ഇന്റർനെറ്റ്—അപകടങ്ങൾ എനിക്ക് എങ്ങനെ ഒഴിവാക്കാനാകും?
യുവജനങ്ങൾ ചോദിക്കുന്നു . . .
ഇന്റർനെറ്റ്—അപകടങ്ങൾ എനിക്ക് എങ്ങനെ ഒഴിവാക്കാനാകും?
ലോകത്തിലെ ഏറ്റവും വലിയ ഗ്രന്ഥശാലയിലാണ് നിങ്ങൾ എന്നു സങ്കൽപ്പിക്കുക. സർവത്ര വിഷയങ്ങളെയും കുറിച്ചുള്ള പുസ്തകങ്ങളും പത്രങ്ങളും കാറ്റലോഗുകളും ഫോട്ടോഗ്രാഫുകളും റെക്കോർഡിങ്ങുകളും അവിടെ ഉണ്ട്. ഏറ്റവും പുതിയ വിവരങ്ങൾക്കു പുറമേ, കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലെ സാഹിത്യങ്ങളുടെ ഒരു വമ്പിച്ച ശേഖരവും അക്കൂട്ടത്തിലുണ്ട്.
വിരലൊന്നമർത്തിയാൽ മതി ഇന്റർനെറ്റിന് ഇപ്പറഞ്ഞതത്രയും നിങ്ങളുടെ മുമ്പിൽ എത്തിക്കാൻ കഴിയും. തന്റെ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച് ലോകത്തിൽ എവിടെയുമുള്ള കമ്പ്യൂട്ടറുകളുമായും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളുകളുമായും വിവരങ്ങൾ പങ്കുവെക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്ന ഒരു സംവിധാനമാണ് അത്. a സാധനങ്ങൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ബാങ്കിടപാടുകൾ നടത്തുന്നതിനോ പരസ്പരം സംസാരിക്കുന്നതിനോ ഏറ്റവും പുതിയ സംഗീതം കേൾക്കുന്നതിനോ പോലും ഇതിലൂടെ സാധിക്കും, അതും വീടിന്റെ സ്വകാര്യതയിൽ ഇരുന്നുകൊണ്ട്.
ഈ വർഷാവസാനത്തോടെ, ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 320 ദശലക്ഷം കവിയും എന്ന് ചില വിദഗ്ധർ പ്രവചിക്കുന്നതിൽ അതിശയിക്കാനില്ല. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്റർനെറ്റിന്റെ ഉപയോഗം നിത്യജീവിതത്തിന്റെ ഭാഗം ആയിക്കൊണ്ടിരിക്കുകയാണ്. സ്കൂളുകളും ഗ്രന്ഥശാലകളുമെല്ലാം അതിന്റെ ഉപയോഗത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്യുന്നതിനാൽ, ഇന്നു ദശലക്ഷക്കണക്കിനു യുവജനങ്ങൾക്ക് അത് ഉപയോഗിക്കാൻ കഴിയുന്നുണ്ട്. ഐക്യനാടുകളിൽ, 12-നും 19-നും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളുടെ ഏകദേശം 65 ശതമാനവും ഓൺ-ലൈൻ ഉപയോഗിച്ചിട്ടുള്ളവരോ അതിന്റെ വരിക്കാരാകുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരോ ആണ്.
ശരിയായ രീതിയിൽ ഉപയോഗിക്കുന്നപക്ഷം കാലാവസ്ഥ, യാത്ര തുടങ്ങി പലതിനെയും കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്ന പ്രയോജനപ്രദമായ വിവരങ്ങളുടെ ഒരു ഉറവായിരിക്കും ഇന്റർനെറ്റ്. പുസ്തകങ്ങൾ മുതൽ കാറിന്റെ ഭാഗങ്ങൾ വരെ നിങ്ങൾക്ക് അതിലൂടെ വാങ്ങാനാകും. ഒരു പഠനസഹായി എന്ന നിലയിൽ അതിനെ പ്രയോജനപ്പെടുത്തുന്നവരുമുണ്ട്.
