ജീവിതകഥ
യുദ്ധകാലത്തും സമാധാനകാലത്തും യഹോവ ഞങ്ങളെ ബലപ്പെടുത്തി
പോൾ: ഞങ്ങൾ വലിയ ആവേശത്തിലായിരുന്നു! 1985 നവംബറിൽ ആദ്യത്തെ മിഷനറി നിയമനത്തിനുവേണ്ടി ഞങ്ങൾ പടിഞ്ഞാറൻ ആഫ്രിക്കയിലെ ലൈബീരിയയിലേക്കു യാത്ര ചെയ്യുകയായിരുന്നു. സെനഗലിൽ ഞങ്ങളുടെ വിമാനം നിറുത്തി. ആൻ പറഞ്ഞു: “ഒരു മണിക്കൂറുംകൂടി കഴിഞ്ഞാൽ നമ്മൾ ലൈബീരിയയിൽ എത്തും.” അപ്പോഴാണ് ഒരു അറിയിപ്പുവന്നത്: “ലൈബീരിയയിലേക്കുള്ള യാത്രക്കാർ ഫ്ലൈറ്റിൽനിന്ന് ഇറങ്ങുക. ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നതുകൊണ്ട് യാത്രക്കാരെ അവിടെ ഇറക്കാനാകില്ല.” അതുകൊണ്ട് തുടർന്നുള്ള പത്തു ദിവസം ഞങ്ങൾ ചില മിഷനറിമാരോടൊപ്പം സെനഗലിൽ തങ്ങി. ലൈബീരിയയിൽ കുറെ ആളുകൾ കൊല്ലപ്പെടുന്നതിന്റെ വാർത്തകൾ ഞങ്ങൾ കേട്ടു. അവിടത്തെ ഗവൺമെന്റ് ആളുകളെ വൈകുന്നേരങ്ങളിൽ പുറത്തിറങ്ങാൻ സമ്മതിക്കില്ലായിരുന്നു. അങ്ങനെ ചെയ്താൽ അവരെ വെടിവെച്ച് കൊല്ലുമായിരുന്നു.
ആൻ: ഞങ്ങൾ അത്ര ധൈര്യം ഉള്ള ആളുകളൊന്നുമല്ല. സത്യം പറയാല്ലോ, ചെറുപ്പംതൊട്ടേ ആളുകൾ എന്നെ ‘പേടിത്തൊണ്ടി’ എന്നാണു വിളിച്ചിരുന്നത്. ഒരു റോഡു കുറുകെ കടക്കാൻപോലും എനിക്കു പേടിയായിരുന്നു. എങ്കിലും ലൈബീരിയയിലേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു, അത് അപകടംപിടിച്ച കാര്യമായിരുന്നെങ്കിലും.
പോൾ: ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻഭാഗത്താണു ഞാനും ആനും ജനിച്ചത്. ഞങ്ങളുടെ വീടുകൾ തമ്മിൽ എട്ടു കിലോമീറ്ററേ ഉണ്ടായിരുന്നുള്ളൂ. എന്റെ മാതാപിതാക്കളും ആനിന്റെ അമ്മയും പ്രോത്സാഹിപ്പിച്ചതുകൊണ്ട് ഞങ്ങൾ ഹൈസ്കൂൾ പഠനത്തിനു ശേഷം മുൻനിരസേവനം തുടങ്ങി. ജീവിതം മുഴുസമയസേവനത്തിനായി വിട്ടുകൊടുക്കാനാണു ഞങ്ങളുടെ ആഗ്രഹം എന്ന് അറിഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷമായി. 19-ാം വയസ്സിൽ ഞാൻ ബഥേൽസേവനം തുടങ്ങി. 1982-ൽ ഞങ്ങളുടെ വിവാഹത്തിനു ശേഷം ആനും ബഥേലിലേക്കു വന്നു.
ആൻ: ഞങ്ങൾക്കു ബഥേൽ ഇഷ്ടമായിരുന്നു. എങ്കിലും ആവശ്യം അധികമുള്ളിടത്ത് സേവിക്കാനായിരുന്നു ഞങ്ങളുടെ ആഗ്രഹം. മുമ്പ് മിഷനറിമാരായിരുന്നവരോടൊപ്പം ബഥേലിൽ പ്രവർത്തിച്ചപ്പോൾ ആ ആഗ്രഹം വീണ്ടും കൂടി. അത് എടുത്തുപറഞ്ഞുകൊണ്ട് എല്ലാ രാത്രിയും ഞങ്ങൾ പ്രാർഥിക്കുമായിരുന്നു. അങ്ങനെ മൂന്നു വർഷങ്ങൾക്കു ശേഷം, 1985-ൽ 79-ാമത്തെ ഗിലെയാദ് ക്ലാസിലേക്കു ഞങ്ങൾക്കു ക്ഷണം ലഭിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലൈബീരിയയിലായിരുന്നു നിയമനം.
