ശമുവേൽ രണ്ടാം ഭാഗം 19:1-43
19 “അബ്ശാലോമിനെ ഓർത്ത് രാജാവ് കരയുന്നു, രാജാവ് വലിയ ദുഃഖത്തിലാണ്”+ എന്നു യോവാബിനു വിവരം കിട്ടി.
2 രാജാവ് മകനെ ഓർത്ത് ദുഃഖിക്കുന്നെന്നു ജനമെല്ലാം കേട്ടപ്പോൾ അന്നത്തെ അവരുടെ വിജയാഹ്ലാദം ദുഃഖത്തിനു വഴിമാറി.
3 യുദ്ധത്തിൽ തോറ്റോടി നാണംകെട്ട് വരുന്നവരെപ്പോലെ ശബ്ദമുണ്ടാക്കാതെയാണു ജനം അന്നു നഗരത്തിലേക്കു മടങ്ങിവന്നത്.+
4 രാജാവ് മുഖം പൊത്തിക്കൊണ്ട്, “എന്റെ മോനേ, അബ്ശാലോമേ! അബ്ശാലോമേ, എന്റെ മോനേ! എന്റെ മോനേ!” എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.+
5 അപ്പോൾ യോവാബ്, രാജാവിന്റെ ഭവനത്തിലേക്കു ചെന്ന് രാജാവിനോടു പറഞ്ഞു: “ഇന്ന് അങ്ങയുടെ ജീവനും അങ്ങയുടെ പുത്രീപുത്രന്മാരുടെയും+ ഭാര്യമാരുടെയും ഉപപത്നിമാരുടെയും+ ജീവനും രക്ഷിച്ച അങ്ങയുടെ എല്ലാ ദാസന്മാരെയും അങ്ങ് നാണംകെടുത്തി.
6 അങ്ങയെ വെറുക്കുന്നവരെ അങ്ങ് സ്നേഹിക്കുകയും അങ്ങയെ സ്നേഹിക്കുന്നവരെ അങ്ങ് വെറുക്കുകയും ചെയ്യുന്നു. അങ്ങയുടെ തലവന്മാരും ദാസന്മാരും അങ്ങയ്ക്ക് ആരുമല്ലെന്ന് ഇന്ന് അങ്ങ് തെളിയിച്ചിരിക്കുകയാണല്ലോ. ഇന്ന് അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങൾ എല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങയ്ക്കു സന്തോഷമായേനേ എന്ന് എനിക്ക് ഉറപ്പാണ്.
7 ഇപ്പോൾ, അങ്ങ് എഴുന്നേറ്റ് പുറത്തേക്കു ചെന്ന് അങ്ങയുടെ ദാസന്മാരെ പ്രോത്സാഹിപ്പിക്കണം.* അല്ലാത്തപക്ഷം യഹോവയാണെ, ഈ രാത്രി ആരും അങ്ങയുടെകൂടെയുണ്ടായിരിക്കില്ല. എല്ലാവരും അങ്ങയെ വിട്ട് പോകും. അങ്ങയുടെ ചെറുപ്പകാലംമുതൽ ഇന്നുവരെ അങ്ങയ്ക്ക് അനുഭവിക്കേണ്ടിവന്നിട്ടുള്ള എല്ലാ ആപത്തുകളെക്കാളും വലുതായിരിക്കും അത്.”
8 അതുകൊണ്ട്, രാജാവ് എഴുന്നേറ്റുചെന്ന് നഗരകവാടത്തിൽ ഇരുന്നു. “രാജാവ് കവാടത്തിൽ ഇരിക്കുന്നു” എന്നു ജനമെല്ലാം അറിഞ്ഞു. അപ്പോൾ, അവരെല്ലാം രാജാവിന്റെ അടുത്ത് വന്നു.