ഇന്റർനെറ്റുകൊണ്ടു പ്രയോജനങ്ങൾ ഉണ്ടെന്നുള്ളതു സത്യംതന്നെ. എന്നാൽ ഒരർഥത്തിൽ, ലൈബ്രേറിയനോ മറ്റു മേൽനോട്ടക്കാരോ ഇല്ലാത്ത ഒരു ഗ്രന്ഥശാല പോലെയാണ് അത്. അടുത്തെങ്ങും ആരുമില്ല എന്ന ബോധ്യത്തോടെ ആർക്കും അതിലൂടെ യഥേഷ്ടം വിഹരിക്കാൻ കഴിയും. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ പതിയിരിക്കുന്ന ഏറ്റവും വലിയ അപകടങ്ങളിലൊന്നും ഇതുതന്നെയാണ്. എന്തുകൊണ്ട്? ഒരു വ്യക്തിയെ ആത്മീയവും ധാർമികവുമായി അധഃപതിപ്പിക്കുന്ന തരം വിവരങ്ങളാണ് ഒട്ടനവധി വെബ്സൈറ്റുകളിലും ഉള്ളത്. അതുകൊണ്ട്, ഇന്റർനെറ്റിന് ക്രിസ്തീയ യുവജനങ്ങളെ പ്രലോഭനക്കുരുക്കിൽ അകപ്പെടുത്താൻ കഴിയും. മനുഷ്യർ സ്വതവെ ജിജ്ഞാസുക്കളാണ്. പിശാചായ സാത്താൻ പണ്ടുമുതലേ മുതലെടുത്തിട്ടുള്ളതും ഈ പ്രവണതയെത്തന്നെ ആണല്ലോ. ഹവ്വായുടെ ജിജ്ഞാസയെ മുതലെടുത്ത സാത്താൻ അവളെ ‘ഉപായത്താൽ ചതിക്കുക’യാണുണ്ടായത്.—2 കൊരിന്ത്യർ 11:3.
സമാനമായി, ഒരു ക്രിസ്ത്യാനി തന്റെ ആത്മീയത കാത്തുസൂക്ഷിക്കാൻ ദൃഢചിത്തനല്ലെങ്കിൽ വഴിപിഴപ്പിക്കുന്ന വിവരങ്ങൾ അവനെയും വളരെ എളുപ്പത്തിൽ വശീകരിച്ചുകളഞ്ഞേക്കാം. ബെറ്റർ ഹോംസ് ആൻഡ് ഗാർഡൻസ് എന്ന മാസികയിൽ വന്ന ഒരു ലേഖനം ഇപ്രകാരം വിശദീകരിക്കുന്നു: “ആവേശംകൊള്ളിക്കുന്ന ഒരു മണ്ഡലമാണ് ഇന്റർനെറ്റ്. പ്രഗത്ഭരായവർ നിങ്ങൾക്കുവേണ്ടി ഏറ്റവും പുതിയ വിവരങ്ങൾ അതിൽ ശേഖരിച്ചുവെച്ചിരിക്കുന്നു. എന്നാൽ ബാലരതിപ്രിയർ, തട്ടിപ്പുകാർ, സ്വാശയഭ്രാന്തന്മാർ
തുടങ്ങിയ പലരും സൈബർ സ്പേസിൽ വിഹരിക്കുന്നുണ്ട്.”ഹാവ്യേർ b എന്ന ചെറുപ്പക്കാരൻ പറയുന്നു: “ചില വെബ്സൈറ്റുകളിൽ നമ്മെ ശരിക്കും ഞെട്ടിച്ചുകളയുന്ന വിവരങ്ങളുണ്ട്. ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന നേരത്താകും അവ പൊടുന്നനെ പ്രത്യക്ഷപ്പെടുക.” അവൻ തുടരുന്നു: “നിങ്ങളെ കുടുക്കിലാക്കുകയാണ് അവരുടെ ലക്ഷ്യം. ഏതു വിധേനയും നിങ്ങളെ പ്രലോഭിപ്പിച്ചു പണം തട്ടിയെടുക്കുന്നതിനാണ് ഇത്.” ജോൺ എന്ന ഒരു യുവക്രിസ്ത്യാനി ഇങ്ങനെ സമ്മതിച്ചുപറയുന്നു: “അനുചിതമായ കാര്യങ്ങൾ കാണാൻ തുടങ്ങിയാൽ പിന്നെ, ആ ശീലം നിറുത്താൻ വലിയ പ്രയാസമാണ്. നിങ്ങൾ അതിന് അടിമയായി പോകും.” അധഃപതിപ്പിക്കുന്ന തരം വെബ്സൈറ്റുകൾ കൂടെക്കൂടെ സന്ദർശിച്ചതിന്റെ ഫലമായി ചില ക്രിസ്തീയ യുവജനങ്ങൾ ഗുരുതരമായ കുഴപ്പങ്ങളിൽ ചെന്നുചാടിയിട്ടുണ്ട്. ചിലർക്ക് യഹോവയുമായുള്ള വ്യക്തിപരമായ ബന്ധം നഷ്ടമാകുകപോലും ചെയ്തിരിക്കുന്നു. ഇതെല്ലാം ഒഴിവാക്കാൻ എങ്ങനെ കഴിയും?
‘വ്യർഥകാര്യങ്ങൾ കാണൽ’
ചിലപ്പോൾ ഒരു വെബ്-സൈറ്റിന്റെ വിലാസം തന്നെ, ഉചിതമല്ലാത്ത വിവരങ്ങളാണ് അതിൽ അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമായി സൂചിപ്പിച്ചേക്കാം. c സദൃശവാക്യങ്ങൾ 22:3 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”
മിക്കപ്പോഴും അറിയാതെയാണ് ആളുകൾ ഇത്തരം ദോഷകരമായ വെബ്-സൈറ്റുകളിൽ ചെന്നുപെടുന്നത് എന്നതാണു പ്രശ്നം. ഇവയുടെ ഹോംപേജിൽ തന്നെ നിങ്ങളെ വശീകരിക്കാൻ പോന്ന ചിത്രങ്ങൾ കണ്ടേക്കാം. വെബ്-സൈറ്റ് പരിശോധിക്കാൻ മാത്രമല്ല പിന്നീട് കൂടെക്കൂടെ അവിടേക്കു മടങ്ങിച്ചെല്ലാനുള്ള പ്രേരണ കൂടെ നിങ്ങളിൽ ഉളവാക്കുകയാണ് അവയുടെ ലക്ഷ്യം! d
തന്റെ സുഹൃത്തുക്കളിൽ ഒരാൾക്കു സംഭവിച്ചതിനെ കുറിച്ച് കെവിൻ ഇപ്രകാരം വിശദീകരിക്കുന്നു: “അവന് ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. ഒപ്പം എല്ലാം അറിയാനുള്ള ആകാംക്ഷയും. അശ്ലീലകാര്യങ്ങൾ കാണുന്നത് പെട്ടെന്നുതന്നെ അവന്റെ ഒരു ശീലമായിത്തീർന്നു.” സന്തോഷകരമെന്നു പറയട്ടെ, ഈ യുവക്രിസ്ത്യാനി ഒരു മൂപ്പനോടു തന്റെ പ്രശ്നങ്ങളെല്ലാം തുറന്നുപറയുകയും സഹായം സ്വീകരിക്കുകയും ചെയ്തു.
