നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണമാണോ നിങ്ങൾക്കുള്ളത്?
“ഞാൻ യഹോവയുടെ പേര് പ്രസിദ്ധമാക്കും. . . . ദൈവം വിശ്വസ്‌തൻ, അനീതിയില്ലാത്തവൻ.”—ആവ. 32:3, 4.
1, 2. (എ) നാബോത്ത് അനുഭവിച്ച അനീതി എന്തായിരുന്നു? (ബി) ഏതു രണ്ടു ഗുണങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും?
ഇതൊന്നു ഭാവനയിൽ കാണുക: ഗുരുതരമായ ഒരു കുറ്റം ചെയ്‌തെന്നു ചിലർ ഒരാൾക്കെതിരെ ആരോപണം ഉന്നയിക്കുന്നു. എന്നാൽ അയാൾ നിരപരാധിയാണ്. ഒന്നിനും കൊള്ളാത്തവരും അലസരും ആയി അറിയപ്പെടുന്ന ചിലരുടെ വ്യാജമായ സാക്ഷിമൊഴികളാണ് അയാൾക്കെതിരെ തെളിവായി നിരത്തിയിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ അയാളെ വധശിക്ഷയ്‌ക്കു വിധിക്കുന്നതു കേട്ട് സുഹൃത്തുക്കളും ബന്ധുക്കളും ഞെട്ടിത്തരിച്ചുപോയി. നിരപരാധിയായ ആ മനുഷ്യനെയും മക്കളെയും കൊണ്ടുപോയി വധിച്ചതു കണ്ടപ്പോൾ നീതിബോധമുള്ളവരുടെ മനസ്സ് അസ്വസ്ഥമായി. ഇതൊരു കെട്ടുകഥയല്ല. ഇസ്രായേൽരാജാവായ ആഹാബിന്റെ കാലത്ത് ജീവിച്ചിരുന്ന, യഹോവയുടെ ഒരു വിശ്വസ്‌തദാസനായ നാബോത്തിന്റെ അനുഭവമാണ്.—1 രാജാ. 21:11-13; 2 രാജാ. 9:26.
2 നാബോത്തിന് ഉണ്ടായ അനുഭവത്തെക്കുറിച്ച് മാത്രമല്ല, ഒന്നാം നൂറ്റാണ്ടിലെ വിശ്വസ്‌തനായ ഒരു ക്രിസ്‌തീയമൂപ്പൻ ചെയ്‌ത തെറ്റിനെപ്പറ്റിയും ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണമുണ്ടായിരിക്കാൻ താഴ്‌മയും ക്ഷമിക്കാനുള്ള മനസ്സും വളരെ പ്രധാനമാണെന്ന് ഈ ബൈബിൾവിവരണങ്ങളിൽനിന്ന് നമ്മൾ മനസ്സിലാക്കും.
നീതിയുടെ മേലുള്ള കടന്നുകയറ്റം
3, 4. നാബോത്ത് മറ്റ് ഇസ്രായേല്യരിൽനിന്ന് വ്യത്യസ്‌തനായിരുന്നത് എങ്ങനെ, ആഹാബിനു മുന്തിരിത്തോട്ടം വിൽക്കാൻ നാബോത്ത് വിസമ്മതിച്ചത് എന്തുകൊണ്ട്?
3 നാബോത്തിന്റെ കാലത്തെ മിക്ക ഇസ്രായേല്യരും ആഹാബ് രാജാവിന്റെയും ദുഷ്ടരാജ്ഞിയായ ഇസബേലിന്റെയും മോശമായ മാതൃകയാണ് അനുകരിച്ചത്. ബാലിനെ ആരാധിച്ചിരുന്ന അവർക്ക് യഹോവയോടും യഹോവയുടെ നിലവാരങ്ങളോടും ഒട്ടും ആദരവില്ലായിരുന്നു. എന്നാൽ നാബോത്ത് യഹോവയോടു വിശ്വസ്‌തനായിരുന്നു. യഹോവയുമായുള്ള ബന്ധത്തെ നാബോത്ത് തന്റെ ജീവനെക്കാൾ വിലയുള്ളതായി കണ്ടു.
