വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1881-ൽ ജനറൽ ഗോർഡൻ, സെയ്‌ഷെൽസിലുള്ള പ്രാസ്‌ലിൻ ദ്വീപിലാണ്‌ തന്‍റെ ഏദെൻ തോട്ടം കണ്ടുപിടിച്ചത്‌

ഭൂമിയിലെ പറുദീസ സങ്കൽപ്പമോ യാഥാർഥ്യമോ?

ഭൂമിയിലെ പറുദീസ സങ്കൽപ്പമോ യാഥാർഥ്യമോ?

പറുദീസ! നമ്മുടെ ദുഃഖങ്ങളും പ്രശ്‌നങ്ങളും ഒക്കെ മറന്ന്, ദൂരെയുള്ള ഒരു ‘പറുദീസയിൽ’ ജീവിതം ആഘോഷിച്ചു മടങ്ങിവരാൻ യാത്രാവിവരണ മാസികകൾ മോഹിപ്പിക്കാറുണ്ട്. എന്നാൽ നമുക്ക് അറിയാവുന്നതുപോലെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ജീവിതയാഥാർഥ്യങ്ങളെല്ലാം അതേപടി അവിടെയുണ്ടാകും.

എന്തൊക്കെ പറഞ്ഞാലും പറുദീസ എന്നത്‌ മോഹിപ്പിക്കുന്ന ഒന്നുതന്നെയാണ്‌. “പറുദീസ” വെറുമൊരു സങ്കൽപ്പം മാത്രമാണോ? അങ്ങനെയെങ്കിൽ, ആളുകൾക്ക് അതിനോടിത്ര മോഹം എന്തുകൊണ്ടാണ്‌? അത്‌ എന്നെങ്കിലും സത്യമാകുമോ?

പരമ്പരാഗതവിശ്വാസം

പറുദീസ എന്നത്‌ നൂറ്റാണ്ടുകളായി ആളുകളെ മോഹിപ്പിക്കുന്ന ഒരു ആശയമാണ്‌. ദൈവം “കിഴക്ക് ഏദെനിൽ ഒരു തോട്ടം നട്ടുണ്ടാക്കി” എന്നു ബൈബിളിൽ പറഞ്ഞിരിക്കുന്നു. പലർക്കും ഇതിനോട്‌ ഇത്ര ആകർഷണം തോന്നുന്നത്‌ എന്തുകൊണ്ടാണ്‌? ആ തോട്ടത്തെ അത്ര മനോഹരമാക്കിയത്‌ എന്താണ്‌? ബൈബിൾ പറയുന്നു: “കാഴ്‌ചയ്‌ക്കു മനോഹരവും ഭക്ഷ്യയോഗ്യവും ആയ എല്ലാ മരങ്ങളും യഹോവ നിലത്ത്‌ മുളപ്പിച്ചു” എന്ന്. ആ തോട്ടം നയനമനോഹരമായ ഒരു സ്ഥലമായിരുന്നു. എന്നാൽ അവിടത്തെ ഏറ്റവും ആകർഷകമായ ഒന്നായിരുന്നു ‘തോട്ടത്തിന്‍റെ നടുവിലുള്ള ജീവവൃക്ഷം.’—ഉൽപത്തി 2:8, 9.

അതു കൂടാതെ, തോട്ടത്തിൽനിന്ന് നാലു നദികൾ ഒഴുകുന്നതിനെക്കുറിച്ചും ഉൽപത്തി വിവരണം പറയുന്നു. ടൈഗ്രിസ്‌, (അല്ലെങ്കിൽ, ഹിദ്ദേക്കൽ) യൂഫ്രട്ടീസ്‌ എന്നീ പേരുകളിൽ ഇന്നും അറിയപ്പെടുന്ന നദികളാണ്‌ അതിൽ രണ്ട് എണ്ണം. (ഉൽപത്തി 2:10-14; അടിക്കുറിപ്പ്) ഈ രണ്ടു നദികളും പേർഷ്യൻ ഗൾഫിലൂടെ ഇറാഖിലേക്ക് (മുമ്പ് പേർഷ്യയുടെ ഭാഗമായിരുന്നു ഇത്‌) ഒഴുകുന്നു.

