മുഖ്യലേഖനം | അമാനുഷികശക്തിക്ക് പിന്നിൽ എന്താണ്?
ഭൂതവിദ്യയെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
അമാനുഷികശക്തിയെക്കുറിച്ചും ഭൂതവിദ്യയെക്കുറിച്ചും മിക്ക ആളുകൾക്കും സംശയങ്ങളാണുള്ളത്. പലരും ചിന്തിക്കുന്നത് ഇത് തന്ത്രപരമായ ഒരു നുണയാണെന്നോ സിനിമാലോകത്തെ തിരക്കഥാകൃത്തിന്റെ തലയിൽ ഉദിക്കുന്ന വെറുമൊരു ഭാവനാസൃഷ്ടി മാത്രമാണെന്നോ ഒക്കെയാണ്. എന്നാൽ ബൈബിളിനു പറയാനുള്ളത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്. ഭൂതവിദ്യയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുകളാണ് അതു നൽകുന്നത്. ഉദാഹരണത്തിന്, ആവർത്തനം 18:10-13 പറയുന്നു: “ഭാവിഫലം പറയുന്നവൻ, മന്ത്രവാദി, ശകുനം നോക്കുന്നവൻ, ആഭിചാരകൻ, മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെയോ ഭാവി പറയുന്നവന്റെയോ സഹായം തേടുന്നവൻ, മരിച്ചവരോട് ഉപദേശം തേടുന്നവൻ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിടയിൽ കാണരുത്.” എന്തുകൊണ്ട്? അതേ വാക്യം ഉത്തരം നൽകുന്നു: “ഇക്കാര്യങ്ങൾ ചെയ്യുന്നവരെ യഹോവയ്ക്ക് അറപ്പാണ്. . . . നീ നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിഷ്കളങ്കനായിരിക്കണം.”
ഭൂതവിദ്യയുടെ എല്ലാ രൂപങ്ങളെയും ബൈബിൾ ഇത്ര ശക്തമായി കുറ്റംവിധിക്കുന്നത് എന്തുകൊണ്ടാണ്?
തിരശ്ശീലയ്ക്കു പിന്നിൽ!
ഭൂമി ഉണ്ടാക്കുന്നതിന് യുഗങ്ങൾക്കു മുമ്പ് കോടിക്കണക്കിന് ആത്മവ്യക്തികളെ അഥവാ ദൂതന്മാരെ ദൈവം സൃഷ്ടിച്ചെന്നു ബൈബിൾ പറയുന്നു. (ഇയ്യോബ് 38:4, 6; വെളിപാട് 5:11) ഈ ദൂതന്മാർക്കെല്ലാം തെറ്റും ശരിയും തിരഞ്ഞെടുക്കാനുള്ള ഇച്ഛാസ്വാതന്ത്ര്യം എന്ന കഴിവ് ദൈവം നൽകി. സങ്കടകരമെന്നു പറയട്ടെ, അവരിൽ ചിലർ ദൈവത്തോടു മത്സരിക്കാൻ തീരുമാനിക്കുകയും സ്വർഗത്തിൽനിന്ന് പടിയിറങ്ങിക്കൊണ്ട് ഭൂമിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. അങ്ങനെ, ഭൂമി ‘അക്രമംകൊണ്ട് നിറഞ്ഞു.’—ഉൽപത്തി 6:2-5, 11; യൂദ 6.
ആ ദുഷ്ടദൂതന്മാർ ലക്ഷക്കണക്കിന് ആളുകളെ അവരുടെ സ്വാധീനവലയത്തിൽ കുരുക്കി വഴിതെറ്റിക്കുന്നെന്നു ബൈബിൾ പറയുന്നു. (വെളിപാട് 12:9) ഭാവി അറിയാനുള്ള മനുഷ്യന്റെ സ്വാഭാവികമായ ആഗ്രഹത്തെപ്പോലും അവർ മുതലെടുക്കുന്നു.—1 ശമുവേൽ 28:5, 7; 1 തിമൊഥെയൊസ് 4:1.
