ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കുക
“ജനത്തിനായി നിങ്ങൾക്ക് എന്തെങ്കിലും പ്രോത്സാഹനവാക്കുകൾ ഉണ്ടെങ്കിൽ പറയുക.”—പ്രവൃ. 13:15.
1, 2. പ്രോത്സാഹനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുക.
“പപ്പയും മമ്മിയും എന്നെ പ്രോത്സാഹിപ്പിച്ചതായി എനിക്ക് ഓർമയില്ല, കൂടുതലും കുറ്റപ്പെടുത്തലുകളായിരുന്നു. അവരുടെ വാക്കുകൾ എന്നെ എത്ര വേദനിപ്പിച്ചിട്ടുണ്ടെന്നോ! എനിക്കു പക്വതയില്ല, ഞാൻ നന്നാകാൻപോകുന്നില്ല, എനിക്കു ഭയങ്കര തടിയാണ് എന്നൊക്കെ അവർ പറയും. ഞാൻ മിക്കപ്പോഴും കരയും, എനിക്ക് അവരോടു മിണ്ടാനേ ഇഷ്ടമില്ല. എന്നെ ഒന്നിനും കൊള്ളില്ലെന്ന് എനിക്കുതന്നെ തോന്നാറുണ്ട്.” 18-കാരിയായ ക്രിസ്റ്റീന പറഞ്ഞതാണിത്. [1] പ്രോത്സാഹനം ലഭിക്കാത്ത ജീവിതം എത്ര ശോചനീയമാണ്!
2 നേരെ മറിച്ച്, പ്രോത്സാഹനം നല്ലതു ചെയ്യാൻ പ്രേരിപ്പിക്കും. രൂബേൻ പറയുന്നു: “വിലയില്ലാത്തവനാണെന്ന ചിന്തയോടു ഞാൻ വർഷങ്ങളോളം പോരാടി. അങ്ങനെയിരിക്കെ ഒരു ദിവസം, ഞാൻ ഒരു മൂപ്പന്റെ കൂടെ വയൽസേവനത്തിലായിരുന്നപ്പോൾ എന്നെ എന്തോ വിഷമിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. എന്റെ വിഷമങ്ങളെല്ലാം ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം അതെല്ലാം അനുകമ്പയോടെ കേട്ടുനിന്നു. എന്നിട്ട്, ഞാൻ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് അദ്ദേഹം എന്നെ ഓർമിപ്പിച്ചു. നമ്മൾ ഓരോരുത്തരും അനേകം കുരുവികളെക്കാൾ വിലയേറിയവരാണെന്ന യേശുവിന്റെ വാക്കുകളും അദ്ദേഹം എന്റെ മനസ്സിലേക്കു കൊണ്ടുവന്നു. ആ തിരുവെഴുത്തിനെക്കുറിച്ച് ഞാൻ കൂടെക്കൂടെ ഓർക്കാറുണ്ട്. ഇപ്പോഴും അത് എന്റെ ഹൃദയത്തെ സ്പർശിക്കുന്നു. ആ മൂപ്പന്റെ വാക്കുകൾ എന്നെ വളരെയധികം ബലപ്പെടുത്തി.”—മത്താ. 10:31.
3. (എ) പ്രോത്സാഹനത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് എന്തു പറഞ്ഞു? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
3 കൂടെക്കൂടെയുള്ള പ്രോത്സാഹനത്തിന്റെ ആവശ്യം ബൈബിൾ ഊന്നിപ്പറയുന്നു. അപ്പോസ്തലനായ പൗലോസ് എബ്രായക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “സഹോദരന്മാരേ, നിങ്ങൾ ജീവനുള്ള ദൈവത്തിൽനിന്നു വിട്ടുമാറിയിട്ട് വിശ്വാസമില്ലാത്ത ഒരു ദുഷ്ടഹൃദയം നിങ്ങളിൽ ആരിലും രൂപപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. പാപത്തിന്റെ വഞ്ചകശക്തിയാൽ നിങ്ങളിൽ ആരും കഠിനഹൃദയരാകാതിരിക്കാൻ, . . . ദിനന്തോറും അന്യോന്യം ഉദ്ബോധിപ്പിച്ചുകൊള്ളുക (“പ്രോത്സാഹിപ്പിക്കുക”).” (എബ്രാ. 3:12, 13) പ്രോത്സാഹനവാക്കുകൾകൊണ്ട് നിങ്ങൾക്ക് ഊർജം കിട്ടിയ ഒരു സാഹചര്യം ഓർത്താൽ മതി, പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള ആ ഉപദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ. അതുകൊണ്ട് നമുക്ക് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യാം: പ്രോത്സാഹനം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? യഹോവയും യേശുവും പൗലോസും മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? നമുക്ക് എങ്ങനെ ഫലപ്രദമായ വിധത്തിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാം?
