പഠനലേഖനം 35
”പരസ്പരം . . . ബലപ്പെടുത്തുക”
“പരസ്പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക.”—1 തെസ്സ. 5:11.
ഗീതം 90 പരസ്പരം പ്രോത്സാഹിപ്പിക്കുക
ചുരുക്കം a
1. 1 തെസ്സലോനിക്യർ 5:11 പറയുന്നതനുസരിച്ച് നമുക്ക് എല്ലാവർക്കും എന്തു ചെയ്യാം?
നിങ്ങളുടെ സഭ എപ്പോഴെങ്കിലും പുതിയ രാജ്യഹാൾ പണിയുകയോ പഴയതു പുതുക്കിപ്പണിയുകയോ ചെയ്തിട്ടുണ്ടോ? അതിന്റെ നിർമാണപ്രവർത്തനങ്ങളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ? പണിയൊക്കെ കഴിഞ്ഞ് ആദ്യമായി അവിടെ മീറ്റിങ്ങ് കൂടിയത് നിങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടാകാം. അന്നു നിങ്ങൾക്ക് യഹോവയോട് ഒരുപാടു നന്ദി തോന്നി. ഒരുപക്ഷേ ആദ്യത്തെ ഗീതം പാടുന്ന സമയത്ത് നിങ്ങൾ സന്തോഷംകൊണ്ട് കരഞ്ഞിട്ടുണ്ടാകും. മനോഹരമായി പണിത രാജ്യഹാളുകൾ യഹോവയ്ക്കു വലിയ മഹത്ത്വം കൊടുക്കുന്നു. എന്നാൽ ആ ആരാധനാസ്ഥലങ്ങളിൽ കൂടിവരുന്നവരെ ബലപ്പെടുത്തുന്നത് യഹോവയെ അതിലും അധികമായി മഹത്ത്വപ്പെടുത്തും. നമ്മുടെ ആധാരവാക്യമായ 1 തെസ്സലോനിക്യർ 5:11-ലെ (വായിക്കുക.) വാക്കുകൾ പറഞ്ഞപ്പോൾ അപ്പോസ്തലനായ പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത് അതാണ്.
2. ഈ ലേഖനത്തിൽ നമ്മൾ എന്താണു ചർച്ച ചെയ്യാൻപോകുന്നത്?
2 സഹാരാധകരെ ബലപ്പെടുത്തുന്ന കാര്യത്തിൽ അപ്പോസ്തലനായ പൗലോസ് ഉത്തമമാതൃകയാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ പൂർണമായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞു. (1) പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും (2) പരസ്പരം സമാധാനം നിലനിറുത്താനും (3) യഹോവയിലുള്ള വിശ്വാസത്തിൽ ശക്തിപ്പെടാനും പൗലോസ് എങ്ങനെയാണു സഹോദരങ്ങളെ സഹായിച്ചതെന്നു നമ്മൾ ഈ ലേഖനത്തിൽ കാണും. കൂടാതെ, പൗലോസിന്റെ ആ മാതൃക അനുകരിച്ചുകൊണ്ട് നമുക്ക് എങ്ങനെ സഹോദരങ്ങളെ ബലപ്പെടുത്താമെന്നും പഠിക്കും.—1 കൊരി. 11:1.
പരീക്ഷണങ്ങൾ സഹിച്ചുനിൽക്കാൻ പൗലോസ് സഹോദരങ്ങളെ സഹായിച്ചു
3. പൗലോസ് എങ്ങനെയാണു ശുശ്രൂഷയ്ക്കും ജോലിക്കും അതിന്റേതായ പ്രാധാന്യം കൊടുത്ത് പ്രവർത്തിച്ചത്?
3 പൗലോസിനു സ്വന്തം ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് സഹാരാധകർക്ക് അതുപോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ അതു പൂർണമായി ഉൾക്കൊള്ളാനും അവരോട് അനുകമ്പ കാണിക്കാനും പൗലോസിനു കഴിഞ്ഞു. ഒരവസരത്തിൽ കൈയിലുള്ള പണം തീർന്നതുകൊണ്ട് തന്റെയും കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പൗലോസിനു ജോലി ചെയ്യേണ്ടതായിവന്നു. (പ്രവൃ. 20:34) കൂടാരപ്പണി അദ്ദേഹത്തിനു നന്നായിട്ട് അറിയാമായിരുന്നു. കൊരിന്തിൽ വന്ന സമയത്ത് അദ്ദേഹം ആദ്യം അക്വിലയുടെയും പ്രിസ്കില്ലയുടെയും ഒപ്പം കൂടാരപ്പണി ചെയ്തു. പക്ഷേ അപ്പോഴും അദ്ദേഹം “ശബത്തുതോറും” ജൂതന്മാരോടും ഗ്രീക്കുകാരോടും സന്തോഷവാർത്ത പ്രസംഗിച്ചു. പിന്നീട് ശീലാസും തിമൊഥെയൊസും അവിടെ എത്തിയപ്പോൾ “പൗലോസ് ദൈവവചനം പ്രസംഗിക്കുന്നതിൽ മുഴുകി.” (പ്രവൃ. 18:2-5) അതു കാണിക്കുന്നത് യഹോവയെ ആരാധിക്കുക എന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിൽനിന്ന് പൗലോസിന്റെ ശ്രദ്ധ ഒരിക്കലും മാറിയില്ല എന്നാണ്. സ്വന്തം ആവശ്യങ്ങൾ നടത്താനും യഹോവയെ പൂർണഹൃദയത്തോടെ സേവിക്കാനും പൗലോസ് കഠിനാധ്വാനം ചെയ്തു. അതുകൊണ്ടുതന്നെ അങ്ങനെ ചെയ്യാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും പൗലോസിനാകുമായിരുന്നു. കുടുംബത്തിന്റെ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റുമെന്ന ചിന്തയും മറ്റു ജീവിതപ്രശ്നങ്ങളും കാരണം “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ,” അതായത് യഹോവയെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, രണ്ടാം സ്ഥാനത്തായിപ്പോകാൻ അനുവദിക്കരുതെന്നു പൗലോസ് സഹോദരങ്ങളെ ഓർമിപ്പിച്ചു.—ഫിലി. 1:10.
