വിശ്വാസം—നമ്മളെ ശക്തരാക്കിനിറുത്തുന്ന ഗുണം
വിശ്വാസത്തിന് അസാമാന്യമായ ശക്തിയുണ്ട്. ഉദാഹരണത്തിന്, നമ്മളെയെല്ലാം ആത്മീയമായി കൊന്നുകളയാൻ സാത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, വിശ്വാസമുണ്ടെങ്കിൽ ആ “ദുഷ്ടന്റെ തീയമ്പുകളെ മുഴുവൻ കെടുത്തിക്കളയാൻ” നമുക്കു കഴിയും. (എഫെ. 6:16) മലപോലെയുള്ള പ്രശ്നങ്ങൾ ഉയർന്നുവന്നാലും, വിശ്വാസമുണ്ടെങ്കിൽ അവ നേരിടാൻ നമ്മൾ പ്രാപ്തരാകും. യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് ഒരു കടുകുമണിയുടെ അത്രയെങ്കിലും വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക’ എന്നു പറഞ്ഞാൽ അതു നീങ്ങും.” (മത്താ. 17:20) വിശ്വാസത്തിനു നമ്മളെ ആത്മീയമായി ശക്തരാക്കിനിറുത്താൻ കഴിയും. അതുകൊണ്ട് നമുക്കു പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം: എന്താണു വിശ്വാസം? നമ്മുടെ ഹൃദയനിലയും വിശ്വാസവും തമ്മിലുള്ള ബന്ധം എന്താണ്? നമുക്കു നമ്മുടെ വിശ്വാസം എങ്ങനെ ശക്തമാക്കാം? നമ്മൾ ആരിലാണു വിശ്വാസം അർപ്പിക്കേണ്ടത്?—റോമ. 4:3.
എന്താണു വിശ്വാസം?
ബൈബിൾസത്യം വെറുതേ അംഗീകരിക്കുന്നതു മാത്രമല്ല വിശ്വാസം. കാരണം, “ഭൂതങ്ങളും (ദൈവമുണ്ടെന്ന്) വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു.” (യാക്കോ. 2:19) അങ്ങനെയെങ്കിൽ, എന്താണു വിശ്വാസം?
വിശ്വാസത്തിനു രണ്ടു വശങ്ങളുണ്ടെന്നു ബൈബിൾ പറയുന്നു. ഒന്ന്, ‘വിശ്വാസം എന്നത്, പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ച ബോധ്യമാണ്.’ (എബ്രാ. 11:1എ) വിശ്വാസമുണ്ടെങ്കിൽ യഹോവ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്നും അവയെല്ലാം നടപ്പാകുമെന്നും നിങ്ങൾ ഉറച്ച് വിശ്വസിക്കും. ഉദാഹരണത്തിന്, യഹോവ ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞു: “രാത്രിയെക്കുറിച്ചും പകലിനെക്കുറിച്ചും ഉള്ള എന്റെ ഉടമ്പടി വിഫലമാക്കി രാത്രിയും പകലും കൃത്യമായ സമയത്ത് വരുന്നതു തടയാൻ നിനക്കു കഴിയുമോ? എങ്കിൽ മാത്രമേ എന്റെ ദാസനായ ദാവീദിനോടുള്ള എന്റെ ഉടമ്പടി ലംഘിക്കപ്പെടുകയുള്ളൂ.” (യിരെ. 33:20, 21) സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും ഒരു ദിവസം അവസാനിക്കുമെന്നും അങ്ങനെ പകലും രാത്രിയും ഇല്ലാതാകുമെന്നും നിങ്ങൾക്ക് എപ്പോഴെങ്കിലും പേടി തോന്നിയിട്ടുണ്ടോ? ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങാനും സൂര്യനു ചുറ്റും വലംവെക്കാനും ഇടയാക്കുന്ന ഭൗതികനിയമങ്ങളെ നിങ്ങൾ സംശയിക്കുന്നില്ലെങ്കിൽ, ആ നിയമങ്ങൾ സ്ഥാപിച്ച സ്രഷ്ടാവിനു തന്റെ വാക്കു നിവർത്തിക്കാൻ കഴിയുമോ എന്നു നിങ്ങൾ സംശയിക്കണോ? ഒരു ആവശ്യവുമില്ല.—യശ. 55:10, 11; മത്താ. 5:18.
