ഞാൻ ഇത്ര മെലിഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്?
യുവജനങ്ങൾ ചോദിക്കുന്നു . . .
ഞാൻ ഇത്ര മെലിഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്?
മെലിഞ്ഞതെങ്കിലും നല്ല ആരോഗ്യമുള്ള ശരീരമാണ് ജസ്റ്റിന്റേത്. എന്നാൽ തന്റെ ശരീരഘടനയിൽ അവൻ അത്ര സന്തുഷ്ടനല്ല. “അൽപ്പം തടിവെക്കാനുള്ള ശ്രമത്തിലാണു ഞാൻ,” അവൻ പറയുന്നു. അതിന്റെ ഭാഗമായി അവൻ ദിവസത്തിൽ അഞ്ചു നേരം ആഹാരം കഴിക്കുന്നു. ഇത് 4,000 കലോറിയോളം വരും. എന്നാൽ ഈ കലോറിയിലൂടെ തന്റെ പേശികളുടെ കരുത്ത് വർധിപ്പിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്. അവൻ പറയുന്നു: “ചില ദിവസങ്ങളിൽ, ജോലിക്കു പോകുന്നതിനു മുമ്പ് ഞാനും ഒരു കൂട്ടുകാരനും കൂടെ ഭാരം ഉയർത്താൻ ജിംനേഷ്യത്തിൽ പോകാറുണ്ട്.”
വനസയുടേതും മെലിഞ്ഞ ശരീരപ്രകൃതമാണ്. എന്നാൽ അവൾ തന്റെ ആകാരത്തിൽ തികച്ചും സംതൃപ്തയാണ്. “കുറേക്കൂടെ ചെറുപ്പമായിരുന്നപ്പോൾ കുട്ടികൾ എന്നെ ‘മുരിങ്ങാക്കോൽ’ എന്നു വിളിച്ച് കളിയാക്കുമായിരുന്നു,” അവൾ അനുസ്മരിക്കുന്നു. “എന്നാൽ അതേക്കുറിച്ചോർത്ത് എനിക്ക് ഇപ്പോൾ ദുഃഖമൊന്നുമില്ല. ഞാൻ ആയിരിക്കുന്ന വിധത്തിൽ ഞാൻ സംതൃപ്തയാണ്.”
‘നിങ്ങൾ ആയിരിക്കുന്ന വിധത്തിൽ സംതൃപ്തരായിരിക്കുക.’ അതൊരു നല്ല ആശയമാണെന്നു തോന്നുന്നു. എന്നാൽ നിങ്ങളെ സംബന്ധിച്ചിടത്തോളം അതു ബാധകമാക്കാൻ ബുദ്ധിമുട്ടുള്ള ഒന്നായിരിക്കാം. ഒരു കൗമാരപ്രായക്കാരൻ അല്ലെങ്കിൽ കൗമാരപ്രായക്കാരി എന്ന നിലയിൽ “നവയൗവ്വന”ത്തിലായിരിക്കാം നിങ്ങൾ. (1 കൊരിന്ത്യർ 7:36, NW) താരുണ്യത്തിലേക്കു കാലൂന്നുന്ന ആ നാളുകൾ വിശേഷിച്ചും പ്രക്ഷുബ്ധമായിരിക്കും. കാരണം ദ്രുതഗതിയിലുള്ള ശാരീരിക മാറ്റങ്ങളുടെ ഒരു സമയമാണ് അത്. ആ കാലഘട്ടത്തിൽ നിങ്ങളുടെ ശരീരാവയവങ്ങളുടെ വളർച്ചയുടെ വേഗം വ്യത്യസ്തമായിരിക്കും; കൈകാലുകളും കണ്ണും മൂക്കുമൊന്നും ഒന്നിനൊന്നു യോജിപ്പിലല്ലെന്നു നിങ്ങൾക്കു തോന്നിയേക്കാം. a ഇത് വല്ലാത്ത ഒരുതരം ജാള്യം നിങ്ങളിൽ ഉളവാക്കിയേക്കും. അനാകർഷകമായ രൂപലക്ഷണങ്ങളാണ് നിങ്ങൾക്കുള്ളതെന്നു തോന്നിയേക്കാം. ഇതിനെല്ലാം പുറമേ, എല്ലാ യുവപ്രായക്കാർക്കും ഒരേ വേഗത്തിലുള്ള വളർച്ചയായിരിക്കില്ല ഉണ്ടായിരിക്കുക. അതുകൊണ്ട് നിങ്ങളുടെ സമപ്രായക്കാർ ഒത്ത സ്ത്രീയോ പുരുഷനോ ആയി വളർന്നിരിക്കാം. അവരോടുള്ള താരതമ്യത്തിൽ നിങ്ങൾ മെലിഞ്ഞാണിരിക്കുന്നതെന്നു തോന്നുന്നതു സ്വാഭാവികം മാത്രം.