4. ഉപദ്രവങ്ങൾ നേരിട്ട സഹാരാധകരെ പൗലോസും തിമൊഥെയൊസും എങ്ങനെയാണു ബലപ്പെടുത്തിയത്?
4 തെസ്സലോനിക്യയിൽ സഭ സ്ഥാപിതമായതിനു ശേഷം അധികം വൈകാതെ, ആ പുതിയ ക്രിസ്തുശിഷ്യർക്കു കടുത്ത ഉപദ്രവം നേരിടേണ്ടിവന്നു. ഒരവസരത്തിൽ കോപാകുലരായ ജനക്കൂട്ടം പൗലോസിനെയും ശീലാസിനെയും കിട്ടാതെവന്നപ്പോൾ അവിടെയുള്ള “ചില സഹോദരന്മാരെ നഗരാധിപന്മാരുടെ അടുത്തേക്ക്” ബലമായി കൊണ്ടുപോയി. എന്നിട്ട് “ഇവരൊക്കെ സീസറിന്റെ നിയമങ്ങളെ ധിക്കരിക്കുന്നു” എന്നു വിളിച്ചുപറഞ്ഞു. (പ്രവൃ. 17:6, 7) ആ നഗരവാസികളുടെ പെട്ടെന്നുള്ള ഈ ആക്രമണവും പെരുമാറ്റവും പുതുതായി ക്രിസ്തുശിഷ്യരായ ആ സഹോദരങ്ങളെ എത്രമാത്രം ഭയപ്പെടുത്തിയിരിക്കണം? ഇതൊക്കെ കാരണം ദൈവസേവനത്തിലെ അവരുടെ തീക്ഷ്ണത കുറഞ്ഞുപോകാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ അവർക്ക് അങ്ങനെ സംഭവിക്കാൻ പൗലോസ് ആഗ്രഹിച്ചില്ല. അതുകൊണ്ട് തനിക്കും ശീലാസിനും അവിടം വിട്ട് പോകേണ്ടിവന്നെങ്കിലും ആ പുതിയ സഭയെ നന്നായി പരിപാലിക്കാൻ വേണ്ട കാര്യങ്ങളൊക്കെ പൗലോസ് ചെയ്തുകൊടുത്തു. അദ്ദേഹം തെസ്സലോനിക്യരെ ഇങ്ങനെ ഓർമിപ്പിച്ചു: ‘നമ്മുടെ സഹോദരനായ തിമൊഥെയൊസിനെ അവിടേക്ക് അയയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. നിങ്ങളെ ബലപ്പെടുത്തിയും ആശ്വസിപ്പിച്ചും നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്താനാണു ഞങ്ങൾ അങ്ങനെ ചെയ്തത്. ഇത്തരം കഷ്ടതകളുടെ സമയത്ത് ആരും വിശ്വാസത്തിൽനിന്ന് ഇളകിപ്പോകരുതെന്നാണു ഞങ്ങളുടെ ആഗ്രഹം.’ (1 തെസ്സ. 3:2, 3) സാധ്യതയനുസരിച്ച് തിമൊഥെയൊസിനു തന്റെ സ്വന്തം നാടായ ലുസ്ത്രയിൽവെച്ച് മുമ്പ് ഉപദ്രവം സഹിക്കേണ്ടിവന്നിട്ടുണ്ട്. പൗലോസ് എങ്ങനെയാണു അവിടെയുള്ള സഹോദരങ്ങളെ ബലപ്പെടുത്തിയതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. യഹോവ ആ സഹോദരങ്ങളെ സഹായിച്ചത് കണ്ടറിഞ്ഞതുകൊണ്ട് തെസ്സലോനിക്യയിലുള്ള ഈ പുതിയ സഹോദരങ്ങളെയും യഹോവ അതേ വിധത്തിൽ പരിപാലിക്കുമെന്നു തിമൊഥെയൊസിന് ഉറപ്പോടെ പറയാൻ കഴിയുമായിരുന്നു.—പ്രവൃ. 14:8, 19-22; എബ്രാ. 12:2.
5. ഒരു മൂപ്പൻ നൽകിയ പ്രോത്സാഹനം ബ്രയന്റിന് എങ്ങനെ പ്രയോജനപ്പെട്ടു?
