പഠനലേഖനം 46
ധൈര്യമായിരിക്കൂ—യഹോവ നിങ്ങളുടെ സഹായത്തിനുണ്ട്
“ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല.” —എബ്രാ. 13:5.
ഗീതം 55 അവരെ ഭയപ്പെടേണ്ടാ!
പൂർവാവലോകനം a
1. പ്രശ്നങ്ങൾ നമ്മളെ വീർപ്പുമുട്ടിക്കുകയോ നമ്മൾ ഒറ്റയ്ക്കാണെന്ന് തോന്നുകയോ ചെയ്യുമ്പോൾ ഏതു കാര്യം നമ്മളെ ആശ്വസിപ്പിക്കും? (സങ്കീർത്തനം 118:5-7)
ഒരു പ്രശ്നം നേരിട്ടപ്പോൾ സഹായിക്കാൻ ആരുമില്ലാതെ തനിച്ചായതുപോലെ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? യഹോവയുടെ വിശ്വസ്തദാസരടക്കം പലർക്കും അങ്ങനെ തോന്നിയിട്ടുണ്ട്. (1 രാജാ. 19:14) നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ യഹോവ തന്നിട്ടുള്ള ഈ വാക്ക് ഓർക്കുക: “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല.” അതുകൊണ്ട് നമുക്ക് ധൈര്യത്തോടെ ഇങ്ങനെ പറയാം: “യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല.” (എബ്രാ. 13:5, 6) ഏതാണ്ട് എ.ഡി. 61-ൽ യഹൂദ്യയിലുള്ള സഹവിശ്വാസികൾക്ക് പൗലോസ് എഴുതിയ വാക്കുകളാണ് ഇത്. സങ്കീർത്തനം 118:5-7-ൽ (വായിക്കുക) കാണുന്ന അതേ ഉറപ്പും ധൈര്യവും ആണ് പൗലോസിന്റെ വാക്കുകൾ നമ്മളെ ഓർമിപ്പിക്കുന്നത്.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും, എന്തുകൊണ്ട്?
2 യഹോവ തന്റെ സഹായിയായി കൂടെയുണ്ടെന്ന് സങ്കീർത്തനക്കാരനെപ്പോലെ പൗലോസിനും അനുഭവിച്ചറിയാൻ കഴിഞ്ഞു. ഉദാഹരണത്തിന്, എബ്രായർക്കുള്ള കത്ത് എഴുതുന്നതിന് രണ്ടിലധികം വർഷം മുമ്പ് കൊടുങ്കാറ്റിൽ ഇളകിമറിയുന്ന കടലിലൂടെ പൗലോസിന് അപകടകരമായ ഒരു യാത്ര നടത്തേണ്ടിവന്നു. (പ്രവൃ. 27:4, 15, 20) ആ യാത്രയുടെ സമയത്തും അതിനു മുമ്പുള്ള വർഷങ്ങളിലും പൗലോസിന്റെ സഹായിയായി യഹോവ കൂടെയുണ്ടായിരുന്നു. യഹോവ പൗലോസിനെ സഹായിച്ച മൂന്നു വിധങ്ങൾ നമ്മൾ ഈ ലേഖനത്തിൽ ചിന്തിക്കും. യേശുവിലൂടെയും ദൂതന്മാരിലൂടെയും അധികാരസ്ഥാനത്തുള്ളവരെ ഉപയോഗിച്ചുകൊണ്ടും സഹവിശ്വാസികളിലൂടെയും ആണ് അത്. നമ്മൾ ഇതെക്കുറിച്ച് പഠിക്കേണ്ടത് എന്തുകൊണ്ടാണ്? സഹായത്തിനായുള്ള നമ്മുടെ അപേക്ഷകൾ കേൾക്കുമെന്ന് യഹോവ നമുക്കും ഉറപ്പു തന്നിട്ടുണ്ടല്ലോ. പൗലോസിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ദൈവത്തിന്റെ ആ വാഗ്ദാനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കും.
യേശുവിന്റെയും ദൂതന്മാരുടെയും സഹായം
3. പൗലോസിന് എന്ത് ഉത്കണ്ഠ തോന്നിക്കാണും, എന്തുകൊണ്ട്?
