ആരുടെ അംഗീകാരം നേടാനാണു നിങ്ങൾ ശ്രമിക്കുന്നത്?
“നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്നേഹവും നിങ്ങൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല.”—എബ്രാ. 6:10.
1. നമുക്ക് എല്ലാവർക്കും സ്വാഭാവികമായുള്ള ഒരു ആഗ്രഹം എന്താണ്, അതിൽ എന്തെല്ലാം ഉൾപ്പെടുന്നുണ്ട്?
നിങ്ങളെ നന്നായി അറിയാവുന്ന, നിങ്ങൾ ആദരിക്കുന്ന ഒരാളെക്കുറിച്ച് ചിന്തിക്കുക. അദ്ദേഹം നിങ്ങളുടെ പേര് മറന്നുപോയെങ്കിലോ? നിങ്ങളെ കണ്ടിട്ട് മനസ്സിലാകുന്നില്ലെങ്കിലോ? നിങ്ങൾക്കു വളരെ വിഷമം തോന്നും. എന്തുകൊണ്ട്? കാരണം, മറ്റുള്ളവർ നമ്മളെ അംഗീകരിക്കാനുള്ള സ്വാഭാവികമായ ആഗ്രഹം നമുക്ക് എല്ലാവർക്കുമുണ്ട്. വെറുതേ പേര് ഓർത്തിരിക്കാൻ മാത്രമല്ല നമ്മൾ ആഗ്രഹിക്കുക. നമ്മുടെ ഗുണങ്ങളും കഴിവുകളും നേട്ടങ്ങളും ആളുകൾ അംഗീകരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.—സംഖ്യ 11:16, അടിക്കുറിപ്പ്; ഇയ്യോ. 31:6.
2, 3. അംഗീകാരത്തിനുവേണ്ടിയുള്ള ആഗ്രഹം അതിരുവിട്ടുപോയേക്കാവുന്നത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
2 എങ്കിലും, നമുക്കു സ്വാഭാവികമായുള്ള മറ്റ് ആഗ്രഹങ്ങൾപോലെ അംഗീകാരത്തിനുവേണ്ടിയുള്ള ആഗ്രഹവും അപൂർണത കാരണം ചിലപ്പോൾ അതിരുവിട്ടുപോയേക്കാം. പ്രാമുഖ്യത നേടാനും ശ്രദ്ധ പിടിച്ചുപറ്റാനും ഉള്ള അഭിലാഷം സാത്താന്റെ ലോകം നമ്മളിൽ ഉളവാക്കിയേക്കാം. ഇതുകൊണ്ടുള്ള അപകടം എന്താണ്? ആരാധനയും ശരിക്കുള്ള അംഗീകാരവും ബഹുമതിയും അർഹിക്കുന്ന നമ്മുടെ സ്വർഗീയപിതാവിൽനിന്ന് ശ്രദ്ധ മാറിപ്പോകാൻ ഇത് ഇടയാക്കിയേക്കാം.—വെളി. 4:11.
3 യേശുവിന്റെ കാലത്തെ ചില മതനേതാക്കന്മാർക്ക് അംഗീകാരം സംബന്ധിച്ച് തെറ്റായ വീക്ഷണമാണുണ്ടായിരുന്നത്. യേശു തന്റെ അനുഗാമികൾക്ക് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “നീളൻ കുപ്പായങ്ങൾ ധരിച്ച് ചുറ്റിനടക്കാനും ചന്തസ്ഥലങ്ങളിൽ അഭിവാദനം ലഭിക്കാനും സിനഗോഗുകളിൽ ഏറ്റവും നല്ല ഇരിപ്പിടങ്ങളിൽ ഇരിക്കാനും അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനങ്ങൾ കിട്ടാനും ആഗ്രഹിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുക.” യേശു കൂട്ടിച്ചേർത്തു: “അവർക്കു കിട്ടുന്ന ശിക്ഷാവിധി ഏറെ കടുത്തതായിരിക്കും.” (ലൂക്കോ. 20:46, 47, അടിക്കുറിപ്പ്) നേരെ മറിച്ച്, തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ സംഭാവന ഇട്ട പാവപ്പെട്ട വിധവയെ യേശു പ്രശംസിച്ചു. ഒരുപക്ഷേ മറ്റാരും ആ വിധവയെ ശ്രദ്ധിച്ചുകാണില്ല. (ലൂക്കോ. 21:1-4) അതെ, അംഗീകാരത്തെക്കുറിച്ചുള്ള യേശുവിന്റെ കാഴ്ചപ്പാട് മറ്റുള്ളവരുടേതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. അംഗീകാരം സംബന്ധിച്ച് ദൈവമായ യഹോവയ്ക്കു സ്വീകാര്യമായ മനോഭാവമുണ്ടായിരിക്കാൻ ഈ ലേഖനം നമ്മളെ സഹായിക്കും.