അമിതവണ്ണത്തെപ്പറ്റി ഉത്കണ്ഠപ്പെടുന്ന യുവജനങ്ങൾക്കു ബുദ്ധിയുപദേശങ്ങൾ ലഭിക്കാറുണ്ടെങ്കിലും തങ്ങൾ തീരെ മെലിഞ്ഞതാണെന്ന് ഓർത്തു വ്യാകുലപ്പെടുന്നവർക്ക് മിക്കപ്പോഴും അത്തരം ഉപദേശങ്ങൾ ലഭിക്കുന്നില്ല. മെലിഞ്ഞ ശരീരപ്രകൃതം സൗന്ദര്യത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടാത്ത ചില രാജ്യങ്ങളിലും വംശങ്ങളിലും ഉള്ള യുവപ്രായക്കാർക്ക് അങ്ങനെയുള്ള സഹായം വിശേഷിച്ചും പ്രധാനമാണ്. അത്തരം പ്രദേശങ്ങളിൽ മെലിഞ്ഞ പെൺകുട്ടികളെ “കോലുപോലെയിരിക്കുന്നു” എന്നൊക്കെ പറഞ്ഞ് ആളുകൾ കളിയാക്കാറുണ്ട്.
“സ്ത്രീകൾ കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം അവർക്ക് കുറവുകൾ മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന് 1980-കൾക്കു മുമ്പുള്ള ദശകങ്ങളിൽ, തങ്ങളുടെ ആകാരത്തെ സ്ത്രീകൾ വീക്ഷിക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച് നടത്തിയ പഠനങ്ങൾ വെളിപ്പെടു”ത്തിയതായി ഗവേഷകയായ സൂസൻ ബോർഡോ അഭിപ്രായപ്പെടുന്നു. ഇനി പുരുഷന്മാരുടെ കാര്യമോ? ബോർഡോ തുടരുന്നു: “പുരുഷന്മാർക്ക് തങ്ങളുടെ ആകാരസൗഷ്ഠവത്തിൽ സംതൃപ്തി തോന്നിയിരുന്നു, ഒരുപക്ഷേ വിചാരിച്ചതിനെക്കാൾ കുറേക്കൂടെ നല്ലതാണെന്നുപോലും.” എന്നാൽ സമീപവർഷങ്ങളിൽ അതിനു മാറ്റംവന്നു തുടങ്ങിയിരിക്കുന്നു. കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവരിൽ 25 ശതമാനം പുരുഷന്മാരാണെന്ന വസ്തുത ചൂണ്ടിക്കാണിച്ചുകൊണ്ട് ബോർഡോ, ശരീരഘടനയിൽ യുവാക്കൾക്കുള്ള വർധിച്ച താത്പര്യത്തെ ഐക്യനാടുകളിലെയും മറ്റു പാശ്ചാത്യരാജ്യങ്ങളിലെയും, അടിവസ്ത്രങ്ങളുടെ പരസ്യങ്ങളിലെ പൗരുഷം “തുളുമ്പുന്ന” ശരീരങ്ങളോടു ബന്ധപ്പെടുത്തുന്നു. ഇതിന് കൗമാരപ്രായക്കാരായ ആൺകുട്ടികളുടെ മേൽ വലിയ സ്വാധീനം ഉണ്ടായിരുന്നിട്ടുണ്ട്. പുരുഷ മോഡലുകളെ പോലെ ദൃഢഗാത്രരായില്ലെങ്കിൽ തങ്ങളെ ഒന്നിനും കൊള്ളുകയില്ലെന്ന് അവർക്കു തോന്നിയേക്കാം.
അതുകൊണ്ട് മെലിഞ്ഞ ശരീരപ്രകൃതിയാണു നിങ്ങളുടേതെങ്കിൽ ‘എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ’ എന്നു നിങ്ങൾ സ്വയം ചോദിച്ചേക്കാം. എന്നാൽ യാതൊരു കുഴപ്പവുമില്ല എന്നതാണു വാസ്തവം.
