ദിനവൃത്താന്തം രണ്ടാം ഭാഗം 24:1-27
24 രാജാവാകുമ്പോൾ യഹോവാശിന് ഏഴു വയസ്സായിരുന്നു.+ യഹോവാശ് 40 വർഷം യരുശലേമിൽ ഭരിച്ചു. ബേർ-ശേബക്കാരിയായ സിബ്യയായിരുന്നു യഹോവാശിന്റെ അമ്മ.+
2 യഹോയാദ പുരോഹിതന്റെ കാലത്തെല്ലാം യഹോവാശ് യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു.+
3 യഹോയാദ യഹോവാശിനു ഭാര്യമാരായി രണ്ടു പെൺകുട്ടികളെ കണ്ടെത്തി; യഹോവാശിന് ആൺമക്കളും പെൺമക്കളും ഉണ്ടായി.
4 പിന്നെ യഹോവയുടെ ഭവനം പുതുക്കിപ്പണിയണമെന്ന ഒരു ആഗ്രഹം യഹോവാശിനു ഹൃദയത്തിൽ തോന്നി.+
5 അതുകൊണ്ട് യഹോവാശ് രാജാവ് പുരോഹിതന്മാരെയും ലേവ്യരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “നിങ്ങൾ യഹൂദാനഗരങ്ങളിലേക്കു ചെന്ന്, വർഷാവർഷം നിങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽ അറ്റകുറ്റപ്പണി ചെയ്യാനുള്ള പണം+ ഇസ്രായേല്യരുടെ കൈയിൽനിന്ന് ശേഖരിക്കുക. എത്രയും വേഗം ഇതു ചെയ്യണം.” എന്നാൽ ലേവ്യർ അക്കാര്യത്തിൽ അനാസ്ഥ കാണിച്ചു.+
6 അതുകൊണ്ട് രാജാവ് മുഖ്യപുരോഹിതനായ യഹോയാദയെ വിളിച്ച് ചോദിച്ചു:+ “യഹോവയുടെ ദാസനായ മോശ സാക്ഷ്യകൂടാരത്തിനുവേണ്ടി ഇസ്രായേൽ സഭയുടെ മേൽ ഏർപ്പെടുത്തിയ വിശുദ്ധനികുതി,+ യഹൂദയിൽനിന്നും യരുശലേമിൽനിന്നും ശേഖരിക്കാൻ അങ്ങ് എന്തുകൊണ്ടാണു ലേവ്യരോട് ആവശ്യപ്പെടാതിരുന്നത്?+
7 ദുഷ്ടസ്ത്രീയായ ആ അഥല്യയുടെ മക്കൾ+ സത്യദൈവത്തിന്റെ ഭവനത്തിൽ അതിക്രമിച്ചുകയറി+ യഹോവയുടെ ഭവനത്തിലെ വിശുദ്ധവസ്തുക്കളെല്ലാം എടുത്ത് ബാൽ ദൈവങ്ങളെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്നു.”
8 പിന്നെ അവർ രാജാവിന്റെ കല്പനയനുസരിച്ച് ഒരു പെട്ടി ഉണ്ടാക്കി+ യഹോവയുടെ ഭവനത്തിനു വെളിയിൽ കവാടത്തിന് അരികിൽ വെച്ചു.+
9 തുടർന്ന്, വിജനഭൂമിയിൽവെച്ച് സത്യദൈവത്തിന്റെ ദാസനായ മോശ ഇസ്രായേല്യരുടെ മേൽ ചുമത്തിയ വിശുദ്ധനികുതി+ യഹോവയുടെ മുമ്പാകെ കൊണ്ടുവരണമെന്ന് അവർ യഹൂദയിലും യരുശലേമിലും വിളംബരം ചെയ്തു.
10 പ്രഭുക്കന്മാർക്കും എല്ലാ ജനങ്ങൾക്കും സന്തോഷമായി.+ അവർ സംഭാവനകൾ കൊണ്ടുവന്ന് പെട്ടി നിറയുംവരെ* അതിൽ ഇട്ടുകൊണ്ടിരുന്നു.
11 പെട്ടിയിൽ ധാരാളം പണമുണ്ടെന്നു കാണുമ്പോൾ ലേവ്യർ അതു കൊണ്ടുവന്ന് രാജാവിനെ ഏൽപ്പിക്കും. രാജാവിന്റെ സെക്രട്ടറിയും മുഖ്യപുരോഹിതന്റെ സഹായിയും വന്ന് പെട്ടിയിലുള്ള പണം എടുത്തശേഷം+ അതു തിരികെ വെക്കും. അവർ ദിവസംതോറും ഇങ്ങനെ ചെയ്തു. അങ്ങനെ ധാരാളം പണം ശേഖരിച്ചു.