അത്തരം ഒരു വെബ്-സൈറ്റിൽ യാദൃച്ഛികമായി ചെന്നുപെടുകയാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നിങ്ങൾക്കു നിശ്ചയമുണ്ടോ? ഒരു ക്രിസ്ത്യാനി ചെയ്യേണ്ടത് എന്താണെന്നു വ്യക്തമാണ്: ഉടനടി ആ സൈറ്റ് വിട്ടുപോകുക, വേണ്ടിവന്നാൽ ഇന്റർനെറ്റ് ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുക! ‘വ്യർഥ കാര്യങ്ങളിൽ നിന്ന് എന്റെ കണ്ണുകളെ തിരിക്കേണമേ’ എന്നു പ്രാർഥിച്ച സങ്കീർത്തനക്കാരനെ പോലെയായിരിക്കുക. (സങ്കീർത്തനം 119:37, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം; ഇയ്യോബ് 31:1 താരതമ്യം ചെയ്യുക.) മനുഷ്യരാരും നമ്മെ നിരീക്ഷിക്കുന്നില്ലെങ്കിൽ പോലും, നാം സദാ നിരീക്ഷണത്തിനു കീഴിൽ ആണെന്ന കാര്യം മറക്കരുത്. “സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു” എന്നു ബൈബിൾ നമ്മെ ഓർമപ്പെടുത്തുന്നു.—എബ്രായർ 4:13.
മാതാപിതാക്കളോട് അല്ലെങ്കിൽ പക്വതയുള്ള മറ്റു ക്രിസ്ത്യാനികളോടു സംസാരിക്കുന്നത്, മോശമായ സ്വാധീനമുള്ള വെബ്-സൈറ്റുകൾ വീണ്ടും സന്ദർശിക്കാതിരിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തും. നിങ്ങൾ ഒരു ചതുപ്പിനുള്ളിൽ വീണുപോകുന്നെങ്കിൽ എന്തുചെയ്യും? ഉടൻതന്നെ സഹായത്തിനായി ആരെയെങ്കിലും വിളിക്കുമോ, അതോ തനിയെ രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ട് അതിൽ കഴുത്തോളം ആണ്ടുപോകുന്നതു വരെ കാത്തുനിൽക്കുമോ?
ഓൺ-ലൈൻ സഹവാസത്തെ കുറിച്ചെന്ത്?
ഇന്റർനെറ്റ് ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ള ആളുകൾക്ക് ചാറ്റ് വഴി എപ്പോൾ വേണമെങ്കിലും പരസ്പരം ബന്ധപ്പെടാൻ കഴിയും. ഉപഭോക്താക്കൾക്കു സേവനം പ്രദാനം ചെയ്യുന്നതിനും ഓൺ-ലൈൻ കോൺഫറൻസുകൾ നടത്തുന്നതിനുമായി ബിസിനസ്സുകാർ അത് ഉപയോഗിക്കുന്നു. മോട്ടോർ വാഹനങ്ങൾ നന്നാക്കൽ, കമ്പ്യൂട്ടർ പ്രോഗ്രാമിങ് പോലുള്ള സാങ്കേതിക കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ ചില ചാറ്റ് റൂമുകൾ അഥവാ സല്ലാപ വേദികൾ സൗകര്യമൊരുക്കുന്നു. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഒക്കെ ആശയവിനിമയം നടത്താനുള്ള സൗകര്യവും ചില തരം ചാറ്റുകളിലുണ്ട്, അതും ദീർഘ-ദൂര ടെലിഫോൺ ചാർജിനെക്കാൾ കുറഞ്ഞ നിരക്കിൽ. ഉചിതമായ ഉപയോഗങ്ങൾ ഉണ്ടായിരുന്നേക്കാമെങ്കിൽ പോലും, ഇതിൽ എന്തെങ്കിലും അപകടമുണ്ടോ?