3 ഏകദേശം എ.ഡി. 56-ൽ ഒരു ജനക്കൂട്ടം പൗലോസിനെ യരുശലേമിലെ ദേവാലയത്തിനു പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചു. പിറ്റെ ദിവസം പൗലോസിനെ സൻഹെദ്രിന്റെ മുന്നിൽ കൊണ്ടുവന്നപ്പോൾ ശത്രുക്കൾ അദ്ദേഹത്തെ പിച്ചിച്ചീന്തുന്ന അളവോളം കാര്യങ്ങൾ വഷളായി. (പ്രവൃ. 21:30-32; 22:30; 23:6-10) ‘ഇതെല്ലാം എത്ര നാൾ ഞാൻ സഹിക്കേണ്ടിവരും’ എന്ന് ആ സമയത്ത് പൗലോസ് ചിന്തിച്ചുകാണും. ഈ സാഹചര്യത്തിൽ പൗലോസിന് ശരിക്കും സഹായം വേണമായിരുന്നു.
4. യഹോവ യേശുവിലൂടെ പൗലോസിനെ സഹായിച്ചത് എങ്ങനെ?
4 പൗലോസിന് എങ്ങനെ സഹായം ലഭിച്ചു? പൗലോസിനെ അറസ്റ്റ് ചെയ്ത അന്നു രാത്രി, ‘കർത്താവായ’ യേശു പൗലോസിന്റെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു: “ധൈര്യമായിരിക്കുക! യരുശലേമിലെങ്ങും നീ എന്നെക്കുറിച്ച് സമഗ്രമായി പ്രസംഗിക്കുന്നതുപോലെതന്നെ റോമിലും പ്രസംഗിക്കേണ്ടതുണ്ട്.” (പ്രവൃ. 23:11) ആ സമയത്ത് ആ വാക്കുകൾ പൗലോസിനെ എത്രയധികം പ്രോത്സാഹിപ്പിച്ചുകാണും! യരുശലേമിൽ പൗലോസ് ചെയ്ത വ്യാപകമായ പ്രവർത്തനത്തെ യേശു അഭിനന്ദിച്ചു. പൗലോസ് സുരക്ഷിതനായി റോമിൽ എത്തുമെന്നും യേശു ആ വാക്കുകളിലൂടെ ഉറപ്പു കൊടുത്തു. അവിടെയും അദ്ദേഹം തന്റെ ശുശ്രൂഷ തുടരുമായിരുന്നു. ഈ ഉറപ്പു കിട്ടിക്കഴിഞ്ഞപ്പോൾ തന്റെ പിതാവിന്റെ കരങ്ങളിൽ സുരക്ഷിതനായി ഇരിക്കുന്ന ഒരു കുട്ടിയെപ്പോലെ പൗലോസിന് അനുഭവപ്പെട്ടുകാണും.
5. യഹോവ ഒരു ദൂതനിലൂടെ പൗലോസിനെ സഹായിച്ചത് എങ്ങനെ? (പുറംതാളിലെ ചിത്രം കാണുക.)
5 പൗലോസിന് വേറെ എന്തെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടിവന്നു? യരുശലേമിലെ ഈ സംഭവങ്ങൾ നടന്നിട്ട് ഏകദേശം രണ്ടു വർഷം കഴിഞ്ഞു. പൗലോസ് ഇപ്പോൾ ഇറ്റലിയിലേക്ക് കപ്പലിൽ യാത്ര ചെയ്യുകയാണ്. യാത്രാമധ്യേ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. അത്ര ശക്തമായ കാറ്റായിരുന്നതുകൊണ്ട് തങ്ങൾ മരിച്ചുപോകുമെന്ന് കപ്പലിലെ ജോലിക്കാരും യാത്രക്കാരും ഓർത്തു. പക്ഷേ, പൗലോസ് പേടിച്ചില്ല. എന്തുകൊണ്ട്? പൗലോസ് കപ്പലിലുള്ളവരോട്, “ഞാൻ സേവിക്കുന്ന, എന്റെ ഉടയവനായ ദൈവത്തിന്റെ ഒരു ദൂതൻ ഇന്നലെ രാത്രി എന്റെ അരികെ നിന്നുകൊണ്ട് എന്നോട്, ‘പൗലോസേ, പേടിക്കേണ്ടാ! നീ സീസറിന്റെ മുമ്പാകെ നിൽക്കേണ്ടതാണ്. നിന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും ദൈവം രക്ഷിക്കും’” എന്ന് അറിയിച്ചതായി പറഞ്ഞു. അതെ, മുമ്പ് യഹോവ യേശുവിലൂടെ പൗലോസിനു കൊടുത്ത ഉറപ്പ് ഒരു ദൂതനെ ഉപയോഗിച്ചുകൊണ്ട് വീണ്ടും കൊടുത്തു. പറഞ്ഞതുപോലെ പൗലോസ് റോമിൽ എത്തുകയും ചെയ്തു.—പ്രവൃ. 27:20-25; 28:16.
