നിങ്ങളുടെ ഭാവി നിങ്ങൾക്കു തീരുമാനിക്കാം
ഒരു സുരക്ഷിതമായ ഭാവി ഉണ്ടായിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് ദൈവമായ യഹോവ ഏതാണ്ട് 3,500 വർഷങ്ങൾക്ക് മുമ്പ് തന്റെ ആരാധകരോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ മുമ്പാകെ ജീവനും മരണവും, അനുഗ്രഹവും ശാപവും വെച്ചിരിക്കുന്നു. . . . നിങ്ങളും നിങ്ങളുടെ വംശജരും ജീവിച്ചിരിക്കാനായി ജീവൻ തിരഞ്ഞെടുത്തുകൊള്ളുക.”—ആവർത്തനം 30:19.
നല്ലൊരു ഭാവി കിട്ടാൻ അന്ന് അവർ നല്ല തീരുമാനം എടുക്കണമായിരുന്നു. അവരെപ്പോലെ തീരുമാനമെടുക്കാനുള്ള അവസരം ഇന്നു നമുക്കുമുണ്ട്. എന്നാൽ ഭാവി സുരക്ഷിതമാക്കാൻ എന്തു തിരഞ്ഞെടുക്കണമെന്നു ബൈബിൾ പറയുന്നു: “നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും ദൈവത്തിന്റെ വാക്കു കേൾക്കുകയും . . . വേണം.”—ആവർത്തനം 30:20.
യഹോവയെ സ്നേഹിക്കാനും ദൈവത്തിന്റെ വാക്കു കേൾക്കാനും എങ്ങനെ കഴിയും?
ബൈബിൾ പഠിക്കുക: യഹോവയെ സ്നേഹിക്കാൻ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ബൈബിളിൽനിന്ന് ദൈവത്തെക്കുറിച്ച് പഠിക്കുക എന്നതാണ്. അങ്ങനെ പഠിക്കുമ്പോൾ, നമുക്കു നല്ലതുവരാൻ ആഗ്രഹിക്കുന്ന സ്നേഹമുള്ള ഒരു ദൈവമാണ് യഹോവ എന്ന് നിങ്ങൾ മനസ്സിലാക്കും. “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്” ആണ് തന്നോടു പ്രാർഥിക്കാൻ നിങ്ങളോടു പറയുന്നത്. (1 പത്രോസ് 5:7) നിങ്ങൾ ദൈവത്തോട് അടുത്ത് ചെല്ലാൻ ശ്രമിച്ചാൽ “ദൈവം നിങ്ങളോട് അടുത്ത് വരും” എന്ന് ബൈബിൾ ഉറപ്പുതരുന്നു.—യാക്കോബ് 4:8.
പഠിച്ചതിനു ചേർച്ചയിൽ പ്രവർത്തിക്കുക: ദൈവത്തിന്റെ വാക്കു കേൾക്കുക എന്നു പറയുമ്പോൾ ബൈബിളിലൂടെ ദൈവം നൽകിയിരിക്കുന്ന നിർദേശങ്ങൾ അനുസരിക്കുക എന്നാണ്. അങ്ങനെ ചെയ്‌താൽ ‘നിങ്ങൾ വിജയിക്കും. നിങ്ങൾ ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും.’—യോശുവ 1:8.
ബൈബിളിന്റെ സഹായത്താൽ ഭാവി സുരക്ഷിതമാക്കാൻ നിങ്ങൾക്ക് ഇപ്പോൾത്തന്നെ തീരുമാനമെടുക്കാം!