വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

ആത്മീയപുരുഷന്മാരോടൊപ്പം പ്രവർത്തിക്കാനുള്ള പദവി

ആത്മീയപുരുഷന്മാരോടൊപ്പം പ്രവർത്തിക്കാനുള്ള പദവി

എന്റെ പപ്പ ജയിംസ്‌ സിംഗ്ലെയറും മമ്മി ജെസ്സിയും 1930-കളുടെ മധ്യകാലത്ത്‌ ന്യൂയോർക്ക്‌ സിറ്റിയുടെ ഭാഗമായ ബ്രോൻക്‌സിലേക്കു മാറിത്താമസിച്ചു. അവിടെവെച്ച്‌ അവർ വില്ലി സ്‌നെഡൻ എന്ന ഒരാളെ പരിചയപ്പെട്ടു. പപ്പയെയും മമ്മിയെയും പോലെ അദ്ദേഹവും സ്‌കോട്ട്‌ലൻഡിൽനിന്നായിരുന്നു. തമ്മിൽ കണ്ടുമുട്ടി കുറച്ച്‌ സമയത്തിനുള്ളിൽ അവർ കുടുംബകാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അന്നു ഞാൻ ജനിച്ചിട്ടില്ല.

ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ്‌ തന്റെ അപ്പനും ചേട്ടനും വടക്കൻകടലിൽവെച്ചുണ്ടായ ഒരു ബോട്ടപകടത്തിൽ മുങ്ങിമരിച്ചെന്നു മമ്മി വില്ലിയോടു പറഞ്ഞു. വെള്ളത്തിൽ കിടന്ന ഒരു ബോംബിൽ അവരുടെ മത്സ്യബന്ധനബോട്ട്‌ തട്ടിയതായിരുന്നു കാരണം. ഉടൻ വില്ലി പറഞ്ഞു: “നിങ്ങളുടെ അപ്പൻ ഇപ്പോൾ നരകത്തിലാണ്‌!” ഇതു കേട്ട്‌ അമ്മ ഞെട്ടിപ്പോയി. വില്ലി ഒരു യഹോവയുടെ സാക്ഷിയായിരുന്നു. വാസ്‌തവത്തിൽ ഇങ്ങനെയാണു മമ്മിക്കു ബൈബിൾസത്യത്തിലേക്കുള്ള വാതിൽ തുറന്നുകിട്ടിയത്‌.

വില്ലി സ്‌നെഡനും ലിസ്‌ സ്‌നെഡനും

അപ്പൻ ഒരു നല്ല മനുഷ്യനായിരുന്നതുകൊണ്ടാണു വില്ലി പറഞ്ഞത്‌ അമ്മയെ വിഷമിപ്പിച്ചത്‌. പക്ഷേ വില്ലി ഇതുകൂടി പറഞ്ഞു: “യേശുവും നരകത്തിൽ പോയി എന്നു പറഞ്ഞാൽ കുറച്ച്‌ ആശ്വാസം തോന്നുമോ?” യേശു നരകത്തിലേക്ക്‌ ഇറങ്ങിയെന്നും മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റെന്നും സഭയുടെ വിശ്വാസപ്രമാണത്തിൽ പഠിപ്പിച്ചിരുന്ന കാര്യം അപ്പോൾ മമ്മി ഓർത്തു. ‘ദുഷ്ടന്മാരെ തീയിലിട്ട്‌ ദണ്ഡിപ്പിക്കുന്ന ഒരു സ്ഥലമാണു നരകമെങ്കിൽ യേശുവിന്‌ അവിടെ പോകേണ്ടിവന്നത്‌ എന്തുകൊണ്ടാണ്‌’ എന്നായി മമ്മിയുടെ ചിന്ത. സത്യത്തോടു മമ്മിക്കു താത്‌പര്യം തോന്നിത്തുടങ്ങിയത്‌ അങ്ങനെയാണ്‌. മമ്മി ബ്രോൻക്‌സ്‌ സഭയിൽ മീറ്റിങ്ങുകൾക്കു പോകാൻ തുടങ്ങി. 1940-ൽ സ്‌നാനപ്പെടുകയും ചെയ്‌തു.