6. യേശുവിന്റെ ഏതു വാഗ്ദാനമാണ് നമുക്ക് ബലം പകരുന്നത്, എന്തുകൊണ്ട്?
6 നമുക്ക് എങ്ങനെ സഹായം ലഭിക്കുന്നു? യേശു പൗലോസിനെ സഹായിച്ചതുപോലെ നമ്മളെയും സഹായിക്കും. ഉദാഹരണത്തിന്, യേശു തന്റെ അനുഗാമികൾക്ക് ഇങ്ങനെ ഉറപ്പു കൊടുത്തു: “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.” (മത്താ. 28:20) യേശുവിന്റെ വാക്കുകൾ നമുക്കൊരു ബലംതന്നെയാണ്. എന്തുകൊണ്ട്? ഇനി മുന്നോട്ടുപോകാനാകില്ല എന്നു തോന്നുന്ന ചില ദിവസങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം. ഉദാഹരണത്തിന്, നമുക്കു പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയാൽ അതിന്റെ വേദന ദിവസങ്ങളല്ല, ചിലപ്പോൾ വർഷങ്ങൾതന്നെ നീണ്ടുനിന്നേക്കാം. ചിലർ വാർധക്യത്തിന്റെ വിഷമങ്ങളുമായി ഓരോ ദിവസവും മല്ലിടുന്നു. ചിലർക്ക് വിഷാദത്തിന്റെ കാർമേഘങ്ങൾ മൂടിക്കെട്ടിയ ദിവസങ്ങൾ തള്ളിനീക്കേണ്ടിവരുന്നു. എങ്കിലും, ‘എന്നും,’ നമ്മുടെ ജീവിതത്തിലെ ഏറ്റവും ഇരുളടഞ്ഞ ദിവസങ്ങളിലും, യേശു നമ്മുടെകൂടെയുണ്ട് എന്ന അറിവ് നമുക്ക് ബലം പകരുന്നു.—മത്താ. 11:28-30.
7. വെളിപാട് 14:6 അനുസരിച്ച് യഹോവ ഇന്ന് നമ്മളെ സഹായിക്കുന്നത് എങ്ങനെ?
7 യഹോവ തന്റെ ദൂതന്മാരെ ഉപയോഗിച്ചും നമ്മളെ സഹായിക്കുമെന്ന് ബൈബിൾ ഉറപ്പു തരുന്നു. (എബ്രാ. 1:7, 14) ഉദാഹരണത്തിന്, ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത,’ “എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും” അറിയിക്കുമ്പോൾ ദൂതന്മാർ നമ്മളെ വഴിനയിക്കുകയും സഹായിക്കുകയും ചെയ്യുന്നു.—മത്താ. 24:13, 14; വെളിപാട് 14:6 വായിക്കുക.
അധികാരസ്ഥാനത്തുള്ളവരുടെ സഹായം
8. ഒരു സൈന്യാധിപനിലൂടെ യഹോവ എങ്ങനെയാണ് പൗലോസിനെ സഹായിച്ചത്?
8 പൗലോസിന് എങ്ങനെ സഹായം ലഭിച്ചു? പൗലോസ് റോമിൽ എത്തുമെന്ന് എ.ഡി. 56-ൽ യേശു അദ്ദേഹത്തിന് ഉറപ്പു കൊടുത്തിരുന്നു. എങ്കിലും, പതിയിരുന്ന് പൗലോസിനെ കൊല്ലാൻ യരുശലേമിലെ ചില ജൂതന്മാർ പദ്ധതിയിട്ടു. ഇതെക്കുറിച്ച് റോമൻ സൈന്യാധിപൻ ക്ലൗദ്യൊസ് ലുസിയാസ് അറിഞ്ഞപ്പോൾ, അദ്ദേഹം പൗലോസിന്റെ രക്ഷയ്ക്ക് എത്തി. ഉടൻതന്നെ അദ്ദേഹം പൗലോസിനെ കുറെ പടയാളികളോടൊപ്പം കൈസര്യയിലേക്ക് അയച്ചു. യരുശലേമിൽനിന്ന് ഏകദേശം 105 കിലോമീറ്റർ സഞ്ചരിച്ചാണ് അവർ അവിടെ എത്തിയത്. അവിടെ എത്തിയപ്പോൾ ഗവർണറായ ഫേലിക്സ് പൗലോസിനെ “ഹെരോദിന്റെ കൊട്ടാരത്തിൽ കാവലിൽ സൂക്ഷിക്കാൻ” ഉത്തരവിട്ടു. പൗലോസിനെ കൊല്ലാൻ ആഗ്രഹിച്ചവർക്ക് അവിടെവെച്ച് അദ്ദേഹത്തെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.—പ്രവൃ. 23:12-35.
