ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
മുൻ ക്രിമിനൽ “അലറുന്ന സിംഹം സൗമ്യനായ കുഞ്ഞാടാകുന്നു” (ആഗസ്റ്റ് 8, 1999) എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കപ്പെട്ട എൻറീക്കെ ടോറെസ്, ജൂനിയറിന്റെ അനുഭവകഥ എന്നിൽ വളരെ മതിപ്പുളവാക്കി. നമ്മുടെ ദൈവമായ യഹോവ എത്ര സ്നേഹവാനും കരുണാസമ്പന്നനും ക്ഷമാശീലനുമാണെന്നു വ്യക്തമാക്കുന്ന ഒന്നായിരുന്നു അത്. യഹോവയുടെ നിലവാരങ്ങളിൽനിന്നു മക്കൾ എത്ര അകന്നുപോയാലും അവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം മാതാപിതാക്കൾ ഒരിക്കലും ഉപേക്ഷിക്കരുതെന്നും ആ അനുഭവകഥ എടുത്തുകാട്ടി.
ജെ. എഫ്., ഇംഗ്ലണ്ട്
ഒരു ക്രിസ്ത്യാനിയായി വളർന്നുവന്ന ഞാൻ മോശമായ കൂട്ടുകെട്ടുകളിൽപ്പെട്ട് മയക്കുമരുന്ന് ഉപയോഗിക്കാനും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാനും തുടങ്ങി. 18-ാമത്തെ വയസ്സിൽ, എന്നെ 25 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. ക്രിസ്തീയ സഭയിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടെങ്കിലും ഞാൻ കൊള്ളരുതാത്തവനാണെന്ന തോന്നൽ പലപ്പോഴും എന്നെ അലട്ടാറുണ്ട്. എന്നാൽ, ഈ ലേഖനം വായിച്ചശേഷം യഹോവ തന്നെ അന്വേഷിക്കുന്നവരിൽനിന്ന് അകലെയല്ലെന്നു ഞാൻ മനസ്സിലാക്കി. ഞാൻ ഇപ്പോഴും തടവിൽത്തന്നെ ആണെങ്കിലും വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ ഈ അനുഭവകഥ എന്നെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു.
ആർ. ബി., ഐക്യനാടുകൾ
മൂളിപ്പക്ഷികൾ “പൂക്കളെ ചുംബിക്കുന്ന പക്ഷി” (ആഗസ്റ്റ് 8, 1999) എന്ന ലേഖനം അസ്സലായിട്ടുണ്ട്. മൂളിപ്പക്ഷികളെ ഇതിനു മുമ്പും ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇത്ര ചെറിയ മൂളിപ്പക്ഷികളും ഉണ്ടെന്നറിയുന്നത് ഇപ്പോഴാണ്. ആ ലേഖനത്തിലെ വിവരണങ്ങളും ചിത്രങ്ങളും ഈ പക്ഷികളോട് ഒരു പ്രത്യേക താത്പര്യം എന്നിൽ ഉളവാക്കിയിരിക്കുന്നു.
ആർ. എച്ച്., ജർമനി
ആ ലേഖനത്തിലെ വിവരങ്ങൾ എനിക്കു നന്നേ ഇഷ്ടപ്പെട്ടു. അതിലെ ചിത്രങ്ങളും വളരെ മനോഹരമായിരുന്നു. വേനൽക്കാലത്ത് മൂളിപ്പക്ഷികൾ മിക്കപ്പോഴും എന്റെ പൂന്തോട്ടം സന്ദർശിക്കാറുണ്ട്. ആരിലും വിസ്മയം ഉണർത്തുന്ന ഈ പക്ഷികളെ നിരീക്ഷിക്കുന്നത് ഒരു രസംതന്നെയാണ്. ഈ പക്ഷികളെ ഒന്നു കാണുന്നതുപോലും എനിക്ക് ആനന്ദം നൽകാറുണ്ട്.
സി. എസ്. എസ്., ബ്രസീൽ
ഏണികളുടെ സുരക്ഷിതമായ ഉപയോഗം “ഏണികൾ ഉപയോഗിക്കുമ്പോൾ സുരക്ഷിതത്വത്തിനു വേണ്ടി നിങ്ങൾ പിൻവരുന്നവ ശ്രദ്ധിക്കാറുണ്ടോ?” (ആഗസ്റ്റ് 8, 1999) എന്ന ലേഖനത്തിനു നന്ദി. അടുത്തയിടെ ഞാൻ ഏണിയിൽനിന്നൊന്നു വീണു. തുടർന്ന് കാലിന്റെ മുട്ടിന് ഒരു ഓപ്പറേഷനും വേണ്ടിവന്നു. ഏണിയുടെ ഉപയോഗവുമായി ബന്ധപ്പെട്ടു നിങ്ങൾ നൽകിയ ആ പത്തു നിർദേശങ്ങളും വളരെ പ്രയോജനപ്രദമായി എനിക്കു തോന്നി. അടുത്ത തവണ ഏണി ഉപയോഗിക്കുമ്പോൾ അവ പിൻപറ്റാൻ ഞാൻ ശ്രദ്ധിക്കും.
