അത് യഥാർഥത്തിൽ ഹാനികരമോ?
അത് യഥാർഥത്തിൽ ഹാനികരമോ?
നാംകണ്ടുകഴിഞ്ഞതു പോലെ ഇന്റർനെറ്റ് മുതിർന്നവർക്കും കുട്ടികൾക്കും അശ്ലീലം നിഷ്പ്രയാസം എത്തിച്ചുകൊടുക്കുന്നു. ഇക്കാര്യത്തിൽ നിങ്ങൾക്ക് ഉത്കണ്ഠ തോന്നേണ്ടതുണ്ടോ? അശ്ലീലം യഥാർഥത്തിൽ ഹാനികരമാണോ?
ഒരൽപ്പം അശ്ലീലം കണ്ടതുകൊണ്ട് വലിയ കുഴപ്പമൊന്നും വരാൻപോകുന്നില്ലെന്നു കരുതുന്നവരാണ് പലരും. എന്നാൽ വസ്തുത നേരെ മറിച്ചാണ്. മാതൃകായോഗ്യമായ വിവാഹജീവിതം നയിച്ചിരുന്നതായി കാണപ്പെട്ട ഒരു ദമ്പതികളുടെ കാര്യമെടുക്കാം. സാമ്പത്തികമായി നല്ല നിലയിൽ കഴിഞ്ഞിരുന്ന അവർക്ക് യാത്ര ചെയ്യാൻ വലിയ ഇഷ്ടമായിരുന്നു. പരസ്പരം അതിരറ്റു സ്നേഹിക്കുന്ന, അർപ്പണ മനോഭാവമുള്ള ദമ്പതികളാണ് അവരെന്നായിരുന്നു സുഹൃത്തുക്കൾ കരുതിയത്, പലതുകൊണ്ടും അവർ അങ്ങനെയായിരുന്നു താനും.
എന്നാൽ ഭർത്താവ് രതിചിത്രങ്ങളും മറ്റും കാണാൻ തുടങ്ങിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഭാര്യ തന്റെ ഉത്കണ്ഠകളെ കുറിച്ച് ഒരു പ്രസിദ്ധ ഉപദേശ-പംക്തി എഴുത്തുകാരിക്ക് എഴുതി: “[എന്റെ ഭർത്താവ്] പാതിരാത്രിക്കും അതിരാവിലെയുമെല്ലാം കമ്പ്യൂട്ടറിന്റെ മുന്നിൽ ഏറെ സമയം ചെലവിടാൻ തുടങ്ങിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. ‘ഗവേഷണം’ നടത്തുകയാണ് എന്നായിരുന്നു അദ്ദേഹം എന്നോടു പറഞ്ഞത്. ഒരു ദിവസം രാവിലെ അപ്രതീക്ഷിതമായി ഞാൻ മുറിയിലേക്ക് കടന്നു ചെന്നു. [അശ്ലീല ദൃശ്യങ്ങൾ] കണ്ടുകൊണ്ടിരുന്ന അദ്ദേഹത്തെ ഞാൻ കയ്യോടെ പിടികൂടി . . . വെറും ഒരു ജിജ്ഞാസയുടെ പുറത്താണു താനതു ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. കണ്ടുകൊണ്ടിരുന്നത് എന്താണെന്ന് അറിയാനായി ഒന്നു കൂടെ അടുത്തു ചെന്നു നോക്കിയപ്പോൾ വാസ്തവത്തിൽ എനിക്ക് അറപ്പു തോന്നിപ്പോയി. അദ്ദേഹത്തിനു നാണക്കേടായി, ഇനി ഇത്തരം കാര്യങ്ങൾ കാണുകയില്ലെന്ന് എന്നോട് ആണയിട്ടു പറഞ്ഞു. അദ്ദേഹം പറഞ്ഞതുപോലെ തന്നെ ചെയ്യുമെന്നു ഞാൻ വിശ്വസിച്ചു. കാരണം അദ്ദേഹം ബഹുമാന്യനായ ഒരു വ്യക്തിയായിരുന്നു—പറഞ്ഞ വാക്കു തെറ്റിക്കാത്ത ആൾ.”