സഹോദരങ്ങളുടെ സ്നേഹം പിടിച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചു
പോൾ: സെനഗലിൽ ഞങ്ങൾ പത്തു ദിവസം താമസിച്ചശേഷം ലൈബീരിയയിലേക്കു തിരിച്ച് യാത്ര ചെയ്യാൻ അനുവദിച്ച ആദ്യത്തെ വിമാനത്തിൽ ഞങ്ങൾ കയറി. അവിടെയുള്ള ആളുകളുടെ പേടി മാറിയിട്ടില്ലായിരുന്നു. അപ്പോഴും വൈകുന്നേരങ്ങളിൽ ആളുകളെ പുറത്തേക്ക് ഇറങ്ങാൻ അനുവദിച്ചിരുന്നില്ല. പെട്ടെന്ന് എങ്ങാനും ഒരു വണ്ടിയിൽനിന്ന് വലിയ ശബ്ദമുണ്ടായാൽ ആളുകൾ അലറി ഓടുമായിരുന്നു. മനസ്സൊന്നു ശാന്തമാക്കാൻ ഞങ്ങൾ എല്ലാ രാത്രിയും സങ്കീർത്തനങ്ങൾ വായിക്കും. എങ്കിലും നിയമനത്തെ ഞങ്ങൾ സ്നേഹിച്ചിരുന്നു. ആനിന്റെ നിയമനം വയലിൽ ആയിരുന്നതുകൊണ്ട് അവൾ എല്ലാ ദിവസവും a സഹോദരന്റെ കൂടെയായിരുന്നു. സഹോദരൻ ഒരുപാടു നാളായി ലൈബീരിയയിൽ ഉള്ളതുകൊണ്ട് അവിടത്തെ സഹോദരങ്ങളുടെ പ്രശ്നങ്ങളും സാഹചര്യവും നന്നായി അറിയാമായിരുന്നു. ഞാൻ സഹോദരനിൽനിന്ന് പല കാര്യങ്ങളും പഠിച്ചു.
ശുശ്രൂഷയ്ക്കു പോകും. എന്നാൽ എന്റെ നിയമനം ബഥേലിൽ ജോൺ ഷെരൂക്ആൻ: ലൈബീരിയ ഞങ്ങൾക്ക് ഇത്ര പെട്ടെന്ന് ഇഷ്ടപ്പെടാൻ കാരണം അവിടത്തെ സഹോദരങ്ങളാണ്. അവർ നല്ല സ്നേഹവും വിശ്വാസവും ഉള്ളവരായിരുന്നു. ആ സഹോദരങ്ങൾ ഞങ്ങൾക്കു കുടുംബംപോലെയായി. അവർ ഞങ്ങൾക്കു ഉപദേശങ്ങൾ തരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി അവിടത്തെ ശുശ്രൂഷ എത്ര രസമായിരുന്നെന്നോ! നമ്മൾ ഒരു വീട്ടിൽ സംസാരിച്ചിട്ട് പെട്ടെന്ന് ഇറങ്ങിയാൽ ആ വീട്ടുകാർക്ക് അത് ഇഷ്ടപ്പെടില്ല. തെരുവുകളിൽപ്പോലും ആളുകൾ ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യുമായിരുന്നു. നമുക്ക് വെറുതേ നടന്നുചെന്ന് അവരുടെ ഒപ്പം സംസാരിക്കാൻ കൂടിയാൽ മതി. ഞങ്ങൾക്ക് ഒരുപാടു ബൈബിൾപഠനങ്ങൾ ഉള്ളതുകൊണ്ട് എല്ലാവരുടെയും കൂടെയിരുന്ന് പഠിക്കാൻ ശരിക്കും ബുദ്ധിമുട്ടി. നല്ലൊരു സമയമായിരുന്നു അതൊക്കെ.
ഭയം തോന്നിയപ്പോൾ യഹോവ ഞങ്ങളെ ബലപ്പെടുത്തി
പോൾ: നാലു വർഷത്തോളം സമാധാനമായിരുന്നെങ്കിലും 1989-ൽ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു ആഭ്യന്തരയുദ്ധം തുടങ്ങി. 1990 ജൂലൈ 2-ന് ഗവൺമെന്റിന് എതിരെ പ്രവർത്തിച്ചിരുന്ന ആളുകൾ ബഥേലിനു ചുറ്റുമുള്ള പ്രദേശങ്ങൾ പിടിച്ചടക്കി. മൂന്നു മാസത്തോളം ഞങ്ങൾക്കു രാജ്യത്തിനു പുറത്തുള്ള ആരോടും സംസാരിക്കാൻ പറ്റിയില്ല. നമ്മുടെ ലോകാസ്ഥാനത്തുള്ള സഹോദരങ്ങളുമായും ഞങ്ങളുടെ കുടുംബാംഗങ്ങളുമായും ഒന്നും ബന്ധപ്പെടാൻ കഴിഞ്ഞില്ല. എങ്ങും അക്രമവും പ്രശ്നങ്ങളും ആയിരുന്നു. ഭക്ഷണത്തിന്റെ ലഭ്യത കുറവായിരുന്നു. അതുപോലെ ആളുകൾ സ്ത്രീകളെ പീഡിപ്പിക്കുമായിരുന്നു. 14 വർഷത്തോളം ആ രാജ്യത്തെങ്ങും ഇതുതന്നെയായിരുന്നു അവസ്ഥ.
