നിങ്ങൾ ഓർക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക:
ഇന്നു ദൈവത്തിന്റെ സംഘടനയിൽനിന്ന് ഒരു നിർദേശം കിട്ടുമ്പോൾ സർക്കിട്ട് മേൽവിചാരകന്മാരുടെയും സഭാമൂപ്പന്മാരുടെയും മനോഭാവം എന്തായിരിക്കണം?
പെട്ടെന്ന് അത് അനുസരിക്കാൻ അവർ ഒരുക്കമുള്ളവരായിരിക്കണം. തങ്ങളോടുതന്നെ അവർക്ക് ഇങ്ങനെ ചോദിക്കാനാകും: ‘സഭയിലെ എന്റെ സഹോദരങ്ങളെ ആത്മീയതയുള്ളവരായി നിൽക്കാൻ സഹായിക്കുന്ന വിധത്തിലാണോ എന്റെ പ്രവർത്തനം? ലഭിക്കുന്ന നിർദേശങ്ങൾ ഞാൻ പെട്ടെന്നുതന്നെ അനുസരിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടോ?’—w16.11, പേ. 11.
എന്നാണു ക്രിസ്ത്യാനികൾ ബാബിലോണിന്റെ അടിമത്തത്തിലായത്?
അപ്പോസ്തലന്മാരുടെ മരണത്തിനു ശേഷം അധികം വൈകാതെയാണ് ഇതു സംഭവിച്ചത്. ആ സമയത്ത് ഒരു പുരോഹിതഗണം രൂപംകൊണ്ടുതുടങ്ങി. സഭയും രാഷ്ട്രവും സത്യക്രിസ്ത്യാനിത്വത്തിലേക്കു തെറ്റായ പഠിപ്പിക്കലുകൾ കൊണ്ടുവന്നു. അക്കൂട്ടർ ഗോതമ്പുതുല്യരായ ക്രിസ്ത്യാനികളുടെ പ്രവർത്തനത്തെ ഞെരുക്കിക്കളഞ്ഞു. എന്നാൽ 1914-നു മുമ്പുള്ള പതിറ്റാണ്ടുകളിൽ അഭിഷിക്തർ അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയാൻ തുടങ്ങി.—w16.11, പേ. 23-25.
‘ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതും’ ‘ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതും’ തമ്മിലുള്ള വ്യത്യാസം എന്താണ്? (റോമ. 8:6)
ആദ്യത്തെ കൂട്ടർ അപൂർണമനുഷ്യർക്കുള്ള അഭിലാഷങ്ങളിലും ചായ്വുകളിലും ആണ് ശ്രദ്ധ പതിപ്പിക്കുന്നത്. അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചായിരിക്കും അവർ എല്ലായ്പോഴും സംസാരിക്കുന്നത്. അതൊക്കെ വലിയ കാര്യങ്ങളായി അവർ അവതരിപ്പിക്കും. എന്നാൽ രണ്ടാമത്തെ കൂട്ടർ ദൈവത്തെയും ദൈവികചിന്തകളെയും ചുറ്റിപ്പറ്റിയായിരിക്കും ജീവിക്കുന്നത്. അങ്ങനെയുള്ള ഒരു ക്രിസ്ത്യാനിയെ നയിക്കുന്നതു പരിശുദ്ധാത്മാവായിരിക്കും. ജഡത്തെ അനുസരിച്ച് ജീവിക്കുന്നതു മരണത്തിലേക്കും ആത്മാവിനെ അനുസരിച്ച് ജീവിക്കുന്നതു ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കും.—w16.12, പേ. 15-17.
ഉത്കണ്ഠ കുറയ്ക്കാനുള്ള ചില പ്രായോഗികമാർഗങ്ങൾ ഏതെല്ലാം?
ശരിയായ മുൻഗണനകൾ വെക്കുക, ന്യായമായ പ്രതീക്ഷകൾ മാത്രം വെക്കുക, ഓരോ ദിവസവും സ്വസ്ഥമായി ഇരിക്കാൻ കുറച്ച് സമയം മാറ്റിവെക്കുക, യഹോവയുടെ സൃഷ്ടികൾ കണ്ട് ആസ്വദിക്കുക, നർമബോധമുണ്ടായിരിക്കുക, പതിവായി വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക.—w16.12, പേ. 22-23.