ആളുകൾക്കു പ്രോത്സാഹനം ആവശ്യം
4. ആർക്കൊക്കെയാണു പ്രോത്സാഹനം വേണ്ടത്, അത് ഇന്നു തീരെ വിരളമായിരിക്കുന്നത് എന്തുകൊണ്ട്?
4 നമുക്ക് എല്ലാവർക്കും പ്രോത്സാഹനം ആവശ്യമാണ്, പ്രത്യേകിച്ചും വളർന്നുവരുന്ന പ്രായത്തിൽ. “ചെടികൾക്കു വെള്ളം ആവശ്യമായിരിക്കുന്നതുപോലെയാണു കുട്ടികൾക്കു . . . പ്രോത്സാഹനം. പ്രോത്സാഹനം കിട്ടുമ്പോൾ തനിക്കു വിലയുണ്ടെന്നും ആളുകൾക്കു തന്നെക്കുറിച്ച് ചിന്തയുണ്ടെന്നും കുട്ടിക്കു തോന്നും” എന്ന് അധ്യാപകനായ തിമൊത്തി ഇവാൻസ് പറയുന്നു. പക്ഷേ നമ്മൾ ജീവിക്കുന്നതു ദുഷ്കരമായ സമയത്താണ്. ആളുകൾ സ്വാർഥരാണ്, സ്വാഭാവികമായ സ്നേഹം എവിടെയും ഇല്ല. പ്രോത്സാഹനത്തിന്റെ കാര്യവും അങ്ങനെതന്നെ. (2 തിമൊ. 3:1-5) പല മാതാപിതാക്കളും മക്കളെ അഭിനന്ദിക്കാറില്ല. കാരണം, അവർക്ക് അവരുടെ മാതാപിതാക്കളിൽനിന്ന് ഒരിക്കലും അഭിനന്ദനം കിട്ടിയിട്ടില്ല. അതുപോലെ പല ജോലിക്കാർക്കും അഭിനന്ദനം കിട്ടാറില്ല. ജോലിസ്ഥലത്ത് പ്രോത്സാഹനവാക്കുകൾ തീരെ കേൾക്കാനില്ലെന്ന് അത്തരക്കാർ പരാതി പറയുന്നു.
5. പ്രോത്സാഹിപ്പിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
5 ഒരു വ്യക്തി ഒരു കാര്യം നന്നായി ചെയ്താൽ അതിനെ അഭിനന്ദിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിൽ ഉൾപ്പെടുന്നു. മറ്റുള്ളവരുടെ നല്ല ഗുണങ്ങളെ എടുത്ത് പറഞ്ഞുകൊണ്ടും ‘വിഷാദമഗ്നരെ സാന്ത്വനപ്പെടുത്തിക്കൊണ്ടും’ നമുക്കു പ്രോത്സാഹനം പകരാം. (1 തെസ്സ. 5:14) “പ്രോത്സാഹനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരാർഥം ഒരാളെ “തന്റെ പക്ഷത്തേക്കു ക്ഷണിക്കുക” എന്നതാണ്. നമ്മൾ സഹോദരങ്ങളുടെ കൂടെയായിരിക്കുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും പറയാൻ മിക്കപ്പോഴും അവസരം ലഭിക്കും. (സഭാപ്രസംഗി 4:9, 10 വായിക്കുക.) അവരെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നതിന്റെ കാരണം എന്താണെന്നു പറയാൻ കിട്ടുന്ന അവസരങ്ങളെല്ലാം നമ്മൾ ഉപയോഗിക്കാറുണ്ടോ? ആ ചോദ്യത്തിനു മുമ്പ് ഈ സദൃശവാക്യത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക: “തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!”—സദൃ. 15:23.
6. നമ്മൾ നിരുത്സാഹിതരാകാൻ സാത്താൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? ഒരു ദൃഷ്ടാന്തം പറയുക.