പക്ഷേ, തോറ്റോടിയ ഇസ്രായേല്യർ വീടുകളിലേക്കു പോയിരുന്നു.+
9 എല്ലാ ഇസ്രായേൽഗോത്രങ്ങളിലെയും ജനം മുഴുവൻ പരസ്പരം ഇങ്ങനെ പറഞ്ഞു: “നമ്മുടെ ശത്രുക്കളിൽനിന്ന് രാജാവ് നമ്മളെ രക്ഷിച്ചു.+ ഫെലിസ്ത്യരുടെ കൈയിൽനിന്ന് നമ്മളെ മോചിപ്പിച്ചു. പക്ഷേ, അബ്ശാലോം കാരണം രാജാവ് ഇപ്പോൾ നാടുവിട്ട് പോയിരിക്കുന്നു.+
10 നമ്മളെ ഭരിക്കാൻ നമ്മൾ അഭിഷേകം ചെയ്ത അബ്ശാലോമാകട്ടെ+ യുദ്ധത്തിൽ മരിക്കുകയും ചെയ്തു.+ എന്നിട്ടും രാജാവിനെ തിരികെ കൊണ്ടുവരാൻ എന്താ ആരും ഒന്നും ചെയ്യാത്തത്?”
11 ദാവീദ് രാജാവ് പുരോഹിതന്മാരായ സാദോക്കിനും+ അബ്യാഥാരിനും+ ഈ സന്ദേശം അയച്ചു: “യഹൂദാമൂപ്പന്മാരോട്+ ഇങ്ങനെ പറയുക: ‘മുഴുവൻ ഇസ്രായേൽ ജനത്തിന്റെയും സന്ദേശം രാജസന്നിധിയിൽ എത്തിയ സ്ഥിതിക്ക്, രാജാവിനെ കൊട്ടാരത്തിലേക്കു തിരികെ കൊണ്ടുവരാൻ നിങ്ങൾ പിന്നോക്കം നിൽക്കുന്നത് എന്താണ്?
12 നിങ്ങൾ എന്റെ സഹോദരന്മാരാണ്, എന്റെ അസ്ഥിയും മാംസവും.* ആ സ്ഥിതിക്ക് രാജാവിനെ തിരികെ കൊണ്ടുവരാൻ നിങ്ങൾ എന്താണു പിന്നോക്കം നിൽക്കുന്നത്?’
13 നിങ്ങൾ അമാസയോടു+ പറയണം: ‘നീ എന്റെ സ്വന്തം അസ്ഥിയും മാംസവും ആണല്ലോ. ഇപ്പോൾമുതൽ യോവാബിനു പകരം നീയായിരിക്കും എന്റെ സൈന്യാധിപൻ.+ അല്ലെങ്കിൽ, ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ.’”
14 അങ്ങനെ, രാജാവ് എല്ലാ യഹൂദാപുരുഷന്മാരുടെയും ഹൃദയം ഒരുപോലെ കവർന്നു.* അവർ രാജാവിന്, “അങ്ങും അങ്ങയുടെ എല്ലാ ദാസന്മാരും മടങ്ങിവരൂ” എന്ന സന്ദേശം കൊടുത്തയച്ചു.
15 മടക്കയാത്ര ആരംഭിച്ച രാജാവ് യോർദാനിൽ എത്തി. രാജാവിനെ വരവേൽക്കാനും അകമ്പടിയേകി യോർദാൻ കടത്തിക്കൊണ്ടുവരാനും യഹൂദാജനം ഗിൽഗാലിൽ+ വന്നു.
16 അപ്പോൾ, ബഹൂരീമിൽനിന്നുള്ള ഗേരയുടെ മകനായ ശിമെയി+ എന്ന ബന്യാമീന്യൻ യഹൂദാപുരുഷന്മാരുടെകൂടെ ദാവീദ് രാജാവിനെ എതിരേൽക്കാൻ തിടുക്കത്തിൽ അവിടെ എത്തി.
17 അയാളുടെകൂടെ 1,000 ബന്യാമീന്യരുമുണ്ടായിരുന്നു. ശൗൽഗൃഹത്തിന്റെ പരിചാരകനായ സീബയും+ തന്റെ 15 പുത്രന്മാരെയും 20 ദാസന്മാരെയും കൂട്ടി യോർദാനിലേക്കു പോയി. രാജാവ് എത്തുന്നതിനു മുമ്പുതന്നെ അവർ അവിടെ പാഞ്ഞെത്തി.
