ശമുവേൽ രണ്ടാം ഭാഗം 3:1-39
3 ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിലുള്ള യുദ്ധം ഏറെക്കാലം നീണ്ടു. ദാവീദ് ശക്തിയാർജിച്ചുകൊണ്ടിരുന്നു.+ ശൗലിന്റെ ഗൃഹമാകട്ടെ, അടിക്കടി ക്ഷയിച്ചുകൊണ്ടിരുന്നു.+
2 അതിനിടെ ഹെബ്രോനിൽവെച്ച്+ ദാവീദിനു പുത്രന്മാർ ഉണ്ടായി. ജസ്രീൽക്കാരിയായ അഹീനോവമിൽ+ ജനിച്ച അമ്‌നോനായിരുന്നു+ മൂത്ത മകൻ.
3 കർമേൽക്കാരനായ നാബാലിന്റെ വിധവ അബീഗയിലിൽ+ ജനിച്ച കിലെയാബായിരുന്നു രണ്ടാമൻ. ഗശൂർരാജാവായ തൽമായിയുടെ+ മകൾ മാഖയിൽ ജനിച്ച അബ്‌ശാലോമായിരുന്നു+ മൂന്നാമൻ.
4 ഹഗ്ഗീത്തിൽ ജനിച്ച അദോനിയയായിരുന്നു+ നാലാമൻ. അഞ്ചാമൻ അബീതാലിൽ ജനിച്ച ശെഫത്യ.
5 ദാവീദിന് എഗ്ല എന്ന ഭാര്യയിൽ ജനിച്ച യിത്രെയാമായിരുന്നു ആറാമൻ. ഇവരാണു ഹെബ്രോനിൽവെച്ച് ദാവീദിനു ജനിച്ച ആൺമക്കൾ.
6 ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിലുള്ള യുദ്ധം തുടർന്നു. ഇതിനിടെ അബ്‌നേർ+ ശൗൽഗൃഹത്തിൽ കൂടുതൽക്കൂടുതൽ സ്വാധീനം നേടിക്കൊണ്ടിരുന്നു.
7 ശൗലിന് രിസ്‌പ+ എന്നു പേരുള്ള ഒരു ഉപപത്നിയുണ്ടായിരുന്നു.* അയ്യയുടെ മകളായിരുന്നു രിസ്‌പ. ഈശ്-ബോശെത്ത്+ അബ്നേരിനോട്, “എന്റെ അപ്പന്റെ ഉപപത്നിയുടെകൂടെ നീ കിടന്നത് എന്തിന്”+ എന്നു ചോദിച്ചു.
8 അതു കേട്ടപ്പോൾ അബ്നേരിനു കടുത്ത ദേഷ്യം വന്നു. അയാൾ പറഞ്ഞു: “ഞാൻ എന്താ യഹൂദയിലെ ഒരു പട്ടിയോ?* ഇന്ന് ഈ നിമിഷംവരെ ഞാൻ നിന്റെ അപ്പനായ ശൗലിന്റെ ഗൃഹത്തോടും ശൗലിന്റെ സഹോദരന്മാരോടും സുഹൃത്തുക്കളോടും അചഞ്ചലമായ സ്‌നേഹം കാണിച്ചു. ഇതുവരെ ഞാൻ നിന്നെ ദാവീദിന് ഒറ്റിക്കൊടുത്തിട്ടുമില്ല. എന്നിട്ടും ഒരു സ്ത്രീയുടെ കാര്യം പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുന്നോ?
9 യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെതന്നെ ഞാൻ ദാവീദിനു ചെയ്തുകൊടുക്കുന്നില്ലെങ്കിൽ ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ.+
10 രാജ്യാധികാരം ശൗൽഗൃഹത്തിൽനിന്ന് എടുത്തുമാറ്റുമെന്നും ദാവീദിന്റെ സിംഹാസനം ദാൻ മുതൽ ബേർ-ശേബ+ വരെ ഇസ്രായേലിലും യഹൂദയിലും സ്ഥാപിക്കുമെന്നും ദൈവം സത്യം ചെയ്തിട്ടുണ്ടല്ലോ.”
11 പക്ഷേ, അബ്നേരിനെ പേടിയായിരുന്നതുകൊണ്ട്+ ഈശ്-ബോശെത്ത് ഒരു വാക്കുപോലും എതിർത്തുപറഞ്ഞില്ല.
