സന്തോഷത്തിനുള്ള വഴി ഇതാ!
ജീവിതത്തിന്റെ ഉദ്ദേശ്യം
മനുഷ്യർ മറ്റു സൃഷ്ടികളിൽനിന്ന് വ്യത്യസ്തരാണ്—നമുക്ക് എഴുതാനും വരയ്ക്കാനും നിർമിക്കാനും കഴിയും. കൂടാതെ, ജീവിതത്തിലെ പ്രധാനപ്പെട്ട പല ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കാനും കഴിയും. ഉദാഹരണത്തിന്, എന്തിനാണ് ഈ പ്രപഞ്ചം? നമ്മൾ ഇവിടെ എങ്ങനെ വന്നു? ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? നമ്മുടെ ഭാവി എന്താണ്? ഇതുപോലെ പലതും.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടുപിടിക്കാൻ ചില ആളുകൾ ശ്രമിക്കുന്നില്ല. കാരണം ഉത്തരങ്ങൾ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണെന്ന് അവർ കരുതുന്നു. മറ്റു ചിലർ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിൽ കഴമ്പില്ലെന്നു വിശ്വസിക്കുന്നവരാണ്. കാരണം ജീവൻ പരിണാമത്തിലൂടെയാണല്ലോ വന്നതെന്ന് അവർ പറയുന്നു. “ദൈവങ്ങളില്ല, ഉദ്ദേശ്യങ്ങളില്ല . . . യഥാർഥത്തിൽ മൂല്യങ്ങൾക്ക് അടിസ്ഥാനമില്ല, ജീവിതത്തിന് പ്രത്യേകിച്ച് ഒരു അർഥവും ഇല്ല.” ഇങ്ങനെയാണ് ജീവശാസ്ത്രത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പഠിപ്പിക്കുന്ന പ്രൊഫസറായ വില്യം പ്രൊവൈൻ അവകാശപ്പെടുന്നത്.
എന്നാൽ മറ്റു ചിലർ മേൽപ്പറഞ്ഞ അഭിപ്രായത്തോടു യോജിക്കുന്നില്ല. അവർ പ്രപഞ്ചത്തെ വളരെ കൃത്യവും ലളിതവും ശാസ്ത്രീയവും ആയ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നായാണ് വീക്ഷിക്കുന്നത്. പ്രകൃതിയിലെ വിസ്മയം ജനിപ്പിക്കുന്ന രൂപകല്പനകളിൽ അവർ അത്ഭുതപ്പെടുന്നു. അവയിൽ ചിലത് പകർത്തിക്കൊണ്ട് മനുഷ്യർ പലപല വസ്തുക്കൾ നിർമിക്കുകപോലും ചെയ്യുന്നു. ഇതെല്ലാം അവരെ ബോധ്യപ്പെടുത്തുന്നത് സങ്കീർണമായ രൂപകല്പനകൾക്കു പിന്നിൽ ബുദ്ധിശക്തിയുള്ള ഒരു നിർമാതാവ് ഉണ്ടെന്നാണ്. ഇവയെല്ലാം താനേ ഉണ്ടായെന്ന് അവർ വിശ്വസിക്കുന്നില്ല.
ഈ ചിന്ത ചില പരിണാമവാദികളെ അവരുടെ വിശ്വാസങ്ങൾ ഒന്നുകൂടി മനസ്സിരുത്തി പരിശോധിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നു. പിൻവരുന്ന രണ്ട് ഉദാഹരണങ്ങൾ വായിക്കുക:
നാഡീശസ്ത്രക്രിയാ വിദഗ്ധൻ ഡോ. അലക്സി മർനോവ്. അദ്ദേഹം പറയുന്നു: “ഞാൻ പഠിച്ച സ്കൂളുകളിലെല്ലാം നിരീശ്വരവാദവും പരിണാമവാദവും പഠിപ്പിച്ചിരുന്നു. ദൈവത്തിൽ വിശ്വസിക്കുന്നവരെ വിവരമില്ലാത്തവരായാണ് കണ്ടിരുന്നത്.” എന്നാൽ 1990-കളിൽ, അദ്ദേഹത്തിന്റെ ചിന്താഗതിക്കു മാറ്റം വരാൻതുടങ്ങി.
അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “കാര്യങ്ങൾക്കു പിന്നിലുള്ള യുക്തി മനസ്സിലാക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചു. ഉദാഹരണത്തിന്, മനുഷ്യമസ്തിഷ്കത്തിന്റെ കാര്യം. ഈ പ്രപഞ്ചത്തിൽവെച്ച് ഏറ്റവും സങ്കീർണമായ ഘടനയുള്ള ഒരു അവയവമാണ് ഇത്. ഒരുപാട് ജ്ഞാനവും വൈദഗ്ധ്യവും ഒക്കെ നേടാൻ പ്രാപ്തിയുള്ള മനുഷ്യമസ്തിഷ്കം മരണത്തോടെ നശിച്ചുപോകുന്നതിന് വേണ്ടിയാണോ രൂപകല്പന ചെയ്തിരിക്കുന്നത്? ഇത് യുക്തിക്കു നിരക്കുന്നതല്ല. ഇത് എന്റെ മനസ്സിലേക്കു ചില ചോദ്യങ്ങൾ കൊണ്ടുവന്നു: ‘നമ്മൾ ഇവിടെ ആയിരിക്കുന്നത് എന്തുകൊണ്ട്? ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്?’ ഇതെക്കുറിച്ചൊക്കെ ആഴത്തിൽ ചിന്തിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, ഒരു സ്രഷ്ടാവുണ്ടെന്ന്.”
ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അറിയാനുള്ള ആഗ്രഹം അലക്സിയെ ബൈബിൾ പരിശോധിക്കാൻ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഒരു ഡോക്ടറായിരുന്നു. നിരീശ്വരവാദിയായ അവർ പിന്നീട് ബൈബിൾ പഠിച്ചു. ഭർത്താവിന്റെ വിശ്വാസത്തെ ഖണ്ഡിക്കാൻവേണ്ടിയായിരുന്നു പഠനം തുടങ്ങിയത്! എന്നാൽ ഇപ്പോൾ അവർ ഇരുവരും ദൈവത്തിൽ ശക്തമായി വിശ്വസിക്കുന്നു. മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം അവർ തിരുവെഴുത്തുകളിൽനിന്ന് മനസ്സിലാക്കി.
പ്ലാസ്മ ശാസ്ത്രജ്ഞൻ ഡോ. ഹ്വാബി യിൻ. ഭൗതികശാസ്ത്രത്തെക്കുറിച്ച് പഠിച്ച ഹ്വാബി യിൻ വർഷങ്ങളോളം പ്ലാസ്മയെക്കുറിച്ച് ഗവേഷണം ചെയ്തു. എന്താണ് പ്ലാസ്മ? ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയാണ് പ്ലാസ്മ എന്നു കരുതപ്പെടുന്നു. സൂര്യന്റെ കാര്യത്തിലെന്നപോലെ ധാരാളം ഇലക്ട്രോണുകളും പോസിറ്റീവ് അയോണുകളും ഉള്ള ഒരു അവസ്ഥയാണ് ഇത്.
ഹ്വാബി പറയുന്നു: “പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുമ്പോഴെല്ലാം, അതിൽ അതിശ്രേഷ്ഠമായ അടുക്കും ചിട്ടയും കാണുന്നു. അതിനു കാരണം അതീവ കൃത്യതയുള്ള നിയമങ്ങളാണ്. ‘എങ്ങനെയാണ് ഈ നിയമങ്ങൾ ഉണ്ടായത്’ എന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്. ‘അടുപ്പിൽ പുകയുന്ന തീ പോലും ശ്രദ്ധാപൂർവം നിയന്ത്രിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ സൂര്യനെ നിയന്ത്രിക്കുന്ന നിയമങ്ങൾ ഉണ്ടാക്കിയത് ആരായിരിക്കും?’ പിന്നീടാണ് ബൈബിളിൽ പറഞ്ഞിരിക്കുന്ന ആദ്യത്തെ വാചകം അതിനുള്ള കൃത്യമായ ഉത്തരം തരുന്നെന്ന് ഞാൻ മനസ്സിലാക്കിയത്: ‘ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.’”—ഉൽപത്തി 1:1.
‘എങ്ങനെ’ എന്ന ചോദ്യത്തിന് ശാസ്ത്രം ഉത്തരം നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, മനുഷ്യമസ്തിഷ്കത്തിലെ കോശങ്ങൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്, സൂര്യൻ ചൂടും പ്രകാശവും ഉത്പാദിപ്പിക്കുന്നത് എങ്ങനെയാണ് എന്നീ ചോദ്യങ്ങൾക്ക്. എന്നാൽ ബൈബിൾ ‘എന്തിന്’ എന്ന കൂടുതൽ പ്രധാനപ്പെട്ട ചോദ്യത്തിന് ഉത്തരം തരുന്നെന്ന് അലക്സിയും ഹ്വാബിയും മനസ്സിലാക്കി. ഉദാഹരണത്തിന്, എന്തിനാണ് ഈ പ്രപഞ്ചം, എന്തിനാണ് അതിനു നിയമങ്ങൾ വെച്ചിരിക്കുന്നത്, എന്തിനാണ് നമ്മൾ ഇവിടെ ആയിരിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക്.
ഭൂമിയെക്കുറിച്ച് ബൈബിൾ പറയുന്നത്: “ദൈവം, ഭൂമിയെ വെറുതേ സൃഷ്ടിക്കാതെ, മനുഷ്യർക്കു താമസിക്കാൻ ഉണ്ടാക്കി” എന്നാണ്. (യശയ്യ 45:18) ദൈവത്തിന് ഭൂമിയെക്കുറിച്ച് ഒരു ഉദ്ദേശ്യമുണ്ട്. അതിൽ നമ്മുടെ ഭാവിയും ഉൾപ്പെട്ടിട്ടുണ്ട്. അതെക്കുറിച്ചാണ് അടുത്ത ലേഖനം വിവരിക്കുന്നത്.