9. ഗവർണറായ ഫെസ്തൊസ് എങ്ങനെയാണ് പൗലോസിനെ സഹായിച്ചത്?
9 രണ്ടു വർഷം കടന്നുപോയി. പൗലോസ് ഇപ്പോഴും കൈസര്യയിൽ തടവിൽത്തന്നെയാണ്. ഫേലിക്സിന് പകരം ഫെസ്തൊസ് ഗവർണറായി സ്ഥാനമേറ്റു. വിചാരണയ്ക്കായി പൗലോസിനെ യരുശലേമിലേക്കു കൊണ്ടുവരാമോ എന്ന് ജൂതന്മാർ ഫെസ്തൊസിനോടു ചോദിച്ചു. പക്ഷേ, ഫെസ്തൊസ് അതിനു സമ്മതിച്ചില്ല. ഒരുപക്ഷേ, “വഴിമധ്യേ ഒളിച്ചിരുന്ന് പൗലോസിനെ കൊല്ലാനുള്ള ജൂതന്മാരുടെ പദ്ധതിയെക്കുറിച്ച്” ഗവർണർ അറിഞ്ഞിരിക്കാം.—പ്രവൃ. 24:27–25:5.
10. സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാനുള്ള പൗലോസിന്റെ അപേക്ഷയോട് ഫെസ്തൊസ് എങ്ങനെയാണ് പ്രതികരിച്ചത്?
10 പിന്നീട് കൈസര്യയിൽവെച്ച് പൗലോസിന്റെ വിചാരണ നടന്നു. ഈ അവസരത്തിൽ, “ജൂതന്മാരുടെ പ്രീതി പിടിച്ചുപറ്റാൻ” ആഗ്രഹിച്ച ഫെസ്തൊസ് പൗലോസിനോടു ചോദിച്ചു: ‘യരുശലേമിലേക്കു വരാനും എന്റെ മുമ്പാകെ വിചാരണ നേരിടാനും നിനക്കു സമ്മതമാണോ?’ യരുശലേമിലേക്കു പോയാൽ താൻ അവിടെവെച്ച് കൊല്ലപ്പെടുമെന്ന് പൗലോസിന് ഏകദേശം ഉറപ്പായിരുന്നു. ഈ സാഹചര്യത്തിൽ തന്റെ ജീവൻ രക്ഷിക്കാനും റോമിൽ എത്തിച്ചേരാനും ശുശ്രൂഷ തുടരാനും എന്താണു ചെയ്യേണ്ടതെന്നു പൗലോസിന് അറിയാമായിരുന്നു. അതുകൊണ്ടാണു പൗലോസ് ഇങ്ങനെ പറഞ്ഞത്: “ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!” ഉപദേശകസമിതിയോട് ആലോചിച്ചശേഷം ഫെസ്തൊസ് പൗലോസിനോടു പറഞ്ഞു: “നീ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചല്ലോ; അതുകൊണ്ട് സീസറിന്റെ അടുത്തേക്കുതന്നെ നിന്നെ വിടാം.” പൗലോസിന് അനുകൂലമായ ഫെസ്തൊസിന്റെ ആ തീരുമാനം അദ്ദേഹത്തെ ശത്രുക്കളിൽനിന്ന് രക്ഷിച്ചു. പെട്ടെന്നുതന്നെ പൗലോസിനെ കൊല്ലാൻ പദ്ധതിയിട്ട ജൂതന്മാരിൽനിന്ന് ഏറെ അകലെ റോമിൽ അദ്ദേഹം എത്തുമായിരുന്നു.—പ്രവൃ. 25:6-12.
11. യശയ്യ എഴുതിയ ധൈര്യം പകരുന്ന ഏതു വാക്കുകളെക്കുറിച്ച് പൗലോസ് ചിന്തിച്ചിരിക്കാം?