ഈ വ്യക്തിയെ പോലെ പലരും അശ്ലീല കാര്യങ്ങൾ കണ്ടുതുടങ്ങുന്നത് കേവലം ജിജ്ഞാസ നിമിത്തമാണ്. മറ്റാരും അറിയാതിരിക്കാൻ രാത്രി വളരെ വൈകിയോ അതിരാവിലെയോ ഒക്കെയായിരിക്കും അവർ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. അഥവാ ആരെങ്കിലും അതു കണ്ടുപിടിച്ചാലോ, ഇയാൾ ചെയ്തതുപോലെതന്നെ, എന്തെങ്കിലും നുണ പറഞ്ഞുകൊണ്ട് തടിതപ്പാൻ നോക്കും. ‘പറഞ്ഞ വാക്കു തെറ്റിക്കാത്ത മാന്യനായ ഒരാളെ’ പാതിരാത്രി ഒളിച്ചും പതുങ്ങിയും ഇത്തരം കാര്യങ്ങൾ ചെയ്യാനും പ്രിയപ്പെട്ടവരോടു നുണ പറയാനും പ്രേരിപ്പിക്കുന്ന ഒരു “ഹോബി” നിരുപദ്രവകരമാണെന്നു പറഞ്ഞാൽ അതു ശരിയായിരിക്കുമോ?
ഈ ശീലം വ്യക്തിപരവും കുടുംബപരവുമായ ഗുരുതര പ്രശ്നങ്ങളിലേക്കു നയിച്ചേക്കാം. അശ്ലീല കാര്യങ്ങൾ വീക്ഷിക്കുന്നത് മറ്റുള്ളവരുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിനു തടസ്സമായിരുന്നിട്ടുണ്ട് എന്ന് ചിലർ സമ്മതിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങൾ കണ്ടു രസിക്കുമ്പോൾ ആരും അടുത്തുണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, ഇങ്ങനെയുള്ള കാര്യങ്ങൾ കാണുമ്പോൾ ആളുകൾ മനോരാജ്യത്തിൽ മുഴുകാറുണ്ട്. മനോരാജ്യത്തിൽ മുഴുകുന്നത് ഒരിക്കലും ഈടുറ്റ ബന്ധങ്ങൾ കെട്ടിപ്പടുക്കാനോ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാനോ ഒരുവനെ സജ്ജനാക്കുന്നില്ല. തന്നെ ജീവനുതുല്യം സ്നേഹിക്കുന്നവരിൽനിന്ന് ഒരുവനെ അകറ്റുന്ന ഒരു നേരമ്പോക്ക് യഥാർഥത്തിൽ നിരുപദ്രവകരമാണെന്നു പറയാൻ കഴിയുമോ?
അശ്ലീല കാര്യങ്ങൾ കാണുകയോ വായിക്കുകയോ ചെയ്യുന്നവർക്ക് ചിലപ്പോൾ തങ്ങളുടെ ഇണയുമായി ലൈംഗിക ബന്ധം ആസ്വദിക്കുന്നതിൽ പോലും പ്രശ്നം ഉണ്ടാകാറുണ്ട്. അതിന്റെ കാരണം അറിയാൻ വിവാഹിതരെ കുറിച്ചുള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം പരിചിന്തിക്കുക. മാന്യമായ ലൈംഗിക ബന്ധത്തിലൂടെ തങ്ങളുടെ പരസ്പരസ്നേഹം പ്രകടിപ്പിക്കാനുള്ള പ്രാപ്തി ഭാര്യഭർത്താക്കന്മാർക്ക് അവൻ സ്നേഹപൂർവം നൽകിയിരിക്കുന്നു. ഇത് ആനന്ദദായകമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്ന് സദൃശവാക്യങ്ങൾ 5:18, 19 (NW) വ്യക്തമാക്കുന്നു: “നിന്റെ യൗവ്വനത്തിലെ ഭാര്യയുമൊത്ത് ആനന്ദിച്ചുകൊൾക. അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ മത്തുപിടിപ്പിക്കട്ടെ. അവളുടെ സ്നേഹത്താൽ നീ എല്ലായ്പോഴും ഹർഷോന്മത്തനായിരിക്ക.”
ലൈംഗിക ബന്ധത്തിന്റെ അടിസ്ഥാനം സ്നേഹം ആയിരിക്കണം എന്നതു ശ്രദ്ധിക്കുക. അശ്ലീല കാര്യങ്ങൾ കണ്ടു രസിക്കുന്നവർ ഇണയുമായി ഊഷ്മളവും സ്നേഹപൂർവകവുമായ ഒരു ഉറ്റബന്ധം കെട്ടിപ്പടുക്കുകയാണെന്നു പറയാൻ കഴിയുമോ? ഇല്ല. മിക്കപ്പോഴും, അയാൾ സ്വന്തം ലൈംഗിക മോഹങ്ങൾ—തനിച്ച്—തൃപ്തിപ്പെടുത്തുകയാണു ചെയ്യുന്നത്. അശ്ലീല കാര്യങ്ങളിൽ ആസ്വാദനം കണ്ടെത്തുന്ന വിവാഹിതനായ ഒരു പുരുഷൻ, തനിക്ക് ഉല്ലാസം പകരാൻ വേണ്ടി മാത്രം ഉള്ള ഒരു വസ്തുവായി തന്റെ ഭാര്യയെ വീക്ഷിക്കാൻ തുടങ്ങിയേക്കാം. പുരുഷന്മാർ സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തിന് എത്രയോ വിരുദ്ധമാണ് ഇത്. (1 പത്രൊസ് 3:7) ഭാര്യാ-ഭർത്തൃ ബന്ധത്തെ ഉറപ്പിച്ചു നിറുത്തുന്ന സുപ്രധാന ഘടകങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു ശീലത്തെ അഭിലഷണീയമായ ഒന്നായി വീക്ഷിക്കാനാകുമോ?