ആരിൽനിന്നുള്ള ബഹുമതിയാണ് ഏറ്റവും പ്രധാനം?
4. ആരിൽനിന്നുള്ള അംഗീകാരമാണ് ഏറ്റവും പ്രധാനം, എന്തുകൊണ്ട്?
4 അങ്ങനെയെങ്കിൽ ആരിൽനിന്നുള്ള ബഹുമതി നേടുന്നതാണ് ഏറ്റവും പ്രധാനം? ഇന്ന് ആളുകൾ ഉന്നതവിദ്യാഭ്യാസം നേടിക്കൊണ്ടും ബിസിനെസ്സ് രംഗത്ത് വിജയം കൈവരിച്ചുകൊണ്ടും വിനോദമേഖലയിൽ പ്രശസ്തരായിക്കൊണ്ടും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയാണ്. എന്നാൽ നമുക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയെക്കുറിച്ച് പൗലോസ് അപ്പോസ്തലൻ പറയുന്നതു ശ്രദ്ധിക്കുക: “ഇപ്പോൾ നിങ്ങൾക്കു ദൈവത്തെ അറിയാം. അതിലുപരി ദൈവത്തിനു നിങ്ങളെ അറിയാം. ആ സ്ഥിതിക്ക് ദുർബലമായ, ഒന്നിനും കൊള്ളാത്ത അടിസ്ഥാനകാര്യങ്ങളിലേക്കു വീണ്ടും തിരിഞ്ഞ് അവയുടെ അടിമകളാകാൻ നിങ്ങൾക്ക് എങ്ങനെ മനസ്സു വരുന്നു?” (ഗലാ. 4:9) ഒന്നു ചിന്തിക്കുക, നിങ്ങൾക്ക് ഈ പ്രപഞ്ചത്തിന്റെ പരമാധികാരിയായ ‘ദൈവം അറിയുന്ന’ ഒരാളാകാൻ കഴിയും! അത് എത്ര വലിയ പദവിയാണ്! നമ്മളുമായി ഒരു അടുത്ത ബന്ധത്തിൽ വരാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. ഒരു പണ്ഡിതൻ പറയുന്നതുപോലെ, “ദൈവത്തിന്റെ അംഗീകാരത്തിനു പാത്രമാകാൻ നമുക്കു കഴിയും.” നമ്മൾ ജീവിതത്തിന്റെ ശരിക്കുള്ള ലക്ഷ്യത്തിൽ എത്തുന്നത് യഹോവ നമ്മളെ സുഹൃത്തുക്കളായി അംഗീകരിക്കുമ്പോഴാണ്.—സഭാ. 12:13, 14.
5. ദൈവം അറിയുന്ന ഒരാളായിത്തീരാൻ നമുക്ക് എങ്ങനെ കഴിയും?
5 ആ അനുഗ്രഹം കിട്ടിയ ഒരാളാണു മോശ. യഹോവയുടെ വഴികളെക്കുറിച്ച് കൂടുതൽ അറിയാൻ അനുവദിക്കേണമേ എന്ന് അപേക്ഷിച്ചപ്പോൾ യഹോവ മോശയ്ക്ക് ഇങ്ങനെ മറുപടി കൊടുത്തു: “നീ അപേക്ഷിക്കുന്ന ഇക്കാര്യവും ഞാൻ ചെയ്യും. കാരണം എനിക്കു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു. ഞാൻ നിന്നെ അടുത്ത് അറിയുകയും ചെയ്തിരിക്കുന്നു.” (പുറ. 33:12-17) ഇതുപോലെ യഹോവ നമ്മളെ വ്യക്തിപരമായി അടുത്ത് അറിയാനിടയാകുമ്പോൾ നമുക്കും അത്ഭുതകരമായ അനുഗ്രഹങ്ങൾ ലഭിക്കും. എന്നാൽ യഹോവ അറിയുന്ന ഒരാളായിത്തീരാൻ നമുക്ക് എങ്ങനെ കഴിയും? ദൈവത്തെ സ്നേഹിക്കുകയും ജീവിതം ദൈവത്തിനു സമർപ്പിക്കുകയും ചെയ്തുകൊണ്ട്.—1 കൊരിന്ത്യർ 8:3 വായിക്കുക.
