ശമുവേൽ ഒന്നാം ഭാഗം 24:1-22
24 ശൗൽ ഫെലിസ്ത്യരെ പിന്തുടർന്ന് മടങ്ങിവന്ന ഉടൻ അവർ ശൗലിനോടു പറഞ്ഞു: “അതാ! ദാവീദ് ഏൻ-ഗദിവിജനഭൂമിയിലുണ്ട്.”+
2 അതുകൊണ്ട്, ശൗൽ ഇസ്രായേലിൽനിന്ന് 3,000 പേരെ തിരഞ്ഞെടുത്ത് ദാവീദിനെയും ദാവീദിന്റെ ആളുകളെയും തേടി മലയാടുകളുള്ള ചെങ്കുത്തായ പാറക്കെട്ടുകളിലേക്കു പോയി.
3 വഴിയരികിലായി കല്ലുകൊണ്ട് ഉണ്ടാക്കിയ ആട്ടിൻകൂടുകളുള്ള ഒരു സ്ഥലത്ത് ശൗൽ എത്തി. അവിടെ ഒരു ഗുഹയുണ്ടായിരുന്നു. വിസർജനത്തിനു* ശൗൽ അതിനുള്ളിൽ കടന്നു. അതേസമയം, ആ ഗുഹയുടെ ഉള്ളിൽ അങ്ങേയറ്റത്ത് ദാവീദും ആളുകളും ഇരിപ്പുണ്ടായിരുന്നു.+
4 ദാവീദിന്റെ ആളുകൾ ദാവീദിനോടു പറഞ്ഞു: “യഹോവ അങ്ങയോട്, ‘ഇതാ! നിന്റെ ശത്രുവിനെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കുന്നു.+ നിനക്കു തോന്നുന്നതെന്തും അവനോടു ചെയ്തുകൊള്ളുക’ എന്ന് ഇന്നേ ദിവസം പറയുന്നു.” ദാവീദ് എഴുന്നേറ്റ് ഒച്ചയുണ്ടാക്കാതെ ചെന്ന് ശൗലിന്റെ കൈയില്ലാത്ത മേലങ്കിയുടെ അറ്റം മുറിച്ചെടുത്തു.
5 പക്ഷേ, ശൗലിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തതുകൊണ്ട് പിന്നീട് ദാവീദിന്റെ മനസ്സാക്ഷി* കുത്തിത്തുടങ്ങി.+
6 ദാവീദ് തന്റെ ആളുകളോടു പറഞ്ഞു: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനോടു ഞാൻ ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്, യഹോവയുടെ കണ്ണിൽ, എനിക്കു ചിന്തിക്കാൻപോലും പറ്റാത്തൊരു കാര്യമാണ്. ശൗലിനു നേരെ എന്റെ കൈ ഉയരില്ല. കാരണം, ശൗൽ യഹോവയുടെ അഭിഷിക്തനാണ്.” +
7 ഈ വാക്കുകൾകൊണ്ട് ദാവീദ് കൂടെയുള്ള ആളുകളെ തടഞ്ഞു.* ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചില്ല. ശൗൽ ഗുഹയിൽനിന്ന് ഇറങ്ങി തന്റെ വഴിക്കു പോയി.
8 തുടർന്ന്, ദാവീദ് എഴുന്നേറ്റ് ഗുഹയിൽനിന്ന് പുറത്ത് വന്നു. “എന്റെ യജമാനനായ രാജാവേ!”+ എന്നു ദാവീദ് ഉച്ചത്തിൽ വിളിച്ചു. ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് മുട്ടുകുത്തി കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.
9 ദാവീദ് ശൗലിനോടു പറഞ്ഞു: “അങ്ങ് എന്തിനാണ്, ‘ദാവീദ് അങ്ങയെ അപായപ്പെടുത്താൻ നോക്കുന്നു’+ എന്നു പറയുന്നവരുടെ വാക്കുകൾക്കു ചെവി കൊടുക്കുന്നത്?