4 1 രാജാക്കന്മാർ 21:1-3 വായിക്കുക. നാബോത്തിന്റെ മുന്തിരിത്തോട്ടം തരുകയാണെങ്കിൽ അതിന്റെ വിലയോ അതിലും നല്ല ഒരു മുന്തിരിത്തോട്ടമോ കൊടുക്കാമെന്ന് ആഹാബ് വാഗ്‌ദാനം ചെയ്‌തു. പക്ഷേ നാബോത്ത് ആ കച്ചവടത്തിനു സമ്മതിച്ചില്ല. അതിന്റെ കാരണം എന്താണെന്നു നാബോത്ത് ആദരവോടെ വിശദീകരിച്ചു: “എന്റെ പൂർവികരുടെ അവകാശം അങ്ങയ്‌ക്കു തരുന്നത് യഹോവയുടെ ഇഷ്ടത്തിനു വിരുദ്ധമായതുകൊണ്ട് അങ്ങനെയൊരു കാര്യം എനിക്കു ചിന്തിക്കാനേ കഴിയില്ല.” അവകാശമായി കിട്ടുന്ന നിലം എന്നേക്കുമായി വിറ്റുകളയരുതെന്ന് യഹോവ ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ പറഞ്ഞിരുന്നു. (ലേവ്യ 25:23; സംഖ്യ 36:7) അതുകൊണ്ടാണ് മുന്തിരിത്തോട്ടം വിൽക്കാൻ നാബോത്ത് വിസമ്മതിച്ചത്. നാബോത്തിന് യഹോവയുടെ വീക്ഷണമാണ് ഉണ്ടായിരുന്നതെന്ന് ഇതു കാണിക്കുന്നു.
5. നാബോത്തിന്റെ കൊലപാതകത്തിൽ ഇസബേലിന്റെ പങ്ക് എന്തായിരുന്നു?
5 നാബോത്ത് മുന്തിരിത്തോട്ടം വിൽക്കാൻ വിസമ്മതിച്ചപ്പോൾ അതു കൈക്കലാക്കാൻവേണ്ടി ആഹാബ് രാജാവും ഭാര്യ ഇസബേലും അങ്ങേയറ്റം ഹീനമായ പലതും ചെയ്‌തു. നാബോത്തിന് എതിരെ വ്യാജാരോപണങ്ങൾ നടത്താൻ ഇസബേൽ ചിലരെ ഏർപ്പാടാക്കി. അതിന്റെ ഫലമായി നാബോത്തും അദ്ദേഹത്തിന്റെ ആൺമക്കളും കൊല്ലപ്പെട്ടു. ഈ അനീതികൾ കണ്ടപ്പോൾ യഹോവ എങ്ങനെയാണു പ്രതികരിച്ചത്?
ദൈവത്തിന്റെ നീതിയുള്ള വിധി
6, 7. താൻ നീതിയെ സ്‌നേഹിക്കുന്നെന്ന് യഹോവ കാണിച്ചത് എങ്ങനെ, അതു നാബോത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആശ്വാസം നൽകിയത് എങ്ങനെ?
6 ആഹാബിനെ ചെന്നുകാണാൻ ദൈവം ഉടനെ ഏലിയയെ അയച്ചു. ആഹാബ് കൊലപാതകിയും കള്ളനും ആണെന്ന് ഏലിയ അയാളോടു പറഞ്ഞു. ആഹാബിന് യഹോവ വിധിച്ച ശിക്ഷ എന്തായിരുന്നു? നാബോത്തിനും മക്കൾക്കും ഉണ്ടായ അതേ ദുരന്തം ആഹാബും ഭാര്യയും മക്കളും അനുഭവിക്കേണ്ടിവരുമെന്ന് യഹോവ പറഞ്ഞു.—1 രാജാ. 21:17-25.