12 അബ്‌നേർ ഉടനെ ദാവീദിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ച്, “ദേശം ആരുടേതാണ്” എന്നു ചോദിച്ചു. അബ്‌നേർ ഇങ്ങനെയും പറഞ്ഞു: “എന്നോട് ഒരു ഉടമ്പടി ചെയ്യുക. ഇസ്രായേലിനെ മുഴുവൻ അങ്ങയുടെ പക്ഷത്തേക്കു തിരിക്കാൻ എന്നെക്കൊണ്ടാകുന്നതെല്ലാം ഞാൻ ചെയ്യാം.”+
13 അപ്പോൾ ദാവീദ് പറഞ്ഞു: “വളരെ നല്ലത്! ഞാൻ താങ്കളോട് ഉടമ്പടി ചെയ്യാം. പക്ഷേ ഒരു വ്യവസ്ഥ മാത്രം: എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകൾ മീഖളിനെ+ എന്റെ അടുത്ത് കൊണ്ടുവരണം. മീഖളില്ലാതെ താങ്കൾ എന്നെ മുഖം കാണിക്കരുത്.”
14 പിന്നെ, ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ+ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ 100 ഫെലിസ്ത്യരുടെ അഗ്രചർമം നൽകി വിവാഹം ഉറപ്പിച്ച എന്റെ ഭാര്യ മീഖളിനെ എനിക്കു തരുക.”+
15 അങ്ങനെ ഈശ്-ബോശെത്ത്, മീഖളിന്റെ ഭർത്താവും ലയീശിന്റെ മകനും ആയ പൽത്തിയേലിന്റെ+ അടുത്തുനിന്ന് മീഖളിനെ പിടിച്ചുകൊണ്ടുവരാൻ ആളയച്ചു.
16 പക്ഷേ, മീഖളിന്റെ ഭർത്താവ് കരഞ്ഞുകൊണ്ട് ബഹൂരീം+ വരെ ഭാര്യയുടെ പിന്നാലെ വന്നു. അപ്പോൾ, അബ്‌നേർ അയാളോട്, “പോകൂ! തിരിച്ച് പോകൂ!” എന്നു പറഞ്ഞു; അയാൾ മടങ്ങിപ്പോയി.
17 അതിനിടെ, അബ്‌നേർ ഇസ്രായേൽമൂപ്പന്മാർക്ക്* ഈ സന്ദേശം അയച്ചു: “ദാവീദിനെ രാജാവായി കിട്ടാൻ കുറച്ച് കാലമായി നിങ്ങൾ ആഗ്രഹിക്കുന്നതല്ലേ?
18 ഇപ്പോൾ, വേണ്ടതു ചെയ്യുക. കാരണം, യഹോവ ദാവീദിനോട്, ‘എന്റെ ദാസനായ ദാവീദിന്റെ+ കൈകൊണ്ട് ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഫെലിസ്ത്യരുടെയും മറ്റെല്ലാ ശത്രുക്കളുടെയും കൈയിൽനിന്ന് രക്ഷിക്കും’ എന്നു പറഞ്ഞിട്ടുണ്ട്.”
19 പിന്നെ, അബ്‌നേർ ബന്യാമീന്യരോടു+ സംസാരിച്ചു. ഇസ്രായേലിനും മുഴുവൻ ബന്യാമീൻഗൃഹത്തിനും സമ്മതമായ കാര്യം ഹെബ്രോനിലുള്ള ദാവീദിനെ സ്വകാര്യമായി അറിയിക്കാൻ അബ്‌നേർ അങ്ങോട്ടു പോകുകയും ചെയ്‌തു.
20 അബ്‌നേർ 20 പുരുഷന്മാരെയും കൂട്ടി ഹെബ്രോനിൽ ദാവീദിന്റെ അടുത്ത് ചെന്നു. അപ്പോൾ, ദാവീദ് അബ്നേരിനും കൂടെയുണ്ടായിരുന്നവർക്കും ഒരു വിരുന്ന് ഒരുക്കി.
21 തുടർന്ന്, അബ്‌നേർ ദാവീദിനോടു പറഞ്ഞു: “ഞാൻ ചെന്ന് ഇസ്രായേലിനെ മുഴുവൻ എന്റെ യജമാനനായ രാജാവിന്റെ അടുത്ത് കൂട്ടിവരുത്താം. അവർ അങ്ങയോട് ഒരു ഉടമ്പടി ചെയ്യട്ടെ. അങ്ങനെ, അങ്ങ് ആഗ്രഹിക്കുന്നതെല്ലാം അങ്ങയുടെ ഭരണത്തിൻകീഴിലാകും.” തുടർന്ന്, ദാവീദ് അബ്നേരിനെ പറഞ്ഞയച്ചു. അയാൾ സമാധാനത്തോടെ തന്റെ വഴിക്കു പോയി.