6, 7. യഹോവയുമായുള്ള ബന്ധം നഷ്ടമാകാൻ എന്തു കാരണമായേക്കാം?
6 എങ്കിലും നമ്മുടെ സ്വർഗീയപിതാവുമായുള്ള അമൂല്യമായ ബന്ധം നഷ്ടപ്പെടാതെ നമ്മൾ സൂക്ഷിക്കണം. ഗലാത്യയിലെ ക്രിസ്ത്യാനികളെപ്പോലെ നമ്മളും ഈ ലോകത്തിന്റെ ‘ദുർബലമായ, ഒന്നിനും കൊള്ളാത്ത അടിസ്ഥാനകാര്യങ്ങളുടെ’ അടിമകളാകരുത്. അതിൽ ഈ ലോകത്തിന്റെ അംഗീകാരം തേടുന്നതും ഉൾപ്പെടുന്നു. (ഗലാ. 4:9) ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്ത്യാനികൾ ‘ദൈവം അവരെ അറിയുന്ന’ അളവോളം പുരോഗമിച്ചവരായിരുന്നു. എന്നാൽ ആ സഹോദരങ്ങൾതന്നെയാണ് ഒന്നിനും കൊള്ളാത്ത കാര്യങ്ങളിലേക്കു ‘വീണ്ടും തിരിയുന്നതെന്ന്’ പൗലോസ് പറഞ്ഞു. പൗലോസ് പറഞ്ഞതിന്റെ സാരം ഇതായിരുന്നു: ‘ഇത്രയും പുരോഗമിച്ച നിങ്ങൾ ഒരിക്കൽ ഉപേക്ഷിച്ച, വിഡ്ഢിത്തം നിറഞ്ഞ, വിലയില്ലാത്ത കാര്യങ്ങളിലേക്ക് എന്തിനു തിരിച്ചുപോകണം?’
7 നമുക്ക് അങ്ങനെയൊരു അപകടമുണ്ടാകാൻ സാധ്യതയുണ്ടോ? ഉണ്ട്. യഹോവയെ അറിയാനിടയായപ്പോൾ പൗലോസിനെപ്പോലെ സാത്താന്റെ ലോകം വെച്ചുനീട്ടിയ ചില ബഹുമതികൾ വേണ്ടെന്നുവെച്ചവരായിരിക്കാം നമ്മൾ. (ഫിലിപ്പിയർ 3:7, 8 വായിക്കുക.) ഉദാഹരണത്തിന്, ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരങ്ങൾ നമ്മൾ ഉപേക്ഷിച്ചുകാണും. ജോലിക്കയറ്റമോ ബിസിനെസ്സിലൂടെ കൂടുതൽ പണം സമ്പാദിക്കാനുള്ള അവസരമോ ഒക്കെ വിട്ടുകളഞ്ഞിരിക്കാം. അല്ലെങ്കിൽ സംഗീതപാടവവും കായികമേഖലയിലെ കഴിവുകളും ഉപയോഗിച്ച് നേടിയെടുക്കാമായിരുന്ന പ്രശസ്തിയും സമ്പത്തും വേണ്ടെന്നുവെച്ചുകാണും. (എബ്രാ. 11:24-27) എന്നാൽ, ആ നല്ല തീരുമാനങ്ങളെപ്രതി നിങ്ങൾക്ക് ഇപ്പോൾ ഖേദം തോന്നുന്നുണ്ടോ? ആ അവസരങ്ങളൊന്നും വിട്ടുകളയേണ്ടായിരുന്നെന്നു തോന്നുന്നുണ്ടോ? എങ്കിൽ, എത്ര ഭോഷത്തമായിരിക്കും അത്! കാരണം ഈ ലോകത്തിന്റെ ‘ദുർബലമായ, ഒന്നിനും കൊള്ളാത്ത’ കാര്യങ്ങളെന്നു നമ്മൾ ആദ്യം വിധി എഴുതിയവയുടെ പിന്നാലെ പോകാൻ അത്തരം ചിന്തകൾ നമ്മളെ പ്രേരിപ്പിച്ചേക്കാം. a
നിങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുക
8. യഹോവയുടെ അംഗീകാരം നേടാനുള്ള തീരുമാനത്തിൽ നമുക്ക് എങ്ങനെ ഉറച്ചുനിൽക്കാം?