7 ആഹാബ് നാബോത്തിനോടു ചെയ്‌ത കൊടുംക്രൂരതകൾ നാബോത്തിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വളരെയധികം വേദനിപ്പിച്ചിരുന്നു. യഹോവ അനീതിയെല്ലാം കാണുന്നുണ്ടെന്നും അതിന് എതിരെ പെട്ടെന്നു നടപടികൾ സ്വീകരിക്കുമെന്നും ഉള്ള അറിവ് അവർക്കു തെല്ലൊരു ആശ്വാസമായി. എന്നാൽ അവരുടെ താഴ്‌മയും യഹോവയോടുള്ള വിശ്വാസവും പരിശോധിച്ച ചില സംഭവങ്ങളാണു പിന്നീടു നടന്നത്.
8. യഹോവ വിധിച്ച ശിക്ഷ കേട്ടപ്പോൾ ആഹാബ് എങ്ങനെ പ്രതികരിച്ചു, അപ്പോൾ യഹോവ എന്തു ചെയ്‌തു?
8 യഹോവ വിധിച്ച ശിക്ഷ കേട്ടപ്പോൾ “ആഹാബ് വസ്‌ത്രം കീറി. ആഹാബ് വിലാപവസ്‌ത്രം ധരിച്ച് ഉപവസിക്കുകയും വിലാപവസ്‌ത്രം വിരിച്ച് കിടക്കുകയും വിഷാദിച്ച് നടക്കുകയും ചെയ്‌തു.” ആഹാബ് സ്വയം താഴ്‌ത്തി! അപ്പോൾ യഹോവ എന്തു ചെയ്‌തു? യഹോവ ഏലിയയോടു പറഞ്ഞു: “ആഹാബ് എന്റെ മുന്നിൽ തന്നെത്തന്നെ താഴ്‌ത്തിയതുകൊണ്ട് അയാൾ ജീവിച്ചിരിക്കുമ്പോൾ ഞാൻ ആ ദുരന്തം വരുത്തില്ല. അയാളുടെ മകന്റെ കാലത്തായിരിക്കും ഞാൻ ആഹാബിന്റെ ഭവനത്തിന്മേൽ ദുരന്തം വരുത്തുക.” (1 രാജാ. 21:27-29; 2 രാജാ. 10:10, 11, 17) “ഹൃദയങ്ങളെ പരിശോധിക്കുന്ന” യഹോവ ആഹാബിനോട് അൽപ്പം കരുണ കാണിച്ചു.—സുഭാ. 17:3.
താഴ്‌മ—ഒരു സംരക്ഷണം
9. നാബോത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും താഴ്‌മ ആവശ്യമായിരുന്നത് എന്തുകൊണ്ട്?
9 നാബോത്തിനോടുള്ള ആഹാബിന്റെ കൊടുംക്രൂരതയെക്കുറിച്ച് അറിഞ്ഞവർക്ക് യഹോവയുടെ ഈ തീരുമാനം കേട്ടപ്പോൾ എന്തു തോന്നിക്കാണും? കാര്യങ്ങൾ ഇങ്ങനെ മാറിമറിഞ്ഞതു നാബോത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിശ്വാസത്തിന് ഒരു പരിശോധനയായിട്ടുണ്ടാകാം. ഇപ്പോൾ അവർക്കു താഴ്‌മ ആവശ്യമായിരുന്നു. യഹോവയ്‌ക്ക് അനീതി ചെയ്യാൻ കഴിയില്ലെന്ന് ഉറച്ചുവിശ്വസിക്കാനും ദൈവസേവനത്തിൽ തുടരാനും താഴ്‌മ അവരെ സഹായിക്കുമായിരുന്നു. (ആവർത്തനം 32:3, 4 വായിക്കുക.) യഹോവ നീതിമാന്മാരെ പുനരുത്ഥാനപ്പെടുത്തുമ്പോൾ നാബോത്തിനും മക്കൾക്കും അവരുടെ കുടുംബത്തിനും പൂർണനീതി ലഭിക്കും. (ഇയ്യോ. 14:14, 15; യോഹ. 5:28, 29) “സത്യദൈവം, എല്ലാ രഹസ്യകാര്യങ്ങളും ഉൾപ്പെടെ ഓരോ പ്രവൃത്തിയും നല്ലതോ ചീത്തയോ എന്നു ന്യായം വിധിക്കും” എന്ന കാര്യം താഴ്‌മയുള്ള ഒരു വ്യക്തി എപ്പോഴും ഓർക്കും. (സഭാ. 12:14) നമുക്ക് അറിയാത്ത ചില കാര്യങ്ങൾകൂടി കണക്കിലെടുത്തശേഷമാണ് യഹോവ ന്യായം വിധിക്കുന്നത്. അതെ, യഹോവയിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ആത്മീയദുരന്തത്തിലേക്കു വീഴാതിരിക്കാൻ താഴ്‌മ നമ്മളെ സഹായിക്കും.