രണ്ട്, വിശ്വാസം ‘കണ്ടിട്ടില്ലാത്ത യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ശക്തമായ തെളിവിൽ അധിഷ്ഠിതമായ നിശ്ചയമാണ്.’ എന്നു പറഞ്ഞാൽ, നമുക്കു കാണാൻ കഴിയാത്ത, അതേസമയം സ്ഥിതി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള ബോധ്യം. പക്ഷേ അതിനു ശക്തമായ തെളിവുണ്ട്. വിശ്വാസത്തെ ‘ശക്തമായ തെളിവ്’ എന്നുപോലും വിളിച്ചിട്ടുണ്ട്. (എബ്രാ. 11:1ബി, അടിക്കുറിപ്പ്) അത് എങ്ങനെ? ഇങ്ങനെ ചിന്തിക്കുക: ഒരു കുട്ടി നിങ്ങളോടു ചോദിക്കുന്നു: ‘വായു ഉണ്ടെന്ന് എങ്ങനെ അറിയാം?’ നിങ്ങൾ ഇതേവരെ വായു കണ്ടിട്ടില്ലെങ്കിലും അതു ശരിക്കുമുണ്ടെന്നു കാണിക്കുന്ന തെളിവുകളെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾ കുട്ടിയെ സഹായിക്കും. ഉദാഹരണത്തിന്, ശ്വസനത്തെയും കാറ്റിനെയും കുറിച്ചൊക്കെ നിങ്ങൾ പറഞ്ഞേക്കാം. ഈ തെളിവ് കിട്ടിക്കഴിയുമ്പോൾ അവനു കാണാൻ കഴിയുന്നില്ലെങ്കിലും വായു ശരിക്കുമുണ്ടെന്ന് അവനു ബോധ്യമാകും. സമാനമായി, വിശ്വാസത്തിന്റെ അടിസ്ഥാനം ശക്തമായ തെളിവുകളാണ്. —റോമ. 1:20.
ശരിയായ ഹൃദയനില ആവശ്യം
വിശ്വാസത്തിന്റെ അടിസ്ഥാനം തെളിവുകളായതുകൊണ്ട് വിശ്വാസം വളർത്തണമെങ്കിൽ ഒരു വ്യക്തി ‘സത്യത്തിന്റെ ശരിയായ അറിവ് നേടണം.’ (1 തിമൊ. 2:4) എന്നാൽ അതു മാത്രം പോരാ. കാരണം പൗലോസ് അപ്പോസ്തലൻ ‘ഹൃദയംകൊണ്ട് വിശ്വസിക്കുന്നതിനെക്കുറിച്ച്’ പറയുന്നു. (റോമ. 10:10, സത്യവേദപുസ്തകം) ഹൃദയംകൊണ്ട് വിശ്വസിക്കുന്ന ഒരു വ്യക്തിയാണു ബൈബിൾസത്യങ്ങൾ വിലമതിക്കുന്നത്. അപ്പോൾ മാത്രമേ വിശ്വാസം പ്രവൃത്തികളിലൂടെ കാണിക്കാൻ, അഥവാ വിശ്വാസത്തിനു ചേർച്ചയിൽ ജീവിക്കാൻ, ആ വ്യക്തിക്കു പ്രചോദനം തോന്നുകയുള്ളൂ. (യാക്കോ. 2:20) സത്യത്തോട് ആത്മാർഥമായ വിലമതിപ്പില്ലാത്ത ഒരു വ്യക്തി ശക്തമായ തെളിവുകൾപോലും അവഗണിച്ചേക്കാം. കാരണം സ്വന്തം വിശ്വാസങ്ങൾ പിൻപറ്റാനാണ് അയാൾ ആഗ്രഹിക്കുന്നത്, തന്റെ ജഡികമോഹങ്ങളാണ് അയാൾക്കു പ്രധാനം. (2 പത്രോ. 3:3, 4; യൂദ 18) അതുകൊണ്ടാണു ബൈബിൾക്കാലങ്ങളിൽ അത്ഭുതങ്ങൾ കണ്ട എല്ലാവർക്കും വിശ്വാസം ഇല്ലാതിരുന്നത്. (സംഖ്യ 14:11; യോഹ. 12:37) സത്യത്തെ ശരിക്കും സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളിൽ മാത്രമേ പരിശുദ്ധാത്മാവ് വിശ്വാസം വളർത്തുകയുള്ളൂ.—ഗലാ. 5:22; 2 തെസ്സ. 2:10, 11.
