പഠനലേഖനം 3
മഹാപുരുഷാരം ദൈവത്തെയും ക്രിസ്തുവിനെയും സ്തുതിക്കുന്നു
“നമുക്കു ലഭിച്ച രക്ഷയ്ക്കു നമ്മൾ, സിംഹാസനത്തിൽ ഇരിക്കുന്ന നമ്മുടെ ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു.”—വെളി. 7:10.
ഗീതം 14 ഭൂമിയുടെ പുതിയ രാജാവിനെ വാഴ്ത്താം!
പൂർവാവലോകനം a
1. 1935-ൽ നടന്ന കൺവെൻഷനിലെ “മഹാപുരുഷാരം” എന്ന പ്രസംഗം ഒരു ചെറുപ്പക്കാരനെ എങ്ങനെ സ്വാധീനിച്ചു?
സ്നാനമേൽക്കുമ്പോൾ ആ ചെറുപ്പക്കാരന് 18 വയസ്സായിരുന്നു. 1926-ലായിരുന്നു അത്. അവന്റെ മാതാപിതാക്കൾ ബൈബിൾവിദ്യാർഥികളിൽപ്പെട്ടവരായിരുന്നു. അക്കാലത്ത് യഹോവയുടെ സാക്ഷികൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. മൂന്ന് ആൺമക്കളും രണ്ടു പെൺമക്കളും ആണ് അവർക്കുണ്ടായിരുന്നത്. യഹോവയെ സ്നേഹിക്കാനും യേശുക്രിസ്തുവിനെ അനുകരിക്കാനും അവർ അവരുടെ മക്കളെ പഠിപ്പിച്ചു. അക്കാലത്തെ എല്ലാ ബൈബിൾവിദ്യാർഥികളെയും പോലെതന്നെ വിശ്വസ്തനായ ഈ ചെറുപ്പക്കാരനും ഓരോ വർഷവും കർത്താവിന്റെ അത്താഴത്തിന്റെ സമയത്ത് അപ്പവീഞ്ഞുകൾ കഴിച്ചിരുന്നു. എന്നാൽ ചരിത്രപ്രാധാന്യം നേടിയ “മഹാപുരുഷാരം” എന്ന പ്രസംഗം ജീവിതത്തെക്കുറിച്ചുള്ള ആ ചെറുപ്പക്കാരന്റെ കാഴ്ചപ്പാട് പാടേ മാറ്റി. 1935-ൽ യു.എസ്.എ.യിലെ വാഷിങ്ടൺ ഡി.സി.-യിൽവെച്ച് നടന്ന കൺവെൻഷനിൽ ജെ. എഫ്. റഥർഫോർഡ് സഹോദരനാണ് ആ പ്രസംഗം നടത്തിയത്. ആ കൺവെൻഷനിൽ ബൈബിൾവിദ്യാർഥികൾ ഏതു പുതിയ കാര്യം മനസ്സിലാക്കി?
2. ആവേശകരമായ ഏതു സത്യമാണ് റഥർഫോർഡ് സഹോദരൻ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചത്?
2 റഥർഫോർഡ് സഹോദരൻ തന്റെ പ്രസംഗത്തിൽ വെളിപാട് 7:9-ൽ പറഞ്ഞിരിക്കുന്ന “മഹാപുരുഷാരം” ആരാണെന്നു വിശദീകരിച്ചു. അതുവരെ വിചാരിച്ചിരുന്നത്, മഹാപുരുഷാരം സ്വർഗീയപ്രത്യാശയുള്ള ആളുകളുടെ ഒരു കൂട്ടമാണെന്നാണ്. എങ്കിലും, അഭിഷിക്തരെക്കാൾ വിശ്വസ്തത കുറഞ്ഞവരായതുകൊണ്ട് അവർക്കു യേശുവിന്റെകൂടെ ഭരിക്കാനുള്ള പദവിയില്ലെന്നു ചിന്തിച്ചു. പക്ഷേ, മഹാപുരുഷാരം സ്വർഗത്തിൽ ജീവിക്കാൻ പ്രത്യാശയുള്ളവരല്ല എന്നും മറിച്ച് അവർ ക്രിസ്തുവിന്റെ വേറെ ആടുകളിൽപ്പെട്ടവരാണെന്നും b അവർ ‘മഹാകഷ്ടതയെ’ അതിജീവിച്ച് ഭൂമിയിൽ നിത്യമായി ജീവിക്കുമെന്നും റഥർഫോർഡ് സഹോദരൻ തിരുവെഴുത്തുകൾ ഉപയോഗിച്ച് വിശദീകരിച്ചു. (വെളി. 7:14) യേശു പറഞ്ഞു: “ഈ തൊഴുത്തിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്. അവയെയും ഞാൻ അകത്ത് കൊണ്ടുവരേണ്ടതാണ്. അവയും എന്റെ ശബ്ദം കേട്ടനുസരിക്കും. അങ്ങനെ അവർ ഒറ്റ ആട്ടിൻകൂട്ടമാകും, അവർക്കെല്ലാവർക്കും ഇടയനും ഒന്ന്.” (യോഹ. 10:16) ചെമ്മരിയാടുകളെപ്പോലുള്ള ഇക്കൂട്ടർ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള യഹോവയുടെ വിശ്വസ്തസാക്ഷികളാണ്. (മത്താ. 25:31-33, 46) ബൈബിൾസത്യത്തെക്കുറിച്ചുള്ള ഈ പുതിയ ഗ്രാഹ്യം മുമ്പ് പറഞ്ഞ 18 വയസ്സുകാരൻ ഉൾപ്പെടെയുള്ള പലരുടെയും ജീവിതം മാറ്റിമറിച്ചു. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.—സങ്കീ. 97:11; സുഭാ. 4:18.
