അവർ പ്രശ്നത്തെ നേരിട്ടു
റിക്കാഡോയുടെയും ആൻഡ്രിസിന്റെയും കഥ
ബൈബിൾവിദ്യാഭ്യാസത്തിനു ജീവിതം മെച്ചപ്പെടുത്താനുള്ള അതിശയിപ്പിക്കുന്ന കഴിവുണ്ട്. ഇതിന് ഉദാഹരണമാണു റിക്കാഡോയും ആൻഡ്രിസും.
റിക്കാഡോ: ചോരത്തിളപ്പിന്റെ 15-ാം വയസ്സിൽ ഞാൻ ഒരു ഗുണ്ടാസംഘത്തിൽ ചേർന്നു. എന്റെ പുതിയ കൂട്ടുകാർ എന്നെ ഒരുപാടു സ്വാധീനിച്ചു. 10 വർഷത്തെ ജയിൽവാസമായിരുന്നു എന്റെ ലക്ഷ്യം! അതു ശുദ്ധമണ്ടത്തരമായി തോന്നിയേക്കാം. പക്ഷേ ജയിലിൽ കിടന്നവരെ ഒരുപാട് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നവരായിരുന്നു എന്റെ നാട്ടുകാർ. അവരുടെ ആദരവ് കിട്ടാൻ ഞാനും ആഗ്രഹിച്ചു.
ഗുണ്ടാസംഘത്തിന്റെ എല്ലാ പരിപാടികൾക്കും ഞാനുമുണ്ടായിരുന്നു; മയക്കുമരുന്ന്, സെക്സ്, അടിപിടി അങ്ങനെ എല്ലാത്തിനും. ഒരു രാത്രിയുണ്ടായ അടിപിടിയിൽ വെടിവെപ്പുണ്ടായി. ഞാൻ വിചാരിച്ചു എന്റെ കാര്യം തീർന്നെന്ന്. പക്ഷേ ഒരു പോറലുപോലും പറ്റിയില്ല. അതിനു ശേഷം ഞാൻ എന്റെ ജീവിതത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കാര്യമായി ചിന്തിക്കാൻ തുടങ്ങി. എങ്ങനെയും രക്ഷപ്പെട്ടേ പറ്റൂ എന്നു ഞാൻ ഉറപ്പിച്ചു. പക്ഷേ എങ്ങനെ? ആരു സഹായിക്കാൻ?
എന്റെ മിക്ക ബന്ധുക്കൾക്കും എപ്പോഴും പ്രശ്നങ്ങളായിരുന്നു. അവർക്കൊന്നും സന്തോഷമുണ്ടായിരുന്നില്ല. പക്ഷേ ഒരു അങ്കിളിന്റെ കുടുംബത്തിൽ മാത്രം അങ്ങനെയല്ലായിരുന്നു. അവർ നല്ലവരാണെന്നും ബൈബിൾതത്ത്വങ്ങളനുസരിച്ച് ജീവിക്കുന്നവരാണെന്നും എനിക്ക് അറിയാമായിരുന്നു. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് അവർ പറഞ്ഞ് എനിക്ക് അറിയാം. ആ വെടിവെപ്പു കഴിഞ്ഞ് അധികം വൈകാതെ യഹോവയുടെ പേര് വിളിച്ച്, ‘എന്നെ സഹായിക്കേണമേ’ എന്നു ഞാൻ പ്രാർഥിച്ചു. തൊട്ടടുത്ത ദിവസംതന്നെ ഒരു യഹോവയുടെ സാക്ഷി വീട്ടിലെത്തി! ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി.
പഴയ കൂട്ടുകാർ ഓരോ കാര്യത്തിനും എന്നെ വിളിക്കാൻ തുടങ്ങി. അതു വലിയൊരു പ്രശ്നമായിരുന്നു. പറയാൻ പാടായിരുന്നെങ്കിലും പറ്റില്ലെന്നുതന്നെ ഞാൻ അവരോടു പറഞ്ഞു. ബൈബിൾപഠനം മുടങ്ങാതെ കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു. അതിൽ എനിക്ക് ഒരുപാടു സന്തോഷമുണ്ട്. എന്റെ ജീവിതം അടിമുടി മാറി, യഥാർഥസന്തോഷം എന്താണെന്നു ഞാൻ മനസ്സിലാക്കി.
ആളുകൾ എന്നെ ഒരു ഗുണ്ടയായി കണ്ട് പേടിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പത്തു വർഷം ജയിലിൽ കിടക്കാൻ പറ്റണേ എന്നു പണ്ടു ദൈവത്തോടു പ്രാർഥിച്ചത് എനിക്ക് ഓർമയുണ്ട്. പക്ഷേ പിന്നീട്, എനിക്കു സഹായം ലഭിച്ചതുപോലെ മറ്റുള്ളവരെ സഹായിക്കാൻ പത്തു വർഷമെങ്കിലും മുഴുവൻ സമയം സുവിശേഷപ്രവർത്തനം ചെയ്യാൻ സഹായിക്കേണമേ എന്നു ഞാൻ പ്രാർഥിച്ചു. ദൈവം എന്റെ പ്രാർഥന കേട്ടു. 17 വർഷമായി ഞാൻ മുഴുസമയ സുവിശേഷകനാണ്. പിന്നെ ഒരു കാര്യം കൂടി: എനിക്ക് ഇതുവരെ ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല.