12 കിട്ടുന്ന പണമെല്ലാം രാജാവും യഹോയാദയും കൂടെ യഹോവയുടെ ഭവനത്തിലെ പണിക്കു മേൽനോട്ടം വഹിക്കുന്നവരെ ഏൽപ്പിക്കുമായിരുന്നു. ആ പണംകൊണ്ട് അവർ യഹോവയുടെ ഭവനം പുതുക്കിപ്പണിയാനായി കല്ലുവെട്ടുകാരെയും ശില്പികളെയും നിയമിച്ചു. കൂടാതെ യഹോവയുടെ ഭവനത്തിൽ അറ്റകുറ്റപ്പണി ചെയ്യാനായി ഇരുമ്പുപണിക്കാരെയും ചെമ്പുപണിക്കാരെയും അവർ കൂലിക്കെടുത്തു.+
13 മേൽനോട്ടക്കാർ അങ്ങനെ പണിക്കു തുടക്കമിട്ടു. അവരുടെ മേൽനോട്ടത്തിൽ നിർമാണം പുരോഗമിച്ചു. ഒടുവിൽ അവർ സത്യദൈവത്തിന്റെ ഭവനം ബലപ്പെടുത്തി അതു പൂർവസ്ഥിതിയിലാക്കി.
14 പണി തീർന്ന ഉടനെ അവർ മിച്ചമുണ്ടായിരുന്ന പണം രാജാവിനെയും യഹോയാദയെയും ഏൽപ്പിച്ചു. ആ പണം ഉപയോഗിച്ച് അവർ യഹോവയുടെ ഭവനത്തിലേക്കുവേണ്ട ഉപകരണങ്ങൾ ഉണ്ടാക്കിച്ചു. ശുശ്രൂഷ ചെയ്യാനും യാഗങ്ങൾ അർപ്പിക്കാനും വേണ്ട ഉപകരണങ്ങൾ, സ്വർണവും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ, പാനപാത്രങ്ങൾ എന്നിവ അവർ ഉണ്ടാക്കി.+ യഹോയാദയുടെ കാലത്തെല്ലാം അവർ യഹോവയുടെ ഭവനത്തിൽ പതിവായി ദഹനബലികൾ അർപ്പിച്ചു.+
15 സംതൃപ്തവും സുദീർഘവും ആയ ജീവിതത്തിന് ഒടുവിൽ യഹോയാദ മരിച്ചു. മരിക്കുമ്പോൾ യഹോയാദയ്ക്ക് 130 വയസ്സായിരുന്നു.
16 സത്യദൈവത്തോടും ദൈവഭവനത്തോടും ഉള്ള ബന്ധത്തിൽ യഹോയാദ ഇസ്രായേലിൽ ധാരാളം നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ട്+ അവർ യഹോയാദയെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെകൂടെ അടക്കം ചെയ്തു.+
17 യഹോയാദയുടെ മരണശേഷം യഹൂദാപ്രഭുക്കന്മാർ വന്ന് രാജാവിന്റെ മുന്നിൽ കുമ്പിട്ടു; രാജാവ് അവരുടെ വാക്കുകൾ ശ്രദ്ധിച്ചു.
18 ജനം പൂർവികരുടെ ദൈവമായ യഹോവയുടെ ഭവനം ഉപേക്ഷിച്ച് പൂജാസ്തൂപങ്ങളെയും* വിഗ്രഹങ്ങളെയും സേവിക്കാൻതുടങ്ങി. യഹൂദയും യരുശലേമും പാപം ചെയ്തതു കാരണം ദൈവം അവരോടു കോപിച്ചു.*
19 അവരെ തന്നിലേക്കു തിരിച്ചുകൊണ്ടുവരാൻവേണ്ടി യഹോവ അവരുടെ ഇടയിലേക്കു വീണ്ടുംവീണ്ടും പ്രവാചകന്മാരെ അയച്ചു. അവർക്കു പല തവണ മുന്നറിയിപ്പു കൊടുത്തെങ്കിലും അവർ കേൾക്കാൻ കൂട്ടാക്കിയില്ല.+
20 അക്കാലത്ത് പുരോഹിതനായ യഹോയാദയുടെ മകൻ+ സെഖര്യയുടെ മേൽ ദൈവാത്മാവ് വന്നു.* സെഖര്യ ജനത്തിന്റെ മുന്നിൽ നിന്ന് അവരോടു പറഞ്ഞു: “സത്യദൈവം ഇങ്ങനെ പറയുന്നു: ‘എന്തുകൊണ്ടാണു നിങ്ങൾ യഹോവയുടെ കല്പനകൾ അനുസരിക്കാത്തത്? നിങ്ങൾക്ക് ഒരിക്കലും വിജയം ഉണ്ടാകില്ല. നിങ്ങൾ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് ദൈവം നിങ്ങളെയും ഉപേക്ഷിക്കും.’”+