ആയിരങ്ങളുടെ കാഴ്ചപ്പാട് മാറ്റിയ പുതിയ ഗ്രാഹ്യം
3-4. 1935-ലെ കൺവെൻഷനിലെ പ്രസംഗത്തിലൂടെ ആയിരക്കണക്കിന് ആളുകൾ അവരുടെ പ്രത്യാശയെക്കുറിച്ച് എന്തു തിരിച്ചറിഞ്ഞു, അവർക്ക് അങ്ങനെ തോന്നാൻ കാരണം എന്തായിരുന്നു?
3 കൺവെൻഷനിടെ ആ പ്രസംഗകൻ സദസ്സിനോട് ഇങ്ങനെ ചോദിച്ചു: “ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന എല്ലാവർക്കും ദയവായി എഴുന്നേറ്റ് നിൽക്കാമോ?” അതൊരു അവിസ്മരണീയമായ നിമിഷമായിരുന്നു. കൂടിവന്ന 20,000-ത്തോളം ആളുകളിൽ പകുതിയിലധികം പേർ എഴുന്നേറ്റുനിന്നു. റഥർഫോർഡ് സഹോദരൻ ഇങ്ങനെ പ്രഖ്യാപിച്ചു: “കാൺമിൻ! മഹാപുരുഷാരം!” അപ്പോൾ സദസ്സിലുണ്ടായിരുന്നവർ സന്തോഷത്തോടെ ആർപ്പിട്ടു. സ്വർഗീയജീവനായി തങ്ങളെ തിരഞ്ഞെടുത്തിട്ടില്ലെന്ന് അവിടെ എഴുന്നേറ്റുനിന്നവർ തിരിച്ചറിഞ്ഞു. തങ്ങളെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിട്ടില്ലെന്ന് അവർ വ്യക്തമായി മനസ്സിലാക്കി. കൺവെൻഷന്റെ അടുത്ത ദിവസം 840 പേർ സ്നാനമേറ്റു. അവരിൽ മിക്കവരും വേറെ ആടുകളിൽപ്പെട്ടവരായിരുന്നു.
4 ആ പ്രസംഗത്തിനു ശേഷം, മുമ്പ് പറഞ്ഞ ആ ചെറുപ്പക്കാരൻ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ കർത്താവിന്റെ അത്താഴത്തിന് അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നത് നിറുത്തി. ഒരു സഹോദരൻ താഴ്മയോടെ ഇങ്ങനെ പറഞ്ഞു: “1935-ലെ സ്മാരകത്തിനാണ് ഞാൻ അവസാനമായി അപ്പവീഞ്ഞുകളിൽ പങ്കുപറ്റിയത്. യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട് എനിക്ക് സ്വർഗീയപ്രത്യാശ നൽകിയിട്ടില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഭൂമിയിൽ ജീവിക്കാനും മറ്റുള്ളവരോടൊപ്പം ഈ ഭൂമിയെ ഒരു പറുദീസയാക്കാനും ഉള്ള പ്രത്യാശയാണ് എനിക്കുണ്ടായിരുന്നത്.” പലർക്കും ഇങ്ങനെതന്നെയാണ് തോന്നിയത്. (റോമ. 8:16, 17; 2 കൊരി. 1:21, 22) അന്നുമുതൽ മഹാപുരുഷാരത്തിലുള്ളവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു, അവർ അഭിഷിക്തശേഷിപ്പിനോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നു. c
5. സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നതു നിറുത്തിയവരെ യഹോവ എങ്ങനെയാണു കാണുന്നത്?