പബ്ലിക് ചാറ്റ് റൂമുകളുടെ കാര്യത്തിൽ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിൽ വളരെയധികം അപകടങ്ങൾ പതിയിരിപ്പുണ്ട് എന്നതുതന്നെ കാരണം. എഴുത്തുകാരിയായ ലിയാ റോസൻ ഇങ്ങനെ പറയുകയുണ്ടായി: “സാങ്കേതികജ്ഞാനമുള്ള കൗമാരപ്രായക്കാർ രാജ്യമൊട്ടാകെയുള്ള, എന്തിന്, ലോകമെമ്പാടുമുള്ള, പേരുപോലും അറിഞ്ഞുകൂടാത്ത ആളുകളുമായി മണിക്കൂറുകളോളം
സംഭാഷണത്തിൽ ഏർപ്പെടുന്നു. സങ്കടകരമെന്നു പറയട്ടെ, ഓൺ-ലൈനിൽ ഇവർ സമ്പർക്കം പുലർത്തുന്നവരുടെ കൂട്ടത്തിൽ, ലൈംഗികചൂഷണത്തിന് ഇരകളാക്കാൻ പറ്റിയ കുട്ടികളെയും തേടി നടക്കുന്നവരും ഉണ്ട്.” പബ്ലിക് ചാറ്റ് റൂമുകൾ ഉപയോഗിക്കുമ്പോൾ “നിങ്ങൾ അങ്ങേയറ്റം ശ്രദ്ധാലുവായിരിക്കേണ്ടതുണ്ട്” എന്ന് പോപ്പുലർ മെക്കാനിക്സൽ വന്ന ഒരു ലേഖനം മുന്നറിയിപ്പു നൽകുകയുണ്ടായി. നിങ്ങളുടെ പേരോ വിലാസമോ അപരിചിതനായ ഒരു വ്യക്തിക്കു നൽകുന്നത് ഗുരുതരമായ അപകടമാകും ക്ഷണിച്ചുവരുത്തുന്നത്! എന്തിന് വെറുതെ വേലിയിൽ കിടക്കുന്ന പാമ്പിനെ പിടിച്ചു മടിയിൽ വെക്കണം?ഒളിഞ്ഞിരിക്കുന്ന മറ്റൊരു അപകടവുമുണ്ട്. ബൈബിൾ തത്ത്വങ്ങൾ മാനിക്കാത്ത അപരിചിതരായ വ്യക്തികളുമായുള്ള വേണ്ടാത്ത കൂട്ടുകെട്ടുകളിൽ ചെന്നു ചാടുന്നതിന് അത് ഇടയാക്കും. e ചാറ്റ് റൂമുകളിലെ കൗമാരപ്രായക്കാരുടെ സംഭാഷണങ്ങളിൽ അധികപങ്കും ലൈംഗിക വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് എന്നു ഗവേഷകർ പറയുന്നു. അതുകൊണ്ട്, 1 കൊരിന്ത്യർ 15:33-ൽ (NW) കാണപ്പെടുന്ന ബൈബിളിന്റെ ഈ ബുദ്ധിയുപദേശം തികച്ചും ഉചിതമാണ്: “വഴിതെറ്റിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” ചീത്ത സഹവാസം, അത് ഒരു കമ്പ്യൂട്ടർ ശൃംഖലയിലൂടെയാണെങ്കിൽ പോലും അപകടകരമാണ്. ദൈവഭയമുള്ള യുവതീയുവാക്കൾ യാതൊരു വീണ്ടുവിചാരവുമില്ലാതെ അത്തരം അപകടങ്ങളിൽ ചെന്നു ചാടേണ്ടതുണ്ടോ?