6 നമ്മൾ നിരുത്സാഹിതരാകാനാണു പിശാചായ സാത്താൻ ആഗ്രഹിക്കുന്നത്. കാരണം, നിരുത്സാഹം നമ്മളെ ആത്മീയമായും മറ്റു വിധങ്ങളിലും തളർത്തിക്കളയുമെന്ന് അവന് അറിയാം. സദൃശവാക്യങ്ങൾ 24:10 പറയുന്നു: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” നീതിമാനായ ഇയ്യോബിനെ നിരുത്സാഹപ്പെടുത്താൻ സാത്താൻ ഇയ്യോബിന്റെ മേൽ ദുരന്തങ്ങളുടെയും കുറ്റാരോപണങ്ങളുടെയും ഒരു പേമാരിതന്നെ ചൊരിഞ്ഞു. പക്ഷേ ക്രൂരമായ ആ കരുനീക്കം പരാജയപ്പെട്ടു. (ഇയ്യോ. 2:3; 22:3; 27:5) കുടുംബാംഗങ്ങളെയും സഭയിലെ സഹോദരങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് നമുക്കു സാത്താന്റെ ശ്രമങ്ങളെ ചെറുത്തുനിൽക്കാം. അങ്ങനെ ചെയ്യുന്നെങ്കിൽ, വീട്ടിലായിരിക്കുമ്പോഴും രാജ്യഹാളിലായിരിക്കുമ്പോഴും നമുക്കു സന്തോഷവും ആത്മീയസുരക്ഷിതത്വവും അനുഭവപ്പെടും.
പ്രോത്സാഹനത്തിന്റെ ബൈബിൾദൃഷ്ടാന്തങ്ങൾ
7, 8. (എ) യഹോവ പ്രോത്സാഹനത്തെ പ്രധാനമായി കാണുന്നുവെന്ന് ഏതു ബൈബിൾദൃഷ്ടാന്തങ്ങൾ കാണിക്കുന്നു? (ബി) യഹോവ വെച്ചിരിക്കുന്ന മാതൃക അനുകരിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
7 യഹോവ. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ (“നിരുത്സാഹിതരെ,” NW, അടിക്കുറിപ്പ്) അവൻ രക്ഷിക്കുന്നു.” (സങ്കീ. 34:18) യിരെമ്യക്കു പേടിയും നിരുത്സാഹവും തോന്നിയപ്പോൾ യഹോവ വിശ്വസ്തനായ ആ പ്രവാചകന് ആത്മവിശ്വാസം പകർന്നുകൊടുത്തു. (യിരെ. 1:6-10) പ്രായംചെന്ന ദാനിയേൽ പ്രവാചകനെ ബലപ്പെടുത്താനായി ദൈവം ഒരു ദൂതനെ അയയ്ക്കുകയും ആ ദൂതൻ ദാനിയേലിനെ ‘ഏറ്റവും പ്രിയപുരുഷൻ’ എന്നു വിളിക്കുകയും ചെയ്തപ്പോൾ അദ്ദേഹത്തിന് എത്രമാത്രം പ്രോത്സാഹനം കിട്ടിക്കാണും! (ദാനി. 10:8, 11, 18, 19) സമാനമായി, പ്രചാരകരെയും മുൻനിരസേവകരെയും, വിശേഷിച്ച് ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന പ്രായംചെന്ന സഹോദരങ്ങളെയും നമുക്കു പ്രോത്സാഹിപ്പിക്കാനാകുമോ?
8 യേശുവിന്റെ കാര്യം നോക്കുക. ‘യുഗങ്ങളോളം ഞാനും മകനും ഒരുമിച്ച് പ്രവർത്തിച്ചതല്ലേ, ഇനി അവനു പ്രോത്സാഹനത്തിന്റെയും അഭിനന്ദനത്തിന്റെയും ഒന്നും ആവശ്യമില്ല’ എന്നു ദൈവം യേശുവിനെക്കുറിച്ച് ചിന്തിച്ചില്ല. അതിനു പകരം പിതാവ് സ്വർഗത്തിൽനിന്ന് രണ്ടു വട്ടം ഇങ്ങനെ പറയുന്നതു യേശു കേട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്താ. 3:17; 17:5) അങ്ങനെ യേശുവിനെ ദൈവം അഭിനന്ദിച്ചു; കാര്യങ്ങളെല്ലാം നന്നായി ചെയ്യുന്നുണ്ടെന്ന് ഉറപ്പും കൊടുത്തു. ശുശ്രൂഷയുടെ തുടക്കത്തിലും ഭൂമിയിലെ ജീവിതത്തിന്റെ അവസാനവർഷത്തിലും, അങ്ങനെ രണ്ടു പ്രാവശ്യം ഈ വാക്കുകൾ കേട്ടപ്പോൾ യേശുവിന് എത്രയധികം പ്രോത്സാഹനം തോന്നിക്കാണും! കൂടാതെ, മരണത്തിന്റെ തലേരാത്രിയിൽ തീവ്രവേദനയിലായിരുന്നപ്പോൾ യേശുവിനെ ബലപ്പെടുത്താനായി യഹോവ ഒരു ദൂതനെ അയയ്ക്കുകയും ചെയ്തു. (ലൂക്കോ. 22:43) മക്കളെ പതിവായി പ്രോത്സാഹിപ്പിച്ചുകൊണ്ടും അവർ നല്ലതു ചെയ്യുമ്പോൾ അഭിനന്ദിച്ചുകൊണ്ടും മാതാപിതാക്കൾക്ക് യഹോവയുടെ മാതൃക അനുകരിക്കാം. സ്കൂളിൽ അവർ നിരന്തരം വിശ്വസ്തതയുടെ പരിശോധനകളെ നേരിടുന്നുണ്ടെങ്കിൽ നമ്മൾ അവരെ കൂടുതൽ ബലപ്പെടുത്തണം.