5 യഹോവ എങ്ങനെയാണ്, 1935-നു ശേഷം സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നതു നിറുത്തിയവരെ കാണുന്നത്? അതുപോലെ ഇക്കാലത്ത്, കർത്താവിന്റെ അത്താഴസമയത്ത് അപ്പവീഞ്ഞുകളിൽ ശുദ്ധഹൃദയത്തോടെ പങ്കുപറ്റുകയും എന്നാൽ പിന്നീട് താൻ ഒരു അഭിഷിക്തനല്ല എന്നു തിരിച്ചറിയുകയും ചെയ്യുന്ന ഒരാളുടെ കാര്യമോ? (1 കൊരി. 11:28) ചിലർ ചിഹ്നങ്ങളിൽ പങ്കുപറ്റിയിരുന്നത് അവർക്ക് അവരുടെ പ്രത്യാശയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാലാണ്. എന്നാൽ അവർ അവരുടെ തെറ്റ് തിരിച്ചറിയുകയും അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നതു നിറുത്തുകയും ചെയ്തുകൊണ്ട് യഹോവയെ വിശ്വസ്തമായി സേവിക്കുകയാണെങ്കിൽ തീർച്ചയായും യഹോവ അവരെ വേറെ ആടുകളിൽപ്പെട്ടവരായി കണക്കാക്കും. അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നില്ലെങ്കിലും യഹോവയും യേശുവും തങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെ വിലമതിക്കുന്നതുകൊണ്ട് അവർ സ്മാരകത്തിന് ഇപ്പോഴും കൂടിവരുന്നു.
അതുല്യമായ ഒരു പ്രത്യാശ
6. യേശു ദൂതന്മാരോട് എന്തു ചെയ്യാനാണ് കല്പിക്കുന്നത്?
6 മഹാകഷ്ടത തൊട്ടടുത്തെത്തിയിരിക്കുന്ന ഈ സമയത്ത് അഭിഷിക്തക്രിസ്ത്യാനികളെയും വേറെ ആടുകളുടെ മഹാപുരുഷാരത്തെയും കുറിച്ച് വെളിപാട് 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചിന്തിക്കുന്നതു നമുക്ക് ഒരു പ്രോത്സാഹനമായിരിക്കും. അവിടെ, നാശത്തിന്റെ നാലു കാറ്റുകൾ പിടിച്ചുനിറുത്താൻ യേശു ദൂതന്മാരോടു കല്പിക്കുന്നു. എല്ലാ അഭിഷിക്തക്രിസ്ത്യാനികളെയും മുദ്രയിട്ട് തീരുന്നതുവരെ, അതായത് അവർക്ക് യഹോവയുടെ അന്തിമ അംഗീകാരം കിട്ടുന്നതുവരെ ദൂതന്മാർ ആ കാറ്റുകൾ അഴിച്ചുവിടാൻ പാടില്ലായിരുന്നു. (വെളി. 7:1-4) ക്രിസ്തുവിന്റെ അഭിഷിക്തസഹോദരന്മാർക്ക് അവരുടെ വിശ്വസ്തതയ്ക്കു പ്രതിഫലം ലഭിക്കും, സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം അവർ രാജാക്കന്മാരും പുരോഹിതന്മാരും ആയിത്തീരും. (വെളി. 20:6) അഭിഷിക്തരായ 1,44,000 പേർക്ക് അവരുടെ സ്വർഗീയപ്രതിഫലം ലഭിക്കുന്നതു കാണാൻ യഹോവയും യേശുവും ദൂതന്മാരും ആകാംക്ഷയുള്ളവരാണ്.
7. വെളിപാട് 7:9, 10 പറയുന്നതുപോലെ, ദർശനത്തിൽ യോഹന്നാൻ ആരെയാണ് കാണുന്നത്, അവർ എന്തു ചെയ്യുകയാണ്? (പുറംതാളിലെ ചിത്രം കാണുക.)