ദാവീദിന്റെ ശക്തമായ വിശ്വാസം
അസാധാരണമായ വിശ്വാസമുണ്ടായിരുന്ന ഒരാളായിരുന്നു ദാവീദ് രാജാവ്. (എബ്രാ. 11:32, 33) എന്നാൽ ദാവീദിന്റെ കുടുംബത്തിലെ എല്ലാവർക്കും അത്തരം വിശ്വാസം ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന്, ദാവീദിന്റെ മൂത്ത ചേട്ടനായ എലിയാബിന്റെ കാര്യമെടുക്കുക. ഗൊല്യാത്ത് ഇസ്രായേലിനെ വെല്ലുവിളിച്ചപ്പോൾ ദാവീദിന് ആകെ വിഷമം തോന്നി. പക്ഷേ അതിന്റെ പേരിൽ എലിയാബ് ദാവീദിനെ കുറ്റപ്പെടുത്തുകയാണു ചെയ്തത്. എലിയാബ് യഹോവയിൽ വിശ്വാസം അർപ്പിച്ചില്ലെന്നാണ് ഇതു കാണിച്ചത്. (1 ശമു. 17:26-28) ഒരാൾ ജനിക്കുമ്പോൾ കിട്ടുന്ന ഒന്നല്ല വിശ്വാസം. അതു മാതാപിതാക്കളിൽനിന്ന് അവകാശമായി കിട്ടുന്നതുമല്ല. അതുകൊണ്ട് ദാവീദിന്റെ വിശ്വാസം ദാവീദിന് ദൈവവുമായുള്ള ബന്ധത്തിൽനിന്നും ഉളവായതാണ്.
എങ്ങനെയാണ് ഇത്ര ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ കഴിഞ്ഞതെന്ന് 27-ാം സങ്കീർത്തനത്തിൽ ദാവീദ് പറയുന്നുണ്ട്. (1-ാം വാക്യം) സ്വന്തം ജീവിതാനുഭവങ്ങളെയും തന്റെ ശത്രുക്കളെ യഹോവ തുരത്തിയതിനെയും കുറിച്ച് ദാവീദ് ധ്യാനിച്ചു. (2-ഉം 3-ഉം വാക്യങ്ങൾ) ആരാധനയ്ക്കുവേണ്ടി യഹോവ ചെയ്ത ക്രമീകരണം ദാവീദ് ആഴമായി വിലമതിച്ചു. (4-ാം വാക്യം) സഹവിശ്വാസികളുടെകൂടെ ദാവീദ് ദൈവത്തെ വിശുദ്ധകൂടാരത്തിൽ ആരാധിച്ചു. (6-ാം വാക്യം) യഹോവയോട് ആത്മാർഥമായി പ്രാർഥിച്ചു. (7-ഉം 8-ഉം വാക്യങ്ങൾ) ദൈവത്തിന്റെ വഴികൾ തന്നെ പഠിപ്പിക്കണമെന്നു ദാവീദ് ആഗ്രഹിച്ചു. (11-ാം വാക്യം) ഈ ഗുണം അത്ര പ്രധാനമായി കണ്ടതുകൊണ്ട് ദാവീദ് ഇങ്ങനെ ചോദിച്ചു: “വിശ്വാസമില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ എവിടെയായിരുന്നേനേ?”—13-ാം വാക്യം.
നിങ്ങൾക്ക് എങ്ങനെ വിശ്വാസം ശക്തമാക്കാം?