9. യേശു അപ്പോസ്തലന്മാരോട് ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തെല്ലാം കാര്യങ്ങൾ പഠിക്കാം?
9 യേശു. തന്റെ മരണത്തിന്റെ സ്മാരകാചരണം ഏർപ്പെടുത്തിയ രാത്രിയിൽ യേശു അപ്പോസ്തലന്മാരിൽ കണ്ട ഒരു പോരായ്മ അഹങ്കാരമായിരുന്നു. യേശു താഴ്മയോടെ അവരുടെ കാലു കഴുകി. എന്നിട്ടും അവരിൽ ആരാണു വലിയവനെന്ന് അവർ തർക്കിച്ചുകൊണ്ടിരുന്നു, പത്രോസിനാകട്ടെ അമിതമായ ആത്മവിശ്വാസവും. (ലൂക്കോ. 22:24, 33, 34) എങ്കിലും, പരിശോധനകളിൽ തന്നോടു പറ്റിനിന്നതിനു വിശ്വസ്തരായ ആ അപ്പോസ്തലന്മാരെ യേശു അഭിനന്ദിക്കുകയാണു ചെയ്തത്. താൻ ചെയ്തതിനെക്കാൾ വലിയ കാര്യങ്ങൾ അവർ ചെയ്യുമെന്നും ദൈവം അവരെ സ്നേഹിക്കുന്നെന്നും യേശു അവർക്ക് ഉറപ്പുകൊടുത്തു. (ലൂക്കോ. 22:28; യോഹ. 14:12; 16:27) നമുക്കു സ്വയം ഇങ്ങനെ ചോദിക്കാം: ‘മക്കളുടെയും മറ്റുള്ളവരുടെയും തെറ്റുകുറ്റങ്ങളിൽ ശ്രദ്ധിക്കുന്നതിനു പകരം അവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അഭിനന്ദിച്ചുകൊണ്ട് ഞാൻ യേശുവിനെ അനുകരിക്കേണ്ടതല്ലേ?’
10, 11. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം പൗലോസ് മനസ്സിലാക്കിയെന്ന് എന്തു കാണിക്കുന്നു?
10 പൗലോസ് അപ്പോസ്തലൻ. തന്റെ ലേഖനങ്ങളിൽ സഹക്രിസ്ത്യാനികളെക്കുറിച്ച് പൗലോസ് പ്രശംസിച്ചുപറഞ്ഞു. അവരിൽ ചിലരോടൊത്ത് പൗലോസ് വർഷങ്ങളോളം യാത്ര ചെയ്തിരുന്നു. അതുകൊണ്ട് അവരുടെ കുറവുകളെക്കുറിച്ച് പൗലോസിന് അറിയാമായിരുന്നു. പക്ഷേ അവരെപ്പറ്റി നല്ല കാര്യങ്ങളാണു പൗലോസ് പറഞ്ഞത്. ഉദാഹരണത്തിന്, പൗലോസ് തിമൊഥെയൊസിനെ സഹക്രിസ്ത്യാനികളുടെ ആവശ്യങ്ങളെക്കുറിച്ച് ആത്മാർഥമായി ചിന്തയുള്ള തന്റെ ‘പ്രിയനും വിശ്വസ്തപുത്രനും’ എന്നു വിളിച്ചു. (1 കൊരി. 4:17; ഫിലി. 2:19, 20) അതുപോലെ തീത്തോസിനെക്കുറിച്ച്, “എനിക്കു കൂട്ടാളിയും നിങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ എന്റെ കൂട്ടുവേലക്കാരനും” എന്ന് കൊരിന്ത് സഭയിലുള്ളവരോടു പൗലോസ് പറഞ്ഞു. (2 കൊരി. 8:23) പൗലോസ് തങ്ങളെക്കുറിച്ച് ഇങ്ങനെയാണു ചിന്തിക്കുന്നതെന്ന് അറിഞ്ഞപ്പോൾ തിമൊഥെയൊസിനും തീത്തോസിനും എന്തുമാത്രം പ്രോത്സാഹനം തോന്നിക്കാണും!