10, 11. (എ) നീതിയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം ഏതൊക്കെ സാഹചര്യങ്ങളിൽ പരിശോധിക്കപ്പെട്ടേക്കാം? (ബി) ഏതെല്ലാം വിധങ്ങളിൽ താഴ്‌മ നമ്മളെ സഹായിക്കും?
10 നിങ്ങൾക്കു മുഴുവനായി മനസ്സിലാക്കാനാകാത്ത അല്ലെങ്കിൽ യോജിക്കാൻ കഴിയാത്ത ഒരു തീരുമാനം മൂപ്പന്മാർ എടുക്കുന്നെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ഉദാഹരണത്തിന്, നിങ്ങളുടെയോ നിങ്ങൾ സ്‌നേഹിക്കുന്ന ഒരാളുടെയോ സേവനപദവി നഷ്ടമാകുന്നെന്നു കരുതുക. അല്ലെങ്കിൽ, നിങ്ങളുടെ ഇണയെയോ മകനെയോ മകളെയോ ഉറ്റ സുഹൃത്തിനെയോ സഭയിൽനിന്ന് പുറത്താക്കിയതിനോടു നിങ്ങൾക്കു യോജിക്കാനാകുന്നില്ല. ഇനി, തെറ്റു ചെയ്‌ത ഒരാളോടു മൂപ്പന്മാർ അനാവശ്യമായി കരുണ കാണിച്ചെന്നു നിങ്ങൾക്കു തോന്നുന്നെങ്കിലോ? ഇത്തരം സാഹചര്യങ്ങൾ യഹോവയിലും സംഘടനയിലും ഉള്ള നമ്മുടെ വിശ്വാസത്തിന് ഒരു പരിശോധനയായേക്കാം. അപ്പോൾ താഴ്‌മ എങ്ങനെയാണു നമുക്ക് ഒരു സംരക്ഷണമാകുക? രണ്ടു വിധങ്ങളിൽ.
11 ഒന്നാമതായി, പ്രശ്‌നത്തിന്റെ എല്ലാ വിശദാംശങ്ങളും നമുക്ക് അറിയില്ലെന്ന് അംഗീകരിക്കാൻ താഴ്‌മ സഹായിക്കും. ഇനി പ്രശ്‌നത്തെക്കുറിച്ച് നമുക്കു നന്നായി അറിയാമെങ്കിലും, അതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഹൃദയം വായിക്കാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ. (1 ശമു. 16:7) അനിഷേധ്യമായ ഈ യാഥാർഥ്യം തിരിച്ചറിയുന്നത്, നമ്മുടെ പരിമിതികൾ മനസ്സിലാക്കാനും താഴ്‌മയുള്ളവരായിരിക്കാനും പ്രശ്‌നത്തെ വേറൊരു വീക്ഷണകോണിലൂടെ കാണാനും നമ്മളെ സഹായിക്കും. രണ്ടാമതായി, ആ പ്രശ്‌നം യഹോവ കൈകാര്യം ചെയ്യുന്നതുവരെ യഹോവയ്‌ക്കു കീഴ്‌പെട്ടിരിക്കാനും ക്ഷമയോടെ കാത്തിരിക്കാനും താഴ്‌മ നമ്മളെ സഹായിക്കും. ബൈബിളിലെ ജ്ഞാനമൊഴി ഇതാണ്: ‘സത്യദൈവത്തെ ഭയപ്പെടുന്നവർക്ക് ഒടുവിൽ നല്ലതു വരും. പക്ഷേ, ദുഷ്ടനു നല്ലതു വരില്ല. അവന്റെ നാളുകൾ അവനു നീട്ടിക്കൊണ്ടുപോകാനുമാകില്ല.’ (സഭാ. 8:12, 13) താഴ്‌മ കാണിക്കുന്നതു നമുക്കും ഉൾപ്പെട്ടിരിക്കുന്ന എല്ലാ വ്യക്തികൾക്കും ആത്മീയമായി പ്രയോജനം ചെയ്യും.—1 പത്രോസ് 5:5 വായിക്കുക.