മമ്മിയോടൊപ്പം, പിൽക്കാലത്ത്‌ പപ്പയോടൊപ്പം

മക്കളെ ബൈബിൾ പഠിപ്പിക്കാനുള്ള പ്രത്യേകപ്രോത്സാഹനമൊന്നും അക്കാലത്ത്‌ ക്രിസ്‌തീയമാതാപിതാക്കൾക്കു ലഭിച്ചിരുന്നില്ല. ഞാൻ പിച്ചവെച്ച്‌ നടന്ന സമയത്ത്‌ മമ്മി മീറ്റിങ്ങുകൾക്കും വാരാന്തങ്ങളിൽ വയൽസേവനത്തിനും പോകുമ്പോൾ പപ്പ എന്നെ നോക്കുമായിരുന്നു. കുറച്ച്‌ വർഷങ്ങൾ കഴിഞ്ഞപ്പോൾ പപ്പയും ഞാനും മമ്മിയുടെകൂടെ മീറ്റിങ്ങുകൾക്കു പോകാൻ തുടങ്ങി. ഉത്സാഹത്തോടെ സന്തോഷവാർത്ത പ്രസംഗിച്ചിരുന്ന മമ്മി താത്‌പര്യക്കാരായ ധാരാളം ആളുകളുമൊത്ത്‌ ബൈബിൾപഠനങ്ങളും നടത്തി. അടുത്തടുത്ത്‌ താമസിച്ചിരുന്ന കുറെ ബൈബിൾവിദ്യാർഥികളെ ഒന്നിച്ച്‌ ഇരുത്തി ബൈബിൾപഠനം നടത്തിയിരുന്ന ഒരു കാലംപോലുമുണ്ടായിരുന്നു. സ്‌കൂൾ അവധിക്കാലത്ത്‌ ഞാനും മമ്മിയോടൊപ്പം വയൽസേവനത്തിനു പോകുമായിരുന്നു. അങ്ങനെ ഞാൻ ബൈബിളിലെ കുറെ കാര്യങ്ങൾ പഠിച്ചു. മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കാനും എനിക്ക്‌ അങ്ങനെ പരിശീലനം കിട്ടി.

കുട്ടിക്കാലത്ത്‌ ഞാൻ ബൈബിൾസത്യം അത്ര കാര്യമായെടുത്തില്ല. എനിക്ക്‌ അതിൽ വിഷമമുണ്ട്‌. എന്നാൽ ഏതാണ്ട്‌ 12 വയസ്സുള്ളപ്പോൾ ഞാൻ ഒരു പ്രചാരകനായി. അന്നുമുതൽ ഞാൻ പതിവായി വയൽസേവനത്തിനു പോകാറുണ്ട്‌. 16-ാമത്തെ വയസ്സിൽ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ച ഞാൻ 1954 ജൂലൈ 24-നു കാനഡയിലെ ടൊറന്റോയിൽവെച്ച്‌ നടന്ന കൺവെൻഷനിൽ സ്‌നാനമേറ്റു.

ബഥേൽസേവനം

ഞങ്ങളുടെ സഭയിലെ ചിലർ ബഥേലംഗങ്ങളോ മുമ്പ്‌ ബഥേലിൽ സേവിച്ചിരുന്നവരോ ആയിരുന്നു. അവരുടെ നല്ല മാതൃക എന്നെ സ്വാധീനിച്ചു. പ്രസംഗങ്ങൾ നടത്തുന്നതിലും ബൈബിൾസത്യങ്ങൾ വിശദീകരിക്കുന്നതിലും അവർക്കുള്ള വൈദഗ്‌ധ്യം എനിക്ക്‌ ഒരു പ്രചോദനമായി. സർവകലാശാലയിൽ ചേരാൻ അധ്യാപകർ എന്നോടു പറഞ്ഞെങ്കിലും എന്റെ ലക്ഷ്യം ബഥേലായിരുന്നു. അതുകൊണ്ട്‌ ടൊറന്റോയിൽ നടന്ന ആ കൺവെൻഷനിൽവെച്ച്‌ ഞാൻ ബഥേൽസേവനത്തിനായി അപേക്ഷിച്ചു. 1955-ൽ ന്യൂയോർക്ക്‌ സിറ്റിയിലെ യാങ്കീ സ്റ്റേഡിയത്തിൽവെച്ച്‌ നടന്ന കൺവെൻഷനിൽ സംബന്ധിച്ചപ്പോൾ ഞാൻ വീണ്ടും ബഥേലിലേക്ക്‌ അപേക്ഷിച്ചു. അധികം വൈകാതെ എനിക്കു ബ്രൂക്‌ലിൻ ബഥേലിൽ സേവിക്കാനുള്ള ക്ഷണം കിട്ടി. 1955 സെപ്‌റ്റംബർ 19-ന്‌, എന്റെ 17-ാമത്തെ വയസ്സിൽ ഞാൻ ബഥേലിലെത്തി. ബഥേലിലെ രണ്ടാം ദിവസം എനിക്ക്‌ 117 ആഡംസ്‌ സ്‌ട്രീറ്റിൽ, പുസ്‌തകങ്ങൾ ബൈൻഡ്‌ ചെയ്യുന്ന വിഭാഗത്തിൽ നിയമനം ലഭിച്ചു. അവിടെ പുസ്‌തകങ്ങളുടെ 32 പേജുകൾ വീതമുള്ള ഭാഗങ്ങൾ തമ്മിൽ സംയോജിപ്പിക്കുന്ന ഒരു യന്ത്രമുണ്ടായിരുന്നു. അതു പ്രവർത്തിപ്പിക്കുന്ന ജോലിയായിരുന്നു എനിക്കു കിട്ടിയത്‌. പിന്നീടു മറ്റൊരു യന്ത്രം ഓരോ പുസ്‌തകവും തുന്നിക്കെട്ടും.