8 ലോകത്തിന്റെ അംഗീകാരം നേടുന്നതിനു പകരം യഹോവയുടെ അംഗീകാരം നേടാനുള്ള നമ്മുടെ തീരുമാനത്തിൽ എങ്ങനെ ഉറച്ചുനിൽക്കാനാകും? അതിനു പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ നമ്മുടെ മനസ്സിലുണ്ടായിരിക്കണം. ഒന്ന്, തന്നെ വിശ്വസ്തമായി സേവിക്കുന്നവർക്ക് യഹോവയുടെ അംഗീകാരം എപ്പോഴും ഉണ്ടായിരിക്കും. (എബ്രായർ 6:10 വായിക്കുക; എബ്രാ. 11:6) തന്നെ സേവിക്കുന്ന ഓരോ വ്യക്തിയെയും യഹോവ വിലയുള്ളവനായിട്ടാണു കാണുന്നത്. അവരെ ശ്രദ്ധിക്കാതിരിക്കുന്നത് തന്റെ ഭാഗത്തെ ‘അനീതിയായിട്ടാണ്’ യഹോവ വീക്ഷിക്കുന്നത്. യഹോവ എല്ലായ്പോഴും “തനിക്കുള്ളവരെ അറിയുന്നു.” (2 തിമൊ. 2:19) “നീതിമാന്മാരുടെ വഴി യഹോവ അറിയുന്നു.” അവരെ പരീക്ഷണങ്ങളിൽനിന്ന് എങ്ങനെ രക്ഷിക്കണമെന്നും യഹോവയ്ക്ക് അറിയാം.—സങ്കീ. 1:6; 2 പത്രോ. 2:9.
9. തന്റെ ജനത്തിനു തന്റെ അംഗീകാരമുണ്ടെന്ന് യഹോവ ശ്രദ്ധേയമായ വിധത്തിൽ കാണിച്ചതിന്റെ ചില ഉദാഹരണങ്ങൾ പറയുക.
9 തന്റെ ജനത്തിനു തന്റെ അംഗീകാരമുണ്ടെന്ന് യഹോവ ചില അവസരങ്ങളിൽ ശ്രദ്ധേയമായ വിധത്തിൽ കാണിച്ചിട്ടുണ്ട്. (2 ദിന. 20:20, 29) ചെങ്കടലിൽവെച്ച് ദൈവജനത്തെ ഫറവോന്റെ ശക്തമായ സൈന്യത്തിന്റെ കൈയിൽനിന്ന് രക്ഷിച്ച സംഭവം ഇതിന് ഒരു ഉദാഹരണമാണ്. (പുറ. 14:21-30; സങ്കീ. 106:9-11) ഇതു പരക്കെ അറിയപ്പെട്ട സംഭവമായതുകൊണ്ട് 40 കൊല്ലം കഴിഞ്ഞിട്ടും ആളുകൾ ഇതെക്കുറിച്ച് പറയുമായിരുന്നു. (യോശു. 2:9-11) യഹോവ തന്റെ സ്നേഹവും ശക്തിയും പ്രകടമാക്കിയ ഇത്തരം സംഭവങ്ങളെക്കുറിച്ച് ഓർക്കുന്നത്, വളരെക്കാലം മുമ്പേ മുൻകൂട്ടിപ്പറഞ്ഞ മാഗോഗിലെ ഗോഗിന്റെ ആക്രമണത്തെ നേരിടുമ്പോൾ നമുക്ക് എത്ര ധൈര്യം പകരും! (യഹ. 38:8-12) ലോകത്തിന്റെ അംഗീകാരത്തിനു പകരം, ദൈവത്തിന്റെ അംഗീകാരം നേടാൻ ശ്രമിച്ചത് എത്ര നന്നായെന്ന് അപ്പോൾ നമുക്കു ബോധ്യമാകും.
10. യഹോവ അംഗീകാരം നൽകുന്നതു സംബന്ധിച്ച് നമ്മൾ മനസ്സിൽപ്പിടിക്കേണ്ട രണ്ടാമത്തെ കാര്യം എന്താണ്?