11 ക്രൂരമായ ആക്രമണം നേരിട്ട സ്ഥലങ്ങളിലേക്കു ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും പൗലോസും ബർന്നബാസും മടങ്ങിച്ചെന്നു. ഉദാഹരണത്തിന്, നേരത്തെ അവർക്കു ലുസ്ത്രയിൽ മതഭ്രാന്തരുടെ കടുത്ത എതിർപ്പ് നേരിടേണ്ടിവന്നിരുന്നു. എന്നിട്ടും പുതിയ ശിഷ്യരെ വിശ്വസ്തരായി നിൽക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് അവർ അവിടേക്കു തിരികെപ്പോയി. (പ്രവൃ. 14:19-22) എഫെസൊസിൽ പൗലോസ് കോപാകുലരായ ഒരു ജനക്കൂട്ടത്തെ അഭിമുഖീകരിച്ചു. പ്രവൃത്തികൾ 20:1, 2 ഇങ്ങനെ പറയുന്നു: “കലഹം ശമിച്ചപ്പോൾ, പൗലോസ് ശിഷ്യന്മാരെ വിളിപ്പിച്ചു; അവരെ ധൈര്യപ്പെടുത്തിയശേഷം അവരോടു യാത്രപറഞ്ഞ് അവൻ മാസിഡോണിയയിലേക്കു പുറപ്പെട്ടു. ആ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അവിടെയുള്ളവരെ പല വാക്കുകളാലും ഉത്സാഹിപ്പിച്ചിട്ട് അവൻ ഗ്രീസിൽ വന്നു.” പ്രോത്സാഹിപ്പിക്കുന്നതിനെ വളരെ പ്രധാനപ്പെട്ട ഒന്നായി പൗലോസ് കണ്ടു.
പ്രോത്സാഹനം ഇന്നു പ്രവൃത്തിപഥത്തിൽ
12. പ്രോത്സാഹനം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന കാര്യത്തിൽ മീറ്റിങ്ങുകൾക്ക് എന്തു പങ്കാണുള്ളത്?
12 നമുക്കു പ്രോത്സാഹനം ലഭിക്കാനും നൽകാനും വേണ്ടിയാണു നമ്മുടെ സ്വർഗീയപിതാവ് പതിവായി മീറ്റിങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. (എബ്രായർ 10:24, 25 വായിക്കുക.) യേശുവിന്റെ ആദ്യകാലത്തെ അനുഗാമികളെപ്പോലെ നമ്മളും പഠിക്കാനും പ്രോത്സാഹനം നേടാനും ആയി കൂടിവരുന്നു. (1 കൊരി. 14:31) ഈ ലേഖനത്തിന്റെ തുടക്കത്തിൽ കണ്ട ക്രിസ്റ്റീന പറയുന്നു: “മീറ്റിങ്ങുകളെക്കുറിച്ച് പറയുകയാണെങ്കിൽ, അവിടെ ലഭിക്കുന്ന സ്നേഹവും പ്രോത്സാഹനവും ആണ് എനിക്ക് ഏറ്റവും ഇഷ്ടം. ചിലപ്പോൾ വളരെ വിഷാദിച്ചായിരിക്കും ഞാൻ രാജ്യഹാളിൽ എത്തുന്നത്. അവിടെ ചെല്ലുമ്പോൾ സഹോദരിമാർ എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപ്പിടിക്കും, എന്നെ കാണാൻ നല്ല ഭംഗിയാണ് എന്നു പറയും. എന്നെ സ്നേഹിക്കുന്നെന്നും എന്റെ ആത്മീയപുരോഗതിയിൽ സന്തോഷിക്കുന്നെന്നും അവർ എന്നോടു പറയും. അവരുടെ ആ പ്രോത്സാഹനം എനിക്ക് ഉന്മേഷം പകരും.” “പരസ്പരം പ്രോത്സാഹനം” കൈമാറുന്നതിൽ ഓരോരുത്തരും അവരവരുടെ ഭാഗം നിർവഹിക്കുമ്പോൾ അത് എത്ര ഉണർവേകും!—റോമ. 1:11, 12.
