മുഖ്യലേഖനം | പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .
ദുഃഖവുമായി പൊരുത്തപ്പെടാൻ
ഈ വിഷയത്തിൽ ഉപദേശങ്ങൾക്ക് ഒരു പഞ്ഞവുമില്ല. പക്ഷേ പലതും പ്രയോജനം ചെയ്യുന്നതല്ല. ഉദാഹരണത്തിന്, നിങ്ങൾ കരയുകയോ മറ്റ് ഏതെങ്കിലും വിധത്തിൽ വികാരങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്യരുത് എന്നായിരിക്കാം ചിലർ പറയുന്നത്. ഇനി മറ്റു ചിലർ, നിങ്ങളുടെ വികാരങ്ങളെല്ലാം തുറന്ന് പ്രകടിപ്പിക്കാൻ നിർബന്ധിച്ചേക്കാം. ഇക്കാര്യത്തിൽ സമനിലയുള്ള ഒരു നിലപാടാണു ബൈബിളിനുള്ളത്. ആ വീക്ഷണത്തെ ആധുനികപഠനങ്ങളും ശരിവെക്കുന്നു.
കരയുന്നതു പുരുഷന്മാർക്കു ചേർന്നതല്ല എന്നാണു ചില സംസ്കാരങ്ങളിലുള്ളവർ കരുതുന്നത്. പരസ്യമായോ രഹസ്യമായോ ആകട്ടെ, കരയുന്നതു ശരിക്കും നാണക്കേടാണോ? ദുഃഖം തോന്നുന്ന ഒരു വ്യക്തി കരയുന്നതു സ്വാഭാവികമാണെന്നാണു മാനസികാരോഗ്യവിദഗ്ധർ പറയുന്നത്. ദുഃഖം പ്രകടിപ്പിക്കുന്നതുകൊണ്ട് ഗുണമുണ്ട്. നിങ്ങളുടെ നഷ്ടം എത്ര വലുതാണെങ്കിലും കാലാന്തരത്തിൽ ജീവിതവുമായി മുന്നോട്ടുപോകാൻ അതു നിങ്ങളെ സഹായിക്കും. ദുഃഖം അടക്കിവെക്കുന്നതു ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുക. കരയുന്നതു തെറ്റാണെന്നോ പുരുഷന്മാർക്കു ചേരാത്തതാണെന്നോ ഉള്ള ആശയത്തെ ബൈബിൾ പിന്താങ്ങുന്നില്ല. യേശുവിന്റെ കാര്യം നോക്കുക. മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാനുള്ള പ്രാപ്തിയുണ്ടായിരുന്നിട്ടുപോലും പ്രിയസുഹൃത്തായ ലാസർ മരിച്ചപ്പോൾ യേശു പരസ്യമായി കരഞ്ഞു.—യോഹന്നാൻ 11:33-35.
ഉറ്റവർ അപ്രതീക്ഷിതമായി മരണമടയുമ്പോൾ ദുഃഖം കാരണം ചിലർ, നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾക്കുപോലും കോപിച്ചേക്കാം. കോപിക്കാൻ പല കാരണങ്ങൾ കണ്ടേക്കാം. ഉദാഹരണത്തിന്, അവർ ആദരിക്കുന്ന വ്യക്തികൾ ഒട്ടും ചിന്തിക്കാതെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുമ്പോൾ ഉറ്റവരെ നഷ്ടപ്പെട്ട ചിലർക്കു കോപം അടക്കാനാകില്ല. സൗത്ത് ആഫ്രിക്കക്കാരനായ മൈക്ക് പറയുന്നു: “പപ്പ മരിക്കുമ്പോൾ എനിക്ക് 14 വയസ്സേ ഉള്ളൂ. ശവസംസ്കാരച്ചടങ്ങിനിടെ ഒരു ആംഗ്ലിക്കൻ മതശുശ്രൂഷകൻ പറഞ്ഞത്, ദൈവത്തിനു നല്ലവരെ ആവശ്യമുണ്ടെന്നും അവരെ പെട്ടെന്നു വിളിക്കുമെന്നും ആണ്. a അതു കേട്ടപ്പോൾ എനിക്കു വല്ലാത്ത ദേഷ്യം തോന്നി. കാരണം, പപ്പയില്ലാത്ത ജീവിതത്തെക്കുറിച്ച് ഞങ്ങൾക്കു ചിന്തിക്കാനാകുമായിരുന്നില്ല. 63 വർഷത്തിനു ശേഷം ഇപ്പോഴും ആ വാക്കുകൾ എന്നെ വേദനിപ്പിക്കുന്നു.”
ചിലർക്കു വല്ലാത്ത കുറ്റബോധമായിരിക്കും തോന്നുന്നത്, പ്രത്യേകിച്ച് പ്രിയപ്പെട്ടവർ അപ്രതീക്ഷിതമായി മരിക്കുമ്പോൾ. ‘ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അല്ലെങ്കിൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു’ എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം. അല്ലെങ്കിൽ, ഏറ്റവും ഒടുവിൽ നിങ്ങൾ ആ വ്യക്തിയുമായി സംസാരിച്ചപ്പോൾ വഴക്കോ വാക്കുതർക്കമോ ഉണ്ടായിട്ടുണ്ടാകാം. ഇതു നിങ്ങളുടെ കുറ്റബോധത്തിന്റെ ആഴം കൂട്ടും.
