1919—നൂറു വർഷം മുമ്പ്
നാലു വർഷം നീണ്ടുനിന്ന മഹായുദ്ധം (പിന്നീട് ഒന്നാം ലോകമഹായുദ്ധം എന്ന് അറിയപ്പെട്ടു.) 1919 ആയപ്പോഴേക്കും അവസാനിച്ചിരുന്നു. 1918-ന്റെ അവസാനത്തോടെ രാഷ്ട്രങ്ങൾ ആയുധങ്ങൾ താഴെ വെച്ചു. 1919 ജനുവരി 18-നു പാരീസ് സമാധാനസമ്മേളനം ആരംഭിച്ചു. ഈ സമ്മേളനത്തിന്റെ ഒരു നേട്ടം വേഴ്സായ് ഉടമ്പടിയായിരുന്നു. അതു ജർമനിയും സഖ്യകക്ഷികളും തമ്മിലുള്ള യുദ്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. 1919 ജൂൺ 28-നാണ് ആ ഉടമ്പടിയിൽ ഒപ്പു വെച്ചത്.
ആ ഉടമ്പടിയിലെ വ്യവസ്ഥകളനുസരിച്ച് ഒരു പുതിയ സംഘടന രൂപീകരിച്ചു, സർവരാജ്യ സഖ്യം. “സാർവദേശീയ സഹകരണം ഉറപ്പാക്കാനും സാർവദേശീയ സമാധാനവും സുരക്ഷിതത്വവും കൈവരിക്കാനും” ആയിരുന്നു അതു ലക്ഷ്യം വെച്ചത്. ക്രൈസ്തവലോകത്തിലെ പല മതങ്ങളും ആ സംഘടനയെ പിന്താങ്ങി. അമേരിക്കയിലെ ക്രൈസ്തവസഭകളുടെ കൗൺസിൽ “ദൈവരാജ്യത്തെ പ്രതിനിധീകരിക്കുന്ന ഭൂമിയിലെ രാഷ്ട്രീയസംഘടന” എന്നു വിളിച്ചുകൊണ്ട് ആ സംഘടനയെ പുകഴ്ത്തി. കൂടാതെ, പാരീസ് സമാധാനസമ്മേളനത്തിനു പ്രതിനിധികളെ അയച്ചുകൊണ്ട് ഈ കൗൺസിൽ സർവരാജ്യസഖ്യത്തോടുള്ള പിന്തുണ തെളിയിച്ചു. ഈ സമ്മേളനം “ലോകചരിത്രത്തിൽ ഒരു പുതിയ യുഗത്തിനു തുടക്കം കുറിച്ചു” എന്ന് ആ പ്രതിനിധികളിൽ ഒരാൾ പറഞ്ഞു.
1919-ൽ ഒരു പുതിയ യുഗം പിറക്കുകയായിരുന്നു. എന്നാൽ അത് ആ സമാധാനസമ്മേളനത്തിൽ പങ്കുപറ്റിയ ആളുകളുടെ ശ്രമഫലമായിട്ട് അല്ലായിരുന്നു. പകരം, അതു പ്രസംഗപ്രവർത്തനത്തിന്റെ ചരിത്രത്തിലെ ഒരു പുതുയുഗത്തിന്റെ പിറവിയായിരുന്നു. മുമ്പൊരിക്കലും നടന്നിട്ടില്ലാത്തതുപോലെയുള്ള പ്രസംഗപ്രവർത്തനത്തിന് യഹോവ തന്റെ ജനത്തെ ശക്തിപ്പെടുത്തി. എന്നാൽ അതിന് ആദ്യം, ബൈബിൾവിദ്യാർഥികളുടെ അപ്പോഴത്തെ സാഹചര്യത്തിന് ഒരു മാറ്റം ആവശ്യമായിരുന്നു.
ബുദ്ധിമുട്ടുള്ള ഒരു തീരുമാനം
വാച്ച്ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റിയുടെ ഡയറക്ടർമാരുടെ വാർഷിക തെരഞ്ഞെടുപ്പ് 1919 ജനുവരി 4, ശനിയാഴ്ച നടത്താനാണു തീരുമാനിച്ചിരുന്നത്. ആ സമയത്ത് യഹോവയുടെ ജനത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ജോസഫ് എഫ്. റഥർഫോർഡ് സഹോദരൻ ഐക്യനാടുകളിലെ ജോർജിയയിലുള്ള അറ്റ്ലാന്റായിൽ വേറെ ഏഴു പേരുടെകൂടെ അന്യായമായി തടവിലായിരുന്നു. സംശയം ഇതായിരുന്നു: ജയിലിൽ കിടക്കുന്ന സഹോദരങ്ങളെ വീണ്ടും തെരഞ്ഞെടുക്കണോ? അതോ അവർക്കു പകരം വേറെ ആളുകളെ എടുക്കണോ?