13. അനുഭവപരിചയമുള്ള ദൈവദാസർക്കും പ്രോത്സാഹനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
13 അനുഭവപരിചയമുള്ള ദൈവദാസർക്കുപോലും പ്രോത്സാഹനത്തിന്റെ ആവശ്യമുണ്ട്. ഉദാഹരണത്തിന്, യോശുവ അനേക വർഷങ്ങൾ വിശ്വസ്തമായി ദൈവത്തെ സേവിച്ചയാളായിരുന്നു. എന്നിട്ടും യോശുവയെ പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് യഹോവ മോശയോട് ഇങ്ങനെ പറഞ്ഞു: “യോശുവയോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്കു അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.” (ആവ. 3:27, 28) വാഗ്ദത്തദേശം പിടിച്ചടക്കുന്നതിന് ഇസ്രായേല്യരെ നയിക്കുകയെന്ന വലിയ ഉത്തരവാദിത്വമായിരുന്നു യോശുവയുടെ മുമ്പിലുണ്ടായിരുന്നത്. പല തിരിച്ചടികളും, കുറഞ്ഞത് ഒരു യുദ്ധത്തിലെങ്കിലും പരാജയവും, യോശുവയ്ക്കു നേരിടേണ്ടിവരുമായിരുന്നു. (യോശു. 7:1-9) യോശുവയ്ക്കു പ്രോത്സാഹനവും ബലവും ആവശ്യമായിരുന്നതിൽ ഒട്ടും അതിശയിക്കാനില്ല. അതുപോലെ ഇക്കാലത്ത്, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കാൻ കഠിനാധ്വാനം ചെയ്യുന്ന സർക്കിട്ട് മേൽവിചാരകന്മാർ ഉൾപ്പെടെ എല്ലാ മൂപ്പന്മാരെയും വ്യക്തിപരമായി നമുക്കു പ്രോത്സാഹിപ്പിക്കാം. (1 തെസ്സലോനിക്യർ 5:12, 13 വായിക്കുക.) ഒരു സർക്കിട്ട് മേൽവിചാരകൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സന്ദർശനം ഒത്തിരി ഇഷ്ടപ്പെട്ടെന്നു പറഞ്ഞുകൊണ്ട് ചിലപ്പോഴൊക്കെ സഹോദരങ്ങൾ കത്തുകൾ തരാറുണ്ട്. ഞങ്ങൾ ആ കത്തുകളെല്ലാം സൂക്ഷിച്ചുവെക്കും, നിരുത്സാഹം തോന്നുമ്പോൾ അതൊക്കെ എടുത്ത് വായിക്കും. അതു ശരിക്കും പ്രോത്സാഹനത്തിന്റെ ഒരു ഉറവാണ്.”
14. ബുദ്ധിയുപദേശത്തോടൊപ്പം അഭിനന്ദനവും പ്രോത്സാഹനവും കൊടുക്കുന്നതു ഗുണം ചെയ്യുമെന്ന് എന്തു കാണിക്കുന്നു?
14 അഭിനന്ദനവും പ്രോത്സാഹനവും കൊടുക്കുന്നതു ബൈബിളുപദേശം ബാധകമാക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുമെന്നു മൂപ്പന്മാരും മാതാപിതാക്കളും മനസ്സിലാക്കുന്നു. തന്റെ ഉപദേശം ബാധകമാക്കിയതിനു കൊരിന്തിലെ സഹോദരങ്ങളെ പൗലോസ് അഭിനന്ദിച്ചപ്പോൾ ശരിയായ കാര്യങ്ങൾ തുടർന്നും ചെയ്യാൻ അവർക്കു തീർച്ചയായും പ്രോത്സാഹനം ലഭിച്ചിരിക്കണം. (2 കൊരി. 7:8-11) രണ്ടു മക്കളുടെ പിതാവായ ആൻഡ്രേസ് പറയുന്നു: “കുട്ടികൾ ആത്മീയമായും വൈകാരികമായും വളരാൻ പ്രോത്സാഹനം വലിയ ഒരു പങ്കു വഹിക്കുന്നു. നിങ്ങൾ ഉപദേശത്തോടൊപ്പം പ്രോത്സാഹനവും കൊടുക്കുന്നെങ്കിൽ ആ ഉപദേശം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. ശരി ഏതാണെന്നു കുട്ടികൾക്ക് അറിയാം. പക്ഷേ ഞങ്ങൾ പതിവായി അവരെ പ്രോത്സാഹിപ്പിക്കുമ്പോൾ ശരിയായ കാര്യം ചെയ്യുന്നത് അവരുടെ ഒരു ജീവിതരീതിയായി മാറുന്നു.”