ആൻ: ചില ഗോത്രങ്ങളിലുള്ളവർ മറ്റു ഗോത്രക്കാരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തിരുന്നു. വിചിത്രമായ വസ്ത്രങ്ങൾ ധരിച്ച അക്രമകാരികളായിരുന്നു തെരുവിലെങ്ങും. അവർ ആയുധങ്ങളുമായി ഓരോ കെട്ടിടത്തിലും കയറി കവർച്ച നടത്തി. “കോഴിയെ വെട്ടുന്നതുപോലെ” അത്ര നിസ്സാരമായിട്ടാണു ചിലർ ആളുകളെ കൊന്നിരുന്നത്. അവർ റോഡുകൾ തടഞ്ഞുനിറുത്തുകയും കടക്കാൻ ശ്രമിക്കുന്നവരെ കൊല്ലുകയും ചെയ്യുമായിരുന്നു. എന്നിട്ട് ആ ശവശരീരങ്ങൾ കുന്നുകൂട്ടിയിടും. ബഥേലിന്റെ അടുത്തുപോലും ഇങ്ങനെയൊക്കെ സംഭവിച്ചു. ഞങ്ങളുടെ രണ്ടു പ്രിയപ്പെട്ട മിഷനറിമാർ ഉൾപ്പെടെ വിശ്വസ്തരായ പല സാക്ഷികളും കൊല്ലപ്പെട്ടു.
അക്രമാസക്തരായ ആളുകൾ തങ്ങൾ വെറുക്കുന്ന ഗോത്രങ്ങളിൽപ്പെട്ട ആളുകളെ കണ്ടാൽ അവരെ കൊല്ലുമായിരുന്നു. ആ ഗോത്രങ്ങളിൽപ്പെട്ട സഹോദരങ്ങളെ സംരക്ഷിക്കാൻ മറ്റു സാക്ഷികൾ സ്വന്തം ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും പ്രവർത്തിച്ചു. മിഷനറിമാരും ബഥേലംഗങ്ങളും അങ്ങനെ ചെയ്തു. ഓടി രക്ഷപ്പെട്ട് വന്ന ചില സാക്ഷികളെ ബഥേലിന്റെ താഴത്തെ നിലയിലും ചിലരെ ഞങ്ങളുടെ എല്ലാവരുടെയും ഒപ്പം മുകളിലത്തെ മുറികളിലും താമസിപ്പിച്ചു. ഏഴു പേരടങ്ങുന്ന കുടുംബമാണു ഞങ്ങളോടൊപ്പം ഞങ്ങളുടെ മുറിയിൽ താമസിച്ചിരുന്നത്.
പോൾ: എല്ലാ ദിവസവുംതന്നെ അക്രമകാരികളായ ആളുകൾ ഞങ്ങൾ ആരെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ ബഥേലിലേക്കു വരും. സുരക്ഷയ്ക്കുവേണ്ടി ഞങ്ങൾ നാലു പേരെ നിറുത്തി. ഓരോ തവണയും അക്രമകാരികൾ പുറത്തുവരുമ്പോൾ രണ്ടു സഹോദരങ്ങൾ അവരോടു സംസാരിക്കാനായി ഗെയ്റ്റിന് അടുത്തേക്കു പോകും. മറ്റേ രണ്ടു പേർ അവരെ നിരീക്ഷിച്ചുകൊണ്ട് ജനലിന്റെ അടുത്ത് നിൽക്കും. ഗെയ്റ്റിന് അടുത്തുള്ള രണ്ടു സഹോദരങ്ങൾ കൈ മുമ്പിലാണ് ഇടുന്നതെങ്കിൽ അതിന് അർഥം ഒരു കുഴപ്പവുമില്ല എന്നാണ്. എന്നാൽ അവരുടെ കൈകൾ പുറകിൽ ആണെങ്കിൽ അക്രമകാരികൾ ദേഷ്യത്തിലാണെന്നു മനസ്സിലാക്കാം. അപ്പോൾ ജനലിന് അടുത്തുള്ള സഹോദരങ്ങൾ പെട്ടെന്നു പോയി മറ്റു സഹോദരങ്ങളെ ഒളിപ്പിക്കും.