5 പൗലോസ് സഹവിശ്വാസികളെ ബലപ്പെടുത്തിയ മറ്റൊരു വിധം ഏതാണ്? ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങളിലേക്കു പൗലോസും ബർന്നബാസും മടങ്ങിച്ചെന്നപ്പോൾ അവർ “ഓരോ സഭയിലും മൂപ്പന്മാരെ നിയമിച്ചു.” (പ്രവൃ. 14:21-23) ഇന്നത്തെ മൂപ്പന്മാരെപ്പോലെതന്നെ അവരും സഭയിലുണ്ടായിരുന്നവരെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ബ്രയന്റ് സഹോദരൻ പറഞ്ഞതു ശ്രദ്ധിക്കുക: “എനിക്കു 15 വയസ്സുള്ളപ്പോൾ എന്റെ അപ്പൻ ഞങ്ങളെ ഉപേക്ഷിച്ചുപോയി. അമ്മയെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഞാൻ ആകെ തകർന്നു. എനിക്ക് ആരും ഇല്ലാത്തതുപോലെ തോന്നി.” ഈ ഒരവസ്ഥയിൽ ബ്രയന്റിനു പിടിച്ചുനിൽക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? അദ്ദേഹം പറയുന്നു: “ഞങ്ങളുടെ സഭയിലെ ഒരു മൂപ്പനായ ടോണി സഹോദരൻ, മീറ്റിങ്ങിനു ചെല്ലുമ്പോഴും അല്ലാത്ത അവസരങ്ങളിലും എന്നോടു സംസാരിക്കുമായിരുന്നു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടായപ്പോഴും സന്തോഷത്തോടെ യഹോവയെ സേവിച്ച ചിലരെക്കുറിച്ച് അദ്ദേഹം എന്നോടു പറഞ്ഞു. സങ്കീർത്തനം 27:10 അദ്ദേഹം എനിക്കു കാണിച്ചുതന്നു. കൂടാതെ ഇടയ്ക്കിടെ ഹിസ്കിയയുടെ കാര്യവും പറയുമായിരുന്നു. അപ്പൻ മോശം മാതൃകയായിരുന്നെങ്കിലും ഹിസ്കിയ യഹോവയെ വിശ്വസ്തമായി സേവിച്ചു.” ബ്രയന്റിന് ടോണിയിൽനിന്ന് ലഭിച്ച ആ സഹായം എങ്ങനെയാണു പ്രയോജനം ചെയ്തത്? ബ്രയന്റ് പറയുന്നു: “ടോണി സഹോദരന്റെ പ്രോത്സാഹനം പതിയെ മുഴുസമയസേവനത്തിലേക്കു വരാൻ എന്നെ സഹായിച്ചു.” മൂപ്പന്മാരേ, ബ്രയന്റിനെപ്പോലെ സഹായം ആവശ്യമുള്ളവരെ കണ്ടെത്തുക. അവരെ ‘നല്ല വാക്കുകൾകൊണ്ട്’ പ്രോത്സാഹിപ്പിക്കുക.—സുഭാ. 12:25.
6. പൗലോസ് എന്തിനാണു സഹോദരങ്ങളോടു ദൈവദാസരുടെ ജീവിതകഥകൾ പറഞ്ഞത്?
6 യഹോവ കൊടുത്ത ശക്തി ഉപയോഗിച്ച് ‘സാക്ഷികളുടെ വലിയൊരു കൂട്ടത്തിന്’ പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സഹിച്ചുനിൽക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം പൗലോസ് സഹവിശ്വാസികളെ ഓർമിപ്പിച്ചു. (എബ്രാ. 12:1) മുൻകാലങ്ങളിൽ ജീവിച്ചിരുന്ന ആ വിശ്വസ്ത ദൈവദാസരുടെ ജീവിതകഥകൾ സഹോദരങ്ങളിൽ ധൈര്യം നിറയ്ക്കുമെന്നും ജീവനുള്ള ‘ദൈവത്തിന്റെ നഗരത്തിൽ’ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ സഹായിക്കുമെന്നും പൗലോസിന് അറിയാമായിരുന്നു. (എബ്രാ. 12:22) നമ്മുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. ഗിദെയോനെയും ബാരാക്കിനെയും ദാവീദിനെയും ശമുവേലിനെയും മറ്റു വിശ്വസ്തരെയും യഹോവ സഹായിച്ചതിനെക്കുറിച്ചുള്ള വിവരണങ്ങൾ വായിക്കുമ്പോൾ നമുക്കും പ്രോത്സാഹനവും ബലവും കിട്ടുന്നില്ലേ? (എബ്രാ. 11:32-35) ഇന്നത്തെ ദൈവദാസരുടെ അനുഭവങ്ങൾ കേൾക്കുമ്പോഴും നമുക്ക് അങ്ങനെതന്നെയല്ലേ തോന്നുന്നത്? സഹോദരങ്ങളുടെ ജീവിതകഥകൾ വായിച്ചപ്പോൾ തങ്ങൾക്കു വളരെ പ്രോത്സാഹനവും ബലവും കിട്ടിയെന്നു പറഞ്ഞുകൊണ്ടുള്ള ധാരാളം കത്തുകൾ മിക്കപ്പോഴും ലോകാസ്ഥാനത്ത് കിട്ടാറുണ്ട്.
മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാൻ എങ്ങനെ കഴിയുമെന്നു പൗലോസ് പഠിപ്പിച്ചു
7. റോമർ 14:19-21-ൽ പൗലോസ് കൊടുത്ത ഉപദേശത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 നമ്മൾ പറയുന്നതും ചെയ്യുന്നതും ആയ കാര്യങ്ങളിലൂടെ സഹോദരങ്ങളെ ബലപ്പെടുത്താൻ കഴിയും. അതു സഭയിൽ സമാധാനം നിലനിറുത്താനും സഹായിക്കും. നമുക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സഭയുടെ സമാധാനം തകർക്കാൻ അനുവദിക്കരുത്. തിരുവെഴുത്തുതത്ത്വങ്ങൾ ലംഘിക്കപ്പെടുന്നില്ലെങ്കിൽ നമുക്കു ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യാനാകും. അതു മനസ്സിലാക്കാൻ ഒരു ഉദാഹരണം ചിന്തിക്കാം. ജൂതമതത്തിൽനിന്നും മറ്റു മതങ്ങളിൽനിന്നും ക്രിസ്ത്യാനികളായിത്തീർന്നവരാണു റോമിലെ സഭയിലുണ്ടായിരുന്നത്. മോശയിലൂടെ കൊടുത്ത നിയമം നീങ്ങിപ്പോയതിനാൽ ചില ഭക്ഷണസാധനങ്ങൾ കഴിക്കാൻ പാടില്ലെന്ന വിലക്കു പിന്നീടില്ലായിരുന്നു. (മർക്കോ. 7:19) അതെത്തുടർന്ന് ജൂതപശ്ചാത്തലത്തിൽപ്പെട്ട ചിലർ എല്ലാ ഭക്ഷണവും കഴിക്കാമെന്നു പറഞ്ഞു. എന്നാൽ മറ്റു ചിലർക്ക് അതിനോടു യോജിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പേരിൽ അന്നു സഭയിൽ ഒരു ഭിന്നിപ്പുണ്ടായി. സഭയിൽ സമാധാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി പൗലോസ് അവരോട് ഇങ്ങനെ പറഞ്ഞു: “മാംസം കഴിക്കുന്നതുകൊണ്ടോ വീഞ്ഞു കുടിക്കുന്നതുകൊണ്ടോ സഹോദരൻ വിശ്വാസത്തിൽനിന്ന് വീണുപോകുമെങ്കിൽ അത് ഒഴിവാക്കുന്നതാണു നല്ലത്.” (റോമർ 14:19-21 വായിക്കുക.) ഈ വാക്കുകളിലൂടെ ഇതുപോലുള്ള പ്രശ്നങ്ങൾ വ്യക്തികൾക്കിടയിലെയും സഭയിലെയും സമാധാനം നശിപ്പിക്കുമെന്ന കാര്യം പൗലോസ് സഹവിശ്വാസികളെ ഓർമിപ്പിക്കുകയായിരുന്നു. മറ്റുള്ളവർ വിശ്വാസത്തിൽനിന്ന് വീണുപോകാതിരിക്കാൻ വിട്ടുവീഴ്ചകൾ ചെയ്യാൻ പൗലോസും തയ്യാറായിരുന്നു. (1 കൊരി. 9:19-22) നമ്മുടെ ചില ആഗ്രഹങ്ങളും ഇഷ്ടങ്ങളും വേണ്ടെന്നുവെക്കുന്നെങ്കിൽ പൗലോസിനെപ്പോലെ സഹോദരങ്ങളെ ബലപ്പെടുത്താനും സഭയിൽ സമാധാനം നിലനിറുത്താനും നമുക്കും കഴിയും.
8. സഭയുടെ സമാധാനം തകർത്തേക്കാവുന്ന ഒരു പ്രശ്നം ഉണ്ടായപ്പോൾ പൗലോസ് എന്തു ചെയ്തു?
8 പ്രധാനപ്പെട്ട ചില വിഷയങ്ങളോടുള്ള ബന്ധത്തിൽ സഹോദരങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ സമാധാനം നിലനിറുത്താൻ എന്തു ചെയ്യാനാകുമെന്നതിനു പൗലോസ് നമുക്ക് നല്ലൊരു മാതൃകവെച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയിൽ മറ്റു മതങ്ങളിൽനിന്ന് വന്നവർ പരിച്ഛേദനയേൽക്കണമെന്നു ചിലർ നിർബന്ധംപിടിച്ചു. ജൂതന്മാരുടെ വിമർശനം ഉണ്ടാകാതിരിക്കാൻവേണ്ടിയാണ് അവർ അങ്ങനെ പറഞ്ഞത്. (ഗലാ. 6:12) എന്നാൽ പൗലോസിന് അതിനോടു ശക്തമായ വിയോജിപ്പായിരുന്നു. പക്ഷേ തന്റെ അഭിപ്രായം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ പൗലോസ് ശ്രമിച്ചില്ല. പകരം അദ്ദേഹം താഴ്മയോടെ ആ വിഷയത്തെക്കുറിച്ച് യരുശലേമിലെ അപ്പോസ്തലന്മാരോടും മൂപ്പന്മാരോടും അഭിപ്രായം ചോദിച്ചു. (പ്രവൃ. 15:1, 2) പൗലോസ് അങ്ങനെ ചെയ്തതുകൊണ്ട് സഹോദരങ്ങൾക്കിടയിൽ സന്തോഷവും സമാധാനവും നിലനിറുത്താൻ കഴിഞ്ഞു.—പ്രവൃ. 15:30, 31.
