ലോകം ഏകീകരിക്കപ്പെടുമോ?
ലോകം ഏകീകരിക്കപ്പെടുമോ?
പൂർവ യൂറോപ്പിലും മറ്റിടങ്ങളിലും ഉള്ള ദശലക്ഷക്കണക്കിനാളുകൾ സമീപ വർഷങ്ങളിൽ അനൈക്യത്തിനിടയാക്കുന്ന യുദ്ധത്തിന്റെ പരിണതഫലങ്ങൾ അനുഭവിച്ചിരിക്കുന്നു. എന്നാൽ ക്രൂരമായ ഇത്തരം പോരാട്ടങ്ങൾ നടക്കുമ്പോഴും ഈ യുദ്ധബാധിത രാജ്യങ്ങളിലെ ആയിരക്കണക്കിന് ആളുകൾക്ക് യഥാർഥ ഐക്യം നട്ടുവളർത്താനും നിലനിറുത്താനും കഴിഞ്ഞിരിക്കുന്നു. ഏതാനും ഉദാഹരണങ്ങൾ നോക്കുക.
1991-ൽ ക്രൊയേഷ്യയിലെ സാഗ്രെബിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 15,000-ത്തോളം പേർ സമ്മേളിക്കുകയുണ്ടായി. അതു നിരീക്ഷിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ പറയാൻ പ്രേരിതനായി: “സെർബിയ, ക്രൊയേഷ്യ, സ്ലോവേനിയ, മോണ്ടെനിഗ്രോ എന്നിവിടങ്ങളിൽ നിന്നുള്ളവരും മറ്റുള്ളവരും സമാധാനപരമായി ഒന്നിച്ചിരിക്കുന്ന ഈ സ്റ്റേഡിയത്തിൽ നടക്കുന്ന കാര്യങ്ങൾ വാർത്താ മാധ്യമങ്ങളെ വിളിച്ചു കാണിച്ചാൽ നന്നായിരിക്കും.” അവിടെ കണ്ട അസാധാരണ ഐക്യത്തിനു കാരണം എന്താണ്?
അതിനെക്കാൾ വലിയ ഒന്നായിരുന്നു 1993-ൽ, യൂക്രെയിന്റെ തലസ്ഥാനമായ കീവിൽ “ദിവ്യ ബോധനം” എന്ന വിഷയത്തിൽ നടന്ന അന്തർദേശീയ കൺവെൻഷൻ. അത്യുച്ച ഹാജർ 65,000-ത്തോളമായിരുന്നു. ഈവനിങ് കീവിന്റെ മുൻ പേജിൽ ഈ വാർത്ത വന്നു: “യഹോവയുടെ സാക്ഷികൾ . . .‘ദിവ്യ ബോധനം’ എന്നെഴുതിയ നീല ബാഡ്ജ് ധരിക്കുന്ന കാര്യത്തിൽ മാത്രമല്ല, മറിച്ച് യഥാർഥ വിശ്വാസത്തിന്റെ കാര്യത്തിലും ഏകീകൃതരാണ്.”
ദിവ്യ ബോധനം—ഏകീകരണ ശക്തി
അനൈക്യം പടർന്നുപന്തലിച്ചിരിക്കുന്ന ഈ ലോകത്തിൽ യഹോവയുടെ സാക്ഷികൾ ഐക്യം ആസ്വദിക്കുന്നതിന്റെ കാരണം എന്താണെന്നു നിങ്ങൾ അതിശയിക്കുന്നുവോ? ഒരു പോളീഷ് പ്രൊഫസറായ വൊയ്ചെച്ച്
മൊജെലെസ്കി യഹോവയുടെ സാക്ഷികളെ കുറിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ട് അതിന്റെ കാരണം വിവരിക്കുന്നു: “ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന തത്ത്വങ്ങൾ ഇപ്പോൾത്തന്നെ പിൻപറ്റുക എന്ന നയമാണ് അവരുടെ സമാധാനപരമായ മനോഭാവത്തിനു പിന്നിലെ മുഖ്യ ഘടകം.” അതേ, സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ ദിവ്യ പഠിപ്പിക്കലിലൂടെയാണ് സാക്ഷികൾ ലോകവ്യാപകമായി ഏകീകൃതരായിരിക്കുന്നത്. എന്താണ് ആ പഠിപ്പിക്കൽ?തന്റെ അനുഗാമികളെപ്പറ്റി പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ അവരെ ഏകീകരിക്കുന്ന ഒരു സുപ്രധാന തത്ത്വത്തിലേക്ക് യേശു വിരൽചൂണ്ടി: “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.” അതേ, എവിടെയുമുള്ള യഹോവയുടെ സാക്ഷികളെ ഏകീകൃതരാക്കി നിറുത്തുന്നത് അവർ കൈക്കൊള്ളുന്ന നിഷ്പക്ഷ നിലപാടാണ്. യേശുവിന്റെ പിൻവരുന്ന പ്രാർഥനയ്ക്കു ചേർച്ചയിലാണ് ഇത്: “അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.”—യോഹന്നാൻ 17:16-21.