ജയിലിൽ കഴിഞ്ഞിരുന്ന റഥർഫോർഡ് സഹോദരൻ സംഘടനയുടെ ഭാവി ഓർത്ത് ആകുലപ്പെട്ടു. മറ്റൊരാളെ പ്രസിഡന്റാക്കുന്നതു നല്ലതായിരിക്കും എന്നു ചില സഹോദരങ്ങൾക്ക് അഭിപ്രായമുണ്ടെന്നു റഥർഫോർഡ് സഹോദരൻ അറിഞ്ഞു. ഈ അഭിപ്രായം മാനിച്ച് അദ്ദേഹം മീറ്റിങ്ങിനു വന്നവർക്ക് ഇവാൻഡർ ജെ. കോവാർഡ് സഹോദരനെ പ്രസിഡന്റ് സ്ഥാനത്തേക്കു ശുപാർശ ചെയ്ത് കത്ത് അയച്ചു. ആ കത്തിൽ കോവാർഡ് സഹോദരനെ “ശാന്തൻ,” “വിവേചനയുള്ളവൻ,” “കർത്താവിനോടു വിശ്വസ്തൻ” എന്നൊക്കെയാണു റഥർഫോർഡ് സഹോദരൻ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ധാരാളം സഹോദരങ്ങൾക്കു വേറൊരു അഭിപ്രായമാണ് ഉണ്ടായിരുന്നത്. അതായത്, തെരഞ്ഞെടുപ്പ് ആറു മാസത്തേക്കു മാറ്റിവെക്കുക. തടവിലുണ്ടായിരുന്ന സഹോദരങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന അഭിഭാഷകരും ഇതിനോടു യോജിച്ചു. ചർച്ചകൾ പുരോഗമിക്കുംതോറും സഹോദരങ്ങളുടെ പിരിമുറുക്കവും വർധിച്ചുവന്നു.
റഥർഫോർഡ് സഹോദരന്റെകൂടെ ജയിലിലുണ്ടായിരുന്ന എ. എച്ച്. മാക്മില്ലൻ സഹോദരൻ പിറ്റേ ദിവസം നടന്ന സംഭവം ഓർക്കുന്നു. റഥർഫോർഡ് സഹോദരൻ മാക്മില്ലൻ സഹോദരന്റെ മുറിയുടെ ഭിത്തിയിൽ തട്ടിവിളിച്ച് ഇങ്ങനെ പറഞ്ഞു: “കൈ പുറത്തേക്കു നീട്ട്.” റഥർഫോർഡ് സഹോദരൻ അദ്ദേഹത്തിന്റെ കൈയിലേക്ക് ഒരു കത്തു വെച്ചുകൊടുത്തു. തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് സഹോദരന്മാർ റഥർഫോർഡ് സഹോദരന് അയച്ചുകൊടുത്തതായിരുന്നു അത്. ആ ചെറിയ സന്ദേശം മാക്മില്ലൻ സഹോദരൻ വായിച്ചു, പെട്ടെന്നുതന്നെ അതിന്റെ അർഥം മനസ്സിലാക്കുകയും ചെയ്തു. സന്ദേശം ഇങ്ങനെയായിരുന്നു: “റഥർഫോർഡ് വൈസ് വാൻ ബാർബർ ആൻഡേഴ്സൺ ബുള്ളി സ്പിൽ ഡയറക്ടർ ആദ്യത്തെ മൂന്ന് ഓഫീസർമാർ എല്ലാവർക്കും സ്നേഹം.” എല്ലാ ഡയറക്ടർമാരെയും വീണ്ടും തെരഞ്ഞെടുത്തെന്നും റഥർഫോർഡ് സഹോദരനെയും വില്യം വാൻ ആംബർഗ് സഹോദരനെയും ഓഫീസർമാരായി തെരഞ്ഞെടുത്തെന്നും ആയിരുന്നു ആ വാക്കുകളുടെ അർഥം. അങ്ങനെ റഥർഫോർഡ് സഹോദരൻ വീണ്ടും പ്രസിഡന്റായി.
മോചനം!