10 നമ്മൾ മനസ്സിൽപ്പിടിക്കേണ്ട പ്രധാനപ്പെട്ട രണ്ടാമത്തെ കാര്യം ഇതാണ്: ചിലപ്പോൾ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധങ്ങളിൽ യഹോവ നമുക്ക് അംഗീകാരം തന്നേക്കാം. മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി മാത്രം നല്ല പ്രവൃത്തികൾ ചെയ്യുന്നവർക്ക് യഹോവയിൽനിന്ന് ഒരു പ്രതിഫലവും കിട്ടുകയില്ലെന്നു യേശു പറഞ്ഞു. എന്തുകൊണ്ട്? മറ്റുള്ളവരിൽനിന്നുള്ള പുകഴ്ചയാണ് അവർക്കുള്ള പ്രതിഫലം. (മത്തായി 6:1-5 വായിക്കുക.) എന്നാൽ, മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ആളുകളെ യഹോവ ശ്രദ്ധിക്കുന്നു, ഓരോരുത്തർക്കും അവരുടെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം കൊടുക്കുകയും ചെയ്യും. കാരണം തന്റെ പിതാവ് ‘രഹസ്യത്തിലുള്ളതും കാണുന്നുണ്ടെന്നു’ യേശു പറഞ്ഞു. എന്നാൽ ചിലപ്പോൾ നമ്മൾ തീരെ പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും യഹോവ പ്രതിഫലം തരുക. ചില ഉദാഹരണങ്ങൾ നോക്കാം.
താഴ്മയുള്ള ഒരു യുവതിക്ക് ഒട്ടും പ്രതീക്ഷിക്കാത്ത അംഗീകാരം
11. മറിയ എന്ന യുവതിക്കു തന്റെ അംഗീകാരമുണ്ടെന്ന് യഹോവ എങ്ങനെയാണു കാണിച്ചത്?
11 ദൈവപുത്രൻ ഭൂമിയിൽ ജനിക്കാൻ സമയമായപ്പോൾ ആ ശിശുവിന്റെ അമ്മയാകാനുള്ള വിശിഷ്ടപദവിക്ക് യഹോവ തിരഞ്ഞെടുത്തതു മറിയ എന്ന താഴ്മയുള്ള കന്യകയെയാണ്. യരുശലേം നഗരത്തിൽനിന്നും അതിലെ പ്രൗഢഗംഭീരമായ ആലയത്തിൽനിന്നും അകലെ നസറെത്ത് എന്ന ചെറുപട്ടണത്തിലാണു മറിയ ജീവിച്ചിരുന്നത്. (ലൂക്കോസ് 1:26-33 വായിക്കുക.) എന്തുകൊണ്ടാണ് ഈ പദവിക്കു മറിയയെ തിരഞ്ഞെടുത്തത്? മറിയയോടു ‘ദൈവത്തിനു പ്രീതി തോന്നിയെന്ന്’ ഗബ്രിയേൽ ദൂതൻ മറിയയോടു പറഞ്ഞു. മറിയയുടെ ആത്മീയതയുടെ ആഴം ബന്ധുവായ എലിസബത്തുമായുള്ള മറിയയുടെ സംഭാഷണത്തിൽനിന്ന് നമുക്കു മനസ്സിലാക്കാനാകും. (ലൂക്കോ. 1:46-55) അതെ, യഹോവ മറിയയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു, വിശ്വസ്തയായിരുന്നതുകൊണ്ട് ഒട്ടും പ്രതീക്ഷിക്കാത്ത ഈ പദവി കൊടുത്ത് യഹോവ മറിയയെ അനുഗ്രഹിക്കുകയും ചെയ്തു.
12, 13. ജനനസമയത്തും 40 ദിവസം കഴിഞ്ഞ് ആലയത്തിൽ കൊണ്ടുപോയപ്പോഴും എങ്ങനെയാണു യേശുവിന് അംഗീകാരം ലഭിച്ചത്?