7 രാജാക്കന്മാരും പുരോഹിതന്മാരും ആയ 1,44,000 പേരെക്കുറിച്ച് പറഞ്ഞതിനു ശേഷം യോഹന്നാൻ ആവേശകരമായ മറ്റൊരു കാഴ്ച കാണുന്നു, അർമഗെദോനെ അതിജീവിച്ചുവരുന്ന ഒരു ‘മഹാപുരുഷാരത്തെ.’ 1,44,000 പേരെക്കാൾ വളരെ വലുതാണ് ഈ കൂട്ടം. അവരുടെ എണ്ണം കൃത്യമായി പറയുന്നില്ല. (വെളിപാട് 7:9, 10 വായിക്കുക.) അവർ ‘വെള്ളക്കുപ്പായം ധരിച്ചിരിക്കുന്നു.’ സാത്താന്റെ ലോകത്തിന്റെ “കറ പറ്റാതെ” അവർ തങ്ങളെത്തന്നെ സൂക്ഷിച്ചിരിക്കുന്നെന്നും ദൈവത്തോടും ക്രിസ്തുവിനോടും വിശ്വസ്തരായി നിൽക്കുന്നെന്നും ആണ് അതു സൂചിപ്പിക്കുന്നത്. (യാക്കോ. 1:27) യഹോവയും ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തുവും ആണ് തങ്ങളുടെ രക്ഷയ്ക്കു വഴിയൊരുക്കിയതെന്ന് അവർ ഉറക്കെ പറയുന്നു. കൂടാതെ, അവർ ഈന്തപ്പനയുടെ ഓലയും പിടിച്ചിട്ടുണ്ട്. അതു സൂചിപ്പിക്കുന്നത് യഹോവയുടെ നിയമിതരാജാവായി അവർ യേശുവിനെ സന്തോഷത്തോടെ അംഗീകരിക്കുന്നു എന്നാണ്.—യോഹന്നാൻ 12:12, 13 താരതമ്യം ചെയ്യുക.
8. വെളിപാട് 7:11, 12 യഹോവയുടെ സ്വർഗീയകുടുംബത്തെക്കുറിച്ച് നമ്മളോട് എന്താണു പറയുന്നത്?
8 വെളിപാട് 7:11, 12 വായിക്കുക. മഹാപുരുഷാരത്തിൽപ്പെട്ടവരെ കാണുമ്പോൾ സ്വർഗത്തിലുള്ളവരുടെ പ്രതികരണം എന്താണ്? അവർ അതിരറ്റ സന്തോഷത്താൽ യഹോവയെ സ്തുതിക്കുന്നതാണ് യോഹന്നാൻ കാണുന്നത്. അതെ, ഈ ദർശനം നിറവേറുന്നതു കാണുമ്പോൾ, ശരിക്കും മഹാപുരുഷാരം മഹാകഷ്ടതയെ അതിജീവിച്ചുവരുന്നതു കാണുമ്പോൾ, യഹോവയുടെ സ്വർഗീയകുടുംബം അതിയായി സന്തോഷിക്കും.
9. വെളിപാട് 7:13-15 അനുസരിച്ച്, മഹാപുരുഷാരത്തിൽപ്പെട്ടവർ ഇപ്പോൾ എന്തു ചെയ്യുകയാണ്?
9 വെളിപാട് 7:13-15 വായിക്കുക. മഹാപുരുഷാരം ‘കുഞ്ഞാടിന്റെ രക്തത്തിൽ അവരുടെ വസ്ത്രം കഴുകിവെളുപ്പിച്ചിരിക്കുന്നു’ എന്നു പറയുന്നു. ഇതു സൂചിപ്പിക്കുന്നത് അവർക്കു ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ടെന്നും അവർക്ക് യഹോവയുടെ പ്രീതി ലഭിച്ചിരിക്കുന്നെന്നും ആണ്. (യശ. 1:18) അവർ യഹോവയ്ക്കു സമർപ്പിച്ച് സ്നാനമേറ്റിരിക്കുന്നു. യേശുവിന്റെ മോചനവിലയിൽ അവർക്കു ശക്തമായ വിശ്വാസമുണ്ട്. യഹോവയുമായി നല്ല ഒരു ബന്ധവും അവർ കാത്തുസൂക്ഷിക്കുന്നു. (യോഹ. 3:36; 1 പത്രോ. 3:21) അതുകൊണ്ട് യഹോവയുടെ സിംഹാസനത്തിനു മുന്നിൽ നിൽക്കാനും ഭൂമിയിൽ “രാപ്പകൽ വിശുദ്ധസേവനം” അനുഷ്ഠിക്കാനും അവർക്കു കഴിയുന്നു. ഇക്കാലത്ത് പ്രസംഗ-ശിഷ്യരാക്കൽവേലയിൽ ഏറിയ പങ്കും അവരാണ് ചെയ്യുന്നത്. അവർ സ്വന്തം താത്പര്യങ്ങളെക്കാൾ ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്കു മുൻതൂക്കം കൊടുക്കുന്നു.—മത്താ. 6:33; 24:14; 28:19, 20.
10. മഹാപുരുഷാരത്തിന് എന്ത് ഉറപ്പുണ്ട്, ഏതു വാഗ്ദാനം നിറവേറുന്നത് അവർ കാണും?