17-ാം വയസ്സിൽ ഞാൻ ബ്രൂക്‌ലിൻ ബഥേലിൽ സേവിക്കാൻ തുടങ്ങി

ഒരു മാസം അവിടെ ജോലി ചെയ്‌തുകഴിഞ്ഞപ്പോൾ എന്നെ മാസികാവിഭാഗത്തിലേക്കു മാറ്റി. കാരണം എനിക്കു ടൈപ്പു ചെയ്യാൻ അറിയാമായിരുന്നു. അന്നൊക്കെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും പുതിയ വരിക്കാരുടെ മേൽവിലാസങ്ങൾ സഹോദരങ്ങൾ സ്റ്റെൻസിലുകളിൽ (അക്ഷരങ്ങൾ കൊത്തിയ ലോഹത്തകിടുകൾ) ടൈപ്പ്‌ ചെയ്‌തെടുക്കുമായിരുന്നു. കുറച്ച്‌ മാസങ്ങൾ കഴിഞ്ഞപ്പോൾ എന്നെ പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുക്കുന്ന വിഭാഗത്തിലേക്കു നിയമിച്ചു. അതിന്റെ മേൽവിചാരകനായിരുന്നു ക്ലോസ്‌ ജെൻസൻ സഹോദരൻ. ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക്‌ അയയ്‌ക്കാനുള്ള പ്രസിദ്ധീകരണക്കെട്ടുകൾ തുറമുഖങ്ങളിൽ എത്തിക്കുന്ന ട്രക്കിൽ ഡ്രൈവർക്കു കൂട്ടു പോകാമോ എന്ന്‌ അദ്ദേഹം എന്നോടു ചോദിച്ചു. ഐക്യനാടുകളിലെങ്ങുമുള്ള സഭകളിലേക്ക്‌ അയയ്‌ക്കേണ്ട കെട്ടുകണക്കിനു മാസികകൾ പോസ്റ്റ്‌ ഓഫീസിലും എത്തിക്കണമായിരുന്നു. എനിക്കു കുറച്ച്‌ ശാരീരികാധ്വാനമുള്ള ജോലി നല്ലതാണെന്നായിരുന്നു ജെൻസൻ സഹോദരന്റെ അഭിപ്രായം. നന്നേ മെലിഞ്ഞിരുന്ന ഞാൻ 57 കിലോയേ ഉണ്ടായിരുന്നുള്ളൂ. തുറമുഖങ്ങളിലേക്കും പോസ്റ്റ്‌ ഓഫീസിലേക്കും മാസികക്കെട്ടുകളുമായുള്ള ആ യാത്രകൾ എന്റെ ആരോഗ്യം കൂട്ടി. എനിക്ക്‌ ഏറ്റവും നല്ലത്‌ എന്താണെന്നു ജെൻസൻ സഹോദരന്‌ അറിയാമായിരുന്നു.

