അഭിവാദനത്തിന്റെ ശക്തി
“ഹലോ, എന്തൊക്കെയുണ്ട് വിശേഷം?”
ഇങ്ങനെ നിങ്ങൾ പലരെയും അഭിവാദനം ചെയ്തിട്ടില്ലേ? ചിലപ്പോൾ അതിന്റെകൂടെ കൈ കൊടുക്കുകയോ ആശ്ലേഷിക്കുകയോ ചെയ്തിട്ടുണ്ടാകും. ഓരോ പ്രദേശത്തും അഭിവാദനം ചെയ്യുന്ന രീതിക്കും ഉപയോഗിക്കുന്ന വാക്കുകൾക്കും വ്യത്യാസമുണ്ടായിരിക്കും, പക്ഷേ അടിസ്ഥാനതത്ത്വങ്ങൾക്കു മാറ്റമില്ല. വാസ്തവത്തിൽ അഭിവാദനം ചെയ്യാതിരിക്കുന്നതും ആരെങ്കിലും അഭിവാദനം ചെയ്യുമ്പോൾ തിരിച്ച് അങ്ങനെ ചെയ്യാതിരിക്കുന്നതും മര്യാദയല്ല, ഒരുപക്ഷേ സ്നേഹമില്ലാത്തതിന്റെ സൂചനയായിപ്പോലും കണക്കാക്കിയേക്കാം.
എന്നാൽ അഭിവാദനം ചെയ്യുന്ന രീതി എല്ലാവർക്കും കാണണമെന്നില്ല. ലജ്ജയോ ആത്മവിശ്വാസക്കുറവോ കാരണമായിരിക്കാം ചിലർ അഭിവാദനം ചെയ്യാൻ മടിക്കുന്നത്. മറ്റൊരു വംശത്തിലോ സംസ്കാരത്തിലോ സാമൂഹികതട്ടിലോ ഉള്ള ഒരാളെ അഭിവാദനം ചെയ്യാൻ ചിലർക്കു ബുദ്ധിമുട്ടാണ്. എന്നാൽ ഹ്രസ്വമായ ഒരു അഭിവാദനംപോലും നല്ല ഫലം ചെയ്തേക്കാം.
നിങ്ങളോടുതന്നെ ചോദിക്കുക: ‘അഭിവാദനം ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? അഭിവാദനം ചെയ്യുന്നതിനെക്കുറിച്ച് ദൈവവചനം എന്നെ എന്താണു പഠിപ്പിക്കുന്നത്?’
“എല്ലാ മനുഷ്യരെയും” അഭിവാദനം ചെയ്യുക
അപ്പോസ്തലനായ പത്രോസ് കൊർന്നേല്യൊസിനെ, ജനതകളിൽനിന്നുള്ള ആദ്യത്തെ ക്രിസ്ത്യാനിയായി സ്വീകരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: ‘ദൈവം പക്ഷപാതമുള്ളവനല്ല.’ (പ്രവൃ. 10:34) ‘എല്ലാവരും മാനസാന്തരപ്പെടുവാൻ ദൈവം ആഗ്രഹിക്കുന്നെന്ന്’ പിന്നീടു പത്രോസ് എഴുതി. (2 പത്രോ. 3:9) സത്യം പഠിക്കുന്ന ആളുകളെക്കുറിച്ചല്ലേ ഈ തിരുവെഴുത്തുകൾ പറയുന്നതെന്നു നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ ക്രിസ്ത്യാനികളെ പത്രോസ് ഇങ്ങനെയും ഉദ്ബോധിപ്പിച്ചു: “എല്ലാ മനുഷ്യരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ മുഴുവൻ സ്നേഹിക്കുക.” (1 പത്രോ. 2:17) സംസ്കാരമോ വംശമോ പശ്ചാത്തലമോ ഒന്നും നോക്കാതെ മറ്റുള്ളവരെ നമ്മൾ അഭിവാദനം ചെയ്യേണ്ടതല്ലേ? അവരോടു സ്നേഹവും ബഹുമാനവും കാണിക്കാനുള്ള ഒരു മാർഗമാണ് അത്.
അപ്പോസ്തലനായ പൗലോസ് സഭയിലുള്ളവരെ ഇങ്ങനെ പ്രബോധിപ്പിച്ചു: “ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ, . . . അന്യോന്യം സ്വീകരിക്കുക.” (റോമ. 15:7) തനിക്കു ‘ബലമായിത്തീർന്ന’ സഹോദരങ്ങളുടെ കാര്യം പൗലോസ് പ്രത്യേകം എടുത്തുപറഞ്ഞു. ദൈവജനത്തിന് എതിരെ സാത്താൻ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുന്ന ഈ സമയത്ത് സഹോദരങ്ങൾ ബലമുള്ളവരായിരിക്കേണ്ടത് എത്ര പ്രധാനമാണ്!—കൊലോ. 4:11, അടിക്കുറിപ്പ്; വെളി. 12:12, 17.
