പഠനലേഖനം 2
യേശുവിന്റെ അനിയനിൽനിന്ന് പഠിക്കുക
“ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും അടിമയായ യാക്കോബ്.”—യാക്കോ. 1:1.
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
ചുരുക്കം a
1. യാക്കോബിന്റെ കുടുംബത്തെക്കുറിച്ച് നമുക്ക് എന്തു പറയാം?
നല്ല ആത്മീയതയുള്ള ഒരു കുടുംബത്തിലാണു യേശുവിന്റെ സഹോദരനായ യാക്കോബ് വളർന്നുവന്നത്. b അദ്ദേഹത്തിന്റെ അമ്മയപ്പന്മാരായ യോസേഫും മറിയയും യഹോവയെ ഒരുപാടു സ്നേഹിക്കുകയും തങ്ങളുടെ കഴിവിന്റെ പരമാവധി യഹോവയെ സേവിക്കുകയും ചെയ്യുന്നവരായിരുന്നു. ഇനി അതു മാത്രമല്ല, സ്വന്തം ചേട്ടൻ ദൈവം വാഗ്ദാനം ചെയ്തിരുന്ന മിശിഹയായിത്തീരുകയും ചെയ്തു. അങ്ങനെയൊരു കുടുംബത്തിൽ വളരാനായതു യാക്കോബിനു കിട്ടിയ എത്ര വലിയ അനുഗ്രഹമായിരുന്നു!
2. തന്റെ ചേട്ടനോട് ആദരവ് തോന്നാൻ യാക്കോബിന് എന്തെല്ലാം കാരണങ്ങളുണ്ടായിരുന്നു?
2 തന്റെ ചേട്ടനോട് ആദരവ് തോന്നാൻ യാക്കോബിന് ഒരുപാടു കാരണങ്ങളുണ്ടായിരുന്നു. (മത്താ. 13:55) ഉദാഹരണത്തിന്, ചെറുപ്പത്തിൽത്തന്നെ യേശുവിനു തിരുവെഴുത്തുകൾ നന്നായി അറിയാമായിരുന്നു. വെറും 12 വയസ്സുള്ള യേശുവിന്റെ സംസാരം കേട്ട് യരുശലേമിലെ പണ്ഡിതന്മാരായ മൂപ്പന്മാർപോലും വിസ്മയിച്ചുപോയി. (ലൂക്കോ. 2:46, 47) മിക്കവാറും യാക്കോബും യേശുവും ഒരുമിച്ച് മരപ്പണികളൊക്കെ ചെയ്തിട്ടുണ്ടാകും. അങ്ങനെയാണെങ്കിൽ തന്റെ ചേട്ടനെ അടുത്ത് അറിയാൻ യാക്കോബിന് അവസരം കിട്ടിയിട്ടുണ്ട്. നേഥൻ എച്ച്. നോർ സഹോദരൻ പലപ്പോഴും പറയാറുണ്ടായിരുന്നതുപോലെ “ഒരാളോടൊപ്പം ജോലി ചെയ്യുമ്പോഴാണ് ആ വ്യക്തിയെ ശരിക്കും അറിയാനാകുന്നത്.” c യേശുവിനെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നത്, ‘യേശു വളർന്നുവലുതാകുകയും കൂടുതൽക്കൂടുതൽ ജ്ഞാനം നേടുകയും ചെയ്തു, ദൈവത്തിനും മനുഷ്യർക്കും യേശുവിനോടുള്ള പ്രീതിയും വർധിച്ചുവന്നു’ എന്നാണ്. (ലൂക്കോ. 2:52) അതൊക്കെ നേരിട്ട് കാണാനും യാക്കോബിനു കഴിഞ്ഞിട്ടുണ്ടാകും. ഇക്കാരണങ്ങൾകൊണ്ട് ആദ്യം യേശുവിന്റെ ശിഷ്യരായിത്തീർന്നവരുടെ കൂട്ടത്തിൽ യാക്കോബുമുണ്ടായിരുന്നെന്നു നമ്മൾ ചിന്തിച്ചേക്കാം. പക്ഷേ അങ്ങനെയല്ല സംഭവിച്ചത്.
3. യേശു തന്റെ ശുശ്രൂഷ തുടങ്ങിയ സമയത്ത് യാക്കോബ് എങ്ങനെയാണു പ്രതികരിച്ചത്?