ഭൂമിയിലെ പറുദീസ എന്നത്‌ പേർഷ്യൻ സാംസ്‌കാരികപൈതൃകത്തിന്‍റെ ഭാഗമാണ്‌. അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. യു.എസ്‌.എ.-യിലെ പെൻസിൽവേനിയയിലുള്ള ഫിലാഡെൽഫിയയിലെ ആർട്ട് മ്യൂസിയത്തിൽ 16-‍ാ‍ം നൂറ്റാണ്ടിലെ ഒരു കലാസൃഷ്ടിയായ ഒരു കാർപ്പെറ്റ്‌ ഉണ്ട്. അതിൽ മരങ്ങളും പൂക്കളും നിറഞ്ഞ കെട്ടിയടച്ച ഒരു തോട്ടം നെയ്‌തുണ്ടാക്കിയിരിക്കുന്നു. പറുദീസ എന്ന പദം പഴയ ഒരു പേർഷ്യൻ വാക്കിൽനിന്നാണ്‌ വന്നത്‌. അതിന്‍റെ അർഥം “മതിൽക്കെട്ടിനുള്ളിലെ തോട്ടം” എന്നാണ്‌. ബൈബിളിൽ വർണിച്ചിരിക്കുന്ന ഏദെൻ തോട്ടംപോലെ മനോഹരമാണ്‌ ഈ കാർപ്പെറ്റിലെ തോട്ടവും.

ലോകത്തെങ്ങുമുള്ള പല ഭാഷകളിലും സംസ്‌കാരങ്ങളിലും പലയാവർത്തി പറുദീസയെക്കുറിച്ചുള്ള കഥകൾ പറഞ്ഞിട്ടുണ്ട്. മാനവകുടുംബം ഭൂമിയുടെ വിദൂരഭാഗങ്ങളിലേക്കു കുടിയേറിയപ്പോൾ പറുദീസയെക്കുറിച്ചുള്ള തനത്‌ വിവരണത്തിന്‍റെ പല വ്യാഖ്യാനങ്ങൾക്കും രൂപം നൽകി. നൂറ്റാണ്ടുകൾ പലതു കഴിഞ്ഞപ്പോൾ പ്രാദേശികമായി മനുഷ്യൻ ഉണ്ടാക്കിയെടുത്ത വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും ഭാഗമായി ഇതിനെയും അവർ കൂട്ടിയിണക്കി. ഇന്നും ആളുകൾ അതിമനോഹരമായ പ്രകൃതിഭംഗിയുള്ള ഇടങ്ങൾ കാണുമ്പോൾ അവർ അറിയാതെതന്നെ അതിനെ പറുദീസ എന്നു വിളിക്കാറുണ്ട്.

പറുദീസയ്‌ക്കുവേണ്ടിയുള്ള അന്വേഷണം

നഷ്ടപ്പെട്ട പറുദീസയുടെ സ്ഥാനം തങ്ങൾ കണ്ടെത്തിയതായി ചില പര്യവേക്ഷകർ അവകാശപ്പട്ടിട്ടുണ്ട്. ഉദാഹരണത്തിന്‌, ബ്രിട്ടീഷ്‌ സൈന്യത്തിന്‍റെ ജനറലായിരുന്ന ചാൾസ്‌ ഗോർഡൻ 1881-ൽ സെയ്‌ഷെൽസ്‌ സന്ദർശിച്ചപ്പോൾ ഇപ്പോഴത്തെ ലോകപൈതൃകകേന്ദ്രമായ വാലീ ഡേ മാ കണ്ടിട്ട് അത്‌ ഏദെൻ തോട്ടംതന്നെയാണെന്ന് പ്രഖ്യാപിച്ചു. 15-‍ാ‍ം നൂറ്റാണ്ടിൽ ഇറ്റാലിയൻ നാവികനായ ക്രിസ്റ്റഫർ കൊളംബസ്‌ ഹിസ്‌പനിയോള എന്ന ദ്വീപ്‌ സന്ദർശിച്ചപ്പോൾ, അതായത്‌ ഇപ്പോഴത്തെ ഡൊമിനിക്കൻ റിപ്പബ്ലിക്കും ഹെയ്‌റ്റിയും സ്ഥിതി ചെയ്യുന്ന സ്ഥലം, താൻ ബൈബിളിലെ ഏദെൻ തോട്ടം കണ്ടെത്താൻ പോകുകയാണെന്ന് അദ്ദേഹം ചിന്തിച്ചുപോയി.