നിങ്ങൾ മെലിഞ്ഞിരിക്കുന്നതിന്റെ കാരണം
പല യുവാക്കളുടെയും കാര്യത്തിൽ, ശരീരം മെലിഞ്ഞിരിക്കുന്നു എന്നതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ല. മിക്കപ്പോഴും പെട്ടെന്നുള്ള വളർച്ചയുടെയും താരുണ്യത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള ഉപാപചയ പ്രവർത്തനങ്ങളുടെയും ഒരു പാർശ്വഫലം മാത്രമായിരിക്കാം ഈ വണ്ണക്കുറവ്. സാധാരണഗതിയിൽ, പ്രായം കടന്നുപോകുന്നതോടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. എന്നാൽ ആരോഗ്യാവഹമായ ഭക്ഷണക്രമം പിൻപറ്റിയിട്ടും ശരീരം വല്ലാതെ മെലിഞ്ഞിരിക്കുന്നെങ്കിൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നറിയാനായി ഡോക്ടറെ ചെന്നു കാണുന്നതു നന്നായിരിക്കും. കാരണം, പ്രമേഹം പോലുള്ള രോഗങ്ങളുടെ ഒരു ലക്ഷണമാണ് അത്.
ആഹാരശീല വൈകല്യത്തെ കുറിച്ചുള്ള പഠനമേഖലയിൽ അറിയപ്പെടുന്ന വിദഗ്ധനായ സ്റ്റീവൻ ലെവൻക്രോൺ ഉണരുക!-യോട് ഇങ്ങനെ പറഞ്ഞു: “തൂക്കം നന്നേ കുറവായിരുന്ന ഒരു യുവതിയെ പരിശോധനയ്ക്കായി എന്റെ അടുക്കൽ കൊണ്ടുവന്നു. അവൾക്ക് അനൊറെക്സിയ (തൂക്കം കൂടുമോ എന്ന ഭയത്താൽ ആഹാരം കഴിക്കാതിരിക്കുന്ന ഒരുതരം മനോരോഗം) ഉള്ളതായി മുമ്പ് പരിശോധനയിൽ തെളിഞ്ഞിരുന്നുവത്രേ, അവളെ കണ്ടാൽ ആഹാരശീല വൈകല്യമുള്ള ഒരു വ്യക്തിയാണെന്ന് തോന്നുമായിരുന്നു എന്നുള്ളതു നേരാണ്. എന്നാൽ അവളുടെ പ്രശ്നം മാനസികമല്ലെന്നും ശാരീരികമാണെന്നും ഞാൻ ഉടനെ തിരിച്ചറിഞ്ഞു. അവളുടെ കുടലിന് സാരമായ തകരാറുണ്ടായിരുന്നു. അവളുടെ കുടുംബഡോക്ടർക്ക് അതു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അവളുടെ ജീവൻ അപകടത്തിലാകേണ്ടതായിരുന്നു.” തൂക്കം നഷ്ടപ്പെടാൻ ഇടയാക്കുന്ന പ്രമേഹം പോലുള്ള എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറുടെ ഉപദേശം ശ്രദ്ധാപൂർവം പിൻപറ്റേണ്ടതുണ്ട്.