3 യേശു ഭൂമിയിൽ ശുശ്രൂഷ ചെയ്ത കാലത്ത് യാക്കോബ് ഒരു ശിഷ്യനായിത്തീർന്നില്ല. (യോഹ. 7:3-5) വാസ്തവത്തിൽ, യേശുവിനു “ഭ്രാന്താണ്” എന്നു ചിന്തിച്ച ബന്ധുക്കളുടെ കൂട്ടത്തിൽ യാക്കോബുമുണ്ടായിരുന്നിരിക്കാം. (മർക്കോ. 3:21) ഇനി, യേശു ദണ്ഡനസ്തംഭത്തിൽ കിടന്ന് മരിക്കുന്ന സമയത്ത് അമ്മയായ മറിയയോടൊപ്പം യാക്കോബ് അവിടെയുണ്ടായിരുന്നതായി ഒരു സൂചനയുമില്ല.—യോഹ. 19:25-27.
4. ഏതെല്ലാം കാര്യങ്ങളാണു നമ്മൾ ഈ ലേഖനത്തിൽ പഠിക്കാൻപോകുന്നത്?
4 പിന്നീട് യാക്കോബ് യേശുവിൽ വിശ്വസിച്ചു. ക്രിസ്തീയസഭയിൽ എല്ലാവരും ആദരിക്കുന്ന ഒരു മൂപ്പനായിത്തീരുകയും ചെയ്തു. യാക്കോബിൽനിന്ന് പഠിക്കാനാകുന്ന രണ്ടു കാര്യങ്ങളാണു നമ്മൾ ഈ ലേഖനത്തിൽ കാണാൻപോകുന്നത്. (1) നമ്മൾ എപ്പോഴും താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? (2) നമുക്ക് എങ്ങനെ നല്ല അധ്യാപകരാകാം?
യാക്കോബിനെപ്പോലെ എപ്പോഴും താഴ്മയുള്ളവരായിരിക്കുക
5. പുനരുത്ഥാനപ്പെട്ട യേശു യാക്കോബിനു പ്രത്യക്ഷനായശേഷം അദ്ദേഹം എന്തു മാറ്റംവരുത്തി?
5 യാക്കോബ് എപ്പോഴാണു യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നത്? യേശു മരിച്ച് ഉയിർപ്പിക്കപ്പെട്ടതിനു ശേഷം “യാക്കോബിനും പിന്നെ എല്ലാ അപ്പോസ്തലന്മാർക്കും പ്രത്യക്ഷനായി.” (1 കൊരി. 15:7) ആ കൂടിക്കാഴ്ചയ്ക്കുശേഷം യാക്കോബ് യേശുവിന്റെ ശിഷ്യനായിത്തീർന്നു. അതു നമുക്ക് എങ്ങനെ അറിയാം? യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനുവേണ്ടി യരുശലേമിലെ ഒരു മേൽമുറിയിൽ കാത്തിരുന്ന അപ്പോസ്തലന്മാരുടെ കൂട്ടത്തിൽ യാക്കോബുമുണ്ടായിരുന്നു. (പ്രവൃ. 1:13, 14) പിന്നീട് യാക്കോബ് ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിലെ ഒരു അംഗമായി സേവിച്ചു. (പ്രവൃ. 15:6, 13-22; ഗലാ. 2:9) കൂടാതെ എ.ഡി. 62-നോടടുത്ത് അദ്ദേഹം ദൈവപ്രചോദിതനായി അഭിഷിക്തക്രിസ്ത്യാനികൾക്ക് ഒരു കത്ത് എഴുതി. നമ്മുടെ പ്രത്യാശ സ്വർഗത്തിൽ ജീവിക്കാനോ ഭൂമിയിൽ ജീവിക്കാനോ ആയാലും, ആ കത്ത് നമുക്കും പ്രയോജനം ചെയ്യുന്നതാണ്. (യാക്കോ. 1:1) ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായിരുന്ന ജോസീഫസ് പറയുന്നതനുസരിച്ച് ജൂതമഹാപുരോഹിതനായ അനന്യാസ് ദ യംഗറുടെ ഉത്തരവുപ്രകാരം യാക്കോബിനെ കൊന്നുകളയുകയായിരുന്നു. ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കുന്നതുവരെ യാക്കോബ് യഹോവയോടു വിശ്വസ്തനായി തുടർന്നു.
6. യാക്കോബ് ഏതു വിധത്തിലാണ് അക്കാലത്തെ മതനേതാക്കന്മാരിൽനിന്നും വ്യത്യസ്തനായിരുന്നത്?
