മാതാപിതാക്കൾ ഉപേക്ഷിച്ചു എന്നാൽ ദൈവം സ്നേഹിച്ചു
മാതാപിതാക്കൾ ഉപേക്ഷിച്ചു എന്നാൽ ദൈവം സ്നേഹിച്ചു
ബർണാഡെറ്റ് ഫിൻ പറഞ്ഞപ്രകാരം
എന്റെ മൂന്ന് സഹോദരിമാരോടൊപ്പം എന്നെ മഠത്തിൽ കൊണ്ടുചെന്നാക്കുമ്പോൾ എനിക്ക് നാലു വയസ്സു പോലും തികഞ്ഞിരുന്നില്ല. ചേച്ചിമാരായ ബിർഡിക്ക് 12 വയസ്സും ഫിലിസിന് 8 വയസ്സും അന്നമേക്ക് 7 വയസ്സും ആയിരുന്നു അന്ന്. ആഴ്ചകളോളം അമ്മയെയും അച്ഛനെയും വിളിച്ച് ഞാൻ നിറുത്താതെ കരഞ്ഞത് അവർ ഇന്നും ഓർക്കുന്നു. ഞങ്ങളെ അവിടെ കൊണ്ടുപോയി ആക്കിയത് എന്തിനെന്നല്ലേ? പറയാം.
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിയാറ് മേയ് 28-നാണ് ഞാൻ ജനിച്ചത്. വലിയൊരു കത്തോലിക്കാ കുടുംബത്തിലെ എട്ടാമത്തെ കുട്ടിയായിട്ട്. മാതാപിതാക്കളോടൊപ്പം ഞങ്ങൾ എല്ലാവരും അയർലൻഡിലെ കൗണ്ടി വെക്സ്ഫോർഡിലുള്ള ഒരു കൊച്ചു വീട്ടിലായിരുന്നു താമസം. വലിയൊരു കിടക്കയിൽ ഏഴ് സഹോദരീസഹോദരന്മാരോടൊപ്പമാണ് ഞാൻ ഉറങ്ങിയിരുന്നത്. താമസിയാതെ എനിക്ക് ഒരു സഹോദരനും സഹോദരിയും കൂടെ ജനിച്ചു. അവരെ കിടത്തിയുറക്കിയിരുന്നത് എവിടെയാണെന്നോ? വസ്ത്രങ്ങൾ സൂക്ഷിക്കുന്ന മേശയുടെ വലിപ്പുകളിൽ.
ഞങ്ങളുടെ പിതാവ് കഠിനാധ്വാനിയായ ഒരു കർഷകനായിരുന്നു. അദ്ദേഹത്തിനു ലഭിച്ചിരുന്ന കൂലി വളരെ തുച്ഛമായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ആവശ്യത്തിന് ആഹാരം ഉണ്ടായിരുന്നില്ല. എന്റെ മൂത്ത സഹോദരീസഹോദരന്മാർ സ്കൂളിൽ പോകുമ്പോൾ ഭക്ഷണം കൊടുത്തുവിടാൻ വല്ലപ്പോഴും മാത്രമേ അമ്മയ്ക്കു കഴിഞ്ഞിരുന്നുള്ളൂ. കത്തോലിക്കാ സഭയുടെ നിർദയമായ ഭരണാധിപത്യത്തിന്റെ പിടിയിലായിരുന്ന അയർലൻഡിൽ അന്ന് പൊതുവെ ദാരിദ്ര്യമായിരുന്നു. അതായിരുന്നു ഞങ്ങളുടെ ആ ദുരവസ്ഥയ്ക്കു പ്രധാന കാരണം.
പതിവായി പള്ളിയിൽ പോയിരുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടേതെങ്കിലും, അമ്മയ്ക്ക് ആത്മീയ കാര്യങ്ങളിൽ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, തീ കായുന്ന സ്ഥലത്തിരുന്ന് അമ്മ ചില മത പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതു കണ്ടിട്ടുള്ളതായി ചേച്ചിമാർക്ക് ഓർമയുണ്ട്. വായിച്ച കാര്യങ്ങൾ അമ്മ ഞങ്ങൾക്കു വിവരിച്ചു തരുമായിരുന്നു.
“എന്റെ അമ്മ എവിടെ?”