ആൻ: ഏതാനും ആഴ്ചകൾക്കു ശേഷം അക്രമികളായ ചിലർ വന്നപ്പോൾ സഹോദരങ്ങൾക്ക് അവരെ തടഞ്ഞുനിറുത്താനായില്ല. ഞാൻ മുകളിലേക്ക് ഓടിക്കയറിയപ്പോൾ എന്റെ പുറകെ ആയുധങ്ങളും പിടിച്ച് അക്രമകാരികൾ വന്നു. ഞാനും മറ്റൊരു സഹോദരിയും ബാത്ത്റൂമിൽ കയറി വാതിൽ അടച്ചു. ആ ബാത്ത്റൂമിൽ രഹസ്യ അറയുള്ള ഒരു ഷെൽഫ് ഉണ്ടായിരുന്നു. അതു തീരെ ചെറിയ സ്ഥലമായിരുന്നെങ്കിലും ഒരുതരത്തിൽ സഹോദരിയെ അവിടെ ഒളിപ്പിച്ചു. അവർ ദേഷ്യത്തോടെ കതകിൽ പല തവണ മുട്ടി. പോൾ അവരെ തടയാൻവേണ്ടി “ഇപ്പോൾ അകത്തു കയറരുതേ, എന്റെ ഭാര്യ ബാത്ത്റൂമിൽ ആണ്” എന്നു പറഞ്ഞു. സഹോദരിയെ ഒളിപ്പിച്ചിട്ട് ഞാൻ ആ അറ അടച്ചപ്പോൾ ഒച്ചയുണ്ടായി. അതുപോലെ ആ ഷെൽഫിൽ സാധനങ്ങൾ എല്ലാം തിരിച്ചുവെക്കാനും സമയമെടുത്തു. അക്രമികളായ ആളുകൾ എല്ലാം കണ്ടുപിടിക്കുമെന്ന് ഓർത്ത് ഞാൻ ആകെ പേടിച്ചുപോയി. വാതിൽ തുറക്കുമ്പോൾ എന്തു സംഭവിക്കും എന്ന് ഞാൻ ഓർത്തു. ഞാൻ സഹായത്തിനായി യഹോവയോട് ഒന്നു മനസ്സിൽ പ്രാർഥിച്ചു. എന്നിട്ട് ഒരുതരത്തിൽ വാതിൽ തുറന്ന് ശാന്തമായി അവരെ അഭിവാദനം ചെയ്തു. ഒരാൾ എന്നെ തട്ടിമാറ്റി നേരെ ചെന്ന് ഷെൽഫ് മുഴുവൻ അരിച്ചുപെറുക്കി. അവിടെ ആരെയും കണ്ടെത്താൻ പറ്റാത്തതുകൊണ്ട് അദ്ദേഹം അതിശയിച്ചുപോയി. അദ്ദേഹവും ബാക്കിയുള്ളവരും കൂടെ മറ്റു മുറികളും മച്ചും എല്ലാം തപ്പിയെങ്കിലും ഒന്നും കണ്ടുപിടിച്ചില്ല.
സത്യം പ്രകാശിച്ചുകൊണ്ടിരുന്നു
പോൾ: മാസങ്ങളോളം ഞങ്ങൾക്കു ഭക്ഷണം കുറവായിരുന്നു. എന്നാൽ ആ സമയത്ത് ആശ്വാസമായിരുന്നത് ആത്മീയാഹാരമാണ്. ഞങ്ങളുടെ “പ്രഭാതഭക്ഷണം” ബഥേലിലെ പ്രഭാതാരാധനയായിരുന്നു. അതു ഓരോ ദിവസവും പിടിച്ചുനിൽക്കാനുള്ള ശക്തി തന്നു.
ഭക്ഷണത്തിനും വെള്ളത്തിനും ആയി ഞങ്ങൾ പുറത്തിറങ്ങിയാൽ ബഥേലിൽ ഒളിച്ചിരിക്കുന്ന സഹോദരങ്ങളുടെ ജീവൻ അപകടത്തിലാകും. പലപ്പോഴും കൃത്യസമയത്ത് അത്ഭുതകരമായി യഹോവ ഞങ്ങൾക്ക് ആവശ്യമായതു തന്നു. ഞങ്ങൾക്കുവേണ്ടി കരുതുകയും ശാന്തരായി നിൽക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു.
ലോകം ഇരുളടഞ്ഞുകൊണ്ടിരുന്നെങ്കിലും സത്യത്തിന്റെ വെളിച്ചം പ്രകാശിച്ചുകൊണ്ടിരുന്നു. പല തവണ സഹോദരങ്ങൾക്കു ജീവനുംകൊണ്ട് ഓടേണ്ടിവന്നു. അപ്പോഴും അവർ വിശ്വാസവും ശാന്തതയും കൈവിട്ടില്ല. ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ സമയത്ത് സഹിച്ചുനിന്നതു “മഹാകഷ്ടതയക്കുവേണ്ടിയുള്ള ഒരു പരിശീലനമായിരുന്നു” എന്ന് ചില സഹോദരങ്ങൾ പറഞ്ഞു. മൂപ്പന്മാരും ചെറുപ്പക്കാരായ സഹോദരങ്ങളും ധൈര്യത്തോടെ മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്നതൊക്കെ ചെയ്തു. ഓടിപ്പോയ സഹോദരങ്ങൾ പരസ്പരം സഹായിക്കുകയും അവർ ചെന്ന പ്രദേശത്ത് പ്രസംഗിക്കുകയും ചെയ്തു. കാട്ടിൽനിന്ന് കിട്ടിയ സാധനങ്ങളൊക്കെ ഉപയോഗിച്ച് അവർ അവിടെ രാജ്യഹാൾ പണിയുകയും അവിടെ കൂടിവരുകയും ചെയ്തു. പ്രശ്നങ്ങളുടെ ഈ സമയത്തും സങ്കടത്തിലാഴ്ന്നുപോകാതെ പിടിച്ചുനിൽക്കാൻ സഹോദരങ്ങളെ സഹായിച്ചത് ഇതുപോലുള്ള മീറ്റിങ്ങുകളും ശുശ്രൂഷയും ആയിരുന്നു. ഞങ്ങൾ ഭക്ഷണവും വസ്ത്രവും ഒക്കെ വിതരണം ചെയ്യുന്ന സമയത്ത് സഹോദരങ്ങൾ കൂടുതലും ആവശ്യപ്പെട്ടത് പ്രസംഗപ്രവർത്തനത്തിനുള്ള ബാഗ് ആയിരുന്നു. മത്താ. 5:14-16) സഹോദരങ്ങളുടെ തീക്ഷ്ണത കണ്ട ചില അക്രമികൾപോലും പിന്നീടു സത്യം സ്വീകരിച്ചു.