അന്യായം കാണിച്ച ഒരാൾ
12. നമ്മൾ ഏതു ബൈബിൾവിവരണമാണു പഠിക്കാൻപോകുന്നത്, എന്തിനുവേണ്ടി?
12 സിറിയയിലെ അന്ത്യോക്യയിലുണ്ടായിരുന്ന ക്രിസ്‌ത്യാനികളുടെ താഴ്‌മ മാത്രമല്ല, ക്ഷമിക്കാനുള്ള മനസ്സൊരുക്കത്തെയും പരിശോധിച്ച ഒരു സാഹചര്യം ഉണ്ടായി. ആ വിവരണം നമുക്കൊന്നു നോക്കാം. ക്ഷമിക്കാനുള്ള നമ്മുടെ മനസ്സൊരുക്കത്തെ അളക്കാനും നീതി സംബന്ധിച്ച യഹോവയുടെ വീക്ഷണം ക്ഷമയുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു നന്നായി മനസ്സിലാക്കാനും ആ വിവരണം നമ്മളെ സഹായിക്കും.
13, 14. പത്രോസ് അപ്പോസ്‌തലനു സംഘടനയിൽ എന്തൊക്കെ പദവികളുണ്ടായിരുന്നു, ധൈര്യമുണ്ടെന്ന് അദ്ദേഹം കാണിച്ചത് എങ്ങനെ?
13 ക്രിസ്‌തീയസഭയിലെ അറിയപ്പെട്ടിരുന്ന ഒരു മൂപ്പനായിരുന്നു പത്രോസ് അപ്പോസ്‌തലൻ. യേശുവിന്റെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹത്തിന്, സംഘടനയിൽ പ്രധാനപ്പെട്ട പല ഉത്തരവാദിത്വങ്ങളുമുണ്ടായിരുന്നു. (മത്താ. 16:19) ഉദാഹരണത്തിന്, എ.ഡി. 36-ൽ കൊർന്നേല്യൊസിനോടും വീട്ടുകാരോടും സന്തോഷവാർത്ത അറിയിക്കാനുള്ള അവസരം പത്രോസിനു ലഭിച്ചു. ഈ സംഭവം ക്രിസ്‌തീയസഭയുടെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കാരണം കൊർന്നേല്യൊസ് ജൂതനല്ലായിരുന്നു; ജനതകളിൽപ്പെട്ട പരിച്ഛേദനയേറ്റിട്ടില്ലാത്ത ഒരാളായിരുന്നു. കൊർന്നേല്യൊസിനും വീട്ടുകാർക്കും പരിശുദ്ധാത്മാവ് ലഭിച്ചപ്പോൾ പത്രോസ് ഇങ്ങനെ ചോദിച്ചു: “നമ്മളെപ്പോലെതന്നെ പരിശുദ്ധാത്മാവ് ലഭിച്ച ഇവർ ജലസ്‌നാനമേൽക്കുന്നതു തടയാൻ ആർക്കു കഴിയും?”—പ്രവൃ. 10:47.