എട്ടു സഹോദരങ്ങൾ തടവിലായിരുന്ന സമയത്ത് വിശ്വസ്തരായ ബൈബിൾവിദ്യാർഥികൾ അവരുടെ മോചനത്തിനുവേണ്ടി ഒരു നിവേദനം തയ്യാറാക്കി അതിൽ ഒപ്പു ശേഖരിക്കാൻ തുടങ്ങി. ധീരരായ ആ സഹോദരീസഹോദരന്മാർ 7,00,000-ത്തിലധികം ഒപ്പുകളാണു ശേഖരിച്ചത്. നിവേദനം സമർപ്പിക്കുന്നതിനു മുമ്പ് 1919 മാർച്ച് 26, ബുധനാഴ്ച റഥർഫോർഡ് സഹോദരനെയും ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്ന മറ്റു സഹോദരങ്ങളെയും ജയിലിൽനിന്ന് വിട്ടു.
തന്നെ തിരികെ സ്വാഗതം ചെയ്ത സഹോദരങ്ങളോടു നടത്തിയ പ്രസംഗത്തിൽ റഥർഫോർഡ് സഹോദരൻ പറഞ്ഞു: “നമ്മൾ എല്ലാവരും കടന്നുപോയ ഈ അനുഭവം കൂടുതൽ ദുഷ്കരമായ സമയത്തിനുവേണ്ടി നമ്മളെ ഒരുക്കുന്നതിനാണെന്ന് എനിക്ക് ഉറപ്പാണ്. . . . നിങ്ങളുടെ സഹോദരങ്ങളെ ജയിലിൽനിന്ന് മോചിപ്പിക്കാനല്ലായിരുന്നു നിങ്ങളുടെ പോരാട്ടം. അതല്ലായിരുന്നു നിങ്ങളുടെ ശ്രമങ്ങളുടെ പ്രധാന ഉദ്ദേശ്യം. സത്യത്തിനുവേണ്ടി സാക്ഷി നിൽക്കുക എന്നതായിരുന്നു നിങ്ങളുടെ പോരാട്ടത്തിന്റെ ലക്ഷ്യം. അതു ചെയ്തവർക്ക് അത്ഭുതകരമായ അനുഗ്രഹം ലഭിക്കുകയും ചെയ്തു.”
ഒരുപക്ഷേ യഹോവ കാര്യങ്ങളെ വഴി നയിച്ചെന്നു സഹോദരങ്ങളുടെ വിചാരണയുമായി ബന്ധപ്പെട്ട സംഭവങ്ങൾ കാണിച്ചുതരുന്നു. 1919 മെയ് 14-ന് അപ്പീൽക്കോടതി ഇങ്ങനെ വിധിച്ചു: “ഈ കേസിന്റെ പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് . . . അവർ അർഹിക്കുന്ന നിഷ്പക്ഷമായ ഒരു വിചാരണ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യത്തെ വിധി അസാധുവാക്കിയിരിക്കുന്നു.” വളരെ ഗുണം ചെയ്യുന്ന ഒരു വിധിയായിരുന്നു അത്. എന്തുകൊണ്ട്? കാരണം ഗൗരവമുള്ള കുറ്റങ്ങളുടെ പേരിലായിരുന്നു സഹോദരങ്ങളെ ശിക്ഷിച്ചിരുന്നത്. ആ കുറ്റങ്ങൾ ക്ഷമിച്ചുകൊടുക്കുകയോ ശിക്ഷയിൽ ഇളവ് വരുത്തുകയോ മാത്രം ചെയ്തിരുന്നെങ്കിൽ അവരുടെ രേഖകളിൽ എന്നും ആ കുറ്റങ്ങൾ കാണുമായിരുന്നു. അവരുടെ പേരിൽ മറ്റു കുറ്റങ്ങളൊന്നും ചുമത്തിയുമില്ല. അതിന്റെ ഫലമായി, റഥർഫോർഡ് സഹോദരന് a ഐക്യനാടുകളിലെ സുപ്രീം കോടതിയിൽ യഹോവയുടെ ജനത്തിനുവേണ്ടി വാദിക്കാനുള്ള നിയമപരമായ യോഗ്യതകൾ നിലനിറുത്താൻ കഴിഞ്ഞു. മോചനത്തിനു ശേഷം പലവട്ടം സഹോദരൻ ദൈവജനത്തിനുവേണ്ടി വാദിക്കുകയും ചെയ്തു.