10 ഈ ഗുഹയിൽവെച്ച് യഹോവ അങ്ങയെ എന്റെ കൈയിൽ ഏൽപ്പിച്ചത് എങ്ങനെയെന്ന് ഇന്നേ ദിവസം അങ്ങ് സ്വന്തകണ്ണാൽ കണ്ടല്ലോ. എങ്കിലും അങ്ങയെ കൊല്ലാൻ ആരോ പറഞ്ഞപ്പോൾ+ അങ്ങയോട് അലിവ് തോന്നി ഞാൻ പറഞ്ഞു: ‘എന്റെ യജമാനനു നേരെ ഞാൻ കൈ ഉയർത്തില്ല. കാരണം, അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്.’+
11 എന്റെ അപ്പാ, എന്റെ കൈയിലിരിക്കുന്നത് എന്താണെന്നു കണ്ടോ? ഇത് അങ്ങയുടെ മേലങ്കിയുടെ അറ്റമാണ്. ഇതു മുറിച്ചെടുത്തപ്പോൾ എനിക്കു വേണമെങ്കിൽ അങ്ങയെ കൊല്ലാമായിരുന്നു. പക്ഷേ, ഞാൻ അതു ചെയ്തില്ല. അങ്ങയെ ഉപദ്രവിക്കാനോ എതിർക്കാനോ എനിക്ക് ഉദ്ദേശ്യമില്ലെന്ന് അങ്ങയ്ക്ക് ഇപ്പോൾ ബോധ്യപ്പെട്ടുകാണുമല്ലോ. ഞാൻ അങ്ങയോടു പാപം ചെയ്തിട്ടില്ല.+ പക്ഷേ, അങ്ങ് എന്റെ ജീവനുവേണ്ടി വേട്ടയാടുന്നു.+
12 അങ്ങയ്ക്കും എനിക്കും മധ്യേ യഹോവ ന്യായം വിധിക്കട്ടെ.+ എനിക്കുവേണ്ടി യഹോവ അങ്ങയോടു പ്രതികാരം ചെയ്യട്ടെ.+ എന്തായാലും എന്റെ കൈ അങ്ങയുടെ നേരെ ഉയരില്ല.+
13 ‘ദുഷ്ടത ദുഷ്ടനിൽനിന്ന് വരുന്നു’ എന്നാണല്ലോ പഴമൊഴി. അതുകൊണ്ട്, എന്റെ കൈ അങ്ങയുടെ നേരെ ഉയരില്ല.
14 അല്ല, ആരെ തിരഞ്ഞാണ് ഇസ്രായേൽരാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിന്തുടരുന്നത്? ഒരു ചത്ത പട്ടിയെയോ? വെറുമൊരു ചെള്ളിനെയോ?+
15 യഹോവ ന്യായാധിപനായിരിക്കട്ടെ. അങ്ങയ്ക്കും എനിക്കും മധ്യേ ആ ദൈവം ന്യായം വിധിക്കും. ദൈവം ഇതിൽ ശ്രദ്ധവെച്ച് എനിക്കുവേണ്ടി വാദിക്കുകയും+ എന്നെ ന്യായം വിധിച്ച് അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കുകയും ചെയ്യും.”
16 ദാവീദ് ഈ വാക്കുകൾ സംസാരിച്ചുതീർന്ന ഉടൻ, “ദാവീദേ, എന്റെ മകനേ, ഇതു നിന്റെ ശബ്ദമോ”+ എന്നു ചോദിച്ച് ശൗൽ പൊട്ടിക്കരയാൻതുടങ്ങി.
17 ശൗൽ ദാവീദിനോടു പറഞ്ഞു: “നീ എന്നെക്കാൾ നീതിമാനാണ്. കാരണം, നീ എന്നോടു നന്നായി പെരുമാറി. പക്ഷേ ഞാൻ തിരിച്ച് ദോഷമാണു ചെയ്തത്.+
18 അതെ, യഹോവ എന്നെ നിന്റെ കൈയിൽ ഏൽപ്പിച്ചിട്ടും നീ എന്നെ കൊല്ലാതെ വിട്ടുകൊണ്ട് നന്മ ചെയ്ത കാര്യം ഇപ്പോൾ നീ എന്നോടു പറഞ്ഞല്ലോ.+
19 ശത്രുവിനെ കയ്യിൽക്കിട്ടിയാൽ ആരെങ്കിലും വെറുതേ വിടുമോ? ഇന്നു നീ എന്നോടു ചെയ്തതിനു പ്രതിഫലമായി യഹോവ നിനക്കു നന്മ ചെയ്യട്ടെ.+
20 നോക്കൂ! നീ നിശ്ചയമായും രാജാവായി വാഴുകയും+ ഇസ്രായേലിന്റെ ഭരണം നിന്റെ കൈയിൽ സ്ഥിരമായിരിക്കുകയും ചെയ്യും എന്ന് എനിക്ക് അറിയാം.
21 എന്റെ പിൻതലമുറക്കാരെ നിശ്ശേഷം സംഹരിക്കുകയോ എന്റെ പിതൃഭവനത്തിൽനിന്ന് എന്റെ പേര് നീക്കം ചെയ്യുകയോ ഇല്ലെന്ന്+ ഇപ്പോൾ നീ യഹോവയുടെ നാമത്തിൽ എന്നോടു സത്യം ചെയ്യണം.”+
22 അങ്ങനെ, ദാവീദ് ശൗലിനോടു സത്യം ചെയ്തു. പിന്നെ, ശൗൽ തന്റെ ഭവനത്തിലേക്കും+ ദാവീദും കൂട്ടരും ഒളിസങ്കേതത്തിലേക്കും പോയി.+