ചിലപ്പോൾ മെലിഞ്ഞ ശരീരപ്രകൃതം മനോവിഷമത്തിന്റെ തെളിവ് ആയിരിക്കാം. അനാറ്റമി ഓഫ് അനൊറെക്സിയ എന്ന തന്റെ പുസ്തകത്തിൽ ഡോ. ലെവൻക്രോൺ “ഇൻസുലിനെ ആശ്രയിക്കുന്ന പ്രമേഹരോഗി”കളുടെ ഗണ്യമായ ഒരു സംഖ്യ “അനിയന്ത്രിതമായ ഭക്ഷണപ്രിയം, ബൂളിമിയ, അനൊറെക്സിയ” എന്നിങ്ങനെയുള്ള “ആഹാരശീല വൈകല്യങ്ങൾ ഉള്ളവർ” ആണെന്ന ചില ഗവേഷകരുടെ അഭിപ്രായത്തെ പരാമർശിക്കുന്നുണ്ട്. നിങ്ങൾക്ക് അത്തരത്തിലുള്ള ഒരു ആഹാരശീല വൈകല്യം ഉണ്ടോ എന്ന് പരിചയസമ്പന്നനായ ഒരു ചികിത്സകന് കണ്ടെത്താനാകും. b
പ്രായോഗിക നിർദേശങ്ങൾ
നിങ്ങൾ ഡോക്ടറെ ചെന്നു കണ്ടെന്നു വിചാരിക്കുക. മെലിഞ്ഞാണിരിക്കുന്നതെങ്കിലും നിങ്ങൾക്ക് ആരോഗ്യസംബന്ധമായ യാതൊരു പ്രശ്നവുമില്ലതാനും. ഇനി നിങ്ങൾ എന്തു ചെയ്യണം? ഇയ്യോബ് 8:11-ൽ ബൈബിൾ ഇപ്രകാരം പറയുന്നു: “ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ?” ഒരു ചെടി തഴച്ചു വളരണമെങ്കിൽ ശരിയായ പരിസ്ഥിതി ആവശ്യമായിരിക്കുന്നതു പോലെതന്നെ ആരോഗ്യമുള്ള ഒരു വ്യക്തിയായി നിങ്ങൾ വളർച്ച പ്രാപിക്കണമെങ്കിൽ സന്തുലിതമായ ഒരു ആഹാരക്രമം പിൻപറ്റേണ്ടത് ആവശ്യമാണ്. തൂക്കം വർധിപ്പിക്കാനായാലും ശരി, കുറയ്ക്കാനായാലും ശരി ഇത് അത്യന്താപേക്ഷിതമാണ്.
തൂക്കം പെട്ടെന്നു കൂട്ടാനായി കൊഴുപ്പു നിറഞ്ഞ ആഹാരസാധനങ്ങൾ അമിതമായി കഴിച്ചു തുടങ്ങരുത്. ശരീരസൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന പുരുഷന്മാരുടെ ആഹാരക്രമത്തെ പറ്റി പഠനം നടത്തവെ, അവർ ദിവസത്തിൽ 6,000 കലോറി ആഹാരം കഴിക്കുന്നതായി പോഷകവിദഗ്ധയായ സൂസൻ ക്ലിന്നർ നിരീക്ഷിച്ചു. എന്നാൽ ക്ലിന്നർ പറയുന്നപ്രകാരം, “ഈ പഠനം വെളിപ്പെടുത്തിയ ഏറ്റവും പരിഭ്രാന്തി ഉളവാക്കുന്ന സംഗതി അവർ ദിവസത്തിൽ ശരാശരി 200 ഗ്രാമിൽ അധികം കൊഴുപ്പ് ഭക്ഷിക്കുന്നു എന്നതാണ്, അതായത് രണ്ട് ബട്ടർ പായ്ക്കറ്റിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനു തുല്യം! ആളുകളെ രോഗികളാക്കാൻ ഇതു മതി. ഇത്രയധികം കൊഴുപ്പ് കുറേക്കാലം കഴിക്കുകയാണെങ്കിൽ അത് ഹൃദ്രോഗത്തിനിടയാക്കും.”
യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ അഥവാ യുഎസ്ഡിഎ പറയുന്നപ്രകാരം, ഒരു സന്തുലിത ആഹാരക്രമം എന്നു പറയുന്നത് റൊട്ടി, ധാന്യങ്ങൾ, ചോറ്, പാസ്ത തുടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയതായിരിക്കും. അടുത്തതായി ആഹാരക്രമത്തിൽ പ്രാധാന്യം നൽകേണ്ടത് പച്ചക്കറികൾക്കും പഴങ്ങൾക്കുമാണ്. മാംസ്യവും പാൽ ഉത്പന്നങ്ങളും മിതമായേ ഭക്ഷിക്കാവൂ എന്ന് യുഎസ്ഡിഎ നിർദേശിക്കുന്നു.