മഠത്തിലേക്ക് എന്നെ കൊണ്ടുപോയ ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. അച്ഛനും അമ്മയും ഇടനാഴിയിൽ നിന്നുകൊണ്ട് ഒരു കന്യാസ്ത്രീയോട് വളരെ ഗൗരവത്തിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. കാര്യമൊന്നുമറിയാതെ ഞാൻ സന്തോഷത്തോടെ അവിടെ ഉണ്ടായിരുന്ന മറ്റു ചില കൊച്ചു പെൺകുട്ടികളോടൊപ്പം കളിക്കാൻ തുടങ്ങി. പെട്ടെന്നു ഞാൻ ചുറ്റും നോക്കി. അച്ഛനെയും അമ്മയെയും കാണാനില്ല. “എന്റെ അമ്മ എവിടെ?” തൊണ്ട പൊട്ടുമാറ് ഞാൻ അലറിക്കരഞ്ഞു. തുടക്കത്തിൽ പറഞ്ഞതുപോലെ, ആഴ്ചകളോളം ഞാൻ അതു തുടർന്നു.
മൂന്നു ചേച്ചിമാർ ഒപ്പമുണ്ടായിരുന്നത് അൽപ്പം ആശ്വാസമായിരുന്നു. എന്നാൽ അവർ മഠത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നതുകൊണ്ട് അവരുമായി എനിക്ക് അത്രയധികം സമ്പർക്കം ഉണ്ടായിരുന്നില്ല. കുറേക്കൂടെ ചെറിയ കുട്ടികളായിരുന്ന ഞങ്ങൾ കിടന്ന് രണ്ടു മണിക്കൂർ കഴിഞ്ഞാണ് അവരെ ഉറങ്ങാൻ വിട്ടിരുന്നത്. അവർ കിടക്കാൻ പോകുന്നതുവരെ ഞാൻ ഉണർന്നിരിക്കുമായിരുന്നു. പിന്നെ പതുങ്ങിപ്പതുങ്ങി ഞാൻ മുകളിലേക്കു പോകും, അപ്പുറത്തുനിന്ന് ചേച്ചിമാർ എന്നെ കൈവീശിക്കാണിക്കും. ആ വിലയേറിയ നിമിഷങ്ങൾക്കായി ഓരോ ദിവസവും ഞാൻ കാത്തിരിക്കുമായിരുന്നു.
മാതാപിതാക്കളുമായി സമ്പർക്കം പുലർത്തുന്നതിനെ മഠത്തിലുള്ളവർ പ്രോത്സാഹിപ്പിച്ചിരുന്നില്ല, അതുകൊണ്ട് അമ്മയെയും അച്ഛനെയും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞതുമില്ല. ആ വേർപാട് എന്നെ വളരെയധികം തളർത്തി. അച്ഛനും അമ്മയും ഒരു തവണ ഞങ്ങളെ കാണാൻ വന്നതായി ഞാൻ ഓർക്കുന്നുണ്ട്. എന്നാൽ ഞാൻ അവരുടെ അടുക്കലേക്കു ചെന്നില്ല, അവർ എന്നെ കാണാനും ശ്രമിച്ചില്ല. അവർ പിന്നീടും ഏതാനും തവണ വന്നതായി ചേച്ചിമാർ പറയുന്നു.
കാലം കടന്നുപോയതോടെ, മഠം എന്റെ കുടുംബമായി, എന്റെ ഭവനമായി, എന്റെ ലോകമായി. അവിടെ താമസിച്ച 12 വർഷത്തിനിടയിൽ രണ്ടു പ്രാവശ്യം മാത്രമേ ഞാൻ പുറംലോകം കണ്ടിട്ടുള്ളൂ. അതു വിനോദയാത്രയ്ക്കായി ഞങ്ങളെ അടുത്തുള്ള നാട്ടിൻപുറത്തേക്കു കൊണ്ടുപോയപ്പോഴായിരുന്നു. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ആവേശജനകമായ അനുഭവമായിരുന്നു, ഞങ്ങൾ മരങ്ങളെയും മൃഗങ്ങളെയുമൊക്കെ കണ്ടാസ്വദിച്ചു. ഞങ്ങൾ ഒരിക്കലും കാറോ ബസോ കടകളോ ഒന്നും കണ്ടിരുന്നില്ല, പുരുഷന്മാരെ പോലും. ആകെക്കൂടി കണ്ടിരുന്നത് അവിടത്തെ വൈദികനെയാണ്.