മാത്രമല്ല, വെറും ഒരു നേരമ്പോക്കിനെന്നവണ്ണം ആരംഭിച്ച ഒരു സംഗതി പിന്നീട്, എത്ര കണ്ടാലും മതിവരാത്ത തരത്തിലുള്ള ഒരു ആസക്തിയായി മാറിയേക്കാം. ഒരു എഴുത്തുകാരി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മയക്കുമരുന്നിന് അടിമകളായവർക്ക് ലഹരി പിടിക്കാൻ വീര്യംകൂടിയ മയക്കുമരുന്ന് ആവശ്യമായിരിക്കുന്നതുപോലെ, അശ്ലീലം സ്ഥിരമായി ആസ്വദിക്കുന്നവർക്ക് മുമ്പത്തെ അതേ അനുഭൂതി ലഭിക്കണമെങ്കിൽ നേരത്തെ കണ്ടുകൊണ്ടിരുന്നതിനെക്കാൾ കടുകട്ടിയായ അശ്ലീലം തന്നെ വേണ്ടിവരും.”
തുടക്കത്തിൽ പ്രതിപാദിച്ച ഭർത്താവിന്റെ കാര്യത്തിൽ സംഭവിച്ചത് അതുതന്നെയാണ്. അശ്ലീലം കാണുന്നതു നിറുത്താമെന്ന് വാക്കുനൽകി ഏതാനും മാസങ്ങൾക്കുശേഷം ഒരു സംഭവമുണ്ടായി. ഒരു വൈകുന്നേരം അയാളുടെ ഭാര്യ വീട്ടിൽ വന്നപ്പോൾ അയാൾ കമ്പ്യൂട്ടറിനു മുമ്പിൽ ഇരിക്കുന്നതായി കണ്ടു. അയാൾ പരുങ്ങുന്നതു കണ്ടപ്പോൾ എന്തോ കുഴപ്പം ഉണ്ടെന്ന് അവർക്കു മനസ്സിലായി. “എന്നെ കണ്ടതേ [അദ്ദേഹം] വല്ലാതെയായി,” അവർ എഴുതി. “ഞാൻ കമ്പ്യൂട്ടറിലേക്ക് നോക്കി. അദ്ദേഹം കണ്ടുകൊണ്ടിരുന്നത് എന്തൊരു വൃത്തികെട്ട കാര്യമായിരുന്നെന്നോ. ഈ ശീലം നിറുത്താമെന്ന് അന്നു വാക്കുതന്നത് ആത്മാർഥതയോടെ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ അദ്ദേഹത്തിന് അത് ഒഴിവാക്കാൻ പറ്റുന്നില്ലത്രേ.”
അശ്ലീല കാര്യങ്ങൾ കാണുന്നതുകൊണ്ടുള്ള ദോഷങ്ങളും അവയുടെ വ്യാപകമായ ലഭ്യതയും കണക്കിലെടുക്കുമ്പോൾ അതു സംബന്ധിച്ച് നിങ്ങൾക്ക് ഉത്കണ്ഠ ഉണ്ടായിരിക്കാനുള്ള എല്ലാ കാരണങ്ങളും ഉണ്ട്. നിങ്ങൾക്ക് നിങ്ങളെത്തന്നെയും നിങ്ങളുടെ കുട്ടികളെയും എങ്ങനെ സംരക്ഷിക്കാൻ സാധിക്കും? ഈ പരമ്പരയിലെ അവസാനത്തെ ലേഖനം ആ ചോദ്യം പരിചിന്തിക്കുന്നതായിരിക്കും.
[6-ാം പേജിലെ ചിത്രം]
അശ്ലീല കാര്യങ്ങൾ വീക്ഷിക്കുന്നത് ഒരുവനെ ധാർമികമായി അധഃപതിപ്പിക്കുന്നു