കുറ്റബോധമോ ദേഷ്യമോ തോന്നുന്നുണ്ടെങ്കിൽ അതു കടിച്ചമർത്തരുത്. പകരം നിങ്ങളെ ശ്രദ്ധിക്കാൻ ഒരുക്കമുള്ള ഒരു സുഹൃത്തിനോടു സംസാരിക്കുക. ഉറ്റവരെ നഷ്ടപ്പെട്ടവർക്കു കുറ്റബോധവും ദേഷ്യവും തോന്നുന്നതു സ്വാഭാവികമാണെന്നു പറഞ്ഞ് ആ സുഹൃത്ത് നിങ്ങളെ ആശ്വസിപ്പിച്ചേക്കും. ബൈബിൾ പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.”—സദൃശവാക്യങ്ങൾ 17:17.
ദുഃഖിക്കുന്ന ഒരു വ്യക്തിക്കു കിട്ടാവുന്നതിലുംവെച്ച് ഏറ്റവും നല്ല സുഹൃത്താണു നമ്മുടെ സ്രഷ്ടാവും ദൈവവും ആയ യഹോവ. ആ ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുക. കാരണം, ദൈവം ‘നിങ്ങളെക്കുറിച്ച് കരുതലുള്ളവനാണ്.’ (1 പത്രോസ് 5:7) പ്രാർഥിക്കുന്നെങ്കിൽ, “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” നിങ്ങളുടെ വികാരവിചാരങ്ങളെ ശാന്തമാക്കുമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു. (ഫിലിപ്പിയർ 4:6, 7) ദൈവവചനമായ ബൈബിളിലെ ആശ്വാസവാക്കുകളും നിങ്ങളുടെ മനസ്സിനെ സാന്ത്വനപ്പെടുത്തും. അങ്ങനെയുള്ള തിരുവെഴുത്തുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. (ഈ ലേഖനത്തോടൊപ്പമുള്ള ചതുരം കാണുക.) അവയിൽ ചിലതു കാണാതെ പഠിക്കുന്നതും ഗുണം ചെയ്തേക്കാം. അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്, ഉറക്കം വരാത്ത രാത്രികളിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ നിങ്ങളെ സഹായിക്കും.—യശയ്യ 57:15.
40-കാരനായ ഒരാളുടെ അനുഭവം നോക്കാം. നമുക്ക് അദ്ദേഹത്തെ ജാക്ക് എന്നു വിളിക്കാം. ക്യാൻസർ വന്ന് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് അധികനാളായിട്ടില്ല. പലപ്പോഴും വല്ലാത്ത ഏകാന്തത തോന്നാറുണ്ടെന്നു ജാക്ക് പറയുന്നു. പക്ഷേ പ്രാർഥന അദ്ദേഹത്തെ ഒരുപാടു സഹായിച്ചു. ജാക്ക് പറയുന്നു: “യഹോവയോടു പ്രാർഥിക്കുമ്പോൾ, ഒറ്റയ്ക്കാണെന്ന തോന്നലൊക്കെ ഇല്ലാതാകും. പല രാത്രികളിലും ഉറക്കമുണർന്നാൽപ്പിന്നെ ഉറങ്ങാൻ പറ്റാറില്ല. അപ്പോഴൊക്കെ ഞാൻ ബൈബിളിലെ ആശ്വാസകരമായ വാക്യങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യും; പിന്നെ മനസ്സു തുറന്ന് പ്രാർഥിക്കും. അപ്പോൾ എനിക്കു ശാന്തതയും സമാധാനവും ലഭിക്കും. മനസ്സും ഹൃദയവും സ്വസ്ഥമാകുന്നതോടെ എനിക്കു വീണ്ടും ഉറങ്ങാൻ കഴിയും.”
വനേസ എന്ന യുവതിയും പ്രാർഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞു. ഒരു രോഗം വന്നാണു വനേസയുടെ അമ്മ മരിച്ചത്. വനേസ പറയുന്നു: “എനിക്കു വലിയ വിഷമം തോന്നുമ്പോൾ ഞാൻ ദൈവത്തിന്റെ പേര് വിളിച്ച് പ്രാർഥിച്ച് കരയുമായിരുന്നു. യഹോവ എപ്പോഴും എന്റെ പ്രാർഥനകൾ കേട്ട് എനിക്കു പിടിച്ചുനിൽക്കാൻ വേണ്ട ശക്തി തന്നു.”
മറ്റുള്ളവരെ സഹായിക്കുന്നതും ഏതെങ്കിലും സാമൂഹികസേവനത്തിൽ ഏർപ്പെടുന്നതും ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദന കുറയ്ക്കുമെന്നാണു ചില ഉപദേശകർ പറയുന്നത്. ദുഃഖഭാരം കുറയ്ക്കാനും സന്തോഷം വീണ്ടെടുക്കാനും ഉള്ള നല്ലൊരു മാർഗമാണ് അത്. (പ്രവൃത്തികൾ 20:35) മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നതു മനസ്സിന് ആശ്വാസം തരുമെന്നു ദുഃഖിതരായിരുന്ന പല ക്രിസ്ത്യാനികളും തിരിച്ചറിഞ്ഞിട്ടുണ്ട്.—2 കൊരിന്ത്യർ 1:3, 4. (w16-E No. 3)
a ഇതൊരു ബൈബിൾപഠിപ്പിക്കലല്ല. മനുഷ്യൻ മരിക്കുന്നത് എന്തുകൊണ്ടാണ് എന്നതിനു ബൈബിൾ മൂന്നു കാരണങ്ങൾ പറയുന്നു.—സഭാപ്രസംഗി 9:11; യോഹന്നാൻ 8:44; റോമർ 5:12.