27-ാം സങ്കീർത്തനത്തിൽ വിവരിച്ചിരിക്കുന്ന ദാവീദിന്റെ മനോഭാവവും പ്രവൃത്തികളും അനുകരിക്കുന്നെങ്കിൽ ദാവീദിനെപ്പോലെ വിശ്വാസം വളർത്താൻ നിങ്ങൾക്കു കഴിയും. ശരിയായ അറിവാണു വിശ്വാസത്തിന്റെ അടിസ്ഥാനം. അതുകൊണ്ട് ദൈവവചനവും പ്രസിദ്ധീകരണങ്ങളും എത്ര കൂടുതൽ പഠിക്കുന്നോ, ദൈവാത്മാവിന്റെ ഈ ഗുണം വളർത്തിയെടുക്കുന്നതു നിങ്ങൾക്ക് അത്ര എളുപ്പമായിത്തീരും. (സങ്കീ. 1:2, 3) പഠിക്കുമ്പോൾ ധ്യാനിക്കാൻ സമയമെടുക്കുക. ധ്യാനം എന്ന മണ്ണിലാണു വിലമതിപ്പ് എന്ന ചെടി വളർന്നുവരുന്നത്. യഹോവയോടുള്ള നിങ്ങളുടെ വിലമതിപ്പു കൂടുമ്പോൾ വിശ്വാസം പ്രവൃത്തികളിലൂടെ കാണിക്കാനുള്ള ആഗ്രഹവും വർധിക്കും. അങ്ങനെ നിങ്ങൾ സഭായോഗങ്ങളിൽ യഹോവയെ ആരാധിക്കുകയും നിങ്ങളുടെ പ്രത്യാശയെക്കുറിച്ച് മറ്റുള്ളവരോടു പറയുകയും ചെയ്യും. (എബ്രാ. 10:23-25) ‘മടുത്തുപോകാതെ എപ്പോഴും പ്രാർഥിച്ചുകൊണ്ടും’ നമ്മൾ വിശ്വാസം പ്രകടമാക്കും. (ലൂക്കോ. 18:1-8) അതുകൊണ്ട് യഹോവയ്ക്കു ‘നമ്മളെക്കുറിച്ച് ചിന്തയുണ്ട്’ എന്ന ഉറപ്പോടെ “ഇടവിടാതെ പ്രാർഥിക്കുക.” (1 തെസ്സ. 5:17; 1 പത്രോ. 5:7) വിശ്വാസം പ്രവർത്തിക്കാൻ നമ്മളെ പ്രേരിപ്പിക്കും. ആ പ്രവൃത്തികളോ? നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാക്കും.—യാക്കോ. 2:22.
യേശുവിൽ വിശ്വസിക്കുക
മരിക്കുന്നതിന്റെ തലേ രാത്രി യേശു ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്. ദൈവത്തിൽ വിശ്വസിക്കുക. എന്നിലും വിശ്വസിക്കുക.” (യോഹ. 14:1) അതുകൊണ്ട് നമ്മൾ യഹോവയിൽ മാത്രം വിശ്വസിച്ചാൽ പോരാ, യേശുവിലും വിശ്വസിക്കണം. യേശുവിൽ വിശ്വസിക്കുന്നെന്നു നിങ്ങൾക്ക് എങ്ങനെ തെളിയിക്കാം? മൂന്നു വിധങ്ങൾ നോക്കാം.
ഒന്ന്, മോചനവില ദൈവം നിങ്ങൾക്കു നേരിട്ട് തന്ന ഒരു സമ്മാനമായി കാണുക. പൗലോസ് അപ്പോസ്തലൻ പറഞ്ഞു: “ഈ ശരീരത്തിൽ ഞാൻ ഇങ്ങനെ ജീവിച്ചിരിക്കുന്നതുതന്നെ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത ദൈവപുത്രനിലുള്ള വിശ്വാസംകൊണ്ടാണ്.” (ഗലാ. 2:20) യേശുവിലുള്ള വിശ്വാസത്തിൽ പിൻവരുന്ന കാര്യങ്ങൾ ഉറച്ച് വിശ്വസിക്കുന്നത് ഉൾപ്പെടുന്നു: മോചനവില നിങ്ങൾക്കു പ്രയോജനം ചെയ്യും, നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിന്റെ അടിസ്ഥാനം അതാണ്, അതിലൂടെയാണ് എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ കിട്ടിയത്, അതാണു ദൈവത്തിനു നിങ്ങളോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്. (റോമ. 8:32, 38, 39; എഫെ. 1:7) സ്വയം വിലകുറച്ച് കാണുന്നത് ഒഴിവാക്കാൻ ആ വിശ്വാസം നമ്മളെ സഹായിക്കും.—2 തെസ്സ. 2:16, 17.
രണ്ട്, യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ പ്രാർഥനയിലൂടെ യഹോവയോട് അടുത്ത് ചെല്ലുക. മോചനവിലയുടെ ക്രമീകരണമുള്ളതുകൊണ്ട്, “സഹായം ആവശ്യമുള്ള സമയത്തുതന്നെ നമുക്കു കരുണയും അനർഹദയയും” ലഭിക്കും. അതുകൊണ്ട് “ധൈര്യമായി” യഹോവയോടു പ്രാർഥിക്കാം. (എബ്രാ. 4:15, 16; 10:19-22) പാപം ചെയ്യാനുള്ള പ്രലോഭനം ചെറുത്തുനിൽക്കാനുള്ള നമ്മുടെ തീരുമാനത്തെ പ്രാർഥന ശക്തമാക്കും. —ലൂക്കോ. 22:40.