അതു ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഈ യുദ്ധം കാരണം മാനസികമായി തകർന്നിരുന്ന പല ആളുകളും സന്തോഷവാർത്ത ശ്രദ്ധിച്ചു. സാക്ഷികൾക്കിടയിലെ സ്നേഹവും സന്തോഷവും കണ്ടപ്പോൾ പലരും അതിശയിച്ചുപോയി. അതെ, ആ ഇരുട്ടിലും അവർ വെളിച്ചംപോലെ പ്രകാശിച്ചു. (സഹോദരങ്ങളെ പിരിയേണ്ടിവന്നപ്പോഴും യഹോവ ഞങ്ങളെ ബലപ്പെടുത്തി
പോൾ: ഈ 14 വർഷത്തിനിടയിൽ അഞ്ചു തവണ ഞങ്ങൾക്കു രാജ്യം വിടേണ്ടിവന്നു. അതിൽ മൂന്നു തവണ കുറച്ച് സമയത്തേക്കും രണ്ടു തവണ ഓരോ വർഷത്തേക്കും വേണ്ടിയാണു പോയത്. പോകേണ്ടിവന്നപ്പോൾ ഞങ്ങൾക്ക് ഉണ്ടായിരുന്ന മാനസികാവസ്ഥയെക്കുറിച്ച് ഒരു മിഷനറി സഹോദരി ഇങ്ങനെ പറഞ്ഞു: “ഒരു നിയമനം കിട്ടുമ്പോൾ അതിൽ ഹൃദയം അർപ്പിക്കാനാണു ഗിലെയാദ് സ്കൂളിൽ ഞങ്ങളെ പഠിപ്പിച്ചത്. അതുതന്നെ ഞങ്ങൾ ചെയ്തു. അതുകൊണ്ട് ഇങ്ങനെയൊരു സാഹചര്യത്തിൽ സഹോദരങ്ങളെ വിട്ടിട്ടുപോകുമ്പോൾ ഞങ്ങളുടെ ഹൃദയം പറിച്ചെടുക്കുന്നപോലെയാണു ഞങ്ങൾക്കു തോന്നിയത്.” എന്തായാലും അടുത്തുള്ള രാജ്യങ്ങളിലായിരുന്നതുകൊണ്ട് ലൈബീരിയയിലെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്കു സന്തോഷമുണ്ടായിരുന്നു.
ആൻ: 1996 മേയിൽ ഞങ്ങൾ വേറെ രണ്ട് സഹോദരങ്ങളോടൊപ്പം ലൈബീരിയയിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രധാനരേഖകളുമായി ബ്രാഞ്ചിന്റെ ഒരു വണ്ടിയിൽ യാത്ര തുടങ്ങി. 16 കിലോമീറ്റർ യാത്ര ചെയ്ത് ടൗൺ കടന്നാൽ മാത്രമേ സുരക്ഷിതമായ ഒരു സ്ഥലത്ത് എത്താൻ പറ്റുമായിരുന്നുള്ളൂ. പക്ഷേ പെട്ടെന്നുതന്നെ ഞങ്ങളുടെ പ്രദേശത്ത് ആക്രമണമുണ്ടായി. ദേഷ്യത്തോടെ ആ അക്രമികൾ ആകാശത്തേക്കു വെടിവെച്ചു. വണ്ടി തടഞ്ഞുനിറുത്തി ഞങ്ങളിൽ മൂന്നു പേരെ പുറത്തേക്കു വലിച്ചിട്ടു. എന്നിട്ട് അവർ ആ വണ്ടിയുംകൊണ്ട് പോയി. പോൾ അതിലുണ്ടായിരുന്നു. ഞങ്ങൾ ആകെ ഞെട്ടിത്തരിച്ച അവസ്ഥയിലായി. പെട്ടെന്ന് അതാ ആൾക്കൂട്ടത്തിനിടയിലൂടെ നെറ്റി പൊട്ടി ചോരയൊലിച്ച് പോൾ നടന്നുവരുന്നു. ആദ്യം വിചാരിച്ചു പോളിന് വെടിയേറ്റെന്ന്. പിന്നെ ഞങ്ങൾ ഓർത്തു വെടി കൊണ്ടിട്ടുണ്ടെങ്കിൽ നടന്നുവരാൻ പറ്റില്ലല്ലോ എന്ന്. വണ്ടിയിൽനിന്ന് തള്ളിയിട്ടപ്പോൾ ഒരാൾ പോളിനെ ഇടിച്ചതായിരുന്നു അത്. എന്താണെങ്കിലും ചെറിയൊരു മുറിവേ ഉണ്ടായിരുന്നുള്ളൂ.