14 ജനതകളിൽനിന്ന് ക്രിസ്‌ത്യാനികളായവർ പരിച്ഛേദന ചെയ്യണോ എന്നു തീരുമാനിക്കാൻ എ.ഡി. 49-ൽ അപ്പോസ്‌തലന്മാരും യരുശലേമിലെ മൂപ്പന്മാരും കൂടിവന്നു. ജനതകളിൽനിന്നുള്ള, പരിച്ഛേദനയേറ്റിട്ടില്ലാത്തവർക്കും വർഷങ്ങൾക്കു മുമ്പ് പരിശുദ്ധാത്മാവ് ലഭിച്ചെന്ന കാര്യം ഓർമിപ്പിച്ചുകൊണ്ട് ആ യോഗത്തിൽ പത്രോസ് ധൈര്യത്തോടെ സംസാരിച്ചു. പത്രോസിന്റെ ദൃക്‌സാക്ഷിവിവരണം ഒരു തീരുമാനമെടുക്കാൻ അക്കാലത്തെ ഭരണസംഘത്തെ സഹായിച്ചു. (പ്രവൃ. 15:6-11, 13, 14, 28, 29) യാതൊരു ഭയവും കൂടാതെ പത്രോസ് കാര്യങ്ങൾ അവതരിപ്പിച്ചതിൽ ജൂതക്രിസ്‌ത്യാനികൾക്കും മറ്റു ജനതകളിൽനിന്നുള്ള ക്രിസ്‌ത്യാനികൾക്കും മതിപ്പു തോന്നിയിട്ടുണ്ടാകാം. ആത്മീയപക്വതയുള്ള ഇത്തരമൊരു വ്യക്തി എപ്പോഴും ശരിയായ കാര്യങ്ങൾക്കുവേണ്ടി നിലകൊള്ളുമെന്ന് അവർ ചിന്തിച്ചിരിക്കാം.—എബ്രാ. 13:7.
15. സിറിയയിലെ അന്ത്യോക്യയിലായിരുന്നപ്പോൾ പത്രോസ് എന്തു തെറ്റാണു ചെയ്‌തത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
15 എ.ഡി. 49-ലെ ആ യോഗത്തിനു ശേഷം അധികം വൈകാതെ പത്രോസ് സിറിയയിലെ അന്ത്യോക്യയിലേക്കു പോയി. അവിടെ അദ്ദേഹം മറ്റു ജനതകളിൽനിന്നുള്ള സഹോദരങ്ങളോട് ഒരു മടിയുംകൂടാതെ ഇടപെട്ടു. പത്രോസിന്റെ അറിവും അനുഭവസമ്പത്തും അവർക്കു പ്രയോജനം ചെയ്‌തെന്നതിൽ ഒരു സംശയവുമില്ല. എന്നാൽ പെട്ടെന്നൊരു ദിവസം പത്രോസ് അവരോടൊത്ത് ഭക്ഷണം കഴിക്കുന്നതു നിറുത്തി! അതു കണ്ടപ്പോൾ അവർക്ക് അതിശയവും നിരാശയും ഒക്കെ തോന്നിയിട്ടുണ്ടാകും! പത്രോസ് ഇങ്ങനെ ചെയ്യുന്നതു കണ്ട് ജൂതന്മാരായ മറ്റു സഹോദരങ്ങളും, എന്തിനു ബർന്നബാസുപോലും, അതേ തെറ്റ് ആവർത്തിച്ചു. പക്വതയുള്ള ഒരു ക്രിസ്‌തീയമൂപ്പൻ, സഭയിൽ വിഭാഗീയത സൃഷ്ടിക്കാൻ സാധ്യതയുണ്ടായിരുന്ന ഇത്തരമൊരു തെറ്റു ചെയ്‌തത് എന്തുകൊണ്ടായിരിക്കാം? ഒരു മൂപ്പന്റെ വാക്കുകളോ പ്രവൃത്തികളോ നമ്മളെ വേദനിപ്പിക്കുന്നെങ്കിൽ പത്രോസ് ഉൾപ്പെട്ട ആ സംഭവത്തിൽനിന്ന് ഏതു കാര്യം പഠിക്കാം?