ഫലപ്രദമായ പ്രോത്സാഹനം എങ്ങനെ കൊടുക്കാം?
15. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ നമുക്കു ചെയ്യാവുന്ന ഒരു കാര്യം ഏതാണ്?
15 സഹാരാധകരുടെ കഠിനാധ്വാനത്തെയും നല്ല ഗുണങ്ങളെയും വിലമതിക്കുന്നെന്നു കാണിക്കുക. (2 ദിന. 16:9; ഇയ്യോ. 1:8) അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ യഹോവയെയും യേശുവിനെയും അനുകരിക്കുകയായിരിക്കും. നമ്മൾ ചെയ്യുന്നതെല്ലാം യഹോവയും യേശുവും വിലമതിക്കുന്നു. ഒരു പക്ഷേ നമ്മൾ ആഗ്രഹിക്കുന്നത്ര നമുക്കു ചെയ്യാൻ കഴിയുന്നില്ലെങ്കിൽപ്പോലും. (ലൂക്കോസ് 21:1-4; 2 കൊരിന്ത്യർ 8:12 വായിക്കുക.) ഉദാഹരണത്തിന്, നമ്മുടെ ഇടയിലെ പ്രായമായ ചില സഹോദരങ്ങൾ നല്ല ശ്രമം ചെയ്താണു പതിവായി മീറ്റിങ്ങുകൾക്കു വരുകയും അഭിപ്രായങ്ങൾ പറയുകയും ക്രമമായി ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്യുന്നത്. ഈ പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മൾ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതല്ലേ?
16. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ പൗലോസിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
16 മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾക്കായി നോക്കിയിരിക്കുക. മറ്റുള്ളവരെ അഭിനന്ദിക്കാനായി എന്തെങ്കിലും കണ്ടാൽ അതു പറയാൻ എന്തിനു മടിച്ചുനിൽക്കണം? പൗലോസും ബർന്നബാസും പിസിദ്യയിലെ അന്ത്യോക്യയിലായിരുന്നപ്പോൾ എന്താണു നടന്നത്? അവിടുത്തെ സിനഗോഗിന്റെ അധ്യക്ഷന്മാർ അവരോടു പറഞ്ഞു: “സഹോദരന്മാരായ പുരുഷന്മാരേ, ജനത്തിനായി നിങ്ങൾക്ക് എന്തെങ്കിലും പ്രോത്സാഹനവാക്കുകൾ ഉണ്ടെങ്കിൽ പറയുക.” പൗലോസ് ഒട്ടും മടി വിചാരിക്കാതെ അപ്പോൾ ഒരു നല്ല പ്രസംഗം നടത്തി. (പ്രവൃ. 13:13-16, 42-44) ഒരു പ്രോത്സാഹനവാക്കിന് അവസരമുണ്ടെങ്കിൽ എന്തുകൊണ്ട് അതു പറഞ്ഞുകൂടാ! പ്രോത്സാഹിപ്പിക്കുന്ന ഒരു ശീലം നമുക്കുണ്ടെങ്കിൽ ആളുകൾ നമ്മളെ തിരിച്ചും പ്രോത്സാഹിപ്പിച്ചേക്കാം.—ലൂക്കോ. 6:38.
17. നമ്മുടെ അഭിനന്ദനവാക്കുകൾക്ക് ആഴമായ അർഥം തരുന്നത് എന്ത്?