21 പക്ഷേ അവർ സെഖര്യക്കെതിരെ ഗൂഢാലോചന നടത്തി,+ രാജകല്പനപ്രകാരം യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച് സെഖര്യയെ കല്ലെറിഞ്ഞ് കൊന്നു.+
22 സെഖര്യയുടെ അപ്പനായ യഹോയാദ കാണിച്ച അചഞ്ചലമായ സ്നേഹം ഓർക്കാതെ യഹോവാശ് രാജാവ് യഹോയാദയുടെ മകനെ കൊന്നുകളഞ്ഞു. മരണസമയത്ത് സെഖര്യ ഇങ്ങനെ പറഞ്ഞു: “ഇതിനെല്ലാം യഹോവ നിങ്ങളോടു പകരം ചോദിക്കട്ടെ.”+
23 പിറ്റെ വർഷത്തിന്റെ തുടക്കത്തിൽ* സിറിയൻ സൈന്യം യഹോവാശിനു നേരെ വന്ന് യഹൂദയെയും യരുശലേമിനെയും ആക്രമിച്ചു.+ അവർ ജനത്തിന്റെ പ്രഭുക്കന്മാരെയെല്ലാം+ കൊന്നുകളയുകയും അവരുടെ സമ്പത്തെല്ലാം കൊള്ളയടിച്ച് അതു മുഴുവൻ ദമസ്കൊസിലെ രാജാവിനു കൊടുത്തയയ്ക്കുകയും ചെയ്തു.
24 ദേശത്ത് അതിക്രമിച്ചുകടന്ന സിറിയൻ സൈന്യത്തിന് അംഗബലം വളരെ കുറവായിരുന്നെങ്കിലും യഹൂദയുടെ വലിയ സൈന്യത്തെ യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+ അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിച്ചതുകൊണ്ട് അവർ* യഹോവാശിന്റെ മേൽ ന്യായവിധി നടപ്പാക്കി.
25 സിറിയൻ സൈന്യം യഹോവാശിനെ വിട്ട് പിൻവാങ്ങിയപ്പോൾ (യഹോവാശിനു മാരകമായി മുറിവേറ്റിരുന്നു.*) സ്വന്തം ദാസന്മാർ യഹോവാശിന് എതിരെ ഗൂഢാലോചന നടത്തി. യഹോവാശ് യഹോയാദ പുരോഹിതന്റെ+ ആൺമക്കളുടെ* രക്തം ചൊരിഞ്ഞതുകൊണ്ട് സ്വന്തം കിടക്കയിൽവെച്ച് യഹോവാശിനെ അവർ കൊന്നുകളഞ്ഞു.+ യഹോവാശിനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു.+ പക്ഷേ രാജാക്കന്മാരുടെ കല്ലറയിലായിരുന്നില്ല അടക്കിയത്.+
26 അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യഹോസാബാദും ആണ് യഹോവാശിന് എതിരെ ഗൂഢാലോചന നടത്തിയത്.+
27 യഹോവാശിന് എതിരെ നടത്തിയ പ്രഖ്യാപനങ്ങളെക്കുറിച്ചും യഹോവാശിന്റെ ആൺമക്കളെക്കുറിച്ചും+ യഹോവാശ് സത്യദൈവത്തിന്റെ ഭവനം പുതുക്കിപ്പണിതതിനെക്കുറിച്ചും*+ രാജാക്കന്മാരുടെ പുസ്തകത്തിലെ വിവരണങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യഹോവാശിന്റെ മകൻ അമസ്യ അടുത്ത രാജാവായി.
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “എല്ലാവരും കൊടുത്തുതീരുംവരെ.”
^ അക്ഷ. “ചെയ്തതു കാരണം അവരുടെ മേൽ കോപം ഉണ്ടായി.”
^ അക്ഷ. “പൊതിഞ്ഞു.”
^ അക്ഷ. “വർഷം മാറി വരുന്ന സമയത്ത്.”
^ അതായത്, സിറിയക്കാർ.
^ അഥവാ “ഒരുപാടു രോഗങ്ങൾ ബാധിച്ചിരുന്നു.”
^ അഥവാ “മകന്റെ.” ആദരസൂചകമായിട്ടായിരിക്കാം ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നത്.
^ അക്ഷ. “ഭവനത്തിന് അടിസ്ഥാനം ഇട്ടതിനെക്കുറിച്ചും.”