സംരക്ഷണങ്ങൾ
ഇന്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട അപകടങ്ങൾ കണക്കിലെടുക്കുമ്പോൾ, അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന കാര്യം വ്യക്തമാണ്. ചില കുടുംബങ്ങൾ സ്വീകരണ മുറി പോലെ എപ്പോഴും എല്ലാവരുടെയും കണ്ണെത്തുന്ന ഒരിടത്താണ് കമ്പ്യൂട്ടർ വെച്ചിരിക്കുന്നത്. മാത്രമല്ല, വീട്ടിൽ മറ്റുള്ളവർ ഉള്ളപ്പോൾ മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കാവൂ എന്ന് അവർ നിഷ്കർഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മാതാപിതാക്കൾ അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെങ്കിൽ, അവയോടു സഹകരിക്കുക. (സദൃശവാക്യങ്ങൾ 1:8) വ്യക്തമായ അത്തരം മാർഗനിർദേശങ്ങൾ നിങ്ങളോടുള്ള അവരുടെ സ്നേഹത്തിന്റെ തെളിവാണ്.
സ്കൂളിലെ പാഠങ്ങൾ പഠിക്കുന്നതിന് ഇന്റർനെറ്റ് ഉപയോഗിച്ചേ തീരൂ എന്നുണ്ടെങ്കിൽ, ഓൺ-ലൈനിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം സംബന്ധിച്ചു ശ്രദ്ധയുള്ളവനായിരിക്കുക. എത്രമാത്രം സമയം നിങ്ങൾ ചെലവഴിക്കും എന്നു നേരത്തേതന്നെ തീരുമാനിക്കുക. സമയം തീരുമ്പോൾ അറിയാൻ ഒരു അലാറം ഉപയോഗിക്കാവുന്നതാണ്. ടോം ഇങ്ങനെ പറയുന്നു: “കാലേകൂട്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യുക. നിങ്ങൾ അന്വേഷിക്കുന്നത് എന്താണ് എന്നതിനെ കുറിച്ചു നിങ്ങൾക്കു വ്യക്തമായ ധാരണയുണ്ടായിരിക്കണം. മറ്റുള്ള കാര്യങ്ങൾ എത്രതന്നെ ആകർഷകമായി കാണപ്പെട്ടാലും, നിങ്ങളുടെ ലക്ഷ്യത്തോടു പറ്റിനിന്നേ മതിയാകൂ.”
ഇ-മെയിൽ ഉപയോഗിക്കുന്ന കാര്യത്തിലും ജാഗ്രത വേണം. കുന്നുകൂടി കിടക്കുന്ന ഇ-മെയിൽ മുഴുവൻ, പ്രത്യേകിച്ചും അതിലെ വിവരങ്ങൾ വലിയ പ്രയോജനമില്ലാത്തതും കൃത്യതയില്ലാത്തതും ആയിരിക്കുമ്പോൾ, വായിക്കുന്നത് ഒരു ശീലമാക്കാതിരിക്കാൻ ക്രിസ്തീയ യുവജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇ-മെയിൽ വിവരങ്ങൾ വായിച്ച് സമയം കളയുമ്പോൾ വാസ്തവത്തിൽ, സ്കൂളിലെ പാഠങ്ങൾ പഠിക്കുന്നതിനും ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഉള്ള അമൂല്യമായ സമയമായിരിക്കും നഷ്ടമാകുന്നത്.
ശലോമോൻ രാജാവ് ഇപ്രകാരം പറയുകയുണ്ടായി: “പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.” (സഭാപ്രസംഗി 12:12) ഈ വാക്കുകൾ നിശ്ചയമായും ഇന്റർനെറ്റിനും ബാധകമാണ്. വ്യക്തിപരമായ ബൈബിൾ പഠനവും ക്രിസ്തീയ ശുശ്രൂഷയുമെല്ലാം പാടേ അവഗണിച്ചുകൊണ്ട് വിവരങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിൽ ആമഗ്നരാകരുത്. (മത്തായി 24:14; യോഹന്നാൻ 17:3; എഫെസ്യർ 5:15, 16) കമ്പ്യൂട്ടർ വഴി ആശയവിനിമയം നടത്തുന്നതിന് അതിന്റേതായ പ്രയോജനം ഉണ്ടായിരുന്നേക്കാമെങ്കിലും, ഒരിക്കലും അത് സഹക്രിസ്ത്യാനികളോട് മുഖാമുഖം സംസാരിക്കുന്നതിനു പകരമാകില്ല. അതുകൊണ്ട്, നിങ്ങൾക്ക് യഥാർഥത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ, അതു ബുദ്ധിപൂർവം ചെയ്യാൻ ദൃഢനിശ്ചയമുള്ളവർ ആയിരിക്കുക. അപകടകരമായ വെബ്-സൈറ്റുകൾ ഒഴിവാക്കുക. ഓൺ-ലൈനിൽ അമിതമായി സമയം ചെലവഴിക്കരുത്. “നിന്റെ ഹൃദയത്തെ കാത്തുകൊൾക,” ഒരിക്കലും ഇന്റർനെറ്റിന്റെ അടിമയാകുകയും ചെയ്യരുത്.—സദൃശവാക്യങ്ങൾ 4:23.