പേടിച്ചിരിക്കുന്ന ആളുകളുമായി പട്ടാളത്തിന്റെ ഒരു വണ്ടി പോകാൻ തുടങ്ങുകയായിരുന്നു. അതിൽ സ്ഥലം ഇല്ലായിരുന്നതുകൊണ്ട് ഞങ്ങൾ ആ വണ്ടിയുടെ പുറകിൽ കഷ്ടിച്ച് തൂങ്ങിപ്പിടിച്ച് പോയി. ഡ്രൈവർ വണ്ടി നല്ല സ്പീഡിലാണ് ഓടിച്ചത്; ഞങ്ങൾ താഴെ വീഴേണ്ടതായിരുന്നു. വണ്ടി നിറുത്താൻ ഒച്ചവെച്ച് പറഞ്ഞെങ്കിലും അയാൾക്ക് അതിനു ധൈര്യമില്ലായിരുന്നു. അങ്ങനെ ഒരു വിധത്തിൽ അവിടെ എത്തി. ഞങ്ങൾ ആകെ മടുത്തുപോയിരുന്നു. ആ സമയത്ത് ഞങ്ങൾ അനുഭവിച്ച പേടി പറഞ്ഞറിയിക്കാൻ പറ്റില്ല.
പോൾ: ഞങ്ങളുടെ വസ്ത്രങ്ങൾ ആകെ ചെളിപിടിച്ച്, കീറി മോശമായായിരുന്നു. എങ്കിലും ജീവൻ തിരിച്ചുകിട്ടിയല്ലോ എന്നോർത്ത് ഞങ്ങൾ പരസ്പരം ഒന്ന് നോക്കി. അന്നു രാത്രി വെടികൊണ്ട് അത്ര നല്ല അവസ്ഥയിലല്ലായിരുന്ന ഒരു ഹെലികോപ്റ്ററിന്റെ അടുത്താണു ഞങ്ങൾ കിടന്നുറങ്ങിയത്. അതിൽ അടുത്ത ദിവസം ഞങ്ങളെ സിയറ ലിയോണിലേക്കു കൊണ്ടുപോയി. ജീവൻ രക്ഷിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും ലൈബീരിയയിലെ സഹോദരങ്ങളുടെ കാര്യം ഓർത്തപ്പോൾ ഞങ്ങൾക്കു വലിയ ആശങ്ക തോന്നി.
മറ്റു ചില പ്രശ്നങ്ങൾ നേരിടാൻ യഹോവ ഞങ്ങളെ ബലപ്പെടുത്തി
ആൻ: ഞങ്ങൾ സിയറ ലിയോണിലെ ഫ്രീടൗണിലുള്ള ബഥേലിൽ സുരക്ഷിതമായി എത്തി. അവിടെയുള്ള സഹോദരങ്ങൾ ഞങ്ങൾക്കുവേണ്ടി നന്നായി കരുതി. പക്ഷേ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം എനിക്കു സംഭവിച്ചു. ലൈബീരിയയിൽവെച്ച് ഉണ്ടായ പേടിപ്പിക്കുന്ന അനുഭവങ്ങൾ എന്റെ ഓർമയിലേക്ക് ഇടയ്ക്കിടയ്ക്കു വരാൻതുടങ്ങി. എല്ലാ ദിവസവും എന്തോ അരുതാത്തതു സംഭവിക്കാൻ പോകുന്നതുപോലെ എനിക്കു തോന്നി. എനിക്കു വ്യക്തമായി ചിന്തിക്കാൻ പറ്റിയില്ല. ചുറ്റും നടക്കുന്നതൊക്കെ യാഥാർഥ്യമാണോ എന്നുപോലും ഞാൻ സംശയിച്ചു. മിക്ക രാത്രിയും ഞാൻ ഞെട്ടിവിറച്ച് എഴുന്നേൽക്കും. എനിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ആ സമയത്തൊക്കെ പോൾ എന്നെ ചേർത്തുപിടിച്ച് പ്രാർഥിക്കും. വിറയൽ മാറുന്നതുവരെ ഞങ്ങൾ രാജ്യഗീതങ്ങൾ പാടും. ഇങ്ങനെപോയാൽ എന്റെ മാനസികനില തെറ്റിയിട്ട് മിഷനറിവേല നിറുത്തേണ്ടിവരുമോ എന്നു ഞാൻ ചിന്തിച്ചു.