മാസികകൾക്കായി സഭകളിൽനിന്ന്‌ വരുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതും മാസികാവിഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ബ്രൂക്‌ലിനിൽ അച്ചടിച്ച്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക്‌ അയയ്‌ക്കുന്ന മാസികകളെക്കുറിച്ചും അന്നാടുകളിലെ വ്യത്യസ്‌തഭാഷകളെപ്പറ്റിയും എനിക്കു മനസ്സിലാക്കാനായി. അതിൽ പല ഭാഷകളെക്കുറിച്ചും ഞാൻ കേട്ടിട്ടുപോലുമില്ലായിരുന്നെങ്കിലും നമ്മുടെ പതിനായിരക്കണക്കിനു മാസികകൾ ലോകത്തിന്റെ അതിവിദൂരഭാഗങ്ങളിൽപ്പോലും എത്തുന്നുണ്ട്‌ എന്ന്‌ അറിഞ്ഞത്‌ എന്നെ സന്തോഷിപ്പിച്ചു. പിൽക്കാലത്ത്‌ ആ സ്ഥലങ്ങളിൽ പലതും സന്ദർശിക്കാനുള്ള പദവി എനിക്കു കിട്ടുമെന്ന്‌ അന്ന്‌ എനിക്ക്‌ അറിയുകയേ ഇല്ലായിരുന്നു.

റോബർട്ട്‌ വോളൻ, ചാൾസ്‌ മോലഹാൻ, ഡോൺ ആഡംസ്‌ എന്നിവരോടൊപ്പം

1961-ൽ എന്നെ കണക്കുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ നിയമിച്ചു. ഗ്രാന്റ്‌ സ്യൂട്ടർ സഹോദരനായിരുന്നു മേൽവിചാരകൻ. അവിടെ കുറച്ച്‌ വർഷങ്ങൾ സേവിച്ചുകഴിഞ്ഞപ്പോൾ എന്നെ, അന്നു നമ്മുടെ ലോകവ്യാപകപ്രവർത്തനത്തിനു നേതൃത്വം വഹിച്ചിരുന്ന നേഥൻ നോർ സഹോദരന്റെ ഓഫീസിലേക്കു വിളിപ്പിച്ചു. ആ ഓഫീസിൽ ജോലി ചെയ്‌തിരുന്ന ഒരു സഹോദരൻ ഒരു മാസത്തേക്കു രാജ്യശുശ്രൂഷാസ്‌കൂളിൽ പങ്കെടുക്കാൻ പോകുകയാണെന്നും സ്‌കൂളിനു ശേഷം ആ സഹോദരൻ സർവീസ്‌ ഡിപ്പാർട്ടുമെന്റിലായിരിക്കും സേവിക്കുകയെന്നും നോർ സഹോദരൻ എന്നോടു പറഞ്ഞു. അദ്ദേഹത്തിനു പകരമാണ്‌ എന്നെ നിയമിച്ചത്‌. ഡോൺ ആഡംസ്‌ സഹോദരനോടൊപ്പമായിരുന്നു എന്റെ ജോലി. യാദൃച്ഛികമെന്നേ പറയേണ്ടൂ, 1955-ലെ കൺവെൻഷനിൽ ഞാൻ കൊടുത്ത ബഥേൽ അപേക്ഷ കൈപ്പറ്റിയതു ഡോൺ സഹോദരനായിരുന്നു. അതേ ഓഫീസിലുണ്ടായിരുന്ന മറ്റു രണ്ടു സഹോദരങ്ങളായിരുന്നു റോബർട്ട്‌ വോളനും ചാൾസ്‌ മോലഹാനും. ഞങ്ങൾ നാലു പേരും 50-ലധികം വർഷം ഒരുമിച്ച്‌ പ്രവർത്തിച്ചു. വിശ്വസ്‌തരായ ആ ആത്മീയപുരുഷന്മാരോടൊപ്പം സേവിച്ചതിന്റെ സന്തോഷം എത്ര വലുതായിരുന്നെന്നോ!—സങ്കീ. 133:1.