10 മഹാകഷ്ടതയെ അതിജീവിച്ച് പുറത്തുവരുന്ന മഹാപുരുഷാരത്തിന്, തുടർന്നും യഹോവ അവരെ പരിപാലിക്കും എന്ന ഉറപ്പുണ്ട്. കാരണം, “സിംഹാസനത്തിൽ ഇരിക്കുന്നവൻ തന്റെ കൂടാരത്തിൽ അവർക്ക് അഭയം നൽകും” എന്നു പറഞ്ഞിരിക്കുന്നു. “ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല” എന്ന വാഗ്ദാനം, കാലങ്ങളായി വേറെ ആടുകളിൽപ്പെട്ടവർ നിറവേറിക്കാണാൻ കാത്തിരുന്ന വാഗ്ദാനം, അന്നു യാഥാർഥ്യമാകും.—വെളി. 21:3, 4.
11-12. (എ) വെളിപാട് 7:16, 17 പറയുന്നതുപോലെ, മഹാപുരുഷാരത്തിന് എന്തൊക്കെ അനുഗ്രഹങ്ങളാണ് ലഭിക്കാൻപോകുന്നത്? (ബി) കർത്താവിന്റെ അത്താഴത്തിന്റെ ദിവസം വേറെ ആടുകൾക്ക് എന്തു ചെയ്യാൻ കഴിയും, അതിന് അവരെ പ്രേരിപ്പിക്കുന്നത് എന്താണ്?
11 വെളിപാട് 7:16, 17 വായിക്കുക. സാമ്പത്തികഞെരുക്കവും യുദ്ധത്തിന്റെയും ആഭ്യന്തരകലാപത്തിന്റെയും കെടുതികളും കാരണം, ഇന്ന് യഹോവയുടെ ജനത്തിലെ ചിലർ അക്ഷരീയ അർഥത്തിൽ വിശപ്പ് അനുഭവിക്കുന്നു. മറ്റു ചിലർ വിശ്വാസത്തിന്റെ പേരിൽ തടവിലാണ്. എങ്കിലും, ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെ അതിജീവിച്ചശേഷം, ഭൗതികവും ആത്മീയവും ആയ ഭക്ഷണം സമൃദ്ധമായി ലഭിക്കുമെന്ന അറിവ്, മഹാപുരുഷാരത്തിൽപ്പെട്ട ഇവരെ ആവേശഭരിതരാക്കുന്നു. സാത്താന്റെ ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കുമ്പോൾ, രാഷ്ട്രങ്ങളുടെ മേൽ യഹോവ ‘അസഹ്യമായ ചൂട്,’ അതായത് തന്റെ കോപം ചൊരിയും. അതു പക്ഷേ, മഹാപുരുഷാരത്തെ ബാധിക്കില്ലെന്ന് യഹോവ ഉറപ്പാക്കും. മഹാകഷ്ടം അവസാനിച്ചശേഷം, അതിജീവിച്ചവരെ യേശു “ജീവജലത്തിന്റെ ഉറവുകളിലേക്ക്” നടത്തും, അതായത് നിത്യജീവൻ നേടാൻ അവരെ സഹായിക്കും. എത്ര അതുല്യമായ ഒരു പ്രത്യാശയാണ് മഹാപുരുഷാരത്തിനുള്ളത്! ഇതുവരെ ജീവിച്ച കോടിക്കണക്കിന് മനുഷ്യരിൽ അവർക്കു മാത്രം ഒരിക്കലും മരിക്കാതെ എന്നും ജീവിക്കാനാകും.—യോഹ. 11:26.
12 ഇത്ര മഹത്തായ ഒരു പ്രത്യാശയുള്ളതുകൊണ്ട് മഹാപുരുഷാരം യഹോവയോടും യേശുക്രിസ്തുവിനോടും നന്ദിയുള്ളവരാണ്. സ്വർഗത്തിൽ ജീവിക്കാൻ അവരെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും, അഭിഷിക്തരെ സ്നേഹിക്കുന്നതുപോലെതന്നെ യഹോവ അവരെയും സ്നേഹിക്കുന്നു. അവരെ വില കുറഞ്ഞവരായി കാണുന്നില്ല. ഈ രണ്ടു കൂട്ടർക്കും ദൈവത്തെയും ക്രിസ്തുവിനെയും സ്തുതിക്കാൻ കഴിയും. അതിനുള്ള ഒരു വഴി കർത്താവിന്റെ അത്താഴത്തിനു ഹാജരാകുന്നതാണ്.
സ്മാരകാചരണത്തിലൂടെ യഹോവയെയും ക്രിസ്തുവിനെയും സ്തുതിക്കുക
13-14. ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അഭിഷിക്തരോടൊപ്പം വേറെ ആടുകളും ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കേണ്ടത് എന്തുകൊണ്ട്?