പിന്നെ സംഭവിച്ചതു ഞാൻ ഒരിക്കലും മറക്കില്ല. ആ ആഴ്ചതന്നെ ഞങ്ങൾക്കു രണ്ടു മാസിക കിട്ടി. അതിലൊന്ന് 1996 ജൂൺ 8 ഉണരുക! ആയിരുന്നു. അതിൽ “വിഭ്രാന്തിബാധയെ തരണം ചെയ്യൽ” എന്ന ലേഖനം ഉണ്ടായിരുന്നു. എനിക്ക് എന്തുകൊണ്ടാണ് ഇത്ര പേടിയും വിറയലും ഒക്കെ ഉണ്ടാകുന്നതെന്ന് അതു വായിച്ചപ്പോൾ മനസ്സിലായി. മറ്റൊരു മാസിക 1996 മേയ് 15 വീക്ഷാഗോപുരം ആണ്. അതിൽ “അവർക്ക് എവിടെനിന്നാണു ശക്തി ലഭിക്കുന്നത്?” എന്ന ഒരു ലേഖനം ഉണ്ടായിരുന്നു. ആ വീക്ഷാഗോപുരത്തിൽ ചിറകിനു പരിക്കുപറ്റിയ ഒരു ചിത്രശലഭത്തിന്റെ ചിത്രമുണ്ട്. പരിക്കു പറ്റിയിട്ടുണ്ടെങ്കിലും അതിന് അപ്പോഴും തീറ്റ തേടി പറക്കാനാകുന്നതുപോലെ മാനസികമായി മുറിവേറ്റാലും യഹോവയുടെ സഹായത്താൽ നമുക്കു മറ്റുള്ളവരെ സഹായിക്കാനാകും എന്ന് ആ ലേഖനം പറഞ്ഞു. ഇതിലൂടെയെല്ലാം യഹോവ എന്നെ കൃത്യസമയത്ത് ബലപ്പെടുത്തി. (മത്താ. 24:45) അതുപോലുള്ള ലേഖനങ്ങളൊക്കെ ഞാൻ കണ്ടെത്തി ഒരു ബുക്കിൽ സൂക്ഷിച്ചു. കുറച്ചുനാളുകൾകൊണ്ട് ആ ദുരന്തത്തെത്തുടർന്ന് എനിക്കുണ്ടായ മാനസികാഘാതത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതായി.
പുതിയ നിയമനത്തിനായി ബലപ്പെടുത്തി
പോൾ: ഓരോ തവണ ലൈബീരിയയിലേക്കു തിരിച്ചുവരുമ്പോഴും ഞങ്ങൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. 2004-ന്റെ അവസാനത്തോടെ ഈ നിയമനത്തിൽ ഞങ്ങൾ ഏതാണ്ട് 20 വർഷം പൂർത്തിയാക്കി. അപ്പോഴേക്കും യുദ്ധം അവസാനിച്ചു. അപ്പോൾ ബ്രാഞ്ചിൽ ചില നിർമാണപ്രവർത്തനങ്ങൾക്കുള്ള
പദ്ധതിയിട്ടു. എന്നാൽ പെട്ടെന്നു ഞങ്ങൾക്ക് പുതിയൊരു നിയമനം കിട്ടി.അതു വലിയൊരു പരിശോധനയായിരുന്നു. കാരണം ലൈബീരിയയിലുള്ള ഞങ്ങളുടെ ആത്മീയകുടുംബത്തെ പിരിയുന്നതു സഹിക്കാവുന്നതിലും അപ്പുറമായി തോന്നി. എങ്കിലും മുമ്പ് യഹോവയിൽ ആശ്രയിച്ചുകൊണ്ട് സ്വന്തം കുടുംബാംഗങ്ങളെ വിട്ട് ഗിലെയാദിനു പോയപ്പോൾ യഹോവയുടെ അനുഗ്രഹങ്ങൾ ഞങ്ങൾ അനുഭവിച്ചറിഞ്ഞതാണ്. അതുകൊണ്ട് ഞങ്ങൾ ഈ നിയമനം സ്വീകരിച്ചു. ഘാനയിലായിരുന്നു നിയമനം.
ആൻ: ലൈബീരിയ വിട്ടപ്പോൾ ഞങ്ങൾ ഒരുപാടു കരഞ്ഞു. അവിടെയുണ്ടായിരുന്ന പ്രായമുള്ള ഫ്രാൻസ് സഹോദരൻ “ഞങ്ങളെ മറക്കണം” എന്നു പറഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. പക്ഷേ സഹോദരൻ ഇങ്ങനെ തുടർന്നു: “നിങ്ങൾ ഞങ്ങളെ മറക്കില്ലെന്ന് അറിയാം. പക്ഷേ നിങ്ങൾ പുതിയ നിയമനത്തിൽ മുഴുഹൃദയവും അർപ്പിക്കണം. ഇത് യഹോവയിൽനിന്നുള്ള നിയമനമാണല്ലോ. അതുകൊണ്ട് അവിടെയുള്ള സഹോദരങ്ങളെക്കുറിച്ച് വേണം നിങ്ങൾ ഇനി ചിന്തിക്കാൻ.” ആ വാക്കുകൾ ഞങ്ങളെ ശരിക്കും പ്രോത്സാഹിപ്പിച്ചു. ഘാനയിൽ ഞങ്ങൾക്കു പരിചയമുള്ള അധികംപേർ ഇല്ലായിരുന്നു. എങ്കിലും ഈ നിയമനം തുടങ്ങാൻ അദ്ദേഹത്തിന്റെ വാക്കുകൾ സഹായിച്ചു.