12 യേശുവിന്റെ ജനനവാർത്ത യരുശലേമിലെയും ബേത്ത്ലെഹെമിലെയും പ്രമാണിമാരെയോ അധികാരികളെയോ അല്ല യഹോവ അറിയിച്ചത്. പകരം ബേത്ത്ലെഹെമിനു പുറത്ത് ആടുകളെ മേയിച്ചുകൊണ്ടിരുന്ന എളിയവരായ ഇടയന്മാർക്കാണു ദൂതന്മാർ പ്രത്യക്ഷപ്പെട്ടത്. (ലൂക്കോ. 2:8-14) ഈ ഇടയന്മാർ ഉടനെ ശിശുവിനെ കാണാൻ ചെന്നു. (ലൂക്കോ. 2:15-17) യേശുവിന് ഈ വിധത്തിൽ ബഹുമതി കിട്ടുന്നതു കണ്ടപ്പോൾ മറിയയും യോസേഫും എത്രമാത്രം ആശ്ചര്യപ്പെട്ടുകാണും! യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധവും പിശാച് കാര്യങ്ങൾ ചെയ്യുന്ന വിധവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക. യേശുവിനെയും മാതാപിതാക്കളെയും സന്ദർശിക്കാൻ സാത്താൻ ജ്യോത്സ്യന്മാരെ അയച്ചപ്പോൾ യരുശലേമിലുള്ള എല്ലാവരും യേശുവിന്റെ ജനനത്തെക്കുറിച്ച് കേട്ട് പരിഭ്രമിച്ചു. (മത്താ. 2:3) യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വാർത്ത ഈ രീതിയിൽ ഇത്ര വിപുലമായി വ്യാപിച്ചതു നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മരണത്തിലാണു കൊണ്ടുചെന്നെത്തിച്ചത്.—മത്താ. 2:16.
13 യേശു ജനിച്ച് 40 ദിവസം കഴിഞ്ഞ് യരുശലേമിലെ ആലയത്തിൽ പോയി മറിയ യാഗമർപ്പിക്കണമായിരുന്നു. അതിനുവേണ്ടി ബേത്ത്ലെഹെമിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള യരുശലേമിലേക്കു മറിയയും യോസേഫും ശിശുവിനെയുംകൊണ്ട് പോയി. (ലൂക്കോ. 2:22-24) ഭാവിയിൽ യേശു വഹിക്കാനിരിക്കുന്ന പങ്കിനെക്കുറിച്ച് അവിടെയുള്ള പുരോഹിതൻ എന്തെങ്കിലും പ്രത്യേകിച്ച് പറയുമോ എന്നു യാത്രയ്ക്കിടെ മറിയ ചിന്തിച്ചിരിക്കാം. യേശുവിനു ബഹുമതി ലഭിക്കുകതന്നെ ചെയ്തു. എങ്ങനെ? ശിശു വാഗ്ദത്തമിശിഹ അഥവാ ക്രിസ്തു ആകുമെന്ന് “നീതിമാനും ദൈവഭക്തനും” ആയ ശിമെയോനെയും 84 വയസ്സുള്ള വിധവയായ അന്നയെയും ഉപയോഗിച്ചാണ് യഹോവ പ്രഖ്യാപിച്ചത്. ഈ വിധത്തിൽ യേശുവിനു ബഹുമതി കിട്ടുമെന്നു മറിയ ഒട്ടും പ്രതീക്ഷിച്ചുകാണില്ല.—ലൂക്കോ. 2:25-38.
14. എന്ത് അനുഗ്രഹങ്ങളാണു മറിയയ്ക്കു യഹോവയിൽനിന്ന് ലഭിച്ചത്?
14 മറിയയുടെ കാര്യമോ? തന്റെ മകനെ വിശ്വസ്തതയോടെ പരിപാലിച്ച് വളർത്തിക്കൊണ്ടുവന്നതിനു മറിയയ്ക്ക് അർഹിക്കുന്ന അംഗീകാരം യഹോവ തുടർന്നും കൊടുത്തോ? ഉവ്വ്. മറിയയുടെ വാക്കുകളും പ്രവൃത്തികളും ബൈബിളിൽ രേഖപ്പെടുത്താൻ യഹോവ ഇടയാക്കി. യേശുവിന്റെ മൂന്നര വർഷം നീണ്ട ശുശ്രൂഷക്കാലത്ത് മകന്റെകൂടെ സഞ്ചരിക്കാൻ മറിയയ്ക്കു സാധിച്ചുകാണില്ല. വിധവയായതുകൊണ്ട് ഒരുപക്ഷേ മറിയയ്ക്കു നസറെത്തിൽത്തന്നെ കഴിയേണ്ടിവന്നിരിക്കാം. മറ്റു പലരെയുംപോലെ യേശുവിന്റെകൂടെ പ്രവർത്തിക്കാൻ സാധിച്ചില്ലെങ്കിലും യേശുവിന്റെ മരണസമയത്ത് മകന്റെ അടുത്തുണ്ടായിരിക്കാൻ മറിയയ്ക്കു കഴിഞ്ഞു. (യോഹ. 19:26) പെന്തിക്കോസ്ത് ദിവസം ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകരുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ മറിയ ശിഷ്യന്മാരോടൊപ്പം യരുശലേമിലുണ്ടായിരുന്നു. (പ്രവൃ. 1:13, 14) പെന്തിക്കോസ്ത് ദിവസം മറ്റുള്ളവരോടൊപ്പം മറിയയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടിരിക്കാം. അങ്ങനെയെങ്കിൽ യേശുവിനോടൊപ്പം എന്നെന്നും സ്വർഗത്തിലായിരിക്കാനുള്ള പദവി മറിയയ്ക്കു ലഭിച്ചിരിക്കും. വിശ്വസ്തസേവനത്തിനുള്ള എത്ര മഹത്തായ പ്രതിഫലം!