നിങ്ങൾ ഏതുതരം ആഹാരമാണ് കഴിക്കുന്നത്, ഇനിയും അത് എത്രത്തോളം കഴിക്കുന്നു എന്നൊക്കെ അറിയാൻ ഒരു ദിനക്കുറിപ്പ് സൂക്ഷിക്കുന്നത് നന്നായിരിക്കും. പോക്കറ്റിൽ വെക്കാവുന്ന ഒരു നോട്ട്ബുക്കിൽ നിങ്ങൾ ഒരാഴ്ച കഴിക്കുന്ന ആഹാരസാധനങ്ങൾ ഏതൊക്കെയെന്നും എപ്പോഴാണ് അവ കഴിക്കുന്നതെന്നും എഴുതിവെക്കുക. വാസ്തവത്തിൽ നിങ്ങൾ വിചാരിക്കുന്നത്ര ആഹാരം നിങ്ങൾ കഴിക്കുന്നുണ്ടാകില്ല, വിശേഷിച്ചും ശ്വാസം വിടാതെ കാര്യങ്ങൾ ചെയ്യുന്ന ഒരു പ്രകൃതമാണ് നിങ്ങളുടേതെങ്കിൽ. ചുറുചുറുക്കുള്ള ഒരു കൗമാരപ്രായക്കാരൻ എന്ന നിലയ്ക്ക് ദിവസത്തിൽ 3,000-മോ അതിലധികമോ കലോറി നിങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടായിരിക്കാം! അതുപോലെ നിങ്ങളുടെ ആഹാരക്രമം സന്തുലിതമല്ലെന്നും—ബർഗർ, പിസാ തുടങ്ങിയ ആഹാരസാധനങ്ങൾ അമിതമായി കഴിക്കുന്നുണ്ടെന്നും ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നില്ലെന്നും—നിങ്ങൾ കണ്ടെത്തിയേക്കാം.
വിലകൂടിയ വിറ്റാമിൻ ഗുളികകളുടെയും മറ്റും കാര്യമോ? അവ ഒരുപക്ഷേ കഴിക്കേണ്ട ആവശ്യംപോലും ഉണ്ടായിരിക്കില്ല. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം ആരോഗ്യാവഹമായ ആഹാരക്രമത്തിലൂടെ ലഭിക്കുമെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം. ഏറ്റവും പ്രധാനമായി, അനബോളിക് സ്റ്റിറോയിഡുകൾ പോലെ പെട്ടെന്നുള്ള പ്രതിവിധികൾ ഒഴിവാക്കുക. സങ്കടകരമെന്നു പറയട്ടെ, ഉത്തേജക മരുന്നുകളുടെ ദുരുപയോഗം കൗമാരപ്രായക്കാരായ ആൺകുട്ടികൾക്കിടയിൽ മാത്രമല്ല കണ്ടുവരുന്നത്. ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു: “പെൺകുട്ടികൾക്കിടയിലെ [സ്റ്റിറോയിഡുകളുടെ] വർധിച്ച ഉപയോഗം, വ്യത്യസ്തമായ ഒരുതരം അനൊറെക്സിയയ്ക്ക് കാരണമായിരിക്കുന്നു, 1980’കളിൽ ആൺകുട്ടികൾക്കിടയിൽ കണ്ടെത്തപ്പെട്ടിരുന്ന അളവുകളിൽത്തന്നെ.” ഐക്യനാടുകളിൽ 1,75,000 പെൺകുട്ടികൾ അനബോളിക് സ്റ്റിറോയിഡുകൾ കഴിക്കുന്നതായി സമ്മതിക്കുന്നു. ഇത്തരം മരുന്നുകൾ മുഖത്തെ അമിതമായ രോമവളർച്ച, ആർത്തവസംബന്ധമായ ക്രമക്കേടുകൾ, സ്തനാർബുദം, ധമനികളിലുണ്ടാകുന്ന തടസ്സം, കരളിലെ അർബുദം പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥികൾക്കുണ്ടാകുന്ന അർബുദം എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾക്ക് ഇടയാക്കിയേക്കാമെന്നു പറയപ്പെടുന്നു. ഒരു ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ സ്റ്റിറോയിഡുകൾ ഒരിക്കലും കഴിക്കരുത്.