മൂന്ന്, യേശുവിനെ അനുസരിക്കുക. യോഹന്നാൻ അപ്പോസ്തലൻ എഴുതി: “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണില്ല. ദൈവക്രോധം അവന്റെ മേലുണ്ട്.” (യോഹ. 3:36) ഇവിടെ, യോഹന്നാൻ വിശ്വാസത്തെ അനുസരണക്കേടുമായി താരതമ്യം ചെയ്യുകയാണ്. അതുകൊണ്ട് യേശുവിനെ അനുസരിക്കുമ്പോൾ നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടെന്നു കാണിക്കുകയാണ്. ‘ക്രിസ്തുവിന്റെ നിയമത്തിനു’ ചേർച്ചയിൽ ജീവിച്ചുകൊണ്ട് യേശുവിനെ അനുസരിക്കാം. ആ നിയമത്തിൽ യേശുവിന്റെ എല്ലാ പഠിപ്പിക്കലുകളും കല്പനകളും ഉൾപ്പെടുന്നു. (ഗലാ. 6:2) ‘വിശ്വസ്തനും വിവേകിയും ആയ അടിമയിലൂടെ’ തരുന്ന മാർഗനിർദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ടും യേശുവിനെ അനുസരിക്കാം. (മത്താ. 24:45) യേശുവിനെ അനുസരിക്കുന്നെങ്കിൽ, കൊടുങ്കാറ്റുപോലെയുള്ള പ്രശ്നങ്ങളുണ്ടായാലും പിടിച്ചുനിൽക്കാനുള്ള കരുത്തു നമ്മൾ നേടും.—മത്താ. 7:24, 25.
“നിങ്ങളുടെ അതിവിശുദ്ധമായ വിശ്വാസത്തിന്മേൽ നിങ്ങളെത്തന്നെ പണിതുയർത്തുക”
ഒരിക്കൽ ഒരു മനുഷ്യൻ യേശുവിനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “എനിക്കു വിശ്വാസമുണ്ട്! എങ്കിലും വിശ്വാസത്തിൽ എനിക്കുള്ള കുറവ് നികത്താൻ സഹായിക്കണേ.” (മർക്കോ. 9:24) ആ മനുഷ്യനു വിശ്വാസമുണ്ടായിരുന്നു. എന്നാൽ വിശ്വാസത്തിന്റെ കാര്യത്തിൽ താൻ ഇനിയും മെച്ചപ്പെടണമെന്ന് അയാൾ താഴ്മയോടെ സമ്മതിച്ചു. ആ മനുഷ്യനെപ്പോലെ, ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നമുക്കു കൂടുതൽ വിശ്വാസം ആവശ്യമായിവരും. നമ്മുടെ വിശ്വാസം ശക്തമാക്കാനുള്ള സമയം ഇപ്പോഴാണ്. നമ്മൾ കണ്ടതുപോലെ, ദൈവവചനം പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് യഹോവയോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കുകയും വിശ്വാസം ബലപ്പെടുത്തുകയും ചെയ്യും. സഹവിശ്വാസികളുടെകൂടെ യഹോവയെ ആരാധിക്കുകയും നമ്മുടെ പ്രത്യാശയെക്കുറിച്ച് മറ്റുള്ളവരോടു പറയുകയും മടുത്തുപോകാതെ പ്രാർഥിക്കുകയും ചെയ്യുന്നതു നമ്മുടെ വിശ്വാസം ശക്തമാക്കും. ഇങ്ങനെയൊക്കെ ചെയ്തുകൊണ്ട് നമ്മളെത്തന്നെ അതിവിശുദ്ധമായ വിശ്വാസത്തിന്മേൽ പണിതുയർത്തുന്നെങ്കിൽ, ‘ദൈവസ്നേഹത്തിൽ നിലനിൽക്കാൻ’ നമുക്കു കഴിയും. അതിലും വലിയ പ്രതിഫലം മറ്റ് എന്താണുള്ളത്!—യൂദ 20, 21.