11 ഇറ്റലിയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്ന സമയത്ത്, യഹോവയെ എതിർക്കുന്നവരോട് പ്രവാചകനായ യശയ്യ പറഞ്ഞ മുന്നറിയിപ്പ് പൗലോസിന്റെ മനസ്സിൽ വന്നുകാണും. ദൈവത്താൽ പ്രചോദിതനായി യശയ്യ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പദ്ധതി മനഞ്ഞുകൊള്ളൂ, എന്നാൽ അതു വിഫലമാകും, നിങ്ങൾക്ക് ഇഷ്ടമുള്ളതു പറഞ്ഞുകൊള്ളൂ, എന്നാൽ അതു പരാജയപ്പെടും, ദൈവം ഞങ്ങളുടെകൂടെയുണ്ട്!” (യശ. 8:10) ദൈവം തന്നെ സഹായിക്കുമെന്ന് പൗലോസിന് അറിയാമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഓരോരോ പ്രശ്നങ്ങളുണ്ടായപ്പോൾ ഈ അറിവ് പൗലോസിനെ ശക്തിപ്പെടുത്തി.
12. യൂലിയൊസ് എങ്ങനെയാണ് പൗലോസിനോട് ഇടപെട്ടത്, അതിൽനിന്ന് പൗലോസ് എന്തു മനസ്സിലാക്കിയിരിക്കാം?
12 അങ്ങനെ എ.ഡി. 58-ൽ പൗലോസ് ഇറ്റലിയിലേക്കുള്ള യാത്ര ആരംഭിച്ചു. ഒരു തടവുകാരൻ ആയിരുന്നതുകൊണ്ട് പൗലോസ് റോമൻ സൈനികോദ്യോഗസ്ഥനായ യൂലിയൊസിന്റെ മേൽനോട്ടത്തിലായിരുന്നു. ഒന്നുകിൽ യൂലിയൊസിന് പൗലോസിനോട് നല്ല രീതിയിൽ ഇടപെടാമായിരുന്നു, അല്ലെങ്കിൽ പൗലോസിനെ കഷ്ടപ്പെടുത്താമായിരുന്നു. അദ്ദേഹം എങ്ങനെയാണ് തന്റെ അധികാരം ഉപയോഗിച്ചത്? പിറ്റേന്ന് കപ്പൽ കരയ്ക്ക് അടുപ്പിച്ചപ്പോൾ ‘പൗലോസിനോട് യൂലിയൊസ് ദയ കാണിക്കുകയും സ്നേഹിതരുടെ അടുത്ത് പോകാൻ അനുവദിക്കുകയും ചെയ്തു.’ പിന്നീട് യൂലിയൊസ് പൗലോസിന്റെ ജീവൻ രക്ഷിക്കുകപോലും ചെയ്തു. എങ്ങനെ? കപ്പലിലുള്ള തടവുകാരെ കൊല്ലാൻ പടയാളികൾ തീരുമാനിച്ചപ്പോൾ യൂലിയൊസ് അവരെ ആ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിച്ചു. എന്തുകൊണ്ട്? കാരണം, “പൗലോസിനെ രക്ഷിക്കാൻ” അദ്ദേഹം ആഗ്രഹിച്ചു. തന്നെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് യഹോവ ദയയുള്ള ഈ സൈനികോദ്യോഗസ്ഥനെ ഉപയോഗിക്കുകയാണെന്ന് പൗലോസ് ഒരുപക്ഷേ മനസ്സിലാക്കിയിരിക്കാം.—പ്രവൃ. 27:1-3, 42-44.
13. അധികാരസ്ഥാനങ്ങളിലുള്ളവരെ യഹോവ എങ്ങനെ ഉപയോഗിച്ചേക്കാം?
13 നമുക്ക് എങ്ങനെ സഹായം ലഭിക്കുന്നു? തന്റെ ഉദ്ദേശ്യവുമായി യോജിപ്പിലായിരിക്കുന്ന അവസരങ്ങളിൽ അധികാരസ്ഥാനങ്ങളിലുള്ളവർ താൻ ആഗ്രഹിക്കുന്നതുപോലെ പ്രവർത്തിക്കുന്നതിന് ഇടയാക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചേക്കാം. ശലോമോൻ രാജാവ് പറഞ്ഞതു ശ്രദ്ധിക്കുക: “രാജാവിന്റെ ഹൃദയം യഹോവയുടെ കൈകളിൽ അരുവിപോലെ. തനിക്ക് ഇഷ്ടമുള്ളിടത്തേക്കു ദൈവം അതു തിരിച്ചുവിടുന്നു.” (സുഭാ. 21:1) എന്താണ് ഇതിന്റെ അർഥം? കനാലുകൾ ഉപയോഗിച്ച് ഒരു അരുവിയിലെ വെള്ളം തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് തിരിച്ചുവിടാൻ മനുഷ്യനു കഴിയും. അതുപോലെ, തന്റെ ഉദ്ദേശ്യം അനുസരിച്ച് കാര്യങ്ങൾ നടക്കുന്നതിന് യഹോവയ്ക്ക് പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട് അധികാരികളുടെ ചിന്തകളെ തിരിച്ചുവിടാനും കഴിയും. അപ്പോൾ ദൈവജനത്തിന് അനുകൂലമായ തീരുമാനങ്ങളെടുക്കാൻ അധികാരികൾക്കു തോന്നും.—എസ്ര 7:21, 25, 26 താരതമ്യം ചെയ്യുക.
