ചരിത്രസ്മൃതികൾ
“ഒരു വഴിയും അത്ര ദുർഘടമല്ല, ഒരു ദൂരവും അത്ര വലിയ ദൂരവുമല്ല”
വർഷം 1937. യാത്ര ചെയ്ത് ക്ഷീണിതരായ രണ്ടു പേർ പൊടി പിടിച്ച അവരുടെ വണ്ടിയുമായി മാർച്ച് 26-ന് ഓസ്ട്രേലിയയിലെ സിഡ്നിയിൽ എത്തി. ഒരു വർഷം മുമ്പായിരുന്നു അവർ ആ നഗരം വിട്ടത്. ആ ഒരു വർഷത്തിനിടെ അവർ ആ ഭൂഖണ്ഡത്തിലെ ഏറ്റവും വിദൂരവും ദുർഘടവും ആയ പ്രദേശങ്ങളിലൂടെ 19,300-ലധികം കിലോമീറ്റർ സഞ്ചരിച്ചിരുന്നു. അവർ പര്യവേക്ഷകരോ സാഹസികയാത്രികരോ ആയിരുന്നില്ല. വിസ്തൃതമായ ഓസ്ട്രേലിയൻ ഉൾനാടുകളിൽ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത എത്തിക്കാൻ ദൃഢനിശ്ചയം ചെയ്ത അനേകം മുൻനിരസേവകരിൽ രണ്ടു പേർ മാത്രമായിരുന്നു അവർ—ആർഥർ വില്ലീസും ബിൽ ന്യൂലാൻഡ്സും.
1920-കളുടെ അവസാനംവരെ ഓസ്ട്രേലിയയിലെ ബൈബിൾവിദ്യാർഥികളുടെ a ചെറിയ കൂട്ടം അവിടെയുള്ള തീരപ്രദേശത്തെ പട്ടണങ്ങളിലും നഗരങ്ങളിലും ആണ് പ്രധാനമായും പ്രസംഗിച്ചിരുന്നത്. ഓസ്ട്രേലിയയുടെ ഉൾനാടുകൾ ആൾത്താമസം കുറഞ്ഞതും ഉണങ്ങിവരണ്ടതും ആയിരുന്നു. എന്നാൽ “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” യേശുവിന്റെ സാക്ഷികളായിരിക്കുകയെന്ന കല്പന അനുസരിക്കണമെങ്കിൽ, ഐക്യനാടുകളുടെ പകുതിയിലധികം വലുപ്പമുള്ള ആ പ്രദേശങ്ങളിലും പ്രവർത്തിക്കണമെന്ന കാര്യം സഹോദരങ്ങൾക്ക് അറിയാമായിരുന്നു. (പ്രവൃ. 1:8) ഇത്രയും ബൃഹത്തായ ഒരു ദൗത്യം പൂർത്തിയാക്കാൻ കഴിയുന്നത് എങ്ങനെ? അവരുടെ അധ്വാനത്തെ യഹോവ അനുഗ്രഹിക്കുമെന്ന് അവർക്കു പൂർണവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് കഴിവിന്റെ പരമാവധി ചെയ്യാൻ അവർ തീരുമാനിച്ചു.
മുൻനിരസേവകർ വഴി ഒരുക്കുന്നു
1929-ൽ ക്വീൻസ്ലാൻഡിലെയും വെസ്റ്റേൺ ഓസ്ട്രേലിയയിലെയും സഭകൾ അവിടത്തെ ഉൾപ്രദേശങ്ങളിൽ പ്രവർത്തിക്കാൻ പറ്റിയ ചില വാഹനങ്ങൾ ഉണ്ടാക്കി. ദുർഘടയാത്രകൾ നടത്താൻ പ്രാപ്തരും വാഹനങ്ങൾ കേടായാൽ നന്നാക്കാൻ അറിയാവുന്നവരും ആയ ധീരരായ മുൻനിരസേവകരാണ് അങ്ങോട്ടു പോയത്. മുമ്പ് ഒരിക്കലും സന്തോഷവാർത്ത എത്തിയിട്ടില്ലാത്ത പല സ്ഥലങ്ങളിലും ഈ മുൻനിരസേവകർ കടന്നുചെന്നു.