ഈ നിഷ്പക്ഷ നിലപാട് ഏകീകരണത്തിനു സഹായിക്കുന്ന ഒരു ശക്തിയാണ്. എന്തെന്നാൽ, ‘യഹോവയാൽ ഉപദേശിക്കപ്പെടുന്ന’ എല്ലാവരെയും സംബന്ധിച്ച് യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതിന് അനുസൃതമായി ജീവിക്കാൻ അത് ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സാക്ഷികളെ പ്രേരിപ്പിക്കുന്നു. “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും” എന്നു യെശയ്യാവ് പറയുകയുണ്ടായി. പ്രവാചകൻ തുടരുന്നു: “ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:2-4.
യെശയ്യാവിന്റെ ഈ പ്രവചനം ഇപ്പോൾത്തന്നെ ചെറിയ തോതിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് കഴിഞ്ഞ ദശകത്തിൽ പൂർവ യൂറോപ്പിൽ നടന്ന യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളിൽ കാണാൻ കഴിഞ്ഞ സമാധാനവും ഐക്യവും. യൂറോപ്പിലും മറ്റിടങ്ങളിലുമുള്ള യഹോവയുടെ സാക്ഷികൾ, ആലങ്കാരികമായി തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർത്തിരിക്കുന്നു. അതിന്റെ ഫലമായി, അവർ ഐക്യമില്ലാത്ത ഈ ലോകത്തിൽ ഐക്യവും സമാധാനവും ആസ്വദിക്കുന്നു. ഒരു വർത്തമാനപ്പത്രത്തിന്റെ മുഖപ്രസംഗം ഒരിക്കൽ പിൻവരുന്നപ്രകാരം അഭിപ്രായപ്പെട്ടതിൽ അതിശയിക്കാനില്ല: “ലോകത്തിലുള്ള എല്ലാവരും [യഹോവയുടെ] സാക്ഷികളുടെ [ബൈബിളധിഷ്ഠിത] മതപ്രമാണം അനുസരിച്ചു ജീവിക്കുന്നപക്ഷം രക്തച്ചൊരിച്ചിലും വിദ്വേഷവും അവസാനിക്കും, സ്നേഹം രാജാവായി വാഴും”! അത് എന്നെങ്കിലും സംഭവിക്കുമോ?
ലോകവ്യാപക ഐക്യം—അത് എങ്ങനെ സാധ്യമാകും?
ലോകവ്യാപക ഐക്യം നിലവിൽ വരാൻ, സദുദ്ദേശ്യമുള്ള കുറച്ച് ആളുകൾ ഉണ്ടായിരുന്നാൽ മാത്രം പോരാ. സമാധാനത്തിനും ഐക്യത്തിനും വിഘാതമായി നിൽക്കുന്നവരുടെ സ്വാധീനത്തെ നിയന്ത്രണവിധേയമാക്കാൻ ശക്തിയുള്ള ഒരു ഗവൺമെന്റും അതിന് ആവശ്യമാണ്. വാസ്തവത്തിൽ, അത്തരമൊരു ഗവൺമെന്റിനുവേണ്ടി പ്രാർഥിക്കാനാണ് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതും: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) അതേ, ദൈവത്താലുള്ള ഒരു ഗവൺമെന്റിന്, ‘സ്വർഗ്ഗരാജ്യത്തിന്’, മാത്രമേ അനൈക്യം ഉൾപ്പെടെയുള്ള ലോക പ്രശ്നങ്ങൾക്കു പരിഹാരം വരുത്താൻ കഴിയൂ എന്നാണു യേശു സൂചിപ്പിച്ചത്.—മത്തായി 4:17.
ഈ സ്വർഗരാജ്യത്തിന്റെ രാജാവ് യേശുക്രിസ്തുവാണ്. അവന്റെ ഭരണത്തിൻ കീഴിൽ ഭൂവാസികൾ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്തതരം സമാധാനവും ഐക്യവും ആസ്വദിക്കും. മനുഷ്യന്റെ സാമ്പത്തിക പരിഷ്കാരങ്ങൾകൊണ്ടൊന്നും ഈ ലോകവ്യാപക ഐക്യം നേടിയെടുക്കാനാകില്ല. “സമാധാന പ്രഭു”വിന്റെ കരങ്ങളിലെ ആഗോള ഗവൺമെന്റിനു മാത്രമേ അത്തരമൊരു കാര്യം ചെയ്യാനാകൂ.—യെശയ്യാവു 9:6, 7.
ഇപ്പോഴത്തെ അനീതികൾ—മിക്കപ്പോഴും ദാരിദ്ര്യവും അധികാര ദുർവിനിയോഗവും നിമിത്തം ഉണ്ടാകുന്നവ—സമാധാന പ്രഭുവിന്റെ ഭരണത്തിൻ കീഴിൽ ഉണ്ടായിരിക്കുകയില്ല. ബൈബിൾ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ. അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും [“അടിച്ചമർത്തലിൽനിന്നും,” NW] സാഹസത്തിൽനിന്നും വീണ്ടെടുക്കും . . . ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:11, 12, 14, 16.