6 യാക്കോബ് താഴ്മയുള്ള ആളായിരുന്നു. നമുക്ക് അത് എങ്ങനെ അറിയാം? പിന്നീട് യാക്കോബ് ചെയ്തതും അക്കാലത്തെ മതനേതാക്കന്മാർ ചെയ്തതും ആയ കാര്യങ്ങൾ തമ്മിൽ താരതമ്യം ചെയ്താൽ നമുക്ക് അതു മനസ്സിലാക്കാം. യേശു ദൈവപുത്രനാണെന്നതിന്റെ വ്യക്തമായ തെളിവുകൾ കിട്ടിയപ്പോൾ യാക്കോബ് താഴ്മയോടെ അത് അംഗീകരിച്ചു. എന്നാൽ യരുശലേമിലെ മുഖ്യപുരോഹിതന്മാർ അങ്ങനെ ചെയ്യാൻ തയ്യാറായില്ല. ഉദാഹരണത്തിന്, യേശു ലാസറിനെ ഉയിർപ്പിച്ചെന്ന കാര്യം അവർക്ക് ഒരുതരത്തിലും നിഷേധിക്കാനാകില്ലായിരുന്നു. പക്ഷേ അതു കണ്ടിട്ടും യേശു യഹോവയുടെ പ്രതിനിധിയാണെന്ന് അവർ അംഗീകരിച്ചില്ല. പകരം, യേശുവിനെയും ലാസറിനെയും കൊല്ലാനാണ് നോക്കിയത്. (യോഹ. 11:53; 12:9-11) പിന്നീട് യേശു പുനരുത്ഥാനപ്പെട്ടപ്പോഴും അക്കാര്യം ആളുകളിൽനിന്ന് മറച്ചുവെക്കാൻ അവർ ഗൂഢാലോചന നടത്തി. (മത്താ. 28:11-15) ആ മതനേതാക്കന്മാർ അഹങ്കാരികളായിരുന്നതുകൊണ്ട് അവർ മിശിഹയെ തള്ളിക്കളഞ്ഞു.
7. നമ്മൾ അഹങ്കാരികൾ ആയിരിക്കരുതാത്തത് എന്തുകൊണ്ട്?
7 നമുക്കുള്ള പാഠം: അഹങ്കാരം ഒഴിവാക്കുക, യഹോവയിൽനിന്ന് പഠിക്കാൻ മനസ്സുള്ളവരായിരിക്കുക. ഹൃദയത്തിലെ രക്തക്കുഴലുകളുടെ കട്ടി കൂടുമ്പോൾ ഹൃദയത്തിനു ശരിയായ വിധത്തിൽ പ്രവർത്തിക്കാൻ കഴിയാതെവരും. അതുപോലെ അഹങ്കാരം ഒരു വ്യക്തിയുടെ ആലങ്കാരികഹൃദയത്തെ കഠിനമാക്കുകയും അങ്ങനെ അയാൾക്കു ദൈവത്തിൽനിന്നുള്ള നിർദേശങ്ങളോടു നല്ല രീതിയിൽ പ്രതികരിക്കാൻ കഴിയാതെവരുകയും ചെയ്യും. യേശുവിന്റെ നാളിലെ പരീശന്മാർ അവരുടെ ഹൃദയം കഠിനമാക്കി. അതുകൊണ്ട് വ്യക്തമായ തെളിവുണ്ടായിരുന്നിട്ടും യേശു ദൈവത്തിന്റെ പുത്രനാണെന്നും യേശുവിൽ പ്രവർത്തിക്കുന്നതു ദൈവാത്മാവാണെന്നും വിശ്വസിക്കാൻ അവർ തയ്യാറായില്ല. (യോഹ. 12:37-40) തങ്ങളുടെ അഹങ്കാരംകൊണ്ട് ഭാവിയിൽ നിത്യജീവൻ നേടാനുള്ള വലിയ അവസരമാണ് അവർക്കു നഷ്ടമായത്. (മത്താ. 23:13, 33) അതുകൊണ്ട് ദൈവത്തിന്റെ വചനവും ദൈവത്തിന്റെ പരിശുദ്ധാത്മാവും നമ്മുടെ വ്യക്തിത്വത്തെയും ചിന്തയെയും തീരുമാനങ്ങളെയും സ്വാധീനിക്കാൻ അനുവദിക്കേണ്ടത് എത്ര പ്രധാനമാണ്! (യാക്കോ. 3:17) യാക്കോബ് താഴ്മയുള്ള ആളായിരുന്നതുകൊണ്ട് യഹോവയിൽനിന്ന് പഠിക്കാൻ തയ്യാറായി. ഇനി അദ്ദേഹത്തിനു നല്ല ഒരു അധ്യാപകനായിത്തീരാൻ സാധിച്ചതും താഴ്മയുണ്ടായിരുന്നതുകൊണ്ടാണ്. അതെക്കുറിച്ചാണു നമ്മൾ ഇനി കാണാൻ പോകുന്നത്.