യഹോവ മകനു നൽകിയ അംഗീകാരം
15. യേശു ഭൂമിയിലായിരുന്നപ്പോൾ, യഹോവ എങ്ങനെയാണു പുത്രനു തന്റെ അംഗീകാരമുണ്ടെന്നു കാണിച്ചത്?
15 തന്റെ നാളിലെ മത-രാഷ്ട്രീയ നേതാക്കന്മാരിൽനിന്നുള്ള അംഗീകാരം യേശു ഒട്ടും ആഗ്രഹിച്ചില്ല. എന്നാൽ മൂന്ന് അവസരങ്ങളിൽ തന്നെ അംഗീകരിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് യഹോവ നേരിട്ട് സംസാരിച്ചതു കേട്ടപ്പോൾ യേശുവിന് എത്ര പ്രോത്സാഹനം തോന്നിക്കാണും! യേശു യോർദാൻ നദിയിൽ സ്നാനമേറ്റ് കഴിഞ്ഞ ഉടനെ യഹോവ ഇങ്ങനെ പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്താ. 3:17) യേശുവിനെക്കൂടാതെ സാധ്യതയനുസരിച്ച് സ്നാപകയോഹന്നാൻ മാത്രമേ ആ വാക്കുകൾ കേട്ടുകാണുകയുള്ളൂ. യേശുവിന്റെ മരണത്തിന് ഏതാണ്ട് ഒരു വർഷം മുമ്പ് മൂന്ന് അപ്പോസ്തലന്മാർ യഹോവ യേശുവിനെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ കേട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ. ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവൻ പറയുന്നതു ശ്രദ്ധിക്കണം.” (മത്താ. 17:5) അവസാനമായി, യേശുവിന്റെ മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് യഹോവ സ്വർഗത്തിൽനിന്ന് തന്റെ മകനോടു വീണ്ടും സംസാരിച്ചു.—യോഹ. 12:28.
16, 17. പ്രതീക്ഷകളെ കടത്തിവെട്ടുന്ന വിധത്തിൽ യഹോവ എങ്ങനെയാണു യേശുവിനു ബഹുമതി കൊടുത്തത്?
16 ദൈവനിന്ദകൻ എന്ന വ്യാജാരോപണത്തിന്റെ പേരിൽ ലജ്ജാകരമായ ഒരു മരണമാണു തന്നെ കാത്തിരിക്കുന്നതെന്ന് അറിഞ്ഞിട്ടും തന്റെ ഇഷ്ടമല്ല, യഹോവയുടെ ഇഷ്ടം നടക്കട്ടെ എന്നാണു യേശു പ്രാർഥിച്ചത്. (മത്താ. 26:39, 42) യേശു ‘അപമാനം വകവെക്കാതെ ദണ്ഡനസ്തംഭത്തിലെ മരണം സഹിച്ചു.’ ലോകത്തിന്റെ അംഗീകാരമല്ല, പിതാവിന്റെ അംഗീകാരം മാത്രമാണ് ആഗ്രഹിക്കുന്നതെന്നു യേശു അങ്ങനെ കാണിച്ചു. (എബ്രാ. 12:2) യഹോവ എങ്ങനെയാണു തന്റെ അംഗീകാരം പ്രകടിപ്പിച്ചത്?
