ശരിയോ? തെറ്റോ? പലരും എങ്ങനെയാണു തീരുമാനിക്കുന്നത്?
ചില കാര്യങ്ങൾ തികച്ചും ശരിയാണെന്നോ എന്നാൽ മറ്റു ചിലത് ഒട്ടും ശരിയല്ലെന്നോ മിക്ക ആളുകളും പറയാറുണ്ട്. ഉദാഹരണത്തിന്, കൊലപാതകം, ബലാത്സംഗം, കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം എന്നിവയൊക്കെ തെറ്റാണെന്നു മിക്കവരും സമ്മതിക്കും. എന്നാൽ നീതിയോടെ പെരുമാറുന്നതിനെയും ദയയും സഹാനുഭൂതിയും കാണിക്കുന്നതിനെയും ആളുകൾ പ്രശംസിച്ചുപറയാറുമുണ്ട്. അതേസമയം, ജീവിതത്തിന്റെ മറ്റു പല മേഖലകളിലും, അതായത് ലൈംഗികത, സത്യസന്ധത, മക്കളെ വളർത്തിക്കൊണ്ടുവരുക എന്നിവയിലൊന്നും ശരിയോ തെറ്റോ എന്നൊന്നില്ല എന്നാണു പല ആളുകളും വിശ്വസിക്കുന്നത്. എന്തു തീരുമാനമെടുത്താലും അതു ശരിയാണ് എന്നാണ് അവരുടെ പക്ഷം. ആളുകൾ പലപ്പോഴും തീരുമാനമെടുക്കുന്നത് ഒരു കാര്യത്തെക്കുറിച്ച് അവർക്ക് എന്തു തോന്നുന്നു അല്ലെങ്കിൽ ചുറ്റുമുള്ളവർക്ക് എന്തു തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. പക്ഷേ അങ്ങനെ ചെയ്യുന്നത് എപ്പോഴും നല്ലതായിരിക്കുമോ?
നമുക്ക് എന്തു തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ
നമ്മൾ പലപ്പോഴും തീരുമാനമെടുക്കുന്നതു മനസ്സാക്ഷി എന്തു പറയുന്നു, അതായത് ശരിയും തെറ്റും സംബന്ധിച്ച് നമുക്ക് എന്തു തോന്നുന്നു, എന്നതിന്റെ അടിസ്ഥാനത്തിലാണ്. (റോമർ 2:14, 15) ചെറുപ്പത്തിൽത്തന്നെ കുട്ടികൾക്കു മറ്റുള്ളവരുടെ ചില പെരുമാറ്റങ്ങൾ ശരിയാണോ തെറ്റാണോ എന്നു തിരിച്ചറിയാനാകും. ഇനി, തങ്ങൾ ചെയ്തുപോയ ചില കാര്യങ്ങളെക്കുറിച്ച് ഓർത്ത് അവർക്കു കുറ്റബോധം തോന്നുകപോലും ചെയ്തേക്കാം. കാലങ്ങൾകൊണ്ട് നമ്മുടെ മനസ്സാക്ഷിയെ രൂപപ്പെടുത്തുന്നത്, കുടുംബത്തിൽനിന്നും കൂട്ടുകാരിൽനിന്നും അധ്യാപകരിൽനിന്നും സമൂഹത്തിൽനിന്നും മതോപദേശങ്ങളിൽനിന്നും സംസ്കാരത്തിൽനിന്നും നമ്മൾ പഠിക്കുന്ന കാര്യങ്ങളാണ്. ശരിയും തെറ്റും സംബന്ധിച്ച് നമ്മൾ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിലാണോ നമ്മൾ ഒരു തീരുമാനമെടുക്കുന്നതെന്നു മനസ്സാക്ഷി നമ്മളോടു പറയും.
മറ്റുള്ളവരോടു സ്നേഹത്തോടെയും നന്ദിയോടെയും നീതിയോടെയും അനുകമ്പയോടെയും ഇടപെടാൻ മനസ്സാക്ഷി നമ്മളെ പ്രേരിപ്പിക്കും. കൂടാതെ നമ്മുടെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കാതിരിക്കാനോ നമുക്കുതന്നെ നാണക്കേടോ കുറ്റബോധമോ വരുത്തുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാനോ മനസ്സാക്ഷിക്കു നമ്മളെ സഹായിക്കാനാകും.