എന്റെ ആദ്യത്തെ മേഖലാ സന്ദർശനം, വെനസ്വേലയിൽ (1970-ലെ ചിത്രം)

1970 മുതൽ വാച്ച്‌ ടവർ സൊസൈറ്റിയുടെ വിവിധ ബ്രാഞ്ചോഫീസുകൾ സന്ദർശിക്കാനുള്ള നിയമനം എനിക്കു ലഭിച്ചു. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഏതാനും ആഴ്‌ചകൾ നീണ്ടുനിൽക്കുന്ന ഒരു യാത്ര. അന്ന്‌ അതു മേഖലാ സന്ദർശനം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ലോകമെങ്ങുമുള്ള ബഥേൽ കുടുംബങ്ങളെയും മിഷനറിമാരെയും സന്ദർശിച്ച്‌ അവർക്കു വേണ്ട ആത്മീയപ്രോത്സാഹനം കൊടുക്കുന്നതും ബ്രാഞ്ചിലെ രേഖകൾ പരിശോധിക്കുന്നതും എല്ലാം അതിൽ ഉൾപ്പെടും. ആ യാത്രകളിൽ ഗിലെയാദ്‌ സ്‌കൂളിന്റെ ആദ്യകാല ക്ലാസുകളിൽ പങ്കെടുത്ത ചിലരെയും എനിക്കു പരിചയപ്പെടാനായി. അപ്പോഴും തങ്ങളുടെ വിദേശനിയമനങ്ങളിൽ വിശ്വസ്‌തതയോടെ തുടരുന്ന അവരെ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി! മേഖലാ സന്ദർശനത്തിന്റെ ഭാഗമായി 90-ലധികം രാജ്യങ്ങൾ സന്ദർശിക്കാനായത്‌ ഒരു വലിയ പദവിയായിട്ടാണു കാണുന്നത്‌, വളരെയധികം സന്തോഷം പകർന്ന ഒരു നിയമനംതന്നെ!

90-ലേറെ രാജ്യങ്ങളിലെ സഹോദരങ്ങളെ സന്ദർശിക്കാനായതിന്റെ സന്തോഷം ഒന്നു വേറെതന്നെ!

വിശ്വസ്‌തയായ ഒരു പങ്കാളിയെ കിട്ടുന്നു

ബ്രൂക്‌ലിൻ ബഥേലിലെ എല്ലാ അംഗങ്ങളെയും ന്യൂയോർക്ക്‌ സിറ്റിയിലെ സഭകളിലാണു നിയമിച്ചിരുന്നത്‌. എന്നെയും ബ്രോൻക്‌സിലുള്ള ഒരു സഭയിൽ നിയമിച്ചു. അക്കാലമായപ്പോഴേക്കും ആ പ്രദേശത്തെ പഴയ സഭ വളർന്ന്‌ അവിടെ ഒന്നിലധികം സഭകൾ രൂപപ്പെട്ടിരുന്നു. പഴയ ആ സഭയുടെ പേര്‌ അപ്പർ ബ്രോൻക്‌സ്‌ എന്നായി മാറുകയും ചെയ്‌തു. ആ സഭയിലാണു ഞാൻ പോയിരുന്നത്‌.

തെക്കൻ ബ്രോൻക്‌സിൽവെച്ച്‌ സത്യം പഠിച്ച ഒരു ലാറ്റ്‌വിയൻ കുടുംബം 1960-കളുടെ മധ്യകാലത്ത്‌ ഞാൻ പോയിരുന്ന സഭയുടെ പ്രദേശത്തേക്കു മാറിത്താമസിച്ചു. ആ കുടുംബത്തിലെ മൂത്ത മകളായിരുന്ന ലിവ്യ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടനെ സാധാരണ മുൻനിരസേവികയായി. കുറച്ച്‌ മാസങ്ങൾ കഴിഞ്ഞപ്പോൾ ലിവ്യ രാജ്യപ്രചാരകരുടെ ആവശ്യം കൂടുതലുള്ള മാസച്ചുസെറ്റ്‌സിലേക്കു മാറി. സഭയിലെ വിശേഷങ്ങളൊക്കെ പറഞ്ഞ്‌ ഞാൻ ലിവ്യക്കു കത്തെഴുതാൻ തുടങ്ങി. ബോസ്റ്റൺ പ്രദേശത്ത്‌ പ്രവർത്തിക്കുന്നതിന്റെ നല്ല അനുഭവങ്ങളെപ്പറ്റി അവൾ എനിക്കു തിരിച്ചും എഴുതുമായിരുന്നു.