എളിമയും യാഥാർഥ്യബോധവും ഉള്ളവരായിരിക്കുക
‘ദൈവത്തോടൊപ്പം നടക്കുന്നതിൽ എളിമ’ പ്രകടമാക്കുക എന്ന് ബൈബിൾ പറയുന്നു. (മീഖാ 6:8, NW) എളിമ ഉണ്ടായിരിക്കുന്നതിൽ നമ്മുടെ പരിമിതികളെ കുറിച്ച് അവബോധം ഉണ്ടായിരിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ആകാരം സംബന്ധിച്ച് യാഥാർഥ്യബോധം ഉണ്ടായിരിക്കാൻ എളിമ സഹായിക്കും. സൗന്ദര്യമുള്ളവർ ആകാൻ ആഗ്രഹിക്കുന്നത് തീർച്ചയായും തെറ്റല്ല. എന്നാൽ ആകാരത്തിന് അമിത പ്രാധാന്യം നൽകുന്നത് ആർക്കും പ്രയോജനം ചെയ്യില്ല, ചെയ്യുമെങ്കിൽത്തന്നെ അത് ഫാഷൻ, ആഹാരക്രമ വ്യവസായങ്ങൾക്കു മാത്രമായിരിക്കും. എത്ര നല്ല ആഹാരം കഴിച്ചാലും വ്യായാമം ചെയ്താലും, ശരീരസൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം നേടാൻ വേണ്ട കൃത്യമായ ജീനുകൾ ഒരു ശരാശരി പുരുഷന്റെ ശരീരത്തിൽ ഉണ്ടായിരിക്കുകയില്ല എന്ന് ശരീരാരോഗ്യ വിദഗ്ധർ പറയുന്നു. നിങ്ങൾ ഒരു പെൺകുട്ടിയാണെങ്കിൽ എത്രതന്നെ ആഹാരം കഴിച്ചാലും ഒരുപക്ഷേ നിങ്ങളുടെ തൂക്കം കൂടിയെന്നുവരില്ല.
രസകരമെന്നു പറയട്ടെ, വസ്ത്രധാരണത്തിന് അൽപ്പം ശ്രദ്ധ നൽകുന്നപക്ഷം ശാരീരിക ന്യൂനതകളായി നിങ്ങൾ വീക്ഷിക്കുന്ന പല കാര്യങ്ങളും പരിഹരിക്കാവുന്നതേയുള്ളൂ. ആകാരത്തിലെ കുറവുകൾ എടുത്തുകാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. കടുത്ത നിറങ്ങൾ മെലിഞ്ഞവരെ കുറേക്കൂടെ മെലിഞ്ഞവരായി തോന്നിപ്പിക്കുമെന്നതിനാൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ചിലർ നിർദേശിക്കുന്നു.
ആകാരത്തെക്കാൾ പ്രധാനം വ്യക്തിത്വമാണ് എന്ന് ഓർക്കുക. ഹൃദ്യമായ ഒരു പുഞ്ചിരി, ദയയോടു കൂടിയ പെരുമാറ്റം, ആകാരസൗഷ്ഠവത്തെക്കാളും വസ്ത്രധാരണത്തെക്കാളുമൊക്കെ നിങ്ങളെ ആകർഷണീയരാക്കുന്നത് അതെല്ലാമാണ്. നിങ്ങളുടെ ആകാരത്തെ കുറിച്ച് കൂട്ടുകാർ നിരന്തരം കളിയാക്കുന്നുണ്ടെങ്കിൽ നിങ്ങളിലെ ആന്തരിക വ്യക്തിയെ—“ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ” എന്നു ബൈബിൾ വിളിക്കുന്നതിനെ—വിലമതിക്കുന്നവരെ സുഹൃത്തുക്കളാക്കാൻ ശ്രമിക്കുക. (1 പത്രൊസ് 3:4) ഏറ്റവും പ്രധാനമായി, “മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” എന്ന കാര്യം ഓർക്കുക.—1 ശമൂവേൽ 16:7.
[അടിക്കുറിപ്പുകൾ]
a ഉണരുക!-യുടെ 1993 സെപ്റ്റംബർ 22 ലക്കത്തിലെ (ഇംഗ്ലീഷ്) “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിലെ “എന്റെ വളർച്ച സ്വാഭാവികമാണോ?” എന്ന ലേഖനം കാണുക.
b 1999-ലെ ഏപ്രിൽ 22, മേയ് 22 ലക്കങ്ങളിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പംക്തിയിലെ “വണ്ണത്തെപ്പറ്റി എനിക്കിത്ര ഉത്കണ്ഠ എന്തുകൊണ്ട്?,” “വണ്ണത്തെ കുറിച്ചുള്ള ഉത്കണ്ഠ എനിക്ക് എങ്ങനെ ഇല്ലാതാക്കാനാകും?” എന്നീ ലേഖനങ്ങൾ കാണുക.
[14-ാം പേജിലെ ചിത്രങ്ങൾ]
മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ചില യുവപ്രായക്കാർ സ്വയം പഴിക്കുന്നു