ചിലപ്പോൾ അമാനുഷികശക്തികൾ ആളുകളെ സഹായിക്കുന്നതായി നമുക്കു തോന്നിയേക്കാം. (2 കൊരിന്ത്യർ 11:14) എന്നാൽ വാസ്തവം മറ്റൊന്നാണ്: ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാതിരിക്കാൻവേണ്ടി ആളുകളുടെ മനസ്സ് അന്ധമാക്കാൻ ദുഷ്ടദൂതന്മാർ അതിലൂടെ ശ്രമിക്കുകയാണ്.—2 കൊരിന്ത്യർ 4:4.
ബൈബിൾ പറയുന്നതനുസരിച്ച്, ദുഷ്ടാത്മാക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നത് വെറുമൊരു കളിതമാശയല്ല. അതുകൊണ്ടാണ് യേശുവിന്റെ ശിഷ്യന്മാർ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള സത്യം പഠിപ്പിച്ചപ്പോൾ, ‘മന്ത്രപ്രയോഗങ്ങൾ നടത്തിയിരുന്ന ധാരാളം പേർ അവരുടെ പുസ്തകങ്ങളെല്ലാം കൊണ്ടുവന്ന് എല്ലാവരുടെയും മുന്നിൽവെച്ച് കത്തിച്ചുകളഞ്ഞത്.’ ആ പുസ്തകങ്ങൾക്ക് വലിയ വിലയുണ്ടായിരുന്നിട്ടുകൂടി അവർ അങ്ങനെ ചെയ്തു.—പ്രവൃത്തികൾ 19:19.
ഇന്നും ധാരാളം പേർ ഭൂതവിദ്യയിൽ വേരൂന്നിയ പ്രവർത്തനങ്ങളും വിനോദങ്ങളും പാടേ ഉപേക്ഷിച്ചിരിക്കുന്നു. ഉദാഹരണത്തിന്, 12 വയസ്സുകാരിയായ മറിയയുടെ a കാര്യം നോക്കാം. ഭാവിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ഒക്കെ മറിയ മുൻകൂട്ടിപ്പറയാൻതുടങ്ങി. കൂട്ടുകാർക്കുവേണ്ടി ഭാവി പറയുന്ന ചീട്ടുകൾ അവൾ വായിക്കുമായിരുന്നു. ആ പ്രവചനങ്ങൾ കൃത്യമായി സംഭവിക്കാൻതുടങ്ങിയപ്പോൾ അവൾക്ക് അതിൽ രസംപിടിച്ചു.
ആളുകളെ സഹായിക്കാൻ ദൈവത്തിൽനിന്ന് ലഭിച്ച വരദാനമാണ് ഈ കഴിവെന്നു മറിയ ചിന്തിച്ചു. എന്നാൽ അവൾ സമ്മതിച്ചുപറയുന്നു: “എന്തോ ഒന്ന് എന്നെ അലട്ടിക്കൊണ്ടിരുന്നു. മറ്റുള്ളവർക്കുവേണ്ടി ചീട്ടുകൾ വായിക്കാനേ എനിക്കു കഴിയുമായിരുന്നുള്ളൂ. എന്റെ ഭാവിയൊന്ന് അറിയാൻ ആഗ്രഹിച്ചെങ്കിലും എനിക്കുവേണ്ടി അതു വായിക്കാൻ കഴിഞ്ഞില്ല.”
തന്നെ അലട്ടിയ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാൻ മറിയ ദൈവത്തോടു പ്രാർഥിച്ചു. പിന്നീട് അവൾ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങി. ഭാവിയെക്കുറിച്ച് പറയാനുള്ള തന്റെ കഴിവ് ദൈവത്തിൽനിന്നുള്ളതല്ല എന്ന സത്യം മറിയ ബൈബിളിൽനിന്ന് മനസ്സിലാക്കി. കൂടാതെ, ദൈവത്തിന്റെ സുഹൃത്താകണമെങ്കിൽ ഭൂതവിദ്യയുമായി ബന്ധപ്പെട്ട സകലതും ഒഴിവാക്കണം എന്ന കാര്യവും അവൾ തിരിച്ചറിഞ്ഞു. (1 കൊരിന്ത്യർ 10:21) അവൾ എന്തു ചെയ്തു? കൈവശമുണ്ടായിരുന്ന മന്ത്രവാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വസ്തുക്കളും എല്ലാം അവൾ വലിച്ചെറിഞ്ഞു. ഇപ്പോൾ അവൾ, ബൈബിളിൽനിന്ന് പഠിച്ച അമൂല്യമായ സത്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നു.