പക്ഷേ എന്റെ പഴയ കൂട്ടുകാരിൽ പലരും ഇന്നു നീണ്ട ജയിൽവാസത്തിലാണ്. ചിലർ ഇന്ന് ഇല്ല. സാക്ഷികളായ എന്റെ ആ ബന്ധുക്കളോട് എനിക്ക് ഒരുപാടു നന്ദിയുണ്ട്. ബൈബിൾ പറയുന്നതുപോലെ വ്യത്യസ്തരായി ജീവിക്കാൻ അവർ മനസ്സു
കാണിച്ചു. ഗുണ്ടാസംഘത്തിൽ ഉണ്ടായിരുന്ന ആരോടു തോന്നിയതിനെക്കാളും ആദരവ് എനിക്ക് അവരോടു തോന്നി. ഏറ്റവും പ്രധാനമായി, നന്നായി ജീവിക്കാൻ പഠിപ്പിക്കുന്നതിന് എനിക്കു ദൈവത്തോട് ഒരുപാടു നന്ദിയുണ്ട്.ആൻഡ്രിസ്: കൊലയും കൊള്ളയും മയക്കുമരുന്നും വേശ്യാവൃത്തിയും ഒക്കെ സാധാരണമായിരുന്ന ഒരു ചുറ്റുപാടിലാണു ഞാൻ ജനിച്ചതും വളർന്നതും. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്റെ ഡാഡി. ഡാഡിയും മമ്മിയും തമ്മിൽ എപ്പോഴും അടിയും വഴക്കും ആയിരുന്നു.
ചെറുപ്പത്തിൽത്തന്നെ ഞാൻ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തുടങ്ങി. കൂടുതൽ സമയവും ഞാൻ തെരുവിലായിരുന്നു. കക്കലും കട്ട മുതൽ വിൽക്കലും ആയിരുന്നു എന്റെ പണി. മുതിർന്നപ്പോൾ ഡാഡി എന്നോട് അടുക്കാൻ ശ്രമിച്ചു. പക്ഷേ, അത് മയക്കുമരുന്നും നിയമവിരുദ്ധമായ മറ്റു സാധനങ്ങളും എങ്ങനെ രാജ്യത്തേക്ക് ഒളിച്ച് കടത്തി വിൽക്കാമെന്നു പഠിപ്പിക്കാനായിരുന്നു. അങ്ങനെ ഞാൻ പെട്ടെന്നു പണക്കാരനായി. പക്ഷേ ഒരു ദിവസം പോലീസ് വീട്ടിൽ വന്ന് എന്നെ അറസ്റ്റു ചെയ്തു. പിന്നെ അഞ്ചു വർഷം വധശ്രമത്തിനു ഞാൻ ജയിലിൽ കിടന്നു.
ഒരു ദിവസം രാവിലെ ജയിലിൽ ഒരു അറിയിപ്പു നടത്തി. യഹോവയുടെ സാക്ഷികൾ നടത്തുന്ന ഒരു ബൈബിൾചർച്ചയ്ക്കു ജയിൽപ്പുള്ളികളെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു അത്. അതിനു പോകാൻ ഞാൻ തീരുമാനിച്ചു. അവർ പറഞ്ഞതു ശരിയാണെന്നു തോന്നി, ഞാൻ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. ദൈവത്തിന്റെ ഉയർന്ന നിലവാരങ്ങളെക്കുറിച്ച് ബൈബിൾ എന്താണോ പറയുന്നത്, അതു സത്യസന്ധമായി അവർ പഠിപ്പിച്ചു.
ഞാൻ പഠിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന മറ്റു തടവുകാർ എന്നെ ഭീഷണിപ്പെടുത്തുമായിരുന്നു. അങ്ങനെയൊക്കെ ഉള്ളതുകൊണ്ട് ഒരു സഹായവും കൂടാതെ മാറ്റങ്ങൾ വരുത്താൻ പറ്റില്ലെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി. ഞാൻ ധൈര്യത്തിനും ജ്ഞാനത്തിനും വേണ്ടി യഹോവയോടു പ്രാർഥിച്ചു. അവരുടെ ഭീഷണിക്കു വഴങ്ങുന്നതിനു പകരം ബൈബിളിലെ കാര്യങ്ങൾ അവരോടു സംസാരിക്കാനുള്ള ധൈര്യംപോലും എനിക്കു കിട്ടി.
ജയിൽവാസം കഴിയാറായപ്പോൾ, കുറച്ച് കാലംകൂടി ജയിലിൽ കഴിയാൻ പറ്റിയെങ്കിൽ എന്നു ഞാൻ ആശിച്ചുപോയി! ജയിൽനിന്ന് ഇറങ്ങിയപ്പോൾ ധാരാളം തടവുകാർ എന്നെ സന്തോഷത്തോടെ യാത്രയാക്കി. ചിലർ വാത്സല്യത്തോടെ ഇങ്ങനെ പറഞ്ഞു: “ബൈ ബൈ കുഞ്ഞ് ഇടയാ.”
ബൈബിൾ പഠിക്കാൻ ഞാൻ മനസ്സു കാണിച്ചില്ലായിരുന്നെങ്കിൽ എന്റെ അവസ്ഥ എന്തായേനേ എന്ന് ആലോചിക്കുമ്പോൾ എനിക്കു പേടി തോന്നും. ദൈവം എന്നെ സ്നേഹിക്കുന്നതിലും എന്നെ എഴുതിത്തള്ളഞ്ഞാതിലും ഞാൻ ദൈവത്തിന് ഒരുപാടൊരുപാടു നന്ദി പറയുന്നു. a
a ജീവിതത്തിനു മാറ്റം വരുത്താനുള്ള ബൈബിളിന്റെ ശക്തി തെളിയിക്കുന്ന കൂടുതൽ അനുഭവങ്ങൾ jw.org വെബ്സൈറ്റിലെ ലൈബ്രറി എന്ന ഭാഗത്ത് ലേഖനപരമ്പര എന്നതിനു കീഴിൽ “ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” എന്ന ഭാഗത്ത് കാണാം.