9. നമുക്ക് എങ്ങനെ പൗലോസിന്റെ മാതൃക അനുകരിക്കാം?
9 ഗുരുതരമായ ഒരു പ്രശ്നം ഉയർന്നുവരുകയാണെങ്കിൽ സമാധാനം നിലനിറുത്താൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? സഭയെ പരിപാലിക്കുന്നതിനുവേണ്ടി യഹോവ ചിലരെ നിയമിച്ചിട്ടുണ്ട്. നമുക്ക് അവരുടെ സഹായം തേടാം. മിക്കപ്പോഴും നമ്മൾ നേരിടുന്ന പ്രശ്നത്തിനുള്ള പരിഹാരം, ബൈബിളിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള പ്രസിദ്ധീകരണങ്ങളിലൂടെയോ മറ്റു രീതിയിലോ സംഘടന തന്നിട്ടുണ്ടാകും. അതുകൊണ്ട് നമ്മുടെ അഭിപ്രായങ്ങളാണു ശരിയെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതിനു പകരം അത്തരം നിർദേശങ്ങൾ അനുസരിക്കുക. അപ്പോൾ സഭയിൽ സമാധാനം നിലനിറുത്താൻ നമുക്കാകും.
10. സഭയിൽ സമാധാനമുണ്ടായിരിക്കാൻ പൗലോസ് മറ്റെന്തുംകൂടെ ചെയ്തു?
10 സഹോദരങ്ങളുടെ മോശം സ്വഭാവങ്ങൾ ശ്രദ്ധിക്കുന്നതിനു പകരം അവരുടെ നല്ല ഗുണങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് പൗലോസ് സഭയിൽ സമാധാനം നിലനിറുത്താൻ ശ്രമിച്ചു. ഉദാഹരണത്തിന് അദ്ദേഹം റോമിലുള്ളവർക്ക് എഴുതിയ കത്തിന്റെ അവസാനഭാഗത്ത് പലരുടെയും പേരുകൾ എടുത്തുപറഞ്ഞിരിക്കുന്നതു നമുക്കു വായിക്കാൻ കഴിയും. മിക്കവരുടെയും കാര്യത്തിൽ അവരുടെ ഏതെങ്കിലും നല്ല ഗുണവും മറ്റും പറഞ്ഞിട്ടുണ്ട്. പൗലോസിനെപ്പോലെ നമുക്കും സഹോദരങ്ങളുടെ നല്ല ഗുണങ്ങളെക്കുറിച്ച് എടുത്തുപറയാം. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ സഹോദരങ്ങൾക്കിടയിലെ അടുപ്പം കൂടും. മാത്രമല്ല സഭയിൽ സ്നേഹവും സമാധാനവും ഉണ്ടായിരിക്കുകയും ചെയ്യും.
11. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് എങ്ങനെ സമാധാനം വീണ്ടെടുക്കാൻ കഴിയും?
11 ചില സമയങ്ങളിൽ അനുഭവപരിചയമുള്ള സഹോദരങ്ങൾക്കിടയിൽപ്പോലും അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായേക്കാം. പൗലോസിനും ഉറ്റസുഹൃത്തായ ബർന്നബാസിനും അങ്ങനെ സംഭവിച്ചു. അവരുടെ അടുത്ത മിഷനറിയാത്രയിൽ മർക്കോസിനെ കൂട്ടണോ വേണ്ടയോ എന്ന കാര്യത്തിൽ അവർക്കു രണ്ടു പേർക്കും രണ്ട് അഭിപ്രായമായിരുന്നു. അതിന്റെ പേരിൽ അവർ തമ്മിൽ “വലിയൊരു വഴക്ക് ഉണ്ടായി,” രണ്ടു പേരും രണ്ടു വഴിക്കു പോയി. (പ്രവൃ. 15:37-39) എന്നാൽ പൗലോസും ബർന്നബാസും മർക്കോസും വീണ്ടും പഴയതുപോലെ സ്നേഹത്തിലായി. സഭയുടെ സമാധാനത്തിനും ഐക്യത്തിനും ആണ് അവർ ഏറ്റവും പ്രാധാന്യം കൊടുത്തിരുന്നതെന്ന് അവരുടെ ആ പ്രവൃത്തികളിലൂടെ നമ്മൾ മനസ്സിലാക്കുന്നു. പൗലോസ് ബർന്നബാസിനെയും മർക്കോസിനെയും കുറിച്ച് പിന്നീട് വളരെ സ്നേഹത്തോടെ സംസാരിക്കുന്നതായി നമുക്കു കാണാൻ കഴിയും. (1 കൊരി. 9:6; കൊലോ. 4:10) നമുക്കും അതുപോലെ, സഭയിലെ ആരെങ്കിലുമായി അഭിപ്രായവ്യത്യാസങ്ങളോ ഭിന്നതകളോ ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ അവ പരിഹരിക്കാൻ ശ്രമിക്കാം, സഹോദരങ്ങളുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കാം. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ സഭയുടെ സമാധാനവും ഐക്യവും നിലനിറുത്താൻ പ്രവർത്തിക്കുകയാണ്.—എഫെ. 4:3.