മഠത്തിലെ ജീവിതം
മഠത്തിലെ ജീവിതത്തിന് നല്ലതും മോശവുമായ രണ്ടു വശങ്ങൾ ഉണ്ടായിരുന്നു. അവിടെ യുവതിയായ ഒരു നല്ല കന്യാസ്ത്രീ ഉണ്ടായിരുന്നു. അറിയാവുന്ന വിധത്തിലൊക്കെ ദൈവത്തെ കുറിച്ച് അവർ ഞങ്ങളെ പഠിപ്പിച്ചു. ദൈവം സ്നേഹവാനായ ഒരു പിതാവാണെന്ന് അവർ ഞങ്ങൾക്കു പറഞ്ഞുതന്നു. അത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. അന്നുമുതൽ ദൈവത്തെ എന്റെ പിതാവായി കരുതാൻ ഞാൻ ഉറപ്പിച്ചു. കാരണം എന്റെ ജഡിക പിതാവിനെക്കാൾ സ്നേഹവും കരുണയും ഉള്ളവനാണ് അവൻ എന്ന് എനിക്കു തോന്നി. അതിൽപ്പിന്നെ ഞാൻ ദൈവത്തോട് പ്രാർഥനയിൽ എന്റേതായ രീതിയിൽ, കുട്ടികളെ പോലെ പലതും സംസാരിക്കുമായിരുന്നു. ആയിടെ, നേരത്തേ പറഞ്ഞ ആ കന്യാസ്ത്രീ മഠം വിട്ടു പോയി. അതിൽ എനിക്കു വല്ലാത്ത സങ്കടം തോന്നി.
എനിക്ക് നല്ല അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചു, അതിൽ ഞാൻ കൃതജ്ഞതയുള്ളവളാണ്. എന്നിരുന്നാലും, ഒരു കാര്യം ഞാൻ ഓർക്കുന്നു. മഠത്തിൽ പഠിക്കാനായി ദിവസവും വീട്ടിൽനിന്ന് വന്നുപോകുന്ന കുട്ടികൾ ഉണ്ടായിരുന്നു. “ഡേ ഗേൾസ്” എന്നാണ് അവരെ വിശേഷിപ്പിച്ചിരുന്നത്. സമ്പന്ന കുടുംബത്തിലെ കുട്ടികളായിരുന്നു അവർ. ഈ കുട്ടികൾ വരുമ്പോൾ ഞങ്ങൾ ക്ലാസ്മുറി വിട്ടു പോകണമായിരുന്നു. ഞങ്ങൾ വെറും അനാഥരാണെന്നും അതുകൊണ്ട് അങ്ങനെയൊരു ചിന്തയോടെ വേണം എപ്പോഴും പെരുമാറാനെന്നും കന്യാസ്ത്രീകൾ ഞങ്ങളെ കൂടെക്കൂടെ ഓർമിപ്പിക്കുമായിരുന്നു.
മഠത്തിൽ പല ചിട്ടകളും ഉണ്ടായിരുന്നു. ചിലത് ന്യായമായവ ആയിരുന്നു. അതുകൊണ്ടുതന്നെ അവ ആവശ്യമാണെന്ന ബോധ്യവും ഞങ്ങൾക്കുണ്ടായിരുന്നു. പെരുമാറ്റരീതികളും നല്ല ശീലങ്ങളും ഉൾപ്പെടെ പ്രയോജനപ്രദമായ പല കാര്യങ്ങളും മഠത്തിൽനിന്ന് എനിക്കു പഠിക്കാൻ സാധിച്ചു. ഒരിക്കലും ഞാൻ അവ മറന്നുകളഞ്ഞിട്ടില്ല, അവ ജീവിതത്തിലുടനീളം എനിക്കു പ്രയോജനം ചെയ്തിട്ടുമുണ്ട്. എന്നാൽ ചില നിയമങ്ങൾ തീർത്തും അനാവശ്യവും അന്യായവും ആയിരുന്നു. മറ്റു ചിലതാകട്ടെ, ആശയക്കുഴപ്പത്തിലാക്കുന്നതും മാനസികമായി തകർക്കുന്നതും ആയിരുന്നു. അത്തരത്തിൽ ഒന്നായിരുന്നു, രാത്രിയിൽ കിടക്ക നനച്ചാലുള്ള ശിക്ഷ. മറ്റൊന്ന് രാത്രിയിൽ കക്കൂസിൽ പോകുന്നതിനും.