14. പ്രവൃത്തികൾ 12:5-നു ചേർച്ചയിൽ, ആർക്കുവേണ്ടി നമുക്ക് പ്രാർഥിക്കാം?
14 നമുക്ക് എന്തു ചെയ്യാം? അധികാരസ്ഥാനങ്ങളിലുള്ളവർ നമ്മുടെ ക്രിസ്തീയ ജീവിതത്തെയും ശുശ്രൂഷയെയും ബാധിക്കുന്ന ചില തീരുമാനങ്ങൾ എടുത്തേക്കാം. അത്തരം സമയങ്ങളിൽ “രാജാക്കന്മാർക്കും അധികാരസ്ഥാനത്തുള്ള എല്ലാവർക്കും വേണ്ടി” നമുക്കു പ്രാർഥിക്കാം. (1 തിമൊ. 2:1, 2, അടിക്കുറിപ്പ്; നെഹ. 1:11) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ചെയ്തതുപോലെ നമുക്കും ജയിലിലുള്ള നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കാൻ കഴിയും. (പ്രവൃത്തികൾ 12:5 വായിക്കുക; എബ്രാ. 13:3) കൂടാതെ, അവർക്കു മേൽനോട്ടം വഹിക്കുന്ന ജയിലധികാരികൾക്കുവേണ്ടിയും പ്രാർഥിക്കാം. യൂലിയൊസിനെപ്പോലെ ജയിലിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങളോട് ‘മാനുഷികപരിഗണനയോടെ’ ഇടപെടാൻ അവർക്കു തോന്നുംവിധം അവരുടെ ചിന്തകളെ സ്വാധീനിക്കേണമേ എന്ന് നമുക്ക് യഹോവയോടു പ്രാർഥിക്കാം.—പ്രവൃ. 27:3-ന്റെ പഠനക്കുറിപ്പ് കാണുക.
സഹാരാധകരുടെ സഹായം
15-16. അരിസ്തർഹോസിനെയും ലൂക്കോസിനെയും ഉപയോഗിച്ച് യഹോവ എങ്ങനെയാണ് പൗലോസിനെ സഹായിച്ചത്?
15 പൗലോസിന് എങ്ങനെ സഹായം ലഭിച്ചു? റോമിലേക്കുള്ള യാത്രയ്ക്കിടെ യഹോവ പലപ്പോഴും സഹോദരങ്ങളെ ഉപയോഗിച്ചുകൊണ്ട് പൗലോസിനെ സഹായിച്ചു. ചില സംഭവങ്ങൾ നോക്കാം.
16 പൗലോസിന്റെ വിശ്വസ്തസുഹൃത്തുക്കളായ അരിസ്തർഹോസും ലൂക്കോസും റോമിലേക്കുള്ള യാത്രയിൽ അദ്ദേഹത്തോടൊപ്പം പോകാൻ തീരുമാനിച്ചു. b അരിസ്തർഹോസും ലൂക്കോസും സുരക്ഷിതരായി റോമിൽ എത്തിച്ചേരുമെന്ന് യേശു അവർക്ക് ഉറപ്പു കൊടുത്തതായി ബൈബിൾ ഒരിടത്തും പറയുന്നില്ല. അതുകൊണ്ട് അവർ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ആ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത് എന്നു പറയാം. കാരണം, അവർ പൗലോസിനെ സഹായിക്കാൻ ആഗ്രഹിച്ചു. അപകടംപിടിച്ച ആ യാത്ര തുടങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് തങ്ങളുടെ ജീവന് ആപത്തുവരില്ല എന്ന് അവർക്ക് ഉറപ്പു കിട്ടിയത്. അരിസ്തർഹോസും ലൂക്കോസും കൈസര്യയിൽനിന്ന് കപ്പലിൽ കയറിയപ്പോൾ ധീരരായ ആ രണ്ട് സഹോദരങ്ങളെ തന്ന് സഹായിച്ചതിന് പൗലോസ് യഹോവയ്ക്ക് നന്ദി പറഞ്ഞുകാണും.—പ്രവൃ. 27:1, 2, 20-25.