18 രാജാവിന്റെ വീട്ടിലുള്ളവരെ ഇക്കര കടത്തിക്കൊണ്ടുവരാനും രാജാവ് ആഗ്രഹിക്കുന്നതെല്ലാം ചെയ്തുകൊടുക്കാനും അയാൾ* കടവ് കടന്ന് ചെന്നു. പക്ഷേ, രാജാവ് യോർദാൻ കടക്കാൻ തുടങ്ങിയപ്പോൾ ഗേരയുടെ മകനായ ശിമെയി രാജാവിന്റെ മുമ്പാകെ വീണ്
19 ഇങ്ങനെ പറഞ്ഞു: “എന്റെ യജമാനൻ എന്നെ കുറ്റക്കാരനായി കാണരുതേ. എന്റെ യജമാനനായ രാജാവ് യരുശലേമിൽനിന്ന് പോയ ആ ദിവസം അങ്ങയുടെ ഈ ദാസൻ ചെയ്ത അന്യായം+ ഓർക്കരുതേ. രാജാവ് അതു കാര്യമായിട്ട് എടുക്കരുതേ.
20 അങ്ങയുടെ ഈ ദാസൻ ചെയ്തതു പാപമാണെന്ന് എനിക്കു നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് എന്റെ യജമാനനായ രാജാവിനെ വരവേൽക്കാൻ യോസേഫ്ഗൃഹത്തിലുള്ള മറ്റാരെക്കാളും മുമ്പേ ഇന്നു ഞാൻ ഇവിടെ എത്തിയത്.”
21 ഉടനെ, സെരൂയയുടെ മകനായ അബീശായി+ പറഞ്ഞു: “യഹോവയുടെ അഭിഷിക്തനെ ശപിച്ച+ ഈ ശിമെയിയെ കൊല്ലേണ്ടതല്ലേ?”
22 പക്ഷേ, ദാവീദ് പറഞ്ഞു: “സെരൂയയുടെ പുത്രന്മാരേ,+ ഇക്കാര്യത്തിൽ നിങ്ങൾ എന്തിനാണ് ഇടപെടുന്നത്? ഇന്നു നിങ്ങൾ എന്റെ ഇഷ്ടത്തിന് എതിരു നിൽക്കുന്നത് എന്തിനാണ്? ഇന്ന് ഇസ്രായേലിലാരെയെങ്കിലും കൊല്ലുന്നതു ശരിയാണോ? ഞാൻ ഇന്നു വീണ്ടും ഇസ്രായേലിനു രാജാവായിരിക്കുകയല്ലേ?”
23 എന്നിട്ട്, രാജാവ് ശിമെയിയോട്, “നിന്നെ കൊല്ലില്ല” എന്ന് ആണയിട്ട് പറഞ്ഞു.+
24 ശൗലിന്റെ കൊച്ചുമകനായ മെഫിബോശെത്തും+ രാജാവിനെ വരവേൽക്കാൻ വന്നു. രാജാവ് നാടുവിട്ട് പോയ ദിവസംമുതൽ സമാധാനത്തോടെ തിരിച്ചുവന്ന ദിവസംവരെ അയാൾ തന്റെ കാൽ കഴുകി വൃത്തിയാക്കുകയോ മീശ വെട്ടിയൊതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല.
25 രാജാവിനെ കാണാൻ യരുശലേമിൽ എത്തിയപ്പോൾ* രാജാവ് മെഫിബോശെത്തിനോട്, “മെഫിബോശെത്തേ, എന്താണ് എന്റെകൂടെ പോരാഞ്ഞത്” എന്നു ചോദിച്ചു.
26 അപ്പോൾ മെഫിബോശെത്ത് പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, എന്റെ ദാസൻ+ എന്നെ പറ്റിച്ചു. അങ്ങയുടെ ഈ ദാസൻ മുടന്തനാണല്ലോ.+ അതുകൊണ്ട്, ‘എന്റെ കഴുതയ്ക്കു കോപ്പിട്ട് നിറുത്തുക; എനിക്ക് അതിൽ കയറി രാജാവിന്റെകൂടെ പോകാമല്ലോ’ എന്ന് അടിയൻ പറഞ്ഞതാണ്.
27 പക്ഷേ, സീബ അങ്ങയുടെ ഈ ദാസനെക്കുറിച്ച് എന്റെ യജമാനനായ രാജാവിനോട് അപവാദം പറഞ്ഞു.+ എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെയാണ്. അതുകൊണ്ട്, അങ്ങയ്ക്ക് ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളൂ.