പറുദീസയുടെ ഭൂപടം (ഇംഗ്ലീഷ്‌) എന്ന ആധുനിക ചരിത്രപുസ്‌തകത്തിൽ 190-ലധികം പുരാതന ഭൂപടങ്ങളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. അവയിൽ മിക്കതിലും ഏദെൻ തോട്ടത്തിൽ ആദാമിനെയും ഹവ്വയെയും കാണാം. അവിടെ പരാമർശിച്ചിരിക്കുന്ന ശ്രദ്ധേയമായ ഒരു ഭൂപടം 13-‍ാ‍ം നൂറ്റാണ്ടിലെ ബീറ്റസ്‌ ഓഫ്‌ ലിബേന എന്ന കൈയെഴുത്തുപ്രതിയുടെ ഒരു കോപ്പിയിലുണ്ട്. അതിന്‍റെ മുകൾ വശത്തുള്ള ഒരു ദീർഘചതുരത്തിന്‍റെ നടുവിൽ പറുദീസയുടെ ചിത്രം കാണാം. അവിടെനിന്ന് നാലു നദികൾ പുറപ്പെടുന്നു. അവയാണ്‌ ‘ടൈഗ്രിസ്‌,’ ‘യൂഫ്രട്ടീസ്‌,’ ‘പീശോൻ,’ ‘ഗീഹോൻ.’ അവിടെനിന്ന് അവ ആ ചതുരത്തിന്‍റെ നാലു മൂലകളിലേക്ക് ഒഴുകുന്നതായാണ്‌ കാണിച്ചിരിക്കുന്നത്‌. ക്രിസ്‌ത്യാനിത്വം ഭൂമിയുടെ നാലു കോണുകളിലേക്കും വ്യാപിക്കുന്നതിന്‍റെ ഒരു ചിത്രീകരണമാണ്‌ ഇത്‌. ഏദെനിലെ പറുദീസയുടെ സ്ഥാനം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞില്ല എന്ന് ആ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും അത്‌ ഉണർത്തുന്ന സ്‌മരണകൾ ആളുകളുടെ മനസ്സിൽ മായാത്ത ചിത്രം പതിപ്പിക്കുന്നു.

17-‍ാ‍ം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷ്‌ കവിയായ ജോൺ മിൽട്ടൺ എഴുതിയ പറുദീസാനഷ്ടം (Paradise Lost) എന്ന കവിത വളരെ പ്രസിദ്ധമാണ്‌. ബൈബിളിലെ ഉൽപത്തി പുസ്‌തകത്തിൽ പറയുന്ന ആദ്യമനുഷ്യന്‍റെ പാപത്തെയും അതെത്തുടർന്ന് ഏദെനിൽനിന്ന് പുറത്താക്കപ്പെടുന്നതിനെയും അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇത്‌. മനുഷ്യർക്കു ഭൂമിയിൽ നിത്യം ജീവിക്കാനുള്ള അവസരം തിരികെ ലഭിക്കുമെന്നുള്ള വാഗ്‌ദാനമാണ്‌ അതിൽ പ്രമുഖമായി വിവരിക്കുന്നത്‌. “അന്ന് ഭൂമി മുഴുവൻ ഒരു പറുദീസയാകും” എന്നത്‌ അതിലെ ഒരു വരിയാണ്‌. പിന്നീട്‌, പറുദീസാനേട്ടം (Paradise Regained) എന്ന പേരിൽ ഇതിന്‍റെ രണ്ടാം ഭാഗം അദ്ദേഹം എഴുതി.

ലക്ഷ്യം മാറുന്നു

മനുഷ്യചരിത്രത്തിന്‍റെ ഏടുകളിൽ തിളങ്ങിനിൽക്കുന്ന ഒരു സ്വർണചരടാണ്‌ നഷ്ടപ്പെട്ട പറുദീസയെക്കുറിച്ചുള്ള ആശയം. എന്നാൽ ഇന്ന് അതിനു പ്രാധാന്യമില്ലാത്തത്‌ എന്തുകൊണ്ട്? അടിസ്ഥാനപരമായി “ദൈവശാസ്‌ത്രപണ്ഡിതന്മാർ പറുദീസ ഏതു സ്ഥലത്തായിരുന്നു എന്നതിനെക്കുറിച്ചുള്ള തർക്കത്തിലാണ്‌” എന്ന് പറുദീസയുടെ ഭൂപടം എന്ന പുസ്‌തകം പറയുന്നു.