യാക്കോബിനെപ്പോലെ നല്ല ഒരു അധ്യാപകനായിരിക്കുക
8. നല്ല അധ്യാപകരാകാൻ നമ്മളെ എന്തു സഹായിക്കും?
8 യാക്കോബ് ഉയർന്ന വിദ്യാഭ്യാസമൊന്നുമുള്ള ഒരാളായിരുന്നില്ല. അക്കാലത്തെ മതനേതാക്കന്മാർ അപ്പോസ്തലന്മാരായ പത്രോസിനെയും യോഹന്നാനെയും കുറിച്ച് ചിന്തിച്ചിരുന്നതുപോലെതന്നെയാണു യാക്കോബിനെക്കുറിച്ചും കരുതിയിരുന്നത് എന്നതിനു സംശയമില്ല. “സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയിട്ടാണ് ആ അപ്പോസ്തലന്മാരെ അവർ കണക്കാക്കിയിരുന്നത്. (പ്രവൃ. 4:13) എങ്കിലും യാക്കോബ് എഴുതിയ ബൈബിൾപുസ്തകം വായിക്കുമ്പോൾ നമുക്ക് ഒരു കാര്യം വ്യക്തമാണ്: അദ്ദേഹം നല്ല ഒരു അധ്യാപകനായിത്തീർന്നു. യാക്കോബിനെപ്പോലെ നമുക്കും ചിലപ്പോൾ വലിയ വിദ്യാഭ്യാസമൊന്നുമുണ്ടായിരിക്കില്ല. എങ്കിലും യഹോവയുടെ ആത്മാവിന്റെ സഹായത്താലും യഹോവ തന്റെ സംഘടനയിലൂടെ തരുന്ന പരിശീലനത്താലും നമുക്കും നല്ല അധ്യാപകരായിത്തീരാനാകും. ഒരു അധ്യാപകനെന്ന നിലയിൽ യാക്കോബ് വെച്ച മാതൃകയെക്കുറിച്ചും അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം എന്നതിനെക്കുറിച്ചും ഇനി നോക്കാം.
9. യാക്കോബിന്റെ പഠിപ്പിക്കൽ രീതി എങ്ങനെയുള്ളതായിരുന്നു?
9 മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള വാക്കുകളോ ന്യായവാദങ്ങളോ യാക്കോബ് ഉപയോഗിച്ചില്ല. അതുകൊണ്ടുതന്നെ തങ്ങൾ എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ അദ്ദേഹത്തിന്റെ കേൾവിക്കാർക്കു പെട്ടെന്നു മനസ്സിലായി. ഉദാഹരണത്തിന്, ക്രിസ്ത്യാനികൾ അന്യായം സഹിക്കാൻ തയ്യാറാകണമെന്നും അതിന്റെ പേരിൽ നീരസമൊന്നും വെച്ചുകൊണ്ടിരിക്കരുതെന്നും എത്ര ലളിതമായാണു യാക്കോബ് പഠിപ്പിച്ചതെന്നു നോക്കുക. അദ്ദേഹം എഴുതി: “സഹിച്ചുനിന്നവരെ സന്തോഷമുള്ളവരായി നമ്മൾ കണക്കാക്കുന്നു. ഇയ്യോബ് സഹിച്ചുനിന്നതിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും യഹോവ ഒടുവിൽ നൽകിയ അനുഗ്രഹങ്ങൾ കാണുകയും ചെയ്തിരിക്കുന്നു. അങ്ങനെ, യഹോവ വാത്സല്യവും കരുണയും നിറഞ്ഞ ദൈവമാണെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.” (യാക്കോ. 5:11) യാക്കോബ് പഠിപ്പിച്ചത് തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയാണെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? തന്നോടു വിശ്വസ്തരായിരിക്കുന്നവരെ യഹോവ എപ്പോഴും അനുഗ്രഹിക്കുമെന്നു പറയാൻ ഇയ്യോബിന്റെ മാതൃകയാണ് അദ്ദേഹം ഉപയോഗിച്ചത്. വളരെ ലളിതമായ വാക്കുകളും ന്യായവാദവും ഉപയോഗിച്ച് അദ്ദേഹം ആ കാര്യം അവരെ പഠിപ്പിച്ചു. അങ്ങനെ യാക്കോബ് അവരുടെ ശ്രദ്ധ തന്നിലേക്കല്ല യഹോവയിലേക്കു തിരിച്ചുവിട്ടു.
10. പഠിപ്പിക്കുമ്പോൾ നമുക്കു യാക്കോബിന്റെ ഏതു മാതൃക അനുകരിക്കാം?
