “കൂട്ടുകാർ” വാസ്തവത്തിൽ അവന്റെമേൽ അത്ര നല്ല സ്വാധീനം അല്ലായിരുന്നു.
സർവോപരി, വ്യക്തിപരമായ ഒരു വിധത്തിൽ പോൾ യഹോവയുടെ കരുതൽ അനുഭവിച്ചു. “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്ന യാക്കോബ് 4:8-ലെ വാക്കുകളുടെ സത്യത അവൻ മനസ്സിലാക്കി. പോളിന് ഇത് ഒരു വലിയ വഴിത്തിരിവ് ആയിരുന്നു. ജീവിതത്തിൽ മറ്റെന്തിനെക്കാളും വലിയ സ്ഥാനം യഹോവയ്ക്കു നൽകാനും തന്റെ ജീവിതം അവനു സമർപ്പിക്കാനും ഇത് അവനെ പ്രേരിപ്പിച്ചു.
ദൈവത്തോടു സംസാരിക്കുക!
ഈ നല്ല അനുഭവങ്ങളെല്ലാം പ്രാർഥനയ്ക്കു നിങ്ങളെ സഹായിക്കാനാവും എന്ന ഉറപ്പു നൽകുന്നു. തീർച്ചയായും ദൈവത്തെ അറിയാനും അവനുമായി സൗഹൃദം നട്ടുവളർത്താനും ആത്മാർഥമായി ശ്രമിക്കുന്നെങ്കിലേ അതു സത്യമായിരിക്കൂ. സങ്കടകരമെന്നു പറയട്ടെ, പല യുവജനങ്ങളും അങ്ങനെ ചെയ്യുന്നതിൽ അമാന്തം കാട്ടുന്നു. കരിസ ഒരു ക്രിസ്തീയ കുടുംബത്തിലാണു വളർന്നു വന്നത്. എന്നാൽ അവൾ ഇങ്ങനെ തുറന്നു പറയുന്നു: “യഹോവയുമായുള്ള നമ്മുടെ അനുപമമായ ബന്ധം എത്ര അമൂല്യമാണെന്ന് ഞാൻ പൂർണമായി ഗ്രഹിച്ചത് കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ടു മാത്രമാണ് എന്നു തോന്നുന്നു.” തുടക്കത്തിൽ പരാമർശിച്ച ബ്രാഡ് ഒരു ക്രിസ്ത്യാനിയായാണു വളർത്തപ്പെട്ടതെങ്കിലും കുറെ വർഷത്തേക്കു സത്യാരാധനയിൽനിന്നു വീണുപോയി. “എനിക്കു നഷ്ടപ്പെട്ടത് എന്താണെന്നു മനസ്സിലാക്കിയപ്പോൾ മാത്രമാണ് ഞാൻ യഹോവയിലേക്കു തിരിഞ്ഞത്. അവനുമായുള്ള ബന്ധം ഇല്ലാത്ത ജീവിതം എത്ര അർഥശൂന്യവും പാഴുമാണെന്ന് ഇപ്പോൾ എനിക്ക് അറിയാം” എന്ന് അവൻ പറയുന്നു.
എന്നാൽ ഒരു പ്രതിസന്ധി നേരിടട്ടെ, അപ്പോൾ ദൈവത്തോട് അടുക്കാം എന്നു കരുതരുത്. അവനുമായി ക്രമമായി സംസാരിച്ചുകൊണ്ട് ഇപ്പോൾത്തന്നെ അവനോട് അടുക്കാൻ തുടങ്ങുക! (ലൂക്കൊസ് 11:9-13) ‘നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുക.’ (സങ്കീർത്തനം 62:8) പ്രാർഥനയ്ക്ക് നിങ്ങളെ യഥാർഥത്തിൽ സഹായിക്കാൻ കഴിയുമെന്നു നിങ്ങൾ പെട്ടെന്നുതന്നെ മനസ്സിലാക്കും! (g01 7/22)
[അടിക്കുറിപ്പുകൾ]
a ചിലത് യഥാർഥ പേരുകളല്ല.
b ഉണരുക!യുടെ 2001 ജൂലൈ 8 ലക്കത്തിൽ വന്ന “യുവജനങ്ങൾ ചോദിക്കുന്നു . . . ദൈവം എന്റെ പ്രാർഥനകൾ കേൾക്കുമോ?” എന്ന ലേഖനം കാണുക.
[15-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
പ്രാർഥനയ്ക്ക് നിങ്ങളെ സഹായിക്കാൻ കഴിയുന്ന ചില വിധങ്ങൾ
● മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ
● സമ്മർദത്തിൻ കീഴിൽ ശാന്തരായിരിക്കാൻ
● ഉത്കണ്ഠയിൽനിന്ന് ആശ്വാസം നേടാൻ
● ദൈവത്തോട് അടുക്കാൻ