22 ആ സമയം, ദാവീദിന്റെ ദാസന്മാരും യോവാബും ഒരു കവർച്ച കഴിഞ്ഞ് ധാരാളം കൊള്ളമുതലുമായി മടങ്ങിയെത്തി. ദാവീദ് അതിനോടകം അബ്നേരിനെ സമാധാനത്തോടെ പറഞ്ഞയച്ചിരുന്നതുകൊണ്ട് അബ്‌നേർ അപ്പോൾ ഹെബ്രോനിൽ ദാവീദിന്റെ അടുത്തുണ്ടായിരുന്നില്ല.
23 യോവാബും+ കൂടെയുണ്ടായിരുന്ന മുഴുവൻ സൈന്യവും മടങ്ങിയെത്തിയപ്പോൾ യോവാബ് ഈ വാർത്ത അറിഞ്ഞു: “നേരിന്റെ+ മകനായ അബ്‌നേർ+ രാജാവിന്റെ അടുത്ത് വന്നിരുന്നു. രാജാവോ അയാളെ പറഞ്ഞയച്ചു. അയാൾ സമാധാനത്തോടെ തന്റെ വഴിക്കു പോയി.”
24 അപ്പോൾ, യോവാബ് രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “അങ്ങ് എന്താണ് ഈ ചെയ്‌തത്? അബ്‌നേർ ഇവിടെ അങ്ങയുടെ അടുത്ത് വന്നിട്ടും അങ്ങ് എന്തിന് അയാളെ പറഞ്ഞയച്ചു? അയാൾ രക്ഷപ്പെട്ടുകളഞ്ഞില്ലേ?
25 നേരിന്റെ മകനായ അബ്നേരിനെ അങ്ങയ്‌ക്ക് അറിയില്ലേ? അങ്ങയെ കബളിപ്പിച്ച് അങ്ങയുടെ ഓരോ നീക്കവും മനസ്സിലാക്കാനും അങ്ങ് ചെയ്യുന്നതെല്ലാം കണ്ടുപിടിക്കാനും ആണ് അബ്‌നേർ ഇവിടെ വന്നത്.”
26 ദാവീദിന്റെ അടുത്തുനിന്ന് പോയ യോവാബ് അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ അയാളെ സീരാജലസംഭരണിക്കരികിൽനിന്ന്* തിരികെ കൊണ്ടുവന്നു. പക്ഷേ, ഇതൊന്നും ദാവീദ് അറിഞ്ഞില്ല.
27 അബ്‌നേർ ഹെബ്രോനിൽ+ മടങ്ങിയെത്തിയപ്പോൾ അയാളോടു സ്വകാര്യമായി സംസാരിക്കാൻ യോവാബ് അയാളെ തനിച്ച് കവാടത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി. പക്ഷേ, അവിടെവെച്ച് യോവാബ് അയാളുടെ വയറ്റത്ത് കുത്തി. അബ്‌നേർ മരിച്ചു.+ അങ്ങനെ, സഹോദരനായ അസാഹേലിനെ കൊന്നതിനു* യോവാബ് പകരംവീട്ടി.+
28 പിന്നീട്, ഇക്കാര്യം അറിഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച്+ ഞാനും എന്റെ രാജ്യവും എന്നും യഹോവയുടെ മുമ്പാകെ നിരപരാധികളായിരിക്കും.
29 ആ കുറ്റം യോവാബിന്റെ+ തലമേലും അവന്റെ പിതൃഭവനത്തിന്മേലും* ഇരിക്കട്ടെ. സ്രവരോഗിയോ+ കുഷ്‌ഠരോഗിയോ+ തക്ലികൊണ്ട് നൂൽ നൂൽക്കുന്ന പുരുഷനോ* വാളാൽ വീഴുന്നവനോ ആഹാരത്തിനായി കേഴുന്നവനോ+ യോവാബിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയാതിരിക്കട്ടെ!”
30 അങ്ങനെ, ഗിബെയോനിൽവെച്ച് നടന്ന യുദ്ധത്തിൽ തങ്ങളുടെ സഹോദരനായ അസാഹേലിനെ അബ്‌നേർ+ കൊന്നതുകൊണ്ട് യോവാബും സഹോദരനായ അബീശായിയും+ അബ്നേരിനെ കൊലപ്പെടുത്തി.+
31 പിന്നെ, ദാവീദ് യോവാബിനോടും കൂടെയുണ്ടായിരുന്ന എല്ലാ ജനത്തോടും പറഞ്ഞു: “നിങ്ങൾ വസ്‌ത്രം കീറി വിലാപവസ്ത്രം ധരിച്ച് അബ്നേരിനെ ഓർത്ത് വിലപിക്കുക.” ശവമഞ്ചത്തിനു പിന്നിലായി രാജാവായ ദാവീദും നടന്നു.