10 നമുക്കുള്ള പാഠം: ലളിതമായ രീതിയിൽ, ബൈബിൾ ഉപയോഗിച്ച് പഠിപ്പിക്കുക. മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ നമ്മൾ എത്ര അറിവുള്ളവരാണെന്നു കാണിക്കുന്നതിനു പകരം യഹോവയുടെ അറിവ് എത്ര വലുതാണെന്നും യഹോവ അവർക്കുവേണ്ടി എത്രമാത്രം കരുതുന്നുണ്ടെന്നും അവർക്കു കാണിച്ചുകൊടുക്കുക. (റോമ. 11:33) എപ്പോഴും തിരുവെഴുത്തുകളിൽനിന്ന് പഠിപ്പിക്കുന്നതിലൂടെ നമുക്ക് അതു ചെയ്യാനാകും. ഉദാഹരണത്തിന്, അവരുടെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നെന്നു പറയുന്നതിനു പകരം ബൈബിൾദൃഷ്ടാന്തങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കാനും യഹോവയുടെ ചിന്തയും വികാരങ്ങളും മനസ്സിലാക്കാനും അവരെ സഹായിക്കുക. അപ്പോൾ നമ്മളെയല്ല, യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹത്താൽ പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ അവർ തയ്യാറാകും.
11. യാക്കോബിന്റെ നാളിലെ ചില ക്രിസ്ത്യാനികൾക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ടായിരുന്നു, അദ്ദേഹം അവർക്ക് എന്ത് ഉപദേശം നൽകി? (യാക്കോബ് 5:13-15)
11 യാക്കോബ് സഹോദരങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി. യാക്കോബ് എഴുതിയ കത്തു വായിക്കുമ്പോൾ അക്കാര്യം വ്യക്തമാണ്. അദ്ദേഹം അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുക മാത്രമല്ല, അത് എങ്ങനെ മറികടക്കാമെന്നു കൃത്യമായി പറഞ്ഞുകൊടുക്കുകയും ചെയ്തു. ഉദാഹരണത്തിന് ചില ക്രിസ്ത്യാനികൾ പഠിച്ച കാര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ അല്പം മടി കാണിച്ചു. (യാക്കോ. 1:22) മറ്റു ചിലർ പണക്കാർക്കു പ്രത്യേകപരിഗണന നൽകി. (യാക്കോ. 2:1-3) വേറെ ചിലർക്ക് തങ്ങളുടെ നാവിനെ നിയന്ത്രിക്കാനായിരുന്നു ബുദ്ധിമുട്ട്. (യാക്കോ. 3:8-10) ഇപ്പറഞ്ഞതുപോലുള്ള ഗൗരവമേറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അവർ ഒരിക്കലും മാറ്റം വരുത്തില്ലെന്നു പറഞ്ഞ് യാക്കോബ് അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല. പകരം അദ്ദേഹം അവർക്കു ദയയോടെ, അതേസമയം വളച്ചുകെട്ടില്ലാത്ത രീതിയിൽ വേണ്ട ഉപദേശങ്ങൾ നൽകി. ഇനി, മാറ്റം വരുത്താൻ പ്രയാസപ്പെടുന്നവരോടു മൂപ്പന്മാരുടെ സഹായം ചോദിക്കാനും അദ്ദേഹം പറഞ്ഞു.—യാക്കോബ് 5:13-15 വായിക്കുക.
12. മാറ്റം വരുത്താൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുമ്പോൾ നമുക്ക് എങ്ങനെ യാക്കോബിന്റെ മാതൃക അനുകരിക്കാം?
12 നമുക്കുള്ള പാഠം: മറ്റുള്ളവരുടെ പ്രശ്നം മനസ്സിലാക്കുക, പ്രതീക്ഷ കൈവിടരുത്. നമ്മുടെ ബൈബിൾവിദ്യാർഥികളിൽ പലരും പഠിക്കുന്നതിനു ചേർച്ചയിൽ മാറ്റങ്ങൾ വരുത്താൻ ബുദ്ധിമുട്ടുന്നുണ്ടാകും. (യാക്കോ. 4:1-4) അവർ തങ്ങളുടെ മോശം സ്വഭാവങ്ങളൊക്കെ ഉപേക്ഷിച്ച് ക്രിസ്തീയഗുണങ്ങൾ വളർത്തിയെടുക്കാൻ ചിലപ്പോൾ കുറെ സമയമെടുക്കും. യാക്കോബിനെപ്പോലെ നമ്മളും നമ്മുടെ ബൈബിൾവിദ്യാർഥികളോട് അവർ എന്തൊക്കെ മാറ്റങ്ങളാണു വരുത്തേണ്ടതെന്നു ധൈര്യത്തോടെ പറയണം. പ്രതീക്ഷ കൈവിടാതെ അവരെ തുടർന്നും സഹായിക്കുകയും വേണം. കാരണം താഴ്മയുള്ളവരെ യഹോവ തന്നിലേക്ക് ആകർഷിക്കുമെന്നും വേണ്ട മാറ്റങ്ങൾ വരുത്താനുള്ള ശക്തി കൊടുക്കുമെന്നും നമുക്ക് ഉറപ്പുണ്ട്.—യാക്കോ. 4:10.