പൗലോസ് സഹോദരങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തി
12. നമ്മുടെ സഹോദരങ്ങൾ നേരിടുന്ന ചില ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്?
12 യഹോവയിലുള്ള വിശ്വാസം ശക്തിപ്പെടുത്താൻ സഹോദരങ്ങളെ സഹായിക്കുന്നതിലൂടെയും നമ്മൾ അവരെ ബലപ്പെടുത്തുകയാണ്. ചിലർക്കു വിശ്വാസത്തിൽ ഇല്ലാത്ത കുടുംബാംഗങ്ങളുടെയോ സഹജോലിക്കാരുടെയോ സഹപാഠികളുടെയോ പരിഹാസം നേരിടേണ്ടിവരുന്നു. മറ്റു ചിലർക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. വേറെ ചിലരാണെങ്കിൽ മറ്റുള്ളവർ വിഷമിപ്പിച്ചതിന്റെ വേദന സഹിക്കുന്നവരാണ്. ഇനി, സ്നാനമേറ്റിട്ടു വർഷങ്ങളായ ചില ക്രിസ്ത്യാനികൾ ഈ ദുഷിച്ച ലോകത്തിന്റെ അവസാനം കാണാൻ ഏറെക്കാലമായി കാത്തിരിക്കുന്നു. ഇത്തരം സാഹചര്യങ്ങൾ ഇന്നത്തെ ക്രിസ്ത്യാനികൾക്കു വിശ്വാസത്തിന്റെ ഒരു പരിശോധനയായേക്കാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കും ഇതുപോലുള്ള സാഹചര്യങ്ങൾ നേരിടേണ്ടിവന്നു. അവരെ ശക്തിപ്പെടുത്താൻ പൗലോസ് എന്താണു ചെയ്തത്?
13. വിശ്വാസത്തിന്റെ പേരിൽ പരിഹാസം നേരിടേണ്ടിവന്ന സഹോദരങ്ങളെ പൗലോസ് എങ്ങനെയാണു സഹായിച്ചത്?
13 സഹോദരങ്ങളുടെ വിശ്വാസം ബലപ്പെടുത്തുന്നതിനു പൗലോസ് തിരുവെഴുത്തുകൾ ഉപയോഗിച്ചു. ഉദാഹരണത്തിന് അന്നത്തെ ജൂതക്രിസ്ത്യാനികൾക്ക് ഇങ്ങനെ ഒരു പ്രശ്നം നേരിട്ടിരിക്കാം: ജൂതമതം ക്രിസ്ത്യാനിത്വത്തെക്കാൾ ഉയർന്നതാണെന്ന് അവിശ്വാസികളായ കുടുംബാംഗങ്ങൾ വാദിച്ചപ്പോൾ അതിനു കൃത്യമായ ഉത്തരം കൊടുക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാൽ പൗലോസ് എബ്രായക്രിസ്ത്യാനികൾക്ക് എഴുതിയ കത്ത് അവർക്കു വളരെ പ്രയോജനപ്പെട്ടു. (എബ്രാ. 1:5, 6; 2:2, 3; 9:24, 25) വ്യക്തവും കൃത്യവും ആയ തെളിവുകൾ ഉപയോഗിച്ച് അവിശ്വാസികളായ കുടുംബാംഗങ്ങൾക്കു നല്ലൊരു വിശദീകരണം കൊടുക്കാൻ ആ ക്രിസ്ത്യാനികൾക്കു കഴിഞ്ഞു. ഇന്നും നമ്മുടെ പല സഹോദരങ്ങൾക്കും വിശ്വാസത്തിന്റെ പേരിൽ കളിയാക്കലുകൾ സഹിക്കേണ്ടിവരുന്നുണ്ട്. നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾ കാര്യകാരണസഹിതം മറ്റുള്ളവരോടു വിശദീകരിക്കാനുള്ള വിവരങ്ങൾ ബൈബിൾപ്രസിദ്ധീകരണങ്ങളിലുണ്ട്. അതു കണ്ടെത്താൻ നമുക്ക് അവരെ സഹായിക്കാം. ഇനി, സൃഷ്ടിയിൽ വിശ്വസിക്കുന്നതിന്റെ പേരിൽ നമ്മുടെ പല ചെറുപ്പക്കാർക്കും പരിഹാസങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്), ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്നീ ലഘുപത്രികകളിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് അവർ എന്തുകൊണ്ട് അതു വിശ്വസിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ ഒരു വിശദീകരണം കൊടുക്കാൻ നമുക്ക് അവരെ സഹായിക്കാൻ കഴിയും.
14. പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ തിരക്കുണ്ടായിരുന്നെങ്കിലും പൗലോസ് വേറെ എന്തുകൂടെ ചെയ്തു?