നമുക്ക് എന്തു തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും ശരിയാകുമോ? ഗാരിക്ക് എന്ന ചെറുപ്പക്കാരൻ അതാണു ചെയ്തത്. അദ്ദേഹം പറയുന്നു: “ജീവിതത്തിൽ ഇഷ്ടമുള്ളത് എന്തും എനിക്കു ചെയ്യാനാകുമായിരുന്നു.” എന്നാൽ അങ്ങനെ ചെയ്തതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ല
എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. താൻ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ആ ജീവിതരീതിയെക്കുറിച്ച് അദ്ദേഹം പിന്നീടു പറഞ്ഞത്, “അധാർമികതയും മയക്കുമരുന്നും മദ്യപാനവും അക്രമവും നിറഞ്ഞ ഒരു ഇരുളടഞ്ഞ വഴി” എന്നാണ്.മറ്റുള്ളവർക്ക് എന്തു തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ
ഇനി, പലപ്പോഴും മറ്റുള്ളവരുടെ ചിന്തകളും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ട്. അവരുടെ അനുഭവപരിചയത്തിൽനിന്നും അറിവിൽനിന്നും നമുക്കു പല പ്രയോജനങ്ങളും നേടാനാകും. നമ്മുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ സമൂഹത്തിലുള്ളവരോ ശരിയെന്നു ചിന്തിക്കുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് അവരുടെ അംഗീകാരം നേടാനും കഴിയും.
മറ്റുള്ളവർക്ക് എന്തു തോന്നുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും ശരിയാകുമോ? ചെറുപ്പക്കാരിയായ പ്രിസില്ല, തന്റെ കൂട്ടുകാരിൽ മിക്കവരും ചെയ്യുന്നതുതന്നെ ചെയ്തു. വിവാഹത്തിനു മുമ്പുതന്നെ അവൾ ഇഷ്ടാനുസരണം ലൈംഗികബന്ധത്തിൽ ഏർപ്പെടാൻതുടങ്ങി. അവൾ ചെയ്യുന്നതു മറ്റുള്ളവരുടെ കണ്ണിൽ ശരിയായിരുന്നെങ്കിലും അവൾക്ക് അതുകൊണ്ട് സന്തോഷമൊന്നും കിട്ടിയില്ല. അവൾ പറയുന്നു: “മറ്റെല്ലാവരും ചെയ്തതുപോലെ ഞാൻ ചെയ്തതുകൊണ്ട് എനിക്കു പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയില്ല. അപകടംപിടിച്ച, പല മണ്ടത്തരങ്ങളും ചെയ്യുന്നതിലേക്ക് അത് എന്നെ കൊണ്ടെത്തിച്ചു.”
നല്ല തീരുമാനമെടുക്കാൻ മറ്റെന്തെങ്കിലും വഴിയുണ്ടോ?
ശരിയും തെറ്റും സംബന്ധിച്ച് തീരുമാനമെടുക്കേണ്ടി വരുമ്പോൾ നമ്മുടെതന്നെ ചിന്തകൾക്കും മറ്റുള്ളവരുടെ ചിന്തകൾക്കും നമ്മളെ സഹായിക്കാനാകും. എന്നാൽ അവയെ മാത്രം ആശ്രയിച്ച് തീരുമാനമെടുക്കുന്നത് എപ്പോഴും ശരിയായിരിക്കണമെന്നില്ല. നമ്മളെടുക്കുന്ന തീരുമാനങ്ങളുടെ ഫലം മുൻകൂട്ടിക്കാണാൻ പറ്റാത്തതുകൊണ്ട് അതു നമ്മളെയും മറ്റുള്ളവരെയും കുഴപ്പത്തിലാക്കിയേക്കാം. (സുഭാഷിതങ്ങൾ 14:12) ശരിയെന്നു നമ്മളും മറ്റുള്ളവരും വിചാരിക്കുന്ന ഒരു കാര്യംപോലും ചിലപ്പോൾ മോശമായ ഫലം ഉണ്ടാക്കിയേക്കാം, അല്ലെങ്കിൽ അതു ശരിയാണെന്ന ആ അഭിപ്രായംതന്നെ പിന്നീടു മാറിയേക്കാം. ഒരിക്കൽ തെറ്റാണെന്നു വിചാരിച്ചിരുന്ന പല പെരുമാറ്റരീതികളും ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ട്; എന്നാൽ മുമ്പ് ശരിയെന്നു കരുതിയിരുന്ന പല കാര്യങ്ങളും ഇപ്പോൾ പലരുടെയും കണ്ണിൽ ശരിയല്ലാതെയുമായിരിക്കുന്നു.
ശരി എന്ത്, തെറ്റ് എന്ത് എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സഹായിക്കുന്ന മറ്റൊരു നല്ല വഴികാട്ടിയുണ്ടോ? ഇക്കാര്യത്തിൽ, വർഷങ്ങൾക്കുശേഷം പിന്തിരിഞ്ഞുനോക്കുമ്പോൾ നിരാശ തോന്നാൻ ഇടയാക്കാത്ത ഒരു നിലവാരം നമുക്ക് ഇന്നു പിന്തുടരാനുണ്ടോ?
ശരിയും തെറ്റും തീരുമാനിക്കുന്ന കാര്യത്തിൽ എല്ലാവർക്കും എവിടെയായിരുന്നാലും ആശ്രയിക്കാനാകുന്ന മാറ്റമില്ലാത്ത ഒരു വഴികാട്ടിയുണ്ട്. ആ വഴികാട്ടി ഏതാണെന്ന് അടുത്ത ലേഖനത്തിൽ കാണാം.