28 എന്റെ അപ്പന്റെ വീട്ടിലുള്ളവരെയെല്ലാം എന്റെ യജമാനനായ രാജാവിനു കൊന്നുകളയാമായിരുന്നു. എന്നിട്ടും അങ്ങ് അടിയന് അങ്ങയുടെ മേശയിൽനിന്ന് ഭക്ഷിക്കുന്നവരുടെകൂടെ ഒരു സ്ഥാനം തന്നു.+ ആ സ്ഥിതിക്ക്, ഇതിൽക്കൂടുതൽ രാജാവിനോട് എന്തെങ്കിലും പറയാൻ എനിക്ക് എന്ത് അവകാശം?”
29 പക്ഷേ, രാജാവ് മെഫിബോശെത്തിനോടു പറഞ്ഞു: “ഇനി ഒന്നും പറയേണ്ടാ. നീയും സീബയും നിലം പങ്കിട്ടെടുക്കണമെന്നാണ് എന്റെ തീരുമാനം.”+
30 അപ്പോൾ, മെഫിബോശെത്ത് പറഞ്ഞു: “അയാൾ മുഴുവനും എടുത്തുകൊള്ളട്ടെ. എന്റെ യജമാനനായ രാജാവ് സമാധാനത്തോടെ സ്വന്തം ഭവനത്തിലേക്കു തിരികെ വന്നല്ലോ, എനിക്ക് അതു മതി.”
31 തുടർന്ന് ഗിലെയാദ്യനായ ബർസില്ലായി,+ യോർദാൻ വരെ ചെന്ന് രാജാവിനെ യാത്രയാക്കാൻ രോഗെലീമിൽനിന്ന് വന്നു.
32 ബർസില്ലായി 80 വയസ്സുള്ള ഒരു വൃദ്ധനായിരുന്നു. വലിയ പണക്കാരനായ അദ്ദേഹം രാജാവ് മഹനയീമിൽ+ കഴിഞ്ഞിരുന്ന സമയത്ത് രാജാവിനു ഭക്ഷണം കൊടുത്തിരുന്നു.
33 അതുകൊണ്ട്, രാജാവ് ബർസില്ലായിയോട്, “എന്റെകൂടെ യരുശലേമിലേക്കു പോരൂ. അവിടെ താങ്കൾക്കു വേണ്ട ഭക്ഷണം ഞാൻ തരാം”+ എന്നു പറഞ്ഞു.
34 പക്ഷേ, ബർസില്ലായി പറഞ്ഞു: “ഞാൻ ഇനി എത്ര നാൾ ജീവിക്കും? അതുകൊണ്ട്, ഞാൻ രാജാവിന്റെകൂടെ യരുശലേമിലേക്കു വന്നിട്ട് എന്തു കാര്യം?
35 എനിക്ക് ഇപ്പോൾ 80 വയസ്സായി.+ നല്ലതും ചീത്തയും തിരിച്ചറിയാൻ എനിക്കു പറ്റുമോ? ഭക്ഷണപാനീയങ്ങളുടെ രുചി അറിയാൻ എനിക്കു കഴിയുമോ? ഗായികാഗായകന്മാരുടെ+ പാട്ട് ആസ്വദിക്കാൻ എനിക്ക് ഇനി സാധിക്കുമോ? അപ്പോൾപ്പിന്നെ, അടിയൻ എന്തിനാണ് എന്റെ യജമാനനായ രാജാവിന് ഒരു ഭാരമാകുന്നത്?
36 അടിയനു രാജാവിനെ യോർദാൻ വരെ കൊണ്ടുവരാനായതുതന്നെ വലിയ കാര്യം. ഇനി, രാജാവ് എനിക്ക് ഇങ്ങനെയൊരു പ്രതിഫലംകൂടെ എന്തിനു തരണം?
37 അങ്ങയുടെ ഈ ദാസൻ തിരികെ പൊയ്ക്കോട്ടേ? എന്റെ നഗരത്തിൽ, എന്റെ അപ്പന്റെയും അമ്മയുടെയും ശ്മശാനസ്ഥലത്തിന് അടുത്തുവെച്ച്+ മരിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ, ഇതാ അങ്ങയുടെ ദാസൻ കിംഹാം.+ ഇവൻ എന്റെ യജമാനനായ രാജാവിന്റെകൂടെ അക്കരയ്ക്കു പോരട്ടെ. അങ്ങയുടെ ഇഷ്ടംപോലെ ഇവനു ചെയ്തുകൊടുത്താലും.”