13 ഈ അടുത്ത കാലത്തായി, സ്മാരകത്തിനു ഹാജരാകുന്നവരിൽ ഏകദേശം ആയിരത്തിൽ ഒരാൾ മാത്രമേ അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നുള്ളൂ. മിക്ക സഭകളിലും അപ്പവീഞ്ഞുകൾ കഴിക്കുന്നവരില്ല. സ്മാരകാചരണത്തിനു കൂടിവരുന്ന അധികം പേരും ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരാണ്. അങ്ങനെയെങ്കിൽ അവർ എന്തിനാണ് കർത്താവിന്റെ അത്താഴത്തിനു ഹാജരാകുന്നത്? ഒരു സുഹൃത്തിന്റെ കല്ല്യാണത്തിന് ആളുകൾ പോകുന്നതിന്റെ അതേ കാരണംതന്നെയാണ് ഇതിനുമുള്ളത്. ആളുകൾ പോകുന്നത് ആ ദമ്പതികളോടു സ്നേഹമുള്ളതുകൊണ്ടാണ്, അവർക്കു പിന്തുണ നൽകാനാണ്. സ്മാരകാചരണത്തിനു വേറെ ആടുകൾ ഹാജരാകുന്നത്, ക്രിസ്തുവിനെയും അഭിഷിക്തരെയും സ്നേഹിക്കുന്നെന്നും അവരെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നെന്നും കാണിക്കാനാണ്. ഭൂമിയിൽ എന്നേക്കും ജീവിക്കാൻ വേറെ ആടുകൾക്കു സാധ്യമാകുന്നത് യേശുവിന്റെ ബലിമരണം മൂലമാണ്. അതിനോടുള്ള വിലമതിപ്പ് സ്മാരകാചരണത്തിനു ഹാജരാകാൻ വേറെ ആടുകളെ പ്രേരിപ്പിക്കുന്നു.
14 വേറെ ആടുകൾ സ്മാരകാചരണത്തിനു കൂടിവരുന്നതിന്റെ മറ്റൊരു കാരണം, അവർ യേശുവിന്റെ കല്പന അനുസരിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്. യേശു ഈ പ്രത്യേക ആചരണം ഏർപ്പെടുത്തിയപ്പോൾ കൂടെയുണ്ടായിരുന്ന വിശ്വസ്തരായ അപ്പോസ്തലന്മാരോട് ഇങ്ങനെ പറഞ്ഞു: “എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.” (1 കൊരി. 11:23-26) അതുകൊണ്ട് ഭൂമിയിൽ അഭിഷിക്തർ ഉള്ളിടത്തോളം കാലം, വേറെ ആടുകൾ കർത്താവിന്റെ അത്താഴം ആചരിക്കും. കൂടാതെ, സ്മാരകാചരണത്തിൽ പങ്കെടുക്കാൻ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യും.
15. സ്മാരകാചരണത്തിന്റെ സമയത്ത് നമുക്ക് എങ്ങനെ ദൈവത്തെയും ക്രിസ്തുവിനെയും സ്തുതിക്കാം?
15 പാട്ടിലൂടെയും പ്രാർഥനയിലൂടെയും സ്മാരകാചരണസമയത്ത് നമുക്കു ദൈവത്തെയും ക്രിസ്തുവിനെയും സ്തുതിക്കാൻ കഴിയും. “ദൈവവും ക്രിസ്തുവും നിങ്ങൾക്കായി ചെയ്തതിനെ വിലമതിക്കുക!” എന്നതായിരിക്കും, ഈ വർഷത്തെ സ്മാരകദിവസം നടത്തുന്ന പ്രസംഗത്തിന്റെ വിഷയം. യഹോവയോടും യേശുവിനോടും ഉള്ള വിലമതിപ്പു വർധിപ്പിക്കാൻ ഈ പ്രസംഗം നിങ്ങളെ സഹായിക്കും. അപ്പവും വീഞ്ഞും കൈമാറുമ്പോൾ, അവ പ്രതീകപ്പെടുത്തുന്ന യേശുവിന്റെ ശരീരത്തെയും രക്തത്തെയും കുറിച്ച് ചിന്തിക്കാൻ നമുക്കു കഴിയും. നമുക്കു നിത്യജീവൻ നൽകുന്നതിനുവേണ്ടി യഹോവ തന്റെ മകനെ മരിക്കാൻ അനുവദിച്ചു എന്ന കാര്യവും നമ്മൾ അപ്പോൾ ചിന്തിക്കും. (മത്താ. 20:28) നമ്മുടെ സ്വർഗീയപിതാവിനെയും മകനെയും സ്നേഹിക്കുന്ന ഏതൊരാളും സ്മാരകാചരണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കും.