17. സഹവിശ്വാസികളെ ഉപയോഗിച്ചുകൊണ്ട് യഹോവ എങ്ങനെയാണ് പൗലോസിനെ സഹായിച്ചത്?
17 യാത്രയ്ക്കിടയിൽ പല അവസരങ്ങളിൽ പൗലോസിന് സഹാരാധകരുടെ സഹായം ലഭിച്ചു. ഉദാഹരണത്തിന്, അവർ തുറമുഖനഗരമായ സീദോനിൽ എത്തിയപ്പോൾ യൂലിയൊസിന്റെ അനുമതിയോടെ പൗലോസ് ‘സ്നേഹിതരുടെ അടുത്ത് പോയി അവരുടെ ആതിഥ്യം സ്വീകരിച്ചു.’ പിന്നീട്, പൗലോസും കൂട്ടുകാരും പുത്യൊലിയിൽ എത്തിയപ്പോൾ അവിടത്തെ “സഹോദരന്മാരെ കണ്ടു. അവർ നിർബന്ധിച്ചപ്പോൾ ഏഴു ദിവസം (പൗലോസും മറ്റുള്ളവരും) അവരോടൊപ്പം താമസിച്ചു.” അവിടെയുള്ള ക്രിസ്ത്യാനികൾ പൗലോസിനെയും സുഹൃത്തുക്കളെയും പല വിധങ്ങളിൽ സഹായിച്ചു. പ്രോത്സാഹനം പകരുന്ന ധാരാളം അനുഭവങ്ങൾ പറഞ്ഞുകൊണ്ട് പൗലോസ് അവിടത്തെ സഹോദരങ്ങളെയും സന്തോഷിപ്പിച്ചുകാണും. (പ്രവൃത്തികൾ 15:2, 3 താരതമ്യം ചെയ്യുക.) നവോന്മേഷം വീണ്ടെടുത്ത പൗലോസും കൂട്ടുകാരും വീണ്ടും യാത്ര തുടർന്നു.—പ്രവൃ. 27:3; 28:13, 14.
18. ദൈവത്തിനു നന്ദി പറയാനും ധൈര്യം വീണ്ടെടുക്കാനും പൗലോസിനെ പ്രേരിപ്പിച്ചത് എന്താണ്?
18 പൗലോസ് റോമിലേക്ക് നടന്നടുത്തപ്പോൾ “അനേകം വർഷങ്ങളായി നിങ്ങളുടെ അടുത്ത് വരണമെന്നു ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു” എന്ന് മൂന്നു വർഷം മുമ്പ് അവിടെയുള്ള സഭയ്ക്ക് എഴുതിയത് പൗലോസിന്റെ മനസ്സിൽ വന്നുകാണും. (റോമ. 15:23) എന്നാൽ, ഒരു തടവുകാരനായിട്ടായിരിക്കും അവിടേക്ക് എത്തുക എന്ന് പൗലോസ് ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. തന്നെ സ്വീകരിക്കാൻ റോമിലെ സഹോദരങ്ങൾ വഴിയിൽ കാത്തുനിൽക്കുന്നതു കണ്ടപ്പോൾ പൗലോസിന് എത്ര പ്രോത്സാഹനം തോന്നിക്കാണും! “അവരെ കണ്ടപ്പോൾ പൗലോസിനു ധൈര്യമായി, പൗലോസ് ദൈവത്തിനു നന്ദി പറഞ്ഞു.” (പ്രവൃ. 28:15) അപ്പോൾ പൗലോസ് ദൈവത്തിന് നന്ദി പറഞ്ഞത് എന്തുകൊണ്ടായിരിക്കാം? കാരണം, സഹാരാധകരെ ഉപയോഗിച്ചുകൊണ്ട് യഹോവ തന്നെ സഹായിക്കുന്നത് പൗലോസ് വീണ്ടും അനുഭവിച്ചറിയുകയായിരുന്നു.
19. 1 പത്രോസ് 4:10 അനുസരിച്ച് കഷ്ടപ്പെടുന്നവരെ സഹായിക്കാൻ യഹോവ നമ്മളെ എങ്ങനെ ഉപയോഗിച്ചേക്കാം?