[അടിക്കുറിപ്പുകൾ]
a 1997 ജൂലൈ 22 ലക്കം ഉണരുക!യിലെ “ഇന്റർനെറ്റ്—അതു നിങ്ങൾക്കുള്ളതോ?” എന്ന പരമ്പര കാണുക.
b ചില പേരുകൾ യഥാർഥമല്ല.
c വെബ്-സൈറ്റിലേക്കു പ്രവേശിക്കുന്നതിന് വേണ്ട അക്ഷരങ്ങളുടെയും ചിഹ്നങ്ങളുടെയും ഒരു കൂട്ടമാണ് വെബ്-സൈറ്റ് വിലാസം. ചിലപ്പോൾ പേരുകൊണ്ടുതന്നെ, ആ വെബ്-സൈറ്റ് എന്ത് ഉദ്ദേശ്യത്തിനു വേണ്ടിയുള്ളതാണെന്നു വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞേക്കും.
d ഹോംപേജ് ഒരു ഇലക്ട്രോണിക് സ്റ്റോർഫ്രണ്ട് ജാലകം പോലെയാണ്. വെബ്-സൈറ്റിൽ എന്തെല്ലാം ഉണ്ട്, അതിന്റെ ഉപജ്ഞാതാവ് ആരാണ് തുടങ്ങിയ വിവരങ്ങൾ അതിൽ ഉണ്ടായിരിക്കും.
e ആത്മീയ കാര്യങ്ങൾ ചർച്ചചെയ്യുക എന്ന നല്ല ഉദ്ദേശ്യത്തിൽ ആത്മാർഥഹൃദയരായ ക്രിസ്ത്യാനികൾ സ്ഥാപിച്ചിട്ടുള്ള ചാറ്റ് റൂമുകൾ പോലും അപകടകരമായിത്തീർന്നേക്കാം. സത്യസന്ധതയില്ലാത്ത ആളുകൾ, വിശ്വാസത്യാഗികൾ എന്നിവരൊക്കെ ചിലപ്പോൾ ഈ ചർച്ചകളിൽ പങ്കെടുക്കുകയും മറ്റുള്ളവരെ തങ്ങളുടെ തിരുവെഴുത്തു വിരുദ്ധമായ ആശയങ്ങൾ സ്വീകരിക്കാൻ തന്ത്രപരമായി പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
[20-ാം പേജിലെ ആകർഷകവാക്യം]
“ചില വെബ്സൈറ്റുകളിൽ നമ്മെ ശരിക്കും ഞെട്ടിച്ചുകളയുന്ന വിവരങ്ങളുണ്ട്. ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന നേരത്താകും അവ പൊടുന്നനെ പ്രത്യക്ഷപ്പെടുക.”
[21-ാം പേജിലെ ചിത്രം]
ചില കുടുംബങ്ങൾ, എല്ലാവരുടെയും കണ്ണെത്തുന്ന ഒരു ഇടത്താണു കമ്പ്യൂട്ടർ വെച്ചിരിക്കുന്നത്