ഡി. എൻ., മെക്സിക്കോ
ബഹിരാകാശനിലയം “അന്തർദേശീയ ബഹിരാകാശനിലയം—ഭ്രമണം ചെയ്യുന്ന ഒരു പരീക്ഷണശാല” (ആഗസ്റ്റ് 22, 1999) എന്ന ലേഖനത്തിനായി നന്ദി രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കു 16 വയസ്സുണ്ട്. ബഹിരാകാശ പര്യവേക്ഷണം എനിക്ക് അത്യധികം താത്പര്യമുള്ള ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ലേഖനങ്ങൾ വായിക്കാനും എനിക്കു വലിയ ഇഷ്ടമാണ്.
കെ. ഇ., ഐക്യനാടുകൾ
ലേഖനത്തിൽ നിങ്ങൾ ബഹിരാകാശനിലയത്തെ വളരെയധികം പ്രകീർത്തിച്ചിട്ടുണ്ട്. എന്നാൽ അതിനെതിരായി യാതൊന്നും പ്രതിപാദിച്ചു കണ്ടില്ലല്ലോ. ബഹിരാകാശ പര്യവേക്ഷണം മനുഷ്യനെ സംബന്ധിച്ച തന്റെ ഉദ്ദേശ്യത്തിന്റെ ഭാഗമാണെന്ന് ദൈവം ഒരിക്കലും പറഞ്ഞിട്ടില്ല. കോടിക്കണക്കിന് ആളുകൾ വിശന്നുപൊരിയുമ്പോൾ ഒരു വിക്ഷേപണത്തിനായി മാത്രം ഇത്രയധികം പണം ചെലവഴിക്കുന്നതു ലജ്ജാകരമാണ്. ഇത്തരം കാര്യങ്ങളെ പ്രകീർത്തിക്കുകവഴി വാസ്തവത്തിൽ നിങ്ങൾ ദൈവത്തെ നിന്ദിക്കുകയാണ് ചെയ്യുന്നത്.
പി. എൻ. എം., ഇംഗ്ലണ്ട്
ബൈബിൾ പറയുന്നപ്രകാരം ‘ഭൂമിയെയാണ് മനുഷ്യർക്കു കൊടുത്തിരിക്കുന്ന’ത് എന്നതു ശരിതന്നെ. (സങ്കീർത്തനം 115:16) എന്നിരുന്നാലും ബഹിരാകാശ ഗവേഷണങ്ങൾ നടത്താൻ മനുഷ്യൻ താത്പര്യമെടുക്കുന്നതു തെറ്റാണെന്നുള്ളതിനു തിരുവെഴുത്തധിഷ്ഠിതമായ യാതൊരു കാരണങ്ങളുമില്ല. ദൈവത്തിന്റെ സൃഷ്ടികളിൽ മനുഷ്യൻ താത്പര്യമെടുക്കുന്നതു തെറ്റായ ഒരു സംഗതിയല്ല. വാസ്തവത്തിൽ, ദൈവത്തിന്റെ ജ്ഞാനത്തെയും സൃഷ്ടിക്രിയകൾ നടത്താനുള്ള അവന്റെ ശക്തിയെയും മനസ്സിലാക്കാനായി ആകാശങ്ങളെ നിരീക്ഷിക്കാൻ മനുഷ്യരെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 8:3, 4; 19:1) ഇനി ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ, യാതൊരു കാരണവശാലും ഈ ബഹിരാകാശനിലയത്തെ പ്രകീർത്തിക്കുകയായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശ്യം. അതിന്റെ നിർമാണവുമായി ബന്ധപ്പെട്ടു നടത്തിയിരിക്കുന്ന ആസൂത്രണങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ട് നൽകുക മാത്രമാണ് ഞങ്ങൾ ചെയ്തത്. ബഹിരാകാശനിലയം അതിന്റെ നിർമാണച്ചെലവിനു തക്ക ഗവേഷണഫലങ്ങൾ കാഴ്ചവെക്കുമോ ഇല്ലയോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.—പത്രാധിപർ
പീഡനത്തെ അതിജീവിക്കുന്നു “മരണത്തിന്റെ നിഴലിലും ദൈവത്തെ സേവിക്കുന്നു” (ആഗസ്റ്റ് 22, 1999) എന്ന ലേഖനം വായിച്ചു കഴിഞ്ഞതേയുള്ളൂ. അംഗോളയിലെ സഹോദരന്മാർ 17 വർഷത്തിലധികം സഹിച്ചു നിന്നതിന്റെ ഫലമായി ഒരിക്കൽ ആത്മീയമായ അർഥത്തിൽ തരിശായി കിടന്നിരുന്ന പ്രദേശം ഇപ്പോൾ ഫലഭൂയിഷ്ഠമായ ഒന്നായി മാറിയിരിക്കുന്നു!
ആർ. വൈ., ജപ്പാൻ