പ്രസംഗപ്രവർത്തനത്തിനായി തീരുമാനിച്ചുറച്ച്
മാക്മില്ലൻ സഹോദരൻ ഓർമിക്കുന്നു: “ഞങ്ങൾ അലസരായി സമയം കളയുകയോ കർത്താവ് ഉടനെ ഞങ്ങളെ സ്വർഗത്തിലേക്ക് എടുക്കുമെന്നു പറഞ്ഞ് വെറുതേയിരിക്കുകയോ ചെയ്തില്ല. കർത്താവിന്റെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കുന്നതിന് എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.”
എന്നാൽ ലോകാസ്ഥാനത്തെ സഹോദരങ്ങൾക്കു വർഷങ്ങളായി അവർ ചെയ്തുകൊണ്ടിരുന്ന ജോലി വീണ്ടും തുടങ്ങാൻ എളുപ്പമായിരുന്നില്ല. എന്തായിരുന്നു കാരണം? പ്രസിദ്ധീകരണങ്ങൾ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന പ്ലെയ്റ്റുകളെല്ലാം അവർ ജയിലിലായിരുന്ന സമയത്ത് നശിപ്പിച്ചിരുന്നു. ഇത് അവരുടെ മനസ്സിടിച്ചു. പ്രസംഗപ്രവർത്തനം അവസാനിച്ചോ എന്നുപോലും ചില സഹോദരങ്ങൾ ചിന്തിച്ചുപോയി.
ബൈബിൾവിദ്യാർഥികൾ പ്രസംഗിക്കുന്ന രാജ്യസന്ദേശത്തിൽ താത്പര്യമുള്ള ആരെങ്കിലും ഇനിയുമുണ്ടോ? ആ ചോദ്യത്തിന് ഉത്തരം കിട്ടാൻ റഥർഫോർഡ് സഹോദരൻ ഒരു പ്രസംഗം നടത്താൻ തീരുമാനിച്ചു. പൊതുജനങ്ങളെ അതിനു ക്ഷണിക്കാനായിരുന്നു തീരുമാനം. മാക്മില്ലൻ സഹോദരൻ പറഞ്ഞു: “മീറ്റിങ്ങിന് ആരും വന്നില്ലെങ്കിൽ അതിന്റെ അർഥം പ്രസംഗപ്രവർത്തനം ഇനി ചെയ്യേണ്ടാ എന്നാണ്.”
1919 മെയ് 4 ഞായറാഴ്ചയായിരുന്നു പ്രസംഗം നിശ്ചയിച്ചത്. കടുത്ത രോഗമായിരുന്നിട്ടും കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽവെച്ച് റഥർഫോർഡ് സഹോദരൻ “ക്ലേശമനുഭവിക്കുന്ന മനുഷ്യവർഗത്തിനു പ്രത്യാശ” എന്ന പ്രസംഗം നടത്തി. ഏതാണ്ട് 3,500 പേർ പ്രസംഗത്തിനു ഹാജരായി. സ്ഥലമില്ലാതിരുന്നതു കാരണം നൂറുകണക്കിന് ആളുകൾക്കു തിരിച്ചുപോകേണ്ടിവന്നു. പിറ്റേ ദിവസം, 1,500 പേർ പങ്കെടുത്തു. സഹോദരന്മാർക്ക് അവരുടെ സംശയത്തിന് ഉത്തരം കിട്ടി—ആളുകൾക്കു രാജ്യസന്ദേശത്തിൽ താത്പര്യമുണ്ട്!
സഹോദരങ്ങൾ പിന്നീടു ചെയ്ത കാര്യങ്ങൾ യഹോവയുടെ സാക്ഷികളുടെ ഇന്നോളമുള്ള പ്രസംഗപ്രവർത്തനത്തിന് വഴി തെളിച്ചു.