17 സ്വർഗത്തിൽ പിതാവിന്റെ അടുത്ത് മുമ്പ് തനിക്കുണ്ടായിരുന്ന മഹത്ത്വം വീണ്ടും തരേണമേ എന്നാണു ഭൂമിയിൽവെച്ച് യേശു അപേക്ഷിച്ചത്. (യോഹ. 17:5) അതിൽക്കൂടുതൽ മഹത്ത്വം യേശു ആഗ്രഹിച്ചതായി സൂചനയൊന്നുമില്ല. സ്വർഗത്തിൽ ചെല്ലുമ്പോൾ ‘സ്ഥാനക്കയറ്റം’ കിട്ടണമെന്നു യേശു പ്രതീക്ഷിച്ചില്ല. എന്നാൽ യഹോവ എന്താണു ചെയ്തത്? പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടുന്ന വിധത്തിൽ യഹോവ യേശുവിനു ബഹുമതി കൊടുത്തു. യേശുവിനെ പുനരുത്ഥാനപ്പെടുത്തി “മുമ്പത്തെക്കാൾ ഉന്നതമായ ഒരു സ്ഥാനത്തേക്ക്” ഉയർത്തുകയും അതുവരെ മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത അമർത്യജീവൻ കൊടുക്കുകയും ചെയ്തു. b (ഫിലി. 2:9; 1 തിമൊ. 6:16) യേശുവിന്റെ വിശ്വസ്തമായ ജീവിതഗതിക്കുള്ള എത്ര മഹത്തായ അംഗീകാരം!
18. ഈ ലോകത്തിന്റെ അംഗീകാരം നേടാൻ ശ്രമിക്കുന്നത് ഒഴിവാക്കാൻ ഏതു കാര്യങ്ങൾ മനസ്സിൽപ്പിടിക്കുന്നതു സഹായിക്കും?
18 ഈ ലോകത്തിന്റെ അംഗീകാരം നേടാൻ ശ്രമിക്കുന്നതു നമുക്ക് എങ്ങനെ ഒഴിവാക്കാം? ഇക്കാര്യങ്ങൾ മറക്കാതെ മനസ്സിൽപ്പിടിക്കാം: വിശ്വസ്തദാസർക്ക് എപ്പോഴും യഹോവയുടെ അംഗീകാരമുണ്ടായിരിക്കും. അതുപോലെ, മിക്കപ്പോഴും അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധങ്ങളിലായിരിക്കും യഹോവ അംഗീകാരം കൊടുക്കുന്നത്. എന്തൊക്കെ അനുഗ്രഹങ്ങളാണു ഭാവിയിൽ നമ്മളെ കാത്തിരിക്കുന്നതെന്ന് ആർക്കും സങ്കൽപ്പിക്കാൻപോലും കഴിയില്ല! എന്നാൽ ഈ ദുഷ്ടലോകത്തിൽ ജീവിക്കുന്നിടത്തോളം നമുക്കു കഷ്ടപ്പാടുകളും പരിശോധനകളും നേരിടേണ്ടിവരും. അപ്പോഴെല്ലാം ഒരു കാര്യം ഓർത്തിരിക്കണം: ഈ ലോകവും അതു വാഗ്ദാനം ചെയ്യുന്ന ഏത് അംഗീകാരവും പെട്ടെന്നുതന്നെ നീങ്ങിപ്പോകും. (1 യോഹ. 2:17) പക്ഷേ, സ്നേഹം നിറഞ്ഞ നമ്മുടെ പിതാവായ യഹോവ ‘നമ്മൾ ദൈവനാമത്തോടു കാണിക്കുന്ന സ്നേഹവും നമ്മൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ അനീതിയുള്ളവനല്ല.’ (എബ്രാ. 6:10) അതെ, യഹോവ നമ്മളോടു പ്രീതി കാണിക്കും, ഒരുപക്ഷേ നമുക്കു സങ്കൽപ്പിക്കാൻപോലും കഴിയാത്ത വിധങ്ങളിൽ!
a “ഒന്നിനും കൊള്ളാത്ത” എന്ന പദത്തെ മറ്റു ചില ഭാഷാന്തരങ്ങളിൽ “വ്യർഥമായ,” “നിസ്സാരമായ,” “ഉപയോഗയോഗ്യമല്ലാത്ത,” “നിരർഥകമായ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
b ഇതു തീർച്ചയായും അപ്രതീക്ഷിതമായ ഒരു അനുഗ്രഹംതന്നെയായിരുന്നിരിക്കാം. കാരണം അമർത്യതയെക്കുറിച്ച് എബ്രായതിരുവെഴുത്തുകളിൽ ഒരിടത്തും പറയുന്നില്ല.