19 നമുക്ക് എന്തു ചെയ്യാം? രോഗത്താലോ മറ്റു പ്രശ്നങ്ങളാലോ കഷ്ടപ്പെടുന്ന സഹോദരങ്ങൾ ആരെങ്കിലും നിങ്ങളുടെ സഭയിലുണ്ടോ? അല്ലെങ്കിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിക്കുന്ന ആരെങ്കിലുമുണ്ടോ? അങ്ങനെ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ, ആ വ്യക്തിയോടുള്ള സ്നേഹം തെളിയിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ സഹായിക്കേണമേ എന്ന് നമുക്ക് യഹോവയോടു പ്രാർഥിക്കാം. അങ്ങനെയുള്ള നമ്മുടെ വാക്കുകളും പ്രവൃത്തികളും ഒരുപക്ഷേ, തക്കസമയത്ത് അവർക്കു കിട്ടുന്ന ഒരു പ്രോത്സാഹനമായിരിക്കും. (1 പത്രോസ് 4:10 വായിക്കുക.) c അതുവഴി, യഹോവയുടെ സഹായം അനുഭവിച്ചറിയാനും “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല” എന്ന ദൈവത്തിന്റെ വാക്കുകൾ തന്റെ കാര്യത്തിലും സത്യമാണ് എന്ന് അവർ വിശ്വസിക്കാനും ഇടയാകും. അപ്പോൾ നിങ്ങൾക്കും സന്തോഷം തോന്നില്ലേ?
20. “യഹോവ എന്നെ സഹായിക്കും” എന്നു നമുക്ക് ഉറപ്പോടെ പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
20 പൗലോസിന്റെയും കൂട്ടുകാരുടെയും കാര്യത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും കൊടുങ്കാറ്റുസമാനമായ പ്രശ്നങ്ങൾ നേരിട്ടേക്കാം. പക്ഷേ, നമുക്ക് ധൈര്യമുള്ളവരായിരിക്കാം. കാരണം, യഹോവ നമ്മുടെകൂടെയുണ്ട്. യേശുവിലൂടെയും ദൂതന്മാരിലൂടെയും യഹോവ നമ്മളെ സഹായിക്കും. കൂടാതെ, യഹോവയുടെ ഉദ്ദേശ്യവുമായി യോജിപ്പിലായിരിക്കുമ്പോൾ അധികാരസ്ഥാനത്തുള്ളവരെ ഉപയോഗിച്ചുകൊണ്ടും നമ്മളെ സഹായിക്കാൻ യഹോവയ്ക്കു കഴിയും. നമ്മളെ സഹായിക്കുന്നതിന് ഓടിയെത്താൻ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട് നമ്മുടെ സഹോദരങ്ങളെ പ്രചോദിപ്പിക്കാനും യഹോവയ്ക്കു കഴിയും. ഇതിനോടകംതന്നെ നമ്മളിൽ പലരും അത് അനുഭവിച്ചറിഞ്ഞിട്ടില്ലേ? പൗലോസിനെപ്പോലെ, “യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും” എന്ന് ഉറപ്പോടെ പറയാൻ നമുക്കും മതിയായ കാരണങ്ങളില്ലേ?—എബ്രാ. 13:6.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
a പ്രശ്നങ്ങൾ നേരിട്ടപ്പോൾ അപ്പോസ്തലനായ പൗലോസിനെ യഹോവ സഹായിച്ച മൂന്നു വിധങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ ചർച്ച ചെയ്യും. മുൻകാലങ്ങളിൽ യഹോവ എങ്ങനെയാണ് ഒരു സഹായി ആയിരുന്നതെന്ന് ചിന്തിക്കുന്നത്, ജീവിതത്തിൽ കൊടുങ്കാറ്റുപോലുള്ള പ്രശ്നങ്ങൾ നമുക്കുണ്ടാകുമ്പോൾ യഹോവ നമ്മളെ സഹായിക്കുമെന്ന ഉറപ്പ് ശക്തമാക്കും.
b മുമ്പ് മറ്റു യാത്രകളിലും പൗലോസിന്റെ കൂടെയുണ്ടായിരുന്നവരാണ് അരിസ്തർഹോസും ലൂക്കോസും. പൗലോസ് റോമിൽ തടവിലായിരുന്ന സമയത്തും ഈ വിശ്വസ്തപുരുഷന്മാർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.—പ്രവൃ. 16:10-12; 20:4; കൊലോ. 4:10, 14.