ഭാവി പ്രവചനം
നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി എന്തായിരിക്കുമെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ധനവാനാകുമോ അതോ ദരിദ്രനാകുമോ? നാളെ നിങ്ങളെ സ്നേഹിക്കാൻ ആരെങ്കിലും കാണുമോ അതോ നിങ്ങൾ ഒറ്റപ്പെട്ടുപോകുമോ? നിങ്ങൾ ദീർഘായുസ്സോടിരിക്കുമോ അതോ അകാലത്തിൽ മരിച്ചുപോകുമോ? ഇതുപോലുള്ള ചോദ്യങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി ആളുകളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ട്.
ഇന്നു ചില വിദഗ്ധർ ആഗോളപ്രവണതകളെക്കുറിച്ച് പഠിച്ച് ചില പ്രവചനങ്ങളൊക്കെ നടത്തുന്നു. അവയിൽ പലതും ശരിയായിത്തീരുന്നെങ്കിലും ചിലതൊക്കെ തെറ്റിപോകുന്നു, മറ്റു ചിലതു പാടേ പാളിപ്പോകുന്നു. ഉദാഹരണത്തിന്, കമ്പിയില്ലാക്കമ്പി (വയർലെസ്സ് ടെലിഗ്രാഫ്) കണ്ടുപിടിച്ച ഗുഗ്ലിയെൽമോ മാർക്കോണി 1912-ൽ ഇങ്ങനെ പ്രവചിച്ചതായി പറയുന്നു: “വയർലെസ്സ് യുഗമാകുന്നതോടെ യുദ്ധങ്ങളുണ്ടാകില്ല.” ഇനി, 1962-ൽ ഡെക്കാ റെക്കോർഡ് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ ബീറ്റിൽസ്സ് സംഗീത ട്രൂപ്പിനെ ഒഴിവാക്കിയപ്പോൾ വിചാരിച്ചത് ഗിറ്റാർ ട്രൂപ്പുകളുടെ കാലം തീരാറായെന്നാണ്.
ഭാവി അറിയാനായി പലരും അമാനുഷികശക്തികളിലേക്കു തിരിയുന്നു. ചിലർ ജ്യോത്സ്യന്മാരെ കാണുന്നു. മിക്ക മാസികകളിലും പത്രങ്ങളിലും ഇവയ്ക്കുവേണ്ടി പ്രത്യേക പംക്തിതന്നെയുണ്ട്. സംഖ്യകൾ നോക്കിയും കൈരേഖ നോക്കിയും ചീട്ടുകളിലെ ചിത്രം നോക്കിയും ചിലർ ഭാവി പറയുന്നു. ചില ആളുകൾ ഭാവി അറിയാനായി അവരെ കാണുന്നു.
പുരാതനകാലത്ത് ചിലർ ഭാവി അറിയാൻ വെളിച്ചപ്പാടുകളുടെ അടുക്കൽ പോയിരുന്നു. ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ ഈ വെളിച്ചപ്പാടുകൾ വരുന്നവരെ അറിയിക്കുമായിരുന്നു. ഉദാഹരണത്തിന്, പേർഷ്യയിലെ സൈറസുമായി പോരാടിയാൽ എന്തു സംഭവിക്കുമെന്ന് അറിയാൻ ലിഡിയൻ രാജാവായ ക്രീസസ് ഗ്രീസിലെ ഡെൽഫിയിലുള്ള വെളിച്ചപ്പാടത്തിക്കു വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുത്തയച്ചു എന്ന് പറയപ്പെടുന്നു. സൈറസിനെതിരെ പോരാടുകയാണെങ്കിൽ ക്രീസസ് “ഒരു വൻ സാമ്രാജ്യം” തകർത്തില്ലാതാക്കുമെന്ന് അവർ പറഞ്ഞു. അതു കേട്ട് ക്രീസസ് വിജയം ഉറപ്പിച്ച് ഇറങ്ങിത്തിരിച്ചെങ്കിലും തകർന്നത് അദ്ദേഹത്തിന്റെതന്നെ സാമ്രാജ്യമായിരുന്നു!
ആ പ്രവചനം രണ്ടു വിധത്തിലും വ്യാഖ്യാനിക്കാമായിരുന്നു. ആരു ജയിച്ചാലും പ്രവചനം ശരിയെന്നു വരുമായിരുന്നു. ഈ തെറ്റായ വിവരത്തിനു ശ്രദ്ധ നൽകിയ ക്രീസസിന് ഒടുക്കേണ്ടിവന്നത് വലിയ വിലയാണ്. ഭാവി പറയുന്ന ധാരാളം രീതികൾ ഇന്നുമുണ്ട്. അതിലേക്കു തിരിയുന്നവർക്ക് ഇതിലും മെച്ചമായി എന്തെങ്കിലും പ്രതീക്ഷിക്കാനാകുമോ?