ഞാനും ലിവ്യയും

കുറച്ച്‌ വർഷങ്ങൾ കഴിഞ്ഞ്‌ ലിവ്യക്ക്‌ ഒരു പ്രത്യേക മുൻനിരസേവികയായി നിയമനം കിട്ടി. യഹോവയുടെ സേവനത്തിൽ തന്റെ കഴിവിന്റെ പരമാവധി ചെയ്യണമെന്ന്‌ അവൾക്ക്‌ ആഗ്രഹമുണ്ടായിരുന്നു. പിന്നീട്‌ അവൾ ബഥേൽസേവനത്തിന്‌ അപേക്ഷിച്ചു. 1971-ൽ അവൾക്കു ക്ഷണം കിട്ടി. അത്‌ യഹോവ തന്ന ഒരു സൂചനയായിട്ടാണ്‌ എനിക്കു തോന്നിയത്‌! 1973 ഒക്‌ടോബർ 27-നു ഞങ്ങൾ വിവാഹിതരായി. നോർ സഹോദരനായിരുന്നു വിവാഹപ്രസംഗം നടത്തിയത്‌. “നല്ല ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു; അവന്‌ യഹോവയുടെ പ്രീതിയുണ്ട്‌” എന്നു സുഭാഷിതങ്ങൾ 18:22 പറയുന്നു. കഴിഞ്ഞ 40 വർഷത്തിലധികമായി ഞാനും ലിവ്യയും ഒരുമിച്ച്‌ ബഥേലിൽ സേവിക്കുന്നു. ബ്രോൻക്‌സ്‌ പ്രദേശത്തുതന്നെയുള്ള ഒരു സഭയിലാണു ഞങ്ങൾ ഇന്നും സേവിക്കുന്നത്‌.

ക്രിസ്‌തുവിന്റെ സഹോദരന്മാരോടൊപ്പം

നോർ സഹോദരന്റെകൂടെയുള്ള ജോലി സന്തോഷമുള്ള ഒരു അനുഭവമായിരുന്നു. സത്യത്തിനുവേണ്ടി അക്ഷീണം പ്രവർത്തിച്ച നോർ സഹോദരൻ ലോകമെങ്ങുമുള്ള മിഷനറിമാരുടെ പ്രവർത്തനത്തെ വളരെയധികം വിലമതിച്ചിരുന്നു. ആ മിഷനറിമാരിൽ പലരും അവർ നിയമിതരായ രാജ്യങ്ങളിലെ ആദ്യസാക്ഷികളായിരുന്നു. 1976-ൽ നോർ സഹോദരന്‌ അർബുദം ബാധിച്ചു. അത്‌ എന്നെ വളരെയധികം ദുഃഖിപ്പിച്ചു. കിടപ്പിലായിരുന്ന സമയത്ത്‌ ഒരിക്കൽ അദ്ദേഹം എന്നോട്‌, അച്ചടിക്കു തയ്യാറാക്കിവെച്ചിരുന്ന ചില ലേഖനങ്ങൾ വായിച്ചുകേൾപ്പിക്കാൻ ആവശ്യപ്പെട്ടു. അതു കേൾക്കുന്നതിനു ഫ്രെഡറിക്‌ ഫ്രാൻസ്‌ സഹോദരനെയും വിളിക്കാൻ അദ്ദേഹം പറഞ്ഞു. ഫ്രാൻസ്‌ സഹോദരന്റെ കാഴ്‌ച മങ്ങിയിരുന്നതുകൊണ്ട്‌ അദ്ദേഹത്തെ ചില ലേഖനങ്ങൾ വായിച്ചുകേൾപ്പിക്കാൻ നോർ സഹോദരൻ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നെന്നു ഞാൻ പിന്നീട്‌ അറിഞ്ഞു.

ഡാനിയേൽ സിഡ്‌ലിക്‌, മരീന സിഡ്‌ലിക്‌ എന്നിവരോടൊപ്പം ഒരു മേഖലാ സന്ദർശനത്തിനിടെ, 1977

1977-ൽ നോർ സഹോദരൻ മരിച്ചു. പക്ഷേ ഭൗമികജീവിതത്തിന്റെ അവസാനത്തോളം അദ്ദേഹം വിശ്വസ്‌തനായിരുന്നെന്ന്‌ ഓർത്തത്‌ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നവർക്ക്‌ ഒരു ആശ്വാസമായി. (വെളി. 2:10) അതിനു ശേഷം ഫ്രാൻസ്‌ സഹോദരനാണു നമ്മുടെ പ്രവർത്തനത്തിനു നേതൃത്വമെടുത്തത്‌.