മഹത്തായ ഈ പ്രത്യാശയ്ക്ക് യഹോവയ്ക്കു നന്ദി നൽകുക
16. ഏതെല്ലാം കാര്യങ്ങളിൽ അഭിഷിക്തരും വേറെ ആടുകളും ഒരേപോലെയാണ്?
16 ദൈവമുമ്പാകെയുള്ള മൂല്യത്തിന്റെ കാര്യത്തിൽ അഭിഷിക്തർക്കും വേറെ ആടുകൾക്കും തമ്മിൽ വ്യത്യാസമില്ല. രണ്ടു കൂട്ടരെയും യഹോവ ഒരേപോലെ സ്നേഹിക്കുന്നു. കൂടാതെ, അഭിഷിക്തരെയും വേറെ ആടുകളെയും യഹോവ ഒരേ വില കൊടുത്താണ് വാങ്ങിയത്, തന്റെ പ്രിയപുത്രന്റെ ജീവൻ. ഈ രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം, അവർക്കു രണ്ടു തരം പ്രത്യാശയാണുള്ളത് എന്നാണ്. രണ്ടു കൂട്ടരും ദൈവത്തോടും ക്രിസ്തുവിനോടും വിശ്വസ്തരായി നിൽക്കണം. (സങ്കീ. 31:23) അഭിഷിക്തരാണെങ്കിലും വേറെ ആടുകളിൽപ്പെട്ടവരാണെങ്കിലും, ഓരോരുത്തർക്കും വേണ്ട അളവിൽ യഹോവ പരിശുദ്ധാത്മാവിനെ നൽകും.
17. അഭിഷിക്തരുടെ ശേഷിപ്പ് എന്തിനുവേണ്ടി നോക്കിയിരിക്കുകയാണ്?
17 സ്വർഗീയപ്രത്യാശ അഭിഷിക്തക്രിസ്ത്യാനികൾക്കു ജന്മനാ കിട്ടുന്ന ഒന്നല്ല. ആ പ്രത്യാശ പിന്നീട് അവർക്കു ദൈവം കൊടുക്കുന്നതാണ്. അവർ അവരുടെ പ്രത്യാശയെക്കുറിച്ച് ചിന്തിക്കുന്നു, അതെക്കുറിച്ച് പ്രാർഥിക്കുന്നു, സ്വർഗീയപ്രതിഫലത്തിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു. തങ്ങൾക്കു ലഭിക്കാൻപോകുന്ന ആത്മീയശരീരം എങ്ങനെയുള്ളതാണെന്ന് അവർക്ക് ഒരു ധാരണയുമില്ല. (ഫിലി. 3:20, 21; 1 യോഹ. 3:2) എങ്കിലും യഹോവയെയും യേശുവിനെയും ദൂതന്മാരെയും മറ്റ് അഭിഷിക്തരെയും കാണാനും സ്വർഗരാജ്യത്തിന്റെ ഭാഗമാകാനും അവർ നോക്കിയിരിക്കുകയാണ്.
18. വേറെ ആടുകൾ എന്തിനായിട്ടാണ് കാത്തിരിക്കുന്നത്?
18 അതേസമയം, വേറെ ആടുകൾക്കുള്ള പ്രത്യാശ എല്ലാ മനുഷ്യർക്കും സ്വാഭാവികമായുള്ള ആഗ്രഹമാണ്. ഭൂമിയിൽ എന്നേക്കും ജീവിക്കുക എന്നതാണ് അത്. (സഭാ. 3:11) മുഴുഭൂമിയും ഒരു പറുദീസയാക്കി മാറ്റുന്ന പ്രവർത്തനത്തിൽ ഒരു പങ്കുണ്ടായിരിക്കാൻ അവർ ആകാംക്ഷയുള്ളവരാണ്, സ്വന്തം വീടുകൾ പണിയാനും സ്വന്തം തോട്ടങ്ങൾ നട്ടുപിടിപ്പിക്കാനും മക്കളെ പൂർണ ആരോഗ്യമുള്ളവരായി വളർത്തിക്കൊണ്ടുവരാനും കഴിയുന്ന നാളുകൾക്കായി. (യശ. 65:21-23) പലപല സ്ഥലങ്ങളും മലനിരകളും കാടുകളും കടലുകളും ഒക്കെ കാണാനും യഹോവയുടെ സൃഷ്ടികളെക്കുറിച്ച് പഠിക്കാനും കഴിയുന്ന ആ കാലം അവർ മനക്കണ്ണിൽ കാണുന്നു. ഇവയെക്കാളെല്ലാം അവരെ ആവേശം കൊള്ളിക്കുന്ന കാര്യം മറ്റൊന്നാണ്. ഓരോ ദിവസം കഴിയുംതോറും യഹോവയുമായുള്ള അവരുടെ അടുപ്പം ഒന്നിനൊന്ന് ശക്തമാകും എന്നതാണ് അത്.