ആളുകൾക്കു സന്തോഷം തോന്നാനാണ് അഭിവാദനം ചെയ്യുന്നതെങ്കിലും അഭിവാദനത്തിന്റെ ശക്തി അതിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ലെന്നു തിരുവെഴുത്തുദൃഷ്ടാന്തങ്ങൾ കാണിച്ചുതരുന്നു.
അഭിവാദനത്തിന്റെ പ്രയോജനങ്ങൾ
ദൈവപുത്രന്റെ ജീവൻ മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റാനുള്ള സമയം വന്നപ്പോൾ മറിയയോടു സംസാരിക്കാൻ യഹോവ ഒരു ദൂതനെ അയച്ചു. “ദൈവത്തിന്റെ പ്രീതി ലഭിച്ചവളേ, നമസ്കാരം! യഹോവ നിന്റെകൂടെയുണ്ട്.” ഇങ്ങനെ പറഞ്ഞുകൊണ്ടാണു ദൂതൻ മറിയയോടു സംസാരിച്ചുതുടങ്ങിയത്. ഒരു ദൂതൻ തന്നോട് എന്തിനാണു സംസാരിക്കുന്നതെന്നു മനസ്സിലാകാതെ മറിയ “ആകെ അന്ധാളിച്ചുപോയി.” ഇതു കണ്ട ദൂതൻ മറിയയോടു പറഞ്ഞു: “മറിയേ, പേടിക്കേണ്ടാ. ദൈവത്തിനു നിന്നോടു പ്രീതി തോന്നിയിരിക്കുന്നു.” മറിയ മിശിഹയ്ക്കു ജന്മം കൊടുക്കണമെന്നുള്ളതു ദൈവോദ്ദേശ്യമാണെന്നു ദൂതൻ പറഞ്ഞു. ആദ്യത്തെ ആശങ്ക മാറിയ മറിയ അനുസരണത്തോടെ ഇങ്ങനെ പറഞ്ഞു: “ഇതാ, യഹോവയുടെ ദാസി! അങ്ങ് പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ.”—ലൂക്കോ. 1:26-38.
യഹോവയുടെ ഒരു സന്ദേശവാഹകനായി പ്രവർത്തിക്കുന്നതു ദൂതനു ശരിക്കും ഒരു പദവിയായിരുന്നു. എന്നാൽ ഒരു അപൂർണവ്യക്തിയോടു സംസാരിക്കുന്നതു തരംതാണ കാര്യമായി ദൂതൻ കരുതിയില്ല. അഭിവാദനം ചെയ്തുകൊണ്ടാണു ദൂതൻ തുടങ്ങിയത്. അതു നമുക്ക് ഒരു മാതൃകയല്ലേ? മറ്റുള്ളവരെ അഭിവാദനം ചെയ്യാനും അവരെ പ്രോത്സാഹിപ്പിക്കാനും നമ്മൾ എപ്പോഴും തയ്യാറായിരിക്കണം. ചുരുങ്ങിയ വാക്കുകൾകൊണ്ടുപോലും നമുക്ക് ആളുകളെ സഹായിക്കാം, അവർ ദൈവജനത്തിന്റെ ഭാഗമാണെന്ന ഉറപ്പു കൊടുക്കാം.