ഒരു ദിവസം ഗോവണി കയറിപ്പോകുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയോടു ഞാൻ വർത്തമാനം പറഞ്ഞു. ഒരു കന്യാസ്ത്രീ എന്നെ തിരിച്ചുവിളിച്ചിട്ട് വർത്തമാനം പറഞ്ഞതിന് ശിക്ഷ നൽകി. ശിക്ഷ എന്തായിരുന്നെന്നോ? അയർലൻഡിലെ ആ കൊടും തണുപ്പു കാലം മുഴുവൻ വേനൽക്കാലവസ്ത്രങ്ങളും ധരിച്ചു കഴിയുക എന്നത്! എപ്പോഴും അസുഖം വരുന്ന പ്രകൃതമായിരുന്നു എന്റേത്. കൂടെക്കൂടെ എനിക്ക് വലിവും ടോൺസിലൈറ്റിസും വരുമായിരുന്നു. എന്റെ അസുഖം മൂർച്ഛിച്ചു, മഠത്തിലെ മറ്റനേകം കുട്ടികളെ പോലെ എനിക്കും ക്ഷയരോഗം ബാധിച്ചു. ഒരു പ്രത്യേക മുറിയിലായിരുന്നു ഞങ്ങളെ പാർപ്പിച്ചത്. എന്നാൽ യാതൊരുവിധ വൈദ്യചികിത്സയും ഞങ്ങൾക്കു ലഭിച്ചില്ല. തന്മൂലം എന്റെ അടുത്ത കൂട്ടുകാരി ഉൾപ്പെടെ പലരും മരിച്ചു.
ചെറിയ പിശകുകൾ വരുത്തിയതിന് ഞങ്ങളിൽ ചിലർക്ക് കടുത്ത ശിക്ഷ ലഭിച്ചിട്ടുണ്ട്. ഒരിക്കൽ അസംബ്ലിയുടെ സമയത്ത് ഞങ്ങളുടെയെല്ലാം മുന്നിൽവെച്ച് കന്യാസ്ത്രീ ഒരു പെൺകുട്ടിയെ രണ്ടു മണിക്കൂറിലധികം തല്ലി. ഞങ്ങൾ എല്ലാവരും അതു കണ്ട് കരഞ്ഞു. എന്നാൽ എല്ലാ കന്യാസ്ത്രീകളും അത്രയ്ക്ക് നിർദയരല്ലായിരുന്നു. എങ്കിലും, നിസ്സഹായരായ കുട്ടികളോട് ഒരു വ്യക്തിക്ക് ഇത്രയധികം ക്രൂരത കാണിക്കാൻ എങ്ങനെ മനസ്സുവരുന്നു എന്ന് ഞാൻ ഇപ്പോഴും ചിന്തിക്കാറുണ്ട്. ഒരിക്കലും എനിക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല.
കുറച്ചു കാലം കഴിഞ്ഞപ്പോൾ ബിർഡിയും ഫിലിസും മഠം വിട്ടുപോയി. ഞാനും അന്നമേയും മാത്രം അവശേഷിച്ചു. എനിക്ക് അന്നമേയും അന്നമേക്കു ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നമേ പല കഥകളും പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും. അച്ഛനും അമ്മയും വന്ന് മഠത്തിലെ കന്യാസ്ത്രീകൾക്ക് ആർക്കും കണ്ടുപിടിക്കാനാകാത്ത ഒരിടത്തേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകും എന്നൊക്കെ അവൾ പറയും. അന്നമേയും കൂടി മഠം വിട്ടപ്പോൾ ഞാൻ ആകെ തകർന്നുപോയി. അതിനുശേഷം മൂന്നു വർഷം കൂടെ ഞാൻ അവിടെ കഴിഞ്ഞു.
പുറത്തു ജീവിക്കാൻ പഠിക്കുന്നു
പതിനാറു വയസ്സുള്ളപ്പോഴാണ് ഞാൻ മഠം വിട്ടുപോകുന്നത്. പേടിപ്പെടുത്തുന്ന ഒരനുഭവമായിരുന്നു അത്. മഠത്തിന്റെ ചുവരുകൾക്ക് അപ്പുറത്തുള്ള ലോകത്തെ കുറിച്ച് എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. എനിക്ക് ആകെ അങ്കലാപ്പ് തോന്നി. ബസ്സിൽ കയറിയപ്പോൾ എന്നോട് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു, എന്നാൽ അത് എന്തിനാണെന്ന് എനിക്കു പിടികിട്ടിയില്ല. എന്റെ പക്കൽ പണം ഇല്ലാതിരുന്നതിനാൽ അവർ എന്നെ ബസ്സിൽനിന്ന് ഇറക്കിവിട്ടു. പിന്നെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ എനിക്കു നടക്കേണ്ടിവന്നു. മറ്റൊരു സന്ദർഭത്തിൽ എനിക്ക് ഒരു ബസ്സിൽ പോകണമായിരുന്നു, എന്നാൽ ബസ് ഒന്നും വന്നില്ല. ബസ് സ്റ്റോപ്പിൽ ചെന്നാലേ ബസ് കിട്ടൂ എന്ന് എനിക്കറിയില്ലായിരുന്നു.