14 “നല്ല കാര്യങ്ങൾ” ചെയ്തുകൊണ്ട് പരസ്പരം സ്നേഹിക്കാൻ പൗലോസ് സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. (എബ്രാ. 10:24) വാക്കിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും പൗലോസ് സഹോദരങ്ങളെ സഹായിച്ചു. ഉദാഹരണത്തിന് യഹൂദയിൽ ക്ഷാമം ഉണ്ടായ സമയത്ത് അവിടെയുള്ള സഹോദരങ്ങൾക്ക് ആവശ്യമായ സഹായം എത്തിച്ചുകൊടുക്കാൻ വേണ്ട കാര്യങ്ങൾ പൗലോസ് ചെയ്തു. (പ്രവൃ. 11:27-30) പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ പൗലോസിനു തിരക്കുണ്ടായിരുന്നെങ്കിലും പാവപ്പെട്ട സഹോദരങ്ങളെ സഹായിക്കാൻ എന്തു ചെയ്യാമെന്നും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. (ഗലാ. 2:10) അങ്ങനെ ചെയ്തതിലൂടെ, ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോയാലും യഹോവ തങ്ങൾക്കുവേണ്ടി കരുതുമെന്ന സഹോദരങ്ങളുടെ വിശ്വാസം ശക്തമാക്കാൻ പൗലോസിനു കഴിഞ്ഞു. ഇന്നു നമുക്കും നമ്മുടെ സമയവും കഴിവുകളും അധ്വാനവും ഒക്കെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിക്കാനുള്ള അവസരമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ സഹോദരങ്ങളുടെ വിശ്വാസം ബലപ്പെടുത്താൻ നമുക്കു കഴിയും. ലോകവ്യാപക വേലയ്ക്കുവേണ്ടി പതിവായി സംഭാവനകൾ ചെയ്യുമ്പോഴും നമ്മൾ അതുതന്നെയാണു ചെയ്യുന്നത്. ഈ വിധത്തിലും മറ്റു പല വിധങ്ങളിലും നമ്മൾ സഹോദരങ്ങളെ സഹായിക്കുമ്പോൾ യഹോവ തങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് അവർക്കു കൂടുതൽ ഉറപ്പാകും.
15-16. വിശ്വാസത്തിൽ പുറകോട്ടുനിൽക്കുന്നവരെ നമുക്ക് എങ്ങനെ ബലപ്പെടുത്താൻ കഴിയും?
15 വിശ്വാസത്തിൽ പുറകോട്ടുനിൽക്കുന്നവരെ പൗലോസ് വിട്ടുകളഞ്ഞില്ല. അദ്ദേഹം അവരോട് അനുകമ്പ കാണിച്ചു. സ്നേഹത്തോടെ, അവരെ ബലപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചു. (എബ്രാ. 6:9; 10:39) ഉദാഹരണത്തിന്, എബ്രായർക്ക് എഴുതിയ കത്തിൽ പൗലോസ് മിക്കപ്പോഴും “നമ്മൾ,” “നമുക്ക്” എന്ന വാക്കുകളൊക്കെ ഉപയോഗിച്ചിട്ടുണ്ട്. അതിലൂടെ, എഴുതിയിരിക്കുന്ന കാര്യങ്ങൾ താനും അനുസരിക്കേണ്ടതാണെന്ന് അദ്ദേഹം കാണിച്ചു. (എബ്രാ. 2:1, 3) വിശ്വാസത്തിൽ പുറകോട്ടുനിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ പൗലോസിനെപ്പോലെ നമുക്കും ശ്രമിക്കാം. അവരുടെ കാര്യത്തിൽ നമുക്ക് ആത്മാർഥമായ താത്പര്യം കാണിക്കാം. അപ്പോൾ അവരെക്കുറിച്ച് നമുക്കു ചിന്തയുണ്ടെന്ന് അവർക്കു കൂടുതൽ ഉറപ്പാകും. നമ്മൾ സ്നേഹത്തോടെയും ദയയോടെയും ആണ് അവരോടു സംസാരിക്കുന്നതെങ്കിൽ നമ്മൾ പറയുന്ന കാര്യങ്ങൾ അവരെ കൂടുതൽ സ്വാധീനിക്കും.
16 സഹോദരങ്ങൾ ചെയ്ത നല്ല പ്രവൃത്തികൾ യഹോവ മറന്നുകളഞ്ഞിട്ടില്ലെന്നു പൗലോസ് അവരെ ഓർമിപ്പിച്ചു. (എബ്രാ. 10:32-34) വിശ്വാസത്തിൽ പുറകോട്ടുനിൽക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി അതുപോലെ ചില കാര്യങ്ങൾ നമുക്കും ചെയ്യാൻ കഴിയും. നമുക്കു വേണമെങ്കിൽ അവർ എങ്ങനെയാണു സത്യത്തിലേക്കു വന്നതെന്നു ചോദിക്കാം. അല്ലെങ്കിൽ യഹോവ അവർക്കു വേണ്ട സഹായങ്ങൾ നൽകിയ ഏതെങ്കിലും അവസരങ്ങളെക്കുറിച്ച് ഓർത്തെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കാം. ഇനി, യഹോവയോടുള്ള സ്നേഹത്താൽ മുമ്പ് അവർ ചെയ്ത കാര്യങ്ങൾ യഹോവ മറക്കില്ലെന്നും യഹോവ അവരെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ഉള്ള ഉറപ്പും അവർക്കു കൊടുക്കാൻ കഴിയും. (എബ്രാ. 6:10; 13:5, 6) ഇതുപോലുള്ള സംഭാഷണങ്ങൾ യഹോവയുടെ സേവനത്തിൽ സന്തോഷത്തോടെ തുടരാൻ ആ പ്രിയപ്പെട്ടവരെ സഹായിക്കും.
“പരസ്പരം പ്രോത്സാഹിപ്പിക്കുക”
17. ഏതൊക്കെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ നമ്മൾ ശ്രദ്ധിക്കണം?