13. യാക്കോബ് 3:2-ഉം അടിക്കുറിപ്പും പറയുന്നതുപോലെ യാക്കോബ് എന്തു തിരിച്ചറിഞ്ഞു?
13 താൻ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്നു യാക്കോബ് ചിന്തിച്ചില്ല. തന്റെ കുടുംബപശ്ചാത്തലമോ തനിക്കുണ്ടായിരുന്ന പ്രത്യേകനിയമനങ്ങളോ കാരണം താൻ മറ്റുള്ളവരെക്കാൾ വലിയ ആളാണെന്നു യാക്കോബ് കരുതിയില്ല. തന്റെ സഹാരാധകരെ അദ്ദേഹം വിളിച്ചത് “എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ” എന്നാണ്. (യാക്കോ. 1:16, 19; 2:5) താൻ എല്ലാം തികഞ്ഞവനാണെന്ന രീതിയിൽ അദ്ദേഹം ഒരിക്കലും അവരോടു പെരുമാറിയില്ല. പകരം അദ്ദേഹം പറഞ്ഞത് “നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ടല്ലോ” എന്നാണ്.—യാക്കോബ് 3:2-ഉം അടിക്കുറിപ്പും വായിക്കുക.
14. നമുക്കും തെറ്റുകൾ പറ്റാറുണ്ടെന്നു തുറന്നുസമ്മതിക്കേണ്ടത് എന്തുകൊണ്ട്?
14 നമുക്കുള്ള പാഠം: നമുക്കെല്ലാം തെറ്റു പറ്റാറുണ്ടെന്ന് ഓർക്കുക. നമ്മൾ നമ്മുടെ ബൈബിൾവിദ്യാർഥികളെക്കാൾ മികച്ചവരാണെന്നു ചിന്തിക്കരുത്. നമുക്ക് ഒരു തെറ്റും പറ്റില്ല എന്നൊരു ധാരണ വിദ്യാർഥിക്കു കൊടുത്താൽ അദ്ദേഹം ചിന്തിക്കുന്നത് തന്നെക്കൊണ്ട് ഒരിക്കലും അതുപോലെയൊന്നുമാകാൻ കഴിയില്ല എന്നായിരിക്കും. എന്നാൽ ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നതു നമുക്ക് എല്ലായ്പോഴും അത്ര എളുപ്പമല്ലായിരുന്നെന്നു സമ്മതിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ യഹോവ എങ്ങനെയാണു നമ്മളെ സഹായിച്ചതെന്നു വിശദീകരിക്കുകയും ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ തനിക്കും യഹോവയെ സേവിക്കാനാകുമെന്നു ചിന്തിക്കാൻ നമ്മൾ വിദ്യാർഥിയെ സഹായിക്കുകയാണ്.
15. യാക്കോബ് ഉപയോഗിച്ച ദൃഷ്ടാന്തങ്ങൾ എങ്ങനെയുള്ളവയായിരുന്നു? (യാക്കോബ് 3:2-6, 10-12)
15 ആളുകളുടെ ഹൃദയത്തെ തൊടുന്ന ദൃഷ്ടാന്തങ്ങൾ യാക്കോബ് ഉപയോഗിച്ചു. യാക്കോബിനു പരിശുദ്ധാത്മാവിന്റെ സഹായമുണ്ടായിരുന്നു എന്നതിനു സംശയമില്ല. എന്നാൽ മൂത്ത ചേട്ടനായ യേശുവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് പഠിച്ചതും മറ്റുള്ളവരെ എങ്ങനെ പഠിപ്പിക്കണമെന്നു മനസ്സിലാക്കാൻ യാക്കോബിനെ ഒരുപാടു സഹായിച്ചിട്ടുണ്ടാകണം. യാക്കോബ് തന്റെ കത്തിൽ ഉപയോഗിച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങൾ വളരെ ലളിതമാണ്. അതിലൂടെ അദ്ദേഹം പഠിപ്പിക്കാൻ ഉദ്ദേശിച്ച പാഠങ്ങൾ ആർക്കും എളുപ്പം മനസ്സിലാകും.—യാക്കോബ് 3:2-6, 10-12 വായിക്കുക.
16. നമ്മൾ നല്ല ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?