ഒടുവിൽ, ഞാൻ അൽപ്പം ശക്തിയും ധൈര്യവുമൊക്കെ സംഭരിച്ചു. എന്താണ് ചെയ്യേണ്ടത് എന്ന് ക്രമേണ എനിക്കു മനസ്സിലായി. ഞാൻ ഒരു ചെറിയ ജോലി തരപ്പെടുത്തി. ഏതാനും മാസങ്ങൾ ജോലി ചെയ്തു കഴിഞ്ഞപ്പോൾ, എനിക്ക് അമ്മയെ കാണണമെന്നു തോന്നി. വീട്ടിലേക്കു
മടങ്ങിപ്പോകാൻ ഞാൻ തീരുമാനിച്ചു. വീട്ടിൽ ചെന്നപ്പോൾ എന്റെ ഇളയ സഹോദരങ്ങളിൽ ചിലരെ എനിക്കു കാണാൻ സാധിച്ചു, അപ്പോഴേക്കും എനിക്ക് 14 സഹോദരീസഹോദരന്മാർ ഉണ്ടായിരുന്നു. അവിടെ എന്നെക്കൂടെ താമസിപ്പിക്കാനുള്ള സൗകര്യം ഇല്ലായിരുന്നതിനാൽ അമ്മയും അച്ഛനും എന്നെ വെയിൽസിൽ അന്നമേയുടെ അടുക്കൽ കൊണ്ടുചെന്നാക്കാൻ ഏർപ്പാടുകൾ ചെയ്തു. എന്നെ അവിടെ കൊണ്ടാക്കിയ ഉടനെ അച്ഛൻ തിരിച്ചുപോയി.ആകെ ഗതിമുട്ടിയ അവസ്ഥയിൽ ആയിരുന്നെങ്കിലും, ഞാൻ എങ്ങനെയോ പിടിച്ചുനിന്നു. 1953-ൽ ഞാൻ ഇംഗ്ലണ്ടിലെ ലണ്ടനിലേക്കു പോയി. അവിടെ ലീജിയൺ ഓഫ് മേരി എന്ന അൽമായ റോമൻ കത്തോലിക്കാ ക്ഷേമ സംഘടനയിൽ ഞാൻ ചേർന്നു. എന്നാൽ അവരോടൊപ്പമുള്ള പ്രവർത്തനം വളരെ നിരാശാജനകമായിരുന്നു, അവരൊക്കെ വലിയ ആത്മീയതയുള്ളവർ ആയിരിക്കുമെന്നാണു ഞാൻ കരുതിയത്. ആത്മീയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. എന്നാൽ ലീജിയൺ ഓഫ് മേരിയിലെ എന്റെ പ്രവർത്തനം തികച്ചും ലൗകിക സ്വഭാവമുള്ളതായിരുന്നു. ആത്മീയ സംഭാഷണങ്ങൾക്കൊന്നും അവിടെ നേരം ഉണ്ടായിരുന്നില്ല.
ലണ്ടനിൽ താമസിക്കുമ്പോൾ എന്റെ സഹോദരന്മാരുടെ ഒരു സുഹൃത്തായിരുന്ന പാട്രിക്കിനെ ഞാൻ കണ്ടുമുട്ടി. ഞങ്ങൾ പ്രണയബദ്ധരായി, 1961-ൽ വിവാഹിതരാകുകയും ചെയ്തു. ഞങ്ങളുടെ മൂത്ത കുട്ടികളായ അഞ്ചെലയും സ്റ്റീഫനും അവിടെ വെച്ചാണ് ജനിച്ചത്. 1967-ൽ ഞങ്ങൾ ഓസ്ട്രേലിയയിലേക്കു കുടിയേറി, അവിടെവെച്ച് മൂന്നാമത്തെ കുട്ടിയായ ആൻഡ്രു ജനിച്ചു. ന്യൂ സൗത്ത് വെയിൽസിലെ ഒരു ഉൾനാടൻ പട്ടണമായ ബോംബാലയിൽ ഞങ്ങൾ താമസമാക്കി.