സജ്ജരായി മുന്നോട്ട്
1919 സെപ്റ്റംബറിന്റെ തുടക്കത്തിൽ ഒഹായോയിലെ സീഡാർ പോയിന്റിൽവെച്ച് ഒരു കൺവെൻഷൻ നടക്കുമെന്ന് ആ വർഷത്തെ ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) അറിയിച്ചു. മിസൂറിയിൽനിന്നുള്ള കാറൻസ് ബി. ബീറ്റി എന്ന ചെറുപ്പക്കാരനായ ബൈബിൾവിദ്യാർഥി ഓർക്കുന്നു: “ആ കൺവെൻഷൻ കൂടാൻ എല്ലാവർക്കും
ആകാംക്ഷയായി.” 6,000-ത്തിലധികം സഹോദരീസഹോദരന്മാരാണ് ആ കൺവെൻഷനു വന്നത്. അത്രയും പേർ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അടുത്തുള്ള എറീ തടാകത്തിൽ 200-ലധികം പേർ സ്നാനപ്പെട്ടതു സഹോദരങ്ങളുടെ ആവേശം വർധിപ്പിച്ചു.കൺവെൻഷന്റെ അഞ്ചാം ദിവസം, അതായത് 1919 സെപ്റ്റംബർ 5-ന്, “സഹജോലിക്കാരെ അഭിസംബോധന ചെയ്യുന്നു” എന്ന പ്രസംഗത്തിൽ റഥർഫോർഡ് സഹോദരൻ സുവർണയുഗം b എന്ന പുതിയ മാസിക പ്രസിദ്ധീകരിക്കാൻപോകുന്ന വിവരം അറിയിച്ചു. ഈ മാസികയിൽ, “പ്രധാനപ്പെട്ട ചില ആനുകാലികസംഭവങ്ങളും ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നതിനു തിരുവെഴുത്തുകൾ പറയുന്ന കാരണവും വിശദീകരിക്കുമായിരുന്നു.”
ഈ പുതിയ പ്രസിദ്ധീകരണവുമായി ധൈര്യത്തോടെ പ്രസംഗപ്രവർത്തനം നടത്താൻ എല്ലാ ബൈബിൾവിദ്യാർഥികളെയും പ്രോത്സാഹിപ്പിച്ചു. എങ്ങനെയാണു പ്രവർത്തനം നടത്തേണ്ടതെന്നു വിശദീകരിക്കുന്ന ഒരു കത്തിൽ ഇങ്ങനെ പറഞ്ഞു: “സമർപ്പിതനായ (സ്നാനമേറ്റ) ഓരോ അംഗവും ശുശ്രൂഷ ഒരു വലിയ പദവിയാണെന്ന് ഓർക്കണം. ലോകത്തിനു മഹത്തായ സാക്ഷ്യം നൽകാനുള്ള ഈ അവസരം എല്ലാവരും എത്തിപ്പിടിക്കുകയും അതിൽ പങ്കെടുക്കുകയും വേണം.” അതിനു ലഭിച്ച പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു! ഡിസംബറായപ്പോഴേക്കും, പുതിയ മാസികയുടെ 50,000-ത്തിലധികം വരിസംഖ്യകളാണു തീക്ഷ്ണതയുള്ള രാജ്യപ്രചാരകർ ശേഖരിച്ചത്.
1919-ന്റെ അവസാനത്തോടെ യഹോവയുടെ ജനം വീണ്ടും സംഘടിതരായി. അവർ പുത്തൻ ഊർജത്തോടെ പ്രവർത്തിക്കാൻ തുടങ്ങി. കൂടാതെ, അവസാനകാലത്തെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട പ്രവചനങ്ങൾ നിറവേറിക്കഴിഞ്ഞിരുന്നു. മലാഖി 3:1-4-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്ന ദൈവജനത്തിന്റെ പരിശോധനയും അവരുടെ ശുദ്ധീകരണവും പൂർത്തിയായി. ‘ബാബിലോൺ എന്ന മഹതിയുടെ’ ആലങ്കാരികമായ അടിമത്തത്തിൽനിന്ന് യഹോവയുടെ ജനം മോചിതരായി. അതുപോലെ, യേശു ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ നിയമിച്ചു. c (വെളി. 18:2, 4; മത്താ. 24:45) യഹോവ ബൈബിൾവിദ്യാർഥികൾക്കായി കരുതിവെച്ചിരുന്ന പ്രവർത്തനത്തിന് അവർ ഇപ്പോൾ സജ്ജരായി.
a റഥർഫോർഡ് സഹോദരൻ ഒരു അഭിഭാഷകനും ജഡ്ജിയും ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ “ജഡ്ജ് റഥർഫോർഡ്” എന്നു വിളിച്ചിരുന്നു.
b 1937-ൽ സുവർണയുഗം മാസികയുടെ പേര് ആശ്വാസം എന്നു മാറ്റി. 1946 മുതൽ ഉണരുക! എന്ന പേരിലാണു പ്രസിദ്ധീകരിക്കുന്നത്.
c 2013 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 10-12, 21-23 പേജുകളും 2016 മാർച്ച് ലക്കം വീക്ഷാഗോപുരത്തിന്റെ 29-31 പേജുകളും കാണുക.