16 നമുക്കുള്ള പാഠം: നല്ല ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക. നമ്മൾ യോജിച്ച ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുമ്പോൾ ആളുകൾക്ക് അക്കാര്യങ്ങൾ കേൾക്കുന്നതോടൊപ്പം ഭാവനയിൽ കാണാനും കഴിയും. തങ്ങൾ പഠിക്കുന്ന ബൈബിൾസത്യങ്ങൾ ഓർത്തിരിക്കാൻ അത് അവരെ സഹായിക്കും. നല്ല ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ യേശുവിന് ഒരു പ്രത്യേകകഴിവ് ഉണ്ടായിരുന്നു. ആ മാതൃകയാണ് അനിയനായ യാക്കോബും അനുകരിച്ചത്. യാക്കോബ് ഉപയോഗിച്ച ഒരു ദൃഷ്ടാന്തവും അതു വളരെ നല്ലതായിരുന്നതിന്റെ കാരണവും നമുക്കു നോക്കാം.
17. യാക്കോബ് 1:22-25-ലെ ദൃഷ്ടാന്തം ശരിക്കും നല്ലതാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
17 യാക്കോബ് 1:22-25 വായിക്കുക. കണ്ണാടിയെക്കുറിച്ചുള്ള യാക്കോബിന്റെ ദൃഷ്ടാന്തം വളരെ നല്ലതാണെന്നു പറയാൻ പല കാരണങ്ങളുണ്ട്. ഒന്ന്, പ്രധാനപ്പെട്ട ഒരു ആശയം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലാണ് അദ്ദേഹം ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്: ദൈവവചനത്തിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ നമ്മൾ അതു വെറുതേ വായിച്ചാൽ പോരാ, വായിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം എന്നതായിരുന്നു അത്. രണ്ട്, തന്റെ കേൾവിക്കാർക്കു പെട്ടെന്നു മനസ്സിലാകുന്ന ഒരു ദൃഷ്ടാന്തമാണ് അദ്ദേഹം അതിന് ഉപയോഗിച്ചത്: കണ്ണാടിയിൽ മുഖം നോക്കുന്ന ഒരാളുടെ ദൃഷ്ടാന്തം. മൂന്ന്, തന്റെ ദൃഷ്ടാന്തത്തിലൂടെ കേൾവിക്കാർ മനസ്സിലാക്കേണ്ടിയിരുന്ന ആശയം അദ്ദേഹം വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു. എന്തായിരുന്നു അത്? ഒരു മനുഷ്യൻ കണ്ണാടിയിൽ നോക്കി തന്റെ കുറവുകൾ മനസ്സിലാക്കിയിട്ട് അതു തിരുത്താൻ വേണ്ടതു ചെയ്യുന്നില്ലെങ്കിൽ അത് എത്ര മണ്ടത്തരമാണ്! അതുപോലെതന്നെ ദൈവവചനം വായിക്കുന്ന ഒരാൾ തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കിയിട്ടും അങ്ങനെ ചെയ്യാൻ കൂട്ടാക്കുന്നില്ലെങ്കിൽ അതു വലിയ മണ്ടത്തരമായിരിക്കും.
18. ഒരു ദൃഷ്ടാന്തം ഉപയോഗിക്കുമ്പോൾ ഏതു മൂന്നു കാര്യങ്ങൾ നമ്മൾ ഓർക്കണം?
18 ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുമ്പോൾ യാക്കോബിനെ അനുകരിച്ചുകൊണ്ട് നമുക്കും ഈ മൂന്നു കാര്യങ്ങൾ ചെയ്യാം. (1) പഠിപ്പിക്കുന്ന കാര്യത്തിന് ഏറ്റവും പറ്റിയ ദൃഷ്ടാന്തമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. (2) കേൾവിക്കാർക്കു പെട്ടെന്നു മനസ്സിലാകുന്ന ദൃഷ്ടാന്തം ഉപയോഗിക്കുക. (3) ദൃഷ്ടാന്തം എന്തിന് ഉപയോഗിച്ചെന്ന് വ്യക്തമാക്കുക. പറ്റിയ ദൃഷ്ടാന്തങ്ങളൊന്നും ആലോചിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്) നോക്കാവുന്നതാണ്. അതിലെ “ദൃഷ്ടാന്തങ്ങൾ” എന്ന തലക്കെട്ടിനു കീഴിൽ നിങ്ങൾക്ക് ഉപയോഗിക്കാനാകുന്ന ധാരാളം ദൃഷ്ടാന്തങ്ങൾ കാണാം. ദൃഷ്ടാന്തങ്ങൾ ശബ്ദം വ്യക്തമായി കേൾക്കാൻ സഹായിക്കുന്ന ഒരു മൈക്കുപോലെയാണ്. നമ്മൾ പഠിപ്പിക്കുന്ന പ്രധാനാശയങ്ങൾ വ്യക്തമായി തിരിച്ചറിയാൻ അതു സഹായിക്കും. അതുകൊണ്ട് പഠിപ്പിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻവേണ്ടി മാത്രം ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പഠിപ്പിക്കാനുള്ള നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കുന്നതിന്റെ പ്രധാനകാരണം കഴിയുന്നത്ര ആളുകളെ യഹോവയുടെ സന്തോഷമുള്ള കുടുംബത്തിന്റെ ഭാഗമാകാൻ സഹായിക്കുക എന്നതാണ്. അല്ലാതെ നമ്മളിലേക്കുതന്നെ ശ്രദ്ധ ആകർഷിക്കുക എന്നതല്ല.