16. പത്രോസിന് എങ്ങനെയാണു തിരുത്തൽ ലഭിച്ചത്, ഏതു ചോദ്യങ്ങൾക്കു നമ്മൾ ഉത്തരം കണ്ടെത്തും?
16 ഗലാത്യർ 2:11-14 വായിക്കുക. മനുഷ്യരെ പേടിച്ചതുകൊണ്ടാണു പത്രോസ് അങ്ങനെയൊക്കെ ചെയ്‌തത്. (സുഭാ. 29:25) മറ്റു ജനതകളിൽനിന്നുള്ളവരെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നതെന്നു പത്രോസിനു വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും യരുശലേമിലെ സഭയിലുള്ള പരിച്ഛേദനയേറ്റ ജൂതസഹോദരന്മാർ എന്തു ചിന്തിക്കുമെന്നു പത്രോസ് ഭയപ്പെട്ടു. എ.ഡി. 49-ൽ യരുശലേമിൽ നടന്ന യോഗത്തിൽ പങ്കെടുത്തിരുന്ന പൗലോസ് അപ്പോസ്‌തലൻ അന്ന് അന്ത്യോക്യയിലുണ്ടായിരുന്നു. അദ്ദേഹം പത്രോസിന്റെ കാപട്യം തുറന്നുകാട്ടി. (പ്രവൃ. 15:12; ഗലാ. 2:13) എന്നാൽ ജനതകളിൽനിന്നുള്ള ക്രിസ്‌ത്യാനികൾ പത്രോസ് അവരോടു കാണിച്ച അനീതിയോട് എങ്ങനെ പ്രതികരിക്കുമായിരുന്നു? അവർ വിശ്വാസത്തിൽനിന്ന് ഇടറിവീഴുമായിരുന്നോ? ആ തെറ്റിന്റെ പേരിൽ പത്രോസിനു സേവനപദവികൾ നഷ്ടമായോ?
ക്ഷമിക്കുന്നവരായിരിക്കുക
17. യഹോവയുടെ ക്ഷമയിൽനിന്ന് പത്രോസ് പ്രയോജനം നേടിയത് എങ്ങനെ?
17 പത്രോസ് താഴ്‌മയോടെ പൗലോസിന്റെ തിരുത്തൽ സ്വീകരിച്ചു. പത്രോസിനു സേവനപദവികൾ നഷ്ടമായതായി തിരുവെഴുത്തുകളിൽ സൂചനയൊന്നുമില്ല. മാത്രമല്ല, ബൈബിളിന്റെ ഭാഗമായ രണ്ടു കത്തുകൾ എഴുതാൻ പിന്നീടു പത്രോസിനെ ദൈവം പ്രചോദിപ്പിച്ചു. രണ്ടാമത്തെ കത്തിൽ പത്രോസ് പൗലോസിനെ ‘നമ്മുടെ പ്രിയപ്പെട്ട സഹോദരൻ’ എന്നു വിളിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. (2 പത്രോ. 3:15) പത്രോസ് ചെയ്‌ത തെറ്റു ജനതകളിൽനിന്നുള്ള സഹോദരങ്ങളെ വേദനിപ്പിച്ചെങ്കിലും സഭയുടെ തലയായ യേശു അദ്ദേഹത്തെ തുടർന്നും ഉപയോഗിച്ചു. (എഫെ. 1:22) പത്രോസിനോടു ക്ഷമിക്കാനും അങ്ങനെ യേശുവിനെയും യേശുവിന്റെ പിതാവിനെയും അനുകരിക്കാനും ഉള്ള ഒരു അവസരമായിട്ടാണു സഭയിലെ സഹോദരങ്ങൾ അതു കാണേണ്ടിയിരുന്നത്. ഒരു അപൂർണമനുഷ്യന്റെ തെറ്റ് അവരിൽ ആരെയും വിശ്വാസത്തിൽനിന്ന് വീഴിച്ചില്ല എന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം.
18. നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം പകർത്തേണ്ട ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്?
18 ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ ഇന്നുള്ള മൂപ്പന്മാരും പരിപൂർണരല്ല. “നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണല്ലോ.” (യാക്കോ. 3:2) എല്ലാവരും അംഗീകരിക്കുന്ന ഒരു സത്യമാണ് ഇത്. എന്നാൽ ഒരു സഹോദരന്റെ തെറ്റുകൾ നമ്മളെ വ്യക്തിപരമായി ബാധിക്കുമ്പോൾ നമ്മൾ എന്തായിരിക്കും ചെയ്യുക? നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണമാണു നമുക്കുള്ളതെന്ന് ആ സാഹചര്യത്തിൽ നമ്മൾ കാണിക്കുമോ? ഉദാഹരണത്തിന്, നിങ്ങളെക്കുറിച്ച് മുൻവിധിയോടെ ഒരു മൂപ്പൻ എന്തെങ്കിലും പറയുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങളെ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്ന വിധത്തിൽ ഒരു മൂപ്പൻ സംസാരിക്കുന്നെങ്കിൽ അതു നിങ്ങളെ വിശ്വാസത്തിൽനിന്ന് വീഴിക്കുമോ? ആ സഹോദരന് ഒരു മൂപ്പനായിരിക്കാനുള്ള യോഗ്യതയില്ലെന്നു നിങ്ങൾ പെട്ടെന്നു നിഗമനം ചെയ്യുമോ അതോ സഭയുടെ തലയായ യേശു കാര്യങ്ങളിൽ ഇടപെടുന്നതിനായി ക്ഷമയോടെ കാത്തിരിക്കുമോ? വർഷങ്ങളായി യഹോവയെ വിശ്വസ്‌തമായി സേവിക്കുന്ന ഒരാളാണ് ആ സഹോദരൻ എന്നതു കണക്കിലെടുത്തുകൊണ്ട് കാര്യങ്ങളെ കുറച്ചുകൂടി വിശാലമനസ്സോടെ കാണാൻ കഴിയുമോ? നിങ്ങളോടു തെറ്റു ചെയ്‌ത സഹോദരൻ ഒരു മൂപ്പനായി തുടരുകയോ അദ്ദേഹത്തിനു കൂടുതൽ പദവികൾ ലഭിക്കുകയോ ചെയ്യുമ്പോൾ അദ്ദേഹത്തോടൊപ്പം നിങ്ങൾ സന്തോഷിക്കുമോ? ക്ഷമിക്കാൻ നിങ്ങൾ ഒരുക്കമാണെങ്കിൽ നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം നിങ്ങൾക്കുണ്ടെന്നു തെളിയിക്കുകയായിരിക്കും.—മത്തായി 6:14, 15 വായിക്കുക.
19. എന്തു ചെയ്യാനാണു നിങ്ങളുടെ തീരുമാനം?
19 സാത്താനും അവന്റെ ദുഷ്ടവ്യവസ്ഥിതിയും കാരണം മനുഷ്യർ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനീതിയും യഹോവ നീക്കിക്കളയും. ആ നല്ല നാളിനായി നീതിസ്‌നേഹികളായ ആളുകൾ കാത്തിരിക്കുകയാണ്. (യശ. 65:17) അതു വന്നെത്തുന്നതുവരെ, താഴ്‌മയോടെ നമ്മുടെ പരിമിതികൾ അംഗീകരിച്ചുകൊണ്ടും നമ്മളോടു തെറ്റു ചെയ്യുന്നവരോട് ഉദാരമായി ക്ഷമിച്ചുകൊണ്ടും നീതിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണംതന്നെയാണു നമുക്കുമുള്ളതെന്നു കാണിക്കാം.