അമാനുഷികകഥാപാത്രങ്ങളെക്കുറിച്ചുള്ള നോവലുകൾ വായിക്കുന്നത് കൗമാരക്കാരനായ മീഖായേലിന് ഒരു ഹരമായിരുന്നു. അവൻ പറയുന്നു: “ഭാവനാലോകം കീഴടക്കുന്ന നായകന്മാരിൽ ഒരാളായി എന്നെത്തന്നെ സങ്കൽപ്പിക്കുന്നത് നല്ല രസമായിരുന്നു.” മന്ത്രവാദത്തെക്കുറിച്ചും സാത്താനെ ആരാധിക്കുന്ന ചടങ്ങുകളെക്കുറിച്ചും ഒക്കെയുള്ള പുസ്തകങ്ങൾ വായിക്കുന്നത് മെല്ലെമെല്ലെ എന്റെ ഒരു ശീലമായി മാറി. “ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കാനും സിനിമകൾ കാണാനും ഒക്കെ എനിക്ക് അടങ്ങാത്ത ആവേശമായിരുന്നു” എന്ന് അവൻ അംഗീകരിക്കുന്നു.
എന്നാൽ ബൈബിൾ പഠിച്ചപ്പോൾ, നന്നായി വിശകലനം ചെയ്തിട്ട് വേണം പുസ്തകങ്ങൾ വായിക്കാൻ എന്ന കാര്യം മീഖായേലിനു ബോധ്യപ്പെട്ടു. അവൻ പറയുന്നു: “ഭൂതവിദ്യയുമായി ബന്ധപ്പെട്ട എല്ലാത്തിന്റെയും ഒരു ലിസ്റ്റ് ഞാൻ ഉണ്ടാക്കി. എന്നിട്ട് അതെല്ലാം ഉപേക്ഷിച്ചു. വളരെ പ്രധാനപ്പെട്ട ഒരു പാഠം ഞാൻ പഠിച്ചു. 1 കൊരിന്ത്യർ 10:31 ഇങ്ങനെ പറയുന്നു: ‘എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക.’ അതുകൊണ്ട് ഞാൻ എന്നോടു ചോദിച്ച ചോദ്യം ഇതാണ്, ‘ദൈവത്തിന് മഹത്ത്വം കൊടുക്കാത്ത എന്തെങ്കിലും കാര്യങ്ങൾ ഈ പുസ്തകത്തിലുണ്ടോ?’ ഉണ്ടെങ്കിൽ ഞാൻ അത് ഒഴിവാക്കും.”
ബൈബിളിനെ ഒരു ദീപത്തോട് ഉപമിച്ചിരിക്കുന്നത് എത്ര കൃത്യമാണ്! ഭൂതവിദ്യക്കു പിന്നിലെ യാഥാർഥ്യത്തിലേക്കു വെളിച്ചം വീശുന്ന ഒരേയൊരു പുസ്തകമാണ് അത്. (സങ്കീർത്തനം 119:105) എന്നാൽ അതു മാത്രമല്ല ബൈബിളിലുള്ളത്. ദുഷ്ടാത്മാക്കൾ വിഹരിക്കാത്ത ശോഭനമായ ഒരു ഭാവിലോകത്തെക്കുറിച്ച് അതു വർണിക്കുന്നു. അതു മനുഷ്യകുടുംബത്തിന്മേൽ വലിയ ഒരു മാറ്റം കൊണ്ടുവരും. ഉദാഹരണത്തിന്, സങ്കീർത്തനം 37:10, 11 പറയുന്നു: “കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല. അവർ ഉണ്ടായിരുന്നിടത്ത് നീ നോക്കും; പക്ഷേ, അവരെ കാണില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.”
a ഈ ലേഖനത്തിലേത് യഥാർഥപേരുകളല്ല.