19. നമ്മുടെ സഹോദരീസഹോദരന്മാരെ സ്നേഹിക്കുന്നെന്നു നമ്മൾ എങ്ങനെയാണു കാണിക്കുന്നത്?
19 യാക്കോബിന്റെ ചേട്ടൻ പൂർണനായിരുന്നു. പക്ഷേ നമുക്ക് ആർക്കും അങ്ങനെ ഒരു ചേട്ടനില്ല. എന്നാൽ ലോകമെങ്ങുമുള്ള ക്രിസ്തീയ സഹോദരീസഹോദരന്മാർ ചേർന്ന ഒരു കുടുംബത്തോടൊപ്പം യഹോവയെ സേവിക്കാനുള്ള വലിയ അവസരം നമുക്കുണ്ട്. നമ്മൾ അവരുമായി സഹവസിക്കുകയും അവരിൽനിന്ന് പഠിക്കുകയും ചെയ്യുന്നു. പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിൽ അവരോടൊപ്പം ചേരുന്നു. അങ്ങനെയെല്ലാം ചെയ്യുമ്പോൾ നമ്മൾ അവരോടു സ്നേഹം കാണിക്കുകയാണ്. നമ്മുടെ മനോഭാവത്തിലും പെരുമാറ്റത്തിലും പഠിപ്പിക്കൽരീതികളിലും യാക്കോബിന്റെ മാതൃക അനുകരിക്കുമ്പോൾ നമ്മൾ യഹോവയ്ക്കു ബഹുമതി കൈവരുത്തും. ഒപ്പം സ്നേഹവാനായ സ്വർഗീയപിതാവിലേക്ക് അടുക്കാൻ ആത്മാർഥഹൃദയരായ ആളുകളെ സഹായിക്കുകയും ചെയ്യും.
ഗീതം 114 “ക്ഷമയോടിരിക്കുക”
a യാക്കോബും യേശുവും ഒരേ വീട്ടിലാണു വളർന്നത്. അക്കാലത്തെ മറ്റാരെക്കാളും നന്നായി യാക്കോബിന് ദൈവത്തിന്റെ പുത്രനെക്കുറിച്ച് അറിയാമായിരുന്നു. യേശുവിന്റെ അനിയനായ യാക്കോബ് പിന്നീട് ക്രിസ്തീയസഭയുടെ ഒരു തൂണായിത്തീർന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നും പഠിപ്പിക്കൽരീതികളിൽനിന്നും നമുക്ക് എന്തു മനസ്സിലാക്കാമെന്നാണ് ഈ ലേഖനത്തിൽ കാണാൻപോകുന്നത്.
b ശരിക്കും യാക്കോബ് യേശുവിന്റെ അർധസഹോദരനായിരുന്നെങ്കിലും ഈ ലേഖനത്തിൽ യാക്കോബിനെ യേശുവിന്റെ അനിയൻ എന്നാണു വിളിച്ചിരിക്കുന്നത്. സാധ്യതയനുസരിച്ച് യാക്കോബ് എന്ന പേരിലുള്ള ബൈബിൾപുസ്തകം എഴുതിയത് ഇദ്ദേഹമാണ്.
c നേഥൻ എച്ച്. നോർ ഭരണസംഘത്തിലെ ഒരു അംഗമായിരുന്നു. 1977-ൽ ഭൂമിയിലെ അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചു.
d ചിത്രക്കുറിപ്പ്: നാവിന്റെ ദുരുപയോഗം എത്ര അപകടം ചെയ്യുമെന്നു കാണിക്കാൻ യാക്കോബ് തീയുടെ ദൃഷ്ടാന്തം ഉപയോഗിച്ചു. അത് എല്ലാവർക്കും എളുപ്പം മനസ്സിലാകുന്നതായിരുന്നു.