ദിനവൃത്താന്തം രണ്ടാം ഭാഗം 8:1-18
8 ശലോമോൻ 20 വർഷംകൊണ്ട് യഹോവയുടെ ഭവനവും സ്വന്തം കൊട്ടാരവും പണിതുപൂർത്തിയാക്കി.+
2 ഹീരാം+ കൊടുത്ത നഗരങ്ങൾ പുതുക്കിപ്പണിത് ശലോമോൻ ഇസ്രായേല്യരെ അവിടെ താമസിപ്പിക്കുകയും ചെയ്തു.
3 പിന്നെ ശലോമോൻ ഹമാത്ത്-സോബയിലേക്കു ചെന്ന് അതു പിടിച്ചെടുത്തു.
4 തുടർന്ന് വിജനഭൂമിയിലെ തദ്മോരും ഹമാത്തിൽ+ താൻ നിർമിച്ചിരുന്ന എല്ലാ സംഭരണനഗരങ്ങളും പണിതുറപ്പിച്ചു.*+
5 മേലേ-ബേത്ത്-ഹോരോന്റെയും+ താഴേ-ബേത്ത്-ഹോരോന്റെയും+ ചുറ്റും മതിലുകൾ പണിത് അവയുടെ കവാടങ്ങളിൽ വാതിലുകളും ഓടാമ്പലുകളും വെച്ച് സുരക്ഷിതമാക്കി.
6 കൂടാതെ ബാലാത്ത്,+ ശലോമോന്റെ സംഭരണനഗരങ്ങൾ, രഥനഗരങ്ങൾ,+ കുതിരപ്പടയാളികൾക്കുവേണ്ടിയുള്ള നഗരങ്ങൾ എന്നിവയും പണിതു. യരുശലേമിലും ലബാനോനിലും തന്റെ അധീനതയിലുള്ള എല്ലാ പ്രദേശങ്ങളിലും താൻ ആഗ്രഹിച്ചതെല്ലാം ശലോമോൻ പണിതു.
7 ഇസ്രായേൽ ജനത്തിന്റെ ഭാഗമല്ലാത്ത+ ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവരിൽ
8 ഇസ്രായേല്യർ നശിപ്പിക്കാതെ ദേശത്ത് ബാക്കി വെച്ചവരുടെ വംശജരെ+ ശലോമോൻ നിർബന്ധിതവേലയ്ക്ക് എടുത്തു. അത് ഇന്നും അങ്ങനെതന്നെയാണ്.+
9 എന്നാൽ ഇസ്രായേല്യരിൽ ആരെയും ശലോമോൻ അടിമയാക്കിയില്ല.+ അവർ ശലോമോന്റെ യോദ്ധാക്കളും സൈനികോദ്യോഗസ്ഥരുടെ പ്രമാണിമാരും തേരാളികളുടെയും കുതിരപ്പടയാളികളുടെയും പ്രമാണിമാരും ആയിരുന്നു.+
10 ശലോമോൻ രാജാവിനു കാര്യസ്ഥന്മാരുടെ പ്രമാണിമാരായി 250 പേരുണ്ടായിരുന്നു. ജോലിക്കാരുടെ ചുമതല അവർക്കായിരുന്നു.+
11 ശലോമോൻ ഫറവോന്റെ മകളെ+ ദാവീദിന്റെ നഗരത്തിൽനിന്ന് അവൾക്കുവേണ്ടി താൻ പണിത കൊട്ടാരത്തിലേക്കു കൊണ്ടുവന്നു.+ ശലോമോൻ പറഞ്ഞു: “എന്റെ ഭാര്യയാണെങ്കിലും ഫറവോന്റെ മകൾ ഇസ്രായേലിലെ ദാവീദ് രാജാവിന്റെ ഭവനത്തിൽ താമസിക്കാൻ പാടില്ല. കാരണം യഹോവയുടെ പെട്ടകം ഇരുന്ന സ്ഥലങ്ങളെല്ലാം വിശുദ്ധമാണ്.”+
12 പിന്നെ മണ്ഡപത്തിന്റെ മുൻവശത്ത് താൻ നിർമിച്ച+ യഹോവയുടെ യാഗപീഠത്തിൽ ശലോമോൻ യഹോവയ്ക്കു+ ദഹനബലികൾ അർപ്പിച്ചു.+
13 മോശ കല്പിച്ചതുപോലെ ശബത്ത്,+ കറുത്ത വാവ്+ എന്നീ ദിവസങ്ങളിലും പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവം,+ വാരോത്സവം,+ കൂടാരോത്സവം*+ എന്നീ മൂന്നു വാർഷികോത്സവങ്ങളിലും+ അതാതു ദിവസങ്ങളിൽ അർപ്പിക്കേണ്ട യാഗങ്ങൾ അർപ്പിച്ചുപോന്നു.
14 ശലോമോൻ അപ്പനായ ദാവീദ് കല്പിച്ചിരുന്നതുപോലെ പുരോഹിതന്മാരെ വിഭാഗങ്ങളായി തിരിച്ച്+ ശുശ്രൂഷയ്ക്കു നിയമിച്ചു. പതിവനുസരിച്ച് ദിവസവും ദൈവത്തെ സ്തുതിക്കാനും+ പുരോഹിതന്മാരുടെ മുമ്പാകെ ശുശ്രൂഷിക്കാനും വേണ്ടി ലേവ്യരെയും അതാതു സ്ഥാനങ്ങളിൽ നിയമിച്ചു. കൂടാതെ ഓരോ വിഭാഗത്തിലുമുള്ള കാവൽക്കാരെ വ്യത്യസ്തകവാടങ്ങളിൽ നിയമിച്ചു.+ ഇങ്ങനെയെല്ലാം ചെയ്യണമെന്നു ദൈവപുരുഷനായ ദാവീദ് കല്പിച്ചിരുന്നു.
15 സംഭരണശാലകളെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും പുരോഹിതന്മാരോടും ലേവ്യരോടും രാജാവ് കല്പിച്ചതെല്ലാം അവർ അക്ഷരംപ്രതി അനുസരിച്ചു.
16 യഹോവയുടെ ഭവനത്തിന് അടിസ്ഥാനം ഇട്ടതുമുതൽ+ അതു പൂർത്തിയാകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ശലോമോൻ വളരെ ചിട്ടയോടെ ചെയ്തുതീർത്തു. അങ്ങനെ യഹോവയുടെ ഭവനത്തിന്റെ നിർമാണം പൂർത്തിയായി.+
17 അക്കാലത്താണ് ശലോമോൻ ഏദോമിന്റെ+ തീരദേശത്തുള്ള ഏലോത്തിലേക്കും+ എസ്യോൻ-ഗേബരിലേക്കും+ പോയത്.
18 ഹീരാം+ തന്റെ ദാസന്മാരുടെ കൈവശം ശലോമോനു കപ്പലുകൾ കൊടുത്തയച്ചു; ഒപ്പം പരിചയസമ്പന്നരായ നാവികരെയും അയച്ചു. അവർ ശലോമോന്റെ ദാസന്മാരോടൊപ്പം ഓഫീരിൽ+ പോയി അവിടെനിന്ന് 450 താലന്തു* സ്വർണം+ കൊണ്ടുവന്ന് ശലോമോൻ രാജാവിനു കൊടുത്തു.+