ഒടുവിൽ, ആത്മീയ ഭക്ഷണം
ഓസ്ട്രേലിയയിൽ എത്തി അധികം കഴിയുന്നതിനു മുമ്പ് ബിൽ ലോയിഡ് എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ ബൈബിളിനെ കുറിച്ചു സംസാരിക്കാൻ ഞങ്ങളുടെ വീട്ടിലെത്തി. എന്റെ ചോദ്യങ്ങൾക്ക് ബൈബിളിൽനിന്നു നേരിട്ട് ഉത്തരങ്ങൾ ലഭിച്ചപ്പോൾ എനിക്കു വലിയ സന്തോഷമായി. ബിൽ പറയുന്നതിൽ സത്യമുണ്ടെന്നു മനസ്സിലായെങ്കിലും ബൈബിളിൽനിന്നു കൂടുതൽ കാര്യങ്ങൾ കേൾക്കാൻ അദ്ദേഹത്തെ അവിടെ പിടിച്ചുനിറുത്തുന്നതിനായി, ഞാൻ അദ്ദേഹത്തോട് വളരെയധികം തർക്കിച്ചു. പിന്നീട്, ബിൽ എനിക്ക് ഒരു ബൈബിളും കുറെ മാസികകളും കൊണ്ടുവന്നു തന്നു.
ആ മാസികകൾ എനിക്ക് നന്നേ ഇഷ്ടമായി. എന്നാൽ ഒരു കാര്യം എന്നെ ഞെട്ടിച്ചു, അവയുടെ പ്രസാധകർ ത്രിത്വത്തിൽ വിശ്വസിച്ചിരുന്നില്ലത്രേ. ആ മാസികകളെങ്ങാനും വായിച്ച് പാട്രിക്കിന്റെ വിശ്വാസം തകരേണ്ടാ എന്നു കരുതി ഞാൻ അവ ഒളിച്ചുവെച്ചു. അടുത്ത പ്രാവശ്യം ബിൽ വരുമ്പോൾ അത് മടക്കിക്കൊടുക്കണമെന്നു ഞാൻ തീരുമാനിച്ചു. എന്നാൽ മൂന്നു വ്യക്തികൾ അടങ്ങിയ ‘ദൈവശിരസ്സിനെ’ കുറിച്ചുള്ള പഠിപ്പിക്കൽ തിരുവെഴുത്തുക്കൾക്കു കടകവിരുദ്ധമാണെന്ന് തന്റെ അടുത്ത സന്ദർശനത്തിൽത്തന്നെ ബിൽ എനിക്കു കാണിച്ചുതന്നു. യേശു ദൈവത്തിന്റെ പുത്രനാണെന്നും പിതാവായ യഹോവയാം ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും—അതുകൊണ്ട് അവന് ഒരു ആരംഭം ഉണ്ടെന്നും—പിതാവ് യേശുവിനെക്കാൾ വലിയവനാണെന്നും പെട്ടെന്നുതന്നെ എനിക്കു ബോധ്യമായി.—മത്തായി 16:16; യോഹന്നാൻ 14:28; കൊലൊസ്സ്യർ 1:15; വെളിപ്പാടു 3:14.
കത്തോലിക്കാ സഭ എന്നെ പഠിപ്പിച്ച മറ്റു കാര്യങ്ങളും തെറ്റാണെന്ന് അധികം താമസിയാതെ എനിക്കു മനസ്സിലായി. ഉദാഹരണത്തിന്, മനുഷ്യന് അമർത്യമായ ഒരു ആത്മാവ് ഉണ്ടെന്നോ ആത്മാക്കളെ ദണ്ഡിപ്പിക്കുന്ന നരകാഗ്നി ഉണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. (സഭാപ്രസംഗി 9:5, 10; യെഹെസ്കേൽ 18:4) അതെല്ലാം മനസ്സിലാക്കിയപ്പോൾ എനിക്കെത്ര ആശ്വാസം തോന്നിയെന്നോ! ഒരു ദിവസം സന്തോഷം സഹിക്കവയ്യാതെ ഞാൻ അടുക്കളയിൽ നൃത്തം വെച്ചു. ഞാൻ എന്നും സ്നേഹിച്ചിരുന്ന, എന്നാൽ എനിക്ക് അജ്ഞാതനായിരുന്ന ആ പിതാവിനെ ഞാൻ ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. എന്റെ ആത്മീയ വിശപ്പ് ശമിച്ച് എനിക്കു തൃപ്തിവരാൻ തുടങ്ങി. പുതുതായി കണ്ടെത്തിയ ഈ വിശ്വാസങ്ങൾ എന്നെപ്പോലെതന്നെ പാട്രിക്കിനെയും ഉത്സാഹം കൊള്ളിച്ചത് എന്നെ കൂടുതൽ സന്തോഷവതിയാക്കി.