19. സ്മാരകം നമുക്ക് ഓരോരുത്തർക്കും എന്തിനുള്ള അവസരം തരുന്നു, ഈ വർഷം എന്നായിരിക്കും സ്മാരകം ആചരിക്കുക?
19 യഹോവ തന്റെ ഓരോ ദാസനും മഹത്തായ ഒരു ഭാവിപ്രത്യാശ തന്നിട്ടുണ്ട്. (യിരെ. 29:11) നമ്മൾ എന്നും ജീവിച്ചിരിക്കേണ്ടതിന് യഹോവയും ക്രിസ്തുവും ചെയ്ത കാര്യങ്ങൾക്ക് അവരെ സ്തുതിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണം അതിനുള്ള അവസരമാണ്. ക്രിസ്ത്യാനികളുടെ കൂടിവരവുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്മാരകം. 2021-ൽ, മാർച്ച് 27 ശനിയാഴ്ച സൂര്യാസ്തമയത്തിനു ശേഷമാണ് ഇതു നടക്കുന്നത്. ഈ ആചരണത്തിനു സ്വതന്ത്രമായി കൂടിവരാൻ കഴിയുന്ന സ്ഥലങ്ങളിലാണ് പലരും. എതിർപ്പുകൾക്കു മധ്യേയാണ് ചിലർ ഇത് ആചരിക്കാൻ പോകുന്നത്. മറ്റു ചിലരാകട്ടെ, ജയിലിൽവെച്ചായിരിക്കും ഇത് ആചരിക്കുക. യഹോവയും യേശുവും ദൂതന്മാരും പുനരുത്ഥാനപ്പെട്ട അഭിഷിക്തരും നോക്കിനിൽക്കെ, ഓരോ സഭയ്ക്കും കൂട്ടത്തിനും വ്യക്തിക്കും നല്ലൊരു സ്മാരകം ആചരിക്കാൻ കഴിയുമാറാകട്ടെ!
ഗീതം 150 രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
a 2021 മാർച്ച് 27 യഹോവയുടെ സാക്ഷികൾക്ക് പ്രത്യേകതയുള്ള ഒരു ദിവസമാണ്. അന്നു വൈകുന്നേരം നമ്മൾ ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കും. അന്നു കൂടിവരുന്നവരിൽ ഭൂരിപക്ഷം പേരും യേശു ‘വേറെ ആടുകൾ’ എന്നു വിളിച്ച കൂട്ടത്തിൽപ്പെട്ടവരാണ്. ആ കൂട്ടത്തെക്കുറിച്ച് ആവേശം ജനിപ്പിക്കുന്ന ഏതു സത്യമാണ് 1935-ൽ തിരിച്ചറിഞ്ഞത്? മഹാകഷ്ടതയ്ക്കു ശേഷം മഹാപുരുഷാരത്തെ ഏതു മഹത്തായ പ്രത്യാശയാണു കാത്തിരിക്കുന്നത്? സ്മാരകാചരണത്തിനു കൂടിവരുമ്പോൾ വേറെ ആടുകളിൽപ്പെട്ടവർക്ക് എങ്ങനെയാണ് യഹോവയെയും ക്രിസ്തുവിനെയും സ്തുതിക്കാനാകുക?
b പദപ്രയോഗങ്ങളുടെ വിശദീകരണം: വേറെ ആടുകൾ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള, ക്രിസ്തുവിനെ അനുഗമിക്കുന്ന ആളുകളുടെ കൂട്ടമാണ്. ഈ അവസാനകാലത്ത് യഹോവയെ ആരാധിക്കാൻ തുടങ്ങിയവർ അവരിൽപ്പെടുന്നു. മഹാപുരുഷാരം എന്നു പരാമർശിച്ചിരിക്കുന്നതു വേറെ ആടുകളിൽപ്പെട്ട ഒരു കൂട്ടത്തെയാണ്. മഹാകഷ്ടതയുടെ സമയത്ത് യേശു ന്യായം വിധിക്കുമ്പോൾ ഭൂമിയിൽ ജീവനോടെയുള്ള, അർമഗെദോനെ അതിജീവിക്കുന്ന കൂട്ടമാണ് അവർ.
c പദപ്രയോഗത്തിന്റെ വിശദീകരണം: കർത്താവിന്റെ അത്താഴത്തിൽ പങ്കുപറ്റുന്ന, ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന അഭിഷിക്തക്രിസ്ത്യാനികളെയാണ് “ശേഷിപ്പ്” എന്നു പറയുന്നത്.