പിന്നീട്‌ ഞാൻ മിൽട്ടൻ ഹെൻഷൽ സഹോദരന്റെ സെക്രട്ടറിയായി ജോലി ചെയ്‌തു. നോർ സഹോദരന്റെകൂടെ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച ആളായിരുന്നു ഹെൻഷൽ സഹോദരൻ. ഫ്രാൻസ്‌ സഹോദരന്‌ എന്തു സഹായം വേണ്ടിവന്നാലും അതു ചെയ്‌തുകൊടുക്കുക എന്നതാണ്‌ ഇനി ബഥേലിൽ എനിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമെന്ന്‌ അദ്ദേഹം പറഞ്ഞു. അച്ചടിക്കാനുള്ള പ്രസിദ്ധീകരണങ്ങൾ ഞാൻ സ്ഥിരമായി ഫ്രാൻസ്‌ സഹോദരനെ വായിച്ചുകേൾപ്പിക്കുമായിരുന്നു. ഫ്രാൻസ്‌ സഹോദരന്റെ ഓർമശക്തി അപാരമായിരുന്നു. വായിച്ചുകേൾക്കുന്ന കാര്യങ്ങളിൽനിന്ന്‌ അദ്ദേഹത്തിന്‌ ഒട്ടും ശ്രദ്ധ പതറിയിരുന്നില്ല. 1992 ഡിസംബറിൽ ഭൗമികജീവിതം വിശ്വസ്‌തമായി പൂർത്തിയാക്കുന്നതുവരെ സഹോദരനെ ഇത്തരത്തിൽ സഹായിക്കാനായത്‌ എനിക്ക്‌ എത്ര സന്തോഷം പകർന്നെന്നോ!

ഞാൻ പതിറ്റാണ്ടുകളോളം ജോലി ചെയ്‌ത ‘124 കൊളംബിയ ഹൈറ്റ്‌സ്‌’

ബഥേൽസേവനത്തിന്റെ 61 വർഷങ്ങൾ എത്ര പെട്ടെന്നാണു കടന്നുപോയത്‌! എന്റെ മാതാപിതാക്കൾ ഇരുവരും മരണംവരെ യഹോവയോടു വിശ്വസ്‌തരായിരുന്നു. പുതിയലോകത്തിൽ ജീവനിലേക്കു തിരികെ വരുന്ന അവരെ സ്വാഗതം ചെയ്യാനായി ഞാൻ അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്‌. (യോഹ. 5:28, 29) ലോകമെങ്ങുമുള്ള ദൈവജനത്തിനുവേണ്ടി വിശ്വസ്‌തരായ സ്‌ത്രീപുരുഷന്മാരോടൊപ്പം പ്രവർത്തിക്കാനായതു മഹത്തായ ഒരു പദവിതന്നെ. അതിനോടു താരതമ്യം ചെയ്യുമ്പോൾ ഈ ലോകം വാഗ്‌ദാനം ചെയ്യുന്നതൊന്നും ഒന്നുമല്ല. മുഴുസമയസേവനത്തിലെ നിരവധി വർഷങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ‘യഹോവയിൽനിന്നുള്ള സന്തോഷമായിരുന്നു ഞങ്ങളുടെ രക്ഷാകേന്ദ്രം’ എന്ന്‌ എനിക്കും ലിവ്യക്കും നിസ്സംശയം പറയാനാകും.—നെഹ. 8:10.

യഹോവയുടെ സംഘടന ഏതെങ്കിലും മനുഷ്യനെ ആശ്രയിച്ചല്ല മുന്നോട്ടുപോകുന്നത്‌. ദൈവരാജ്യസത്യങ്ങൾ വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഇന്നും തടസ്സമില്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞുപോയ വർഷങ്ങളിൽ ആത്മീയമായി ബലിഷ്‌ഠരായ നിരവധി സ്‌ത്രീപുരുഷന്മാരോടൊപ്പം സേവിക്കാനായത്‌ ഒരു അനുഗ്രഹമായിരുന്നു. അനേകം അഭിഷിക്തരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം എനിക്കു ലഭിച്ചു. അവരിൽ മിക്കവരും ഇന്നു ഭൂമിയിലില്ലെങ്കിലും വിശ്വസ്‌തരായ ആ ആത്മീയപുരുഷന്മാരുടെ കൂട്ടാളിയായി യഹോവയെ സേവിക്കാൻ അവസരം കിട്ടിയതിൽ എനിക്കു നന്ദിയുണ്ട്‌.