ഏഷ്യാമൈനറിലെയും യൂറോപ്പിലെയും സഭകളിലുണ്ടായിരുന്ന പലരെയും പൗലോസ് പരിചയപ്പെട്ടു. പിന്നീട് അദ്ദേഹം എഴുതിയ കത്തുകളിൽ പലരെയും പേര് പറഞ്ഞ് അഭിവാദനം ചെയ്തിരിക്കുന്നതായി നമ്മൾ വായിക്കുന്നുണ്ട്. റോമർ 16-ാം അധ്യായത്തിൽ ഇതു കാണാം. പൗലോസ്, ഫേബയെ “നമ്മുടെ സഹോദരി” എന്നു വിളിക്കുകയും ‘വിശുദ്ധർക്കു ചേർന്ന രീതിയിൽ കർത്താവിൽ ഫേബയെ സ്വീകരിച്ച് ആവശ്യമുള്ള ഏതു സഹായവും ചെയ്തുകൊടുക്കാൻ’ സഹോദരങ്ങളോടു പറയുകയും ചെയ്തു. പൗലോസ് പ്രിസ്കയെയും അക്വിലയെയും അഭിവാദനം ചെയ്തതിനു ശേഷം അവരെക്കുറിച്ച്, “ഞാൻ മാത്രമല്ല, ജനതകളുടെ എല്ലാ സഭകളും അവർക്കു നന്ദി പറയുന്നു” എന്നു പറഞ്ഞു. നമുക്ക് അധികം അറിയില്ലാത്ത ചിലരെയും പൗലോസ് അഭിവാദനം ചെയ്തതായി കാണാം. അവരിൽ ചിലരായിരുന്നു “എന്റെ പ്രിയപ്പെട്ട എപ്പൈനത്തൊസ്” എന്നു പൗലോസ് വിളിച്ച സഹോദരനും ‘കർത്താവിന്റെ വേലയിൽ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകളായ ത്രുഫൈനയും ത്രുഫോസയും.’ അതെ, പൗലോസ് ഒരു മടിയുംകൂടാതെ സഹോദരങ്ങളെ അഭിവാദനം ചെയ്തു.—റോമ. 16:1-16.
പൗലോസ് തങ്ങളെ ഓർക്കുന്നുണ്ടെന്ന് അറിഞ്ഞത് ആ സഹോദരങ്ങളെ എത്രമാത്രം സന്തോഷിപ്പിച്ചുകാണും! അവർക്കു പൗലോസിനോടുള്ള സ്നേഹവും പരസ്പരമുള്ള സ്നേഹവും ഉറപ്പായും വർധിച്ചുകാണും. അവരെ മാത്രമല്ല, ഈ സ്നേഹാശംസകൾ മറ്റു ക്രിസ്ത്യാനികളെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകും, വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിച്ചിട്ടുണ്ടാകും. വ്യക്തികളോടുള്ള ആത്മാർഥമായ താത്പര്യവും അഭിനന്ദനവും അടങ്ങുന്ന അഭിവാദനം സുഹൃദ്ബന്ധങ്ങൾ ശക്തമാക്കും, ദൈവത്തിന്റെ വിശ്വസ്തദാസരെ ഒറ്റക്കെട്ടായി നിറുത്തുകയും ചെയ്യും.
പൗലോസ് പുത്യൊലിയിലെ തുറമുഖത്ത് ഇറങ്ങി റോമിലേക്കു പോയപ്പോൾ റോമിലുള്ള സഹോദരങ്ങൾ പൗലോസിനെ സ്വീകരിക്കാൻ വന്നു. അവരെ അകലെനിന്ന് കണ്ടപ്പോൾത്തന്നെ “പൗലോസിനു ധൈര്യമായി, പൗലോസ് ദൈവത്തിനു നന്ദി പറഞ്ഞു.” (പ്രവൃ. 28:13-15) ചിലപ്പോൾ നമുക്കു ചിരിക്കാനോ കൈ വീശികാണിക്കാനോ മാത്രമേ കഴിഞ്ഞെന്നു വരൂ. അത്തരമൊരു അഭിവാദനത്തിനുപോലും മറ്റുള്ളവരുടെ മനക്കരുത്ത് വർധിപ്പിക്കാൻ കഴിയും, പ്രത്യേകിച്ച് വിഷാദിച്ചോ ദുഃഖിച്ചോ ഇരിക്കുന്നവരുടെ.
ആശയവിനിമയത്തിനുള്ള വാതിൽ
ശിഷ്യനായ യാക്കോബിനു സഹക്രിസ്ത്യാനികൾക്കു ശക്തമായ ബുദ്ധിയുപദേശം കൊടുക്കേണ്ടിവന്നു. ചിലർ ലോകത്തിന്റെ സുഹൃത്തുക്കളായിക്കൊണ്ട് ആത്മീയവ്യഭിചാരിണികളായി മാറുകയായിരുന്നു. (യാക്കോ. 4:4) പക്ഷേ ആ കത്തു യാക്കോബ് തുടങ്ങിയത് എങ്ങനെയെന്നു നോക്കുക.
“ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും അടിമയായ യാക്കോബ്, പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന 12 ഗോത്രങ്ങൾക്ക് എഴുതുന്നത്: നമസ്കാരം!” (യാക്കോ. 1:1) അവർക്കും യാക്കോബിനും ദൈവത്തിനു മുമ്പാകെ ഒരേ നിലയാണുള്ളതെന്നു യാക്കോബിന്റെ അഭിവാദനത്തിൽനിന്ന് ആ ക്രിസ്ത്യാനികൾക്കു ബോധ്യമായി. അതുകൊണ്ട് യാക്കോബ് കൊടുത്ത ഉപദേശം സ്വീകരിക്കുന്നത് അവർക്കു കൂടുതൽ എളുപ്പമായെന്നതിൽ സംശയമില്ല. അതെ, താഴ്മയോടെ അഭിവാദനം ചെയ്യുന്നതു ഗൗരവമുള്ള വിഷയങ്ങൾപോലും സംസാരിച്ചുതുടങ്ങാനുള്ള വാതിൽ തുറക്കും.
ഒരു അഭിവാദനം ശരിക്കും ഫലം ചെയ്യണമെങ്കിൽ, അതു ചെറുതാണെങ്കിൽപ്പോലും, ആത്മാർഥമായ സ്നേഹത്തിൽനിന്ന് വരുന്നതായിരിക്കണം. ചിലപ്പോൾ അവർ ശ്രദ്ധിച്ചില്ലെന്നു തോന്നിയാൽപ്പോലും അതു ഫലം ചെയ്യും. (മത്താ. 22:39) അയർലൻഡിലെ ഒരു സഹോദരി ഒരിക്കൽ മീറ്റിങ്ങ് തുടങ്ങുന്നതിനു തൊട്ടുമുമ്പാണു രാജ്യഹാളിൽ വന്നത്. സഹോദരി തിരക്കിട്ട് വരുന്നതിന് ഇടയിൽ ഒരു സഹോദരൻ ആ സഹോദരിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: “നമസ്കാരം. കണ്ടതിൽ സന്തോഷം.” സഹോദരി തിരിച്ചൊന്നും പറയാതെ ഇരിപ്പിടത്തിൽ പോയി ഇരുന്നു.
ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ആ സഹോദരി സഹോദരന്റെ അടുത്ത് വന്നിട്ട് അന്നത്തെ സംഭവം ഓർമിപ്പിച്ചു. ആ സമയത്ത്, വീട്ടിലെ ഒരു പ്രശ്നം കാരണം താൻ ആകെ വിഷമിച്ചിരിക്കുകയായിരുന്നെന്നു പറഞ്ഞു. സഹോദരി ഇങ്ങനെ വിശദീകരിച്ചു: “അന്നു മീറ്റിങ്ങിനു വരേണ്ട എന്നുപോലും ഞാൻ വിചാരിച്ചതാണ്. മീറ്റിങ്ങിൽ പറഞ്ഞ മിക്ക കാര്യങ്ങളും ഞാൻ ഓർക്കുന്നില്ല. പക്ഷേ സഹോദരന്റെ അഭിവാദനം ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്. അത് എന്നെ എത്ര സന്തോഷിപ്പിച്ചെന്നോ! നന്ദി, സഹോദരാ.”
തന്റെ ഹ്രസ്വമായ അഭിവാദനം സഹോദരിയെ അത്രയേറെ സ്വാധീനിക്കുമെന്ന് ആ സഹോദരൻ ഓർത്തില്ല. സഹോദരൻ പറയുന്നു: “എന്റെ ആ വാക്കുകൾ സഹോദരിക്ക് ഇത്രയേറെ പ്രയോജനം ചെയ്തെന്ന് അറിഞ്ഞത് എന്നെയും വളരെയധികം സന്തോഷിപ്പിച്ചു. അങ്ങനെ ചെയ്തതു നന്നായെന്ന് എനിക്കു തോന്നി.”
ശലോമോൻ എഴുതി: “നിന്റെ അപ്പം വെള്ളത്തിന്മീതെ എറിയുക; കുറെ കാലം കഴിഞ്ഞ് നീ അതു വീണ്ടും കണ്ടെത്തും.” (സഭാ. 11:1) മറ്റുള്ളവരെ, പ്രത്യേകിച്ച് നമ്മുടെ സഹോദരങ്ങളെ, അഭിവാദനം ചെയ്യുന്നതിന്റെ മൂല്യം നമ്മൾ മനസ്സിലാക്കി പ്രവർത്തിക്കുന്നെങ്കിൽ നമ്മുടെയും അവരുടെയും ജീവിതം കൂടുതൽ ഉന്മേഷഭരിതമാകും. അതുകൊണ്ട് അഭിവാദനത്തിന്റെ ശക്തിയെ നമുക്കു വില കുറച്ച് കാണാതിരിക്കാം.