മറ്റൊരു ഉൾനാടൻ പട്ടണമായ ടമൊറായിൽ വെച്ചു നടക്കാനിരുന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷന് ബിൽ ഞങ്ങളെ ക്ഷണിച്ചു. അത് വളരെ ദൂരെ ആയിരുന്നെങ്കിലും ഞങ്ങൾ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നേരത്തേതന്നെ ഞങ്ങൾ ടമൊറായിൽ എത്തി. ശനിയാഴ്ച രാവിലെ, വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിന് എല്ലാവരും കൺവെൻഷൻ ഹാളിൽ കൂട്ടങ്ങളായി കൂടിവന്നു. പാട്രിക്കും ഞാനും വലിയ ഉത്സാഹത്തിലായിരുന്നു, കാരണം ഈ വേലയിൽ ഏർപ്പെടാൻ ഞങ്ങൾ വളരെ നാളായി ആഗ്രഹിക്കുന്നതാണ്. എന്നാൽ ഞങ്ങൾക്കു പ്രസംഗപ്രവർത്തനത്തിൽ പങ്കുചേരാൻ സാധിക്കില്ലെന്ന് ബിൽ പറഞ്ഞു, കാരണം ഞാനും പാട്രിക്കും അപ്പോഴും പുകവലി നിറുത്തിയിരുന്നില്ല. എന്നാൽ ബിൽ പോയപ്പോൾ ഞാനും പാട്രിക്കും മറ്റൊരു കൂട്ടത്തോടൊപ്പം കൂടി. ഞങ്ങളും യഹോവയുടെ സാക്ഷികളാണെന്നു കരുതി അവർ ഞങ്ങളെ കൂടെക്കൊണ്ടുപോയി.
മത്തായി 24:14) ഒടുവിൽ ഞങ്ങൾ പുകവലി ഉപേക്ഷിച്ചു. 1968 ഒക്ടോബറിൽ ഞാനും പാട്രിക്കും യഹോവയാം ദൈവത്തിനുള്ള സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി.
പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ ആവശ്യമായ തിരുവെഴുത്തു യോഗ്യതകളെ കുറിച്ച് ഞങ്ങൾ താമസിയാതെ പഠിച്ചു. (വിശ്വാസത്തിന്റെ പരിശോധനകൾ
ബൈബിൾ പരിജ്ഞാനത്തിലും യഹോവയുമായുള്ള ബന്ധത്തിലും വളർന്നുവന്നപ്പോൾ ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള ഞങ്ങളുടെ വിശ്വാസം കൂടുതൽ ബലിഷ്ഠമായി. കുറച്ചു നാളുകൾക്കു ശേഷം, ഓസ്ട്രേലിയയുടെ തലസ്ഥാനനഗരമായ കാൻബറയിലെ, യഹോവയുടെ സാക്ഷികളുടെ സഭകളിലൊന്നിൽ പാട്രിക്ക് മൂപ്പനായി നിയമിക്കപ്പെട്ടു. മക്കളെ യഹോവയുടെ പത്ഥ്യോപദേശത്തിൽ വളർത്തിക്കൊണ്ടുവരാൻ ഞങ്ങൾ ആകുന്നതെല്ലാം ചെയ്തു, കൗമാരപ്രായക്കാരെ വളർത്തിക്കൊണ്ടുവരുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന എല്ലാത്തരം വെല്ലുവിളികളെയും ഞങ്ങൾക്കും നേരിടേണ്ടിവന്നു.—എഫെസ്യർ 6:4.
ഞങ്ങളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, 18 വയസ്സുള്ളപ്പോൾ ഞങ്ങളുടെ മകനായ സ്റ്റീഫൻ ഒരു കാറപകടത്തിൽ മരണമടഞ്ഞു. സ്റ്റീഫൻ യഹോവയുടെ ഒരു ആരാധകനായിരുന്നു എന്നത് ആ ദുഃഖത്തിലും ഞങ്ങൾക്കു സാന്ത്വനമേകി. സ്മാരക കല്ലറകളിൽ ഉള്ളവരെ യഹോവ ഉയിർപ്പിക്കുമ്പോൾ അവനെ വീണ്ടും കാണാൻ ഞങ്ങൾ കാത്തുകാത്തിരിക്കുകയാണ്. (യോഹന്നാൻ 5:28, 29) പിറ്റേ വർഷം, അതായത് 1983-ൽ, ഞാൻ മകളായ അഞ്ചെലയോടൊപ്പം മുഴുസമയ ശുശ്രൂഷയിൽ പങ്കുചേർന്നു, ഇന്നുവരെ ഞാൻ അതിൽ തുടരുകയും ചെയ്യുന്നു. എന്റെ ബൈബിളധിഷ്ഠിത വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ജീവിതത്തിൽ ശുഭാപ്തിവിശ്വാസം നിലനിറുത്താൻ എന്നെ സഹായിച്ചിരിക്കുന്നു. കൂടാതെ, അത് എന്റെ ഹൃദയവേദനയ്ക്ക് ശമനം നൽകുന്നു. അടുത്തയിടെ, എന്റെ സഹോദരിയായ അന്നമേ വെയ്ൽസിൽ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ ആരംഭിച്ചതായി അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം എനിക്കു വിവരിക്കാനാവില്ല.