പോൾ: ഘാനയിലുള്ള പുതിയ ആത്മീയകുടുംബവുമായി അടുക്കാൻ അധികസമയം വേണ്ടിവന്നില്ല. അവിടെ ധാരാളം സാക്ഷികൾ ഉണ്ടായിരുന്നു. അവരുടെ വിശ്വസ്തതയും യഹോവയിലുള്ള ശക്തമായ വിശ്വാസവും ഞങ്ങളെ പലതും പഠിപ്പിച്ചു. അങ്ങനെ 13 വർഷം ഘാനയിൽ സേവിച്ചശേഷം പുതിയ ഒരു നിയമനം കിട്ടി. അതു കെനിയയിലുള്ള കിഴക്കൻ ആഫ്രിക്ക ബ്രാഞ്ചിൽ ആയിരുന്നു. ഘാനയിലുള്ളവരെ പിരിഞ്ഞതു വലിയ വിഷമമായിരുന്നെങ്കിലും കെനിയയിലുള്ള സഹോദരങ്ങൾ പെട്ടെന്നുതന്നെ ഞങ്ങൾക്ക് ഒരു കുടുംബംപോലെയായി. ആവശ്യം അധികമുള്ള ആ വലിയ പ്രദേശത്താണ് ഇപ്പോഴും ഞങ്ങൾ സേവിക്കുന്നത്.
പിന്നിലേക്കു നോക്കുമ്പോൾ
ആൻ: പേടിച്ചുവിറച്ചുപോയ ഒരുപാട് അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ജീവനു ഭീഷണി ഉണ്ടാകുന്ന സാഹചര്യങ്ങൾ നേരിടുമ്പോൾ അതു നമ്മളെ ശാരീരികമായും മാനസികമായും ബാധിക്കും. യഹോവ അത്ഭുതകരമായി സംരക്ഷിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാനാകില്ലല്ലോ. ഇപ്പോഴും ഒരു വെടിയൊച്ച കേൾക്കുമ്പോൾ എനിക്കു വയറ്റിലൊരു അസ്വസ്ഥത തോന്നും. കൈയൊക്കെ ആകെ മരവിക്കും. പക്ഷേ നമ്മളെ ബലപ്പെടുത്താനായി സഹോദരങ്ങൾ ഉൾപ്പെടെ യഹോവ നൽകുന്ന സഹായങ്ങൾ സ്വീകരിക്കണമെന്നു ഞാൻ പഠിച്ചു. അതുപോലെ നല്ല ആത്മീയദിനചര്യ ഉണ്ടെങ്കിൽ നിയമനത്തിൽ തുടരാൻ യഹോവ നമ്മളെ സഹായിക്കുമെന്നും എനിക്കു മനസ്സിലായി.
പോൾ: ചിലർ ചോദിക്കും “നിങ്ങൾക്ക് നിങ്ങളുടെ നിയമനം ഇഷ്ടമാണോ” എന്ന്. ഓരോ രാജ്യവും കാണാൻ ഭംഗിയുള്ളതായിരിക്കും. പക്ഷെ അവിടത്തെ ജീവിതം അത്ര സ്ഥിരതയും സുരക്ഷിതത്വവും ഉള്ളതായിരിക്കില്ല. എങ്കിലും ആ രാജ്യത്തെക്കാൾ കൂടുതൽ ഞങ്ങൾ സ്നേഹിക്കുന്നത് അവിടെയുള്ള സഹോദരീസഹോദരന്മാരെയാണ്. അവരുടെയും ഞങ്ങളുടെയും പശ്ചാത്തലങ്ങൾ വ്യത്യസ്തമാണെങ്കിലും ഞങ്ങൾ ഒരേ മനസ്സുള്ളവരാണ്. ശരിക്കുംപറഞ്ഞാൽ അവരെ പ്രോത്സാഹിപ്പിക്കാനാണു ഞങ്ങളെ വിട്ടതെങ്കിലും പ്രോത്സാഹനം കിട്ടിയത് ഞങ്ങൾക്കാണ്!
ഓരോ തവണ പുതിയ സ്ഥലത്തേക്കു മാറുമ്പോഴും ഞങ്ങൾ ഒരു അത്ഭുതം കാണുന്നുണ്ട്: നമ്മുടെ സഹോദരങ്ങൾ. നമ്മൾ ഒരു സഭയുടെ ഭാഗമായിരിക്കുന്നിടത്തോളം നമുക്ക് ഒരു വീടും കുടുംബവും ഉണ്ട്. എന്തു പ്രശ്നമുണ്ടായാലും യഹോവയിൽ ആശ്രയിക്കുന്നിടത്തോളം യഹോവ നമ്മളെ ബലപ്പെടുത്തും.—ഫിലി. 4:13.
a 1973 മാർച്ച് 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) “ദൈവത്തോടും ക്രിസ്തുവിനോടും ഞാൻ നന്ദിയുള്ളവനാണ്” എന്ന ജോൺ ഷെരൂക് സഹോദരന്റെ ജീവിതകഥ കാണുക.