ക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ തൊഴിലില്ലായ്മ ഒരു കഴിഞ്ഞകാല സംഗതിയായിത്തീരും. യെശയ്യാവു പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.” (യെശയ്യാവു 65:22) ഭൂമിയിലുള്ള എല്ലാവരും പ്രയോജനപ്രദവും സംതൃപ്തിദായകവുമായ വേല ആസ്വദിക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ!
യഥാർഥ ഐക്യം—എപ്പോൾ?
എന്നാൽ ക്രിസ്തു ഭൂമിയെ ഭരിക്കാൻ തുടങ്ങുന്നത് എപ്പോഴാണ്? ആ ചോദ്യത്തിനുള്ള ഉത്തരം നൽകിയപ്പോൾ യുദ്ധങ്ങളും യുദ്ധശ്രുതികളും രോഗങ്ങളും ഭൂകമ്പങ്ങളും മറ്റു സംഭവങ്ങളും സവിശേഷതകളായുള്ള ഒരു കാലഘട്ടത്തിലേക്കു യേശു വിരൽചൂണ്ടി. ആ കാലത്തിന്റെ സവിശേഷതയെന്ന നിലയിൽ ക്രിയാത്മകമായ ഒരു സംഗതിയും അവൻ ചൂണ്ടിക്കാണിച്ചു—ദൈവരാജ്യ സുവാർത്തയുടെ ലോകവ്യാപക പ്രസംഗം. (മത്തായി 24:3-14; ലൂക്കൊസ് 21:11) യേശു പറഞ്ഞ ഈ സംഭവങ്ങൾ “മഹോപദ്രവ”ത്തിൽ അതിന്റെ ഉച്ചകോടിയിലെത്തും. (മത്തായി 24:21, NW) തുടർന്ന്, ഭൂമിയിലെ ഭരണാധിപത്യങ്ങൾ പൂർണമായും നീക്കം ചെയ്യപ്പെടും. മത്തായി 24-ാം അധ്യായത്തിലും ലൂക്കൊസ് 21-ാം അധ്യായത്തിലും രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രഭാഷണങ്ങൾ വായിക്കുക. അവൻ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളെ നിങ്ങൾ ഇപ്പോൾ ലോകത്തിൽ കാണുന്ന അവസ്ഥകളുമായി താരതമ്യപ്പെടുത്തി നോക്കുക. മനുഷ്യന്റെ ഭരണാധിപത്യത്തിൽ ദൈവം ഇടപെടാറായിരിക്കുന്ന സമയത്താണു നാം ജീവിച്ചിരിക്കുന്നതെന്നു നിങ്ങൾക്കു വ്യക്തമായും ബോധ്യപ്പെടും. യേശുക്രിസ്തു രാജാവായുള്ള ദൈവരാജ്യം ഭരണം ഏറ്റെടുക്കും. നാം ഒരു ഏകീകൃത ലോകത്തിന്റെ കവാടത്തിലാണ്!
ഇപ്പോൾ ചോദ്യമിതാണ്: ഈ വാഗ്ദാനം സാക്ഷാത്കരിക്കപ്പെടുന്നതു കാണണമെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? മനുഷ്യവർഗത്തിന്റെ ഭാവിപ്രതീക്ഷകൾ ബൈബിളിൽ അധിഷ്ഠിതമായിരിക്കുന്നതുകൊണ്ട്, ബൈബിൾ മെച്ചമായി മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് ജ്ഞാനപൂർവകമായ മാർഗം. വീട്ടിൽ വന്ന് നിങ്ങളെ സൗജന്യമായി ബൈബിൾ പഠിപ്പിക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്. a ഈ ക്രമീകരണത്തെ സ്വാഗതം ചെയ്യുന്നെങ്കിൽ, ലോക ഐക്യം തൊട്ടടുത്ത് എത്തിയിരിക്കുന്നുവെന്നും നിങ്ങൾക്കും അതിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാനാകുമെന്നും നിങ്ങൾ പെട്ടെന്നുതന്നെ മനസ്സിലാക്കും!
[അടിക്കുറിപ്പ്]
a ഈ ബൈബിൾ പഠന പരിപാടിയെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, ഈ മാസികയുടെ പ്രസാധകരുമായോ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായോ ബന്ധപ്പെടുക.
[9-ാം പേജിലെ ചിത്രം]
കീവ്, യൂക്രെയിൻ
സാഗ്രെബ്, ക്രൊയേഷ്യ
[9-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ ലോകമെമ്പാടും ശ്രദ്ധേയമായ ഐക്യം ആസ്വദിക്കുന്നു
[10-ാം പേജിലെ ചിത്രം]
മനുഷ്യവർഗം ഒരു ഏകീകരിക്കപ്പെട്ട ആഗോള കുടുംബമായിത്തീരണം എന്നതാണ് ദൈവോദ്ദേശ്യം