17 വർഷങ്ങൾ കഴിയുംതോറും ഒരു കെട്ടിടനിർമാണ തൊഴിലാളിയുടെ കഴിവുകൾ മെച്ചപ്പെടുന്നു. അതുപോലെ സഹോദരങ്ങളെ ബലപ്പെടുത്താനുള്ള കഴിവുകൾ നമുക്കും മെച്ചപ്പെടുത്താം. പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതു സഹിച്ചുനിൽക്കാൻ വേണ്ട കരുത്ത് നേടാൻ നമുക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയും. അതിനുവേണ്ടി മുൻകാലങ്ങളിൽ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചപ്പോൾ സഹിച്ചുനിന്നവരുടെ മാതൃകകൾ നമുക്ക് ഉപയോഗിക്കാം. മറ്റുള്ളവരുടെ നന്മ എടുത്തുപറഞ്ഞുകൊണ്ട് നമുക്കു സമാധാനം വളർത്താം. സമാധാനം നഷ്ടപ്പെടാൻ സാധ്യതയുള്ള അവസരങ്ങളിൽ അതു നിലനിറുത്താൻവേണ്ടി നമുക്കു പരമാവധി ശ്രമിക്കാം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ സമാധാനം വീണ്ടെടുക്കാൻ നമുക്കു പരിശ്രമിക്കാം. പ്രധാനപ്പെട്ട ബൈബിൾസത്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടും ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തുകൊണ്ടും ദൈവസേവനത്തിൽ പുറകോട്ടുനിൽക്കുന്നവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും നമുക്കു സഹോദരങ്ങളുടെ വിശ്വാസം ബലപ്പെടുത്താം.
18. നിങ്ങൾ എടുത്തിരിക്കുന്ന ഉറച്ച തീരുമാനം എന്താണ്?
18 രാജ്യഹാളിന്റെയും മറ്റും നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ളവർക്കു സന്തോഷവും സംതൃപ്തിയും തോന്നുന്നു. സഹോദരങ്ങളുടെ വിശ്വാസം ബലപ്പെടുത്താൻ ശ്രമിക്കുമ്പോൾ അതുപോലൊരു സന്തോഷവും സംതൃപ്തിയും നമുക്ക് അനുഭവിക്കാനാകും. നമ്മൾ പണിത കെട്ടിടങ്ങൾ ഒരിക്കൽ നശിക്കും. എന്നാൽ സഹോദരങ്ങളെ ബലപ്പെടുത്താൻവേണ്ടി നമ്മൾ ചെയ്ത കാര്യങ്ങൾ അവർക്ക് എന്നെന്നും പ്രയോജനം ചെയ്യും. അതുകൊണ്ട് നമുക്കു “പരസ്പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും” ചെയ്യാൻ ഉറച്ച തീരുമാനമെടുക്കാം.—1 തെസ്സ. 5:11.
ഗീതം 100 അവരെ സ്വീകരിച്ച് ആതിഥ്യമരുളുക
a ഓരോ ദിവസവും ജീവിച്ചുപോകുന്നത് ഇന്നു വലിയ പാടാണ്. നമ്മുടെ സഹോദരങ്ങൾക്കും പലപല ടെൻഷനുകളുണ്ട്. നമ്മൾ അവരെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അത് അവർക്ക് ഒരുപാടു ഗുണം ചെയ്യും. ഇക്കാര്യത്തിൽ പൗലോസ് അപ്പോസ്തലൻ നമുക്കു നല്ലൊരു മാതൃകയാണ്.
b ചിത്രത്തിന്റെ വിവരണം: പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ച് ക്രിസ്തുമസ്സ് ആഘോഷത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം വിശദീകരിക്കാൻ എങ്ങനെ കഴിയുമെന്ന് ഒരു അപ്പൻ തന്റെ മകൾക്കു പറഞ്ഞുകൊടുക്കുന്നു.
c ചിത്രത്തിന്റെ വിവരണം: ഒരു ദമ്പതികൾ ദുരന്തം സംഭവിച്ച സ്ഥലത്ത് പോയി അവിടത്തെ സഹോദരങ്ങളെ സഹായിക്കുന്നു.
d ചിത്രത്തിന്റെ വിവരണം: വിശ്വാസത്തിൽ പുറകോട്ടുനിൽക്കുന്ന ഒരു സഹോദരനെ ഒരു മൂപ്പൻ സന്ദർശിക്കുന്നു. വർഷങ്ങൾക്കു മുമ്പ് അവർ ഒരുമിച്ച് പങ്കെടുത്ത ഒരു മുൻനിരസേവന സ്കൂളിന്റെ ചിത്രങ്ങളാണു അദ്ദേഹം സഹോദരനെ കാണിക്കുന്നത്. അവ കാണുമ്പോൾ സന്തോഷത്തിന്റെ ആ നല്ല ഓർമകൾ സഹോദരന്റെ മനസ്സിലേക്കു വരുന്നു. അത് യഹോവയെ വീണ്ടും ഉത്സാഹത്തോടെ സേവിക്കാനുള്ള ഒരു പ്രചോദനം ആ സഹോദരനു കൊടുക്കുന്നു. പതിയെ അദ്ദേഹം സഭയിലേക്കു മടങ്ങിവരുന്നു.