പള്ളിയിൽ പോകുന്ന മിക്കവരെയും പഠിപ്പിക്കുന്നത്‌ അവർ അവസാനം എത്തിച്ചേരേണ്ടത്‌ സ്വർഗത്തിലാണ്‌ എന്നാണ്‌. അല്ലാതെ ഭൂമിയിലെ പറുദീസയിലല്ല. എന്നാൽ സങ്കീർത്തനം 37:29-ൽ ബൈബിൾ പറയുന്നു: “നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.” ഇന്നത്തെ ലോകം പറുദീസയേ അല്ലാത്തതുകൊണ്ട് ഈ വാഗ്‌ദാനം എന്നെങ്കിലും നടക്കുമോ എന്ന കാര്യത്തിൽ എന്തു പ്രതീക്ഷയാണുള്ളത്‌?

ഭൂമിയിലെ പറുദീസ ഒരു യാഥാർഥ്യം

ഏദെനിലെ പറുദീസയുടെ സ്രഷ്ടാവായ യഹോവ, നഷ്ടപ്പെട്ട പറുദീസ തിരിച്ചുതരുമെന്ന് ഉറപ്പു തന്നിരിക്കുന്നു. എങ്ങനെ? യേശു നമ്മളെ പഠിപ്പിച്ച പ്രാർഥന ഒന്ന് ഓർത്ത്‌ നോക്കൂ: “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.” (മത്തായി 6:10) എല്ലാ മനുഷ്യഭരണങ്ങൾക്കും അവസാനം കുറിക്കുന്ന, യേശുക്രിസ്‌തുവിന്‍റെ ഒരു ലോകഗവൺമെന്‍റാണ്‌ ആ രാജ്യം. (ദാനിയേൽ 2:44) ആ രാജ്യം ഭരിക്കുമ്പോൾ ഭൂമിയിലെ പറുദീസ എന്ന ദൈവത്തിന്‍റെ ഇഷ്ടം ‘നടക്കും’.

പ്രവാചകനായ യശയ്യ നാളുകൾക്കു മുമ്പേ, ദൈവത്താൽ പ്രചോദിതനായി ഭാവിയിലെ പറുദീസയിൽ ഉണ്ടാകുന്ന സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇന്നു മനുഷ്യൻ അനുഭവിക്കുന്ന ആശങ്കകളും പോരാട്ടങ്ങളും ഒന്നും അന്ന് അവിടെ ഉണ്ടായിരിക്കില്ല. (യശയ്യ 11:6-9; 35:5-7; 65:21-23) നിങ്ങളുടെ സ്വന്തം ബൈബിളിൽനിന്ന് ഈ വാക്യഭാഗങ്ങൾ അൽപ്പസമയമെടുത്തു വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അനുസരണമുള്ള മനുഷ്യകുടുംബത്തിന്‌ ദൈവം കരുതിവെച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അപ്പോൾ നിങ്ങൾക്ക് ഉറപ്പ് ലഭിക്കും. ആദാം നഷ്ടപ്പെടുത്തിക്കളഞ്ഞ ദൈവത്തിന്‍റെ അംഗീകാരവും പറുദീസയും അന്നു ജീവിച്ചിരിക്കുന്നവർക്കു ലഭിക്കും.—വെളിപാട്‌ 21:3.

ഭൂമിയിലെ പറുദീസാജീവിതം ഒരു സങ്കൽപ്പമല്ല, ഒരു യാഥാർഥ്യമാണെന്ന് നമുക്ക് ഉറപ്പിക്കാവുന്നത്‌ എന്തുകൊണ്ട്? കാരണം ബൈബിൾ പറയുന്നു: “സ്വർഗം യഹോവയുടേത്‌; ഭൂമിയോ ദൈവം മനുഷ്യമക്കൾക്കു കൊടുത്തിരിക്കുന്നു.” “നുണ പറയാൻ കഴിയാത്ത ദൈവം ദീർഘകാലം മുമ്പ് വാഗ്‌ദാനം” ചെയ്‌തതാണ്‌ ഭൂമിയിലെ പറുദീസാജീവിതം. (സങ്കീർത്തനം 115:16; തീത്തോസ്‌ 1:2) എത്ര മനോഹരമായ ഒരു വാഗ്‌ദാനമാണ്‌ ബൈബിൾ നൽകുന്നത്‌! എന്നും എന്നേക്കുമുള്ള പറുദീസയിലെ ജീവിതം!