സ്വന്തമായി വാഹനമില്ലാത്ത മുൻനിരസേവകർ അവരുടെ സൈക്കിളുകളിൽ ഉൾനാടുകളിലേക്കു പോയി. ഉദാഹരണത്തിന് 23-കാരനായിരുന്ന ബെന്നറ്റ് ബ്രിക്കൽ, 1932-ൽ ക്വീൻസ്ലാൻഡിലെ റോക്ക്ഹാംപ്റ്റണിൽനിന്ന് അഞ്ചു മാസത്തെ പ്രസംഗപര്യടനത്തിനു പുറപ്പെട്ടു. ക്വീൻസ്ലാൻഡ് സംസ്ഥാനത്തിന്റെ വടക്കുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു ലക്ഷ്യം. പുതപ്പുകളും വസ്ത്രങ്ങളും ആഹാരവും കുറെ പുസ്തകങ്ങളും എല്ലാം ഒരു സൈക്കിളിൽ കയറ്റി അദ്ദേഹം ഇറങ്ങിത്തിരിച്ചു. സൈക്കിളിന്റെ ടയറുകൾ തേഞ്ഞുതീർന്നപ്പോഴും അദ്ദേഹം തളർന്നില്ല. യഹോവ സഹായിക്കുമെന്ന വിശ്വാസത്തോടെ യാത്രയുടെ അവസാനത്തെ 320 കിലോമീറ്റർ അദ്ദേഹം സൈക്കിൾ തള്ളി, അതും ദാഹജലം കിട്ടാതെ പലരും മരിച്ചുവീണ സ്ഥലങ്ങളിലൂടെ. അടുത്ത 30 വർഷം അദ്ദേഹം ഓസ്ട്രേലിയയിലുടനീളം സൈക്കിളിലും ബൈക്കിലും കാറിലും ആയി ലക്ഷക്കണക്കിനു കിലോമീറ്റർ സഞ്ചരിച്ചു. ഓസ്ട്രേലിയൻ ആദിവാസികളായ ആബെറിജെനികളുടെ അടുത്ത് ആദ്യമായി സത്യം
എത്തിച്ചത് അദ്ദേഹമായിരുന്നു. പുതിയ പല സഭകൾ സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഓസ്ട്രേലിയൻ ഉൾനാടുകളിലുള്ളവർ ആദരിക്കുന്ന, പ്രശസ്തനായ ഒരു വ്യക്തിയായി.വെല്ലുവിളികൾ മറികടക്കുന്നു
ലോകത്ത് ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സ്ഥലങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ. ഉൾനാടുകളിലാണെങ്കിൽ ജനവാസം തീർത്തും കുറവാണ്. അതുകൊണ്ട് ആ ഭൂഖണ്ഡത്തിന്റെ ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ള ആളുകളെ കണ്ടെത്താൻ യഹോവയുടെ ജനത്തിനു കഠിനശ്രമം ചെയ്യേണ്ടിവന്നിരിക്കുന്നു.
അത്തരം കഠിനശ്രമം ചെയ്ത മുൻനിരസേവകരാണു സ്റ്റുവർട്ട് കെൽറ്റിയും വില്യം റ്റൊറിങ്ടണും. 1933-ൽ അവർ ഓസ്ട്രേലിയയുടെ ഹൃദയഭാഗത്തുള്ള ആലിസ് സ്പ്രിങ്സ് എന്ന പട്ടണത്തിൽ പ്രസംഗിക്കാനായി, മണൽക്കൂനകൾ നിറഞ്ഞ വിസ്തൃതമായ സിംപ്സൻ മരുഭൂമി കുറുകെ കടന്നു. എന്നാൽ യാത്രയ്ക്കിടെ അവരുടെ ചെറിയ കാർ കേടായപ്പോൾ അവർക്ക് ആ വാഹനം ഉപേക്ഷിക്കേണ്ടിവന്നു. കെൽറ്റി സഹോദരന്റെ ഒരു കാൽ തടികൊണ്ടുള്ള കൃത്രിമക്കാലായിരുന്നു. എന്നിട്ടും അദ്ദേഹം ഒരു ഒട്ടകത്തിന്റെ പുറത്ത് യാത്ര തുടർന്നു. അവരുടെ ശ്രമത്തിനു ഫലമുണ്ടായി. ഒറ്റപ്പെട്ട ഒരു പ്രദേശമായ വില്യം ക്രീക്കിലെ റെയിൽവേ സ്റ്റേഷനിൽ അവർ ചാൾസ് ബെൺഹാർട്ട് എന്ന ഹോട്ടലുടമയെ കണ്ടുമുട്ടി. അദ്ദേഹം പിന്നീടു സത്യം സ്വീകരിച്ചു. ഹോട്ടൽ വിറ്റശേഷം അദ്ദേഹം ഓസ്ട്രേലിയയിലെ അതിവിദൂരവും ഉണങ്ങിവരണ്ടതും ആയ ചില പ്രദേശങ്ങളിൽ ഒറ്റയ്ക്ക് 15 വർഷം മുൻനിരസേവനം ചെയ്തു.