38 അപ്പോൾ, രാജാവ് പറഞ്ഞു: “ശരി, കിംഹാം എന്റെകൂടെ പോരട്ടെ. താങ്കളുടെ ഇഷ്ടംപോലെ ഞാൻ കിംഹാമിനു ചെയ്തുകൊടുക്കും. ചോദിക്കുന്നതെന്തും ഞാൻ താങ്കൾക്കു ചെയ്തുതരും.”
39 തുടർന്ന്, ജനമെല്ലാം യോർദാൻ കടക്കാൻതുടങ്ങി. യോർദാൻ കടക്കുമ്പോൾ രാജാവ് ബർസില്ലായിയെ+ ചുംബിച്ച് അനുഗ്രഹിച്ചു. ബർസില്ലായി വീട്ടിലേക്കു മടങ്ങുകയും ചെയ്തു.
40 രാജാവ് ഗിൽഗാലിലേക്കു+ പോയപ്പോൾ കിംഹാമും രാജാവിന്റെകൂടെ ചെന്നു. യഹൂദാജനം മുഴുവനും ഇസ്രായേൽ ജനത്തിൽ പകുതിയും ചേർന്നാണ് രാജാവിനെ ഇക്കര കടത്തിക്കൊണ്ടുവന്നത്.+
41 അപ്പോൾ, ഇസ്രായേൽപുരുഷന്മാരെല്ലാം രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാരായ യഹൂദാപുരുഷന്മാർ അങ്ങയെയും അങ്ങയുടെ വീട്ടിലുള്ളവരെയും അങ്ങയുടെ എല്ലാ ആളുകളെയും എന്തിനാണു രഹസ്യമായി യോർദാൻ കടത്തിക്കൊണ്ടുവന്നത്?”+
42 അപ്പോൾ, യഹൂദാപുരുഷന്മാർ ഇസ്രായേൽപുരുഷന്മാരോടു പറഞ്ഞു: “രാജാവ് ഞങ്ങളുടെ ബന്ധുവായതുകൊണ്ട്!+ അതിന് ഇത്ര ദേഷ്യപ്പെടാൻ എന്തിരിക്കുന്നു? രാജാവിന്റെ ചെലവിൽ ഞങ്ങൾ വല്ലതും തിന്നോ? അതോ, ഞങ്ങൾക്ക് എന്തെങ്കിലും സമ്മാനം കിട്ടിയോ?”
43 പക്ഷേ, ഇസ്രായേൽപുരുഷന്മാർ യഹൂദാപുരുഷന്മാരോടു പറഞ്ഞു: “ഞങ്ങൾക്കു രാജാവിൽ പത്ത് ഓഹരിയുണ്ട്. അതുകൊണ്ട്, ദാവീദിന്റെ മേൽ ഞങ്ങൾക്കാണു നിങ്ങളെക്കാൾ അവകാശം. എന്നിട്ടും നിങ്ങൾ എന്താണ് ഞങ്ങൾക്ക് ഒരു വിലയും കല്പിക്കാതിരുന്നത്? രാജാവിനെ തിരികെ കൊണ്ടുവരാൻ ഞങ്ങളല്ലായിരുന്നോ മുന്നിൽ നിൽക്കേണ്ടിയിരുന്നത്?” പക്ഷേ, ഇസ്രായേൽപുരുഷന്മാർക്ക് യഹൂദാപുരുഷന്മാരുടെ വാക്കുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.*
അടിക്കുറിപ്പുകള്
^ അക്ഷ. “ദാസന്മാരുടെ ഹൃദയത്തോടു സംസാരിക്കണം.”
^ അഥവാ “എന്റെ രക്തബന്ധത്തിലുള്ളവർ.”
^ അക്ഷ. “വളച്ചെടുത്തു.”
^ മറ്റൊരു സാധ്യത “അവർ.”
^ മറ്റൊരു സാധ്യത “യരുശലേമിൽനിന്ന് വന്നപ്പോൾ.”
^ അഥവാ “യഹൂദാപുരുഷന്മാരുടെ വാക്കുകൾ ഇസ്രായേൽപുരുഷന്മാരുടേതിനെക്കാൾ പരുഷമായിരുന്നു.”