1984-ൽ, പാട്രിക്കിന് ഒരസുഖം പിടിപെട്ടു. ദുരൂഹമായ ഒരു രോഗമായിട്ടാണ് അന്ന് അതു കാണപ്പെട്ടത്. പിന്നീട് പാട്രിക്കിന്റെ അസുഖം ‘ക്രോണിക്ക് ഫറ്റീഗ് സിൻഡ്രോം’ എന്നറിയപ്പെടുന്ന വിട്ടുമാറാത്ത ക്ഷീണരോഗമാണെന്നു കണ്ടുപിടിക്കപ്പെട്ടു. ഒടുവിൽ അദ്ദേഹത്തിന് തന്റെ ലൗകിക ജോലി ഉപേക്ഷിക്കേണ്ടതായും ക്രിസ്തീയ മൂപ്പൻ എന്ന നിലയിലുള്ള സേവനപദവി വേണ്ടെന്നുവെക്കേണ്ടതായും വന്നു. സന്തോഷകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ രോഗം ഭാഗികമായി സുഖപ്പെട്ടിരിക്കുന്നു. ഇപ്പോൾ വീണ്ടും അദ്ദേഹം സഭയിൽ നിയമിത മൂപ്പനായി സേവിക്കുന്നു.
എന്റെ ബാല്യകാലം എന്നിൽ അച്ചടക്കവും ആത്മത്യാഗവും നട്ടുവളർത്തിയിരുന്നു. ലളിതമായ ജീവിതം നയിക്കാനും ഉള്ളതുകൊണ്ടു തൃപ്തിപ്പെടാനും അത് എന്നെ പഠിപ്പിച്ചു. മറ്റു പതിനൊന്നു കുട്ടികൾ വീട്ടിൽത്തന്നെ കഴിഞ്ഞപ്പോൾ ഞങ്ങൾ നാലു പെൺകുട്ടികളെ മാത്രം മഠത്തിൽ വിട്ടത് എന്തിനായിരുന്നു എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഒരുപക്ഷേ എനിക്ക് ഒരിക്കലും പൂർണമായി ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും, വർഷങ്ങൾക്കു മുമ്പു മരിച്ചുപോയ എന്റെ മാതാപിതാക്കൾ തങ്ങളാൽ ആകുന്നതു ചെയ്തു എന്ന് ചിന്തിച്ച് അതിൽ ആശ്വാസം കണ്ടെത്താൻ ഞാൻ ശ്രമിക്കുന്നു. അതെല്ലാം കഷ്ടത നിറഞ്ഞ നാളുകളായിരുന്നു, പ്രയാസകരമായ തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്ന ഒരു കാലം. ഇങ്ങനെയൊക്കെ ആണെങ്കിലും, എനിക്ക് ജീവൻ എന്ന സമ്മാനം കൈമാറിയതിനും തങ്ങളാൽ ആവുന്നതുപോലെ എന്റെ കാര്യങ്ങൾ നോക്കിനടത്തിയതിനും എനിക്ക് എന്റെ മാതാപിതാക്കളോടു നന്ദിയുണ്ട്. സർവോപരി, എന്നോട് പിതൃനിർവിശേഷമായ കരുതൽ പ്രകടമാക്കിയ യഹോവയ്ക്കു ഞാൻ നന്ദി കരേറ്റുന്നു.(g01 6/22)
[16-ാം പേജിലെ ചിത്രം]
ഞങ്ങൾ നവദമ്പതികൾ ആയിരിക്കെ
[17-ാം പേജിലെ ചിത്രം]
ഞങ്ങളുടെ മക്കൾ ചെറുപ്പമായിരുന്നപ്പോൾ
[17-ാം പേജിലെ ചിത്രം]
ഇന്ന് പാട്രിക്കിനോടൊപ്പം