ഓസ്ട്രേലിയയുടെ വിസ്തൃതമായ ഉൾനാടുകളിൽ പ്രസംഗപര്യടനത്തിനു പോകാൻ ആർഥർ വില്ലീസ് തയ്യാറെടുക്കുന്നു.—പെർത്ത്, വെസ്റ്റേൺ ഓസ്ട്രേലിയ, 1936
നേരിട്ട വെല്ലുവിളികൾ തരണം ചെയ്ത് മുന്നോട്ടുപോകാൻ ആ മുൻകാല മുൻനിരസേവകർക്കു മനോബലവും ധൈര്യവും ആവശ്യമായിരുന്നു. ഓസ്ട്രേലിയൻ ഉൾനാടുകളിലെ പ്രസംഗപര്യടനത്തിനിടെ, തുടക്കത്തിൽ പറഞ്ഞ ആർഥർ വില്ലീസിനും ബിൽ ന്യൂലാൻഡ്സിനും ഒരിക്കൽ മരുഭൂമിയിലൂടെ 32 കിലോമീറ്റർ യാത്ര ചെയ്യാൻ രണ്ടാഴ്ച വേണ്ടിവന്നു. കാരണം കോരിച്ചൊരിയുന്ന മഴ ആ തരിശുനിലത്തെ ചെളിക്കുണ്ടാക്കി മാറ്റി. ചിലപ്പോൾ, ഉയർന്ന മണൽക്കൂനകളിലൂടെ അവർക്ക് അവരുടെ വണ്ടി തള്ളിക്കൊണ്ട് പോകേണ്ടിവന്നു. മറ്റു ചിലപ്പോൾ പാറകൾ നിറഞ്ഞ താഴ്വരകളിലൂടെയും പുഴയോരത്തെ മണൽപ്പരപ്പിലൂടെയും ആണ് അവർ വണ്ടി ഓടിച്ചത്. പലപ്പോഴും അവരുടെ വാഹനം കേടാകുമായിരുന്നു. അപ്പോൾ അവർ തൊട്ടടുത്ത പട്ടണത്തിലേക്കു നടക്കുകയോ സൈക്കിളിൽ പോകുകയോ ചെയ്യും. അതിനു ദിവസങ്ങൾപോലും എടുക്കുമായിരുന്നു. വാഹനത്തിന്റെ കേടായ ഭാഗങ്ങൾക്കു പകരം പുതിയത് എത്തുന്നതുവരെ ആഴ്ചകളോളം അവർ കാത്തിരിക്കണമായിരുന്നു. അത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടായെങ്കിലും അവരുടെ ഉത്സാഹം കെട്ടുപോയില്ല. സുവർണയുഗം എന്ന മാസികയിലെ ഒരു വാചകം സ്വന്തം വാക്കുകളിലാക്കി ആർഥർ വില്ലീസ് സഹോദരൻ പിന്നീടൊരിക്കൽ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ സാക്ഷികൾക്ക് ഒരു വഴിയും അത്ര ദുർഘടമല്ല, ഒരു ദൂരവും അത്ര വലിയ ദൂരവുമല്ല.”
അനുഭവിച്ച കഷ്ടപ്പാടുകളും ഏകാന്തതയും യഹോവയുമായി തന്നെ കൂടുതൽ അടുപ്പിച്ചു എന്നാണ് അനേകവർഷം മുൻനിരസേവനം ചെയ്ത ചാൾസ് ഹാരിസ് സഹോദരൻ പറയുന്നത്. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “ചുമട് എത്രയും കുറവാണോ, ജീവിതയാത്ര അത്രയും എളുപ്പമായിരിക്കും. തല ചായിക്കാൻ ഒരു കൂരയില്ലാതെ നക്ഷത്രങ്ങളെ നോക്കിക്കിടക്കാൻ യേശുവിനു മനസ്സായിരുന്നെങ്കിൽ നമ്മുടെ നിയമനത്തിലും ആവശ്യമായി വരുമ്പോൾ അങ്ങനെ ചെയ്യാൻ നമ്മൾ സന്തോഷമുള്ളവരായിരിക്കണം.” അനേകം മുൻനിരസേവകരും അതുതന്നെയാണു ചെയ്തത്. മടുത്തുപോകാതെയുള്ള അവരുടെ ആ പരിശ്രമം പാഴായില്ല. ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഓരോ മുക്കിലും മൂലയിലും ദൈവരാജ്യവാർത്ത കടന്നുചെന്നു. ദൈവരാജ്യത്തിനുവേണ്ടി ഒരു നിലപാടു സ്വീകരിക്കാൻ അനേകം ആയിരങ്ങളെ അതു സഹായിച്ചു.