‘ഹാനോക്കിനെ മരണം കാണാതിരിക്കാൻവേണ്ടി മാറ്റി.’ (എബ്രാ. 11:5) എങ്ങനെ?
യഹോവ ഹാനോക്കിനെ അദ്ദേഹംപോലും അറിയാതെ ജീവനിൽനിന്ന് പതിയെ മരണത്തിലേക്കു മാറ്റിയതിനെയാകാം ഇതു കുറിക്കുന്നത്.—wp17.1, പേ. 12-13.
എളിമ എന്തുകൊണ്ടാണ് ഇക്കാലത്തും പ്രധാനമായിരിക്കുന്നത്?
എളിമയുള്ള ഒരു വ്യക്തിക്കു തന്നെക്കുറിച്ചുതന്നെ ശരിയായ ഒരു കാഴ്ചപ്പാടും സ്വന്തം പരിമിതികളെക്കുറിച്ച് അറിവും ഉണ്ടായിരിക്കും. നമ്മുടെ പെരുമാറ്റം മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് നമ്മൾ ചിന്തയുള്ളവരായിരിക്കണം. നമ്മൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്നു കരുതുകയും അരുത്.—w17.01, പേ. 18.
ഇന്നത്തെ ഭരണസംഘത്തെ നയിക്കുന്നതും ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തെ നയിച്ചതും ദൈവമാണ് എന്നതിന് എന്തു തെളിവാണുള്ളത്?
പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിനു തിരുവെഴുത്തുസത്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ദൈവദൂതന്മാരുടെ പിന്തുണയോടെ അവർ പ്രസംഗപ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചു. മാർഗനിർദേശങ്ങൾ കൊടുത്തപ്പോൾ ദൈവവചനത്തെ അടിസ്ഥാനമാക്കിയാണ് അവർ അതു ചെയ്തത്. ഇന്നും അത് അങ്ങനെതന്നെയാണ്.—w17.02, പേ. 26-28.
മോചനവിലയെ അമൂല്യമായി കാണാൻ ഏതൊക്കെ കാര്യങ്ങളാണു നമ്മളെ പ്രചോദിപ്പിക്കുന്നത്?
നാലു കാര്യങ്ങൾ: അത് ആരു തന്നു, അതു തരാൻ കാരണം എന്ത്, അതിൽ എന്തെല്ലാം ത്യാഗങ്ങൾ ഉൾപ്പെട്ടിരുന്നു, അത് ഏത് ആവശ്യം നിറവേറ്റി. ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾ ആഴത്തിൽ ചിന്തിക്കണം.—wp17.2, പേ. 4-6.
ക്രിസ്ത്യാനി ഒരു തീരുമാനമെടുത്താൽ അതു മാറ്റുന്നത് ഉചിതമാണോ?
നമ്മൾ വാക്കു പാലിക്കുന്നവരായിരിക്കണം. എന്നാൽ ചിലപ്പോൾ നമ്മളെടുത്ത ഒരു തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നേക്കാം. നിനെവെയിലെ ആളുകൾ പശ്ചാത്തപിച്ചപ്പോൾ ദൈവം തന്റെ തീരുമാനത്തിനു മാറ്റം വരുത്തി. ചിലപ്പോൾ, മാറിവരുന്ന സാഹചര്യങ്ങളനുസരിച്ചോ പുതിയ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ചോ നമുക്കും തീരുമാനം മാറ്റേണ്ടിവന്നേക്കാം.—w17.03, പേ. 16-17.
മറ്റുള്ളവരെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞുപരത്തുന്നത് അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
ന്യായം നമ്മുടെ ഭാഗത്താണെങ്കിലും അല്ലെങ്കിലും മുറിപ്പെടുത്തുന്ന സംസാരം ഒരിക്കലും പ്രശ്നങ്ങൾക്കു പരിഹാരമല്ല. അതു പ്രശ്നം കൂടുതൽ വഷളാക്കുകയേ ഉള്ളൂ.—w17.04, പേ. 21.