32 അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്‌തു. അബ്നേരിന്റെ ശവകുടീരത്തിൽവെച്ച് രാജാവ് പൊട്ടിക്കരഞ്ഞു. ജനമെല്ലാം കണ്ണീരൊഴുക്കി.
33 രാജാവ് അബ്നേരിനെക്കുറിച്ച് ഒരു വിലാപകാവ്യം ചൊല്ലി:
“അബ്‌നേർ ഒരു വിവരംകെട്ടവനെപ്പോലെ മരിക്കേണ്ടവനോ?
34 നിന്റെ കൈകൾ ബന്ധിച്ചിരുന്നില്ല.നിന്റെ കാലുകളിൽ വിലങ്ങ്* ഇട്ടിരുന്നുമില്ല.
ദുഷ്‌കർമികളുടെ* മുന്നിൽ വീഴുന്നവനെപ്പോലെ നീ വീണുപോയല്ലോ.”+
അപ്പോൾ, ജനമെല്ലാം അബ്നേരിനെ ഓർത്ത് വീണ്ടും കരഞ്ഞു.
35 പിന്നീട്, ജനം മുഴുവൻ സൂര്യാസ്തമയത്തിനു മുമ്പുതന്നെ ദാവീദിനു സാന്ത്വനത്തിന്റെ അപ്പം* കൊടുക്കാൻ ചെന്നു. പക്ഷേ, ദാവീദ് ഇങ്ങനെ സത്യം ചെയ്‌തു: “സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് ഞാൻ അപ്പമോ മറ്റ് എന്തെങ്കിലുമോ രുചിച്ചുനോക്കിയാൽ ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ!”+
36 ജനമെല്ലാം അതു ശ്രദ്ധിച്ചു. അവർക്ക് അതു ബോധിക്കുകയും ചെയ്‌തു. രാജാവ് ചെയ്യുന്ന മറ്റെല്ലാ കാര്യങ്ങളുംപോലെ ഇതും അവർക്കെല്ലാം ഇഷ്ടമായി.
37 അങ്ങനെ, നേരിന്റെ മകനായ അബ്നേരിന്റെ മരണത്തിനു രാജാവ് ഉത്തരവാദിയല്ലെന്ന്+ എല്ലാ ജനത്തിനും ഇസ്രായേലിനു മുഴുവനും അന്നു മനസ്സിലായി.
38 തുടർന്ന്, രാജാവ് ദാസന്മാരോടു പറഞ്ഞു: “ഒരു പ്രഭുവിനെ, ഒരു മഹാനെ, ആണ് ഇസ്രായേലിന് ഇന്നു നഷ്ടമായിരിക്കുന്നതെന്നു+ നിങ്ങൾക്ക് അറിയില്ലേ?
39 രാജാവായി അഭിഷേകം* ചെയ്യപ്പെട്ടെങ്കിലും+ ഇന്നു ഞാൻ ദുർബലനാണ്. സെരൂയയുടെ പുത്രന്മാരായ+ ഈ പുരുഷന്മാർ എന്റെ വരുതിയിൽ ഒതുങ്ങാത്തത്ര നിഷ്ഠുരന്മാരാണ്.+ ദുഷ്പ്രവൃത്തിക്കാരന് അയാളുടെ ദോഷത്തിന്+ അനുസൃതമായി യഹോവ പകരം കൊടുക്കട്ടെ.”
അടിക്കുറിപ്പുകള്‍
^ അക്ഷ. “പട്ടിയുടെ തലയോ?”
^ പദാവലിയിൽ “ജലസംഭരണി” കാണുക.
^ അക്ഷ. “അസാഹേലിന്റെ രക്തത്തിന്.”
^ ഒരുപക്ഷേ, സ്ത്രീകൾ ചെയ്യുന്ന ജോലി ചെയ്യേണ്ടിവരുന്ന അംഗവൈകല്യമുള്ള ഒരു പുരുഷനായിരിക്കാം ഇത്.
^ അക്ഷ. “ചെമ്പ്.”
^ അക്ഷ. “അനീതിയുടെ പുത്രന്മാരുടെ.”
^ അഥവാ “ദുഃഖാചരണത്തിന്റെ അപ്പം.”