17 ആത്മാർഥതയുള്ളവരായിരിക്കുക, ഓരോ കാര്യങ്ങൾ എടുത്തുപറഞ്ഞ് അഭിനന്ദിക്കുക. കാര്യങ്ങൾ പൊതുവേ പറഞ്ഞുകൊണ്ട് പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതു നല്ലതുതന്നെ. പക്ഷേ, ഓരോ കാര്യങ്ങളും എടുത്തുപറഞ്ഞ് അഭിനന്ദിക്കുന്നതാണ് ഏറെ മെച്ചമെന്നു തുയഥൈരയിലെ ക്രിസ്ത്യാനികൾക്കുള്ള യേശുവിന്റെ സന്ദേശം കാണിക്കുന്നു. (വെളിപാട് 2:18, 19 വായിക്കുക.) ഉദാഹരണത്തിന്, മക്കൾ വരുത്തുന്ന ആത്മീയപുരോഗതിയുടെ പ്രത്യേകവശം എടുത്തുപറഞ്ഞുകൊണ്ട് മാതാപിതാക്കൾക്ക് അവരെ അഭിനന്ദിക്കാം. ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിലും, ഒറ്റയ്ക്കുള്ള ഒരു അമ്മ മക്കളെ വളർത്തിക്കൊണ്ടുവരാൻ ചെയ്യുന്ന ശ്രമങ്ങളിൽ നമുക്കു മതിപ്പു തോന്നിയ കാര്യം ഏതാണോ അത് ആ അമ്മയോടു പറയാം. അങ്ങനെയുള്ള അഭിനന്ദനവും പ്രോത്സാഹനവും അവർക്കു വളരെ ഗുണം ചെയ്യും.
18, 19. നമുക്ക് എങ്ങനെ ആത്മീയമായി പരസ്പരം ബലപ്പെടുത്താൻ കഴിയും?
18 യോശുവയെ പ്രോത്സാഹിപ്പിക്കാനും ബലപ്പെടുത്താനും മോശയോടു പറഞ്ഞതുപോലെ, ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാട്ടി അയാളെ പ്രോത്സാഹിപ്പിക്കാൻ യഹോവ ഇന്നു വ്യക്തിപരമായി നമ്മളോട് ആരോടും ആവശ്യപ്പെടുന്നില്ല. എങ്കിലും നമ്മൾ സഹവിശ്വാസികളോടും മറ്റുള്ളവരോടും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കുമ്പോൾ ദൈവം സന്തോഷിക്കുന്നു. (സദൃ. 19:17; എബ്രാ. 12:12) ഉദാഹരണത്തിന്, പൊതുപ്രസംഗം നടത്തിയ ഒരു സഹോദരനോട് ആ പ്രസംഗത്തിലൂടെ എങ്ങനെയാണു നമുക്ക് ആവശ്യമായിരിക്കുന്ന ഒരു ഉപദേശം ലഭിച്ചതെന്നോ ഒരു തിരുവെഴുത്തു മനസ്സിലാക്കാൻ കഴിഞ്ഞതെന്നോ പറയാനായേക്കും. ഒരു സന്ദർശകപ്രസംഗകന് ഒരു സഹോദരി പിന്നീട് ഇങ്ങനെ എഴുതി: “നമ്മൾ ഏതാനും മിനിട്ടുകൾ മാത്രമേ സംസാരിച്ചുള്ളൂ എങ്കിലും എന്റെ ഹൃദയത്തിന്റെ വേദന സഹോദരൻ കണ്ടു, എന്നെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തു. പ്രസംഗം നടത്തിയപ്പോഴും എന്നോടു നേരിട്ടും വളരെ ദയയോടെയാണു സഹോദരൻ സംസാരിച്ചത്. യഹോവയിൽനിന്നുള്ള ഒരു സമ്മാനമായിട്ടാണ് അത് എനിക്കു തോന്നുന്നത്.”
19 “നിങ്ങൾ ഇപ്പോൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ആശ്വസിപ്പിക്കുകയും ആത്മീയവർധന വരുത്തുകയും ചെയ്യുവിൻ” എന്ന പൗലോസിന്റെ ഉപദേശം ബാധകമാക്കാൻ തീരുമാനിക്കുന്നെങ്കിൽ മറ്റുള്ളവരെ ആത്മീയമായി ബലപ്പെടുത്താൻ നമുക്ക് അനേകം വഴികൾ കണ്ടെത്താനായേക്കും. (1 തെസ്സ. 5:11) ‘ദിനന്തോറും അന്യോന്യം ഉദ്ബോധിപ്പിക്കുകയാണെങ്കിൽ,’ അതായത് പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, നമുക്ക് ഓരോരുത്തർക്കും നിശ്ചയമായും യഹോവയെ സന്തോഷിപ്പിക്കാൻ കഴിയും.
^ [1] (ഖണ്ഡിക 1) ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.